Thursday, January 23, 2025
Novel

അനുരാഗം : ഭാഗം 29

എഴുത്തുകാരി: അഞ്ജലി അഞ്ജു


അച്ഛൻ നിർബന്ധിച്ചത് കൊണ്ടാണ് കഴിക്കാൻ പോയിരുന്നത്. അച്ഛനും അമ്മയും എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും ശ്രദ്ധിക്കാൻ കഴിയുന്നില്ലയിരുന്നു. എങ്ങനെയൊക്കെയോ കഴിച്ചെന്നു വരുത്തി റൂമിലേക്ക് പോയി.

ശ്രീയേട്ടന്റെ മെസ്സേജ് വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. പക്ഷെ അത് എന്താണെന്ന് നോക്കാൻ പേടിയായിരുന്നു. മനസ് ശൂന്യമായിരുന്നു. കമഴ്ന്നു കിടന്ന് ഓരോന്നും ആലോചിച്ച് കൊണ്ടിരുന്നു. എന്താണ് ചെയ്യേണ്ടത്?

പെട്ടെന്ന് തലയ്ക്കു പിന്നിലായി ആരോ തലോടും പോലെ തോന്നി. ഞെട്ടലോടെ ചാടി എണീറ്റപ്പോൾ അച്ഛനായിരുന്നു.

“എന്ത് പറ്റി മോളേ?”

“ഒന്നുമില്ല. പെട്ടെന്ന് പേടിച്ചു.”

“അതല്ല. എന്തോ വിഷമം ഉണ്ടല്ലോ എന്താണ്?”

“ഒന്നുമില്ലല്ലോ.”

ഒരു പരുങ്ങലോടെ ഞാൻ പറഞ്ഞു.

“ഞാൻ എന്റെ അനുക്കുട്ടനെ ഇന്നും ഇന്നലെയും കാണാൻ തുടങ്ങിയതല്ല. ഇന്ന് വരെ ഒന്നും നീ എന്നിൽ നിന്ന് മറച്ചിട്ടില്ല. കൂട്ടുകാരോട് പറയുന്ന ലാഘവത്തിലാണ് എല്ലാ കാര്യങ്ങളും നമ്മൾ ഷെയർ ചെയ്തിട്ടുള്ളത്.”

“അതൊന്നുമല്ല അച്ഛാ.. ഇത് അച്ഛനെ കൊണ്ട് സോൾവ് ചെയ്യാനാവില്ല.”

“അതെന്താണ് നിന്റെ സൂപ്പർ ഹീറോയ്ക്ക് പ്രായമായെന്ന് തോന്നുന്നുണ്ടോ?”

കണ്ണിലേക്കു നോക്കി അച്ഛൻ ഓരോന്നും പറയുമ്പോളും വീണ്ടും ഒളിച്ചോടാൻ എനിക്ക് കഴിഞ്ഞില്ല.

പൊട്ടിക്കരച്ചിലോടെ അച്ഛന്റെ മാറത്ത് ചാഞ്ഞു ഒരു അഞ്ചു വയസുകാരിയെ പോലെ ഞാൻ നിന്നു.

എപ്പോളും അങ്ങനെ ആയിരുന്നു. എന്റെ എല്ലാ പ്രശ്നങ്ങൾക്കും ഉചിതമായ സൊല്യൂഷൻ കണ്ടെത്തുന്നത് അച്ഛനാണ്.

പൂർണ സ്വാതന്ത്ര്യം തന്നാണ് അച്ഛനെന്നെ വളർത്തിയത്. പക്ഷെ ആ സ്വാതന്ത്ര്യം ഞാൻ ദുരുപയോഗം ചെയ്തു. നുണ പറഞ്ഞു പോയിട്ട് ആപത്തിലല്ലേ പെട്ടത്.

