Wednesday, September 18, 2024
Novel

ദേവാസുരം : ഭാഗം 1

എഴുത്തുകാരി: അഞ്ജലി അഞ്ജു


“ഡീ…” ക്ലാസ്സിലിരുന്ന ജാനകിയ്ക്ക് നേരെ ശര വേഗത്തിൽ വന്ന വിഷ്ണുവിന്റെ മുഖം ദേഷ്യത്താൽ വലിഞ്ഞ് മുറുകിയിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ മറ്റു കുട്ടികളും അവരെ ശ്രദ്ധിച്ചു.

“നീ എന്നെ ചതിക്കുകയായിരുന്നല്ലേ?”

ജാനകിക്കും എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലായിരുന്നില്ല. ഇന്നലെ വരെ കോളേജിലെ ഇണക്കുരുവികളായിരുന്ന പ്രണയ ജോഡികൾക്ക് പെട്ടെന്ന് എന്താണ് സംഭവിച്ചത്? എല്ലാവരും സംശയിച്ചു നിന്നു.

“എപ്പോളും എന്നെ പൊട്ടനാക്കാമെന്ന് നീ വിചാരിച്ചോ?”

“ഏട്ടൻ എന്താണ് പറയുന്നത് എനിക്ക് മനസിലാവുന്നില്ല.”

അവൻ അവളുടെ ഇടതു കയ്യിലെ മോതിര വിരലിലേക്ക് ചൂണ്ടി.

“ഇതെന്താണ്?”

ജാനകി തന്റെ മോതിരം മറയ്ക്കാൻ പാഴ് ശ്രമം നടത്തിക്കൊണ്ടിരുന്നു.

“നീ ഒന്ന് പറഞ്ഞിട്ട് ഉപേക്ഷിച്ചു പോയിരുന്നേൽ സമാധാനം ഉണ്ടായിരുന്നു. ഇത് കാമുകിയുടെ നിശ്ചയം കഴിഞ്ഞത് വല്ലവരും പറഞ്ഞു അറിയേണ്ട ഗതികേടിൽ ആയില്ലേ. വെറും പൊട്ടനായി പോയി എല്ലാവരുടെയും മുന്നിൽ.”

“ഏട്ടാ ഞാൻ പറയുന്നത് കേൾക്കു. മനഃപൂർവം അല്ല ഞാൻ…”

“നീ ഒന്നും പറയേണ്ടെടി. നിന്റെ സ്വഭാവമൊക്കെ മനസിലായി. പാവം പോലെ ഇരുന്നു നീ എന്നെ ഇത്രയും നാൾ പറ്റിച്ചു.

വെറുതെയല്ല നിന്റെ അച്ഛൻ അമ്മയെ കൊന്നത്. ഇത് തന്നെ ആവും അമ്മയുടെയും സ്വഭാവം.”

അവൾ ഒന്നും മിണ്ടാതെ കരഞ്ഞു കൊണ്ടിരുന്നു.

“ഇനി നിന്റെ അഭിനയം എന്റെ അടുത്ത് നടക്കില്ല. ഇനിയും നിന്നാൽ ഞാൻ നിന്നെ വല്ലതും ചെയ്തു പോവും.”

ഇതും പറഞ്ഞ് വിഷ്ണു പുറത്തേക്ക് ഇറങ്ങി പോയി.

“എന്തൊക്കെയാ വിഷ്ണു ഏട്ടൻ പറഞ്ഞത്? നിന്റെ.. നിന്റെ നിശ്ചയം കഴിഞ്ഞോ?”

ജാനകിയുടെ ഉറ്റ സുഹൃത്തായ ദേവികയാണത് ചോദിച്ചത്.

“അതേ.”

തല കുനിച്ചു ജാനകി ഇത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ വിഷ്ണുവിന് പിന്നാലെ ദേവികയും പോയി.

ജാനകിയുടെ കണ്ണുകളിൽ നിന്ന് മിഴിനീർ ഉതിർന്നു കൊണ്ടിരുന്നു. അപമാനിതയായി അവൾ ചുറ്റും കണ്ണോടിച്ചു.

