Saturday, September 14, 2024
Novel

ജീവരാധ: ഭാഗം 9

നോവൽ
എഴുത്തുകാരി: ദേവിക എസ്‌

ഓഡിറ്റോറിയത്തിലും ഡോറും ജനലുകളും എല്ലാം അടച്ചിരുന്നു. എന്നാൽ ഒരു ജനലിന് അടുത്തെത്തിയപ്പോൾ അകത്തുനിന്ന് എന്തോ ശബ്ദം കേട്ടു. പാതി തുറന്ന ജനലിനുള്ളിലൂടെ അവൾ അകത്തേക്ക് നോക്കി. ഉള്ളിലെ കാഴ്ച കണ്ട് അവൾ ഞെട്ടിവിറച്ചു…!!!
അവളുടെ ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി.

അകത്ത് ജീവൻ… ജീവനോട് ചേർന്ന് അവന്റെ നെഞ്ചിൽ തല ചായ്ച്ച് ആഷ്ന…!!! വലതുകൈകൊണ്ട് അവളെ ചേർത്തു പിടിച്ച്, ഇടതുകൈ കൊണ്ട് പതിയെ തന്നെ ഇറുകി പിടിച്ചു നിൽക്കുന്ന അവളുടെ തലമുടിയിൽ തലോടുന്നു.

അവന്റെ കണ്ണുകൾ നിറഞ്ഞിട്ടുണ്ട്. ആ വലിയ ഹാളിൽ വേറെ ആരുമില്ല അവർ രണ്ടു പേർ മാത്രം.

” ജീവേട്ടാ.. എനിക്ക് വേറെയാരും ഇല്ല.. ” ആഷ്ന കരയുകയായിരുന്നെന്ന് അവളുടെ ശബ്ദം കേട്ടപ്പോഴാണ് അനുവിന് മനസ്സിലായത്..

” നിന്റെ ഈ ഏട്ടൻ കൂടെ ഉണ്ടാകുമ്പോ.. മോളെങ്ങനെ ഒറ്റയ്ക്കാകും.. മോളൊന്ന് കൊണ്ടും പേടിക്കേണ്ട… ഞാനുണ്ട് കൂടെ എന്തിനും എപ്പോഴും എന്റെ അവസാനം വരെ.. ”

ആദ്യമായി തന്റെ ഹൃദയത്തിൽ തറഞ്ഞ അതെ വാക്കുകൾ… !! അനു പകച്ചു.

” പക്ഷെ ഏട്ടാ…”

” എനിക്കറിയാം… അച്ഛൻ ഒരിക്കലും സമ്മതിക്കില്ല.. അച്ഛൻ ഒരു തീരുമാനമെടുത്താൽ അങ്ങനെയാണ്…

അച്ഛനെ എനിക്ക് പേടിയില്ല… അമ്മ… അമ്മയെ മനസിലാക്കാൻ ഞാൻ വൈകി പോയി.. എനിക്കമ്മയോട് മാത്രം സംസാരിച്ച് ഇതിലൊരു തീരുമാനം എടുത്താൽ മതി. ”

” പക്ഷെ ഏട്ടാ… നാളെ കഴിഞ്ഞാൽ ഏട്ടന്റെ എൻഗേജ്മെന്റ്ആണ്.. അനുരാധ ചേച്ചി… ”

” എനിക്കെല്ലാത്തിലും വലുതിപ്പോൾ നീ മാത്രമാണ്… മറ്റൊന്നിനെ കുറിച്ചും ഇപ്പോൾ ആലോചിക്കേണ്ട… നീ ആഗ്രഹിച്ചയാൾ തന്നെ നിന്റെ കഴുത്തിൽ താലി കെട്ടും..

അനു അവളൊരു പാവം കുട്ടിയാണ്.. അവൾക്ക് പറഞ്ഞാൽ മനസ്സിലാകും.. എൻഗേജ്മെന്റ്…!! അതിന്റെ കാര്യം നോക്കട്ടെ…

കുറച്ചുദിവസം കൂടി കിട്ടുമോ എന്ന് നോക്കാം.. എല്ലാവരും കൂടി എടുത്ത തീരുമാനം ആയതുകൊണ്ടാണ്..”