എല്ലാം പറഞ്ഞു തീർത്തിട്ട് അച്ഛന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് കഴിഞ്ഞില്ല. കുറ്റവാളിയെ പോലെ തല കുനിച്ചു ഞാൻ നിന്നു. ഒരു നിശബ്ദതയ്ക്കു ശേഷം അച്ഛൻ മുഖം പിടിച്ചുയർത്തി.

“നീ എന്തിനാണ് മുഖം താഴ്ത്തി നിൽക്കുന്നത്. തെറ്റ് ചെയ്തത് നീയല്ല. അവന്റെ തെറ്റുകൾ അറിഞ്ഞിട്ടും നീ അവനെ നന്നാക്കാൻ ശ്രമിച്ചു.

അതോടെ ശ്രീയെന്ന അധ്യായം എന്റെ മോളുടെ ജീവിതത്തിൽ അടഞ്ഞിരിക്കണം. മോളു പറഞ്ഞതാണ് ശരി. തെറ്റ് ചെയ്തവർ അർഹമായ ശിക്ഷ ഏറ്റുവാങ്ങണം.

അത് അവനായിട്ട് സമ്മതിക്കാത്ത സ്ഥിതിക്ക് നമ്മൾ സത്യത്തിന്റെ കൂടെ നിക്കണം.

ഇപ്പോ ആകെ അവനെതിരെയുള്ള തെളിവ് ആ വീഡിയോ ആണ്. എത്രയും പെട്ടെന്ന് നമുക്കത് അധികൃതരെ ഏൽപ്പിക്കണം.”

“പക്ഷെ അച്ഛാ.. അയാൾ ഇത് അറിഞ്ഞാൽ നമ്മളെയെല്ലാം കൊല്ലും.”

“അവൻ നിയമത്തിനു മുന്നിൽ നിന്ന് രക്ഷപ്പെടില്ല. അത്ര വലിയ പാപമാണ് അവൻ ചെയ്തത്.”

അത് കേട്ടപ്പോൾ എനിക്ക് സങ്കടം തോന്നി.

“മോളെന്തിനാ വിഷമിക്കുന്നത്. ഇത്രയും ക്രൂരത ചെയ്തവനെ ഇനിയും എന്ത് വിശ്വസിച്ചാണ് സ്നേഹിക്കുക. അച്ഛൻ പറയുന്നത് മോള് കേൾക്കണം.”

“മ്മ്.”

“എന്റെ കൂട്ടുകാരന്റെ റിലേറ്റീവ് ACP ആണ്. നമ്മൾ പറഞ്ഞ ഉടനേ ആക്ഷൻ എടുക്കണമെങ്കിൽ അറിയുന്നവരെ ഇത് ഏൽപ്പിക്കണം.

പിന്നെ മോള് ആണ് ഇത് കൊടുത്തതെന്ന് ആരെയും അറിയിക്കാതെ അന്വേഷിക്കാൻ പറയാം. അച്ഛനില്ലേ എല്ലാം നമുക്ക് ശെരിയാക്കാം.”

അച്ഛനോടെല്ലാം പറഞ്ഞപ്പോൾ ഒത്തിരി ആശ്വാസം തോന്നി. അച്ഛനെ എനിക്ക് വിശ്വാസം ആണ്. ഈ ലോകത്ത് ഇപ്പോൾ അച്ഛന്റെ വാക്കുകൾ മാത്രമേ ഞാൻ വിശ്വസിക്കുന്നുള്ളു.

കുറേ നേരം എന്റെ കൂടെ ഇരുന്നു എന്നെ സമാധാനിപ്പിച്ചിട്ടാണ് അച്ഛൻ പോയത്. ആരെയൊക്കെയോ വിളിക്കുന്നത് കണ്ടു. വീഡിയോ പെൻഡ്രൈവിൽ കോപ്പി ചെയ്തു വാങ്ങിയിരുന്നു.