“ഹും കണ്ടാൽ എന്ത് പാവമാണ്. തേപ്പ്കാരി! കഷ്ടം !”

ഇത്രയും കാലം വിഷ്ണുവിനെയും ജാനകിയേയും അസൂയയോടെ നോക്കിയ കണ്ണുകളിൽ ഒരു ഇരയെ കിട്ടിയ സന്തോഷം തെളിഞ്ഞു കണ്ടു.

അവൾ തന്റെ ബാഗുമെടുത്തു കോളേജിന് പുറകിൽ ഉള്ള ആളൊഴിഞ്ഞ മരച്ചുവട്ടിലേക്ക് ഓടി. അവിടെയിരുന്ന് സർവ്വവും നഷ്ടപ്പെട്ടവളേ പോലെ കരഞ്ഞു.

എപ്പോളും ഇങ്ങനെയാണ് ദുഃഖങ്ങൾ പങ്കു വയ്ക്കാൻ ആരുമില്ലാത്തവർക്ക് കരയുമ്പോളാണ് ആശ്വാസം കിട്ടുന്നത്.

ഇത് ഇവളുടെ കഥയാണ് ജാനകിയുടെ … സർവ്വം സഹയായ ഒരു പെണ്ണിന്റെ കഥ..

♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

കരഞ്ഞു തളർന്നാണ് വീട്ടിൽ എത്തിയത്. കയറി ചെല്ലുമ്പോളേ പറമ്പിൽ പണിയെടുക്കുന്ന മാമനെ കണ്ടിരുന്നു.

“ആഹാ മോളിന്ന് നേരത്തേ വന്നല്ലോ. അല്ല മുഖമെന്താ വല്ലാതെ ഇരിക്കുന്നത്?”

“ഒന്നുമില്ല ചെറിയ ഒരു തലവേദന ഉണ്ടായിരുന്നു. അതിന്റെ ആവും.”

ഒരു ചെറു പുഞ്ചിരി വരുത്താൻ ശ്രമിച്ചു കൊണ്ട് അവൾ പറഞ്ഞു.

“അകത്തേക്ക് ചെല്ലൂ. ഇനി ഇപ്പൊ ജോലി ഒന്നും ചെയ്യാൻ നിക്കണ്ട. കുറച്ചു നേരം കിടക്കാൻ നോക്ക് അപ്പോളേക്കും എല്ലാം മാറും.”

അകത്തേക്ക് ചെന്നു മുറിയിൽ കയറി ഫ്രഷ് ആയി. നേരെ അടുക്കളയിലേക്ക് ചെന്നു.

മാമൻ അങ്ങനെയൊക്കെ പറഞ്ഞാലും ജോലി മുഴുവൻ സമയത്ത് തീർത്തില്ലേൽ അമ്മായിയുടെ വഴക്ക് കേൾക്കേണ്ടി വരും.

വഴക്ക് പറയാനിപ്പൊ കാരണം ഇല്ലെങ്കിലും അമ്മായിക്ക് എന്നെ എന്തെങ്കിലും പറഞ്ഞാലേ ഉറക്കം വരൂ.

പാത്രം കഴുകി കൊണ്ടിരുന്നപ്പോളാണ് അമ്മായി അങ്ങോട്ടേക്ക് വന്നത്.

“ഡീ നീ വന്നിട്ട് ആ തുണി എടുത്ത് ഇടാഞ്ഞതെന്താ?”

“അയ്യോ ഞാനത് മറന്നു.”

“നീ മറക്കും. അതെങ്ങനെയാ രാജകുമാരി ഭൂമിയിൽ അല്ലല്ലോ ജീവിക്കുന്നത്. ഏതായാലും ഇവിടെ കെട്ടിക്കേറി കിടക്കുന്നു എന്തെങ്കിലും ഉപകാരം നിനക്ക് ചെയ്തുടെ. നാശം പിടിച്ചവൾ. അതെങ്ങനെയാ തന്തയുടെ ഗുണമല്ലേ കാണിക്കു.”

