Saturday, December 14, 2024
Novel

ശ്രീയേട്ടൻ… B-Tech : ഭാഗം 17

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ലച്ചുവിന്റെ കല്യാണം പ്രമാണിച്ചു ശ്രീ ഒരാഴ്ചയോളം കോച്ചിങ് സെന്ററിൽ ലീവായിരുന്നു..

ലച്ചുവിന്റെ കല്യാണത്തലേന്നു കണ്ടതാണ് സേതുവിനെ..
കല്യാണത്തിന്റെ അന്ന് മിഴികൾ അവളെ ഒരുപാട് പരതിയെങ്കിലും കാണുവാൻ കഴിഞ്ഞില്ല…

ഇനി തലെന്നാളത്തെ പരിഭവം ഉള്ളിലൊളിപ്പിച്ചു തന്റെ മുന്നിൽ പെടാതെ നടന്നതാണോ..കല്യാണത്തിന്റെ അന്ന്…

അതോ വന്നില്ലേ…???

അതോ വന്നിട്ടും തിരക്കിനിടയിൽ താൻ കാണാഞ്ഞതാണോ..??

തന്റെ മിഴികൾ അങ്ങനെ അവളെ കാണാതിരിക്കുമോ…മൊഴികൾ കൊണ്ടു മാത്രമല്ലേ അകലം തീർത്തിട്ടുള്ളൂ…മിഴികൾ എന്നും അവളിലല്ലേ..ഉൾമിഴികളിൽ പോലും അവളല്ലേ…

വേദനിപ്പിച്ചുവോ താനവളെ..ഇത്തിരി കഠിനമായിപ്പോയുവോ തന്റെ ചെയ്തികൾ…

ചിന്തകൾ ശ്രീയെ വല്ലാതെ അലട്ടി…

കാണാഞ്ഞിട്ടെന്തോ വീർപ്പുമുട്ടൽ പോലെ…

ചിങ്ങത്തിലെ കെട്ടിന്റെ കാര്യം മനസ്സിലിരുന്നു വിങ്ങുന്നു..ഏതോ ഒരു മുറിവ് വീണ്ടും വീണ്ടും ചീന്തിയെടുക്കുന്ന പോലെ …

തന്നോട് ഇഷ്ടമുണ്ടെങ്കിൽ ശിവനുമായുള്ള കല്യാണകാര്യം എന്തേ അവൾ തന്നോട് പറയാത്തെ…

അതോ അതു മതിയോ അവൾക്ക്..

താൻ തമാശക്ക് ഒരു കല്യാണകാര്യം പറഞ്ഞപ്പോൾ ഇത്രക്ക് പരിഭവപ്പെട്ടയാൾ സ്വന്തം കല്യാണകാര്യം എന്തേ മറച്ചുവെച്ചത്..??

എന്തു തന്നെയായാലും കാണാനുള്ള തിടുക്കവുമായാണ് ശ്രീ ക്ലാസിൽ എത്തിയത്..

രണ്ടാമത്തെ ബഞ്ചിൽ ജാൻസിയെ മാത്രം കണ്ടപ്പോൾ അവന്റെ മനസ്സിടിഞ്ഞു…ആ അറ്റം ഒഴിഞ്ഞു കിടക്കുന്നു …

ക്ലാസ്സ് കഴിഞ്ഞു തിരികെ ഓഫിസ് റൂമിലെത്തിയപ്പോൾ ഇൻചാർജ് ആയ ചേച്ചി സേതുലക്ഷ്മിയെ കുറിച്ചു തിരക്കി..

“സാറിന്റെ നാട്ടുകാരിയല്ലേ ആ കുട്ടി..,ഒരാഴ്ചയായല്ലോ വന്നിട്ട്..”

“തിരക്കാം”എന്നു മറുപടി പറഞ്ഞു ജാൻസിയെ തിരക്കി ചെന്നു..

“എന്തു പറ്റി അവൾക്കു..”??

“നിർത്തിയൊന്നുമില്ല…വരും..”എങ്ങും തൊടാതെ ജാൻസി മറുപടി പറഞ്ഞു..

“കാര്യം പറ ജാൻസി…”കുറച്ചു പരുഷമായി തന്നെ അവളോട്‌ ചോദിച്ചു..

“ശ്രീയേട്ടന്റെ അത്രേം പഠിപ്പും വിദ്യാഭ്യാസവും ഒന്നും അവൾക്കില്ല ശ്രീയേട്ട…അതുകൊണ്ടു കാണിച്ച സ്നേഹവും കരുതലുമൊക്കെ സത്യമാണെന്നു ആ പാവം വിശ്വസിച്ചു പോയി..പിന്നീട് പെട്ടെന്ന് വലിച്ചെറിഞ്ഞപ്പോൾ അതിനു സഹിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല…ആ പിടപ്പൊന്നു മാറിക്കഴിയുമ്പോൾ വരും…കാരണം ഇന്നവൾക്കു ഏറ്റവും ആവശ്യം ഒരു ജോലിയാണ്..അതവൾ നേടും…അതിനായി എത്രവേണമെങ്കിലും കഷ്ടപ്പെടുകയും ചെയ്യും..ഒരു ജോലി കിട്ടിയാൽ ആരും അവളെയിട്ട് തട്ടിക്കളിക്കില്ലല്ലോ..ശിവേട്ടനായാലും..ശ്രീയേട്ടനായാലും…”ജാൻസി തിരിഞ്ഞു പോകാനൊരുങ്ങി..

