പ്രണയവീചികൾ : ഭാഗം 23
നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്
അനുദിനം സാരംഗിന്റെയും ഋതുവിന്റെയും പ്രണയത്തിന്റെ മാധുര്യവും തീഷ്ണതയും കൂടിവന്നു. ദിവസങ്ങൾ ശരവേഗത്തിൽ കടന്നുപോയി.
ഒരിക്കലും പിരിയാനാകാത്തവിധം അവർ ഒരേ നൂലിഴയിൽ കോർക്കപ്പെട്ടിരുന്നു.
നാളിതുവരെ ഒരു ചുംബനം പോലും നൽകാതെ തന്നെ പ്രാണനായി പ്രണയിക്കുന്ന സാരംഗ് ഋതു എന്ന പെൺകുട്ടിക്ക് അത്ഭുതം തന്നെയായിരുന്നു.
ഇങ്ങനെയും പ്രണയിക്കാം എന്നുള്ളതിന്റെ ദീപ്തമായ ഉദാഹരണമായിരുന്നു സാരംഗും ഋതുവും.
ഇതിനിടയിൽ സാരംഗിന്റെ കോഴ്സ് കംപ്ലീറ്റ് ആയി. അവൻ തന്റെ സ്ഥാപനം ഏറ്റെടുത്തു നടത്താൻ തുടങ്ങി.
ഋതുവും കൂട്ടുകാരും സെക്കന്റ് ഇയറിലേക്ക് കടന്നു.
അന്നത്തെ സംഭവത്തിനുശേഷം അവൾ വേദിനെ കണ്ടുമുട്ടിയ സാഹചര്യം കുറവായിരുന്നു.
വീട്ടിൽ പോയാലും ഋഷി അവൾക്കൊപ്പം ഉണ്ടായിരുന്നു.
തന്റെ ഏട്ടനെ തിരികെ കിട്ടിയതില്പിന്നെ വീട്ടിൽ പോകാൻ അവൾക്ക് ഉത്സാഹമാണ്.
ഋഷിയുമായി വീട്ടിലിരുന്ന് സിനിമ കണ്ടു കൊണ്ടിരുന്നപ്പോഴാണ് നന്ദൻ വന്നത്.
ഇന്നെന്താ നേരത്തെ…. അടുക്കളയിൽനിന്നും കൈയിൽ പറ്റിയ വെള്ളം സാരിയിൽ തുടച്ചുകൊണ്ട് ശ്രീദേവി എത്തി.
വിവാഹത്തിന്റെ തീയതി കുറിച്ചു. ഇന്ന് ശ്രീധരേട്ടൻ വന്നിരുന്നു ഓഫീസിൽ. അടുത്തതിന്റെ അടുത്ത മാസം വേദിന്റെ പിറന്നാളാണ്. അതിന് മുൻപ് വിവാഹം വേണമല്ലോ.
അടുത്ത മാസം ഇരുപത്തിയേഴിനാ ദിവസം കുറിച്ച് കിട്ടിയത് .. അയാൾ പറഞ്ഞുകൊണ്ട് സെറ്റിയിലേക്കിരുന്നു .
ഋഷിയും ഋതുവും ഞെട്ടിയെഴുന്നേറ്റു.
ഞാൻ പറഞ്ഞതല്ലേ എനിക്കവനെ വിവാഹo കഴിക്കാൻ പറ്റില്ലെന്ന്… ഋതു ദേഷ്യത്തിൽ ചോദിച്ചു.
നിന്റെ സമ്മതം ആവശ്യമുണ്ടെന്ന് എനിക്ക് തോന്നിയില്ല. കുടുംബത്തിന് മാനക്കേട് ഉണ്ടാക്കി വയ്ക്കാൻ ജനിച്ചവളാണ് നീ.
നിന്നെ ഒരു കുറവുമില്ലാതെ വളർത്താൻ അറിയാമെങ്കിൽ ആരുടെ കൂടെ വിവാഹം ചെയ്തയക്കണമെന്നും എനിക്കറിയാം.. നന്ദന്റെ സ്വരം ഗൗരവമുള്ളതായിരുന്നു.
തളർച്ചയോടെ അവൾ ഋഷിയെ നോക്കി.
