നവമി : ഭാഗം 34
എഴുത്തുകാരി: വാസുകി വസു
” ഏട്ടൻ ഒന്നും ആലോചിക്കണ്ടാ..എക്സാമും പഠിത്തവും എല്ലാം പിന്നെയായാലും നടക്കും.എന്റെ അഭിയേട്ടൻ എഴുന്നേറ്റു നടക്കണം എത്രയും പെട്ടെന്ന് പഴയത് പോലെ…”
നീതിയുടെ വാശിക്കും സ്നേഹത്തിനും മുമ്പിൽ ഒടുവിൽ അഭിക്ക് സമ്മതം മൂളേണ്ടി വന്നു.അവൻ സമ്മതിച്ചില്ലെങ്കിലും കൂടെ പോകും അവൾ…
കാരണം നീതിയുടെ മനസിൽ ഇപ്പോൾ അഭി മാത്രമാണ്.. പ്രണയം മുഴുവനും അവനോടാണ്.എത്രയും എളുപ്പത്തിൽ ഏട്ടൻ പഴയതുപോലെ ഓടി നടക്കണം.അതാണ് ഇപ്പോഴത്തെ നീതിയുടെ ഏറ്റവും വലിയ ആഗ്രഹവും പ്രാർത്ഥനയും…
അവനു വേണ്ടി തന്റെ പ്രാണൻ പകുത്ത് നൽകാൻ അവൾ തയ്യാറാണ്…
നീതിയുടെ തീരുമാനം അറിഞ്ഞപ്പോഴേ രമണനും രാധയും ആദ്യം എതിർത്തു നോക്കി.അവളാണെങ്കിൽ ഒന്നിനും വഴങ്ങാൻ തയ്യാറല്ല.അഭി കിടന്നിരുന്ന റൂമിൽ നിന്ന് വെളിയിൽ ഇറങ്ങി നിന്നാണ് അവർ സംസാരിച്ചത്.
“മോളേ ഒരുമാസം കൂടി കഴിഞ്ഞാൽ എക്സാം കഴിയും.അതുകഴിഞ്ഞ് നമുക്ക് വിവാഹം നടത്തിക്കൂടേ.നമ്മുടെ വീട്ടിൽ നടക്കുന്ന ആദ്യത്തെ നല്ലൊരു ചടങ്ങാണ്”
അച്ഛൻ പറയുന്നത് നീതിക്ക് മനസ്സിലാകുന്നുണ്ട്.പക്ഷേ അഭിയേട്ടനെ പിരിഞ്ഞിരിക്കാൻ തനിക്ക് കഴിയില്ല.ഹൃദയവേദന തനിക്ക് മാത്രമേ അറിയൂ.ഇപ്പോഴീ ഹൃദയം തുടിക്കുന്നത് ഏട്ടന് മാത്രമായിട്ടാണ്.കുറച്ചു നാൾക്കൊണ്ട് വളരെയേറെ അടുത്ത് പോയിരിക്കുന്നു.
“അച്ഛാ അതൊന്നും എനിക്ക് അറിയില്ല.എന്റെ മനസ്സ് എങ്ങനെ നിങ്ങൾക്ക് മുമ്പിൽ തുറന്ന് കാണിക്കണമെന്ന് അറിയില്ല”
ഒരുവിധത്തിലും നീതിയുടെ തീരുമാനം ഇളക്കാൻ അവർക്ക് കഴിഞ്ഞില്ല.ഒടുവിൽ അവൾക്ക് മുമ്പിൽ അവർ കീഴടങ്ങി.
നാടറിഞ്ഞൊരു വിവാഹം ഉടനെ സാദ്ധ്യമല്ല. മറ്റെന്താണൊരു പോംവഴിയെന്ന് രമണനും രാധയും ആലോചിച്ചു. മകളുടെ മനസ് കാണാതിരിക്കാൻ അവർക്കു കഴിഞ്ഞില്ല.
കാരണം മക്കളെ സ്നേഹിക്കുന്നൊരു അച്ഛനും അമ്മയും ആണ് അവരിപ്പോൾ.കാരണം നീതി അവർക്ക് മുമ്പിൽ മനസ് തുറന്നിരുന്നു.