എന്നിലുണ്ടായിരുന്ന ടെൻഷൻ ഇപ്പോൾ അച്ഛനിലേക്ക് പകർന്നിരിക്കുന്നു. അമ്മയോട് ഞങ്ങൾ ഒന്നും പറഞ്ഞില്ല.

പിറ്റേ ദിവസം ഞാൻ ജോലിക്ക് പോയില്ല.

അച്ഛനും പറഞ്ഞു ഒരു ദിവസം ലീവ് എടുക്കാൻ. പാറു കാരണം ചോദിച്ചെങ്കിലും പനിയാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. ശ്രീയേട്ടൻ വിളിച്ചെങ്കിലും ഞാൻ കാൾ എടുത്തില്ല.

മെസ്സേജ് നോക്കിയപ്പോൾ ചിലതിൽ അപേക്ഷയും ചിലതിൽ ഭീഷണിയും ആയിരുന്നു. മറുപടിയൊന്നും കൊടുത്തില്ല. മുഴുവൻ സമയവും റൂമിൽ തന്നെ കഴിച്ചു കൂട്ടി.

ഇന്നും ഓഫീസിൽ പോവണ്ട എന്നാണ് കരുതിയത് പക്ഷെ അച്ഛൻ സമ്മതിച്ചില്ല. എന്നും ഇങ്ങനെ ഒതുങ്ങി കൂടാൻ പറ്റില്ലെന്ന് പറഞ്ഞ് നിർബന്ധിച്ചു വിട്ടു.

അച്ഛൻ എന്നെ ഓഫീസിൽ കൊണ്ടാക്കി തന്നു. സത്യം പറഞ്ഞാൽ ഒറ്റക്ക് പോവാൻ പേടിയായിരുന്നു.

എന്റെ മനസ് വായിച്ചെടുക്കാൻ അച്ഛന് മാത്രേ കഴിയുള്ളു. അച്ഛന്റെ മകളായി ജനിച്ചതാണ് ഏറ്റവും വലിയ ഭാഗ്യം. പോകാൻ നേരവും എന്റെ കയ്യിൽ പിടിച്ചു പേടിക്കണ്ട എന്ന് പറഞ്ഞു.

അച്ഛൻ കൂടെ ഉള്ളപ്പോൾ ഞാനെന്തിനാ പേടിക്കുന്നത്? ചിരിച്ചുകൊണ്ട് ഞാൻ ഇത് ചോദിച്ചപ്പോൾ അച്ഛന്റെ വലിഞ്ഞു മുറുകിയ മുഖത്തു ഒരു ആശ്വാസം തെളിഞ്ഞു വന്നു.

രണ്ട് ദിവസം എന്നെ കാണാത്തത് കൊണ്ട്
നിഷ ചേച്ചി വിശേഷം തിരക്കിയാണ് അകത്തേക്ക് കയറ്റിയത്. ഞാൻ ചെന്നു കഴിഞ്ഞാണ് റിഷിയേട്ടൻ വന്നത്. വലിയ മൈൻഡ് ഒന്നും ഉണ്ടായിരുന്നില്ല.

ഞാനും ഒന്നും പറയാൻ പോയില്ല. എന്റെ ഇപ്പോളുള്ള പ്രശ്നങ്ങൾ വെച്ചു നോക്കുമ്പോൾ റിഷിയേട്ടൻ ഒന്നുമല്ല. ജോലികൾക്ക് ഇടയിലെപ്പോളോ ശ്രീയേട്ടൻ മനസിലേക്ക് വന്നു.

പണ്ട് ഏട്ടനെ പറ്റി ഓർക്കുമ്പോൾ പ്രണയമായിരുന്നു മനസ്സിൽ ഇപ്പോൾ ഭയമാണ്. രണ്ട് ദിവസം കൊണ്ട് എന്തൊക്കെ മാറ്റമാണ് ഉണ്ടായത് അല്ലേ?