“ജാൻസി.. ഒന്നു നിന്നേ… അവളുടെ കല്യാണമാണോ ചിങ്ങത്തിൽ…”

“കല്യാണമോ…ആ..എനിക്കറിയില്ല…”അവൾ കണ്ണുമിഴിച്ചു…

💥💥💥💥💥💥💥💥💥💥💥💥💥
💥💥💥💥💥💦💦💦💥💥💥💥💥

രണ്ടാഴ്ചയായി സേതു ക്ലാസിൽ ചെന്നിട്ട്…

രണ്ടാഴ്ചയായി ലച്ചുവിന്റെ കല്യാണം കഴിഞ്ഞിട്ടും..

കല്യാണത്തിന് ശേഷം ശ്രീ സേതുവിനെ കണ്ടിട്ടേയില്ല…

ക്ലാസിൽ വരാത്തകൊണ്ടു അവൻ ആ ഇടവഴിയൊരത്തും കടയിലുമൊക്കെ പലവുരു പോയിരുന്നു..

ഒരു നോക്കൊന്നു കാണാൻ…

പക്ഷെ..കണ്ടേയില്ല…

ശ്രീക്ക് ഭ്രാന്തെടുക്കുന്ന പോലെ തോന്നി…

അന്ന് ക്ലാസ്സിൽ വന്നെന്നറിഞ് ആർത്തിയോടെയാണ് ഓടി ചെന്നത്..

മറഞ്ഞു നിന്നു കണ്ടു…ആ മുഖം..

ഒട്ടും മുഖപ്രസാദമില്ലാതെ..ഒരു പൊട്ട് പോലും തൊടാതെ…മുഖത്തു സദാ ഉള്ള ആ കുസൃതി പുഞ്ചിരിയില്ലാതെ..ഇത്രയും സങ്കടപ്പെട്ട ഒരു മുഖവുമായി അവനവളെ ആദ്യം കാണുകയായിരുന്നു…

ഇന്റർവെൽ സമയത്ത്..ഓഫീസിലേക്കു വിളിക്കപ്പെട്ട സേതുവിനോട് ഇൻചാർജ് ആയ ചേച്ചി ചോദിച്ചു…

“സേതുലക്ഷ്മി..രണ്ടാഴ്ച്ച ഇല്ലായിരുന്നല്ലോ…വീട്ടിൽ നിന്നാരെങ്കിലും ഇൻഫോം ചെയ്യണം കേട്ടോ..വരാതിരുന്നതെന്താണെന്നു..”

ശ്രീ അവിടെ ഓഫിസിൽ ഇരിപ്പുണ്ടായിരുന്നു..

അവനവളെ ഒന്നു പാളി നോക്കി..

“ബാലൻ മാഷ് തന്നെയാണ് ഏല്പിച്ചിരിക്കുന്നെ…എന്തു കാര്യത്തിനും..അവൾ തന്നോട് പറയുമോ…??

അവൾ തന്നെ നോക്കുമോന്നറിയാൻ അവൻ ഒരിക്കൽ കൂടി അവളെ നോക്കി…

വീട്ടിൽ നിന്ന് വിളിപ്പിക്കാം എന്നു പറഞ്ഞു അവൾ പുറത്തേക്കിറങ്ങി..

ഒരിക്കൽ പോലും ശ്രീയിരിക്കുന്ന ഭാഗത്തേക്കവൾ നോക്കിയതെയില്ല…

ശ്രീയവിടെ ഇരിക്കുമ്പോൾ തന്നെ ഓഫിസ് ഫോണിലേക്ക് ഒരു കോൾ വന്നു…

സംസാരത്തിൽ നിന്നു അത് ബാലന്മാഷ് ആണെന്നവന് മനസിലായി…

എന്തുകൊണ്ടോ അവന്റെ മനസ്സിടിഞ്ഞു…

ക്ലാസ്സ്സിൽ കയറി പഠിപ്പിക്കുന്ന സമയത്തു പോലും തന്റെ മുഖത്തേക്കൊന്നു നോക്കാത്ത സേതു അവനു വീണ്ടും വേദനയായി…

ജൂലൈ അവസാനമോ ആഗസ്ത് ആദ്യമോ പരീക്ഷ ഉണ്ടാകുമെന്ന് അറിയിപ്പ് കിട്ടിയിരുന്നു..

