Saturday, September 14, 2024
Novel

ശ്രീയേട്ടൻ… B-Tech : ഭാഗം 22

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ശ്രീയുടെ ബുള്ളറ്റ് ചെന്നു നിന്നത് ഫൈസിയുടെ വീടിനു മുന്നിലായിരുന്നു…

ഉമ്മാ..ഫൈസി എവിടെ..”?

“അവൻ കുളിക്യാ ശ്രീ..മോൻ കയറിയിരിക്കു..”

ശ്രീ അകത്തേക്ക് കയറി…അവൻ നേരെ ഫൈസിയുടെ മുറിയിൽ പോയിക്കിടന്നു..

കുളി കഴിഞ്ഞു തലയും തുവർത്തി വന്ന ഫൈസി കണ്ടത് തന്റെ കട്ടിലിൽ നെറ്റിയിൽ കൈ മടക്കിവെച്ചു കണ്ണുകളടച്ചു കിടക്കുന്ന ശ്രീയെയാണ്…

“ഇതെപ്പോ വന്നു..എന്തു പറ്റിയെടാ?”

ചോദിച്ചു കൊണ്ടു ഫൈസി അടുത്തു കിടന്ന കസേര അവന്റടുത്തേക്കു നീക്കിയിട്ടിരുന്നു…

ഒന്നും പറയാതെ…കണ്ണു പോലും തുറക്കാതെ ശ്രീ പോക്കറ്റിൽ നിന്നു അപ്പൂട്ടൻ കൊടുത്ത കടലാസെടുത്തു ഫൈസിക്ക് നൽകി..

ഫൈസി അതു തുറന്നു നോക്കി…

“ഇതെന്താ ഇത്…ആരു തന്നതാ..”?

“അവൾ…നമ്മൾ അന്ന് താമരപ്പുഴയിൽ പോയപ്പോൾ അറിഞ്ഞത് സത്യമാണ്..
അവരുടെ കല്യാണമാണ് ഇരുപത്തൊന്പതാം തിയതി…മറ്റന്നാൾ നിശ്ചയവും…”

“നിശ്ചയോ….”ഫൈസി അന്തം വിട്ടു ശ്രീയെ നോക്കി..

അവന്റെ കണ്ണുകൾക്കുള്ളിൽ നിന്നും ഒരു കണ്ണീർച്ചാൽ രൂപപ്പെട്ടു ചെന്നിയിലേക്കിറങ്ങുന്നത് ഫൈസി കണ്ടു…

“ഡാ..എന്തുവാടാ നീയിങ്ങനെ…നമുക്ക് എന്ത് ചെയ്യാൻ പറ്റുമെന്ന് ചിന്തിക്ക്..അല്ലെങ്കിൽ ഒന്നും ചിന്തിക്കാനില്ല…ചെന്നു വിളിച്ചിറക്കികൊണ്ടു പോരൂ…”

“വീട്ടിൽ അമ്മയ്ക്കറിയാം…അച്ഛനോടൊന്നു സൂചിപ്പിക്കാതെ എങ്ങനാ ഫൈസി…അച്ഛന്റെ പ്രെസെൻറ് കണ്ടിഷൻ കൂടി നോക്കേണ്ടതല്ലേ..റെസ്റ്റ് ഇനിയും കഴിഞ്ഞിട്ടില്ലല്ലോ…ഇനിയും എന്തെങ്കിലും കാർഡിയാക് ഇഷ്യൂസ് ഉണ്ടായാൽ എന്തു ചെയ്യും…”?

“അതും ശരിയാ….”‘..”ഡാ… അല്ലെങ്കിൽ ഒരു വഴിയുണ്ട്…നമുക്ക് ബാലൻ മാഷിനെ കൊണ്ടൊന്നു സംസാരിപ്പിച്ചാലോ…

നിന്റച്ഛന്റെ അടുത്തും ശ്രീധരേട്ടന്റെ അടുത്തും..ബാലൻ മാഷ് ആകുമ്പോൾ ഒരു തഞ്ചത്തിലൊക്കെ പറഞ്ഞോളും..”

“അതു ശരിയാണെന്ന് ശ്രീക്കും തോന്നി..”