” ഏട്ടാ.. ”

” ഇനിയും കരയാതെടി കൊച്ചേ.. ഈ ഞാനുള്ളപ്പോൾ നീ ഒറ്റയ്ക്കാവില്ല.. കൂടെയുണ്ട് ഞാൻ.. ”

” ജീവനെ ഞാനത്രക്ക് സ്നേഹിച്ചു പോയി.. ജീവന്റെയല്ലാതെ ഒരു താലി എന്റെ കഴുത്തിൽ വീണാൽ… !! ”

” നിന്റെ കഴുത്തിൽ ഒരു താലി വീഴുന്ന ഉണ്ടെങ്കിൽ അത് ജീവന്റെ ആയിരിക്കും.. ഞാൻ ഉറപ്പ് തരുന്നു.. ”

ഞെട്ടിതരിച്ച് പുറകോട്ടുമാറി അനു…!! അവൾക്കൊന്ന് കരയാൻ പോലും കഴിഞ്ഞില്ല. കൈകാലുകൾ തളരുന്നത് പോലെയും നെഞ്ച് ചുട്ടുപൊള്ളുന്ന പോലെയും തോന്നി…

ഒരു നിമിഷം അവിടെ നിന്ന് പിന്നീട് ബോധം വീണ്ടെടുത്ത് അവൾ കോളേജിന് പുറത്തേക്ക് ഓടി.. ഒരു ഓട്ടോ പിടിച്ച് നേരെവീട്ടിലേക്ക് പോയി..അവളുടെ ബെഡിൽ വീണു കരഞ്ഞു…അവൾക്ക് വിഷമം അടക്കാൻ കഴിഞ്ഞില്ല..

പ്രാണനെപോലെ സ്നേഹിച്ചവനാണ് മറ്റൊരു പെണ്ണിന്റെ കൂടെ.. ഒരിക്കലും ജീവന്റെ ഭാഗത്തുനിന്ന് ഇങ്ങയൊന്ന് അവൾക്ക് പ്രതീക്ഷിക്കാൻ പോലും പറ്റില്ലായിരുന്നു.

എന്നാലും അവന്റെ മനസ്സിൽ ഇതായിരുന്നുവെങ്കിൽ ഒരിക്കലെങ്കിലും തുറന്നു പറയാമായിരുന്നില്ലേ തന്നോട്…

ലവ് യൂ എന്നൊരു വാക്ക് പറഞ്ഞില്ലെങ്കിലും എന്റെ ഹൃദയത്തേക്കാളേറെ ഞാനവനെ സ്നേഹിച്ചിരുന്നു… ഈ പാവം പിടിച്ച പെണ്ണിന് എന്തിനവൻ ഇത്രയും ആശയും സ്നേഹവും തന്നു.

നീയില്ലാതെ എനിക്കൊരു നിമിഷം പോലും സങ്കൽപ്പിക്കാൻ കഴിയില്ല ജീവ…. അത്രമേൽ ഭ്രാന്തമായാണ് ഞാൻ നിന്നെ സ്നേഹിക്കുന്നത്… എന്നിട്ട് നീ എന്നെ ചതിക്കുകയായിരുന്നോ… !!!

ഹൃദയം നുറുങ്ങുന്ന വേദനയിൽ അവൾ പൊട്ടികരഞ്ഞു… ഇതവൾക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..

അപ്പോഴാണ് ഫോൺ ബെല്ലടിച്ചത്. അമ്മ ആയിരുന്നു. ഫോൺ കട്ട്‌ ആക്കി നോക്കിയപ്പോൾ കുറെ മിസ്സ്‌ കാൾ കണ്ടു. സേതുരാമന്റെയും അമ്മയുടെയും..ജീവന്റെ ഒരു കാൾ പോലും ഇല്ല.

അവൾ ഫോൺ സ്വിച് ഓഫ്‌ ചെയ്ത് വലിച്ചെറിഞ്ഞു. കരഞ്ഞുകരഞ്ഞ് അവൾ എപ്പോഴോ അറിയാതെ ഉറങ്ങിപ്പോയി..അമ്മയുടെ സംസാരം കേട്ടാണ് ഉണർന്നത്.

” രണ്ടാളും കൊള്ളാം.. തുണിയെടുക്കാൻ എന്നു പറഞ്ഞിട്ട് രണ്ടുംകൂടി സൊള്ളാൻ പോയി അല്ലേ… തിരിച്ചു വരുന്നില്ലെങ്കിൽ നിങ്ങൾക്കൊന്ന് വിളിച്ചു പറഞ്ഞു കൂടായിരുന്നോ.. രണ്ടാൾടേം ഫോൺ സ്വിച്ച് ഓഫ്…

ഈ ദിവസം തന്നെ വേണമായിരുന്നോ നിങ്ങളുടെ കറക്കം.. ഒരു വക തുണിയൊക്കെ ഞങ്ങൾ എടുത്തിട്ടുണ്ട്. നിങ്ങൾക്ക് ഇഷ്ടം ആവോ എന്നൊന്നും അറിയില്ല..”

