സിദ്ധ ശിവ : ഭാഗം 7

Spread the love

എഴുത്തുകാരി: വാസുകി വസു


ഓർമ്മകളുടെ കുത്തൊഴുക്കിലേക്ക് സിദ്ദയുടെ മനസ്സ് ഒഴുകിപ്പോയി.വർഷങ്ങൾ മുമ്പുള്ള ബംഗ്ലൂരിലെ കലാലയം അന്തരംഗത്തിൽ തെളിഞ്ഞ് നിന്നു.

എഞ്ചിനീയറിംഗ് കോളേജിലെ ആദ്യത്തെ ബാച്ച്.നവാഗാതരെ സ്വീകരിക്കുവാനായി മൽസരിക്കുന്ന സീനിയേഴ്സ് വിദ്യാർത്ഥികൾ. എല്ലാം ഇന്നലെയെന്ന പോലെ മനസ്സിലേക്ക് ഓടിയെത്തി.

സീനിയർ ചേട്ടന്മാരുടെ സ്വീകരണവും കുസൃതിത്തരങ്ങളും ഏറ്റുവാങ്ങി മൂന്നംഗ വിദ്യാർത്ഥികൾ മുന്നോട്ട് നീങ്ങിയപ്പോഴാണ് കുറച്ചു വിദ്യാർത്ഥികൾ വന്ന് റാഗ് ചെയ്യാൻ ശ്രമിച്ചത്.കരയുന്നത് പോലെയായി മറ്റ് രണ്ടു പേരുടെയും മുഖമെങ്കിലും അതിലൊരു പെൺകുട്ടി മാത്രം കൂസലില്ലാതെ നിന്നു.

“ചേട്ടന്മാരെ വിട്ടേക്കൂ..ഇത് പഴയ കാലമൊന്നും അല്ല കേട്ടോ”

ഇടുപ്പിൽ കൈകുത്തി സംസാരിക്കുന്ന പെൺകുട്ടി സീനിയേഴ്സിനെ അത്ഭുതപ്പെടുത്തി.

“നീയേതാടി മരമാക്രി”

അതിലൊരുത്തൻ ആ പെൺകുട്ടികൾക്ക് മുമ്പിലേക്കായി നീങ്ങി നിന്നു.

“മരമാക്രി നിന്റെ കെട്ടിയോൾ”

അവളുടെ മറുപടി കേട്ടിട്ട് എല്ലാവർക്കും ചിരി വന്നു. പിന്നീട് അതൊരു കൂട്ടച്ചിരിയായി മാറി.

“ഡാ അതിനെ വിട്ടേക്ക്..കണ്ടിട്ട് ഏതോ മരം കേറി മറിയേടെ മോളാണെന്ന് തോന്നുന്നു”

അവർക്ക് സമീപത്തേക്ക് നടന്നെത്തിയ സുമുഖനായൊരു ചെറുപ്പക്കാരൻ കമന്റടിച്ചു.അതോടെ കത്തിജ്വലിച്ചു നിന്ന പെൺകുട്ടിയുടെ മുഖം ഫ്യൂസ് പോയ ബൾബ് പോലെയായി.വിളറി നിന്ന അവളുടെ മുഖത്തെ ചമ്മൽ ആസ്വദിച്ചിട്ട് അവൻ പറഞ്ഞു.

“ഉം ..പൊയ്ക്കോളൂ”

സീനിയേഴ്സ് വഴി മാറി കൊടുത്തതോടെ മൂന്നു പെൺകുട്ടികളും ക്ലാസിലേക്ക് നടന്നു.

“സിദ്ദ..ഇത് നമ്മുടെ നാടല്ല..ഇത് ബംഗ്ലൂരൂ ആണ്”

“എന്റെ വൃന്ദേ എവിടായാലെന്താ.ഇതെല്ലാം മലയാളികളല്ലേ.എവിടെ ചെന്നാലും ഇവറ്റകൾ ജാഡ കാണിക്കും”

സിദ്ദ ദേഷ്യപ്പെട്ടെങ്കിലും സുമുഖനായ ചെറുപ്പക്കാരൻ അവളുടെ മനസ്സിൽ നിറഞ്ഞു നിന്നു. കൂട്ടുകാരായ വൃന്ദയോടും നന്ദിതയോടും അവളത് സൂചിപ്പിച്ചില്ല.

ഇതുവരെ പ്രണയം സൂചിപ്പിക്കാനൊന്നും സിദ്ദയോട് ആരും മുതർന്നട്ടില്ല.സമ്പന്നയും അതിലുപരി തണ്ട് കാണിക്കുന്നവളുമാണ് സിദ്ദ.അച്ഛന്റെ സമ്പന്നത മകളിൽ ആഹങ്കാരമുണ്ടാക്കിയിരുന്നു.

