രുദ്രഭാവം : ഭാഗം 35
നോവൽ
എഴുത്തുകാരി: തമസാ
രാവിലെ നടുമുറ്റത്ത് വന്നിരുന്നോരോന്നു പറയുമ്പോഴും ഇടയ്ക്കിടയ്ക്ക് എല്ലാവരും മാറി മാറി കോട്ടുവാ ഇടുന്നുണ്ടായിരുന്നു…….
അമ്മയും അച്ഛനും വീട്ടിൽ എത്തിയപ്പോൾ സമയം രണ്ട് കഴിഞ്ഞിരുന്നു… സ്വരൂപ് എത്തിയത് ആറുമണി ഒക്കെ ആയപ്പോഴും….
എല്ലാവർക്കും അവരുടെ പ്രോഗ്രാമിനെ കുറിച്ച് നല്ല അഭിപ്രായം ആയിരുന്നെന്ന് അച്ഛൻ പറഞ്ഞുകൊണ്ടിരിക്കുമ്പോഴാണ്, അടുക്കളയിൽ നിന്ന് അമ്മയും ഭാവയും ഇറങ്ങി വന്നത്…..
“പരമേശ്വരനെ വായിനോക്കി തട്ടിത്തടഞ്ഞു വീഴാതെ നേരെ നോക്കി വന്നാലും ദേവീ …… ”
അവളെ കണ്ടു കളിയാക്കിക്കൊണ്ട് സ്വരൂപ് പറഞ്ഞു………
“സഹോദരനായ ഈ വൈകുണ്ഠനാഥനെയും ദേവി നോക്കിയിരുന്നു…….. ”
അതുകേട്ടു ചിരിച്ചു കൊണ്ട് തന്നേ, പറഞ്ഞിട്ട് അവൾ സ്വരൂപിന്റെ അടുത്ത് വന്നിരുന്നു…….
തന്റെ അടുത്ത് വന്നിരിക്കുമെന്ന് കരുതിയ ആൾ ഒഴിഞ്ഞു മാറി നടക്കുന്ന കണ്ടപ്പോഴേ രുദ്രന് ആകെ ആശയക്കുഴപ്പത്തിലായി…..
” രൂപേട്ടാ…… ഈ വർഷത്തെ പോലെ അടുത്ത വർഷം നമുക്ക് ഒരു പ്രോഗ്രാം ചെയ്യാട്ടോ…. ഇത്തവണത്തെ പോലെ താണ്ടവം വേണ്ട…. ലാസ്യം മതി………. നേരത്തെ വർക്ക് ഒക്കെ ചെയ്തു തുടങ്ങാം… എന്ത് പറയുന്നു…..? ”
സ്വരൂപിന്റെ ഐഡിയ കേട്ട വഴി രുദ്രൻ ഒഴിഞ്ഞു മാറി..
“എന്റെ പൊന്നു മോനേ….. ഒന്ന് ലാസ്യമാടിയപ്പോൾ ചോദിച്ച ചോദ്യം കേട്ട് തലച്ചോറ് വെട്ടുക്കിളിയുടെ ആക്രമണം കഴിഞ്ഞ അവസ്ഥയിലാ…ഇതുവരെ ഒന്ന് നേരെ ചൊവ്വേ ആയിട്ടില്ല… ഇനി എനിക്ക് വയ്യ…… ”
തലയൊന്നു കുടഞ്ഞു കൊണ്ട് രുദ്രൻ ഭാവയേ നോക്കി….. മുൻകൂട്ടി അത് പ്രതീക്ഷിച്ചത് കൊണ്ട് ഭാവ ശ്രദ്ധിക്കാനേ പോയില്ല……
”
ഏട്ടാ…. എനിക്ക് ഒരു കാര്യം പറയാനുണ്ട്….? ”
നീ പറഞ്ഞോടാ…..
“അതല്ലേട്ടാ…….അമ്പലത്തിൽ വെച്ച് ഒരു ഇഷ്യൂ ഒക്കെ ഉണ്ടായി…
ചേച്ചി ആണെങ്കിലും ഗ്ലൂമിയാണ്… നിങ്ങൾക്ക് രണ്ടു ദിവസത്തേക്ക് ഒന്ന് മാറി നിന്നുകൂടെ…… ഐ മീൻ, മിനിമം ചേച്ചിയുടെ വീട്ടിലേക്ക് എങ്കിലും ഒന്ന് പോയി വാ… ”
സ്വരൂപിന്റെ അഭിപ്രായത്തോട് അച്ഛനും അമ്മയ്ക്കും എതിർപ്പുണ്ടായിരുന്നില്ല….