അവൻ ചാടിയെഴുന്നേറ്റു…”എന്നാ നീയും വാ ഫൈസി…”

രണ്ടു പേരും കൂടി ശ്രീയുടെ ബുള്ളറ്റിൽ ബാലൻ മാഷിന്റെ വീട്ടിൽ ചെന്ന് നിന്നു…

സമയം ഏഴരയോട് അടുത്തിരുന്നു…

ബാലൻ മാഷിനോട് ശ്രീ കാര്യങ്ങളൊക്കെ പറഞ്ഞു…ശ്രീധരേട്ടന്റെ അടുത്തും അച്ഛന്റെ അടുത്തും സംസാരിച്ചു സമ്മതിപ്പിക്കണം എന്നതുൾപ്പടെ…

“നമുക്ക് ശ്രമിക്കാം…”ബാലൻ മാഷ് ആലോചനയോടെ പറഞ്ഞു…

“ആദ്യം ഞാൻ ശ്രീധരനോടൊന്നു സംസാരിക്കാം…അവനു എന്താ പറയാനുള്ളതെന്നറിയണ്മല്ലോ…”

ബാലൻ മാഷ് ഫോണെടുത്തു ശ്രീധരേട്ട നെ വിളിച്ചു ഇങ്ങോട്ട് ഒന്ന് വരാനും സേതുവിനെ കൂടി കൂട്ടിക്കൊള്ളാനും ആവശ്യപ്പെട്ടു…

എട്ടുമണിയാകും മുൻപ് തന്നെ ശ്രീധരേട്ടൻ എത്തി…സേതുവും ഒപ്പം ഉണ്ടായിരുന്നു..

സിറ്റ് ഔട്ട് കടന്നു അകത്തേക്ക് കയറിയപ്പോഴാണ് അകത്തെ മുറിയിൽ ശ്രീയും ഫൈസിയും ഇരിക്കുന്നതവർ കണ്ടത്…

ശ്രീയെ കണ്ടതും സേതുവിന്റെ മിഴികൾ നിറഞ്ഞു..

കരച്ചിൽ പുറത്തുകേൾക്കാതിരിക്കാനായി അവൾ വേഗം ദാവണിതുമ്പു കൊണ്ടു വായ് പൊത്തി അടുക്കളയിൽ ടീച്ചറമ്മയുടെ അടുത്തേക്കോടി…

ശ്രീ ചാടിയെഴുന്നേറ്റു അവളുടെ അടുത്തേക്ക് നടന്നു..

“ശ്രീ എവിടെ പോകുന്നു..അവിടിരിക്കൂ…”ശ്രീധരേട്ടൻ പറഞ്ഞു…

“അല്ല..അവൾ…”ശ്രീ ഇടക്കുവെച്ചു നിർത്തി…

അവനെന്തോ തലക്ക് വല്ലാത്ത ഭാരം പോലെ തോന്നി…എന്തൊക്കെയോ തലക്ക് മീതെ വട്ടമിട്ടു കൊത്തിപ്പറിക്കും പോലെ…

“എന്തുവാ..ശ്രീ ഇത്…??നിനക്ക് സ്ഥലകാലബോധവും നഷ്ടപ്പെട്ടോ..”?ഫൈസി അവന്റെ അടുത്തു ചെന്നു നിന്നു കൊണ്ടു ചോദിച്ചു..

എന്നിട്ടവനെ തിരിച്ചു കൊണ്ടു വന്നു ഇരുന്നിടത്തിരുത്തി…

ശ്രീ താഴേക്കു നോക്കിയിരുന്നു…

ബാലൻ മാഷ് കാര്യങ്ങൾ ശ്രീധരനോട് സംസാരിച്ചു…ശേഷം ശ്രീധരൻ മറുപടി പറയൂ എന്നു പറഞ്ഞു മറുപടിക്കായി കാത്തു..