ക്ലാസിൽ ഇരുന്നിട്ടും സിദ്ദയുടെ മനസ്സ് ആ ചെറുപ്പക്കാരനിൽ ആയിരുന്നു. അവനെ കുറിച്ച് കൂടുതൽ അറിയാനായി അവളുടെ മനസ്സ് വെമ്പൽ കൊണ്ടു.ഒരിക്കൽ പോലും മറ്റൊരു ആൺകുട്ടിയുടെ ഇതുപോലെ തന്നെ അലസോരപ്പെടുത്തിയട്ടില്ലെന്ന് അവളോർമ്മിച്ചു.

ഉച്ചക്ക് മുമ്പായി ക്ലാസ് വിട്ടു.മൂവരും കൂടി പുറത്തൊരു വീട് റെന്റിനു എടുത്തിരുന്നു. അവിടെയാണ് താമസം.

കലാലയവും തമ്മിൽ സിദ്ദ വളരെ വേഗത്തിൽ ഇണങ്ങി.സീനിയേഴ്സുമായി അവൾ വേഗത്തിൽ ചങ്ങാത്തത്തിലായി എങ്കിലും ആ പയ്യൻ മാത്രം മൈൻഡ് ചെയ്തില്ല. അവന്റെ ഫുൾ ബാഗ്രൗണ്ട് തപ്പിയെടുത്തു.

“നവീൻ… കോട്ടയത്തെ പ്രമുഖ പണക്കാരനായ അച്ചായന്റെ ഇരട്ടമക്കളിൽ ഒരുവൻ.അവസാന വർഷ എഞ്ചിനീയറിംഗ് ബിരുദ വിദ്ദ്യാർത്ഥി”

ഒരുദിവസം സിദ്ദയും ഫ്രണ്ട്സും കോളേജ് ക്യാന്റീനിൽ നവീനെനെ കുറിച്ച് ചൂടുള്ള ചർച്ചയിൽ ആയിരുന്നു.

“വേണ്ടെടീ അവന് നിന്നെ കാണുന്നത് കലിപ്പാണ്.വിട്ടേക്ക് നിനക്ക് സെറ്റാകില്ല”

നന്ദിതയുടെ അതേ അഭിപ്രായമായിരുന്നു വൃന്ദക്കും.

“അതേടീ നവീനു വേറെ പെൺകുട്ടികളുമായി കമ്പിനിയുണ്ടെന്നാണ് അറിവ്”

ഫ്രണ്ട്സിന്റെ അഭിപ്രായം സിദ്ദ തെല്ലും മുഖവിലക്ക് എടുത്തില്ല.ആശിച്ചത് ഇതുവരെ നേടിയട്ടേയുള്ളൂ.കോപത്താലവളുടെ മുഖം ചുവന്നു.കണ്ണുകളിൽ നിന്നും അഗ്നി ചിതറി.

“എനിക്ക് വേണം നവീനെ..ഒരുപാട് മോഹിച്ചു പോയി..ആർക്കും വിട്ടു കൊടുക്കില്ല”

സിദ്ദയുടെ ഉറച്ച തീരുമാനം കേട്ടപ്പോൾ എതിർക്കാൻ തോന്നിയില്ല.ഉപദേശിച്ചിട്ടും കാര്യമില്ലെന്ന് അവർക്ക് അറിയാം.

ക്യാന്റീനിൽ നിന്ന് ദേഷ്യത്തോടെ ഇറങ്ങിപ്പോയ സിദ്ദ ചെന്ന് പെട്ടത് നവീനിന്റെ മുമ്പിലായിരുന്നു.പെട്ടെന്ന് അവളുടെ മുഖത്ത് കുങ്കുമപ്പൂക്കൾ വിരഞ്ഞു.കണ്ണുകളിൽ ഒരായിരം താരകങ്ങൾ ഒരുമിച്ച് മിന്നിത്തിളങ്ങി.

“നവീൻ”

പ്രണയം നിറഞ്ഞ സ്വരമായിരുന്നു സിദ്ദയുടേത്.അവനോടുളള ഒടുങ്ങാത്ത അഭിനിവേശം ആ വിളിയിൽ കലർന്നിരുന്നു.

“ഉം.എന്തുവേണം”

സിദ്ദയെ അവഗണിച്ച് പിന്തിരിഞ്ഞ് നടന്ന നവീൻ മുഖം തിരിക്കാതെ ചോദിച്ചു.

“നവീൻ എനിക്ക് നിന്നെ ഇഷ്ടമാണ്..”

വാക്കുകൾ പൂർത്തിയാക്കാൻ അവൻ സമ്മതിച്ചില്ല.

“ഒരാൾ മറ്റൊരാളെ പ്രണയിച്ചു കൂടെന്ന് പറയാൻ കഴിയില്ല.പക്ഷേ മറിച്ച് സ്നേഹിക്കരുതെന്ന് വിലക്കാൻ എനിക്ക് കഴിയില്ല”

“നവീനെന്താ എന്നെ കളിയാക്കുവാണോ?”