അത്യാവശ്യം പോർഷനൊക്കെ തീർന്ന കൊണ്ടു ഇനി റിവിഷൻ മതിയാവുമെന്നും നമുക്കെല്ലാവർക്കും കൂടി കമ്പയിൻസ്റ്റഡി നടത്താമെന്നും ഇപ്പൊ വരുന്ന പോലെ തന്നെ എല്ലാവരും ഉച്ചക്കെത്തണമെന്നും..ഈ ബാച്ചിലെ അൻപതു പേരും റാങ്ക് ലിസ്റ്റിൽ ഉണ്ടാവണമെന്നും ശ്രീ കുട്ടികളോട് പറഞ്ഞു…

ക്ലാസ്സ് കഴിഞ്ഞിറങ്ങുമ്പോൾ അവൾ ഓഫിസിലേക്ക് കയറി..

ഈ മാസം കൂടിയേ വരുന്നുള്ളൂവെന്നും റിവിഷൻ പിരീഡ് വീട്ടിലിരുന്ന് പടിച്ചോളാമെന്നും അമ്മയുടെ അവസ്ഥയുമൊക്കെ അവൾ അവരോടു പറഞ്ഞു…വേണമെങ്കിൽ വീട്ടിൽ നിന്ന് വിളിച്ചു പറയാമെന്നും അവൾ പറഞ്ഞപ്പോൾ ഇൻചാർജ് സമ്മതിച്ചു…

അപ്പോഴും ആ കണ്ണുകൾ അവനെ തേടിയതെയില്ല…

ശ്രീയുടെ വേദന വീണ്ടുമിരട്ടിച്ചു…

തന്നെ കാണാതിരിക്കുവാൻ വേണ്ടിയാണ് അവൾ…

💥💥💥💦💦💦💦💥💥💥💥💦💦

കുറച്ചു ദിവസം കൂടിയേ ഉള്ളൂ മിഥുനം കഴിയാൻ…

ആയിടെ ശ്രീ കാർ എടുത്തു..കുറേനാളായി ഉള്ള ഒരാഗ്രഹമായിരുന്നു അത്…അച്ഛന്റെ പ്രാരാബ്ധങ്ങൾക്കിടയിൽ അച്ഛനോട് പറയാൻ ബുദ്ധിമുട്ടായത് കൊണ്ടു മാത്രം നീട്ടിവെച്ചൊരു ആഗ്രഹം..ഇപ്പൊ തന്റെ കയ്യിൽ അല്പം സേവിങ്‌സ് ഒക്കെയുള്ളത് കൊണ്ട് ധൈര്യമായങ് വാങ്ങി…

ക്ലാസ്സിൽ വെച്ചു സേതു തീർത്തും അവഗണിച്ചിരുന്നു ശ്രീയെ..അറിയാതെ പോലും അവനുള്ളിടത്തെക്കു ഒരു നോട്ടം പോലും വീഴാതിരിക്കാൻ അവൾ ശ്രദ്ധിച്ചു…

എന്തു കൊണ്ടോ അവനും മിണ്ടാൻ കഴിഞ്ഞില്ല അവളോട്‌…കുറ്റബോധം അത്രക്ക് നീറ്റുന്നുണ്ടായിരുന്നു..

തമാശക്ക് ചെയ്തൊരു കാര്യം ഇത്രമേൽ ആ ഹൃദയത്തെ നോവിക്കുമെന്നു കരുതിയില്ല..

കുസൃതിയോടെ അതിലുപരി പ്രണയത്തോടെ തന്നെ പിന്തുടർന്നിരുന്ന…താനോന്ന് കണ്ണുരുട്ടുമ്പോൾ പെയ്യാനൊരുങ്ങിയിരുന്ന ആ കണ്ണുകളിൽ ഇന്ന് ജീവനില്ലാത്ത ഏതോ ഒരു വികാരമാണ് കാണുവാൻ കഴിയുന്നത്…

°°°ഒന്നു നോക്കിക്കൂടെ അവൾക്കു തന്നെ…°°°

ശ്രീക്ക് നെഞ്ചകം വെന്തുവിങ്ങി…

അന്നൊരു ദിവസം ക്ലാസ്സ് കഴിഞ്ഞപ്പോൾ കുടയെടുക്കാതെ വന്ന ജാൻസിയെ ചുറ്റിപ്പിടിച്ചു നല്ല മഴയത്ത് തന്റെ കുടക്കീഴിൽ ബസ്റ്റാൻറ്റിലേക്കു പോവുകയായിരുന്നു സേതു…

അടുത്തു കൊണ്ടു കാർ നിർത്തി ‘കയറൂ..’എന്നു ശ്രീ പറഞ്ഞപ്പോൾ ആദ്യം തന്നെ ജാൻസി ചാടി അകത്തേക്ക് കയറിയിരുന്നു…

കുറച്ചു നീങ്ങിയിരുന്നിട്ട് ‘വാ..’എന്നു പറഞ്ഞു ഡോർ തുറന്നു വിളിച്ച ജാൻസിയെ നോക്കി പുഞ്ചിരിച്ചു കൊണ്ടു തന്റെ ബാഗ് ഒന്നു കൂടി നെഞ്ചോടു ചേർത്തു വെച്ചു ദൃഢമായ കാൽവെയ്പുകളോടെ അവൾ മുന്നിലേക്ക് തന്നെ നടന്നു…

