Saturday, December 14, 2024
Novel

ശ്രീയേട്ടൻ… B-Tech : ഭാഗം 16

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ലച്ചുവിന്റെ കല്യാണത്തിന് പാചകക്കാരനെ തപ്പിയാണ് ശ്രീയും ഫൈസിയും കൂടി താമരപ്പുഴയിലേക്കു പോയത്…

വിദ്യയുടെ കല്യാണത്തിന്റെ അതേ പാചകക്കാരൻ തന്നെ ഇതിനും മതി എന്നു മാധവൻ മാഷിന് നിര്ബന്ധമായിരുന്നു..

അങ്ങനെ അന്വേഷിച്ചപ്പോഴാണ് പാചകക്കാരൻ സത്യൻ വീട് മാറി അയാളുടെ ഭാര്യ വീട്ടിൽ താമസമാക്കിയ വിവരം അറിഞ്ഞത്…അത് താമരപ്പുഴയിലാണ്..

ഫോണിൽ സത്യേട്ടൻ പറഞ്ഞു തന്ന വഴിയിലൂടെ ബുള്ളറ്റിൽ പോകുകയാണ് ശ്രീയും ഫൈസിയും..

“ഡാ.. ദേ.. ശ്രീദേവി ടാക്കീസ്..ഇതിന്റെ വലത്തെ വഴീന്നല്ലേ പറഞ്ഞേ..”പുറകിലിരുന്നു ഫൈസി അല്പം ഉറക്കെ പറഞ്ഞു..

ശ്രീ വണ്ടി നിർത്തി..വലത്തോട്ടു ഒരു പൂഴി റോഡ് പോകുന്നുണ്ട്…

ടാക്കീസിന്റെ മുന്നിലെ ചെറിയ പീഡികയുടെ മുന്നിലേക്ക് ശ്രീ വണ്ടി മാറ്റി നിർത്തി..

“ചേട്ടാ..ഈ പാചകക്കാരൻ സത്യേട്ടൻ താമസിക്കുന്നതെവിടാ…”ഫൈസിയാണ് ചോദിച്ചത്..

ശ്രീ അപ്പോൾ പൂഴി റോഡിലൂടെ മുണ്ടും മടക്കികുത്തി സിഗരറ്റും വലിച്ചു വരുന്ന ആളെ നോക്കുകയായിരുന്നു…

ശ്രീയെ തന്നെ നോക്കിക്കൊണ്ട് വന്ന അയാൾ ശ്രീയുടെ അടുത്തെത്തിയപ്പോൾ ഒന്നു ചുമച്ചു…

“…..ശിവശങ്കർ….”

ശ്രീയും അവന്റെ മുഖത്തു തന്നെ തറപ്പിച്ചു നോക്കി..

അവൻ അവരെ കടന്നു അവിടെ അടുത്തുള്ള ബസ് സ്റ്റോപ്പിലെ സിമന്റ്തട്ടിൽ കയറിയിരുന്നു..

പീഡികക്കാരനോട് സത്യേട്ടന്റെ വീട് ചോദിച്ചു തിരിഞ്ഞ ഫൈസിയും കണ്ടു ശിവനെ…

അവർ സത്യേട്ടന്റെ വീട്ടിലേക്കു പോയി..

“ഡോ..അവരാരെ തിരക്കി വന്നതാ..?”കടയിലിരുന്ന വൃദ്ധൻ ശിവന്റെ ചോദ്യം കേട്ട് തലയുയർത്തി…

“അത്…പാചകക്കാരൻ സത്യനെ..”അയാൾ വിനയത്തോടെ പറഞ്ഞു..

“ഉം…”ശിവനൊന്നു അമർത്തി മൂളിക്കൊണ്ടു നടന്നു പോയി…

തിരിച്ചു വന്ന ഫൈസിയും ശ്രീയും വീണ്ടും ആ കടയുടെ മുന്നിൽ വണ്ടി നിർത്തി..

“ചേട്ടാ.. അപ്പൊ വളരെ നന്ദി..ആളെ കണ്ടു…എന്നാ പൊയ്ക്കോട്ടെ..”

“നിങ്ങളെവിടുന്നാടാ..പിള്ളേരെ..??”,,വൃദ്ധൻ ചോദിച്ചു..