അച്ഛാ … അവളുടെ ജീവിതമല്ലേ. അവൾക്കിഷ്ടമല്ലാത്ത വിവാഹം നടത്തിയാൽ അവളെങ്ങനെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കും.. ഋഷി വാദിച്ചു.
പുന്നാര ആങ്ങളയ്ക്ക് അനിയത്തിയോടുള്ള സ്നേഹം അച്ഛനറിയാം. പക്ഷേ ഇക്കാര്യത്തിൽ ആരുടെയും വക്കാലത്ത് നന്ദൻ മേനോൻ കേൾക്കില്ല.
വിവാഹം കഴിഞ്ഞ് ഇഷ്ടപ്പെട്ടത് തന്നെയാണ് നിന്റെ അമ്മയും h എന്നെ. ഇതും അത്രയൊക്കെയേ ഉള്ളൂ.
അവനെ ഇവൾക്ക് അറിയാത്തതൊന്നുമല്ലല്ലോ. വീടും വീട്ടുകാരുമെല്ലാം അടുത്തറിയാവുന്നവർ തന്നെയാണ്.
എനിക്കിഷ്ടമല്ല വേദിനെ.. എനിക്കവനെ വിവാഹo ചെയ്യാൻ പറ്റില്ല… ഋതു വീണ്ടും ശബ്ദമുയർത്തി.
എന്ത് കൊണ്ട് പറ്റില്ല.. നന്ദന്റെ സ്വരവും ഉയർന്നു.
എനിക്കൊരാളെ ഇഷ്ടമാണ്. അവനെ മാത്രമേ ഞാൻ വിവാഹം ചെയ്യൂ…
അടുത്ത നിമിഷം അയാളുടെ കൈ അവളുടെ കവിളിൽ പതിച്ചു.
കൊന്നുകളയും ഞാൻ.
നീ സ്നേഹിക്കുന്നത് ആരാണെന്നും എന്താണെന്നും എനിക്കറിയേണ്ട. വാക്ക് കൊടുത്തത് ഞാനാണ്. അത് നടന്നേ തീരൂ.
എല്ലാമറിഞ്ഞിട്ടും ഇങ്ങോട്ട് ആലോചനയുമായി വന്നതാ ശ്രീധരേട്ടൻ. ആ മനുഷ്യനെ നിനക്കുവേണ്ടി അപമാനിക്കാൻ എനിക്കാവില്ല..
ഇതോടുകൂടി നിർത്തിക്കോളണം പഠിത്തവും പുറത്തേക്കിറങ്ങലുമെല്ലാം. വിവാഹം കഴിഞ്ഞ് വേദ് തീരുമാനിക്കും ഇനി നീ എന്ത് ചെയ്യണമെന്ന്.
നീ കാരണം ഒരിക്കൽ എല്ലാവരുടെയും മുൻപിൽ കുനിഞ്ഞതാണ് എന്റെ ശിരസ്സ്. ഇനിയത് വീണ്ടും ആവർത്തിച്ചാൽ ഞാൻ ജീവനോടെ കാണില്ല.
ശ്രീദേവി പറഞ്ഞു കൊടുക്ക് മോൾക്ക്…. അവരുടെ നേരെ ചീറിക്കൊണ്ടയാൾ മുറിയിലേക്ക് പോയി.
നിറകണ്ണുകളോടെ ശ്രീദേവി മക്കൾക്കരികിലെത്തി.
അച്ഛൻ പറയുന്നത് അനുസരിക്ക് മോളെ. നിന്റെ ജീവിതം നന്നായി കാണാനല്ലേ അച്ഛൻ ആഗ്രഹിക്കുന്നത്.
അവരവളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.
അച്ഛൻ പറയുന്നതെല്ലാം അക്ഷരംപ്രതി അനുസരിച്ചുകൊണ്ട് അമ്മ നല്ലൊരു ഭാര്യ മാത്രമായിരുന്നു ഇക്കാലമത്രയും.
ഒരിക്കലെങ്കിലും ഒരു നല്ല അമ്മയാകാൻ കഴിഞ്ഞോ എന്ന് സ്വയം ആത്മപരിശോധന നടത്തുന്നത് നല്ലതായിരിക്കും…
ഒഴുകിയിറങ്ങിയ നീർമണികളെ വാശിയോടെ തുടച്ചു നീക്കി പറഞ്ഞുകൊണ്ട് ഋതു മുകളിലേക്ക് പോയി .
