Sunday, April 28, 2024
Novel

നിയോഗം: ഭാഗം 52

Spread the love

രചന: ഉല്ലാസ് ഒ എസ്

Thank you for reading this post, don't forget to subscribe!

കാർത്തി ഇടയ്ക്ക് മുറിയിലേക്ക് വന്നപ്പോൾ കണ്ടു സുഖമായി ഉറങ്ങുന്ന കുഞ്ഞിപ്പെണ്ണിനെ. പദ്മ ആണെങ്കിൽ വാവയുടെ അരികത്തായി ഇരിപ്പുണ്ട്. ഉറങ്ങാതെ….. അവൻ ഫോൺ ഒന്ന് ചാർജ് ചെയ്യാനായി ഇട്ടിട്ട്, നേരെ വാഷ് റൂമിലേക്ക് പോയി. പദ്മ അവനെ ഒന്ന് നോക്കുക പോലും ചെയ്തില്ല…. അവൻ തിരിച്ചും. നേരം അപ്പോൾ ഒരു മണി ആയിരിക്കുന്നു. ഉറക്കം നന്നായി വരുന്നുണ്ട് എങ്കിൽ പോലും കണ്ണ് ചിമ്മാതെ അവൾ തന്റെ കുഞ്ഞിന്റെ അരികത്തായ് ഇരിന്നു. കുറച്ചു കഴിഞ്ഞതും വാതിൽ ചാരിയിട്ട് കാർത്തി ഇറങ്ങി വെളിയിലേക്ക് പോകുകയും ചെയ്തു. ****

ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് ആയിരുന്നു അച്ഛമ്മയുടെ ചടങ്ങുകൾ ഒക്കെ വെച്ചിരിക്കുന്നത്. കാലത്തെ മുതൽ ആളുകൾ ഒക്കെ എത്തി തുടങ്ങിയിരിക്കുന്നു. പദ്മയുടെ അച്ഛനും അമ്മയും ഒക്കെ നേരത്തെ വന്നിട്ടുണ്ട്. കുഞ്ഞിനെ എടുത്തു കൊണ്ട് ഭവ്യ മുറിയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ആ സമയത്തു ആണ് പദ്മ താഴേക്ക് ഇറങ്ങി ചെന്നത്. കരയോഗത്തിൽ നിന്നും കുറച്ചു സ്ത്രീകൾ വന്നു നാമം ഉറക്കെ ചൊല്ലുന്നുണ്ട്.. അമ്മയോടും മീനുട്ടിയോടും ഒപ്പം അവളും അവിടെ ഇരുന്നു. പാവം അച്ഛമ്മ… താൻ ഇവിടെ വന്നിറങ്ങിയ ആ നിമിഷം…

അച്ഛമ്മ എത്ര സ്നേഹത്തോടെ ആയിരുന്നു തന്റെ അടുത്തേക്ക് ഇറങ്ങി വന്നത്. എല്ലായിപ്പോളും ഓരോരോ ഉപദേശങ്ങൾ തന്നു കൊണ്ടും അല്ലെങ്കിൽ ഓരോ പഴയ ഓർമ്മകൾ പറഞ്ഞു കൊണ്ടും, ഒക്കെ സദാ പുഞ്ചിരി യോട് കൂടി ഉമ്മറത്ത് കാണും… അച്ഛമ്മ പറഞ്ഞ ഒരു കാര്യം താൻ ഇപ്പോളും തെറ്റിച്ചിട്ടില്ല….സുമംഗലികൾ ആയാൽ നെറുകയിൽ സിന്ദൂരം നിർബന്ധം ആയും ഉണ്ടാവണം… എല്ലാ ദിവസവും താൻ അതു ചെയ്യും…. 11മണി ആവുമ്പോൾ ചെറു ചൂട് വെള്ളത്തിൽ ഒരു കുളി ഒക്കെ പാസാക്കും… മുണ്ടും നേര്യതും ഒക്കെ ഉടുത്തു നെറ്റിയിൽ നീളത്തിൽ ഒരു ഭസ്മക്കുറിയും ഒക്കെ ആയി ഉമ്മറത്തു വന്നു അങ്ങനെ ഇരിക്കും.

ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ. ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഈ ശ്ലോകം ഇങ്ങനെ ചുണ്ടിന്മേൽ കാണും…. താൻ ഗർഭിണി ആണെന്ന് ആദ്യം കണ്ടു പിടിച്ചത് അച്ഛമ്മ ആയിരുന്നു. തന്റെ കണ്ണിലേക്കു സൂക്ഷിച്ചു നോക്കി കൊണ്ട്,അച്ഛമ്മ അമ്മയോട് പറഞ്ഞു, മോൾക്ക് വിശേഷം ആയെന്ന്.. ഹോസ്പിറ്റലിൽ പോയി വന്ന ശേഷം അച്ഛമ്മ വന്നു തന്റെ നെറുകയിൽ ഒരു മുത്തം തന്നു. . ചുന്ദരിക്കുട്ടി… സന്തോഷം ആയിട്ട് ഇരിക്കണേ….. ഇപ്പോളും അച്ഛമ്മ പറയുമ്പോലെ അവളുടെ കാതുകളിൽ അത് മുഴങ്ങി. ഒടുവിൽ കുഞ്ഞിനെ കാണണം എന്ന് പറഞ്ഞു കൊണ്ട് ഹോസ്പിറ്റലിൽ ചെന്നതും, അച്ഛമ്മയുടെ വിങ്ങി പൊട്ടി കൊണ്ട് ഉള്ള പറച്ചിലും..

ഒക്കെ ഓർത്തപ്പോൾ അവൾക്ക് കണ്ണുനീർ ഒഴുകി. പാവം……..എന്റെ അച്ഛമ്മയ്ക്ക് മോക്ഷ പ്രാപ്തി കിട്ടണേ ഗുരുവായൂരപ്പാ… അവൾ മൂകമായി ഇരുന്ന് പ്രാർത്ഥിച്ചു. കുറെ സമയം കഴിഞ്ഞപ്പോൾ വാവ കരയുന്നു എന്ന് പറഞ്ഞു ഹരിക്കുട്ടൻ അവളെ വന്നു വിളിച്ചു. “ചെല്ല് മോളേ… കുഞ്ഞിനെ കരയിക്കാതെ ” സീത അവളോട് പതിയെ പറഞ്ഞു. “ഹ്മ്മ്…..” ഒന്ന് മൂളി യിട്ട് അവൾ വേഗം കുഞ്ഞിനെ എടുക്കാനായി പോയി. പദ്മ വന്നിട്ടുണ്ട് എന്നറിഞ്ഞു കുറച്ചു ബന്ധുക്കൾ ഒക്കെ അവളെ കാണാനായും മുറിയിലേക്ക് എത്തി. സമയം പിന്നിട്ട കൊണ്ട് ഇരുന്നു. കർമങ്ങളും മറ്റും തുടങ്ങാറായപ്പോൾ, അവൾ വീണ്ടും താഴേക്ക് ഇറങ്ങി ചെന്നു. അച്ഛനും ചെറിയച്ഛന്മാരും ഒക്കെ കുളിച്ചു ഈറനോട് കൂടി നിൽക്കുന്നു.

കൊച്ചുമക്കൾ ആയിട്ടു മാഷും ഒരു ചെറിയച്ഛന്റെ മകൻ അരവിന്ദുo ഉണ്ട്…. പിന്നെ മീനുട്ടിയും, ദേവിക യും കിച്ചുവും ഒക്കെ പിന്നിലായി നിൽക്കുന്നു. അപ്പോളും ആളുകൾ ഒക്കെ കാണാനായി എത്തുന്നുണ്ടായിരുന്നു. ചടങ്ങുകൾ ഒക്കെ കഴിയാറായി.. തെക്ക് വശത്തായി ചന്ദനമുട്ടി യും മാവിന്റെ കഷ്ണങ്ങളും ഒക്കെ കൂട്ടി ഉള്ള ചിത ഒരുങ്ങി കഴിഞ്ഞിരിക്കുന്നു. അച്ഛമ്മയുടെ മുഖം വെള്ളത്തുണി കൊണ്ട് മൂടിയത് അച്ഛൻ ആയിരുന്നു… എല്ലാവരും കരയുക ആണ്.. മാഷും വേറെ കുറച്ചു ആളുകളും ചേർന്ന് ആണ് എടുത്തു കൊണ്ട് തെക്കേ തൊടിയിലേക്ക് പോയത്.