“നോ..ഒരിക്കലുമല്ല..തനിക്ക് ഇഷ്ടം ഉണ്ടെന്ന് കരുതി എനിക്ക് അങ്ങനെ തോന്നണമെന്നില്ല..നിലവിലൊരു പെൺകുട്ടിയുണ്ട് അവളെ ചതിക്കാൻ കഴിയില്ല”

അത്രയും പറഞ്ഞു നടന്നകലുന്ന നവീനെ മറക്കാനോ വെറുക്കാനോ സിദ്ദക്ക് കഴിഞ്ഞില്ല.ഓരോ നിമിഷവും ഏറുന്തോറും പ്രണയം കൂടിവരികയാണ്.ഓരോ അണുവിലും ഓരോ ശ്വാസത്തിലും നവീന്റെ ഗന്ധമാണെന്ന് അവൾക്ക് തോന്നി.

തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ അവൾക്ക് കഴിഞ്ഞില്ല.താനെന്താണ് ഇങ്ങനെ ഒരാളുടെ പ്രണയത്തിനായി ദാഹിക്കുന്നത്..മനസ്സിനോട് പലയാവർത്തി ചോദിച്ചു നോക്കി. അറിയില്ലെന്ന് ഉത്തരം ലഭിച്ചു.

First impression is the best impression എന്ന് കേട്ടിട്ടെയുള്ളൂ..ബട്ട് ആ വികാരം ഇപ്പോൾ അനുഭവിച്ചു അറിയുന്നുണ്ട്.

നവീൻ നടന്ന് അകലുന്നത് കണ്ണിൽ നിന്നും മറയുന്നത് വരെ നോക്കി നിന്നു.അവനു വേണ്ടി സ്നേഹത്തിന്റെ കണ്ണുനീർത്തുള്ളി അവളിൽ നിന്ന് അടർന്നു വീണു.

ക്ലാസ് അറ്റന്റ് ചെയ്യാൻ കഴിയില്ലെന്ന തിരിച്ചറിവ് വന്നതോടെ സിദ്ദ റൂമിലേക്ക് പോയി. ചെന്നയുടനെ വേഷം മാറാതെ മാറി കമഴ്ന്നു കിടന്നു.

നവീന്റെ അവഗണന സഹിക്കാൻ കഴിയാതെ സിദ്ദയുടെ ഹൃദയം വിങ്ങിപ്പൊട്ടി. അവന്റെ ഓരോ വാക്കുകളും മനസ്സിനെ കുത്തി നോവിച്ചു.

വൃന്ദയും നന്ദിതയും എത്തുമ്പോൾ സിദ്ദ കിടക്കുകയായിരുന്നു.എത്ര വിളിച്ചിട്ടും അവൾ എഴുന്നേറ്റില്ല.വൃന്ദ പതിയെ അവളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു. കരഞ്ഞു കലങ്ങിയ മുഖം കണ്ടു കൂട്ടുകാരുടെ മനസ്സും നൊന്തു.

“നീയൊന്ന് എഴുന്നേറ്റു ഫ്രഷാകെടീ..അവനെ വീഴ്ത്താൻ എന്തെങ്കിലും വഴി തെളിയും‌‌.നമുക്ക് മുന്നിൽ ഏതെങ്കിലും വാതിൽ തുറക്കാതിരിക്കില്ല”

വൃന്ദ പതിയെ കൂട്ടുകാരിക്ക് ധൈര്യം പകർന്ന് നൽകാൻ ശ്രമിച്ചു.എഴുന്നേറ്റെങ്കിലും സിദ്ദയുടെ മുഖത്ത് തെളിച്ചം കുറഞ്ഞിരുന്നു.

ദിവസങ്ങൾ അടർന്നു വീണു കൊണ്ടിരുന്നു.. സിദ്ദയെ കാണുമ്പോഴൊക്കെ നവീൻ തീരെ ഗൗനിക്കാതെ ഒഴിഞ്ഞ് മാറി നടന്നു.അവൾ നിരാശയുടെ പടുകുഴിയിലേക്ക് ആഴ്ന്നിറങ്ങി.

മാസങ്ങൾ കുറെ പിന്നിട്ടപ്പോൾ കോളേജ് ഡേ വന്നെത്തി.അതിനോട് അനുബന്ധിച്ച് വിദ്യാർത്ഥികൾ അവതരപ്പിക്കുന്ന പ്രോഗ്രാം ഫിക്സ് ചെയ്തിരുന്നു..

സിദ്ദക്ക് നവീനോടുളള സിംഗിൾ പ്രണയം ക്യാമ്പസിലാകെ എല്ലാവരും അറിഞ്ഞു.ചിലരൊക്കെ അവളെ മാനസികമായി തളർത്താൻ ശ്രമിച്ചെങ്കിലും ഇടവും വലവും ആശ്രയവുമായി വൃന്ദയും നന്ദിതയും ഉണ്ടായിരുന്നു.