” അമ്മേ ഞാൻ…. അത്.. ”

” ഒന്നും പറയണ്ട.. നീയും ജീവനും കൂടി ആ ബീച്ച് റോഡിലേക്ക് ബൈക്കിൽ പോകുന്നത് അപ്പുറത്തെ ചേച്ചി കണ്ടിരുന്നു…

അത്രയ്ക്ക് ക്ഷീണിച്ചു പോയോ വന്നയുടനെ കിടന്നുറങ്ങാൻ… നിനക്കാ ഡോർ എങ്കിലും അടച്ചിട്ടൊന്ന് കിടന്നൂടെ.. ”

” അതല്ല അമ്മേ.. ”

” നീയെനി കരയുകയൊന്നും വേണ്ട അനു…ഞാൻ വഴക്ക് പറഞ്ഞതല്ല ജീവന്റെ കൂടെയല്ലേ… എൻഗേജ്മെന്റ്ന് മുന്നിലാണെങ്കിലും കുഴപ്പം ഒന്നുല്ല.. എന്നാലും നിങ്ങൾക്കൊന്ന് പറഞ്ഞിട്ട് പോകാമായിരുന്നു എന്നെ ഞാൻ പറഞ്ഞുള്ളൂ..

ഞങ്ങൾ കുറേനേരം നിങ്ങൾ വരുമെന്ന് കരുതി നിന്നു . പിന്നെ സേതുവേട്ടനാ പറഞ്ഞത് നിങ്ങൾ എവിടെയെങ്കിലും പോയിട്ടുണ്ടാകും എന്ന്..

വരുന്ന വഴി സുമയെ കണ്ടു അവളാപറഞ്ഞത് ബൈക്കിൽ ജീവനും ഒരു പെണ്ണും കൂടി പോകുന്നെ കണ്ടെന്ന്.. ”

തിരിച്ചൊന്നും അമ്മയോട് പറയാൻ അവൾക്ക് തോന്നിയില്ല.കരഞ്ഞു കരഞ്ഞവളുടെ കണ്ണീര് വറ്റിയിരുന്നു. നേരിൽ കണ്ടതും കേട്ടതും ഒന്നും അവൾക്ക് വിശ്വസിക്കാനേയായില്ല..

നിന്റെ കഴുത്തിലൊരു താലി വീഴുന്നുണ്ടെങ്കിൽ അത് ജീവന്റെ ആയിരിക്കും അത്രേ…!! അപ്പോൾ ഞാനോ..

ഇത്രയും നാൾ ഈ ഞാൻ ആടിയ വേഷം എന്താണ്… !! ഞാൻ ജീവന്റെ ആരാണ്… എന്നോടവൻ പറഞ്ഞതൊക്കെ എന്താണ്… !!

അവനെത്തിന് ഇങ്ങനെയൊക്കെ ചെയ്തു.. അതിന് മാത്രം ഞനെന്ത് തെറ്റാണ് അവനോട് ചെയ്തത്… !!
ഇത്രമാത്രം സഹിക്കാൻ ഞാനെന്ത് പാപം ചെയ്തു എന്റെ കൃഷ്ണ…. !! എല്ലാരും കൂടിയെന്നെ കോമാളി ആക്കുവാണോ.. !!

ഡ്രസ്സ് നോക്കാനോ ഒന്നിനും അവൾക്ക് താല്പര്യം ഉണ്ടായിരുന്നില്ല. തലയിലൂടെ വെള്ളമൊഴിച്ച് തന്റെ ദുഃഖങ്ങളെല്ലാം ഒന്ന് അലിയിച്ചു കളയണം.

തിരികെ വന്ന് ഫോൺ എടുത്തു നോക്കിയപ്പോൾ ജീവന്റെ രണ്ട് മിസ്കോൾ ഉണ്ടായിരുന്നു.. തിരിച്ചു വിളിക്കാൻ തോന്നിയില്ല. അല്ലെങ്കിലും എന്തിനു വിളിക്കണം..!! ജീവൻ ഇനി തന്റെ ആരെങ്കിലും ആണൊ.. !!

