ദേവാസുരം : ഭാഗം 6

Spread the love

എഴുത്തുകാരി: അഞ്ജലി അഞ്ജു


എപ്പോളത്തെയും പോലെ അതിരാവിലെ തന്നെ ജാനു ഉണർന്നു. വേഗം ഫ്രഷ് ആയി താഴേക്കു ചെന്നു. അടുക്കളയിൽ ഉഷ ഉണ്ടായിരുന്നു. ആ വീട്ടിൽ ആദ്യമായത് കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് ഒന്നും അവൾക്ക് അറിയില്ലായിരുന്നു. ഉഷയുടെ പിന്നിലായി അവൾ ചെന്നു നിന്നു.

“ആഹാ മോള് നേരത്തെ എണീറ്റോ? കുറച്ചു നേരം കൂടെ കിടന്നു കൂടായിരുന്നോ?”

“ഞാൻ ഈ സമയത്ത് എപ്പോളും എണീക്കും. അവിടെ പശു ഒക്കെ ഉള്ളതല്ലേ.”

“ഇവിടെ ഇത്ര നേരത്തേ എണീറ്റ് തീർക്കാനുള്ള പണിയൊന്നുമില്ല മോളേ. ദേ ഞാൻ തന്നെ ഇന്ന് നേരത്തേ എണീറ്റത് നിങ്ങൾക്ക് അമ്പലത്തിലൊക്കെ പോകേണ്ടത് കൊണ്ടാണ്.”

അപ്പോളാണ് ജാനുവിനെ ഉഷ ശ്രദ്ധിച്ചത്.

“അല്ല മോളെന്താ സിന്ദൂരം തൊടാഞ്ഞത്?”

ജാനുവും ആ കാര്യം മറന്നു പോയിരുന്നു.

“അത് ഞാൻ മറന്നു പോയി.”
അവൾ പരിഭ്രമത്തോടെ പറഞ്ഞു.

“ആദ്യമൊക്കെ എല്ലാരും മറക്കും മോളേ. സാരമില്ല പക്ഷെ ഓർത്ത് എപ്പോളും തൊടണം കേട്ടോ. സുമംഗലിയായ പെണ്ണിന് താലിയും സിന്ദൂരവും ഭർത്താവിനെ പോലെ തന്നെ പ്രാധാന്യമുള്ളതാണ്.

അമ്മ എന്റെ കുട്ടിക്ക് എല്ലാം പറഞ്ഞ് തരാം. മോള് ഈ ചായ കൊണ്ട് അവന് കൊടുക്ക്. എന്നിട്ട് സിന്ദൂരവും തൊട്ട് അമ്പലത്തിൽ പോവാൻ ഒരുങ്ങു.”

ഉഷ പറഞ്ഞത് കേട്ടിട്ടും അവൾക്ക് റൂമിലേക്ക് പോകാൻ മടി തോന്നിയിരുന്നു. ഇന്ദ്രനോട്‌ എങ്ങനെ ഇടപെടണമെന്നും അവളോടുള്ള അവന്റെ പ്രതികരണം എന്താവുമെന്നും അവൾക്ക് അറിയില്ലായിരുന്നു.

“എന്താണ് മോളാലോചിച്ചു നിക്കുന്നത്.”

“ഇന്ദ്രേട്ടൻ…”

“അവനെ മോള് പേടിക്കുക ഒന്നും വേണ്ട. അവൻ കൂടി പോയാൽ വഴക്ക് പറയും അത്രേ ഉണ്ടാവുള്ളു.”

“അമ്പലത്തിൽ ഏട്ടൻ വരുവോ?”

“ഓ അതാണോ? വേറെ എവിടെ വന്നില്ലെങ്കിലും അവൻ അമ്പലത്തിൽ വരും. ഇവിടെ അടുത്തുള്ള നമ്മുടെ കുടുബ ക്ഷേത്രത്തിൽ ശിവനാണ് പ്രതിഷ്ഠ. അവന്റെ ഇഷ്ട ദേവനാണ്. അത്യാവശ്യം ദൈവ വിശ്വാസമുള്ള കൂട്ടത്തിലാണ്. കുട്ടിക്കാലത്തു മുത്തശ്ശി ആയിരുന്നു അവനെല്ലാം. അമ്മയുടെ കൂടെ കൂടി ആവും ഇങ്ങനെയുള്ള നല്ല ഗുണങ്ങൾ കിട്ടിയത്. പക്ഷെ ഇപ്പോൾ എന്താണാവോ എന്റെ കുട്ടിക്ക് പറ്റിയത്. കുറേ കാലമായി അമ്പലത്തിലും പോണില്ല.”

