Wednesday, September 18, 2024
Novel

ശ്രീയേട്ടൻ… B-Tech : ഭാഗം 23

നോവൽ
എഴുത്തുകാരി: ദിവ്യ കഷ്യപ്പ്‌

ദിവസങ്ങൾ കൊഴിഞ്ഞു പോയി…നിശ്ചയം കഴിഞ്ഞിട്ട് നാലഞ്ചു ദിവസം കഴിഞ്ഞു… ശ്രീക്ക് വീടിനു പുറത്തിറങ്ങാൻ പോലും തോന്നിയില്ല… രാവിലെ പാല് കൊണ്ടുക്കൊടുക്കാൻ സൊസൈറ്റിയിൽ പോകും…അതു മാത്രമാണ് ആകെയുള്ള പുറത്തേക്കു പോക്ക്…

കോച്ചിങ് സെന്ററിൽ നിന്നു അവൻ രണ്ടാഴ്ചത്തേക്ക് ലീവ് മേടിച്ചിരുന്നു..

ഒരു ദിവസം പതിവുപോലെ പുലർച്ചെ ആറു മണിയായപ്പോൾ പാൽ കൊടുക്കുന്ന ക്യാൻ എടുക്കാൻ അടുക്കള പുറത്തേക്കിറങ്ങിയതാണ് അവൻ…

പുറത്ത് അരണ്ട വെളിച്ചത്തിൽ നിന്ന് അവനെ നോക്കിച്ചിരിച്ച ആളെ കണ്ടു ആദ്യം അവനൊന്നു അമ്പരന്നു…

“മധുവേട്ടൻ..”ഗീതേച്ചിയുടെ ഭർത്താവ്…പട്ടാളക്കാരൻ…

“ഇതെന്താ..മധുവേട്ട…ഒരു മുന്നറിയിപ്പുമില്ലാതെ…ഗീതേച്ചി ഒന്നും പറഞ്ഞില്ലല്ലോ…ഇതെപ്പോ ലാൻഡ് ചെയ്തു…”ശ്രീ തിരക്കി…

“ഇന്നലെ രാത്രി ഒരു പന്ത്രണ്ട് മണി കഴിഞ്ഞു കാണും ശ്രീ… എത്തിയപ്പോ…ശ്രീമതിയോട് പറഞ്ഞില്ലായിരുന്നു…അവൾക്കു ഒരു സർപ്രൈസ് ആകട്ടെന്നു കരുതി…ഹ..ഹാ..”മധു ചിരിച്ചു കൊണ്ട് പറഞ്ഞു..

“മ്ഹ്…നീ പാല് കൊടുക്കാനിറങ്ങുകയല്ലേ…ഞാനും ഉണ്ട്…എത്രയായി ഈ നാടിന്റെ മണം ഒന്നു നുകർന്നിട്ട്…”മധു ശ്രീയുടെ വണ്ടിയുടെ പുറകിലേക്ക് കയറി…

പോകും വഴി മൊത്തം മധു വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നു…

ശ്രീ വെറുതെ മൂളിക്കെട്ടു…

തിരിച്ചു വരും വഴി മധു പറഞ്ഞു..

“എടൊ ശ്രീ…അപ്പുറത്തെ കരയിലേക്ക് വിട്… എനിക്കൊന്നു മഹാദേവനെ തൊഴണം…”

സേതുവിന്റെ മോതിരം മാറ്റം കഴിഞ്ഞ ശേഷം ശ്രീ ആ നടയിലേക് പോയിരുന്നില്ല…

മധുവിന്റെ പറച്ചിൽ കേട്ടതും ശ്രീയുടെ നെഞ്ചിൽ ഒരു കൊളുത്തു വീണു…

°°°°ആ…ആ പടവുകൾ ഇനി കാണാൻ വയ്യ…ആ പടവിൽ നിന്നു തന്റെ മനസ്സിലേക്ക് ചേക്കേറിയ മയിൽപ്പീലി പച്ച പട്ടുപാവാടക്കാരി ഇന്ന് മറ്റൊരുവനാൽ മോതിരം ചാർത്തപ്പെട്ടു തനിക്കു അന്യമായിരിക്കുന്നു…

ഇനിയും ആ പടവുകൾ…നോവ്‌ മാത്രമേ പകർന്നു തരൂ…ഈ ജന്മം വിധിച്ചിട്ടില്ലാത്ത ആ പ്രണയത്തെ സ്മരിപ്പിക്കുന്ന ഒന്നും തന്നെ ഈ കണ്മുന്നിൽ ഇനി കാണുവാനുള്ള കഴിവില്ല…എന്നും തങ്ങളുടെ പ്രണയത്തിന് കൂട്ടായി നിന്നിരുന്ന ആ മഴ പോലും…