എപ്പോളും ഇതൊക്കെ കേൾക്കുന്നതാണെങ്കിലും അന്നെന്തോ കണ്ണുകൾ നിറഞ്ഞു. വിഷ്ണു ഏട്ടൻ പറഞ്ഞ വാക്കുകളും ചെവിയിൽ മുഴങ്ങി കൊണ്ടിരുന്നു.

“എന്തിനാണ് ഈശ്വരാ എനിക്ക് മാത്രം ഇങ്ങനൊക്കെ വരുന്നത്. ഒരു കരയ്ക്ക് എത്തുമെന്ന് വിചാരിക്കുമ്പോൾ എല്ലാം കൈ വിട്ടു പോകും.

അറിഞ്ഞു കൊണ്ട് ആരെയും ഉപദ്രവിക്കാൻ ശ്രമിച്ചിട്ടില്ല. പക്ഷെ… ആർക്കും ഉപകാരമില്ലാത്ത ഇങ്ങനെ ഒരു പാഴ്ജന്മം !”

ജോലികൾക്കിടയിലും മനസിലേക്ക് കഴിഞ്ഞു പോയ കാലം ഓടി വന്നു കൊണ്ടിരുന്നു.

മാമന്റെയോ കുടുംബക്കാരുടെയോ വാക്കുകേൾക്കാതെ രാഘവിനൊപ്പം ഒളിച്ചോടി പോയ സുഭദ്രയുടെ ഒരേ ഒരു കണ്മണി ജാനകി രാഘവ്. കുട്ടിക്കാലത്തു ആവും ആകെ മനസമാധാനം ഞാനറിഞ്ഞത്.

ഇത്രയും വർഷം ആയിട്ടും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തെളിഞ്ഞു വന്നു. ആ ഒറ്റ മുറി വീട്ടിൽ പൈസയ്ക്ക് മാത്രമേ കുറവുണ്ടായിരുന്നുള്ളൂ. അച്ഛനും അമ്മയും മത്സരിച്ചു സ്നേഹിച്ചു.

കുറച്ചു പണം കിട്ടി കഴിഞ്ഞപ്പോൾ അച്ഛൻ പല പല ബിസിനസ്‌കളും ചെയ്യാൻ തുടങ്ങി. ആദ്യമൊക്കെ നിറയെ പണം സമ്പാദിച്ചു.

നല്ലൊരു വീടൊക്കെ വാങ്ങി. പഴയത് പോലെ സ്നേഹിക്കാൻ അച്ഛന് സമയം ഇല്ലാതെയായി.

ആ സ്നേഹം കൂടെ അമ്മ തന്നിരുന്നു. എപ്പോളാണ് അച്ഛൻ മദ്യത്തിന് അടിമ ആയതെന്ന് അറിയില്ല. ചിലപ്പോൾ ചെയ്യുന്ന ബിസിനസിലെ തകർച്ചകൾ ആവാം അച്ഛനെ മാറ്റിയത്.

ആദ്യമൊക്കെ മദ്യപിച്ചു വരുന്ന അച്ഛൻ ഞങ്ങളോട് മിണ്ടാറില്ലായിരുന്നു.

പിന്നെ വഴക്കായി ഒരു തരം മാനസിക വിഭ്രാന്തി കാണിക്കാൻ തുടങ്ങി. അമ്മയെ തല്ലാൻ ഓരോ കാരണങ്ങൾ കണ്ടെത്തുമായിരുന്നു. അവസാനം സംശയ രോഗമായി. എല്ലാം അമ്മ സഹിക്കുമായിരുന്നു.

പക്ഷെ അത് അമ്മയ്ക്ക് താങ്ങാനായില്ല. അമ്മ പ്രതികരിച്ചു. അമ്മയോട് വഴക്ക് ഉണ്ടാക്കി ബോധംകെട്ടു അച്ഛൻ ഉറങ്ങുമ്പോൾ അമ്മയും ഞാനും കരഞ്ഞാണ് നേരം പുലർത്തിയിരുന്നത്.