സ്റ്റിയറിങ്ങിൽ താളം തട്ടി എങ്ങോ പാറിപ്പറന്ന ഒരു മനസ്സുമായി കാറിന്റെ മുൻവശത്തെ ചില്ലിലെ ജലകണങ്ങൾ തുടച്ചു മാറ്റുന്ന വൈപ്പറിനിടയിലൂടെ ശ്രീ അവളുടെ ആ മങ്ങിയ രൂപം നോക്കിയിരുന്നു…

വീട്ടിൽ ചെന്നൈയുടൻ അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു സേതു…

പുറത്തെ മഴക്ക് നെഞ്ചിന്റെ പൊള്ളൽ മായ്ക്കാൻ കഴിയുന്നില്ലാന്നു അവൾ അറിഞ്ഞു…

അടക്കിപ്പിടിച്ചു് വെച്ചിരുന്ന സങ്കടം മുഴുവൻ അമ്മയുടെ മാറിൽ അണപൊട്ടിയൊഴുകി….

കൂടുതൽ കൂടുതൽ അമ്മയെ വരിഞ്ഞുമുറുക്കിയപ്പോൾ അവ്യക്തമായ ശബ്ദത്തിൽ ഭാനുമതി എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു…

അമ്മയുടെ മുഖം പിടിച്ചു തന്നോടടുപ്പിച്ച സേതു അറിഞ്ഞു..ആ മുഖം ഒരു കണ്ണീർക്കടലായത്…

നിശ്ശബ്ദതയിലും തന്റെ പൊന്നുമകളുടെ വേദന ആ അമ്മയും അറിയുന്നുണ്ടായിരുന്നുവോ…

കയ്യുയർത്തി തന്റെ ജീവന്റെ ജീവനായ മകളുടെ മൂർധാവിൽ ഒന്ന് തലോടാൻ കഴിയാതെ..ചേർത്തുപിടിച്ചു ഒരാശ്വാസ വാക്ക് പറയുവാനാവാതെ ആ അമ്മമഴക്കാറ് പെയ്തൊഴിയുകയായിരുന്നു…

‘ശ്രീമാധവത്തിലും’സ്ഥിതി വ്യത്യസ്ഥമല്ലായിരുന്നു…

എന്നും വന്നു അച്ഛനോട് കുശലം പറഞ്ഞു കുളിച്ചു വന്നു ‘അമ്മേ ചായ’എന്നു പറഞ്ഞു അടുക്കളയിലെത്തി കഴുത്തിൽ നോണ്ടുന്ന ശ്രീയെ കാണാഞ്ഞു സുമംഗല അവന്റെ റൂമിലേക്ക് ചെന്നു…

വന്ന വേഷം പോലും മാറാതെ കട്ടിലിൽ കിടപ്പുണ്ട്…കൈകൾ പിണച്ചുവെച്ചു മുഖംമൂടിയിരിക്കുന്നു…

“കണ്ണാ…”

പെട്ടെന്ന് കണ്ണൊന്നു തിരുമ്മിയിട്ടു അവൻ അമ്മയെ നോക്കി…

“എന്താമ്മേ…?”

“എന്തുപറ്റി എന്റെ കുട്ടന്..?”സുമംഗല അവന്റെ അരികിൽ ചെന്നിരുന്നു..

“ഒന്നൂല്ല”അവൻ ആ വയറിൽ ചുറ്റിപ്പിടിച്ചുകൊണ്ടു മടിയിലേക്കു തലയെടുത്തു വെച്ചു കമിഴ്ന്നു കിടന്നു..

ആ മുടിയിഴകളിലൂടെ കൈകൾ കടത്തികൊണ്ടു സുമംഗല അവനരികിൽ തന്നെയിരുന്നു…

💥💥💥💥💥💥💥💥💥💥💥💥

മിഥുനം പിച്ചവെച്ചു നടന്നു നീങ്ങി…

കർക്കടകം വന്നെത്തി…
സ്വച്ഛസുന്ദരമായി പോകുന്ന പുഴക്കര ഗ്രാമം ഭീതിയിലാകുന്ന സമയം…

കരതോട്ടൊഴുകുന്ന പുഴ…ഏറ്റവും കൂടുതൽ ജലം വഹിക്കുന്ന പെരിയാറിന്റെ കൈവഴിയായ പുഴയായത് കൊണ്ടു തന്നെ കർക്കടക പേമാരിയിൽ പുഴക്കരപുഴ അതിന്റ രൗദ്രഭാവം പുറത്തെടുക്കാറുണ്ട്…

കർക്കടകത്തിലെ ഉച്ചസമയത്ത്പോലുമുള്ള കൂരിരുട്ടും നിലയ്ക്കാത്ത പെരുമഴയും എപ്പോഴത്തെത്തിലും ആക്കത്തോടെയുള്ള പുഴയുടെ അടിയോഴുക്കുമൊക്കെ ആ രൗദ്രഭാവത്തിന് ഭീകരത കൂട്ടും…