ഇതൊക്കെ ഞാൻ അമ്മയോട് എങ്ങനെ പറയും കൃഷ്ണ… മകളോരു നല്ല നിലയിൽ എത്തിയതിന്റെ എല്ലാ സന്തോഷവും ആ മുഖത്ത് കാണാം..

ആദ്യമായി ആ മനസൊന്ന് ആശ്വാസപെടുകയാണ്..

‘ഇനിയെന്ത്..’എന്ന ചോദ്യം അവളുടെ മനസ്സിനെ വല്ലാതെ പ്രകമ്പനം കൊള്ളിച്ചു.3 ദിവസം കഴിഞ്ഞാൽ തന്റെ ഒരിക്കലും നടക്കാനിടയില്ലാത്ത വിവാഹമാണ്.. !!.

തിങ്കളാഴ്ച കോളേജിൽ പോകേണ്ട എന്നമ്മ പറഞ്ഞത് അവൾക്ക് ഒരു ആശ്വാസമായിരുന്നു. എങ്കിലും ജീവനെ കണ്ട് ഒന്ന് സംസാരിക്കണം… എന്തിനായിരുന്നു ഈ നാടകം എന്നൊന്ന് അറിയണമെന്ന് അവൾക്കുണ്ടായിരുന്നു..

നാളെ എൻഗേജ്മെന്റ് വച്ചിട്ടും ഇനിയും ജീവൻ എന്താണ് ആരോടും ഒന്നും തുറന്ന് പറയാത്തത് എന്നതവൾക്ക് അത്ഭുതമായിരുന്നു. അവൻ എന്താണ് ഉദ്ദേശിക്കുന്നത് തന്നെ ഭീകരമായി ചതിക്കാൻ ആണോ..!!

” അനു ”

” എന്താ അമ്മേ.. ”

” നീ അവിടെ കിനാവ് കണ്ടിരിക്കാതെ ഒന്ന് വന്നു എന്നെ സഹായിച്ചേ.. ”

” എന്താ അമ്മേ ”

” മോളെ പരുപാടി ഓഡിറ്റോറിയത്തിൽ ആണെങ്കിലും ബന്ധുക്കളായി വീട്ടിൽ വരാൻ ആരുമില്ലെങ്കിലും വീടൊക്കെ ഒന്ന് വൃത്തിയാക്കി വയ്ക്കേണ്ടെ..

നീയാ ഡ്രസ്സ് ഒന്ന് എടുത്തു നോക്കിയത് പോലുമില്ലല്ലോ… ഓ അതു പറഞ്ഞപ്പോഴാ ഓർത്തത് സാരി ബ്ലൗസ് കടയിൽ തയ്‌ക്കാൻ കൊടുത്തിട്ടാ ഉള്ളത് ഇന്ന് വൈകുന്നേരം ആകുമ്പോഴേക്കും കിട്ടുന്ന് പറഞ്ഞിരുന്നു.”

” അമ്മേ ”

” നീ അതൊന്ന് പോയി വാങ്ങിയെച്ചും വാ .. ”

” അമ്മേ അത്.. ”

” പോയി വാങ്ങിയിട്ട് വാടി… വല്ല അളവും മാറ്റാൻ ഉണ്ടെങ്കിൽ പിന്നെ സമയം കിട്ടിയെന്നുവരില്ല…”

ആദ്യമായാണ് താൻ അമ്മയെ ഇങ്ങനെ മനസ്സ് തുറന്നു ചിരിച്ചിട്ട് കാണുന്നത്. ആ മുഖത്ത് നോക്കി താനെങ്ങനെ പറയും അമ്മയുടെ മോൾ പറ്റിക്കപ്പെടുക ആയിരുന്നു എന്ന്.

എങ്കിലും കുറച്ച് സമാധാനത്തിനു വേണ്ടി അവൾ വീടിറങ്ങി കടയിലേക്ക് നടന്നു. വീട്ടിൽ നിന്നും കുറച്ചകലെ ടൗണിനടുത്തായിരുന്നു കട. എങ്കിലും നടന്നു പോകാനുള്ള ദൂരമേ ഉണ്ടായിരുന്നുള്ളൂ.

എന്തൊക്കെയോ ചില കാര്യങ്ങൾ അവളുടെ മനസ്സിൽ പിടികിട്ടാതെ കിടക്കുന്നുണ്ടായിരുന്നു. ജീവൻ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ലൊരു മനുഷ്യനാണ്.