അന്ന് മുതൽ ഇരുളിനെ ഭയമായിരുന്നു. ഓരോ രാത്രിയിലും അച്ഛൻ വരാതെ ഇരുന്നാൽ മതിയെന്ന് വരെ ആഗ്രഹിച്ചിട്ടുണ്ട്.

അത് പോലൊരു നശിച്ച ദിവസത്തിലാണ് കുടിച്ചു ബോധമില്ലാതെ അച്ഛൻ എന്റെ അമ്മയെ… ഇപ്പോളും ഓർക്കാനാവുന്നില്ല. അവളുടെ കണ്ണുകൾ അപ്പോളും നിറഞ്ഞൊഴുകി കൊണ്ടിരുന്നു.

“ജാനു ചേച്ചി…”

ശിവയുടെ ശബ്ദമാണ് ആ നശിച്ച ഓർമകളിൽ നിന്ന് അവളെ ഉണർത്തിയത്.

“ചേച്ചി കരയുവാണോ? അമ്മ വല്ലതും പറഞ്ഞോ?”

“ഒന്നുമില്ല മോളേ. ഞാൻ വെറുതെ ഓരോന്ന് ഓർത്ത്..”

“അതെന്തിനാ ഓരോന്നും ഓർക്കുന്നെ. ചേച്ചി ഇങ്ങു വന്നേ. എനിക്ക് കുറേ കഥകൾ പറയാനുണ്ട്.”

“എനിക്ക് കുറച്ചു ജോലി കൂടെ ഉണ്ട്. ഞാൻ അത് തീർത്തിട്ട് വരാം കേട്ടോ. അല്ല അനു എന്തേയ്?”

“അവൾ റൂമിൽ ഉണ്ട്. ചേച്ചി അങ്ങോട്ടേക്ക് വരൂ.”

മാധവൻ മാമയുടെയും നിർമല അമ്മായിയുടെയും രണ്ട് മക്കളാണ് അനു രഞ്ജിനിയും ശിവ രഞ്ജിനിയും. ഇരട്ടകളാണ്.

ഇപ്പോൾ എട്ടാം ക്ലാസ്സിലാണ്. അവർ ഉള്ളതാണ് ഏക സന്തോഷം. അമ്മായി എത്ര വഴക്ക് പറഞ്ഞാലും ഞാൻ അവർക്ക് ചേച്ചിയാണ്.

ആ സ്നേഹത്തിൽ ഒരു മായവും അവർ കലർത്തിയിട്ടില്ല. അവരുടെ കുറുമ്പുകൾ കൊണ്ടാണ് ചിരിക്കാൻ മറന്നു പോവാത്തത്.

ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോളാണ് അമ്മ മരിച്ചത്.

അച്ഛൻ ജയിലിലും ആയി ആരോരുമില്ലാതെ ഒറ്റപ്പെട്ടു നിന്നപ്പോൾ ഒരു മടിയും കൂടാതെ മാമൻ എന്നെ ഇങ്ങോട്ടേക്കു കൊണ്ട് വന്നു. ബന്ധുക്കൾക്ക് ആർക്കും എന്നെ ഇഷ്ടമായിരുന്നില്ല.

തന്നിഷ്ടത്തിന് ഇറങ്ങി പോയ പെങ്ങളുടെ മകളെ ഉപേക്ഷിക്കാൻ എല്ലാവരും മാമനെ ഉപദേശിച്ചു.

പക്ഷെ മാമൻ അതൊന്നും വക വെച്ചില്ല. അമ്മായിക്ക് ആദ്യമൊക്കെ എന്നോട് സ്നേഹം ആയിരുന്നു. പിന്നെ പിന്നെ ഞാനൊരു ശല്യമാവും എന്ന് തോന്നിയിട്ടുണ്ടാവും.

അതിലെനിക്ക് അത്ഭുതമൊന്നും തോന്നിയിട്ടില്ല. സ്വന്തം അച്ഛന് തോന്നാത്ത എന്ത് കരുണയാണ് അമ്മായിക്ക് തോന്നേണ്ടത്.