“ഞങ്ങൾ പുഴക്കരെന്നാ….”ഫൈസി പറഞ്ഞു…

“ഓ..അതാവും അവൻ വന്നു തിരക്കിയെ…ആ ശിവൻ..അവന്റെ അപ്പച്ചീടെ നാടല്ലേ…”

“ശിവനെന്തു തിരക്കി…”ശ്രീ ചോദിച്ചു

വൃദ്ധൻ കാര്യം പറഞ്ഞു..

“നിങ്ങൾക്ക് അറിയോ അവനെ..”?അയാൾ വീണ്ടും തിരക്കി..

“പിന്നെ..നല്ലതുപോലെ അറിയാം…ഇവിടെ ചിലർ അറിഞ്ഞിട്ടും അറിയിച്ചിട്ടുമൊക്കെയുണ്ട്..”ഫൈസി ചിരിയോടെ പറഞ്ഞു…

“അപ്പൊ അവന്റെ കല്യാണ മാണെന്നൊക്കെ ഈ നാട്ടുകാരോട് പറയുന്നതൊക്കെ സത്യമാണോ..പുഴക്കരയിൽ അവന്റെ മുറപ്പെണ്ണിനെ കെട്ടാൻ പോണെന്നും ചിങ്ങത്തിൽ കെട്ടുണ്ടാവും എന്നൊക്കെ പറയുന്നത്…”വൃദ്ധൻ അറിയാനുള്ള വ്യഗ്രതയിൽ കടയിൽ നിന്നിറങ്ങി വന്നു അവരുടെ അടുത്തു നിന്നു സ്വകാര്യമായി ചോദിച്ചു…

ശ്രീ ഒന്നും മിണ്ടിയില്ല

“ചിങ്ങത്തിലോ…?അതിനിപ്പോ മിഥുനമായില്ലേ…അടുത്ത മാസം കഴിഞ്ഞോ…?”ഫൈസി ആശങ്കയോടെ ചോദിച്ചു…

“അതേ..അങ്ങനൊക്കെയാ..ഈ നാട്ടിലൊക്കെ പറയുന്നേ..”

“ആ…ഞങ്ങൾക്കറീല്ല…”ഫൈസി പറഞ്ഞതും ശ്രീ ബുള്ളറ്റ് മുന്നോട്ടെടുത്തു…

“അയാൾ പറഞ്ഞത് സത്യമാണോടാ..”ഫൈസി ശ്രീയോട് ചോദിച്ചു..

“ആ..ഞാനെങ്ങനെ അറിയാനാ..”

“അവനെന്താ ഇവിടെ..”?

“ഇതവന്റെ നാടാണ്..”

“നിനക്കെങ്ങനെയറിയാം…?”

“അവൾ പറഞ്ഞിട്ടുണ്ട്…”

“അവളോ..എപ്പോ പറഞ്ഞു…”?

“ആ… ഞാൻ ദിവസവും തീയതിയും മുഹൂർത്തവും ഒന്നുമോർക്കുന്നില്ല..”
ശ്രീയുടെ കലിപ്പിച്ചുള്ള പറച്ചിൽ കേട്ടു ഫൈസി തല നീട്ടി അവനെയൊന്നു നോക്കി..

“അതിനു നീയെന്തിനാ എന്നോട് ചൂടാകുന്നേ…”

ശ്രീ വണ്ടി നിർത്തി…”നീയവിടെ മിണ്ടാതിരുന്നോണം..ഇല്ലെങ്കിൽ ദേ ആ പാലത്തിൽ നിന്നും തള്ളി താഴെയിടും..”

“ഓഹ്…അങ്ങനെ…കാമുകിയുടെ കല്യാണം അല്ലെ..അവളുടെ കാമുകനുമായിട്ടു..ദേഷ്യം വരും..ദേഷ്യം വരും…”

ശ്രീ വീണ്ടും അവനെ കലിപ്പിച്ചൊന്നു നോക്കി..എന്നിട്ട് പറത്തിവിട്ടു ബുള്ളറ്റ്…

💢💢💢💢💢💢💢💢💢💢💢💢💢

ലച്ചുവിന് കല്യാണ ഡ്രസ് എടുക്കാനായി ചെറുക്കനും ചേച്ചിയും കൂടി എറണാകുളത്തു വരുമെന്ന് പറഞ്ഞിരുന്നു..