വേദിനെ വിശ്വസിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നവനാണ് ഞാൻ. പക്ഷേ വേദ് എന്ന വ്യക്തി നമ്മൾ ചിന്തിക്കുന്നതിനുമെല്ലാം അപ്പുറം ആണമ്മേ.
എല്ലാം ഒരു നിമിഷംകൊണ്ട് തകർത്തെറിയുവാനേ അവനറിയാവൂ.
ഇനിയും എന്റെ ഋതുവിനെ അവന് പന്താടുവാൻ കൊടുക്കാൻ എനിക്കാവില്ല…. മുകളിലേക്ക് കയറിപ്പോകുന്ന ഋഷിയെ നോക്കിക്കൊണ്ട് അവൻ പറഞ്ഞ വാക്കുകളിലെ പൊരുൾ മനസ്സിലാക്കാൻ കഴിയാതെ ആ സ്ത്രീ കണ്ണുനീർ വാർത്തു കൊണ്ടേയിരുന്നു .
ഋഷി പോയപ്പോൾ കട്ടിലിൽ കിടന്ന് കരയുകയായിരുന്നു ഋതു.
അവനത് കണ്ട് സങ്കടം വന്നു .
മോൾ വിഷമിക്കേണ്ട.. എല്ലാത്തിനും പരിഹാരo ഉണ്ടാക്കാം അവനവളെ സമാധാനിപ്പിച്ചു.
ഋഷി ഫോണിൽ സാരംഗിന്റെ നമ്പർ എടുത്ത് കാതോട് ചേർത്തു.
എല്ലാ കാര്യങ്ങളും അവനോട് പറഞ്ഞപ്പോൾ മറുവശത്തുനിന്നും നിശബ്ദത പരന്നു.
എങ്ങനെയെങ്കിലും ഏട്ടൻ ഋതുവിനെയും കൂട്ടിക്കൊണ്ട് ബീച്ചിൽ വരുമോ വൈകുന്നേരം… മൗനം ഭഞ്ജിച്ച് സാരംഗ് പറഞ്ഞു.
വൈകുന്നേരം അത്യാവശ്യ സാധനങ്ങൾ ഗസ്റ്റ് ഹൗസിലാണെന്നും പോയെടുത്തിട്ട് വരാമെന്നും പറഞ്ഞവർ വീട്ടിൽ നിന്നുമിറങ്ങി.
പ്രതേകിച്ച് സംശയo തോന്നത്തക്ക വിധത്തിൽ ഒന്നുമില്ലാത്തതിനാൽ നന്ദൻ സമ്മതിച്ചു.
കരഞ്ഞു തിണർത്ത കണ്ണുകളും വാടിയ മുഖവുമായി ഋതു വരുന്നത് കണ്ടപ്പോഴേ സാരംഗിന്റെ നെഞ്ച് പിടച്ചു.
അവളെ നെഞ്ചോട് ചേർക്കുവാൻ ഉള്ളം തുടിച്ചുവെങ്കിലും പണിപ്പെട്ട് അവനത് നിയന്ത്രിച്ചു.
പൂർവ്വാധികം ശക്തിയോടെ ആഞ്ഞടിച്ച് കരയെ ചുംബിക്കുന്ന തിരമാലകൾ.
അവയോട് മല്ലിടുന്ന യുവതീ യുവാക്കൾ.
ഒടുവിൽ ഓടിക്കിതച്ച് അവർ കരയിൽ കയറുന്നു വീണ്ടും കളിചിരികളുമായി കടലിലേക്ക്…
എന്ത് ചെയ്യണം ഞാൻ ഒരു ഭാഗത്ത് അച്ഛൻ. ഒരു ഭാഗത്ത് എന്റെ പ്രണയം… ഋതു വിങ്ങിപ്പൊട്ടി.
അച്ഛൻ പറഞ്ഞതുപോലെ അനുസരിക്കാൻ പോകുകയാണോ നീ. അല്ലെങ്കിലും കുടുംബത്തിന് വേണ്ടി എന്ത് ത്യാഗവും ചെയ്യുമല്ലോ നീ.