അങ്ങനെയൊരു കർക്കടക രാത്രി…

മാധവൻ മാഷിനുള്ള പൊടിയരികഞ്ഞിയുമായി രാത്രി എട്ടുമണിയോടെ അടുക്കളയിൽ നിന്നു ഇടനാഴിയിലൂടെ തങ്ങളുടെ മുറിയിലേക്ക് പോകുകയായിരുന്നു സുമംഗല…

ഇടനാഴിയുടെ വലതുവശത്തുള്ള ശ്രീയുടെ മുറിയിൽ നിന്നു അടക്കിപ്പിടിച്ചുള്ള സംസാരം കേട്ടു അവർ ഒരു മാത്രയൊന്നു കാതോർത്തു…

ശ്രീ ആരെയോ ഫോൺ ചെയ്യുകയാണ്…

“എനിക്ക് പറ്റുന്നില്ലെടാ…ഭ്രാന്തു പിടിക്കുന്നു…എത്ര നാളായെന്നോ ഞാനൊന്ന് അവളെ കണ്ടിട്ട്..ക്ലാസ്സിൽ വരാറെയില്ല…ഒന്നു കണ്ടാൽ മതിയെനിക്ക്…ദൂരെ നിന്നെങ്കിലും..ഒരു തവണ മതി ഫൈസി..ഒരൊറ്റ തവണ…”

അവന്റെ ശബ്ദം വല്ലാതെ ഇടറിയിരുന്നു…

അവന്റെ സങ്കടം പൂണ്ട ശബ്ദം സുമംഗലയെയും തളർത്തി…അവർ ശബ്ദമുണ്ടാക്കാതെ അവിടെ നിന്നും പതിയെ മാറിക്കളഞ്ഞു…

കുറച്ചുകഴിഞ്ഞു വന്നു പാതി ചാരിയ വാതിൽ തുറന്നു നോക്കിയപ്പോൾ കട്ടിലിൽ കമിഴ്ന്നു കിടപ്പുണ്ട്..ഒരു തലയണ അടക്കിപ്പിടിച്ചിട്ടുണ്ട്…അതിൽ കണ്ണീർ നനവ്….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഒരു ഞായറാഴ്ച സായാഹ്നം…

ശ്രീ സിറ്റ് ഔട്ടിലിരുന്നു പത്രം വായിച്ചുകൊണ്ടിരിക്കുകയാണ്…

അവന്റെ അടുത്തേക്ക് കുറച്ചു തുന്നാനുള്ള തുണിയുമായി സുമംഗല വന്നു..

“കുട്ടാ..അമ്മയ്ക്കൊപ്പമൊന്നു വാ..അല്ലെങ്കിൽ അത്രടം അമ്മ നടന്നു പോകണ്ടെ…?”

“എവിടേക്കാ…”?

“ആ മോൾടെ അടുത്ത്…തുന്നാൻ കൊടുക്കാൻ…”

ഒന്നു ആലോചിച്ച ശേഷം അവൻ തലയാട്ടി…

“അമ്മ എന്നെ വിളിച്ചോ ഇപ്പൊ..??
ഞാൻ കേട്ടല്ലോ..”പൊന്നൂന്ന് “..നീട്ടി വിളിക്കണത്….ഒന്നൂടി വിളിയമ്മേ…എത്ര നാളായി അമ്മ എന്നെയൊന്നങ്ങനെ വിളിച്ചിട്ട്..കൊതിയാവുന്നമ്മേ..അമ്മേടെ പൊന്നുവെല്ലാരുന്നോ ഞാൻ…”

സേതു അമ്മയുടെ കട്ടിലിനടുത്ത് മുട്ടിലിരുന്നു കൊണ്ടു ആ മുഖം തന്നിലേക്കടുപ്പിച്ചു…

“””മോളെ”””

അവൾ ഞെട്ടി ഭാനുമതിയുടെ മുഖത്തേക്ക് നോക്കി…

ആ നിമിഷം തന്നെ തിരിഞ്ഞും നോക്കി…

“ശ്രീയേട്ടന്റെ അമ്മ..”

“ആഹ്..അമ്മയോ…ഞാൻ വിചാരിച്ചു ഇതാരാ വിളിച്ചേന്ന്..”

“എന്താ അമ്മയുമായി ഒരു പുന്നാരം..??”

“ഏയ്‌..വെറുതെ..”അവൾ ചിരിച്ചു….

തുന്നാനുള്ള തുണി കൊടുത്തിട്ട് ഇത്തിരി നേരം വർത്തമാനം പറഞ്ഞതിന് ശേഷം സുമംഗല ഇറങ്ങി.

“അമ്മ നടന്നാണോ വന്നേ…”??

“അല്ല..ദേ.. ശ്രീയുണ്ട്…”അവർ ഒതുക്കുകല്ലിന്റെ ഭാഗത്തേക്ക് വിരൽ ചൂണ്ടി…

പുറത്തേക്കിറങ്ങാൻ വെച്ച കാൽ സേതു അകത്തേക്ക് തന്നെ വെച്ചു…

“ശരി ..അമ്മേ..പോയിവാ…”

മുറിയിൽ വന്നു ജനലിലൂടെ ആ മുഖമൊന്നു നോക്കി…
ഏറെ നാളിന് ശേഷം കാണുകയാണ്..