ഉച്ചക്ക് പാറുവിനെ വിളിച്ചിരുന്നു. കഴിഞ്ഞ ദിവസത്തെ കഥകൾ ഞാൻ വിവരിച്ചു കൊടുക്കാത്തതിന് എന്നോട് പിണങ്ങി ഇരിക്കുവാണ്. ശ്രീയേട്ടനെ കിട്ടിയപ്പോൾ എനിക്ക് അവളെ വേണ്ടാതായെന്നാണ് പുതിയ കണ്ടെത്തൽ.

ഞാനൊന്നും മാറ്റി പറയാൻ പോയില്ല. അല്ലെങ്കിൽ തന്നെ വേറെ എന്ത് കഥയാണ് അവളോട് പറയുക. കുറച്ചു ദിവസം അവൾക്ക് മുഖം കൊടുക്കാതെ മുങ്ങി നടക്കണം.

ഭക്ഷണം കഴിച്ചിട്ട് ഓഫീസിലേക്ക് കയറുമ്പോൾ നിഷ ചേച്ചിയും വേറെ കുറച്ചു ചേച്ചിമാരും കൂട്ടം കൂടി എന്തോ വലിയ ചർച്ചയിൽ ആയിരുന്നു. എന്താണെങ്കിലും അവരുടെ കൂടെ സംസാരിക്കാൻ താല്പര്യം ഇല്ലാതിരുന്ന കൊണ്ട് ഞാൻ അങ്ങോട്ടേക്ക് പോകാതെ നടന്നതും നിഷ ചേച്ചി എന്നെ അങ്ങോട്ടേക്ക് വിളിച്ചു.

“അനു നീ അറിഞ്ഞോ രണ്ട് പെൺകുട്ടികളെ കാണാതായില്ലായിരുന്നോ അവരെയൊക്കെ ഒരുത്തൻ കൊന്നതാണത്രേ.”

“ചേച്ചി എന്താണ് പറഞ്ഞത്?” എന്റെ ഉള്ളിലൂടെ ഒരു വിറയൽ കടന്ന് പോയി.

“അതേന്നെ അതും ഒരു മലയാളി. അവൻ വേറെയും പെൺപിള്ളേരെ കൊന്നിട്ടുണ്ട്.
അവൻ വല്ല സൈക്കോയും ആവും.”
ആരോ പറഞ്ഞു.
ഞാൻ ഒന്നും മിണ്ടാതെ കേട്ടു നിന്നതേ ഉള്ളൂ.

“ആഹ് അറസ്റ്റ് ചെയ്യാൻ പോയപ്പോ പോലീസിനേയും അവൻ ആക്രമിക്കാൻ ശ്രമിച്ചു. അവൻ കൊല്ലപ്പെട്ടൊന്നൊക്കെ പറയുന്നുണ്ട്.

ശെരിയാണോ അതോ മാധ്യമങ്ങൾ വെറുതെ പറയുന്നതാണോ എന്നൊന്നും അറിയില്ല.”

“ഇങ്ങനെയുള്ളവർ മരിക്കുന്നതാണ് നല്ലത്.”

അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഒന്നും എനിക്ക് ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.
എന്റെ ശ്രീയേട്ടൻ ഞാൻ കാരണം… മരിക്കാനോ? അങ്ങനെ ഒന്നും ഉണ്ടാവില്ല.

പാവം എത്ര തവണ ആരോടും ഇത് പറയരുതെന്ന് പറഞ്ഞതാണ്. എന്റെ കാലുകൾ ക്യാബിനിലേക്ക് ചലിച്ചു കൊണ്ടിരുന്നു.

ഞാൻ മാത്രമാണ് ഏട്ടൻ മരിക്കാൻ കാരണം. പക്ഷെ ഇങ്ങനെ ഉണ്ടാവുമെന്ന് സ്വപ്നത്തിൽ പോലും കരുതിയിട്ടില്ല. നന്നാവും എന്ന് വിചാരിച്ചാണ്… വേണ്ടിയിരുന്നില്ല.