മഴ തുടങ്ങാൻ ഒരുക്കം കൂട്ടി കാർമേഘങ്ങൾ ഉരുണ്ടു കൂടുമ്പോൾ …..അതിലും വലിയ സങ്കടക്കടൽ ആണ് ഈ മനസിലേക്ക് ഉരുണ്ടു കയറി വരുന്നത്….മഴ ഇല്ലാതെ അവളെയോ…

അവൾ ഇല്ലാതെ മഴയെയോ അവനു തനിച്ചു കാണാൻ കഴിയില്ലായിരുന്നു…..ഇത്രമേൽ ആഴത്തിൽ ഇറങ്ങിയൊരീ സങ്കടം താങ്ങാനാവുന്നില്ലല്ലോ ന്റെ… മഹാദേവ….°°°°

ശ്രീക്ക് കഠിനമായ വേദന തോന്നി…എങ്കിലും മധു പറഞ്ഞതു കൊണ്ടു അവൻ ബുള്ളറ്റ് അങ്ങോട്ട് വിട്ടു…

തൊഴുതിറങ്ങി ആ പടവിൽ ഇരുന്നു രണ്ടാളും…

“ശ്രീ…എല്ലാം ഞാനറിഞ്ഞു…ഗീത എന്നോട് എല്ലാം പറയുന്നുണ്ടായിരുന്നു…ഇന്നലെ രാത്രി അത് പറഞ്ഞു തീർത്തു ..മോതിരം മാറ്റം കഴിഞ്ഞത് വരെ…വിഷമിക്കരുത് എന്നു പറയുന്നില്ല…Take your own time…to overcome…..”മധുവേട്ടൻ തോളിൽ തട്ടി…

ശ്രീ ഒരു വിഷാദ ചിരിയോടെ എഴുന്നേറ്റു..

“ഇതും ഒരു സുഖം ആണ് മധുവേട്ട…പ്രണയനഷ്ടം അറിഞ്ഞവർ മാത്രം അനുഭവിക്കുന്ന ഒരു പേരറിയാത്ത സുഖം…

പക്ഷെ ചിലപ്പോഴൊക്കെ നെഞ്ചിൽ തുളച്ചു കയറി അങ്ങു ആഴത്തിലേക്ക് കുത്തിയിറക്കുന്ന ഒരു വേദന വരും…നല്ല അരമുള്ള കത്തി കൊണ്ടു കുത്തിമുറിക്കുന്ന പോലെ…സഹിക്കാൻ പറ്റില്ല…..

മധുവേട്ട അത്…പ്രാണൻ പോകും….ഒരാശ്വാസത്തിനായി നമ്മൾ അപ്പോൾ പലതും പരതും…പക്ഷെ ഇരുവരും ഒന്നിച്ചുണ്ടായിരുന്ന ഏതെങ്കിലും ഒരു നിമിഷത്തിന്റെ ഓർമയ്ക്ക് മാത്രമേ ആ മുറിവിനു ഒരു ആശ്വാസമേകാൻ പറ്റൂ…

അപ്പോൾ നമ്മൾ അറിയാതെ നമ്മുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടരും…പിന്നീട് അത് ഒരു ഓർമ മാത്രമായിരുന്നു എന്നു തിരിച്ചറിയുന്ന നിമിഷം വീണ്ടും ആദ്യത്തെ ആ കത്തിയിറക്കിയ വേദന തിരികെ വരും…..ഇപ്പൊ എന്റെ ദിവസങ്ങൾ മിക്കവാറും ഇങ്ങനെയാ മധുവെട്ടാ….”

“ശ്രീ…നീ റിലാക്സ് ചെയ്യൂ..നീ ശ്രമിക്കാഞ്ഞിട്ടല്ലല്ലോ…ദൈവവിധി ഇതാണെന്നു വിചാരിക്ക്…”

ശ്രീ ഒരു ദീർഘനിശ്വാസം ഉതിർത്തു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

ദിവസങ്ങൾ ഒന്നു രണ്ടു വീണ്ടും കഴിഞ്ഞു പോയി…

പുഴക്കരയിലെ psc കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ വായനശാലയിൽ ശ്രീ റിവിഷൻ നടത്തിക്കൊടുക്കുന്നുണ്ടായിരുന്നു…

ജാൻസിയും വരാറുണ്ടായിരുന്നു ക്ലാസ്സിൽ…

ഒരുദിവസം ശ്രീ ജാൻസിയോട് സേതുവിനെ വിളിച്ചു നന്നായി പഠിക്കണമെന്ന് പറയണം എന്ന് പറഞ്ഞു…

സേതുവിനെ ഒന്നു കാണണമെന്ന് ആശിച്ച ജാൻസി പിറ്റേദിവസം അവളെ കാണാൻ എത്തി..