” ഇടയ്ക്ക് മോളേ ഒന്ന് ഇങ്ങോട്ട് വിടെന്നു പറഞ്ഞിരുന്നു, ഭാവയുടെ വീട്ടിൽ നിന്നു വിളിച്ചപ്പോൾ…
പിന്നേ ഒറ്റയ്ക്ക് വിടാനുള്ള മടികൊണ്ടും ക്ലാസ്സ് കളയണല്ലോ എന്നും കരുതിയിട്ടാ നീട്ടി വെച്ചത്…
ഇതിപ്പോൾ രണ്ടുപേരും ചുമ്മാ ഇരിക്കുവല്ലേ… ഒന്ന് പോയി വാ…. ”
അച്ഛൻ പറഞ്ഞത് കേട്ട് രുദ്രൻ ഭാവയേ നോക്കി.. അവളും അത് ആഗ്രഹിക്കുന്നുണ്ടെന്ന് തോന്നുന്നു.. മുഖം കണ്ടിട്ട്…. പിന്നേ താമസിച്ചില്ല…. ഉച്ചയൂണിനു മുന്നേ അവർ പോവാനിറങ്ങി…..
ദൂര യാത്ര ആയതുകൊണ്ട് കാർ എടുത്തു…. കിളിമാനൂർ കഴിഞ്ഞിട്ടും ഭാവ മിണ്ടാതിരുന്നപ്പോൾ രുദ്രന് ദേഷ്യം വന്നു തുടങ്ങിയിരുന്നു… ഇടത് ചേർത്തു കാർ നിർത്തി…
” അതേ…. കുറേ നേരമായല്ലോ മുഖവും വലിച്ചു കേറ്റിവെച്ചിരിക്കാൻ തുടങ്ങിയിട്ട്…. എന്താ കാര്യമെന്ന് വെച്ചാൽ പറ…..
അവിടം വരെ മിണ്ടാതിരിക്കാൻ ആണ് ഉദ്ദേശമെങ്കിൽ ഇപ്പോൾ പറയണം… തിരിച്ചു പോകാം…. രാവിലെ മുതൽ വീർപ്പിച്ചു കെട്ടി നടക്കുന്നത് കാണുന്നതാ…. ”
നമുക്ക് വേഗം പോവാം… രാത്രി ആകും വീട്ടിൽ എത്തുമ്പോൾ…
“കാര്യം പറയ് ഭാവേ കളിക്കാതെ….. നീയെന്തിനാ രാവിലെ അങ്ങനെ ചോദിച്ചത്…ഈ ഒരൊറ്റ രാത്രി കൊണ്ട് നിന്റെ പഠിത്തം ഒന്നും മുടങ്ങില്ല….
അതേ പ്രൊഫെഷൻ പഠിച്ചു കൊണ്ടിരിക്കുന്ന നിനക്ക് അത് നല്ലപോലെ അറിയാം… പിന്നേ എന്തിനായിരുന്നു രാവിലെ മുതൽ ഈ ഒളിച്ചുകളി….. അത് പറഞ്ഞിട്ടേ വണ്ടി ഇനി മുന്നോട്ടുള്ളു….. ”
ഉള്ളിലൊരായിരം വാക്കുകൾ കുമിഞ്ഞു കൂടി കിടന്നിട്ടും ഒന്നും കൂട്ടിയോചിപ്പിച്ചു പറയാനാവാതെ അവൾ കുഴങ്ങി….. എന്ത് പറയണം….. തനിക്ക് ചമ്മൽ ആയിരുന്നെന്നോ…..
അതോ, ഒരിക്കൽ ഈ പ്രണയാഗ്നിയിൽ ലയിച്ചു പോയാൽ, മടങ്ങി പോരുവാൻ ആവില്ലെന്നുറപ്പോടെ മാറ്റി നിർത്തിയിട്ടും താൻ ഈ സ്നേഹത്തിനു മുന്നിൽ തോറ്റു പോയെന്നോ….. അറിയില്ല……
എഴുതിപ്പടർത്താൻ ഒരാകാശം ഉണ്ടായിരുന്നെങ്കിൽ, ഈ തുറന്നു പറച്ചിൽ ഒഴിവാക്കാമായിരുന്നു………
ഭാവ………….
ആ വിളിയിലൽപ്പം കനം വെച്ചിരിക്കുന്നെന്നു തോന്നി……
രുദ്രന്റെ മുഖത്തേക്ക് നോക്കിയെങ്കിലും ഒന്നും പറയാൻ വയ്യാത്ത വണ്ണം തന്റെ നാവുകൾ ബന്ധിക്കപ്പെട്ടിരിക്കുന്നു എന്ന് ഭാവയ്ക്ക് തോന്നി…
ചുട്ടു പഴുത്ത റോഡിന്റെ ഇരുവശങ്ങളിലുമുള്ള ചുവന്ന മണ്ണ്, കടന്നു പോകുന്ന ഓരോ വാഹനങ്ങളുടെയും പൊടിക്കാറ്റിൽ പറന്നു പൊങ്ങി …….