“സങ്കടമാണോ..പരിഭവമാണോ എന്താണ് ആ മുഖത്ത്…”മനസിലായില്ല….”

തിരികെ പോകുന്നതിനു മുൻപ് പലവട്ടം ആ കണ്ണുകൾ ഉമ്മറത്തേക്കു പാറിവീഴുന്നതവൾ കണ്ടു…

മനസ്സൊന്നു നേരെയാവാൻ പുസ്തകം തുറന്നു വെച്ചു അമ്മയുടെ കട്ടിലിൽ കയറി ഒരു കൈ കൊണ്ട് അമ്മയെ ചുറ്റിപ്പിടിച്ചിരുന്നു…

അക്ഷരങ്ങൾ കാണുവാൻ കഴിയുന്നില്ല..ശ്രീയേട്ടന്റെ മുഖം..മിഴിവോടെ…കൂടുതൽ കൂടുതൽ മിഴിവോടെ…

സേതു പുസ്തകം അടച്ചു വെച്ചു അമ്മയെ കെട്ടിപ്പിടിച്ചു കിടന്നു…വിങ്ങി വരുന്ന ഹൃദയവേദന താങ്ങാനാവാതെ….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°”സേതു..അമ്മയുടെ മരുന്നു വൈദ്യർ തന്നു വിട്ടിട്ടുണ്ട്…നീ വരുവോ..?”

ഗീതേച്ചിയുടെ ഫോൺ ആണ്…

വൈകിട്ട് വരാമെന്നു പറഞ്ഞു ഫോൺ വെച്ചു സേതു…

മഴയല്പം തോർന്നു നിന്ന സമയം നോക്കി ഗീതേച്ചിയുടെ വീട്ടിലേക്കു ചെന്നു…
ശ്രീയേട്ടന്റെ അമ്മയുടെ തുന്നിയ ബ്ലൗസും കൊടുക്കാനായി എടുത്തിരുന്നു…

ഗീതേച്ചിയുടെ വീട്ടിൽ ചെന്നപ്പോൾ അടച്ചിട്ടിരിക്കുന്നത് കണ്ടാണ് ശ്രീയുടെ വീടിന്റെ അടുക്കളഭാഗത്തേക്കവൾ ചെന്നത്…

പിന്നാമ്പുറത്തെ തിണ്ണയിൽ കയറി ജനലിലൂടെ നോക്കിയപ്പോൾ അമ്മ അടുക്കളയിൽ നിൽക്കുന്നത് കണ്ടു..

“അമ്മേ..”

“ആഹ്..മോളോ..വാ..ഗീത അത്യാവശ്യമായി വീട്ടിൽ പോയി..മരുന്നു ഇവിടെ ഏല്പിച്ചിട്ടുണ്ട്…മോളിരിക്ക്…”

“ദാ.. അമ്മയുടെ ബ്ലൗസ്..”

“ഇപ്പൊ എടുത്ത് തരാട്ടോ…”

കർക്കടകകാർമേഘങ്ങൾ പെട്ടെന്നാണ് ഉരുണ്ടുകൂടുന്നത്…മഴ ചാറ്റാൻ തുടങ്ങി..

“വീണ്ടും തുടങ്ങിയല്ലോ..ഇനി കർക്കടകം കഴിയുന്ന വരെ സമാധാനമില്ല…”സുമംഗല പറഞ്ഞു..

“മോൾക്ക് മഴ തോർന്നിട്ട് പോകാം”

അപ്പോഴാണ് കുളി കഴിഞ്ഞു ഒരു ടിഷർട്ട് തല വഴി ഇട്ടുകൊണ്ടു..”അമ്മേ ചായ”എന്നും പറഞ്ഞു ശ്രീ വന്നത്…

വാതിലിനു ഇടതു വശത്ത് അവളിരിക്കുന്നത് കാണാതെ അവൻ അടുക്കളപ്പുറത്തെ തിണ്ണയിൽ കെട്ടിയിരുന്ന അയയിൽ കൊണ്ട് പോയി തോർത്തു വിരിച്ചിട്ടു…

തിരിച്ചടുക്കളയിലേക്കു കയറുമ്പോഴാണ് സേതു അവിടിരിക്കുന്നത് അവൻ കണ്ടത്..

ഒരു നിമിഷം തറഞ്ഞു നിന്നുപോയി അവൻ..കുറച്ചു നിമിഷം ആ കണ്ണുകളിൽ തന്നെ അവന്റെ കണ്ണുടക്കിക്കിടന്നു..

അവൾ മിഴികൾ മാറ്റിയപ്പോഴാണ് അവനു സ്ഥലകാലബോധമുണ്ടായത്..