പ്രോഗ്രാമിന് സിദ്ദ പോകില്ലെന്ന് തീരുമാനിച്ചു എങ്കിലും നവീന്റെ ഡാൻസ് ഉണ്ടെന്നറിഞ്ഞ് പോകാൻ തയ്യാറെടുത്തു.ഉച്ച കഴിഞ്ഞായിരുന്നു നവീന്റെ അരങ്ങേറ്റം. മുൻ നിരയിൽ തന്നെയവൾ സ്ഥാനം ഉറപ്പിച്ചു.

പ്രോഗ്രാം നടക്കുന്ന സമയത്താണ് കൂടെ ഡാൻസ് ചെയ്യാമെന്നേറ്റ നവീന്റെ ലവർ അവസാന നിമിഷം പിന്മാറിയത്.അതവനെ സങ്കടപ്പെടുത്തി.

“എന്റെ കൂടെ ഡാൻസ് ചെയ്യാൻ ആരെങ്കിലും തയ്യാറുണ്ടോ?”

നിറഞ്ഞിരിക്കുന്ന സദസ്സിനെ നോക്കി ഓഡിറ്റോറിയത്തിലെ സ്റ്റേജിൽ നിന്ന് നവീൻ അനൗൺസ്മെന്റ് നടത്തി.

സദസ്സാകെ നിശബ്ദമായെങ്കിലും സിദ്ദയുടെ നാഡീവ്യൂഹത്തിലൂടെയൊരു കുളിരിറങ്ങി.

ആരും അനങ്ങാതിരുന്നപ്പോൾ സിദ്ദ മുമ്പോട്ട് വന്നു. വൃന്ദയും നന്ദിതയും അവളെ പ്രോൽസാഹിപ്പിച്ച് ആത്മവിശ്വാസമേകി.

“ഞാനുണ്ട്”

സിദ്ദ വരുന്നത് കണ്ടപ്പോൾ അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ആരും വരാതെ നാണം കെട്ട് ഇറങ്ങേണ്ടി വരുമെന്ന് കരുതിയതാണ്. അവളോടുളള വെറുപ്പ് ഹൃദയത്തിൽ നിന്ന് മാറ്റി നവീൻ സിദ്ദയുടെ കൂടെ ഡാൻസ് ചെയ്തു. പലപ്പോഴും അറിഞ്ഞു കൊണ്ട് സിദ്ദ കൂടുതൽ ഇഴുകി ചേർന്നു.

നൃത്തം അവസാനിക്കുമ്പോൾ കാണികളിൽ നിന്ന് ആവേശകരമായ കയ്യടി ഉയർന്നു. അത്രക്കും മാസ്മരികത ഉണ്ടായിരുന്നു അവർ തമ്മിലുള്ള ഡാൻസിന്.നവീനും മാച്ച് ചെയ്യുന്ന ജോടിയായിരുന്നു അവൾ…

നവീൻ നിറഞ്ഞ സദസിനെ സാക്ഷി നിർത്തി സിദ്ദയെ ആലിംഗനം ചെയ്തു. അവൾക്കത് വിശ്വസിക്കാൻ കഴിഞ്ഞില്ല. കാണുന്നത് സ്വപ്നമാണെന്ന് തോന്നി..

നവീന്റെ ചുണ്ടുകൾ സിദ്ദയുടെ അധരങ്ങളെ കവർന്നു..അറിയാതെ അവളും അവനെ പുണർന്നു..

സിദ്ദയോടുളള പ്രണയത്തിന് എല്ലാവരെയും സാക്ഷിയാക്കി സമ്മതമാണെന്ന് മൗനമായി അനുവാദം നൽകിയതു പോലെ ഒരിക്കൽ കൂടി നവീൻ അവളുടെ ചുണ്ടിൽ മുത്തം നൽകി…

വറ്റിവരണ്ടുണങ്ങിയ ഭൂമിയിൽ പുതുമഴ പെയ്ത് ആഴ്ന്നിറങ്ങിയ അനുഭവമായിരുന്നു സിദ്ദക്ക്…ഒരു ഹിമകണത്തിന്റെ നനുത്ത തണുപ്പ് അവളുടെ ഹൃദയത്തിൽ പതിച്ചു….

അതൊരു തുടക്കം മാത്രമായിരുന്നു… അവരുടെ പ്രണയത്തിന്റെ ….

***************

“നവീൻ നീയെന്നെ വിവാഹം കഴിക്കുമോ?എനിക്ക് നീയില്ലാതെ ജീവിക്കാൻ കഴിയില്ല”

നവീനിന്റെ മടയിലേക്ക് തലവെച്ച് കിടക്കുമ്പോഴായിരുന്നു സിദ്ദയുടെ ചോദ്യം. അവന്റെ കണ്ണുകളിൽ തെളിഞ്ഞ കൗശലം കാണാൻ അവൾക്ക് കഴിഞ്ഞില്ല.

