Saturday, July 13, 2024
Novel

നവമി : ഭാഗം 13

എഴുത്തുകാരി: വാസുകി വസു

Thank you for reading this post, don't forget to subscribe!

“ഹായ് നവി” അവളെ കണ്ടതും വിളിച്ചു കൊണ്ട് അഥർവും അക്ഷരയും അവർക്ക് അരികിലെത്തി..

“ഡോ അക്ഷരക്ക് എന്നോട് കടുത്ത പ്രേമം.ദേ ഇപ്പോൾ പ്രൊപ്പോസൽ ചെയ്തതെയുള്ളൂ ഇവൾ”

നവിയുടെ മുഖത്ത് കരിനിഴൽ വീണു.പതർച്ച പുറത്ത് കാണാതിരിക്കാൻ അവൾ ശ്രമിച്ചു..

“ഗുഡ്..made for each other”

ഇത്രയും പറഞ്ഞു നവി പെട്ടെന്ന് നടന്ന് നീങ്ങി.”ഡീ ഞാനും വരുന്നൂന്ന് പറഞ്ഞു ഹൃദ്യ പിറകെ ഓടിച്ചെന്നു.

നനഞ്ഞൊഴുകിയ മിഴിനീർ കണങ്ങൾ ഷാളാൽ നവമി ഒപ്പി.തന്റെ സങ്കടം ആരും കാണാതിരിക്കാനായിട്ട്…

“ഇപ്പോഴെങ്ങനെയുണ്ട്.അന്നേ പറഞ്ഞതല്ലേ”

ഒപ്പമെത്തിയ ഹൃദ്യ പറഞ്ഞതു കേട്ട് മറുപടി ആയിട്ട് ഒരു പുഞ്ചിരി സമ്മാനിച്ചു.

“എനിക്ക് വിധിച്ചതാണെങ്കിൽ എനിക്ക് ലഭിക്കും.വെറുതെ ആശിച്ചിട്ട് കിട്ടിയില്ലെങ്കിൽ ജീവിതകാലം മുഴുവനും അതോർത്ത് സങ്കടപ്പെടേണ്ടി വരില്ലേ?”

എങ്ങനെ ചിന്തിച്ചിട്ടും ഹൃദ്യക്ക് നവമിയെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.നവി അങ്ങനെയാണ് എത്ര ദുഖം ഉണ്ടെങ്കിലും ഉള്ളിലത് ഒളിപ്പിക്കും.സഹിക്കാൻ കഴിയാത്തത്രയും സങ്കടമാണെങ്കിൽ മുറിയടച്ച് പൊട്ടിക്കരയും.

മനസിൽ തോന്നിയ പ്രണയം മുളയിലെ നുളളാൻ കഴിഞ്ഞതിൽ ആശ്വാസം തോന്നി. സ്വപ്നങ്ങൾക്ക് നിറം കൊടുത്ത് കഴിഞ്ഞാൽ മായിക്കാൻ പ്രയാസമാണ്.

തന്നെക്കാൾ അഥർവിന് ചേരുന്നത് അക്ഷരയാണ്.സുന്ദരിയും പണക്കാരിയും ആണ്.

പക്ഷേ അങ്ങനെ എത്രയും പെട്ടെന്ന് അഥർവിനെ മനസിൽ നിന്ന് വേരോടെ പിഴുതെറിയാൻ കഴിയില്ലെന്ന് നവിക്ക് മനസ്സിലായി.വീട്ടിലെത്തിയ അവൾ കതകടിച്ചിട്ട് മുറിയിൽ കിടന്ന് ഹൃദയം തകർന്നു നിലവിളിച്ചു.

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

“അഥർവ് ഇത്രയും വേണ്ടിയിരുന്നില്ല.നവിയൊരു പാവമാണ്”

നവി പോയി കഴിഞ്ഞപ്പോൾ അക്ഷര അഥർവിനോടായി പറഞ്ഞു. കൊഴിഞ്ഞു വീഴുന്ന വാകപ്പൂക്കൾ അവരെ ചുംബിച്ചു നിലത്തേക്ക് ഊർന്നു വീണു കൊണ്ടിരുന്നു.

“പിന്നെങ്ങെനെ ഞാൻ അവളുടെ മനസ് അറിയുക?.എന്നെ അങ്ങനെയൊന്നും കാണുന്നില്ലെങ്കിൽ ചമ്മി പോകും” അഥർവ് തന്റെ അവസ്ഥ വിവരിച്ചു.

“അതൊക്കെ ഞാൻ തിരക്കിയറിയാം”

“ഹേയ്..അതൊന്നും വേണ്ട.ഒന്നുകിൽ എന്റെ ഇഷ്ടം എനിക്ക് നേരിട്ട് പറയണം.അല്ലെങ്കിൽ അവൾ തുറന്നു പറയണം‌.അതുവരെ നീയെന്നെ സപ്പോർട്ട് ചെയ്തു നിൽക്ക്.ഇങ്ങനെ പ്രണയിക്കുന്നതിനും ഒരുസുഖമുണ്ട്” അവൻ തന്റെ മനസ്സിലിരുപ്പ് വെളിപ്പെടുത്തി.