“കുട്ടാ..ഇരിക്ക്.. ഇപ്പൊ തരാം ചായ..”‘അമ്മ പറഞ്ഞു…

പെട്ടെന്നാണ് ആ ചാറ്റൽമഴ ഒരു പെരുമഴയായി മാറിയത്…

“മോളെ..ദാ ആ ചായയയെന്നു നോക്കിക്കോട്ടോ..അമ്മ ആ പശുവിനെ ഒന്നഴിച്ചുകെട്ടട്ടെ..”പറഞ്ഞു കൊണ്ട് സുമംഗല പുറത്തേക്കോടി…

സേതു ഗ്യാസ്സ് സ്റ്റൗവിനടുത്തു ചെന്നു നിന്നു…

തിളച്ചു വന്ന ചായ അരിച്ചൊരു ഗ്ളാസിലാക്കി…അവിടെ ഒരു പ്ളേറ്റിൽ ആവിപൊന്തുന്ന ഇലയട എടുത്തു വെച്ചിട്ടുണ്ടായിരുന്നു…

…..ശ്രീയേട്ടനുള്ളതാവും…

അവൾ അത് രണ്ടും എടുത്ത് ശ്രീ ഇരിക്കുന്നതിന് മുന്നിലെ ചെറിയ മേശയിൽ കൊണ്ടു വെച്ചു…

“ആ കാച്ചെണ്ണയുടെ ഗന്ധം..”ഒരു നിമിഷം ശ്രീ കണ്ണുകളടച്ചു..

കണ്ണു തുറന്നപ്പോൾ മിഴികൾ തമ്മിൽ കോർത്തു… മിഴികൾ അടർത്തിമാറ്റി അവിടുന്നിറങ്ങി തിണ്ണയിൽ പോയി മഴ നോക്കി നിന്നു അവൾ….

“അമ്മേ ഇനിയും വൈകിയാൽ അച്ഛൻ പേടിക്കും..ഞാൻ പോട്ടെ…”പുറത്തു നിന്നും കയറി വന്ന സുമംഗലയോട് അവൾ പറഞ്ഞു…

ശ്രീ കഴിച്ചെഴുന്നേറ്റു പോയിരുന്നു അപ്പോൾ…

“ഇരുട്ടിയല്ലോ മോളെ..മഴയും കുറഞ്ഞില്ല..അച്ഛനോട് ഇവിടുണ്ട് ഇത്തിരിവൈകും എന്നു വിളിച്ചു പറയാം..”

“ഉം…”

“ദേ..ഇടനാഴിയുടെ വലത്തെ മുറിയാണ് ശ്രീയുടെ…അവനോടൊന്നു പറയു..അച്ഛനെ വിളിച്ചു പറയാൻ…അമ്മ ഇപ്പൊ വരാം..”

അവൾ അറച്ചറച്ച് അങ്ങോട്ടേക്ക് ചെന്നു…

പാതി ചാരിയിട്ടിരിക്കുകയാണ് വാതിൽ..

അവളത് മെല്ലെ തുറന്നു….

സാമാന്യം വലിപ്പമുള്ള മുറി…ഷെൽഫ് നിറയെ പുസ്തകങ്ങൾ…ഇംഗ്ളീഷിലെയും മലയാളത്തിലെയും ഒട്ടുമിക്ക എഴുത്തുകാരുടെയും പുസ്തകങ്ങൾ അവിടെ സ്ഥാനം പിടിച്ചിട്ടുണ്ട്…

കട്ടിലിന്റെ ക്രാസിയിലേക്കു തലയണ ഉയർത്തിവെച്ചു കൈകൾ നെഞ്ചിൽ തുറന്നു വെച്ചിരിക്കുന്ന പുസ്തകത്തിൽ പിടിച്ചു പുറത്തെ മഴയിലേക്കു നോക്കി കിടക്കുകയാണ് ശ്രീ…

കണ്ണുകൾ കണ്ടാലറിയാം..ആ മനസിൽ ഇരമ്പുന്ന നോവിന്റെ സാഗരം…

കമ്പ്യൂട്ടറിൽ നിന്നു പതിഞ്ഞ ശബ്ദത്തിൽ ഒരു പാട്ട് ഒഴുകിയെത്തുന്നുണ്ട്…

🎵ഇടറുന്നോരെന്റെ ഇടനെഞ്ചിനുള്ളിൽ…..

പ്രണയത്തിന് മഴയായ് നീ
പൊഴിയുന്നീരാവിൽ…

തളരുന്നോരെന്റെ..തനു തോറും നിന്റെ..
അല തല്ലും പ്രണയത്താൽ ഉണരും മലരേ…🎵

(കടപ്പാട്)

“ശ്രീയേട്ട…”അവൾ മെല്ലെ വിളിച്ചു…

അവൻ കേട്ടില്ലെന്നു തോന്നി…

“ശ്രീയേട്ട…”അവൾ വീണ്ടും വിളിച്ചു..

“ഏഹ്..”അവൻ ഞെട്ടിത്തിരിഞ്ഞു…

“അച്ഛനെയൊന്നു വിളിച്ചു പറയുവോ..മഴയായത് കൊണ്ടു വൈകുമെന്ന്…ഞാനിവിടുണ്ടെന്നു…?”

“പറഞ്ഞിട്ടുണ്ട് വൈകുമെന്ന്…”അവൻ അവളെ നോക്കി സാവധാനം പറഞ്ഞു..