ചിത ആളി കത്തുക ആണ്… എന്നെ ചന്ദന മുട്ടി ഉപയോഗിച്ച ദാ ഹിപ്പിക്കാവൂ… കേട്ടോടാ രാമ…. ഈ ഗ്യാസും കുന്തോം ഒന്നും ഇങ്ങട് കൊണ്ട് വന്നേക്കരുത്….. മേലെപറപ്പിലെ വാസു ഏട്ടൻ മരിച്ചപ്പോൾ ദഹിപ്പിച്ച രീതി അച്ഛൻ വന്നു ഇവിടെ അവതരിപ്പിച്ചു. അതു കേട്ട് കൊണ്ട് വന്ന അച്ഛമ്മ താടിക്ക് കയ്യും കൊടുത്തു ഇരുന്നു. എന്നിട്ട് പറഞ്ഞത് ആയിരുന്നു ഇങ്ങനെ. ഒടുവിൽ അത് തന്നെ നടന്നു കഴിഞ്ഞു. അച്ഛമ്മ ഒരു ചിതയായി കത്തിയമർന്നു…. *** അച്ഛനും അമ്മയും ഒക്കെ പോവാനായി ഇറങ്ങി. “അമ്മേ… ഞാനും പോരുവാ….എനിക്ക് ഇവിടെ പറ്റില്ലമേ….”

അത് പറയുമ്പോൾ പദ്മ കരഞ്ഞു പോയി. “പെട്ടന്ന് എങ്ങനെ ആണ് മോളേ ഇറങ്ങുന്നത്…. എല്ലാവരും എന്ത് കരുതും.. സഞ്ചയനം കഴിയട്ടെ… ഒന്നുല്ലേലും ഈ കുഞ്ഞ് ഇവിടുത്തെ ചോര അല്ലേ…” “അമ്മേ… പ്ലീസ്… എന്നെ ഒന്ന്…” “ഗിരീജേ… വരുന്നുണ്ടോ നീയ്…നേരം വൈകുന്നു ” മുറിയുടെ വാതിൽക്കൽ വന്നു കൊണ്ട് അച്ഛൻ വിളിച്ചപ്പോൾ കുഞ്ഞിന് ഒരു മുത്തം കൊടുത്തിട്ട്, തന്റെ കൈകളിൽ പിടിച്ചു തന്നെ ഒന്ന് നോക്കിട്ട് അമ്മ വേഗം ഇറങ്ങി പോയി. പിന്നാലെ നിറഞ്ഞ മിഴികളോട് കൂടി ഭവ്യ യും ഹരിക്കുട്ടനും. പദ്മ ക്ക് സങ്കടം സഹിയ്ക്കാൻ പോലും കഴിഞ്ഞില്ല.. കാർത്തി അടുത്തേക്ക് വന്നപ്പോൾ അവൾ കണ്ണ് തുടയ്ക്കുക ആണ്. .. “വാവേ……”

അവൻ വിളിച്ചപ്പോൾ കുഞ്ഞ് കൈയും കാലും ഇട്ടു ഇളക്കാൻ തുടങ്ങി. . “വാടാ പൊന്നേ…” അവൻ കുഞ്ഞിനെ അവളുടെ കൈയിൽ നിന്നും മേടിച്ചു. “അച്ചേടെ ചുന്ദരി കുട്ടി…….” … അവൻ കുഞ്ഞിനെ യും കൊണ്ട് പുറത്തേക്ക് ഇറങ്ങി. “ഏടത്തി… കയറി കുളിക്കൂ ട്ടോ…. കുഞ്ഞിനെ ഏട്ടൻ നോക്കിക്കോളും…” .. മീനുട്ടി വന്നു പറഞ്ഞു. … “ഹ്മ്മ്…..” മാറാനുള്ള വേഷം ഒക്കെ അമ്മ കൊണ്ട് വന്നിട്ടുണ്ട് ബാഗ് തുറന്നിട്ട അവൾ ഞെട്ടി പോയി. എട്ടു പത്തു ജോഡി ഡ്രസ്സ്‌ ഉണ്ട് എല്ലാം കൂടി. ഇതു എന്തിനാണ് ഇത്ര യും ചുരിദാർ അമ്മ കൊണ്ട് വന്നത്.. തന്നെ ഇവിടെ സ്ഥിരം ആയിട്ട് നിർത്താൻ ആണോ എല്ലാവരുടെയും പദ്ധതി. കുളി കഴിഞ്ഞു ഇറങ്ങിയപ്പോ വളരെ ആശ്വാസം തോന്നി.