നീതിയുടെ തീരുമാനം അറിഞ്ഞപ്പോൾ സിദ്ധാർത്ഥൻ അനുകൂലിക്കുകയാണ് ഉണ്ടായത്.തുളസിയും.അമ്മയുടെ സാന്നിധ്യത്തെക്കാൾ ഉപരി ഭാര്യമാർക്ക് മാത്രമായി ചെയ്യാൻ കഴിയുന്ന ചിലതുണ്ട്.
“മോളുടെ തീരുമാനം നല്ലതാണന്നേ ഞാൻ പറയൂ.അഭിക്കിപ്പോൾ നിന്റെ സാന്നിധ്യം ആവശ്യമാണ്”
സിദ്ധാർത്ഥന്റെ ഓരോ വാക്കുകളും നീതിയിൽ കുളിർമഴയായി പെയ്തിറങ്ങി.ഒരുപുതുമഴ നനഞ്ഞ സുഖം.
“എന്ന് കരുതി പഠിത്തവും എക്സാമും മുടക്കേണ്ട..വിവാഹം കഴിഞ്ഞാലും അത് നടക്കണം” പതിവിൽ കവിഞ്ഞ ഗൗരവമുണ്ടായി അയാളുടെ സ്വരത്തിൽ.അതിനെല്ലാം നീതി തല കുലുക്കി സമ്മതിച്ചു.
സിദ്ധാർത്ഥനും തുളസിക്കും വിവാഹത്തിന് പെട്ടെന്ന് സമ്മതിക്കാൻ കാരണം മറ്റൊന്നുമല്ല.എന്നായാലും നീതി അഭിയുടെ വധുവായി വീട്ടിൽ വന്ന് കയറേണ്ടവളാണ്.അതെത്രയും നേരത്തെ ആയാൽ അത്രയും നന്ന്.തുളസിക്കാണു കൂടുതൽ ധൃതിയും.
നീതിയാണെങ്കിൽ എപ്പോഴും അഭിക്കൊപ്പം കാണും.ക്ഷമയോടെയും സ്നേഹത്തോടെയുമെല്ലാം ചെയ്യാൻ കഴിയും. പിന്നെ മറ്റൊരു കാരണം കൂടിയുണ്ട്. അഭിമന്യു എഴുന്നേറ്റു നടക്കാൻ കുറെയേറെ മാസങ്ങൾ എടുക്കും..
എല്ലാവരും പോയി കഴിഞ്ഞപ്പോൾ നീതി അഭിയെ കുസൃതിയോടെ നോക്കി.അവളുടെ മിഴികളിൽ ആരും കാണാതെ ഒളിപ്പിച്ച സ്നേഹസാഗരം അലയടിക്കുന്നത് അവൻ കണ്ടു.തലക്കനം പിടികൂടിയ അഹങ്കാരിയിൽ നിന്ന് വെറുമൊരു സാധാരണ പെൺകുട്ടിയായി ഇന്നവൾ മാറിയിരിക്കുന്നു.
“എന്തായിത്ര നോക്കാൻ. എന്നെ ആദ്യമായിട്ടൊന്നും കാണുവല്ലല്ലോ” തെല്ല് കുസൃതിയോടെ ആയിരുന്നു നീതിയിടെ ചോദ്യം. അവന്റെ മുടിയിഴകളിൽ അവൾ പതിയെ തലോടിക്കൊണ്ടിരുന്നു.
നീതിക്ക് സൗന്ദര്യമേറി ഒരുദേവതയെപ്പോലെ തോന്നി.ചിരിക്കുമ്പോൾ കുഞ്ഞുങ്ങളുടെ കളങ്കമില്ലാത്ത ചിരി.
“വെറുതെ” അഭി പറഞ്ഞൊഴിഞ്ഞു.പിന്നീടവർ മൗനമായാണ് സംസാരിച്ചത്.ഹൃദയത്തിന്റെ ഭാഷയിൽ.. അവർക്ക് മാത്രം മനസ്സിലാകുന്ന രീതിയിൽ..