ലച്ചുവിനെയും കൂടി വിടണമെന്ന് വിപിൻ ആവശ്യപ്പെട്ട പ്രകാരം ശ്രീ അവളെ വിദ്യ ചേച്ചിയുടെ വീട്ടിൽ ആക്കിയിട്ടു പഠിപ്പിക്കാൻ പോയി..

വിദ്യയും ലച്ചുവും കൂടിയാണ് എറണാകുളത്തേക്ക് പോയത്…

ശ്രീ വൈകിട്ട് ചെല്ലുമ്പോഴേക്കും അവർ തിരിച്ചെത്തിയിരുന്നു..

വീടുകൾ തമ്മിൽ നല്ല ദൂരമുണ്ടായിരുന്നതിനാൽ തുന്നാനുള്ള തുണികളൊക്കെ ലച്ചുവിന്റെ കയ്യിൽ തന്നെ കൊടുത്തയച്ചു..ഇനി അതിനായി ഒന്നു വരേണ്ടതില്ലല്ലോ..

വീട്ടിൽ തിരിച്ചെത്തി സന്ധ്യക്ക് ചായ കുടിച്ചു കൊണ്ടിരുന്നപ്പോൾ സുമംഗല പറഞ്ഞു..

ശ്രീ..നീ പഠിപ്പിക്കുന്ന ആ കുട്ടി തയ്ക്കുമല്ലോ..നമുക്ക് അവിടെ കൊടുക്കാം ലച്ചുവിന്റെ ഡ്രെസ്സൊക്കെ അല്ലെ…?

ശ്രീ ഒന്നു മുഖമുയർത്തി അമ്മയെ നോക്കി…എന്നിട്ടു പറഞ്ഞു..

“ആ…എവിടെങ്കിലും കൊടുക്ക്..”

“അതല്ല…നീ ലച്ചുവിനേം കൂട്ടി ഒന്നു കൊണ്ടുപോയി കൊടുക്ക്..അളവെടുക്കണ്ടേ…?”

അവൻ തലയാട്ടി…

അങ്ങനെ പിറ്റേ ശനിയാഴ്ച വൈകിട്ട് ശ്രീ ലച്ചുവിനെയും കൂട്ടി സേതുവിന്റെ വീട്ടിൽ ചെന്നു ..

ഒതുക്കു കല്ലിന്റെ സൈഡിൽ ബുള്ളറ്റ് വെച്ചിട്ട് അവൻ പറഞ്ഞു..

“കൊടുത്തിട്ട് വാ..ഞാനിവിടെ നിൽക്കാം..”

അവളകത്തെക്കു കയറാനും ജാനുവമ്മ വേലിയുടെ അടുത്തേക്ക് വന്നു…

“ന്താ…മോളെ…”

“സേതു..”

“അവളിപ്പോ വരും..വന്നു അകത്തിരിക്ക്…കടയിലേക്ക് ഒന്നു പോയതാ…ശ്രീധരൻ വിളിച്ചിട്ട്…”

ലച്ചു ശ്രീയെ നോക്കി…

“നീയിരിക്കു…ഞാനൊന്ന് കറങ്ങീട്ടു വരാം…”അവൻ ബുള്ളറ്റ് സ്റ്റാർട് ചെയ്തു..

കടയുടെ അടുത്തെത്താറായതും സേതു വഴിയിൽ ഒരു സ്ത്രീയുടെ അടുത്തു സംസാരിച്ചു കൊണ്ടു നിൽക്കുന്നത് കണ്ടു…

അടുത്തെത്തിയപ്പോൾ അവർ അവളോട്‌ യാത്ര പറഞ്ഞു പോകുന്നത് കണ്ടു…

അവൻ അവളുടെ അടുത്ത് ബുള്ളറ്റ് നിർത്തി…

അവൾ അവനെയൊന്നു നോക്കീട്ട് താഴേക്ക് മിഴികളൂന്നി…

“ലച്ചു ഇയാള്ടെ വീട്ടിലിരിപ്പുണ്ട്…ഡ്രെസ്സിനു അളവെടുക്കാൻ..വീട്ടിലൊട്ടാണോ…”?

“ഞാൻ ടീച്ചറമ്മയുടെ അടുത്തേക്കായിരുന്നു…സാരല്ല…ഞാൻ വീട്ടിലോട്ട് ചെല്ലാം..”അവൾ വേഗത്തിൽ വീട്ടിലേക്കു നടന്നു..