പടിക്കണമെന്നും റാങ്ക്ലിസ്റ്റിൽ കയറിപ്പറ്റണമെന്നും ജോലി കരസ്ഥമാക്കണമെന്നുമൊക്കെ അവൾ സേതുവിനോട് പറഞ്ഞു…

മനപൂർവം തന്നെ ശ്രീയുടെ പേര് ജാൻസി മിണ്ടിയതേയില്ല….

തിരിച്ചുപോകാനിറങ്ങിയ ജാൻസി യുടെ ഒപ്പം ഒതുക്കു കല്ലു വരെ സേതു ചെന്നു…

പിന്തിരിഞ്ഞു നടന്ന ജാൻസിയുടെ തോളിലേക്കു…. “എന്റെ ശ്രീയേട്ടന് സുഖമല്ലേ….ജാൻസി…”

എന്നു ചോദിച്ചുകൊണ്ട് പൊട്ടിക്കരഞ്ഞു വീണ സേതുവിനെ ആശ്വസിപ്പിക്കാൻ ജാൻസിക്കു നന്നേ പാടു പെടേണ്ടി വന്നു…അവളുടെ മിഴികളും ഒരു വേള ഈറനായി മാറിയിരുന്നു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

“ഇതൊരു നല്ല ലക്ഷണമാണ് ശ്രീധരാ…നമുക്ക് പ്രതീക്ഷക്ക് വകയുണ്ട്…”

ഭാനുമതിയുടെ വലതു കൈക്ക് നേരിയ സ്വാധീനം ലഭിച്ചു…. അവർ സംസാരിക്കാൻ തുടങ്ങി… എന്നറിഞ്ഞു അവരെ കാണാനെത്തിയതായിരുന്നു അവരുടെ വൈദ്യർ…

“ഞാൻ മറ്റു ചില മരുന്നുകൾ കൂടി തരാം..ഇടക്കൊരു തളവും ധാരയും കൂടിയൊക്കെ ചെയ്യുമ്പോൾ നാഡീഞരമ്പുകൾ ഒന്നുകൂടി ഉത്തേജിക്കപ്പെടും…

തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിക്കും…ആള് എഴുന്നേൽക്കും…എനിക്കുറപ്പാ…”വൈദ്യർ ചിരിച്ചു കൊണ്ട് സേതു കൊടുത്ത ചായ ഊതിക്കുടിച്ചു..

“പിന്നെ…മറ്റൊരു കാര്യം…..എല്ലാം മോളൂട്ടി വേണ്ടത് പോലെ ചെയ്തത് കൊണ്ടാട്ടോ…ഒക്കെ ഞാൻ പറയണ പോലെ അക്ഷരം പ്രതി അനുസരിച്ചു ചെയ്തു ന്റെ കുട്ടി…

അതൊണ്ടല്ലേ ഈ സന്തോഷംണ്ടായെ…”അയാൾ സേതുവിനെ നോക്കി വാത്സല്യത്തോടെ ചിരിച്ചു….

“അപ്പോൾ ഞാനിറങ്ങുവാ..മരുന്നു തുടർന്നോളൂ….ഒന്നും മറക്കണ്ടാ…ഇടക്ക് ഞാൻ വിളിച്ചോളാം..”

വൈദ്യർ ഇറങ്ങി…ഒപ്പം ശ്രീധരേട്ടനും…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

വൈകിട്ട് ചായ കുടിച്ചുകൊണ്ടിരിക്കുകയായിരുന്നു മാധവൻ മാഷും സുമംഗലാമ്മയും കൂടി..

മാധവൻ മാഷിന്റെ റെസ്റ്റിങ് പീരിയഡ് ഒക്കെ കഴിഞ്ഞു…ആൾ കുറച്ചു ഓക്കെ ആയി…പഴയതിലും ഉഷാറായി…

സെപ്റ്റംബർ മുതൽ ഉസ്കൂളിൽ പോയി തുടങ്ങാം എന്നു വിചാരിക്കുന്നു…

“ശ്രീ എവിടെടോ..”അയാൾ ഭാര്യയോട് ചോദിച്ചു…

“കിടക്കുന്നു…”

“എന്തു പറ്റി അവനു…കുറച്ചു ദിവസമായി ഒരു മിണ്ടാട്ടം…ചിരിയും കളിയുമൊന്നുമില്ലല്ലോ…”

സുമംഗല വാടിയ ഒരു ചിരി ചിരിച്ചു…

അമ്മേം മോനും കൂടി എന്നിൽ നിന്നെന്തോ ഒളിക്കുന്നുണ്ടല്ലോ…ന്താത്..”?