“ഉം..”അവൾ തിരിഞ്ഞു നടന്നു…

ഒരു വാക്കകലേക്കു വീണ്ടുമവൾ അകന്നു പോകുന്നത് ശ്രീ വേപഥുവോടെ നോക്കിയിരുന്നു…

🎶🎶🎶🎶🎶🎶🎶🎶

“മോനെ…ഇരുട്ടായല്ലോ..അവളെ കൊണ്ട് ചെന്ന് ആക്കിക്കൊടുക്കു…ഇനിയെങ്ങനാ അത് ഒറ്റക്ക് പോകുന്നേ…കടത്ത് കടത്തി വിടേണ്ട…പാലം വഴി പോയാൽ മതി…”അമ്മയുടെ വാക്കുകളാണ് ശ്രീയെ ഉണർത്തിയത്….

അവൻ ക്ളോക്കിലേക്കു നോക്കി…

ഏഴര കഴിഞ്ഞിരിക്കുന്നു…മഴയല്പം തോർന്നിട്ടുണ്ട്…

ശ്രീ എഴുന്നേറ്റു…കാർ ഫൈസി കൊണ്ടുപോയിരിക്കുകയാണ്…ബുള്ളറ്റിൽ വരുമോ അവൾ…

ചിന്തിച്ചു കൊണ്ടു അവൻ പുറത്തേക്കിറങ്ങി…

പടിയിൽ നിൽപ്പുണ്ട് അവൾ…

“നടന്നു പോകാം..”അവൾ പറഞ്ഞു..

“അല്ലെങ്കിലും തോന്നിയാരുന്നു..തന്റോപ്പം വണ്ടിയിൽ കയറില്ലെന്നു…”

അവൻ മുന്നേ നടന്നു…ആ നിഴലിനെ പിന്തുടർന്നു അവളും…

രണ്ടാളും ഒന്നും മിണ്ടിയില്ല…

എന്തൊക്കെയോ വന്നു ശ്രീയുടെ തൊണ്ട കുരുക്കിലിരുന്നു മുറവിളി കൂട്ടുന്നുണ്ട്….പക്ഷെ അതിനെയൊക്കെ ആരോ കെട്ടിവരിഞ്ഞു നിർത്തിയ പോലെ..

പറയാൻ വാക്കുകളില്ലാതെ രണ്ടു പ്രണയങ്ങൾ രാത്രി നിഴലിൽ പരസ്പരം കെട്ടുപിണഞ്ഞു കിടന്നു..

ഇടക്ക് വെള്ളം തെറിപ്പിച്ചെത്തുന്ന വണ്ടികൾക്കു അരികു കൊടുക്കുമ്പോൾ ശ്രീയുടെ ശരീരം മനപൂർവം അവളോട്‌ ചേരുന്നുണ്ടായിരുന്നു…

ഇടവഴി തിരിഞ്ഞു ഒതുക്കുകല്ലിലേക്ക് കയറിയപ്പോൾ അവളുടെ കയ്യിലൊരു പിടുത്തം വീണു…

“സേതു…”അവൻ ആർദ്രമായി വിളിച്ചു..

ചോദ്യഭാവത്തിൽ നോക്കിയ അവളോട്‌ അവൻ പറഞ്ഞു…

“എനിക്ക് സംസാരിക്കണം നിന്നോട്…”

“എനിക്കറിയാം ശ്രീയേട്ട…ശ്രീയേട്ടന് എന്താണ് പറയാനുള്ളതെന്നു…അത് ഞാൻ ഈ കണ്ണിൽ കാണുന്നുണ്ട്…കൂടെ നടന്നപ്പോൾ ആ ഹൃദയമിടിപ്പിൽ നിന്നു അതു കേൾക്കുന്നുണ്ടായിരുന്നു….അതു വേണ്ട…ശ്രീയേട്ട…അതു ശരിയാവില്ല…

നെടുംപുരയ്ക്കലെ സേതുമാധവൻ മാഷിന്റെ മകൻ ശ്രീഹരി മാധവന് ചേരുന്ന പെണ്ണല്ലാ ..സേതുലക്ഷ്മി..ഒരുപാട് അന്തരമുണ്ട് നമ്മൾ തമ്മിൽ…ഈ സ്നേഹത്തിനു മുന്നിൽ ഞാൻ തോറ്റു പോകുന്നുണ്ട്..ഈ ആളുടെ മുന്നിൽ ഞാൻ ഞാനല്ലാതായി തീരുന്നുണ്ട്….എന്നാലും അതിനു അർഹയല്ല ഞാൻ….”

അവനവളെ വലിച്ചു നെഞ്ചിലേക്കിട്ടു..

“പറ്റില്ല…എനിക്ക് പറ്റില്ല..നീയില്ലാതെ..”

ആ കൈകൾ അടർത്തി മാറ്റി സേതു ഒതുക്കുകല്ലിന്റെ പടവുകൾ കയറി..

കരൾ പറിച്ചെടുക്കുന്ന വേദനയിൽ ശ്രീ നോക്കി നിന്നു…കാഴ്ച മറയ്ക്കുന്ന നിറകണ്ണോടെ….

കാത്തിരിക്കുമല്ലോ🌹

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16