നിറഞ്ഞ കണ്ണുകൾ സാരി തലപ്പ് വെച്ചു തുടച്ചു കൊണ്ട് ഉഷ ജാനുവിനെ നോക്കി. അവൾക്കും ആ അമ്മയോട് സഹതാപം തോന്നി.

“എല്ലാം ശെരിയാകും അമ്മേ.”

“മ്മ് മോള് വേണം എല്ലാം പഴയ പോലെ ആക്കാൻ.”

മറുപടിയായി ഒരു ചെറു പുഞ്ചിരി നൽകി കൊണ്ട് ഇന്ദ്രനുള്ള ചായയുമായി ജാനു മുകളിലേക്ക് പോയി.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

“ഡീ പ്രാന്തി നീ ഇത് വരെ എണീറ്റില്ലേ??”

ചായയുമായി അലീനയെ ഉണർത്താൻ ശ്രമിക്കുകയാണ് ഇന്ദ്രൻ.

“നിനക്ക് വേറെ ഒരു പണിയുമില്ലേ? അവളിപ്പോ ഒന്നും എണീക്കാൻ പോണില്ല.”

അലക്സ്‌ ആയിരുന്നു അത്. അലക്സിന്റെയും ഇന്ദ്രന്റെയും സംസാരം കേട്ടാണ് അലീന ഉണർന്നത്.

“നിനക്കൊന്നും ഉറക്കവുമില്ലേ പിശാശുക്കളെ ! ഇന്നലെ പാതിരാത്രി വരെ കംമ്പയിൻ സ്റ്റഡി എന്നും പറഞ്ഞ് കുത്തിയിരുന്നതല്ലേ? മനുഷ്യനെ ഒന്ന് ഉറക്കത്തുമില്ല.”

“ബെസ്റ്റ് നട്ടുച്ച ആവാറായി അപ്പോളാണ്. പെൺപിള്ളേരായാലെ നേരത്തേ എണീക്കണം.”

“ഓ പിന്നെ എന്നെ കൊണ്ടൊന്നും വയ്യാ. നീ നിന്റെ ഭാര്യയോട് പറഞ്ഞാൽ മതി.”

“അതേടി ഭാര്യമാരായാൽ രാവിലെ കുളിച്ചു ചന്ദനക്കുറി ഒക്കെ ഇട്ടു ഒരു ചായയുമായൊക്കെ വന്നു ഭർത്താവിനെ വിളിച്ചുണർത്തനം അല്ലാതെ നിന്നേ പോലെ…”

“എന്നെക്കൊണ്ടൊന്നും പറ്റില്ല. ഞാനെങ്ങാനും ആണെങ്കില് നീ ഇത് പോലെ എന്നും ചായ കൊണ്ട് തരേണ്ടി വരും.”

അവന്റെ കയ്യിൽ നിന്നും ചായ വാങ്ങി കുടിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്.

“അല്ല അലക്സെ നിനക്കും ഇത് പോലത്തെ സ്വപ്‌നങ്ങൾ ഉണ്ടോ?”

“ഹേയ് ഇതൊക്കെ ഓൾഡ്‌ കോൺസെപ്റ് അല്ലേ.”

“ഹാവു സമാധാനമായി. എല്ലാവരും ഇവനെ പോലെ അല്ലല്ലോ.”

പൊട്ടിച്ചിരിച്ചു കൊണ്ടാണ് അവളത് പറഞ്ഞത്. അവളുടെ ആ ചിരിയാണ് ഇന്ദ്രനെ എപ്പോളും ആകർഷിച്ചിരുന്നത്.

✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️✡️

എന്തോ ശബ്ദം കേട്ടാണ് ഇന്ദ്രൻ കണ്ണുകൾ തുറന്നത്. കണ്മുന്നിൽ കുളിച്ചു മുഖത്തു ചായങ്ങൾ പൂശാതെ ഒരു കുറി മാത്രം തൊട്ട് ജാനുവിനെ കണ്ടപ്പോൾ ഒരു നിമിഷത്തേക്ക് ഇന്ദ്രനും പരിസരം മറന്നു നോക്കി.

“ഏട്ടാ..?”