“ഒന്നൂല്യ മാധവേട്ട…”

“ആയിക്കോട്ടെ…ഇപ്പൊ പറയണ്ട നീ..രണ്ടീസം കഴിഞ്ഞു പറഞ്ഞാൽ മതി…”

സുമംഗലയും അതു തന്നെ വിചാരിച്ചിരിക്കുകയായിരുന്നു…

തന്റെ കണ്ണന്റെ വേദന തനിക്ക് ഒറ്റക്ക് താങ്ങാൻ പറ്റുന്നില്ല…മാധവേട്ടനോട് പറഞ്ഞാൽ ചിലപ്പോൾ കുറച്ചാശ്വാസം കിട്ടും…

തന്നെമല്ല 29ആം തീയതിക്ക് മുൻപ് എന്തെങ്കിലുമൊരു അത്ഭുതം നടന്നു തന്റെ കുഞ്ഞിന്റെ പ്രാണനെ അവനു തന്നെ കിട്ടുകയാണെങ്കിൽ…..

മാധവേട്ടനോട് അതേക്കുറിച്ചു പറഞ്ഞാൽ…ചിലപ്പോൾ എന്തെങ്കിലും ഒരു വഴി കണ്ടെത്തിയാലോ…

സേതുവിന്റെ അച്ഛനോട് പറഞ്ഞു സമ്മതിപ്പിക്കുകയോ മറ്റോ…ഇങ്ങനെ എന്തെല്ലാമോ ഒക്കെയോ ആ ‘അമ്മ ആശിച്ചു പോയി…

ചായ കുടി കഴിഞ്ഞു മാധവൻ മാഷ് ശ്രീയുടെ മുറിയിലേക്ക് ചെന്നു…

അവൻ ഉറങ്ങുകയായിരുന്നു…

മാഷ് മകനെയൊന്നു നോക്കി…

ആ ഉറക്കത്തിലും മുഖത്തു എന്തൊക്കെയോ വിഷാദഭാവങ്ങൾ…ഷേവ് ചെയ്തിട്ട് കുറച്ചു ദിവസമായെന്നു തോന്നും കണ്ടാൽ…മുടിയും താടിയുമൊക്കെ വളർന്നിട്ടുണ്ട് കുറച്ച്…

അദ്ദേഹം അവന്റെ അടുത്ത് കട്ടിലിൽ ഇരുന്നു…ആ മുടിയിഴകളിൽ ഒന്നു തലോടി….

“ശ്രീ…”മാഷ് മെല്ലെ വിളിച്ചു…

ശ്രീ കണ്ണു തുറന്നു…”അയ്യോ.. അച്ഛനോ…”
അവൻ ചാടി എഴുന്നേറ്റു…

“എന്താടാ..എപ്പോഴും ഒരു കിടപ്പ്…മടി പിടിച്ചു തുടങ്ങിയോ…”

“ഏയ്… ചുമ്മാ കിടന്നതാ…”

“ലക്ഷ്യം മറക്കരുത് കേട്ടോ…ടൈം വേസ്റ്റ് ആക്കരുത്…ഒരു ജോലിക്കു വേണ്ടി പരിശ്രമിക്കുക…ഇപ്പൊ ഇൻകം ഒക്കെ ഉണ്ടാകും ..

പക്ഷെ അതല്ല നമ്മുടെ ഫീൽഡ്…ഞാൻ ഉഷാറായി.. …സെപ്റ്റംബറിൽ ജോയിൻ ചെയ്യും…ഇനി നാല് വർഷം കൂടി ഉണ്ടെനിക്ക്…റിട്ടയർമെന്റ്റിന്….അതിനുള്ളിൽ നീ എവിടെങ്കിലും കയറണം…എന്റൊരു ആഗ്രഹമാണ്ത്…”

“നോക്കുന്നുണ്ടച്ചാ…”

“ഉം..ശരി…”മാധവൻ മാഷ് അവന്റെ തോളിലൊന്നു തട്ടിയിട്ട് മെല്ലെ മുറിവിട്ടിറങ്ങി…

💢💢💢

ശ്രീ ഒന്നു മുഖം കഴുകിയിട്ടു വന്നു കംപ്യൂട്ടറിന്റെ മുന്നിലിരുന്നു..

മെയിൽസ് ചെക്ക് ചെയ്തു കോണ്ടിരുന്നപ്പോഴാണ് അത് കണ്ടത്…

മുൻപ് പ്രോജക്ട് ചെയ്‌ത കമ്പനിയിൽ നിന്നും ഉള്ള ഒരു കോൾ ലെറ്റർ….
പ്രോജക്ട് ചെയ്യുന്ന സമയത്ത് തന്നെ ശ്രീയിൽ അവർക്ക് ഒത്തിരി മതിപ്പു തോന്നിയിരുന്നതാണ്….