ഓഹ്..പെണ്ണിന് ഇപ്പൊ കുറച്ചു ബഹുമാനവും അടക്കവും ഒതുക്കവുമൊക്കെയുണ്ട്….അതോർത്തു ശ്രീയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു…

എങ്കിലും ശിവന്റെ നാട്ടിൽ ചെന്നപ്പോൾ അറിഞ്ഞ ചിങ്ങമാസത്തിലെ കല്യാണകാര്യം അവനെ അലട്ടുന്നുണ്ടായിരുന്നു…

ആരോടും ചോദിക്കാനും പറ്റാത്ത അവസ്ഥ…ഫൈസിക്ക് മാത്രമേ ഇപ്പോഴും തന്റെ മനസിൽ ഇവളുണ്ട് എന്നറിയൂ…ഡേവിച്ചൻ പോലും താനത് വിട്ടെന്നാണ് വിചാരിച്ചിരിക്കുന്നെ..ജാൻസിക്ക് എന്തോ സംശയമൊക്കെയുണ്ട്…ഒന്നും പക്ഷെ വിട്ടു പറഞ്ഞിട്ടില്ല…

സേതു ചെല്ലുമ്പോൾ ലച്ചു ജാനുവമ്മയുമായി കത്തിവെച്ചിരിക്കുകയാണ്…

കല്യാണ ബ്ലൗസും വിരുന്നു സാരിയുടെ ബ്ലൗസുമൊക്കെയാണ് തുന്നേണ്ടത്…പിന്നെ രണ്ടു മൂന്നു ചുരിദാറും..

അളവൊക്കെ എടുത്ത ശേഷം സേതു ബ്ലൗസിന്റെയൊക്കെ വിവിധതരത്തിലെ പാറ്റേണ് അടങ്ങിയ ഒരു ബുക് അവളെ കാണിച്ചു ഏതു വേണമെന്ന് സെലക്ട് ചെയ്യാനാവശ്യപ്പെട്ടു..

അത് നോക്കിയ ലച്ചുവിനാകെ കണ്ഫ്യൂഷൻ…പിന്നെ ഫോണിൽ ജാൻസിയെ വിളിച്ചു വരുത്തി..മൂന്നുപേരും കൂടി ചർച്ചയും പിന്നെയത് ചിരിയും ബഹളവുമൊക്കെയായി…

കുറച്ചുനേരം കൊണ്ടു തന്നെ സേതുവിനെ ലച്ചുവിനങ്ങോത്തിരി ഇഷ്ടമായി..അവൾ സാകൂതം സേതുവിനെ തന്നെ നോക്കിയിരുന്നു…എന്തോ വല്ലാത്തൊരടുപ്പം തോന്നി സേതുവിനോടവൾക്ക്…

കുറച്ചു കഴിഞ്ഞു മഴ ചാറ്റുന്ന കണ്ടപ്പോൾ സേതു അയയിൽ വിരിച്ചിട്ടിരുന്ന തുണികൾ എടുക്കാനായി മുറ്റത്തിറങ്ങി..

അപ്പോഴാണ് ഒതുക്കുകല്ലിന്റെ സൈഡിൽ ബുള്ളറ്റിൽ താടിക്ക് കയ്യും കൊടുത്തു ശ്രീ ഇരിക്കുന്നതവൾ കണ്ടത്…

ജനലിലൂടെ നോക്കി സേതു ലച്ചുവിനോട് ഏട്ടൻ വന്നിട്ടുണ്ടെന്ന് പറഞ്ഞെങ്കിലും..ഇപ്പൊ വരാം എന്ന് ആംഗ്യം കാണിച്ചു അവൾ ജാൻസി യുമായി സംസാരിച്ചുകൊണ്ടിരുന്നു…

മഴ ഇത്തിരി കൂടുന്നത് കണ്ടു സേതു ലച്ചുവിനെ നോക്കിക്കൊണ്ട് ശ്രീയുടെ അടുത്തേക്ക് നടന്നു…

അവൻ തിരിഞ്ഞിരിക്കുകയായിരുന്നു…

“ശ്രീയേട്ട..”അവൾ പതിയെ വിളിച്ചു..

അവൻ ഞെട്ടിത്തിരിഞ്ഞു നോക്കി..