കാറിന്റെ ചില്ലിന് മീതെ പാട പോലെ വീണു കിടന്നു….. രുദ്രൻ കയ്യെത്തിച്ചു പുറത്തൂടെ ചില്ലിലേക്ക് കുപ്പിയിലെ വെള്ളമൊഴിച്ചു……
വൈപ്പർ ഇടുന്നതിനു മുന്നേ ഭാവ ഡോർ തുറന്നു പുറത്തിറങ്ങി …. രുദ്രന്റെ മുന്നിലെ ചില്ലിലൂടെ ചെളി വെള്ളം നൂർത്തിറങ്ങുന്നുണ്ടായിരുന്നു…..
ഇപ്പുറം ഒഴിച്ചതിന്റെ ശക്തിയിൽ ഗ്ലാസിലെ പൊടിയ്ക്ക് മീതെ ചെറിയ ചെറിയ തുള്ളികൾ പറ്റിപ്പിടിച്ചിരിക്കുന്നു……
പൊടിയ്ക്ക് മീതെ, ഭാവ തന്റെ വിരലുകൾ ചലിപ്പിച്ചു…….
♥️Sorry Rudraa…….♥️
അകത്തിരുന്നു ദേഷ്യത്തോടെ നോക്കിക്കൊണ്ടിരുന്ന രുദ്രന്റെ മുഖത്തെ പേശികൾ പതിയെ ബലം വിട്ടു…..
കുറ്റം ചെയ്ത കുട്ടിയെപ്പോലെ കരയാറായി നിൽക്കുന്ന അവളെ രുദ്രൻ കൈകാട്ടി അകത്തേയ്ക്കു വിളിച്ചു……
അകത്തേക്ക് കയറിയിരുന്ന ഭാവയുടെ കൈകളിൽ വലിച്ചടുപ്പിച്ചു തോളോട് ചേർത്തിരുത്തി…..
കാറിന്റെ സീറ്റിൽ കാലുകൾ പുറകിലേക്കാക്കി വെച്ച് കൊണ്ട് രുദ്രന്റെ തോളിലേക്ക് ചാരി…
” എനിക്ക് ചമ്മലായിരുന്നു രുദ്രാ… അതുകൊണ്ടാ ഞാൻ രാവിലെ അങ്ങനെ പറഞ്ഞത്…. മുഖത്തേക്ക് നോക്കാൻ ഒരു മടി..
വേറൊന്നും പറഞ്ഞാൽ രുദ്രന് ഏൽക്കില്ലെന്ന് അറിയാവുന്നത് കൊണ്ടാ ഞാൻ… സോറി…..
എതിർത്തു നിന്ന ഞാൻ തന്നെ അങ്ങോട്ട് ആവശ്യം പറഞ്ഞപ്പോൾ കളിയാക്കുമോ എന്നൊരു ചിന്ത… നാണം…… അത്രേ ഉള്ളു …”
ഷർട്ടിൽ കൊരുത്തു പിടിച്ചു ഭാവ, കണ്ണടച്ച് പിടിച്ചെങ്ങനെയോ പറഞ്ഞൊപ്പിച്ചു….
” അത്രേ ഉള്ളുവെങ്കിൽ അത് നേരത്തേ പറഞ്ഞൂടെ……. എന്നോട് എന്തെങ്കിലും പറയാൻ നിനക്കെന്തിനാ നാണം…… എന്നും നമ്മൾ ഒന്നല്ലേ ഭാവ…..
പ്രണയിച്ചു തുടങ്ങിയ കാലം മുതൽ……ഞാൻ എന്തോ തെറ്റ് ചെയ്തത് പോലെ നീ പെരുമാറിയത് കൊണ്ടല്ലേ ഞാൻ കുറച്ചു മുൻപ് ചൂടായത്…..
സന്തോഷമാണെങ്കിലും ദേഷ്യമാണെങ്കിലും, ഇനിയിപ്പോൾ സങ്കടമോ പരിഭവമോ എന്താണെങ്കിലും നമ്മൾ ഒരുമിച്ച് പങ്കിടേണ്ടവരല്ലേ….. അല്ലേ?
രുദ്രന്റെ ചോദ്യത്തിന് കണ്ണടച്ച് തന്നെ ഭാവ തലയാട്ടി…..
മുഖത്തേക്ക് നോക്കി പറ ഭാവാ…………
തന്റെ നേർക്ക് ഉയർന്ന മുഖത്തെ രുദ്രൻ പിൻകഴുത്തിലൂടെ ചേർത്തു പിടിച്ചു…….
അതേ……..