“ഇതെന്തൊരു ചോദ്യമാണ് സിദ്ദൂ..നീയില്ലാതെ എനിക്ക് ജീവിക്കാൻ കഴിയുമോ?

സിദ്ദയുടെ മനമാകെ നിറഞ്ഞു.കൂടുതലൊന്നും വേണ്ടാ.നവീനുമായൊരു ജീവിതം ആത്മാർത്ഥമായി ആഗ്രഹിച്ചു.

പരസ്പരം കാണുമ്പോഴെല്ലാം നവീൻ ആലിംഗനം ചെയ്യുകയും ചുണ്ടുകളിൽ മുത്തം നൽകുന്നതും അവൾ എതിർത്തില്ല.അവളെ സംബന്ധിച്ച് അവൻ പ്രാണനാണ്..ജീവവായു ആണ്.

ഇരുവരും പ്രണയത്തിലായിട്ട് മാസങ്ങൾ കഴിഞ്ഞു. ഒരുദിവസം നവീൻ ക്യാമ്പസിൽ സിദ്ദയെ കാണാനെത്തിയത് ഒരു സന്തോഷ വാർത്തയായിട്ടാണ്.

” സിദ്ദ നാളെയെന്റെ ഹാപ്പി ബി ഡേ ആണ്. ഈ പ്രാവശ്യം ഫ്രണ്ട്സിനെ ഒഴിവാക്കി നമുക്ക് മാത്രമായി ആഘോഷിക്കണം”

“പ്രോമിസ്”

വിശ്വാസം വരാതെ അവൾ ചോദിച്ചു.

“യേസ്..ഈ പ്രാവശ്യം ഞാനും എന്റെ പ്രണയഭാജനവും മാത്രം മതി”

ഇരക്കായി വല നെയ്ത് കാത്തിരുന്ന എട്ടുകാലിയുടെ ഭാവമാണ് അവന്റെ മുഖത്ത്.പ്രണയത്താൽ അന്ധയായ സിദ്ദക്കത് മനസ്സിലാക്കാൻ കഴിഞ്ഞില്ല.

**********************

“എവിടേക്കാടി രാവിലെ ഒരുങ്ങിയിറങ്ങുന്നത്”

സിദ്ദയുടെ ഒരുക്കം കണ്ടാണ് വൃന്ദയും നന്ദിതയും ചോദിച്ചത്.എന്തുകൊണ്ടോ അവരോട് കളവ് പറയാൻ സിദ്ദക്ക് കഴിഞ്ഞില്ല.

“ഇന്നാ നവീന്റെ ബർത്ത് ഡേ..പിക്ക് ചെയ്യാൻ വരാമെന്ന് പറഞ്ഞിട്ടുണ്ട്”

“ഞങ്ങളും കൂടി വരണോ?”

“വേണ്ടാ..വെറുതെ ഞങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകണ്ടാ”

ഒരിക്കൽ കൂടി കണ്ണാടിയിൽ നോക്കി തൃപ്തിയടഞ്ഞു.മുടി ഇരുവശത്തേക്കും പിന്നി ഇട്ടു.അങ്ങനെ കാണാനാ കൂടുതൽ ഭംഗിയെന്നാണ് നവീന്റെ കണ്ടുപിടുത്തം.

നവീനെയും പ്രതീക്ഷിച്ച് കോളേജ് സ്റ്റോപ്പിൽ കുറച്ചു സമയം കാത്തു നിന്നു.പറഞ്ഞ സമയം കഴിഞ്ഞിട്ടും അവനെത്തിയില്ല.പരിഭ്രമം വളർന്നതോടെ അവനെയൊന്ന് വിളിച്ചു നോക്കാനായി ഫോൺ കയ്യിലെടുത്തു.അതിനു മുമ്പേ അവന്റെ ഫോണിൽ നിന്നൊരു കോൾ സിദ്ദയെ തേടിയെത്തി.

“സോറിയെടോ നൈറ്റ് ചെറിയ ഒരു ആക്സിഡന്റ് ഉണ്ടായി.കാലിന് നല്ല പെയിൻ ഉണ്ട്. ബൈക്ക് ഓടിക്കാൻ കഴിയുന്ന അവസ്ഥയിലല്ല”

സിദ്ദയിൽ നിന്നൊരു പൊട്ടിക്കരച്ചിൽ ഉയർന്നു.