“എനിക്ക് ശ്രീയോടാണ് സംസാരിക്കാനുള്ളത്…ഇത് എനിക്ക് സമ്മതമല്ല…

ഞാൻ വളരെയേറെ ബഹുമാനിക്കുന്ന ഒരു വ്യക്തിയാണ് ശ്രീയുടെ അച്ഛൻ സേതുമാധവൻ മാഷ്..അദ്ദേഹത്തിനെ വിഷമിപ്പിച്ചു കൊണ്ട് എനിക്കൊന്നിനും സാധ്യമല്ല…

മാത്രമല്ല എനിക്ക് കൊടുത്ത വാക്ക് മാറാനും പറ്റില്ല…ഇനി നിങ്ങളുടെ വിവാഹം നടന്നാലോ..ശിവനുള്ളടത്തോളം കാലം നിങ്ങൾക്ക് സ്വസ്ഥമായി ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നുണ്ടോ…

ശിവന്റെ ഒച്ചയും വഴക്കും ബഹളവുമൊക്കെ ഞങ്ങൾക്ക് പരിചയമാ..ശ്രീക്ക് ഇങ്ങനെയുള്ള വഴക്കൊക്കെ കേട്ടുകേൾവി മാത്രമായിരിക്കും…

നല്ലൊരു കുടുംബമല്ലേ അത്…അത് നശിപ്പിക്കണ്ടാ…അതുകൊണ്ടു എനിക്ക് സമ്മതമല്ല…”

“അവൾക്കെന്താ പറയാനുള്ളതെന്നും കൂടി എനിക്കറിയണം…” ശ്രീ വാശിയോടെ പറഞ്ഞു..

അടുക്കളയിൽ നിന്നു കൊണ്ടു ടീച്ചറമ്മയുടെ ഒപ്പം എല്ലാം കേൾക്കുന്നുണ്ടായിരുന്നു സേതു…

“ഇപ്പോൾ താൻ അങ്ങോട്ട് വിളിക്കപ്പെടും..”അവളോർത്തു…

ബാലൻ മാഷ് അവളെ വിളിച്ചു…

°°°”ശിവനെ തഴഞ്ഞു നീ അവന്റെ ഒപ്പം ഒന്നിച്ചു ജീവിക്കുമെന്നു കരുതണ്ട…വെട്ടിനുറുക്കിയിടും ഞാൻ അവനെ…ഓർത്തോ…”°°°°°ശിവൻ പറഞ്ഞ വാക്കുകൾ സേതുവിന്റെ തലയിൽ വന്നു പൊട്ടിചിതറി…

“സേതു…”ബാലൻ മാഷ് വിളിച്ചു…

സേതു ഭാരമേറിയ കാൽപാദങ്ങളോടെ അങ്ങോട്ടു ചെന്നു…

“നിനക്കെന്താ…ഈ കാര്യത്തിൽ പറയാനുള്ളത്…”??

സേതു ഒരു നിമിഷം കണ്ണുകളടച്ചു നിന്നു…

മനസ്സിൽ ശ്രീയുടെ മുഖം നിറഞ്ഞു വന്നു..

—–എവിടെയാണെങ്കിലും ശ്രീയേട്ടന് ആപത്തൊന്നും ഇല്ലാതിരുന്നാൽ മതി..വല്ലപ്പോഴുമെങ്കിലും…ദൂരെ നിന്നാണെങ്കിലും തനിക്കു ഒരു നോക്കു കണ്ടാൽ മതി…ശ്രീയേട്ടന് ആപത്ത് വരുത്തിയിട്ട് …ആ കുടുംബത്തിന്റെ സന്തോഷം കെടുത്തിയിട്ട് തനിക്കൊരു ജീവിതം വേണ്ടാ…”—–

“സേതു..നീയൊന്നും പറഞ്ഞില്ല…”ബാലൻ മാഷിന്റെ ശബ്ദമുയർന്നു…

സേതു എല്ലാവരെയും ഒന്നു നോക്കി…ശ്രീയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവളൊന്നു വിതുമ്മി പോയി…

ആ മിഴികളും നിറഞ്ഞിരിക്കുന്നത് അവളെ കൂടുതൽ സങ്കടത്തിൽ ആഴ്ത്തി…

എങ്കിലും പതറാതെ..ദൂരെ എവിടേക്കോ നോക്കി പറഞ്ഞു..