അൽപം ചീത്തയൊക്കെ പറഞ്ഞാലും ജീവനോടെ ഇപ്പോളും നിക്കണത് അവരുടെ നല്ല മനസ് കൊണ്ടാണ്.

എല്ലാ ജോലികളും തീർത്തു റൂമിലേക്ക് ചെല്ലുമ്പോൾ രണ്ടാളും കൂടെ എന്തൊക്കെയോ പറഞ്ഞ് തർക്കിക്കുന്നുണ്ടായിരുന്നു. എന്നെ കണ്ടതും രണ്ടും കൂടെ എന്റെ അടുത്തേക്ക് വന്നു.

“ജാനു ചേച്ചീടെ കല്യാണത്തിന് ഞങ്ങൾ എന്ത് ഡ്രസ്സ്‌ ഇടുന്നതാ നല്ലത്?”

ശിവയാണ് അത് ചോദിച്ചത്.

“എനിക്ക് അതൊന്നും അറിയില്ലല്ലോ. നിങ്ങൾക്ക് രണ്ടാൾക്കും ഇഷ്ടം ഉള്ളത് ഇട്ടോളൂ.”

“ഞാൻ പറഞ്ഞു ദാവണി മതീന്ന്. ഇവൾ പറയുവാ ഗൗൺ വേണമെന്ന്. ഏതാ നല്ലത് ചേച്ചീ.”

അത് പറഞ്ഞത് അനു ആയിരുന്നു.

“കല്യാണത്തിന് പറയുന്ന ഡ്രസ്സ്‌ എല്ലാത്തിനും വാങ്ങി തരാൻ ആ ഒരു മനുഷ്യൻ തന്നെ പെടാ പാട് പെടേണ്ടെ.

സ്വന്തം മക്കളെ കെട്ടിക്കാൻ ഒരു നുള്ള് സമ്പാദ്യം ഇല്ലാത്തപ്പോളാ വല്ലവള്മാർക്കും കൊമ്പത്തെ ആലോചനയും കൊണ്ട് വന്നേക്കുന്നത്.”

അമ്മായിയുടെ മറുപടി കേട്ടതും നമ്മുടെ കുറുമ്പികളുടെ കൺഫ്യൂഷനൊക്കെ മാറിയെന്നു തോന്നുന്നു. രണ്ടാളും നല്ല കുട്ടികളായി ഒരു സൈഡിലേക്ക് വലിഞ്ഞു.

അമ്മായി പറഞ്ഞത് കേട്ട് വിഷമത്തോടെ ഞാൻ നോക്കിയപ്പോൾ രണ്ടും എന്നെ നോക്കി ചിരിച്ചും കാണിച്ചു.

“എനിക്ക് ഇപ്പോൾ കല്യാണം വേണ്ടായിരുന്നു.”

തല കുനിച്ചാണ് ഞാനത് പറഞ്ഞത്.

“എപ്പോൾ ആണെങ്കിലും നിന്നെ കെട്ടിച്ചു വിടേണ്ടേ? നേരത്തേ ആണെങ്കിൽ അത്രയും കുറച്ചു സഹിച്ചാൽ മതിയല്ലോ.”

“നീ എന്തിനാണ് അവളെ ഓരോന്നും പറഞ്ഞ് വിഷമിപ്പിക്കണത്. എന്റെ മൂന്ന് മക്കളെയും ഞാൻ ജീവനോടെ ഉള്ളത്രയും കാലം പൊന്നു പോലെ നോക്കും.

ബാധ്യത ഒഴിച്ച് വിടാനല്ല അവളെ ഞാൻ കല്യാണത്തിന് നിർബന്ധിച്ചത്, ഇന്ദ്രൻ നല്ല പയ്യനാണ്. അവന്റെ അച്ഛനും ഞാനുമായി വളരെ കാലത്തെ ആത്മബന്ധമാണ്.

പണത്തേക്കാൾ ബന്ധങ്ങൾക്ക് വില കൊടുക്കുന്ന കൊണ്ടല്ലേ ഇത്രയും അധഃപതിച്ച നമ്മുടെ കുടുംബത്തേക്ക് പെണ്ണന്വേഷിച്ചു വന്നത്.