💃💃💃💃💃💃💃💃💃💃💃💃💃💃💃
കുറച്ചു നാൾകൂടി കഴിഞ്ഞാണ് അഭിമന്യു ഹോസ്പിറ്റൽ വിട്ടത്.കാലിലെയും കയ്യിലെയും പ്ലാസ്റ്റർ എടുത്തിരുന്നില്ല.സർജറി ചെയ്തയിടത്തെ മുറിവും കരിഞ്ഞില്ല.
ഹോസ്പിറ്റൽ നിന്ന് ഡിസ്ചാർജ് ആകുന്ന ദിവസമാണ് അഭിയുടേയും നീതിയുടേയും തമ്മിലുള്ള വിവാഹം നടന്നത്.ഇരുവീട്ടുകാരും കൂടി ആലോചിച്ചാണു എല്ലാം പ്ലാൻ ചെയ്തത്.
ഹോസ്പിറ്റൽ മുറിയിൽ വെച്ച് നീതിയുടെ കഴുത്തിൽ അഭി താലി ചാർത്തി. ശേഷം അവിടെയുളളവർക്ക് മധുരം നൽകിയട്ടാണ് വീട്ടിലേക്ക് പോയത്.
അഥർവും ഫാമിലിയും നവമിയും രാധയും രമണനും സിദ്ധാർത്ഥനും തുളസിയും ഉണ്ടായിരുന്നു ചടങ്ങിന്. സമയം കുറിച്ചിരുന്നു താലി ചാർത്തിന്.ഒരുനുള്ള് സിന്ദൂരം അഭി നീതിയുടെ നിറുകയിൽ ചാർത്തി.അവളിൽ നിന്ന് ആനന്ദക്കണ്ണുനീരൊഴുകി.
അവിടെ നിന്ന് പിരിയുമ്പോൾ അച്ഛനോടും അമ്മയോടും യാത്ര ചോദിക്കുമ്പോൾ അവൾ കരഞ്ഞില്ല.നവമിയുടെ അരികിലെത്തിയപ്പോൾ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.പൊട്ടിക്കരഞ്ഞു പോയി.
“എന്താടീ ചേച്ചി.സന്തോഷമായിട്ട് പോയി വാടീ” കണ്ണുനീരിനിടയിലും നവി പുഞ്ചിരിക്കാൻ ശ്രമിച്ചു. പ്രാണൻ പിടയുന്ന വേദനയിൽ ആണ് നവമി.വഴക്കിടുമെങ്കിലും തല്ല് കൂടിയാലും ചേച്ചിയും അനിയത്തിയും വീട്ടിൽ കാണും.പിരിഞ്ഞിരുന്നിട്ടില്ല.മുഖാമുഖം കാണുമെങ്കിലും ചെയ്യാം.പക്ഷേ ഇതങ്ങനെയല്ലല്ലോ..
എന്നായാലും ഒരിക്കൽ പിരിയേണ്ടവരാണ്.എത്രയും നേരത്തെയാകുമ്പോൾ അത്രയും നല്ലത്. നീതിയും അഭിയും യാത്രയായതോടെ നവമിക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.
ഹൃദയം നീറ്റിയൊരു നിലവിളി അവളിൽ നിന്ന് ഉയർന്നു. നീതിയുടെ സ്ഥിതിയും വ്യത്യാസമല്ലായിരുന്നു.കരഞ്ഞ് തളർന്നിരുന്നു അവളും…
💃💃💃💃💃💃💃💃💃💃💃💃💃💃💃
രാത്രിൽ കിടന്നിട്ട് നവമിക്ക് ഉറക്കം വന്നില്ല.ഒറ്റപ്പെട്ടത് പോലൊരു ഫീൽ അവളിലുണ്ടായി.ഉറങ്ങാൻ നേരം ഒരുകയ്യ് ചേച്ചിയുടെ ദേഹത്താണ്.ഇന്ന് അവളില്ല.