“അച്ഛ പറയുന്നപോലെ…അച്ഛയുടെ ഇഷ്ടമാണ്…എന്റേതും…”

“സേതു….നീ വെറുതെ പറയുവാ…എന്തിനാടീ …സത്യം പറ… നീയാരെയാ പേടിക്കുന്നെ…ആരും ഒന്നും ചെയ്യില്ല…”

“അല്ലെങ്കിൽ വേണ്ട…ഇനിയൊന്നും നോക്കാനില്ല…വാ..പോര് എന്റെ കൂടെ..” ശ്രീ എഴുന്നേറ്റു ചെന്നു അവളുടെ കൈത്തണ്ടയിൽ പിടിച്ചു…

“വേണ്ട…ശ്രീയേട്ട…വേണ്ട…എനിക്ക് സമ്മതമല്ല..”അവൾ ആ കൈ വിടുവിച്ചു…

“നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ലേ…???എന്റെ മോൾക്ക് നിന്നെ വേണ്ടെങ്കിൽ പിന്നെ നീയെന്തിനാ അവളെ ശല്യപ്പെടുത്തുന്നെ..” ശ്രീധരേട്ടൻ എഴുന്നേറ്റ് ശ്രീയുടെ മുന്നിലേക്ക് ചെന്നു…

ശ്രീ അയാളെ ക്രുദ്ധനായി നോക്കി…

സംഗതി കുളമാകും എന്നു തോന്നിയതിനാൽ ഫൈസി ചെന്നു ശ്രീയെ വലിച്ചു കൊണ്ടു പുറത്തേക്കു പോയി..

കൊടുങ്കാറ്റ് പോകുന്ന പോലെ ഫൈസിയുടെ പിടി വിടുവിച്ചു കൊണ്ടു അവൻ പോയി ബുള്ളറ്റിലിരുന്നു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
നിശ്ചയ തലേന്ന്…

ഫൈസി ശ്രീയുടെ അടുത്തു തന്നെയുണ്ടായിരുന്നു…

രണ്ടുപേരും കൂടി ശ്രീയുടെ വീട്ടിൽ അവന്റെ മുറിയിലായിരുന്നു…

“ശ്രീ…നീയിങ്ങനെ വിഷമിക്കാതെ…നമ്മൾ ആവുന്ന പോലെ ശ്രമിച്ചില്ലേ… അവളല്ലേ വേണ്ടെന്നു പറഞ്ഞത്…”

“നിനക്കു തോന്നുന്നുണ്ടോ ഫൈസി അവളത് സ്വന്തമിഷ്ടപ്രകാരം പറഞ്ഞതാണെന്നു…അവളെ കൊണ്ട് പറയിപ്പിച്ചതാ…അങ്ങേരോരു നല്ല മനുഷ്യനാന്നാ ഞാൻ വിചാരിച്ചിരുന്നെ…ഇതിപ്പോ എന്താണ് ഇയാളിങ്ങനെ ചെയ്യുന്നത്…ശിവനെ പേടിച്ചിട്ടാണോ…”?

“ചില കാർന്നോന്മാർക്ക് മക്കൾ കല്യാണം കഴിഞ്ഞു വൃത്തിക്ക് ജീവിച്ചില്ലേലും കുഴപ്പമില്ല ചത്താലും കുഴപ്പമില്ല…പക്ഷെ അവർ സ്വന്തമായി ഒരാളെ കണ്ടെത്തിയത് അംഗീകരിക്കാൻ പറ്റില്ല…അതെത്ര നല്ല ബന്ധമാണെങ്കിലും…ഇവളുടെ തന്തപ്പടി അങ്ങനൊരുത്തൻ ആണെന്ന് തോന്നുന്നു…”ഫൈസി തന്റെ വിദ്വേഷം
മറച്ചു വെച്ചില്ല…

ശ്രീ കണ്ണുകളടച്ചു കിടന്നു…

സുമംഗലാമ്മ അറിയുന്നുണ്ടായിരുന്നു…എല്ലാം…
മകന്റെ സങ്കടം അവരെയും വിഷമിപ്പിച്ചു…മനസ്സിൽ മുഴുവൻ പ്രാർത്ഥനയുമായി നടക്കുകയായിരുന്നു അവരും…

ഫൈസിയോട് ഇന്നിവിടെ തന്നെ കൂടൂ എന്നു സുമംഗല പറഞ്ഞു..