റിസൾട്ട് വന്നു കഴിഞ്ഞപ്പോൾ അവൻ അവിടേക്ക് തന്റെ ബയോഡാറ്റ മെയിൽ ചെയ്തിരുന്നു…

പക്ഷെ കമ്പനിയുടെ ഷെയറുമായി ബന്ധപ്പെട്ടു ഒരു കേസ് നിലവിൽ വന്നതിനാൽ കമ്പനി പുതിയ അപ്പോയിൻമെന്റ്‌സ് ഒന്നും നടത്തുന്നില്ലായിരുന്നു…ഇപ്പോൾ എല്ലാം ശരിയായി…

ഒക്കെ വിശദമായി ഒഫീഷ്യൽ കോൾ ലേറ്ററിനൊപ്പം അറ്റാച്ച് ചെയ്തിരുന്നു…അപ്പോയിന്റ്മെന്റ് ഓർഡറും…

ശ്രീക്ക് മനസ്സിൽ ഒരു തണുപ്പ് തോന്നി…

ചെന്നൈയിൽ ആണ്…അമ്മക്ക് സങ്കടമായിരിക്കും…എന്നാലും കുഴപ്പമില്ല…ഒന്നു മാറിനിൽക്കാൻ പറ്റിയാൽ അത്രയും നല്ലത്…ഇതിപ്പോൾ ഇരുപത്തേഴിന്‌ റിപ്പോർട്ട് ചെയ്യണം അവിടെ…ഭാഗ്യം…അവളുടെ കല്യാണത്തിനു മുൻപ് ഈ നാട്ടീന്നു പോകാം…

കല്യാണദിവസം എങ്ങനെ കഴിച്ചുകൂട്ടും എന്നോർത്തു ഭയമായിരുന്നു….ഇനിയിപ്പോ പുതിയ ജോലി..പുതിയ സ്ഥലം…എല്ലാമോന്നു മറക്കണം…

ശ്രീ കണ്ണുകളടച്ചു കസേരയിലേക്കു ചാഞ്ഞു….

💞💞💞💞

ജോലിക്കാര്യം അച്ഛനോടും അമ്മയോടും അമ്മയോടും പറഞ്ഞപ്പോൾ വിചാരിച്ചപോലെ തടസ്സങ്ങളൊന്നും ‘അമ്മ പറഞ്ഞില്ല…

മാറി നിൽക്കുന്നതിലും കാണാതിരിക്കുന്നതിലും സങ്കടം ഉണ്ടെങ്കിലും പൊയ്ക്കോളാൻ സുമംഗലാമ്മ പറഞ്ഞു…

അങ്ങനെ ശ്രീ ചെന്നൈക്ക് പോകാൻ തീരുമാനിച്ചു….

27ആം തീയതിയാണ് ജോയിൻ ചെയ്യേണ്ടത്…തിങ്കളാഴ്ച…

ഇരുപത്തിനാലാം തീയതിയാണ് അവൻ ചെന്നൈയിലേക്ക് പോകുന്നത്…നെടുമ്പാശ്ശേരിയിൽ നിന്നാണ് ഫ്‌ളൈറ്റ്…

ഫൈസിയും ഡേവിച്ചനും അവന്റൊപ്പം തന്നെ നടന്നു..ഓരോരോ കാര്യത്തിനായി….

പോകുന്നതിന്റെ തലേദിവസം ഉച്ചകഴിഞ്ഞ സമയം…

ഫൈസിയും ശ്രീയും കൂടി ശ്രീയുടെ ബാഗെല്ലാം പാക്ക് ചെയ്തു വെച്ചു..

കൂട്ടുകാർ ഇരുവരും പോകുന്നുണ്ട് അവന്റെ കൂടെ നെടുമ്പാശേരി വരെ…

എന്തോ ഓർമകളിൽ മുഴുകിയിരിക്കുന്ന ശ്രീയെ തട്ടി വിളിച്ചു ഫൈസി…

“ഇതെവിടാ….”

“ഫൈസി…മറ്റന്നാൾ psc പരീക്ഷയാ…നീ അവളോട്‌ പറയണം നന്നായി പരീക്ഷ എഴുതാൻ…”

“ഉം…”

“അല്ലെങ്കിൽ ഞാൻ ചെന്നു അവളെയൊന്നു കാണട്ടെടാ….അവസാനമായിട്ട് ….ഇനി കാണാൻ പറ്റില്ലല്ലോ…നാളെ ഞാൻ പോവുകയല്ലേ…??”

“അതു വേണ്ട ശ്രീ….അതു വിട്ടേക്ക്…”

“എടാ..പ്ലീസ്…ഞാനിനി ഉടനെയൊന്നും തിരികെ വരില്ലല്ലോ…ഒന്നു കണ്ടോട്ടെ…അവസാനമായിട്ട്….ആരും അറിയാതെ….വേഗം വരാം…”

ഫൈസി ധർമസങ്കടത്തിലായി..

“എന്നാൽ വാ…ഞാനും വരാം..”

