Wednesday, January 22, 2025
Novel

അനുരാഗം : ഭാഗം 26

എഴുത്തുകാരി: അഞ്ജലി അഞ്ജു


ഏകാന്തതയിലേക്ക് നോക്കി കൊണ്ട് ഏട്ടൻ പറഞ്ഞ് തുടങ്ങി.

“കുട്ടിക്കാലം മുതൽക്കേ ഒറ്റപ്പെട്ടാണ് ഞാൻ ജീവിച്ചത്. എപ്പോളും ജോലിത്തിരക്കുകൾ പറഞ്ഞു വീട്ടിൽ അച്ഛൻ വരാറില്ലായിരുന്നു. അമ്മയും ഞാനും മാത്രമുള്ളതായിരുന്നു എന്റെ ലോകം.

അച്ഛന്റെ പെരുമാറ്റം കൊണ്ടാണോ അതോ അമ്മയ്ക്ക് അവിടെ സൗഹൃദങ്ങൾ ഇല്ലാത്തത് കൊണ്ടാണോ എന്നറിയില്ല അമ്മ പൊതുവെ അന്തർമുഖി ആയിരുന്നു.

ആരോടും സംസാരിക്കാതെ.. എന്നോട് പോലും ഒന്നും മിണ്ടാറില്ലായിരുന്നു.

അമ്മ പുഞ്ചിരിച്ചു പോലും അധികം കണ്ടിട്ടില്ല. അത് കൊണ്ട് തന്നെ ഞാനും അങ്ങനെ തന്നെ വളർന്നു. പലപ്പോഴും ഏകാന്തതയിൽ ഞാൻ സന്തോഷം കണ്ടെത്തിയിരുന്നു.

ആൾക്കൂട്ടവും അട്ടഹാസങ്ങളും ശബ്ദങ്ങളും എനിക്ക് ഇഷ്ടമായിരുന്നില്ല.

സ്കൂളിൽ പോവാൻ തുടങ്ങിയപ്പോൾ കൂട്ടു കൂടാൻ വന്നവരെയെല്ലാം മാറ്റി നിർത്തി അവിടെയും ഒറ്റപ്പെടാൻ ആണ് ഞാൻ ആഗ്രഹിച്ചത്.

പക്ഷെ ശിഖി… അവൾ എനിക്കെന്നും അത്ഭുതമായിരുന്നു. ഒരു മനുഷ്യന് എങ്ങനെ ഇത്രത്തോളം സംസാരിക്കാനും ചിരിക്കാനും കഴിയുന്നു.

ക്ലാസ്സിലെ എല്ലാവരും അവളോട് കൂട്ടായിരുന്നു. ഞാനൊന്നും മിണ്ടില്ലെങ്കിലും അവൾ എന്നോട് അടുക്കാൻ ശ്രെമിച്ചു കൊണ്ടിരുന്നു.

അവസാനം ഞാനും അവളുടെ സാമീപ്യം ആഗ്രഹിക്കാൻ തുടങ്ങി. അവളിലൂടെ ഞാൻ ഈ ലോകത്തെ കാണാൻ തുടങ്ങി.

അത്രയും കാലം കണ്ടതിനും അപ്പുറം വേറെയും കുറേ കാര്യങ്ങൾ ഉണ്ടെന്ന് മനസിലാക്കി തന്നത് അവളാണ്. സൗഹൃദത്തിന് അപ്പുറം മറ്റൊന്നും ഞാൻ അവളിൽ കണ്ടിരുന്നില്ല.

എല്ലാവർക്കും കൈ പിടിച്ചു ലോകത്തെ പരിചയപ്പെടുത്തുന്നത് അമ്മയല്ലേ? എനിക്ക് അവളായിരുന്നു. അവളെ പോലെ ഞാനും മാറുകയായിരുന്നു.

എല്ലായിടത്തും എനിക്കും സൗഹൃദങ്ങൾ ഉണ്ടായി. ക്ലാസ്സിലെ എല്ലാ പരിപാടികൾക്കും മുന്നിലുണ്ടായിരുന്നു ഞങ്ങൾ. അവളാണ് നൃത്തത്തിന്റെ ആദ്യ ചുവടുകൾ എനിക്ക് പറഞ്ഞ് തന്നത്.

അങ്ങനെ ഒന്നാം ക്ലാസ്സ്‌ മുതൽ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം പ്രണയമായി മാറിയത് എട്ടാം ക്ലാസ്സിൽ വെച്ചായിരുന്നു. അവളാണ് ഇഷ്ടം ആദ്യം പറഞ്ഞത്.