അത്രയും നല്ല മനസ്സുള്ളോരുടെ കയ്യിൽ ഇവളെ കൊടുത്താൽ പിന്നെ എനിക്ക് സമാധാനമാവും.

എനിക്ക് എന്തെങ്കിലും പറ്റിയാലും എന്റെ കുട്ടികളെ ജാനു നോക്കില്ലേ?”

“നിങ്ങൾ ഇങ്ങനെ കുറേ സ്വപ്നം കാണുന്നത് തന്നെ മിച്ചം. ഇതിലും കൂടുതൽ സ്വപ്‌നങ്ങൾ തന്നിട്ട് ഇന്നലെ കണ്ടവന്റെ കൂടെ ഒളിച്ചോടിയ പെങ്ങളുടെ മോളാണ് ഇതെന്ന് ഓർത്താൽ കൊള്ളാം.”

“നീ ഒന്ന് മിണ്ടാതിരിക്കണുണ്ടോ? എന്റെ കുട്ടിയെ എനിക്ക് അറിയാം.”

എന്നെ ചേർത്ത് നിർത്തിക്കൊണ്ട് മാമൻ പറഞ്ഞപ്പോൾ നെഞ്ച് കീറി മുറിക്കുന്ന വേദന ഉണ്ടായിരുന്നിട്ടും എതിർത്തൊന്നും പറഞ്ഞില്ല.

നന്ദികേട് ചെയ്തു കൂടാ. സുഭദ്രയെ പോലെ ജാനകിയും ആ മനുഷ്യന്റെ സ്വപ്നങ്ങളെ തല്ലി കെടുത്തിക്കൂടാ.

അത് ചിലപ്പോൾ ആരോരുമില്ലാതിരുന്ന പെണ്ണിനെ നോക്കി വളർത്തിയതിന് തിരിച്ചു കൊടുക്കാവുന്ന ഏറ്റവും ചെറിയ പ്രത്യുപകാരമായിരിക്കും.

പക്ഷെ വിഷ്ണു ഏട്ടനോട് താൻ കാണിച്ച ക്രൂരതയ്ക്ക് എന്ത് പ്രായിചിത്യമാണ് ചെയ്യേണ്ടതെന്ന് എനിക്ക് അറിയില്ലായിരുന്നു.

ഇതേ സമയം ഇന്ദ്രിയത്തിൽ,

“ഏട്ടാ അവൻ ഇതു വരെ കല്യാണത്തിന് താല്പര്യം കാണിക്കുന്നില്ലല്ലോ?”

“എന്റെ ഉഷേ അവന്റെ ഇഷ്ടത്തിനാണോ നമ്മൾ എല്ലാം നിശ്ചയിച്ചത്.”

“എങ്കിലും ഏട്ടാ അവനൊരു മാറ്റം ഉണ്ടാകുമെന്ന് വിചാരിച്ചല്ലേ നമ്മൾ എല്ലാം തീരുമാനിച്ചു ഉറപ്പിച്ചത്.”

“അതൊക്കെ കല്യാണം കഴിഞ്ഞു മാറുമെന്നേ.”

“മാറിയില്ലെങ്കിലോ? എനിക്ക് പേടിയാവുന്നു. ഒരു പാവം പെൺകുട്ടിയുടെ ജീവിതം വെച്ചാണ് നമ്മൾ കളിക്കുന്നത്.”

“അതൊക്കെ മാറും. ജാനകിക്ക് അവനെ പഴയ ഇന്ദ്രനാക്കാൻ പറ്റും. എനിക്ക് ഉറപ്പുണ്ട്.”

ഓരോന്നും പറഞ്ഞ് ഉഷയെ ആശ്വസിപ്പിക്കുമ്പോഴും സേതുമാധവന്റെ മനസിൽ ഒരു ആകാംഷയുടെ കടലിരമ്പുന്നുണ്ടായിരുന്നു.

തുടരും

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…