രണ്ടുപേരും കൂടി ഫൈസിയുടെ ബൈക്കിലാണ് പോയത്…

കിളിച്ചുണ്ടൻ മാവിന്റെ ഇടവഴി തിരിഞ്ഞതും ഫൈസി വണ്ടി നിർത്തി…

“പോയിട്ട് വാ…ഞാനിവിടെ വെയിറ്റ് ചെയ്യാം…”

കോളിംഗ്ബെല്ലിൽ വിരലമർത്തി രണ്ടു മൂന്നു നിമിഷങ്ങൾ കഴിഞ്ഞാണ് വാതിൽ തുറന്നത്…

സേതുവായിരുന്നു…

ശ്രീയേക്കണ്ട് ആ കണ്ണുകളിൽ കാർമേഘങ്ങൾ ഉരുണ്ടു കൂടി…

ശ്രീ അവളെ തന്നെ നോക്കിനിൽക്കുവായിരുന്നു……

വാതിലിൽ പിടിച്ചു കൊണ്ട് നിൽക്കുകയാണ്…
ആകെ കോലം കേട്ടിരിക്കുന്നു….മുടിയൊക്കെ പാറിപ്പറന്നു കിടക്കുന്നു…നെറ്റിയിൽ ഒരു പൊട്ടു പോലുമില്ല…

“ജോലി കിട്ടി…ചെന്നൈക്ക് പോകുവാ നാളെ…ഒന്നു കാണണമെന്ന് തോന്നി അവസാനമായിട്ട് ….അതാ വന്നേ…..ഇനി കാണില്ല…നന്നായി പരീക്ഷ എഴുതണം കേട്ടോ..നിനക്ക് കിട്ടും….പോട്ടെ….ഞാൻ…”

അവളിൽ നൊമ്പരം കൂട്ടാൻ മാത്രമേ അവന്റെ ആ വാക്കുകൾക്ക് കഴിഞ്ഞുള്ളൂ…

പിന്തിരിഞ്ഞിറങ്ങിയ ശ്രീ തിരിച്ചു കയറി…

അവളുടെ കണ്ണുകളിലേക്കു നോക്കി അവൻ വിളിച്ചു…

“സേതു….ആ മോതിരം ഒന്നു കാണിക്കുവോ….ശ്രീയേട്ടൻ ഒന്ന് കണ്ടോട്ടെ അത്…”??

സേതു നിറമിഴിയോടെ… വിരൽ നീട്ടി കാണിച്ചു…

ശ്രീ ആ വിരൽ പിടിച്ചു നോക്കി…

“ശിവശങ്കർ”എന്നു കൊത്തിയിരുന്നു അതിൽ…

“ഡീ….”ഒരു അലർച്ച കേട്ടു ശ്രീയും സേതുവും ഞെട്ടിപ്പോയി…

ഉറഞ്ഞുതുള്ളി അകത്തേക്ക് കയറിവരുന്നു ശിവൻ….

“ആരുമില്ലാത്ത നേരം നോക്കി ഇഷ്ടക്കാരനെ വിളിച്ചു കയറ്റുവാ അല്ലെടീ…”

ശിവൻ അവളുടെ കവിളിൽ കുത്തിപ്പിടിച്ചു കൊണ്ടു അകത്തേക്ക് കൊണ്ടുപോയി….

ശ്രീ എന്തു ചെയ്യണമെന്നറിയാതെ നിന്നു ഒരു നിമിഷം….എന്നിട്ട് വേദനയോടെ തിരിച്ചിറങ്ങി…

അപ്പോഴാണ് അകത്ത് നിന്നു അവളുടെ നിലവിളി കേട്ടത്…

ശ്രീയുടെ മുഷ്ടി ചുരുണ്ടു…ഒരു നിമിഷം അവൻ കണ്ണുകളടച്ചു നിന്നു…

വീണ്ടും അവളുടെ നിലവിളി…

ശ്രീ ചാടിയകത്തു കയറി…

സേതുവിന്റെ ഇരുകവിളിലും മാറിമാറി അടിക്കുകയാണ് ശിവൻ…

ഭാനുമതി ആ വലതു കയ്യുയർത്തി വേണ്ടാ… വേണ്ടാ…എന്നു പറയുന്നുണ്ട്…

“അവളെ വിടെടാ…”ശ്രീ ശിവന്റെ അടുത്തേക്ക് ചെന്നു…

ശ്രീയെ കണ്ടതും ശിവന് ദേഷ്യം ഇരട്ടിച്ചു…

“എന്റെ ഭാര്യ ആകാൻ പോകുന്നവളാ…നിനക്കു എന്താ…ഞാനിഷ്ടമുള്ളത് ചെയ്യും…തല്ലും…കൊല്ലും…കെട്ടിപ്പിടിക്കും…വേറെ പലതും ചെയ്യും..നീയാരാടാ… ചോദിക്കാൻ…”
പറഞ്ഞുകൊണ്ട് ശിവൻ അവളെ അരയിലൂടെ ചുറ്റിപ്പിടിച്ചു…ചുംബിക്കാൻ ശ്രമിച്ചു…

“മാറു… മാറിക്കെ….”സേതു അവനെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു…

ശ്രീയുടെ ക്ഷമ നശിച്ചിരുന്നു…

കാലുയർത്തി ഒരു തൊഴി കൊടുത്തു ശ്രീ അവന്റെ മുതുകിൽ….