എനിക്ക് അവളോട് പ്രണയമാണോ എന്നറിയില്ലായിരുന്നു. പക്ഷെ അവളില്ലാത്ത ഒരു ദിവസം എനിക്ക് ജീവിതത്തിൽ ഇല്ലാത്തത് കൊണ്ടും അവൾ മറ്റൊരാളുടെ ആകുമോ എന്നാ ഭയം കൊണ്ടും ഞാനും എന്റെ ഇഷ്ടം അവളെ അറിയിച്ചു. പിന്നീട് ഞങ്ങളുടെ പ്രണയ കാലമായിരുന്നു.

സൗഹൃദം എന്താണെന്ന് അറിയിച്ച പോലെ പ്രണയം എന്താണെന്നും അവളെന്നെ പഠിപ്പിച്ചു.
പക്ഷെ പ്ലസ്‌ ടു അവസാന കാലം ആയപ്പോൾ…”

ഏട്ടന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകുന്നുണ്ടായിരുന്നു.

“അവൾ എന്നിൽ നിന്നും അകലാൻ തുടങ്ങി. മറ്റൊരു ചെറുക്കാനുമായി അവൾ ഇഷ്ടത്തിലാണെന്ന് വളരെ വൈകിയാണ് ഞാൻ അറിഞ്ഞത്.

എങ്കിലും ഞാൻ ക്ഷമിക്കാൻ തയ്യാറായിരുന്നു. കാരണം അവളെ എനിക്ക് വിട്ടു കൊടുക്കാൻ പറ്റുമായിരുന്നില്ല. ഞാൻ അവളെ സ്നേഹിച്ചവനെ ഉപദ്രവിച്ചു. എനിക്കും പരിക്കുകൾ ഉണ്ടായിരുന്നു. അവളെന്നെ കാണാൻ വന്നു. ഞാൻ കാലു പിടിച്ചു പറഞ്ഞിട്ടും എന്നെ ഉപേക്ഷിച്ചു പോയി.

ഒരു പെൺകുട്ടി ആഗ്രഹിക്കുന്ന സ്നേഹം കൊടുക്കാൻ എനിക്കാവില്ലത്രേ. അവളെന്താണ് അങ്ങനെ പറഞ്ഞതെന്ന് എനിക്ക് അറിയില്ല. ആ വാക്കുകളാണ് എന്നെ ഏറ്റവും തളർത്തിയത്.

അവൾക്ക് എന്നെ വിട്ടു പോകണമെങ്കിൽ മറ്റെന്തു കാരണം വേണമെങ്കിലും പറയാമായിരുന്നില്ലേ. കൂട്ടുകാരുടെ മുന്നിൽ വരെ എനിക്ക് തല കുനിക്കേണ്ടി വന്നു.

വീണ്ടും ഞാൻ ഒറ്റപ്പെടൽ ആഗ്രഹിച്ചു തുടങ്ങി. പക്ഷെ അതിലും എനിക്ക് സന്തോഷം കണ്ടെത്താനായില്ല.

അവളുടെ ഓർമ്മകൾ അവസാനം പറഞ്ഞ വാക്കുകൾ എല്ലാം എന്നെ ഭ്രാന്തനാക്കി. ഒരു വർഷം ഞാൻ ഡിപ്രെഷനിൽ ആയിരുന്നു. മരുന്നുകൾ കഴിച്ചു അത് മാറാൻ തുടങ്ങി.

പക്ഷെ പഴയ ശ്രീ ആവാൻ എനിക്ക് കഴിഞ്ഞില്ല. പേടിയായിരുന്നു. സൗഹൃദത്തോട് പ്രണയത്തോട് പെണ്ണുങ്ങളോട്.
ദേഷ്യവും നിരാശയുമായിരുന്നു.

എന്നെ ഒരു ഭ്രാന്തനാക്കിയ അവളെ കൊല്ലണമെന്നായി എന്റെ ചിന്ത. ഞാനത് ചെയ്യുകയും ചെയ്തു. അതൊരു അപകട മരണമായി എല്ലാവരും കണ്ടു.”

നിർവികാരമായി ഏട്ടൻ അത് പറഞ്ഞപ്പോൾ എന്റെ മനസിൽ വേലിയേറ്റങ്ങൾ നടക്കുന്നത് ഞാനറിയുന്നുണ്ടായിരുന്നു.

“ഇത്രത്തോളം എന്നെ ഉപദ്രവിച്ച അവളെ ഞാൻ പിന്നെ എന്താണ് ചെയ്യേണ്ടത്. അവളെ പോലുള്ള എല്ലാവരെയും കൊല്ലുകയാണ് വേണ്ടത്.

അല്ലെങ്കിൽ എന്നെ പോലെ കുറേ ശ്രീഹൻ ഉണ്ടാവും. ഞാൻ ഇങ്ങനെ ആയി ഇനി ആർക്കും ഈ ഗതി വരരുത്. ഞാൻ ചെയ്ത തെറ്റിനെ ന്യായീകരിക്കാൻ നോക്കുകയല്ല അനു.”