“എനിക്ക് ഇപ്പോൾ കാണണം നവീനെ..ഞാൻ വരാം അങ്ങോട്ട്”

“ഡോ.. നിലവിളിക്കാൻ മാത്രം വലിയ കുഴപ്പമൊന്നും ഇല്ല.ഞാൻ എന്റെ ഫ്രണ്ട് നിധിയെ അങ്ങോട്ട് അയച്ചിട്ടുണ്ട്. അവന്റെ കൂടെ പോരൂ”

ഫോൺ സംഭാഷണം അവസാനിക്കും മുമ്പ് നവീന്റെ കൂട്ടുകാരൻ നിധി ബൈക്കുമായെത്തി.അവൾ വേഗം ബൈക്കിനു പിന്നിൽ കയറി.

“എങ്ങനെയുണ്ട് നവീന്”

“പേടിക്കുകയൊന്നും വേണ്ടാ..കാലിന് ചെറിയ ഒരു ഫ്രാക്ച്ചർ മാത്രമേയുള്ളൂ”

“വേഗം വിട് നിധി”

സിദ്ദ ധൃതി കൂട്ടിയതും ബൈക്ക് മിന്നിൽ പിണരു പോലെ പാഞ്ഞു.സിദ്ദയുടെ ഉള്ളം വേവുകയാണ്.നവീന് ഒരാപത്തും വരരുത് എന്ന് മനസ്സുരുകി പ്രാർത്ഥിച്ചു.

ടൗണിൽ നിന്നും കുറച്ചു അകലെയുള്ള ഒരുഫ്ലാറ്റ് വാടകക്ക് എടുത്താണ് നവീൻ താമസിക്കുന്നത്. കൂടെ നാലു കൂട്ടുകാരും കൂടിയുണ്ട്.

ബൈക്ക് നിർത്തും മുമ്പേ സിദ്ദ ചാടിയിറങ്ങി.

“ഏതാ ഫ്ലാറ്റ്”

സിദ്ദക്ക് സങ്കടത്താൽ വാക്കുകൾ പുറത്തേക്ക് വന്നില്ല..

“താനെന്റെ കൂടെ വാ”

നിധി നടന്ന പിന്നാലെ സിദ്ദയും ചെന്നു.ലിഫ്റ്റ് വഴി അവർ പത്താമത്തെ നിലയിലെത്തി.

“ദാ നവീൻ അവിടെയുണ്ട്”

നിധി കൈ ചൂണ്ടിയ റൂമിലേക്ക് സിദ്ദ ഓടിക്കയറി. ബെഡ്ഡിൽ വലതുകാലിൽ ഫ്രാക്ച്ചറുമായി കിടക്കുന്ന പ്രാണനെ കണ്ടവൾ തേങ്ങിക്കരഞ്ഞു.

“കരഞ്ഞ് താനെന്നെ കൂടി സങ്കടപ്പെടുത്തല്ലേ..ഇന്നൊരു നല്ല ദിവസമാണ്”

പയ്യെ കാലുകൾ നിരക്കി അവൻ എഴുന്നേൽക്കാൻ ശ്രമിച്ചു. സിദ്ദ താങ്ങിപ്പിടിച്ചു ബെഡ്ഡിന്റെ സൈഡിൽ ഇരുത്തി.

അവർ സംസാരിച്ചു ഇരിക്കുമ്പോൾ നിധിയും മൂന്ന് ഫ്രണ്ട്സും കൂടി മുറിയിലേക്കെത്തി.വലിയൊരു പായ്ക്കറ്റ് കളർ പേപ്പറാൽ അലങ്കരിച്ചിട്ടുണ്ട്. നവീന്റെ ഫ്രണ്ട്സിനെ എല്ലാം അറിയാവുന്നതിനാൽ തെല്ലും സങ്കോചമുണ്ടായില്ല..

“നിനക്ക് വയ്യെന്ന് കരുതി ഇന്നത്തെ ദിവസം നശിപ്പിക്കണ്ടാ.നമുക്ക് പൊളിക്കാം”

അങ്ങനെ പറഞ്ഞിട്ട് ഫ്രണ്ട്സ് എല്ലാവരും കൂടി റൂം അലങ്കരിച്ചു തുടങ്ങി.കൂട്ടുകാർ നവീനെ കുളിപ്പിച്ചു പുതിയ ഡ്രസ് ധരിപ്പിച്ചു. ഇപ്പോൾ ആൾ കൂടുതൽ സുന്ദരനായിട്ടുണ്ട്.

“നവീ കേക്ക് മുറിക്കാം”

ഫ്രണ്ട്സ് ചെറിയ ഒരു ടേബിൾ നവീനു കേക്ക് മുറിക്കാൻ പാകത്തിൽ സജ്ജമാക്കി. മെഴുകുതിരി കത്തിച്ചത് ഊതിക്കെടുത്തുമ്പോൾ എല്ലാവരും വിഷസ് നേർന്നു.

മുറിച്ച കേക്കിൽ നിന്ന് ആദ്യത്തെ പീസ് സിദ്ദക്ക് നേരെ നീട്ടിയപ്പോൾ എന്തിനെന്ന് അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞു. അതിൽ നിന്ന് കുറച്ചു കഴിച്ചശേഷം ബാക്കി നവീനായി നൽകി.