അവളുടെ മേലുള്ള പിടിവിട്ടുവെങ്കിലും ശിവൻ അവളുടെ ദാവണിയിൽ പിടിച്ചു വലിച്ചു…അതഴിഞ്ഞു പോയി…

ഒരറ്റം വലിച്ചെടുത്തു മാറിൽ ചേർത്തു വെച്ചു അവൾ കരഞ്ഞു…

കലിപൂണ്ട ശ്രീ അവനെ തള്ളി ഭിത്തിയോട് ചേർത്തു വെച്ചിടിച്ചു…

ഇടക്ക് രണ്ടു പേരും വശം മാറി വന്നു..

ഇപ്പൊ ശ്രീ ഭിത്തിയോട് ചേർന്നും ശിവൻ ഇപ്പുറത്തും ആയി…

ഭാനുമതിയുടെ കാൽച്ചുവട്ടിൽ ആയിരുന്നു ഇരുവരും…

എവിടെ നിന്നോ വന്ന മനശക്തിയിലും ഊർജത്തിലും ആ നാഡീഞരമ്പുകൾ ശക്തിപ്രാപിച്ചു…വൈദ്യരുടെ മരുന്നിന്റെയോ…മഹാദേവന്റെ തീരുമാനത്തിന്റെയോ എന്നറിയില്ല…ആ കാലുകൾ ശക്തി പ്രാപിച്ചു ഉയർന്നു താണു…ഒരു തവണയല്ല….മൂന്നു തവണ….

ശിവൻ മറിഞ്ഞു താഴെ വീണു….

ശ്രീ അവന്റെ ദേഹത്ത് കയറിയിരുന്നു…

ശിവന്റെ കൈകൾ ശ്രീയുടെ കഴുത്തിൽ മുറുകി….ആ കൈകൾ വിടുവിക്കാൻ എത്ര ശ്രമിച്ചിട്ടും ശ്രീക്ക് കഴിഞ്ഞില്ല….

അവൻ ശ്വാസം കിട്ടാതെ പിടഞ്ഞു…കണ്ണുകൾ ചുറ്റും പരതി…

കട്ടിലിന്റെ അടിയിൽ കുറെ തേങ്ങകൾ കൂട്ടിയിട്ടിരിക്കുന്നത് അവന്റെ ശ്രദ്ധയിൽ പെട്ടു…ഒരു തേങ്ങയുടെ മേൽ കൊത്തി വെച്ചിരിക്കുന്ന വെട്ടരിവാളും…

അവൻ കയ്യെത്തിച്ച് അതെടുത്തു….

അതിൽ കുത്തിവെച്ചിരുന്ന തേങ്ങയുൾപ്പടെ അവന്റെ നെഞ്ചിൽ ആഞ്ഞൊരു അടി കൊടുത്തു…

അടിയുടെ ശക്തിയിൽ തേങ്ങ തെറിച്ചു ദുരെ പോയി വീണു….

എന്നിട്ടും ശ്രീയുടെ കഴുത്തിലെ പിടി ശിവൻ വിട്ടില്ല…..

ശ്രീക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ആ പിടുത്തത്തിന്റെ മുറുക്കം….

ശ്വാസത്തിനായുള്ള പിടച്ചിലിനുള്ളിൽ അവന്റെ കൈ ഉയർന്നു താഴ്ന്നു വെട്ടരിവാളുമായി….ശിവന്റെ ഇടതു തൊളിനും കഴുത്തിനുമിടയിൽ….

സേതു പകച്ചു നിൽക്കുകയായിരുന്നു…ആ കാഴ്ചയിലും….മറ്റൊരു കാഴ്ചയിലും….

“‘അമ്മ എഴുന്നേൽക്കുന്നു…പതുക്കെയല്ല…നല്ല വേഗത്തിൽ…”

കട്ടിലിൽ നിന്നെഴുന്നേറ്റ ഭാനുമതി ശ്രീയെ തള്ളി താഴെയിട്ടു….വെട്ടരിവാൾ അവന്റെ കയ്യിൽ നിന്നും ബലമായി പിടിച്ചു വാങ്ങി…

പ്രാണന് വേണ്ടി കൈകാലിട്ടടിച്ചു കിടന്നിരുന്ന ശിവനെ വീണ്ടും വെട്ടി…പലതവണ….

കുറച്ചു നേരം പിടഞ്ഞതിനു ശേഷം ആ ദേഹം നിശ്ചലമായി….