ഞാൻ വിചാരിച്ചിരുന്നത് എല്ലാം സത്യമാണ്. എന്റെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി. ഞാൻ അവിടെ ഭിത്തിയിൽ ചാരി താഴേക്ക് ഊർന്നു വീണു. ഏട്ടൻ എന്റെ അരികിലായി മുട്ട് കുത്തി നിന്നു.

“അനു പ്ലീസ്. നീ എന്നെ മനസിലാക്കു. നിനക്കേ എന്നെ മനസിലാക്കാൻ പറ്റുള്ളൂ. അവൾ എന്നോട് പ്രണയം പറഞ്ഞില്ലായിരുന്നെങ്കിൽ ഇങ്ങനൊന്നും ഉണ്ടാവില്ലായിരുന്നു. അവളല്ലേ തെറ്റുകാരി.

ഞാൻ ഒന്നും ചെയ്തിട്ടില്ലല്ലോ. എന്റെ സ്നേഹം പിടിച്ചു വാങ്ങിയിട്ട് പാതി വഴിയിൽ ഉപേക്ഷിച്ചത് കൊണ്ടല്ലേ ഞാൻ..”

എനിക്ക് പറയാൻ മറുപടി ഉണ്ടായിരുന്നില്ല. ദയനീയമായി ഞാൻ ഏട്ടനെ നോക്കി.

“അപ്പോൾ ജെസ്സിയും നന്ദനയും?”

“ഹ ഹ ഹ.. അവരോ അവരും ശിഖി ആയിരുന്നു. നിനക്കറിയാത്ത വേറെയും ശിഖികൾ ഉണ്ട് അനു. അവളെ ഞാൻ കൊന്നതിനു ശേഷം അവളെ പോലെ പെരുമാറുന്ന എല്ലാവരിലും എനിക്ക് ശിഖിയെ ആണ് കാണാൻ കഴിഞ്ഞത്.

ചിലപ്പോൾ എന്റെ ഭ്രാന്ത്‌ കൊണ്ടാവും. നിന്നെയും ആദ്യമൊക്കെ അങ്ങനെയാണ് ഞാൻ കരുതിയത്. റിഷി ഇല്ലായിരുന്നെങ്കിൽ ചിലപ്പോൾ നിന്നെയും ഞാൻ കൊന്നിരുന്നേനെ”

ഞെട്ടലോടെ ഞാൻ അയാളുടെ മുഖത്തേക്ക് നോക്കി.

“അതേ അനു എനിക്ക് നിന്നോട് ഒന്നും മറയ്ക്കാനാവില്ല. എല്ലാം പറഞ്ഞ് നിന്നെ എന്റെ സ്വന്തമാക്കണം.

ഭ്രാന്ത്‌ പിടിച്ച ഒരു നിമിഷത്തിൽ നിന്നെയും കൊല്ലാൻ എനിക്ക് തോന്നി പോയി. എല്ലാവരോടും കൂട്ട് കൂടുന്ന എവിടെ പോയാലും എന്റെ പുറകേ വരുന്ന നീ.. ശിഖിയെ പോലെ തന്നെ ആയിരുന്നു.

അങ്ങനെ ഞാൻ തെറ്റിധരിച്ചു. എക്സാം കഴിഞ്ഞു എന്റെ പിന്നാലെ നീ വന്നപ്പോൾ ലാബിൽ വെച്ചു നിന്റെ തലയിൽ അടിച്ചത് ഞാനായിരുന്നു.

നിന്നെയും കൊണ്ട് അവിടുന്ന് പുറത്തിറങ്ങാൻ പോയപ്പോളാണ് അവിടേക്ക് റിഷി വരുന്നത് കണ്ടത്.

പിന്നെ നിന്നെ അവിടെ ഉപേക്ഷിച്ചു പോകേണ്ടി വന്നു. അന്ന് മുതലേ അവന് നിന്നെ ഇഷ്ടമാണെന്ന് എനിക്ക് അറിയാമായിരുന്നു.

പക്ഷെ ഞാൻ വിചാരിക്കുന്ന പോലെയല്ല എല്ലാ പെണ്ണുങ്ങളും എന്ന് നീ എന്നെ പഠിപ്പിച്ചു അനു.

അവൻ ഇത്രയും നിന്നെ സ്നേഹിച്ചിട്ടും ഒരു കരുതലും നിന്നോട് കാണിക്കാത്ത എന്നെ നീ എപ്പോളും സ്നേഹിച്ചു കൊണ്ടിരുന്നു. എന്നേക്കാൾ വല്യ ഭ്രാന്ത്‌ നിനക്കാണെന്നു പോലും എനിക്ക് തോന്നിപ്പോയി.