ജാനുവിന്റെ ശബ്ദമാണ് അവനെ ഉണർത്തിയത്. അപ്പോളാണ് ജാനുവാണ് മുന്നിൽ നിക്കുന്നതെന്ന ബോധം അവനുണ്ടായത്.

“എന്തുവാടി രാവിലെ തന്നെ മനുഷ്യനെ പേടിപ്പിക്കാൻ നോക്കുവാണോ? ഓരോ വേഷം കെട്ടിക്കൊണ്ട് വന്നോളും.”

“ഞാൻ ഒരു വേഷവും കെട്ടാൻ വന്നതല്ല. അമ്മ ചായ കൊണ്ട് തരാൻ പറഞ്ഞു.”

“ആഹ് അതവിടെ വെച്ചാൽ പോരെ.”

“തണുത്തു പോകാതിരിക്കാനാ വിളിച്ചത്.
ദേ വെച്ചിട്ടുണ്ട്.”

ഇതും പറഞ്ഞ് അവൾ കണ്ണാടിക്ക് മുന്നിലേക്ക് പോയി. അൽപം നനവുള്ള അവളുടെ മുട്ടറ്റമുള്ള മുടി കൈ കൊണ്ട് കോതി ഒതുക്കി.

സിന്ദൂര ചെപ്പിൽ നിന്നും ഒരു നുള്ള് സിന്ദൂരമെടുത്തു സീമന്ത രേഖയിലേക്ക് ചാർത്തി. സിന്ദൂരമണിഞ്ഞതും കണ്ണാടിയിലെ തന്റെ പ്രതിബിംബത്തിന് ഒരു പ്രത്യേക ഭംഗി കൈ വന്നത് പോലെ അവൾക്ക് തോന്നി.

കണ്ണാടിയിൽ നോക്കി തിരിഞ്ഞ അവൾ കാണുന്നത് തന്നെ ആശ്ചര്യത്തോടെ നോക്കി നിക്കുന്ന ഇന്ദ്രനെ ആണ്. എന്താണെന്ന് അവൾ പുരികം പൊക്കി ചോദിച്ചപ്പോളാണ് ഇന്ദ്രനും തന്റെ അബദ്ധം മനസിലായത്.

തന്റെ മനസിൽ ആഗ്രഹിച്ചിരുന്നത് പോലെ ജാനു പെരുമാറിയപ്പോൾ അറിയാതെ ഒരു കൗതുകം തോന്നി നോക്കിയതാണ്. അല്ലെങ്കിലും ഇവളെന്ത് കാണിച്ചാലും തന്നെ ബാധിക്കുന്ന കാര്യമല്ലല്ലോ.

“രാവിലെ ഒരുങ്ങി കെട്ടി എങ്ങോട്ടേക്കാണ്?”

തനിക്കുണ്ടായ ജാള്യത മറയ്ക്കാനായി കൃത്രിമ ദേഷ്യത്തിൽ അവൻ ചോദിച്ചു.

“അമ്പലത്തിൽ പോണമെന്നു അമ്മ പറഞ്ഞു.”

“ഓ അതാണോ രാവിലെ തന്നെ ഈ പ്രഹസനം.”

“ഞാനെന്ത് പ്രഹസനം ആണ് കാട്ടിയത്? ഇതൊക്കെ ഞാൻ എന്നും കാട്ടാറുള്ള പ്രഹസനം ആണ്. കാണെ കാണെ ഏട്ടനും ശീലായി കൊള്ളും.”

അതും പറഞ്ഞു അവൾ റൂമിനു പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി.

“അതേ അമ്മ പറഞ്ഞു വേഗം റെഡി ആവാൻ. അമ്പലത്തിൽ ഇന്ന് എന്തൊക്കെയോ വിശേഷാൽ പൂജയൊക്കെ ഉണ്ടെന്ന്.”

“ഞാനൊന്നും വരണില്ല. അല്ലേലും നിന്റെ കൂടെ വന്നാലും മതി.”

“ന്റെ കൂടെ വന്നെന്നും വെച്ചു എന്താണ്? ദൈവത്തെ കാണാനല്ലേ പോണത്. ഇനി ഇപ്പോ എന്നോടുള്ള ദേഷ്യം ദൈവത്തോട് കാട്ടണത് എന്തിനാണ്. ഞാൻ പറഞ്ഞല്ലോ ഭാര്യയുടെ ഒരു അവകാശവും ഞാൻ പിടിച്ചു വാങ്ങാൻ വരില്ല.”