ആഘോഷങ്ങളും ബഹളങ്ങുമായി കുറെസമയം ചിലവഴിച്ചു.വാങ്ങിക്കൊണ്ട് വന്ന പാഴ്സൽ എല്ലാവരും സന്തോഷത്തോടെ കഴിച്ചു.അവസാന നിമിഷമാണ് ഐസ്ക്രീം ഷെയർ ചെയ്തത്.

ഐസ്ക്രീം കഴിക്കുമ്പോൾ സിദ്ദയുടെ കണ്ണുകൾ പതിയെ അടഞ്ഞു വന്നു.

“നവീ എനിക്ക് തല കറങ്ങുന്നു”

നവീൻ ചെറിയ ചിരിയോടെ അവളെ കിടക്കയിലേക്ക് കിടത്തി.

“ഉറങ്ങിക്കോളൂ”

കണ്ണുകൾ അടയുമ്പോഴും അവന്റെ ചിരിക്കുന്ന മുഖം അവൾ കണ്ടിരുന്നു…

******************************

കുറെ മണിക്കൂറുകൾക്ക് ശേഷം സിദ്ദ ഉണർന്നു. തലപൊട്ടി പിളരുന്ന വേദന അനുഭവപ്പെട്ടു. ഞെട്ടലോടെ എഴുന്നേൽക്കാൻ ശ്രമിക്കുമ്പോൾ വാരി പുതച്ചിരിക്കുന്ന ബെഡ്ഷീറ്റുനുള്ളി നഗ്നയാണെന്ന നടുക്കുന്ന സത്യം മനസ്സിലാക്കിയത്.

തൊണ്ടയിൽ നിന്ന് ഉയർന്ന ആർത്തനാദം പുറത്തേക്ക് വന്നില്ല. ബെഡ് ഷീറ്റ് വാരിപ്പുതച്ച് തല കുമ്പിട്ടിരുന്നു.കണ്ണുനീർ തുള്ളികൾ ഒഴുകിയിറങ്ങിയത് തടുക്കാൻ കഴിയാതെ അവൾ അശക്തയായി ഇരുന്നു.

“സ്നേഹിച്ചവനാൽ വഞ്ചിക്കപ്പെട്ടിരിക്കുന്നു…എല്ലാം വളരെ വിദഗ്ദ്മായി ആസൂത്രണം ചെയ്തിരിക്കുന്നു”

പൊള്ളുന്നയാ സത്യം ഉൾക്കിടലത്തോടെ ഓർത്തു.നടന്നു വരുന്ന കാൽപ്പാദ ശബ്ദം കേട്ടു അവശ്വസനീയതയിൽ മുഖമുയർത്തി.

കാലിനു യാതൊരു കുഴപ്പവും ഇല്ലാതെ നവീൻ സിഗരറ്റ് ആസ്വദിച്ചു വലിക്കുന്നു.

“യൂ… ചീറ്റ്..”

അസഹ്യമായ വേദനയാൽ സിദ്ദ ചീറിയത് അവനൊരു പുഞ്ചിരിയോടെ നേരിട്ടു.

“നീയെന്താടീ കരുതിയത് എനിക്ക് നിന്നോട് പ്രണയമാണെന്നോ?സ്ത്രീ ശരീരം ആസ്വദിക്കണമെന്ന് മാത്രമേ എനിക്കുള്ളൂ.അതേത് പ്രായത്തിലുളള സ്ത്രീയെന്ന് ഒന്നുമില്ല. കിട്ടാത്തതിനെ കെണിവെച്ചു പിടിക്കുന്നതാണ് ശീലം”

തുടർന്ന് അവൻ പറയുന്നതെല്ലാം നെഞ്ച് പൊട്ടുന്ന വേദനയോടെ കേട്ടിരുന്നു.

“നിന്നെ കെണിയിൽ വീഴ്ത്തിയത് നിന്റെ കൂട്ടുകാരികളെ ഉപയോഗിച്ച് തന്നെയാണ്… അവളുമാരെയും ഇതുപോലെയങ്ങ് വീഴ്ത്തി”

അടുത്ത ഞെട്ടൽ വീണ്ടും സിദ്ദയേറ്റ് വാങ്ങി..ഒരു സൂചന പോലും അവർ തന്നില്ലല്ലോ…

കോളേജ് ഡേ മുതൽ ഇതുവരെയുള്ള നാടകം നവീൻ വിവരിച്ചു.എല്ലാം കേൾക്കാൻ കഴിയാതെ സിദ്ദ ചെവികൾ പൊത്തിപ്പിടിച്ചു.