ഉറക്കം വരാത്തതിനാൽ ഫോണിലൂടെ ചേച്ചിയെ വിളിച്ചു.വീട്ടിൽ വന്നതിന് ശേഷം കുറെ വിളിയായി.
“ഡീ എന്തിനാ എപ്പോഴും വിളിച്ചു ശല്യം ചെയ്യുന്നത്” അങ്ങനെ ചോദിച്ചു കൊണ്ടാണ് രാധ അവിടേക്ക് വന്നത്.നവമിക്ക് സങ്കടത്താൽ ദേഷ്യമേറി.അതവൾ അമ്മയോട് തീർത്തു.രാധക്ക് അപ്പോൾ ഓർമ്മ വന്നത് കലിപ്പിൽ നിൽക്കുന്ന നീതിയെയാണ്.ഇപ്പോൾ നവമിയുടെ ഭാവം കണ്ടാൽ നീതിയാണെന്നേ പറയൂ.
“നീയെന്തിനാടീ എന്നോട് ദേഷ്യപ്പെടുന്നത്.ഞാനെന്തോ തെറ്റ് ചെയ്തതു പോലെ തോന്നുമല്ലോ” അതുകേട്ട് നവമി ചിരിച്ചു.
“അതേ എനിക്കിപ്പോൾ വഴക്കിടാനും പിണങ്ങാനും എന്റെ രാധക്കുട്ടി മാത്രമേയുള്ളൂ” അവളമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു.അവർക്ക് മനസ്സിലായി നീതിയില്ലാത്തതിന്റെ സങ്കടമാണെന്ന്.
“നാളെ നീയും വിവാഹം കഴിഞ്ഞു ഇവിടെ നിന്ന് ഇറങ്ങേണ്ടവളാണ്.ഞാനും നിന്റെ അച്ഛനും മാത്രം ഇവിടെ” ആ ഓർമ്മയിൽ ശക്തമായി അവളൊന്ന് ഞെട്ടി.അമ്മ പറഞ്ഞത് നൂറുശതമാനം ശരിയാണ്.
“അതൊക്കെ പോട്ടേ…അമ്മ ഇന്ന് എന്റെ കൂടെ കിടക്കാമോ?” തെല്ല് മടിയോടെയാണ് ചോദ്യം.
“അതിനെന്താടീ എന്റെ മോൾടെ കൂടെ അമ്മയുണ്ട്” മകളുടെ മൂർദ്ധവിൽ അവർ ചുണ്ടുകൾ അമർത്തി. എന്നും ചേച്ചിയെ കെട്ടിപ്പിടിച്ചു കിടന്ന നവമി അന്നുമുതൽ അമ്മയുടെ കൂടെയാണ് ഉറങ്ങിയത്.
💃💃💃💃💃💃💃💃💃💃💃💃💃💃
അഭിക്ക് വയ്യെന്ന് കരുതി ചടങ്ങൊന്നും തെറ്റിക്കണ്ടാ” കുളിച്ച് വേഷം മാറി വന്ന നീതിയുടെ കയ്യിലേക്ക് പാൽ ഗ്ലാസ് നൽകിക്കൊണ്ട് തുളസി പറഞ്ഞു. അവളുടെ ഉടലാകയൊന്ന് കോരിത്തരിച്ചു.
“ഇന്ന് തന്റെ ആദ്യരാത്രിയാണ്.സുമംഗലിയായി പുതിയൊരു വീട്ടിലേക്ക് വലതുകാൽ വെച്ച് കയറിയ ദിവസം..
നീതിക്ക് അവിടെ അപരിചിതത്ത്വമൊന്നും തോന്നിയില്ല.ഹോസ്പിറ്റൽ വെച്ച് അഭിയുടെ അച്ഛനും അമ്മയുമായി കൂടുതൽ അടുത്ത് ഇടപെഴുകാൻ കഴിഞ്ഞിരുന്നു. പോരെങ്കിൽ ദിവസേനയുള്ളൂ ഫോൺ വിളികൾ ധാരാളമാണ്.
