Friday, April 26, 2024
Novel

കനവുകൾക്കപ്പുറം….

Spread the love

എഴുത്തുകാരി: 📝പ്രത്യാശ ജോൺ📝

Thank you for reading this post, don't forget to subscribe!

സ്വന്തം കുഞ്ഞിന്റെ പൊള്ളലേറ്റ കൈകൾ കൺമുന്നിൽ തെളിഞ്ഞ് വന്നപ്പോൾ അയാളുടെ നെഞ്ച് ഒന്ന് പിടഞ്ഞു.

ഒരു പുരുഷൻ സാധാരണ കരയാറില്ല… എങ്കിലും ആ പിതാവിന്റെ കണ്ണുകൾ അനുസരണയില്ലാതെ നിറഞ്ഞൊഴുകി.. ഒരച്ചന്റെ… പ്രത്യേകിച്ചും പ്രവാസിയായ ഒരച്ചന്റെ നോവാണത്…

ഭൂമിയിലെ മാലാഖയുടെ കയ്യിലിരുന്ന്… പിരികം ചുളിച്ച്, മുഷ്ടി ചുരുട്ടികൊണ്ട് അലമുറയിട്ട് കരയുന്ന ചോരകുഞ്ഞിനെ സന്തോഷാശ്രുക്കളോടെ തന്റെ കയ്യിലേക്ക് വാങ്ങുന്ന രംഗം ഇന്നലെയെന്ന പോലെ അയാൾ ഓർത്തെടുത്തു.

വർഷങ്ങളോളം കാത്തിരുന്ന് കിട്ടിയത് കൊണ്ടാവണം… കൂമ്പിയടച്ച മിഴികൾ മെല്ലെ തുറന്ന് വരുന്നതും…

മെല്ലെ മെല്ലെ മാറി വരുന്ന പകപ്പും ചെറുതായി ചുണ്ടിൽ വിരിയുന്ന പുഞ്ചിരിയും അയാൾക്ക് പ്രതീക്ഷിക്കാതെ കൈവന്ന പുതിയ സുന്ദരമായ മറ്റൊരു ലോകമായി…

രണ്ട് മാസക്കാലത്തെ അവധിക്ക് ശേഷം നാട്ടിൽ നിന്നും തിരിക്കുമ്പോഴായിരുന്നു അവസാനമായി അയാൾ ഉള്ള് നൊന്ത് കരഞ്ഞത്…

വെറും രണ്ട് മാസക്കാലം മാത്രം സ്വന്തം കുഞ്ഞിനെ നെഞ്ചോട് ചേർത്ത് പിടിക്കാനും താലോലിക്കാനും കഴിഞ്ഞ നിസ്സഹായനായ ഒരച്ഛൻ…

ജീവിതം തുന്നികൂട്ടുന്നതിനിടയിലും ഒരുപാട് കിനാക്കൾ കാണുന്നൊരു മനുഷ്യൻ…

എന്നും അയാളുടെ കിനാക്കളിൽ ആ പഞ്ഞി പോലുള്ള കുഞ്ഞുടൽ വീർക്കുകയും കയ്യും കാലും നീളം വക്കുകയും ചെയ്തു…

അങ്ങനെയങ്ങനെ ചിറക് വിരിച്ച കിനാക്കളുടെ അഞ്ച് വർഷം…

പകലിന് ദൈർഘ്യമേറിയതുപോലെ…………
ജോലിഭാരം തീർത്തിട്ട് വേണം വീട്ടിലേക്ക് വിളിക്കാൻ… അവനോട് സംസാരിക്കാൻ…

“വാവു ഒക്കെ മാറും ട്ടോ” എന്ന് ആശ്വസിപ്പിക്കാൻ… അയാൾ സ്വയം സമാധാനിച്ചുകൊണ്ടിരുന്നു.