അലറിക്കരഞ്ഞു കൊണ്ടു സേതു ബോധരഹിതയായി നിലം പതിച്ചു….

അമ്പരന്നു ഭയത്തോടെ ഭിത്തിയോട് ചേർന്നിരുന്ന ശ്രീയെ നോക്കി ഭാനുമതി പറഞ്ഞു…

“പോ…എഴുന്നേറ്റു പോ…”

ആരൊക്കെയോ ഓടിക്കൂടുന്ന ശബ്ദം…
സേതുവിന്റെ നിലവിളി കേട്ടിട്ടാവും…

“നിന്നോടാ…പറഞ്ഞേ…എഴുന്നേറ്റു പോകാൻ….”ഭാനുമതി ശ്രീയെ വലിച്ചെഴുന്നേല്പിച്ചു അടുക്കള വാതിലിലൂടെ പുറത്തേക്കു തള്ളി….

ഫൈസി ആയിരുന്നു ആദ്യം വരാന്തയിലേക്ക് ഓടിക്കയറിയത്…..

അവിടെ നിന്നു തന്നെ അവൻ കണ്ടു…
നേരെയുള്ള അടുക്കള വാതിലിൽ അന്തിച്ചു നിൽക്കുന്ന ശ്രീയെ…

ഫൈസിക്ക് അപകടം മണത്തു…ശിവൻ ഇങ്ങോട്ട് കയറുന്നത് ഇടവഴിയിൽ നിന്നവൻ കണ്ടിരുന്നു….സേതുവിന്റെ നിലവിളിയും കേട്ടിരുന്നു…

വീടിന്റെ സൈഡിൽ കൂടി ശ്രീയുടെ അടുത്തേക്കോടിയ ഫൈസി എന്തോ ഓർത്തിട്ടെന്ന പോലെ തിരിച്ചു വന്നു ശ്രീയുടെ ചെരുപ്പും എടുത്തു കൊണ്ട് പിന്നാമ്പുറത്തേക്കോടി….

അപ്പുറത്തെ വീട്ടിൽ നിന്നും ജാനുവമ്മയും അപ്പൂട്ടന്റെ ‘അമ്മ ഉഷയും അകത്തെത്തിയിരുന്നു അപ്പോൾ….

“കൊന്നു….ഞാൻ കൊന്നു…”ഭാനുമതി വാവിട്ടു നിലവിളിച്ചു..

ശ്രീയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് ഏതൊക്കെയോ പോന്തക്കാട്ടിലൂടെ ഓടിയ ഫൈസി കിതച്ചു കൊണ്ടു നിന്നു….

“എന്താ….എന്താടാ…പറ്റിയെ…”??

“കൊന്നു….ശിവനെ ഞാൻ കൊന്നെടാ…അവൻ ചത്തു…” ശ്രീ പുലമ്പി

ഫൈസിയുടെ മിഴികളിൽ ഭയം നിഴലിച്ചു…..തളർച്ചയോടെ അവൻ നിലത്തേക്കിരുന്നു….ഒപ്പം ശ്രീയും…

കാത്തിരിക്കുമല്ലോ😍

Nb: നോവൽ ഇഷ്ടപ്പെടുന്നവരൊക്കെ ഒന്ന് ലൈക്ക് ചെയ്ത് പറ്റുന്നവർ ഷെയർ ചെയ്യണേ…🌹🌹🌹🌹

ശ്രീയേട്ടൻ… B-Tech : PART 1

ശ്രീയേട്ടൻ… B-Tech : PART 2

ശ്രീയേട്ടൻ… B-Tech : PART 3

ശ്രീയേട്ടൻ… B-Tech : PART 4

ശ്രീയേട്ടൻ… B-Tech : PART 5

ശ്രീയേട്ടൻ… B-Tech : PART 6

ശ്രീയേട്ടൻ… B-Tech : PART 7

ശ്രീയേട്ടൻ… B-Tech : PART 8

ശ്രീയേട്ടൻ… B-Tech : PART 9

ശ്രീയേട്ടൻ… B-Tech : PART 10

ശ്രീയേട്ടൻ… B-Tech : PART 11

ശ്രീയേട്ടൻ… B-Tech : PART 12

ശ്രീയേട്ടൻ… B-Tech : PART 13

ശ്രീയേട്ടൻ… B-Tech : PART 14

ശ്രീയേട്ടൻ… B-Tech : PART 15

ശ്രീയേട്ടൻ… B-Tech : PART 16

ശ്രീയേട്ടൻ… B-Tech : PART 17

ശ്രീയേട്ടൻ… B-Tech : PART 18

ശ്രീയേട്ടൻ… B-Tech : PART 19

ശ്രീയേട്ടൻ… B-Tech : PART 20

ശ്രീയേട്ടൻ… B-Tech : PART 21

ശ്രീയേട്ടൻ… B-Tech : PART 22