കുളികഴിഞ്ഞ നീതി സെറ്റ് സാരിയാണ് ധരിച്ചത്.തലയിൽ മുല്ലപ്പൂവ് ചൂടിയിരുന്നു.സെറ്റ് സാരി അണിഞ്ഞത് അഭിയുടെ നിർബന്ധത്താലാണ്.
അഭിക്ക് രാത്രിയിൽ ഫ്രൂട്ട്സാണ് കരുതിയത്.നീതിക്കും അതുമതിയെന്ന് അവൾ കരുതി അതിനാൽ ഭക്ഷണം കഴിക്കാൻ നിന്നില്ല.
നീതി മുറിയിലേക്ക് കയറി വരുമ്പോൾ അഭി ഏതോ പുസ്തകം വായിക്കുവാണ്.നിറചിരിയോടെ തെല്ല് നാണത്തിൽ ആയിരുന്നു അവൾ.
” പാൽഗ്ലാസ് ഉണ്ടോ” കുസൃതിയിലാണ് ചോദ്യം.
“ചടങ്ങൊന്നും തെറ്റിക്കണ്ടെന്ന് അമ്മ പറഞ്ഞു” അവന്റെ ചോദ്യത്തിന് അവൾ ഉത്തരം കൊടുത്തു.
“ആഹാ..എങ്കിൽ തന്നേക്ക്” അഭിയത് വാങ്ങി പകുതി കുടിച്ചിട്ട് ബാക്കി നീതിക്ക് നേരെ നീട്ടി.മടിച്ചു നിൽക്കാതെ അവളത് കുടിച്ചു.
വീട്ടിൽ മറ്റൊരാൾ ഉപയോഗിക്കുന്ന പാത്രം മൂന്നു പ്രാവശ്യം എങ്കിലും കഴുകിയട്ട് കഴിക്കുന്നയാളാണ് തെല്ലും മടിയില്ലാതെ ബാക്കി വന്ന പാൽ കുടിച്ചത്.
“വന്ന കാലിൽ നിൽക്കാതെ ഇവിടെയിരിക്ക്”
അവൾ അവനരികിലേക്ക് ചേർന്നിരുന്നു.കൈകളെടുത്ത് അഭി നീതിയുടെ കാർ കൂന്തലിൽ തഴുകി.
“ഇങ്ങനെയൊരു അവസ്ഥയിൽ അല്ലായിരുന്നെങ്കിൽ എങ്ങനെ നടത്തേണ്ട വിവാഹമാണിത്” തെല്ല് ദുഖത്തിലായിരുന്നു അവന്റെ സ്വരം..
.
“ഈ വിവാഹം വേണ്ടായിരുന്നെന്ന് തനിക്കിപ്പോൾ തോന്നുന്നുണ്ടോ?” വെറുതെ ചോദിച്ചതാണ്..നീതിയുടെ ഭാവം മാറി.അവൾ വിരലുകളെടുത്ത് അവന്റെ വായ് പൊത്തിപ്പിടിച്ചു.
“ജീവിതത്തിൽ അഭിയേട്ടന് എന്റെ സാന്നിധ്യം ഏറ്റവും ആവശ്യമായ സമയം ഇതാണ്.അതുകൊണ്ട് ഞാനെടുത്ത തീരുമാനം തെറ്റിയെന്ന് എനിക്ക് തോന്നുന്നില്ല”..
മനസ് നിറഞ്ഞ അഭിമന്യു നീതിയുടെ വിരലുകളിൽ ചുംബിച്ചു. അവളെതിർത്തില്ല.പകരം അവന്റെ നെഞ്ചിലേക്ക് അവൾ തല ചായിച്ചിട്ട് മന്ത്രിച്ചു.
” സ്നേഹം ലഭിക്കേണ്ടതും തിരികെ നൽകേണ്ടതും ആവശ്യമായ സമയത്താണ്.അല്ലെങ്കിൽ അതിനെ സ്നേഹമെന്ന് വിളിക്കാൻ കഴിയില്ല.അതിനൊരു മൂല്യവും ഉണ്ടാകില്ല..
തുടരും….