അവൾ തന്റെ ബാഗ് തുറന്നു. സിന്ദൂരം ലേശം ചൂണ്ടു വിരലിൽ എടുത്തു തന്റെ മുടിയുടെ പിന്നിലായി ഒളിപ്പിച്ചു തൊട്ടു. ഇതു മാത്രം തനിക്ക് എല്ലാ ദിവസം നിർബന്ധം ആണ്.. ഭർത്താവിന്റെ ആയുസ് നും ആരോഗ്യത്തിനും വേണ്ടി ആണ് സിന്ദൂരം നെറുകയിൽ സുമംഗലികൾ അണിയുന്നത്…. അതു,,, ഇതു വരെ ആയിട്ടും താൻ തെറ്റിച്ചിട്ടില്ല…. കാർത്തി മുറിയിലേക്ക് കയറി വന്നു.. കുഞ്ഞും ഉണ്ടായിരുന്നു അവന്റ കൈയിൽ. “ഇതാ… വാവയ്ക്ക് വിശക്കുന്നുണ്ട്..”.കൈ വിരൽ നുണയുന്ന കുഞ്ഞിനെ മേടിച്ചു തന്റെ മാറോട് ചേർത്തു കൊണ്ട് അവൾ ബെഡിൽ പോയി ഇരുന്നു.

വാതിൽ അടച്ചു ലോക്ക് ഇട്ടിട്ട് കാർത്തി വന്നു ബെഡിലേക്ക് കയറി മറുവശം ചെരിഞ്ഞു കിടന്നു. പദ്മ ആകെ വല്ലതെ ആയി. അവൾ അവിടെ കിടന്ന ഒരു കസേരയിൽ പോയി ഇരുന്നു. എന്നിട്ട് വാവയ്ക്ക് പാല് കൊടുത്തു. കാർത്തി അപ്പോൾ ഉറങ്ങിയിരുന്നു. തലേ ദിവസത്തെ ക്ഷീണം കൊണ്ട് ആവാം.. അവളുടെ കൈയിൽ ഇരുന്ന് കൊണ്ട് വാവയും ഉറങ്ങി. അവന്റെ അരികത്തായി കാർത്തു കൊണ്ട് വന്നു കുഞ്ഞിനെ കിടത്തി. ഭിത്തിയോടു ചേർന്ന് ആണ് കട്ടിൽ ഇട്ടിരിക്കുന്നത്.. കുഞ്ഞിനെ കിടത്തി കഴിഞ്ഞു പദ്മ താഴേക്ക് ഇറങ്ങി ചെന്നു.. അപ്പോളാണ് ദേവു വും അവളുടെ അമ്മയും ഒക്കെ കയറി വരുന്നത്. ദേവൂനെ കണ്ടതും പദ്മയുടെ മുഖം ഇരുണ്ടു.

പക്ഷെ ദേവു വന്നു അവളുടെ കൈയിൽ പിടിച്ചു. “പദ്മേ….. കുഞ്ഞാവ എന്ത്യേ ” “ഉറങ്ങുവാണു…” താല്പര്യം ഇല്ലാത്ത മട്ടിൽ അവൾ പറഞ്ഞു. “കാർത്തിയേട്ടനോ ” “രണ്ടാളും കിടന്നു ” “ശോ… വാവയെ ഇന്നും കാണാൻ പറ്റിയില്ലലോ അമ്മേ….” പ്രഭയെ നോക്കി കൊണ്ട് ദേവു സങ്കടപ്പെട്ടു. “വരട്ടെ… ഇനിയും സമയം ഉണ്ടല്ലോ മോളേ….” സീത നീക്കി ഇട്ടു കൊടുത്ത കസേരയിലേക്ക് ഇരുന്ന് കൊണ്ട് പ്രഭ പറഞ്ഞു. “തിരുപ്പതി യിൽ ചെന്നപ്പോൾ ആണ് വിനീത് വിളിക്കുന്നത് ഇവിടെ അച്ഛമ്മ മരിച്ചു എന്ന് പറഞ്ഞു കൊണ്ട്… എന്താ ചെയ്ക… ഒരു വഴിയും ഇല്ലാതെ പോയില്ലോ സീതെ ” “സാരമില്ലന്നെ…. നമ്മൾ ആരും ആഗ്രഹിക്കുന്നത് പോലെ അല്ലാലോ മരണവും ജനനവും ഒക്കെ നടക്കുന്നത്… പോട്ടെ “…