അവന്റെ സ്നേഹത്തിൽ തനിക്ക് ഇതുവരെ ഒരു സംശയം പോലും തോന്നിയിട്ടില്ല. വാക്കുകൾ കള്ളം പറഞ്ഞാലും കണ്ണുകൾ കള്ളം പറയില്ലല്ലോ.

പക്ഷേ തന്റെ കണ്മുൻപിൽ കണ്ടത്…. !! കേട്ടത്…!! തെറ്റിദ്ധാരണയുടെ പേരിലാണ് പല പ്രണയങ്ങളും മുറിക്കപെടുന്നത്..

പക്ഷേ ഇത് തെറ്റിദ്ധാരണ അല്ലല്ലോ….!! കഴുത്തിലൊരു താലി വീഴുന്ന ഉണ്ടെങ്കിൽ അത് ജീവന്റെ ആയിരിക്കും എന്ന് അവൻ അവളോട് പറയുന്നത് വ്യക്തമായി കേട്ടതല്ലേ…

അവൾ ഫോണും കയ്യിലെടുത്തിരുന്നു. വീട്ടിൽനിന്ന് ഒരിക്കലും ജീവനെ വിളിച്ച് സംസാരിക്കാൻ അവൾക്ക് കഴിയില്ല.

അമ്മയ്ക്ക് മുന്നിൽ താൻ കരയാൻ പാടില്ല. ഫോണെടുത്ത് ജീവന്റെ നമ്പർ ഡയൽ ചെയ്യുമ്പോഴാണ് അവൾ തൊട്ടുമുന്നിൽ ബൈക്കിൽ ബെസ്റ്റ് ഫ്രണ്ട് രാഹുൽ വരുന്നത് കണ്ടത്. രാഹുൽ അനുവിനെ കണ്ട് ബൈക്ക് സൈഡിലാക്കി നിർത്തി

” ഹലോ അനു.. എങ്ങോട്ടാ ഈ നട്ടുച്ചക്ക് ”

” അത് രാഹുലേട്ട.. ഇവിടെ അടുത്തുള്ള കടയിൽ ഡ്രസ്സ് തയ്ക്കാൻ കൊടുത്തിരുന്നു അത് വാങ്ങാൻ…ചേട്ടനെന്ത ഇവിടെ.. ”

” നിനക്ക് നമ്മുടെ ജൂനിയർ ആഷ്നയെ അറിയില്ലേ.. അവളുടെ അമ്മ കഴിഞ്ഞയാഴ്ച മരിച്ചു..അവൾക്ക് വേറെയാരും ഇല്ല…

അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു..ഇന്നവരുടെ എന്തോ ചടങ്ങ് ആണ്.. ജീവൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്..അല്ല നിന്നോട് പറഞ്ഞില്ലേ.. ”

” ഇല്ല ജീവേട്ടൻ 2 ദിവസായി എന്നെ വിളിച്ചിട്ട്.. ”

” എനിക്കും തോന്നി. അവന് എന്തോ പ്രശനം ഉള്ളത് പോലെ ഞങ്ങൾ എത്ര ചോദിച്ചിട്ടും ഒന്നും പറഞ്ഞില്ല.. ഇനി നിങ്ങൾ തമ്മിൽ എന്തേലും പ്രശ്നം.. ”

” ഇല്ല… ”
നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചാണ് അവൾ അത് പറഞ്ഞത്.

അപ്പോഴാണ് രാഹുലിന് കോൾ വന്നത്. അവൻ ഫോൺ എടുത്തു നോക്കി ജീവനായിരുന്നു.

” ഞാൻ ഇവിടെയുള്ളത് പറയണ്ട ട്ടോ ”

ഒരു രണ്ടുമിനിറ്റ് സംസാരിച്ച് ഫോൺ വെച്ചു.