“മഴ ചാറുന്നുണ്ടല്ലോ..അകത്തു വന്നിരിക്ക് …”

“കുഴപ്പമില്ല..”

“എന്നാൽ ഞാൻ കുട കൊണ്ടുതരട്ടെ..”

“വേണ്ട..”

അവൾ ഒരു നിമിഷം കൂടി അവിടെ നിന്നിട്ട് തിരിച്ചു പോന്നു…

ലചുവുമായി തിരികെ പോരുമ്പോൾ എന്തുകൊണ്ടോ ശ്രീ സന്തോഷവാനായിരുന്നു…ആ ചുണ്ടിൽ ഒരു പുഞ്ചിരി തത്തി കളിച്ചു..

“അങ്ങനെ പെണ്ണ് ശ്രീയേട്ട വിളി തുടങ്ങിയിട്ടുണ്ട്….അതും നടത്തിച്ചു …അവൻ ചിരിയോടെ ഓർത്തു…

💥💥💥💥💦💦💦💦💥💥💥💦💦

ലച്ചുവിന്റെ കല്യാണത്തലേന്നു..

എല്ലാവരുമുണ്ടായിരുന്നു….എല്ലാത്തിനും ചുക്കാൻ പിടിച്ചു ഡേവിച്ചനും ഫൈസിയും ഓടി നടന്നു..

ശ്രീയുടെ B tech ഫ്രണ്ട്സെല്ലാം കല്യാണത്തിനെ വരൂ എന്നാണ് പറഞ്ഞിരിക്കുന്നത്…

കൂട്ടത്തിൽ അതുലിനും കിരണിനും പിറ്റേദിവസം വരാൻ പറ്റാത്തത് കൊണ്ടു തലേന്നാണ് എത്തിയത്…

അച്ഛനോടൊപ്പം വന്ന സേതു ജാൻസി യെ കണ്ടു അവളുടെ കൂടെകൂടി..

ഭക്ഷണം കഴിക്കാനിരുന്നപ്പോൾ സേതുവും ജാൻസിയും ഇരുന്നതിനു എതിർവശത്തായാണ് കിരണും അതുലും കഴിക്കാനിരുന്നത്…

ഭക്ഷണമൊക്കെ കഴിഞ്ഞു ശ്രീയുമായി സംസാരിച്ചു കൊണ്ടുനിൽക്കുന്നതിനിടയിൽ കിരൺ പറഞ്ഞു…

“ഡാ.. ദേ ആ കുട്ടി ഇവിടെ അടുത്തുള്ളതാണോ..”?

കിരൺ ചൂണ്ടിയടുത്തേക്ക് നോക്കിയ ശ്രീ കണ്ടു ജാൻസിയോടൊപ്പം നിൽക്കുന്ന സേതുവിനെ..

“ഒന്നു ആലോചിക്കാനാ..സീരിയസ്‌ലി…വീട്ടിൽ കൊണ്ടുപിടിച്ച കല്യാണാലോചനയാ..ആ കുട്ടിയെ എനിക്കിഷ്ടപ്പെട്ടു…നോക്കിയാലോ..”കിരൺ ചോദിച്ചു….

ഫൈസിയും ശ്രീയുടെ അടുത്തുണ്ടായിരുന്നു…

അവൻ ആശങ്കയോടെ ശ്രീയെ നോക്കി..

ശ്രീയുടെ മുഖത്തു പക്ഷെ ഒരു കുസൃതി മിന്നി..

“വാ..ചോദിച്ചു നോക്കാം..”അവൻ കിരണിനോട് പറഞ്ഞു…

ഫൈസി ശ്രീയുടെ കയ്യിൽ കയറിപ്പിടിച്ചു്…

“വേണ്ട ശ്രീ വേണ്ടാ..തമാശ വേണ്ട..”

“ഏയ്‌..ഒന്നും നടക്കില്ലെടാ..വെറുതെ ഒരു തമാശക്ക്…അവളുടെ കുറുമ്പൊന്നു കാണാൻ…ആ മുഖത്തെ കുശുമ്പും എന്നെ ചൊല്ലിയുള്ള സങ്കടോം ഒക്കെയൊന്ന് കാണാനാ..ഒന്നു ചോദിക്കട്ടെ രസമല്ലേ…”ശ്രീ കിരൺ കേൾക്കാതെ പറഞ്ഞു കൊണ്ട് ഫൈസിയുടെ കൈ വിടുവിച്ചു മുന്നോട്ട് നീങ്ങി..