മകനെ ചേർത്തണക്കാനുള്ള ആശ്വാസവാക്കുകൾ കണ്ടെത്തുന്നതിനിടയിലും തന്റെ ഭാര്യയോടുള്ള അടങ്ങാത്ത കോപത്തിന്റെ അഗ്നിയിൽ അയാളുടെ കണ്ണുകൾ ചുവന്നുതിളങ്ങി…

കുറച്ചു നിമിഷങ്ങൾക്കകം മറുതലക്കൽ ഫോൺ ചിലച്ചുകൊണ്ടേയിരുന്നു… കിതപ്പോടെ… ഓടിവന്ന് അവൾ ഫോൺ ചെവിയോട് ചേർത്തു…

“രവിയേട്ടാ,,, ഞാൻ മനഃപൂർവമല്ല… കുറുമ്പ് ഇത്തിരി കൂടുന്നുണ്ട്… ഒന്ന്… ഒന്ന്… പേടിപ്പിക്കാൻ…” അവൾ വാക്കുകൾ മുഴുമിപ്പിക്കാനാവാതെ തേങ്ങി.

വെറുമൊരു കണ്ണീരിൽ കഴുകികളയാൻ മാത്രം നിസ്സാരമായി ഈ കാര്യത്തെ അവഗണിച്ചു കളയില്ലെന്ന് വ്യക്തമാക്കികൊണ്ട് അയാൾ ഉച്ചത്തിൽ അലറി.

ഒട്ടും പ്രതീക്ഷിക്കാതെയുള്ള അയാളുടെ ഭാവമാറ്റം കണ്ടവൾ പകച്ചുനിന്നു…

“സ്വന്തം അമ്മ കുഞ്ഞിനോടിങ്ങനെ ചെയ്‌താൽ, എത്രത്തോളം ആഴത്തിൽ ആ കുഞ്ഞിനെ അത് മുറിവേൽപ്പിക്കുമെന്ന് നിനക്കറിയാമോ? !”അവൾ മറുപടി പറയാനാവാതെ വ്യസനിച്ച്‌ നിന്നു.

അയാൾ തുടർന്നു… “അറിയില്ല… കാരണം, അമ്മ എന്നൊരു വ്യക്തി നിന്റെ ജീവിതത്തിൽ ഉണ്ടെങ്കിലേ ആ വികാരത്തിന്റെ തീവ്രത നിനക്ക് മനസ്സിലാവൂ..!!”

അവളുടെ അനാഥത്വത്തിൻ മേൽ അയാളേൽപ്പിച്ച ആദ്യത്തെ മുറിപ്പാട്… ആഴത്തിലുള്ള ആ മുറിവിന്റെ നീറ്റലിൽ മനം നൊന്ത്… നിയന്ത്രണം വിട്ട് പുറത്തേക്ക് കുതിച്ച കണ്ണീർകണങ്ങളെ അവൾ സാരിത്തലപ്പ് കൊണ്ട് കീഴടക്കാൻ ശ്രമിച്ചു.

കുഞ്ഞുനാൾ മുതൽ മനസ്സിൽ കൊണ്ടുനടന്ന ഭാരം… “അനാഥത്വം”! പിന്നീട് പ്രതീക്ഷിക്കാതെ കൈവന്ന കുടുംബജീവിതത്തിൽ…

ഭർത്താവിന്റെ സ്നേഹത്തിൽ… കുഞ്ഞിന്റെ കളിചിരിയിൽ ആ ഭാരം നേർത്ത് നേർത്ത് ഒരു അപ്പൂപ്പൻതാടി പോലെ എങ്ങോട്ടോ പാറിപ്പറന്നു… പക്ഷേ, ഇന്ന് വീണ്ടും………….

“നിനക്ക് അല്പമെങ്കിലും മനുഷ്യത്വം ഉണ്ടോ പ്രിയാ?? മനുഷ്യർ ചെയ്യുന്ന കാര്യം വല്ലതുമാണോ ഇത്?!