സീത അവർക്കായി കട്ടൻ ചായ ഉണ്ടാക്കുവാൻ വെള്ളം എടുത്തു അടുപ്പത്തു വെച്ചു. പദ്മ ആ സമയം കൊണ്ട് മുറിയില്ക്ക് കയറി പോയി. മീനുന്റെ അടുത്തായിരുന്നു ദേവു. ഉമ്മറത്ത് ഇരുന്ന് അച്ഛനോട് സംസാരിക്കുന്നുണ്ട് ദേവൂന്റെ അച്ഛൻ… മുറിയിലേക്ക് വന്നപ്പോൾ കണ്ടു ഉണർന്ന് കിടക്കുന്ന കുഞ്ഞിന്റെ തുടയിൽ മെല്ലെ താളം തട്ടുന്ന മാഷിനെ. “വാവേ……” അവൾ ഓടിച്ചെന്നു കുഞ്ഞിനെ എടുത്തു. എന്നിട്ട് വേഗം ബെഡിലേക്ക് ഇരുന്നു. കുഞ്ഞ് കരയാൻ തുടങ്ങിയതും അവൾ ഡോർ ലോക്ക് ചെയ്തു. അത് കണ്ടപ്പോൾ കാർത്തി കരുതിയത് കുഞ്ഞിനെ പാലൂട്ടാൻ ആവും എന്നാണ്. പക്ഷെ പദ്മ കുഞ്ഞിനേയും കൊണ്ട് മുറിയിലൂടെ നടന്നു. കാർത്തി അതെല്ലാം കണ്ടു കൊണ്ട് അവിടെ തന്നെ കിടന്നു.

“ഏടത്തി…..” മീനു സാവധാനം ഡോറിൽ തട്ടി. “എന്താ മീനുട്ടി ” “പ്രഭാമ്മ ഒക്കെ വാവ ഉണർന്നോ എന്ന് ചോദിച്ചു… ദേവൂന് കുഞ്ഞിനെ കാണാൻ ആഗ്രഹം ഉണ്ട് ” “കുഞ്ഞു ഉറങ്ങുവാണെന്ന് പറഞ്ഞാൽ മതി… M” മറ്റെന്തെങ്കിലും മീനു ചോദിക്കും മുന്നേ പദ്മ ഡോർ അടച്ചു. “ദേവു ഒക്കെ വന്നോ….” . കാർത്തി ബെഡിൽ നിന്നും എഴുന്നേറ്റു. “വാടാ… ചക്കരെ.. നമ്മൾക്ക് താഴെ വരെ പോയിട്ട് വരാം..” അവൻ കൈ നീട്ടി എങ്കിലും പദ്മ കുഞ്ഞിനെ കൊടുത്തില്ല. “കുഞ്ഞിനെ ഇങ്ങട് താടി ” അവൻ ഗൗരവത്തിൽ പറഞ്ഞു. “നിങ്ങളുടെ കാമുകി യെ കാണിക്കാൻ എന്റെ കുഞ്ഞിനെ ഞാൻ തരില്ല…”

ദൃഢമായ ശബ്ദത്തിൽ പദ്മ അവനോട് പറഞ്ഞു. “പദ്മേ…..” അവന്റ ശബ്ദവും ഉയർന്നു. കൂസാതെ നിൽക്ക്കുക ആണ് പദ്മ… “കുഞ്ഞിനെ ഇങ്ങു താടി ” “ഇല്ലന്ന് പറഞ്ഞില്ലേ… എന്റെ കുഞ്ഞിനെ അവൾ കാണണ്ട.. എനിക്ക് ഇഷ്ടം അല്ല……” ബെഡിലേക്ക് കേറി കിടന്ന് കൊണ്ട് അവൾ കുഞ്ഞിനെ തന്നിലേക്ക് ചേർത്തു പിടിച്ചു. പിന്നീട് ഒന്നും പറയാതെ കാർത്തി മുറിയിൽ നിന്നും ഇറങ്ങി പോയി. നെഞ്ച് പൊട്ടുക ആണ്… എന്നാലും ഒരിറ്റ് കണ്ണീരു പോലും ഒഴുക്കാതെ തന്റെ എല്ലാ വേദനയും ഹൃദയത്തിൽ പൂഴ്ത്തി വെച്ചു കൊണ്ട് പദ്മ കുഞ്ഞിനെ മാറിലേക്ക് പൊതിഞ്ഞു പിടിച്ചു കിടന്നു. *—-* മോളേ… പദ്മേ… നീ ഇനി ഇവിടെ നിന്നും ഒരിടത്തേക്കും പോവേണ്ട… ഇതാണ് നിന്റെ വീട്… ഈ കുഞ്ഞ് വളരേണ്ടത് ഇവിടെ ആണ്….എന്റെ പൊന്നുമോളുടെ എല്ലാ സങ്കടവും മാറും… കാർത്തി… അവൻ പാവം അല്ലേ കുട്ടി… നെറുകയിൽ തലോടി കൊണ്ട് അച്ഛമ്മ പറയുക ആണ്. “അച്ഛമ്മേ….” ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നു പദ്മ നിലവിളിച്ചു പദ്മ..…….തുടരും

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…