പിന്നെ നീ എന്നെ ശ്രദ്ധിക്കാതെ നടന്നപ്പോൾ ഞാൻ വീണ്ടും പഴയ ശ്രീ ആയി മാറുകയായിരുന്നു.

നീ ഒന്ന് നോക്കാൻ വേണ്ടി എത്ര തവണ നിന്റെ മുന്നിലൂടെ ഞാൻ നടന്നെന്ന് അറിയുവോ. എന്നെ മാത്രം സ്നേഹിച്ചു നീ അപ്പോളും എന്നെ കാത്തിരുന്നു. വീണ്ടും എല്ലാം പഴയ പോലെ ആയി.

നിന്നോട് ഇഷ്ടം പറയാൻ കാത്തിരുന്ന നമുക്കിടയിലേക്ക് ഒരു കാരണവും ഇല്ലാതെ വന്നവളാണ് നന്ദന. ഓണം സെലിബ്രേഷനു അവൾ അത്രത്തോളം എന്നെ ഭ്രാന്തനാക്കി.

പുറകേ നടന്നു ശല്യം ചെയ്തു. അവൾ പോകുമ്പോൾ ഞാനും കൂടെ ചെല്ലുമോ എന്ന് എന്നോട് ചോദിച്ചു.

ആ ദേഷ്യത്തിൽ പുറത്തേക്ക് വരുമ്പോളാണ് നിന്നെ ഞാൻ കണ്ടത്. നിന്റെ മുഖം ഭാവവും അവളോടുള്ള സംസാരവും കണ്ടപ്പോൾ നീ ഞങ്ങളെ തെറ്റിദ്ധരിച്ചു എന്നെനിക്ക് മനസിലായി.

അല്ലെങ്കിലും അവൾ ഒരു പോക്ക് കേസ് ആണെന്ന് എല്ലവർക്കും അറിയുന്ന കാര്യമാണല്ലോ.

നീ തെറ്റിധരിച്ചാലും കുറ്റം പറയാനാവില്ല. നിന്നോട് ഇഷ്ടം പറയാൻ വന്ന എനിക്ക് അവളോട് ദേഷ്യം തോന്നി.

വീണ്ടും പുറകേ വന്നു ഭ്രാന്ത്‌ പിടിപ്പിച്ചപ്പോൾ ഞാൻ അവളുടെ കൂടെ വീട്ടിലേക്ക് പോന്നു. എന്നിട്ട്… അവളെയും…”

ഏട്ടൻ വീണ്ടും ചിരിച്ചു. ആ കണ്ണുകളിൽ കുറ്റബോധത്തിന്റെ ഒരു നാമ്പ് പോലും ഉണ്ടായിരുന്നില്ല എന്നത് എന്റെ ഭയത്തെ വീണ്ടും ആളി കത്തിച്ചു.

തുടരും…..

റിഷിയെയും അനുവിനെയും ഒന്നിപ്പിക്കാൻ വേണ്ടിയല്ല ഞാൻ ശ്രീയെ ഇങ്ങനെയാക്കിയത്. ഈ കഥ എഴുതും മുൻപ് തന്നെ ശ്രീയെന്ന കഥാപാത്രം എങ്ങനെ ആയിരിക്കണമെന്ന് ഞാൻ തീരുമാനിച്ചിരുന്നതാണ്. ആദ്യത്തെ ഭാഗങ്ങളിൽ അത് കൊണ്ട് തന്നെയാണ് ശ്രീയെ വത്യസ്ഥ സ്വഭാവത്തിൽ അവതരിപ്പിച്ചത്. അതിനു ശേഷം മാത്രമാണ് റിഷിയെന്ന കഥാപാത്രം ഉടലെടുത്തത്. അനുവിന്റെയും ശ്രീയുടെയും കഥയാണിത്. ചിലർക്കെങ്കിലും ഞാൻ റിഷിക്ക് വേണ്ടി കഥ മാറ്റിയെന്ന് തോന്നലുണ്ടാവാം. അതിലെനിക്ക് ഒത്തിരി സങ്കടം തോന്നി. കാരണം എനിക്ക് ഏറ്റവും ഇഷ്ടമുള്ള കഥാപാത്രം ശ്രീ ആയിരുന്നു. ആർക്കും വേണ്ടി അയാളുടെ സ്വഭാവം മാറ്റാൻ എനിക്കാവില്ല. വായനയ്ക്കും അഭിപ്രായത്തിനും എല്ലാവരോടും ഒത്തിരി നന്ദി ഉണ്ട് കേട്ടോ 😍

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19

അനുരാഗം : ഭാഗം 20

അനുരാഗം : ഭാഗം 21

അനുരാഗം : ഭാഗം 22

അനുരാഗം : ഭാഗം 23

അനുരാഗം : ഭാഗം 24

അനുരാഗം : ഭാഗം 25