രാത്രി ഭക്ഷണം പോലും കഴിക്കാതെ ശ്രീ കിടന്നു…അവൻ കഴിക്കാതിരുന്നത് കൊണ്ടു ഫൈസിയും കഴിച്ചില്ല…

അവൻ ശ്രീയോടൊപ്പം ആ കൂടെ കയറിക്കിടന്നു…

അപ്പോഴാണ് മുൻവശത്ത് ആരോ വന്നത്…സുമംഗലാമ്മ പോയി വാതിൽ തുറന്നപ്പോൾ ഡേവിച്ചൻ…

അവനും ശ്രീയുടെ മുറിയിലേക്ക് വന്നു കിടന്നു…

മുഖഭാവത്തിൽ നിന്നും എല്ലാം അറിഞ്ഞ മട്ടുണ്ടായിരുന്നു…

“ജാൻസി പറയേണ്ടി വന്നു …എല്ലാമറിയാൻ…കൂട്ടുകാരാണ് പോലും…കൂട്ടുകാർ..”അവൻ പരിഭവത്തോടെ പറഞ്ഞു…

“ഡാ.. അതു നീ സമ്മതിക്കില്ലെന്നോർത്തു….ഇടക്കെപ്പോഴോ ഇങ്ങനെയൊക്കെ ആയിപ്പോയി….അല്ലാതെ ശ്രീ മനഃപൂർമല്ല…”ഫൈസി പറഞ്ഞു..

ശ്രീ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് കൊണ്ടു തന്നെ മറ്റു രണ്ടുപേരും ഉറങ്ങിയിട്ടുണ്ടായിരുന്നില്ല…

ഇടയ്ക്കെപ്പോഴോ അവർ ഉറങ്ങിപ്പോയി…

എന്തോ ഒച്ച കേട്ട് ഫൈസി കണ്ണുതുറന്നപ്പോഴാണ് കിടക്കയിൽ ശ്രീ ഇല്ലെന്നു മനസിലായത്…

സമയം നോക്കിയപ്പോൾ രാത്രി ഒന്നേമുക്കാൽ കഴിഞ്ഞിരിക്കുന്നു…

അവൻ ഡേവിച്ചനെയും വിളിച്ചു ചാടി പുറത്തിറങ്ങിയപ്പോൾ കണ്ടു അച്ഛന്റെ സ്കൂട്ടർ സ്റ്റാർട്ട് ചെയ്യുന്ന ശ്രീയെ….

“നീയിത് എവിടെ പോകുന്നു..”ഫൈസിയാണ് ചോദിച്ചത്…

“അവളെ കാണാൻ”…

“നടക്കത്തില്ല…ഞങ്ങൾ സമ്മതിക്കില്ല…”

“ഞാൻ പോകാതിരിക്കണമെങ്കിൽ നീയെന്നെ കൊല്ലണം ഫൈസി…”

ശ്രീയുടെ പറച്ചിൽ കേട്ടു ഫൈസി അവന്റടുത്തേക്കു ചെന്നു…

“എന്നാൽ മാറു…ഞാൻ എടുക്കാം വണ്ടി…”

ശ്രീ പുറകിലേക്കിരുന്നു…

“അങ്ങോട്ടു കുറച്ചു നീങ്ങിയിരിയെടാ…”
ഡേവിച്ചനും കയറിപ്പറ്റി…

ഇടവഴി തിരിഞ്ഞു ഒതുക്കുകല്ലിന്റെ സൈഡിൽ സ്‌കൂട്ടർ വെച്ചു…

ഇടതൂർന്ന ചെമ്പരത്തി വേലിയുടെ നിഴൽ പറ്റി ഒതുക്കുകല്ലിന്റെ ഇരുവശവും കൂട്ടുകാർ രണ്ടു പേരും നിന്നു…

ശ്രീ വേലിക്കകത്തെക്കു കടന്നു…അവളുടെ മുറി അവനു അറിയാമായിരുന്നു…അതിന്റെ ജനലിങ്കൽ ചെന്നു അവൻ പതിയെ മുട്ടി…

സേതു ഉറങ്ങിയിട്ടുണ്ടായിരുന്നില്ല..

ആദ്യം ശബ്ദം കേട്ടപ്പോൾ തനിക്കു തോന്നിയതാവും എന്നാണ് സേതു കരുതിയത്…

എന്നാൽ രണ്ടാമത് ജനലിലുള്ള മുട്ടലിനൊപ്പം അവന്റെ സേതുന്നുള്ള വിളിയും കേട്ടപ്പോൾ അവൾ ഞെട്ടിപ്പിടഞ്ഞെഴുന്നേറ്റു….