” അവൻ ആഷ്നയുടെ വീട്ടിൽ എത്തിയെന്ന് ”

” എന്നാൽ ശെരി ചേട്ടൻ പൊയ്ക്കോ”

അവൾ ഡയൽ ചെയ്തു വെച്ച ജീവന്റെ നമ്പർ ബാക്സ്‌പേസ് അടിച്ചു കളഞ്ഞു… തിരിച്ച് വീട്ടിലെത്തിയ ഉടനെ അവൾ കിടക്കയിൽ വീണു പൊട്ടി കരഞ്ഞു.. തനിക്കു ചുറ്റും സംഭവിക്കുന്നതെന്തെന്നോ…

അതിൽ താൻ എന്ത് പ്രതികരിക്കണമെന്നോ അനുവിന് യാതൊന്നും മനസ്സിലായില്ല. പല തവണ അവൾ അവനെ വിളിക്കാനായി ഫോൺ എടുത്തതാണ്.

എന്നാൽ അവൻ പറയുന്നത് എന്തായാലും അത് കള്ളമായാലും സത്യമായാലും കേൾക്കാനുള്ള ത്രാണി അവൾക്കുണ്ടായിരുന്നില്ല.

ഇനി അകെ 2 ദിവസമെ ഉള്ളു എന്ന യാഥാർത്ഥ്യം അലട്ടുന്നുണ്ടായിരുന്നു… !!! അയൽക്കാർ ഒക്കെ വീട്ടിൽ വന്നിട്ടുണ്ട്.

അമ്മയുടെ സന്തോഷവും പൊട്ടിച്ചിരിയും അടുക്കളയിൽ നിന്നും കേൾക്കാം.

അമ്മയുടെ ഒരേയൊരു അമ്മാവൻ മാനസാന്തരപ്പെട്ട് അങ്ങ് ബാംഗ്ലൂരിൽ നിന്ന് വരുന്നുണ്ടത്രേ മരുമകളുടെ വിവാഹം കൂടാൻ…

അമ്മയുടെ വിവാഹം കഴിഞ്ഞശേഷം ഇതുവരെ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അന്വേഷിക്കാത്ത ടീം ആണ്… അങ്ങനെ ആദ്യമായി ഞാനെന്റെ ആകെയുള്ള ബന്ധുക്കളെ കാണാൻ പോവുകയാണ്.

എല്ലാവരും സന്തോഷത്തിലാണ് അവളുടെ ഉള്ള് മാത്രം പൊള്ളുകയായിരുന്നു.ഒരുപാട് ആലോചിച്ച് കിടക്കയിൽ കിടന്ന് അവൾ ഉറങ്ങിപ്പോയി.

എഴുന്നേൽക്കുമ്പോഴേക്കും നേരം സന്ധ്യ ആയിരുന്നു. എന്തായാലും ജീവനെ വിളിക്കുക തന്നെ. സത്യാവസ്ഥ എപ്പോഴായാലും പുറത്തു വരേണ്ടതല്ലേ. അവൻ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് വിളിച്ചു ചോദിക്കണം.

നാടകം മതിയാക്കാൻ ആയില്ലേ എന്നും ചോദിക്കണം.ഫോൺ കയ്യിലെടുത്തപ്പോൾ എത്രയൊക്കെ മനസ്സിൽ ഭയമുണ്ടെങ്കിലും അവളുടെ ഉള്ളിൽ ജീവൻ, അവൻ തന്റെത് മാത്രമാണ് എന്നൊരു ഉറച്ചുപോയ ചിന്ത അവളുടെ മനസ്സിൽ ഉണ്ടായിരുന്നു.

ഫോൺ ഓൺ ആക്കി നോക്കിയപ്പോൾ ഒരു മെസേജ് നോട്ടിഫിക്കേഷൻ കണ്ടു.

അതൊരു അൺനോൺ നമ്പറിൽ നിന്നായിരുന്നു.

മെസ്സേജ് ഓപ്പൺ ചെയ്ത് നോക്കിയതും അവളുടെ കയ്യിൽ നിന്നും ഫോൺ ഞെട്ടി താഴെ വീണു…. !!! അവളുടെ ഹൃദയമിടിപ്പ് നിന്ന പോലെ.. ശ്വാസം നിലച്ചതുപോലെ… ആ മെസ്സേജ് കണ്ടവൾ ഒന്ന് കരയാൻ പോലും മറന്ന് സ്തബ്ധയായി നിന്നു പോയി…!!

❣️ തുടരും ❣️

ജീവരാധ: ഭാഗം 1

ജീവരാധ: ഭാഗം 2

ജീവരാധ: ഭാഗം 3

ജീവരാധ: ഭാഗം 4

ജീവരാധ: ഭാഗം 5

ജീവരാധ: ഭാഗം 6

ജീവരാധ: ഭാഗം 7

ജീവരാധ: ഭാഗം 8