“പോലീസും കോടതിയുമൊക്കെ ആയാൽ നാണക്കേട് നിനക്ക് തന്നെയാണ്.. നാലഞ്ച് ആണുങ്ങൾ ഉഴുത് മറിക്കുന്നതടക്കം നിന്റെ നഗ്നമേനി പുറം ലോകം കാണും”

അവസാന വാചകത്തിലെ ഭീഷണി സ്വരം മനസ്സിലായി.അപ്പോഴെന്തെങ്കിലും പറയാൻ സിദ്ദ അശക്തയായിരുന്നു..എങ്ങനെ എങ്കിലും അവിടെ നിന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി.

നവീൻ റൂമിൽ നിന്ന് വെളിയിലേക്ക് ഇറങ്ങിയതോടെ വലിച്ചെറിഞ്ഞ തുണികൾ ധരിച്ച് ഹോസ്റ്റലിലേക്ക് പോയി.ശരീരം ഇടിച്ചു നുറുങ്ങുന്ന വേദന അനുഭവപ്പെട്ടെങ്കിലും അത് കാര്യമാക്കിയില്ല.

ഹോസ്റ്റലിൽ ചെല്ലുമ്പോൾ സിദ്ദയെ എതിരേറ്റത് വൃന്ദയുടെയും നന്ദിതയുടെയും ആത്മഹത്യ ആയിരുന്നു.. തീർത്തും പരാജയപ്പെട്ടു പോയി.അതോടെ അച്ഛനെ വിളിച്ചു എല്ലാം അറിയിച്ചു.

വിവരങ്ങൾ അറിഞ്ഞ നിമിഷം സിദ്ദയുടെ അച്ഛൻ ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.. മകൾക്ക് സംഭവിച്ചത് അയാളെ പിടിച്ചു കുലുക്കിയെങ്കിലും ഭാര്യ അല്ലാതെ മറ്റൊരാൾ കൂടി അറിയരുതെന്ന് ആഗ്രഹിച്ചു.സിദ്ദക്ക് സംഭവിച്ചത് പുറം ലോകം അറിയാതെ അവർ ശ്രദ്ധിച്ചു.

മാനസിക നില തകർന്ന സിദ്ദയുമായി ഒരുവർഷത്തോളം ട്രീറ്റ്മെന്റും കൗൺസിലിംഗുമായി നടന്നു.പുരുഷന്മാരോടെ അവൾക്ക് വെറുപ്പേറി.

തന്നെ നശിപ്പിച്ച നവീനെ കൊല്ലണമെന്ന് തീരുമാനിച്ചു എങ്കിലും ജീവനെ കണ്ടതോടെ സ്വന്തമാക്കി പുതിയ ഒരു ജീവിതം സ്വപ്നം കണ്ടു..അയാളെ ജീവനായിരുന്നെങ്കിലും വളരെ ക്രൂരമായി പെരുമാറാൻ തുടങ്ങിയത് താനൊരു രോഗിയാണെന്ന തിരിച്ചറിവിൽ ആയിരുന്നു..

വൈദ്യശാസ്ത്രത്തിന് പോലും കണ്ടുപിടിക്കാൻ കഴിയാത്ത അപൂർവ്വങ്ങളിൽ അപൂർവ്വമായ രോഗം.. പേരില്ല…മരുന്നില്ല..ഏറിയാൽ ജീവിതം രണ്ടു വർഷം കൂടിയെന്ന് ഡോക്ടർമാർ വിധിയെഴുതി.ഒരിക്കലും മറ്റാരും ഇത് അറിയാനും സഹതാപം ഏറ്റുവാങ്ങുവാനും സിദ്ദ ആഗ്രഹിച്ചില്ല..

ഓർമ്മകളുടെ ചുഴിയിൽ നിന്ന് ഞെട്ടലോടെ അവൾ ഉണർന്നു…

“എന്തായാലും എനിക്കൊരു ജീവിതം ഇനിയില്ല.. എന്റെ ജീവിതം ഇല്ലാതാക്കിയവരെ തീർത്ത് കെട്ടണം”

കോപത്താൽ സിദ്ദ പല്ല് ഞെരിച്ചു… മകളെ വീക്ഷിച്ച് അമ്മ നിൽപ്പുണ്ടെന്ന് അവളും ഓർത്തില്ല…

നവീനെ ഇല്ലായ്മ ചെയ്തു മകളുടെ ജീവിതം സേഫാക്കാമെന്ന് അമ്മയും കരുതി…

“പക്ഷേ അവർ അറിഞ്ഞില്ല…മകൾ പതിയെ മരണത്തിലേക്ക് നടന്നടുക്കുകയാണെന്ന്…

(തുടരും)

സിദ്ധ ശിവ : ഭാഗം 1

സിദ്ധ ശിവ : ഭാഗം 2

സിദ്ധ ശിവ : ഭാഗം 3

സിദ്ധ ശിവ : ഭാഗം 4

സിദ്ധ ശിവ : ഭാഗം 5

സിദ്ധ ശിവ : ഭാഗം 6

-

-

-

-