“സേതു…നീയൊന്നു ജനൽ തുറക്ക്…”വീണ്ടും ശ്രീയുടെ ശബ്ദം…

അവൾ അമ്മയെ ഒന്നു നോക്കിയ ശേഷം ജനൽ തുറന്നു…

“സേതു…”ശ്രീ ജനലഴികൾക്കിടയിലൂടെ കൈ നീട്ടി…

“ശ്രീയേട്ട….”ആ കൈകളിൽ പിടിക്കാതിരിക്കാൻ അവൾക്കാകുമായിരുന്നില്ല….

“ഇറങ്ങി വാ…നമുക്ക് പോകാം..എന്റെ വീട്ടിലേക്കു…”ശ്രീ ആ കൈകൾ തന്റെ ചുണ്ടോട് ചേർത്തു…

“എനിക്ക് കഴിയില്ല…ശ്രീയേട്ടൻ പൊയ്ക്കോ…”അവൾ കരഞ്ഞു…

“നീ വരും…ഞാൻ കൊണ്ടുപോകും…നീ വാതിൽ തുറക്ക്…”

“ഇല്ല…ശ്രീയേട്ട…എന്റെ അമ്മയെ മറന്നു എനിക്ക് വരാൻ കഴിയില്ല…ഞാൻ അങ്ങനെ ചെയ്താൽ അയാൾ എന്റമ്മയെ കൊല്ലും..”അവൾ ശ്രീയുടെ മുഖത്തു തടവിക്കൊണ്ടു പറഞ്ഞു…

“ചെല്ലൂ… എന്റെ ശ്രീയേട്ടനല്ലേ…ഈ ജന്മം വിധിച്ചിട്ടില്ലാന്ന് സമാധാനിക്കാം നമുക്ക് രണ്ടാൾക്കും….”

“സേതു…”

ജനലഴികളിൽ മുഖം ചേർത്തിരുന്നു കരഞ്ഞു ഇരുവരും…

“പൊയ്ക്കോ…ശിവേട്ടന്റെ ആൾക്കാർ ഉണ്ടിവിടെ…”

അവൾ ഒരിക്കൽ കൂടി ശ്രീയുടെ മുഖം തടവി..

മുഖം കൊണ്ടു യാത്ര പറഞ്ഞു..ജനലഴികളിലുള്ള അവന്റെ പിടി വിടുവിച്ചു…

ഹൃദയം നുറുങ്ങുന്ന വേദനയോടെ ആ നിറഞ്ഞു തൂവിയ കണ്ണുകൾ കണ്ടില്ലെന്നു നടിച്ചു ആ ജനൽ അടച്ചു..

അലച്ചുതല്ലി കിടക്കയിലേക്ക് വീണവൾ പൊട്ടിക്കരഞ്ഞു…

വേച്ചു നടന്നു നീങ്ങിയ ശ്രീയെ ഫൈസി വന്നു ചേർത്തു പിടിച്ചു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പിറ്റേദിവസം പതിനൊന്നു മണിയായപ്പോൾ ഫ്രിഡ്ജിൽ നിന്നു വെള്ളമെടുത്തു കുടിക്കാൻ വന്ന ശ്രീ അടുക്കളപ്പുറത്ത് ആരുടെയോ ശബ്ദം കേട്ടു അങ്ങോട്ടു ശ്രദ്ധിച്ചു…

ഗീതേച്ചിയാണ്…

അമ്മയോട് എന്തോ പതിയെ സംസാരിക്കുന്നു…

“സുമേച്ചി…ഞാനിപ്പോ സാവിത്രി ടീച്ചറെ വിളിച്ചാരുന്നു….കഴിഞ്ഞു…പത്തര ക്കായിരുന്നു…”

“മോതിരമാറ്റം കഴിഞ്ഞു സേതുവിന്റെ… ശിവനുമായി…”

കാത്തിരിക്കുമല്ലോ😍

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16

ശ്രീയേട്ടൻ… B-Tech : PART 17

ശ്രീയേട്ടൻ… B-Tech : PART 18

ശ്രീയേട്ടൻ… B-Tech : PART 19

ശ്രീയേട്ടൻ… B-Tech : PART 20

ശ്രീയേട്ടൻ… B-Tech : PART 21