“അല്ലെങ്കിലും നിനക്ക് എന്നിൽ ഒരു അവകാശവും ഇല്ല.”

“പിന്നെന്തിനാ പേടിക്കണേ? നമുക്ക് പോയിട്ട് വരാമെന്നേ. എനിക്ക് ആണെങ്കിൽ ഇവിടെ പരിചയവും ഇല്ല. സ്ഥലം കാട്ടി തരാൻ വരണെന്ന് വിചാരിച്ചാൽ മതി.”

ഇതും പറഞ്ഞ് അവൾ പുറത്തേക്ക് പോയി. അവളുടെ മറുപടിയിൽ സംതൃപ്തനായതിനാലാവാം അവനും മറുത്തൊന്നും പറഞ്ഞില്ല.

രുദ്രയും വരുന്നുണ്ടെന്ന് പറഞ്ഞെങ്കിലും അജിത്ത് അവളെ പോകാൻ അനുവദിച്ചില്ല. കാത്തിരുന്നു കിട്ടിയ കുട്ടി ആയത് കൊണ്ടാവാം എല്ലാവർക്കും രുദ്രയുടെ കാര്യത്തിൽ വല്ലാത്ത ശ്രദ്ധ ഉണ്ടായിരുന്നു.

സെറ്റ് സാരിയും നീല നിറത്തിലെ ബ്ലൗസുമായിരുന്നു ജാനുവിന്റെ വേഷം. മുടി വൃത്തിയിൽ പിന്നി ഒതുക്കി വെച്ചിരുന്നു.

ഒരു ചെറിയ കറുത്ത പൊട്ടു മാത്രമായിരുന്നു ആകെ കൂടെ ഉള്ള ചമയം. കഴുത്തിലെ താലിയും നെറ്റിയിലെ സിന്ദൂരവും മാത്രം മതിയായിരുന്നു അവളുടെ ഭംഗിക്ക് മാറ്റ് കൂട്ടാൻ.

ഒരു ചെക്ക് ഷർട്ടും കസവു മുണ്ടുമായിരുന്നു ഇന്ദ്രന്റെ വേഷം. നീല നിറത്തിലെ ഷർട്ട് ജാനു എടുത്ത് കൊടുത്തെങ്കിലും അവളോടൊപ്പം കൂടാൻ ഇഷ്ടം അല്ലാത്തത് കൊണ്ട് കക്ഷി അതിട്ടില്ല.

ഇന്ദ്രൻ നേരത്തേ തന്നെ കാറിൽ കയറി ഇരുന്നിരുന്നു. ജാനു അമ്മയോടൊക്കെ പറഞ്ഞിട്ട് അൽപം വൈകിയാണ് കാറിൽ കയറിയത്.

“ഞാൻ നിന്റെ ഡ്രൈവർ ഒന്നുമല്ല ഇങ്ങനെ കാത്ത് കിടക്കാൻ. ഇനി ഒരിക്കൽ കൂടെ ഈ പരിപാടി കാണിച്ചാൽ ഞാനെന്റെ പാട്ടിന് പോകും.”

അവൾ മറുപടിയൊന്നും പറയാതെ തല കുലുക്കി സമ്മതിച്ചു.

അടുത്ത് തന്നെ ആയിരുന്നു ക്ഷേത്രം.

ശനിയാഴ്ച ആയത് കൊണ്ടാവും ക്ഷേത്രത്തിൽ തിരക്കുണ്ടായിരുന്നു. ക്ഷേത്രത്തിലേക്ക് കടക്കുന്നതിനുള്ളിൽ പലരും ഇന്ദ്രനോട് വിശേഷങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു.

കുറച്ചു കാലമായി അമ്പലത്തിലേക്ക് കാണാത്തതിന്റെ പരാതിയും ചിലർ പറയുന്നുണ്ടായിരുന്നു. ജാനുവിനോട് മാത്രം ഇന്ദ്രനൊന്നും മിണ്ടിയില്ല.

ആരെങ്കിലും ചോദിക്കുമ്പോൾ ഭാര്യയെന്ന് പറഞ്ഞ് ചൂണ്ടി കാട്ടും അപ്പോൾ മാത്രം ഒരു ചെറു പുഞ്ചിരി അവൾക്ക് സമ്മാനിക്കും.