തന്നേ നോക്കുന്ന മിഴികളിൽ നിന്നു തന്നിലേക്ക് മലരമ്പൻ ശരമെയ്യുന്നുണ്ടെന്നു രുദ്രന് തോന്നി…… ആ മിഴികളിലെ കാന്തിക ശക്തിയിൽ താൻ വശം കെട്ടു പോകുന്നു…
” അപ്പോൾ പിന്നേ, ഈ നാണവും എന്നോട് ചേർന്നു നിന്നു പങ്കു വെയ്ക്കപ്പെടേണ്ടതല്ലേ…….അതിങ്ങനെ ഞാൻ കാണാതെ കൊണ്ട് നടന്നാൽ എങ്ങനെ ശരിയാകും ? ”
ചുവന്നു തുടുത്ത കവിളിണകളെ സാക്ഷിയാക്കി രുദ്രൻ ചിരിയോടെ അവളെ ചേർത്തു പിടിച്ചു….. രാവിലെ മുതൽ നെഞ്ചിൽ കൊണ്ട് നടന്ന ഭാരം ഒഴിഞ്ഞ സന്തോഷത്തിൽ, അവർ യാത്ര തുടർന്നു…..
ശ്വാസത്തെ പോലും പകുത്തു നൽകിക്കൊണ്ടവർ, പ്രണയിച്ചു കൊണ്ടിരുന്നു….
യഥാർത്ഥ ജീവിതം അവർ തുടങ്ങിയത് അവിടെ നിന്നായിരുന്നു എന്ന് വേണമെങ്കിൽ പറയാം….
ഇന്നോളം ജീവിതത്തിൽ നടന്ന അശുഭ കാര്യങ്ങളെ പൂർണമായി മറക്കാൻ, രുദ്രൻ എന്ന തന്റെ പാതിയെ സ്നേഹിച്ചു കൊണ്ട് തന്നെ പറ്റി എന്നുള്ളത് ഭാവയ്ക്ക് ഒരു ആശ്വാസമായിരുന്നു……
ഇട്ടെറിഞ്ഞു തനിക്ക് പോകാമായിരുന്നു….. വെറുക്കാമായിരുന്നു…. പാതി വെറുത്തതുമാണ്…. പക്ഷേ തിരിച്ചറിയപ്പെടാതെ ആ സ്നേഹമൊരു വിങ്ങലാക്കാൻ താൻ ആഗ്രഹിച്ചില്ല….
പരസ്പരം സ്നേഹിച്ചും ബഹുമാനിച്ചും തന്നെ വെറുപ്പിന്റെ മതിൽക്കെട്ടുകളെ മറികടന്നു….. പിന്തിരിച്ചു നോക്കുമ്പോൾ ഒരു ആശ്വാസം……
പലരെയും പോലെ വെറുത്തു വെറുത്ത്, ഒടുവിൽ സ്നേഹിക്കാമായിരുന്നു, കാലങ്ങൾ കഴിഞ്ഞിട്ട്…… പക്ഷേ,…….
തന്റെ ഉള്ളിൽ വീണ കരടിനെ, അത് അവിടെ ഇട്ട ആളുടെ സ്നേഹം കൊണ്ട് തന്നെ എടുപ്പിച്ചു… അതിനുള്ള അവസരങ്ങൾ മനപ്പൂർവം കൊടുത്തു…
അതുകൊണ്ട് മുറിവുകളേറ്റില്ല… നഷ്ടങ്ങളുണ്ടായില്ല……..ആർക്കും ഒരുപാട് വേദന കൊടുക്കാതെ ചികിത്സിക്കപ്പെട്ടു….
എന്റെ ശരീരം പിടിച്ചു വാങ്ങാത്തതിന്, എന്റെ മൂല്യങ്ങൾക്ക് വില തന്നതിന്, എന്റെ സമ്മതത്തിനു കാത്തു നിന്നതിന് … എല്ലാത്തിലും ഉപരി,
എന്റെ വ്യക്തിത്വത്തെ പരിഗണിച്ചതിന്……. എല്ലാം മറക്കാൻ കൂടെ നിന്നതിന്….. മനസിലാക്കിയതിന് … എല്ലാറ്റിനും ഭവ ഈ ജന്മം രുദ്രനോട് കടപ്പെട്ടിരിക്കുന്നു….
രുദ്രനെ നോക്കി ഭവ സമാധാനത്തോടെ ഒന്ന് നിശ്വസിച്ചു….
ചടയമംഗലവും കൊട്ടാരക്കരയും പന്തളവും തിരുവല്ലയും കോട്ടയവും കടന്ന്, അവരുടെ പേടകം, അവരുടെ പ്രണയത്തെ വഹിച്ചു കൊണ്ട് മുന്നേറിക്കൊണ്ടിരുന്നു…
(തുടരും )