വീട്ടുജോലിക്കിടയിൽ ചെറുതായൊന്ന് മുറിവ് പറ്റിയാൽ നീറിപ്പുകയുന്ന നിനക്ക്… തീ പൊള്ളലേറ്റാലുള്ള വേദനയുടെ ആഴം ഊഹിക്കാൻ കഴിയുമോ? അതും ഒരു കൊച്ചു കുഞ്ഞ്……

ഞാനീ മരുഭൂമിയിൽ കിടന്ന് ചോര നീരാക്കുന്നതും അവധി പോലും വേണ്ടെന്ന് വച്ച് വിശ്രമമില്ലാതെ പണിയെടുക്കുന്നതും പലപ്പോഴും പട്ടിണി കിടന്ന് വരെ മിച്ചം പിടിക്കുന്നതും… എല്ലാം… എല്ലാം… എന്റെ മോനു വേണ്ടിയാണ്.. അവന് വേണ്ടി മാത്രം.

അനാഥത്വത്തിന്റെ വേദന നീ തിരിച്ചറിഞ്ഞിട്ടുണ്ടായിരുന്നെങ്കിൽ ഒരിക്കലും നീ… ഇങ്ങനെയൊന്നും… എന്റെ മാത്രം തെറ്റാ… ഒരു അനാഥപെണ്ണായ നിനക്ക് ജീവിതം തന്ന് കൂടെ കൂട്ടുമ്പോൾ നിന്നിൽ നിന്ന് ഞാൻ പലതും പ്രതീക്ഷിച്ചു… തെറ്റ്… എന്റെ മാത്രം തെറ്റ്…!!”

സാരിത്തലപ്പ്കൊണ്ട് മുഖമമർത്തി തുടച്ച് അവൾ മറുപടി പറയാനൊരുങ്ങി.

അത് വക വക്കാതെ അയാൾ തുടർന്നു… “ചെല്ല്… അടുക്കളയിൽ ചെന്ന് ചട്ടുകം നന്നായൊന്ന് പഴുപ്പിച്ച് വിരലിൽ അമർത്തിവച്ച് നോക്ക്… എത്രത്തോളം ആനന്ദം കിട്ടുമെന്ന് നോക്ക്… വേണ്ടുവോളം ആസ്വദിക്ക്… കടന്നു പോ പ്രിയാ….. മേലാൽ എന്നെ വിളിച്ചു പോകരുത്….”

വല്ലാത്തൊരു വ്യസനത്തോടെയുള്ള തേങ്ങൽ നിറഞ്ഞിരുന്നു അപ്പോഴുള്ള അയാളുടെ ശബ്ദത്തിന്… ഫോൺ മാറ്റിവച്ച് ഏറെ നേരം അയാൾ ചിന്തയിലാണ്ടു… പറഞ്ഞതല്പം കനത്തുപോയോ എന്നയാൾ ശങ്കിച്ചു… എങ്കിലും… അതിലും കൂടുതൽ ആണ് യഥാർത്ഥത്തിൽ അവൾ അർഹിക്കുന്നതെന്നുള്ള തിരിച്ചറിവിൽ സ്വയം ആശ്വസിച്ചുകൊണ്ട് അയാൾ തന്റെ പണിയിൽ മുഴുകി… പതിവ് പോലെ സൈറ്റിലെ പണികളും മുറിയിലെ തന്റേതായ ജോലികളും തീർത്ത് അയാൾ കിടന്നു… അന്നും ചിറകുവിരിച്ച കിനാക്കൾ അയാൾക്ക് കൂട്ടുവന്നു…

പതിവിൽ നിന്ന് വിപരീതമായി അന്ന് അയാളുടെ സ്വപ്നത്തിൽ കുഞ്ഞ് വല്ലാതെ അലമുറയിട്ട് കരഞ്ഞുകൊണ്ടിരുന്നു… കുറച്ചകലെയായി… ഒരു സ്ത്രീയെ തീനാളം ആർത്തിയോടെ വിഴുങ്ങുന്നു…… ആ സ്ത്രീരൂപത്തിന് കുഞ്ഞിന്റെ അമ്മയുടെ അതേ മുഖമായിരുന്നു…

ശുഭം