അതുകൊണ്ടാണല്ലോ എല്ലാം ഈ അവസ്ഥയിലെത്താൻ കാരണവും. അന്നുതന്നെ എല്ലാവരെയും എല്ലാം അറിയിച്ചിരുന്നെങ്കിൽ ഇപ്പോഴിങ്ങനെ ടെൻഷൻ അടിക്കേണ്ടി വരില്ലായിരുന്നു.
അതിനുപകരം അവന്റെ ഭീഷണി കേട്ട് എല്ലാം മനസ്സിലടക്കി.
അന്നവനെ കൊന്നിരുന്നുവെങ്കിൽ ഋഷിയേട്ടൻ ഇപ്പോൾ ജയിലിൽ നിന്നും മോചിതനായേനെ… സാരംഗിന്റെ ദേഷ്യം കണ്ട് ഋതു നിശബ്ദയായി.
അവളുടെ മൗനം അവനിൽ വേദന നിറയ്ക്കുകയാണുണ്ടായത്..
നീ വേദനിക്കുന്നത് കാണാൻ വയ്യാഞ്ഞിട്ടാണ് മോളേ.. എന്നും എല്ലാവർക്കും വേണ്ടി നീ തോറ്റില്ലെ. ഇനിയെങ്കിലും നിനക്ക് ജയിക്കണ്ടേ.. അവൻ ചോദിച്ചു.
നീ പറഞ്ഞത് ശരിയാണ് സാരംഗ്. എന്റെ കുടുംബം എനിക്ക് വലുത് തന്നെയാണ്.
അതിനുവേണ്ടി എന്റെ ജീവൻ നഷ്ടപ്പെട്ടാലും എനിക്ക് സന്തോഷമേയുള്ളൂ.
വേദിന്റെ താലി എന്റെ കഴുത്തിൽ വീഴില്ല.
ആ ഉറപ്പ് എനിക്കുണ്ട്..
എന്തോ നിശ്ചയിച്ചുറപ്പിച്ചതുപോലെ അവൾ എഴുന്നേറ്റ് കാറിൽ പോയിരുന്നു.
കുനിഞ്ഞിരുന്ന സാരംഗിന്റെ ചുമലിൽ ഋഷി പിടിച്ചു.
ഒരാശ്രയത്തിനെന്നോണം അവൻ ഋഷിയുടെ ചുമലിൽ തല ചേർത്തു.
എനിക്കവളെ ഒരുപാടിഷ്ടമാണ് ഋഷിയേട്ടാ.
ചിന്തിക്കാൻ കൂടി കഴിയില്ല അവളില്ലാത്ത ജീവിതം.
അവളുടെ മനസ്സ് അത് മനസ്സിലാക്കാൻ നിങ്ങളുടെ അച്ഛന് കഴിയുന്നില്ലല്ലോ.
ആരും വിശ്വസിക്കില്ല അവൾ പറഞ്ഞതുപോലെ.
കാരണം വേദിനെ എല്ലാവർക്കും അത്രയ്ക്ക് വിശ്വാസമാണ്.
അവൻ തെറ്റ് ചെയ്‌തെന്ന് വാദിച്ചാൽ പോലും നിരത്താൻ നമ്മുടെ പക്കൽ തെളിവുകളുമില്ല.. ആകെയുള്ളത് ഒരു വഴി മാത്രമാണ്.
പക്ഷേ അതിനവൾ സമ്മതിക്കുമോയെന്നറിയില്ല.
അവളുടെ അച്ഛൻ പറഞ്ഞ വാക്കുകൾ അവളെ അതിന് സമ്മതിക്കില്ലെന്ന് എനിക്ക് തോന്നുന്നു.
ഋഷിയേട്ടൻ ഉണ്ടാകുമോ എന്റെ കൂടെ…
തന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കുന്ന അവന്റെ നിറമിഴികളെ കണ്ടില്ലെന്ന് നടിക്കുവാൻ ഋഷിക്ക് ആകുമായിരുന്നില്ല.
സമ്മതമെന്നോണം ഋഷിയുടെ കൈകൾ സാരംഗിന്റെ കൈകളിൽ മുറുകി.
(തുടരും )
എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.