അവന്റെ ആ പ്രവൃത്തി പോലും അവളിൽ സന്തോഷം നിറച്ചു കൊണ്ടിരുന്നു. അവൻ അമ്പലത്തിലേക്ക് കടന്നപ്പോൾ അവനെ അനുഗമിച്ച് അവളും കയറി.

അകത്തെ ശിവ പ്രതിഷ്ടയിൽ നോക്കി അവൾ നിന്നു. എന്താണ് പ്രാർത്ഥിക്കേണ്ടതെന്ന് അവൾക്ക് നിശ്ചയമില്ലായിരുന്നു. അല്ലെങ്കിലും പ്രാർത്ഥിക്കാൻ ഇപ്പോൾ പേടിയാണ് എന്ത് ആഗ്രഹിച്ചാലും അത് തട്ടിത്തെറിപ്പിക്കുകയല്ലേ ചെയ്യുള്ളൂ.

അങ്ങനെ ഓരോന്നും ആലോചിച്ചു അടുത്ത് നിക്കുന്ന ആളെ നോക്കിയപ്പോൾ ആള് ഭയങ്കര പ്രാർത്ഥനയിലാണ്. കണ്ണൊക്കെ അടച്ചു കയ്യൊക്കെ കൂപ്പി. ഇന്ദ്രന്റെ ആ ഭാവമാറ്റം അവളും പ്രതീക്ഷിച്ചിരുന്നില്ല.

മുഴുവൻ കലിപ്പും നിരാശയും ആണെങ്കിലും ഭക്തിക്ക് കുറവൊന്നുമില്ല.

അവൾക്ക് അവനോട് സഹതാപമാണ് തോന്നിയത് പണ്ട് താനും ഇത് പോലെ എത്രയോ തവണ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ്ട് ഇത് വരെ ഒന്നും നടന്നിട്ടില്ല.

അപ്പോഴേക്കും ഇന്ദ്രൻ പ്രാർത്ഥന നിർത്തി പ്രദക്ഷിണം വയ്ക്കാനായി പോയിരുന്നു. അവന്റെ പിന്നാലെ നടന്നടുക്കാൻ ശ്രമിക്കുമ്പോളാണ് ഇന്ദ്രന്റെ വീടിന് അടുത്തുള്ള ഒരു ചേച്ചി ജാനുവിനെ കണ്ടത്.

പിന്നീട് പുള്ളിക്കാരിയുടെ കുശലാന്വേഷണത്തിന് ഒടുവിൽ ഓടി പിടിച്ചാണ് പ്രദക്ഷിണം വച്ചത്.

ഇന്ദ്രനെ ആണെങ്കിൽ കാണാനുമില്ല. അപ്പോളാണ് രാവിലെ അവൻ പറഞ്ഞത് അവളുടെ മനസിലേക്ക് വന്നത്. ഇനിയെങ്ങാനും അവളെ ഇട്ടിട്ട് പോയിട്ടുണ്ടാകുവോ എന്ന് ഭയന്ന് ചുറ്റമ്പലത്തിനുള്ളിലേക്ക് വീണ്ടും കടക്കുമ്പോളാണ് സോപാന സംഗീതം അവളുടെ കാതുകളിൽ പതിഞ്ഞത്.

നാഗഭൂഷിത പദങ്ങളും
ചടുലതാളമോടു തിരുനടനവും
ഭസ്മഭൂഷിതമുരസ്ഥലം ഹരിണചർമവും
ഫണിഗണങ്ങളും
വാസുകി പരിവിശോഭിതം വിമലവക്ഷസും
ഭവഭയാവഹം
ചന്ദ്രശേഖരാ തെളിഞ്ഞു കാണണം
അന്തികേമമ സദാശിവ…

വേഗത്തിൽ അകത്തേക്ക് കടന്ന അവളുടെ കണ്ണുകൾ തിളങ്ങി. ആരിലും ഭക്തി നിറക്കുന്ന തരത്തിലായിരുന്നു ഇന്ദ്രന്റെ ആലാപനം. ഓരോ വാക്കുകളും വളരെ മനോഹരമായാണ് അവൻ പാടിയത്. ജാനുവും പരിസരം മറന്ന് അവനെ നോക്കി നിന്നു.

തുടരും…

(തുടരും )

ദേവാസുരം : ഭാഗം 1

ദേവാസുരം : ഭാഗം 2

ദേവാസുരം : ഭാഗം 3

ദേവാസുരം : ഭാഗം 4

ദേവാസുരം : ഭാഗം 5

-

-

-

-

-