ഇനി എന്ത് ചെയ്യും. മലവെള്ള പാച്ചിൽ പോലെ ചിന്തകൾ എന്റെ തലച്ചോറിലേക്ക് ഇരച്ചു കയറി.

ഭ്രാന്ത്‌ പിടിക്കും പോലെയാണ് തോന്നിയത്. തലയിൽ കയ്യമർത്തി താഴേക്ക് ഊർന്നു വീഴുമ്പോളും ആദ്യമായി ഏട്ടനെ കണ്ട നിമിഷം ഉള്ളിലൂടെ കടന്നു പോയി. ആ നുണക്കുഴിയും വെള്ളാരം കണ്ണുകളും അതെന്നെ ഭ്രാന്ത്‌ പിടിപ്പിക്കുന്നു.

അലറി കരയാനാണ് തോന്നിയത്. ശബ്ദം പുറത്തേക്ക് വരുന്നില്ല. ആരോ എന്റെ തോളിൽ തട്ടുന്നുണ്ട്.

എന്റെ പേര് വിളിക്കുന്നുണ്ട് പക്ഷെ എനിക്ക് പ്രതികരിക്കാനാവുന്നില്ല.
അനുരാഗ… എവിടുന്നോ ശ്രീയേട്ടന്റെ ശബ്ദം മാത്രം കാതുകളിൽ അലയടിച്ചു കൊണ്ടിരുന്നു.

മുഖത്തേക്ക് വെള്ളം വീണപ്പോളാണ് കണ്ണ് തുറന്നത്. റിഷിയേട്ടനാണ് അടുത്ത് ഉണ്ടായിരുന്നത്.

“ഇപ്പോൾ എങ്ങനെയുണ്ട്?”

“ശ്രീയേട്ടൻ !” കരയാൻ മാത്രമേ കഴിഞ്ഞുള്ളു.

“പോട്ടെ സാരമില്ല..”

കുനിഞ്ഞിരുന്ന് കരയുമ്പോൾ റിഷിയേട്ടൻ തലയിൽ തലോടി ആശ്വസിപ്പിക്കുന്നുണ്ടായിരുന്നു. ഏട്ടന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് ദുഃഖത്തെ പെയ്തൊഴിച്ചു. അച്ഛന്റെ സാമീപ്യമായിരുന്നു ഏട്ടനിൽ ഞാൻ അപ്പോൾ കണ്ടത്.

കുറച്ചു കഴിഞ്ഞതും പാറു അങ്ങോട്ടേക്ക് വന്നു. അവൾ എന്തൊക്കെയോ പറഞ്ഞെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

റിഷിയേട്ടൻ ഞങ്ങളെ വീട്ടിൽ കൊണ്ടാക്കി തന്നു. പാറു എന്റെ കൂടെ തന്നെ നടക്കുന്നുണ്ടായിരുന്നു.

ഞാൻ വല്ല കടും കയ്യും ചെയ്യുമെന്ന് കരുതിയിട്ടാവും. കുറേ കഴിഞ്ഞ് അച്ഛനും വന്നു.

അച്ഛനോട് ഉള്ളിലുള്ള വിഷമങ്ങളൊക്കെ പറഞ്ഞു കരഞ്ഞു. അച്ഛന്റെ വാക്കുകളാണ് അൽപം എങ്കിലും ആശ്വാസം തോന്നിപ്പിച്ചത്.

തുടരും….

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19

അനുരാഗം : ഭാഗം 20

അനുരാഗം : ഭാഗം 21

അനുരാഗം : ഭാഗം 22

അനുരാഗം : ഭാഗം 23

അനുരാഗം : ഭാഗം 24

അനുരാഗം : ഭാഗം 25

അനുരാഗം : ഭാഗം 26

അനുരാഗം : ഭാഗം 27

അനുരാഗം : ഭാഗം 28