ജാൻസിയും സേതുവും കൂടി നിൽക്കുന്നിടത്ത് കിരണിനെയും കൂട്ടി അവനെത്തി..

“എടൊ.. അച്ഛനെവിടെ… ?ഇവിടെ നിൽക്കുന്ന കണ്ടാരുന്നല്ലോ..ഒരു കാര്യം ചോദിക്കാനായിരുന്നു…”ശ്രീ അവളോട്‌ പറഞ്ഞു…

അവൾ ചുറ്റും പരതി…

“ദേ.. ഇത് കിരൺ..എന്റെ ഫ്രണ്ടാണ്..ട്രിവാൻഡ്രം ആണ് സ്ഥലം..ടെക്നോപാർക്കിൽ വർക്ക് ചെയ്യുന്നു…ഇയാളെ കണ്ടപ്പോൾ ഒന്നു ആലോചിച്ചാൽ കൊള്ളാമെന്നുണ്ടെന്നു…അതിനാ ഞങ്ങൾ അച്ഛനെ തിരക്കിയെ…”

സേതുവിന്റെ കണ്ണുകൾ മിഴിഞ്ഞു…

ശ്രീയുടെ മുഖത്തു നോക്കുംതോറും അത് നിറഞ്ഞു നിറഞ്ഞു വന്നു…

ഒരു വേള അത് തുളുമ്പി വീഴുമെന്ന് തോന്നിയപ്പോൾ അവൾ അവിടുന്നു വേഗത്തിൽ നടന്നു നീങ്ങി…

പോകുന്നതിനിടയിൽ ഷോളിന്റെ തുമ്പുയർത്തി കണ്ണു തുടയ്ക്കുന്നത് കാണാമായിരുന്നു…

നെഞ്ചിന്കൂട് തകർന്നു പോകുന്ന ഒരു വേദനയിൽ അവൾ പിടയുന്നുണ്ടായിരുന്നു…

“ഇത്രയും നാൾ താൻ ആരെയാണീ നെഞ്ചിൽ കൊണ്ടുനടന്നത്…
ആരിൽ നിന്നാണ് ഒരു ആശ്വാസ വാക്ക് പ്രതീക്ഷിച്ചത്…
ഇടക്കൊക്കെ ഒരു കരുതലും സ്നേഹവും പ്രകടിച്ചപ്പോൾ തന്റെ സ്വന്തമാണെന്നു വിശ്വസിച്ചു പോയി…
അതൊക്കെ വെറുതെയായിരുന്നുവോ…
തന്റെ തോന്നലായിരുന്നുവോ…
ശിവേട്ടനിൽ നിന്നും തന്നെ രക്ഷിക്കും എന്നു വെറുതെ ആശിച്ചു..
തനിക്കാരുമില്ല….സേതുലക്ഷ്മി എന്നും തനിച്ചാണ്…തനിച്ചു മാത്രം…”””

ഒന്നു തറഞ്ഞു നിന്നതിനു ശേഷം ശ്രീയെ ഒന്നു രൂക്ഷമായി നോക്കിയിട്ട് ജാൻസി അവളുടെയടുത്തേക്കോടി..

കിരണിനൊന്നും മനസിലായില്ല…

ശ്രീ ഇത് പ്രതീക്ഷിച്ചില്ലായിരുന്നു….അവൻ പതിയെ തിരിഞ്ഞു നോക്കിയപ്പോൾ ഫൈസി വല്ലായ്മയോടെ അവനെ നോക്കി നിൽപ്പുണ്ടായിരുന്നു….

പിറ്റേദിവസം കല്യാണ്ത്തിരക്കിനിടയിലും ശ്രീയുടെ മിഴികൾ അവളെ പരതി…

അവൾ വന്നില്ലായിരുന്നു….

“സങ്കടം മാറിയില്ലേ”…അവനോർത്തു..

ആ സങ്കടം അവനുദ്ദേശിച്ചതിലും ഒരുപാട് ഇരട്ടിച്ചെന്നും കരൾപറിയുന്ന വേദന സഹിച്ചു അമ്മയേം കെട്ടിപ്പിടിച്ചു കിടന്നു അവൾ കണ്ണീർവാർക്കുകയാണെന്നും…അവൻ അറിഞ്ഞില്ല…

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15