“കാത്തു സൂക്ഷിച്ച കസ്തൂരി മാമ്പഴം ഒടുവിൽ കാക്ക കൊത്തിക്കോണ്ടു പോകാതിരുന്നാൽ മതി”

“അക്ഷരക്കൊച്ചേ നെഞ്ചിൽ കൊള്ളുന്ന ഡയലോഗ് അടിക്കരുതേ”..

” ഹേയ് ഞാൻ വെറുതെ ഒരു തമാശക്ക് പറഞ്ഞത്.അധികം നീട്ടി വെക്കരുത് ഒരു കാര്യവും”

“മ്മ്.. ” മനസിലായെന്ന അർത്ഥത്തിൽ അവൻ നീട്ടി മൂളി.

“എങ്കിൽ വാ പോയേക്കാം” അവർ ബസ് സ്റ്റോപ്പിലേക്ക് നടന്നു.

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

“എന്നെ നിന്നെ തന്റെ തലയിൽ കെട്ടിവെച്ചവളെ ഞാൻ വെറുതെ വിടില്ല”

ജിത്ത് പല്ലുകൾ കൂട്ടി ഞെരിച്ചു മിഴിയോടായി പറഞ്ഞു. മിഴിയൊന്നും മിണ്ടിയില്ല.പകരം ഭർത്താവിനെ കനപ്പിച്ചൊന്ന് നോക്കി.

നിങ്ങൾ മറന്നുവോ ജിത്തുവിനെ.നമ്മുടെ നവമിയെ വിവാഹം കഴിക്കാൻ വന്ന പയ്യനില്ലേ ദവൻ തന്നെ. ഒടുവിൽ സ്നേഹിച്ചു ചതിച്ച പെൺകുട്ടിയെ കല്യാണം കഴിക്കേണ്ടി വന്നയാള്.

നവമിയെ കൊല്ലാനുളള പകയുണ്ട് ജിത്തിന്.അവൾ കാരണമല്ലേ മിഴിയെ സ്വീകരിക്കേണ്ടി വന്നത്.ഒരു അവസരം ഒത്തു കിട്ടാനായിട്ട് കാത്തിരിക്കുവാണ് ജിത്ത്.

“നിങ്ങൾക്ക് കിട്ടിയതൊന്നും പോരേ മനുഷ്യാ” ഭർത്താവിന്റെ രോഷം കണ്ട് ചോദിച്ചു പോയി. കലിപ്പോടെ അയാൾ അവളെ അടിക്കാൻ കയ്യോങ്ങി.

“ദേ..ഞാനൊരു പാവം ആയിരുന്നു. അതൊക്കെ പണ്ട്.എന്നെ തൊട്ടാൽ തന്നെ ഞാൻ അകത്താക്കും” കൈവിരൽ ചൂണ്ടിക്കൊണ്ട് മിഴി അലറി.അടിക്കാൻ പാഞ്ഞു വന്ന ജിത്ത് ഒരു നിമിഷം നിശ്ചലനായി.

പഴയ മിഴിയിൽ നിന്ന് അവളൊരുപാട് മാറിയിരിക്കുന്നു. വിവാഹം കഴിഞ്ഞു വീട്ടിൽ എത്തിയട്ട് നിലവിളക്ക് കൊളുത്തി ആരും സ്വീകരിച്ചില്ല.

ജിത്തിന്റെ അച്ഛനും അമ്മയും എല്ലാവരും വെറുപ്പോടെയാണ് നോക്കിയത്.

വിവാഹം കഴിഞ്ഞു ഇത്രയും നാളായിട്ടും ജിത്തും മാറിയിരുന്നില്ല.കുറ്റങ്ങൾ കണ്ടുപിടിക്കുക എന്നത് ആയിരുന്നു അയാളുടെ ടൈം പാസ്.

എതിർത്തു സംസാരിച്ചാൽ തല്ലും.വലിയ ആ വീട്ടിൽ താമസിക്കാൻ ഭയം ഉടലെടുത്തു. ഒടുവിൽ അവിടെ നിന്ന് ഇറങ്ങാമെന്ന് തീരുമാനിച്ചു. അങ്ങനെ ആണ് നവമിയെ മിഴി പോയി കാണുന്നതും.

“നിനക്ക് എന്താടീ..നീ അവിടെ നിന്ന് ഒഴിവായി കൊടുക്കാനാ അവരെല്ലാം കൂടി ട്രൈ ചെയ്യുന്നത്”

“അതേ നവി എനിക്ക് അറിയാം. എന്നെപ്പോലൊരാൾ എത്ര നാൾ ഫൈറ്റ് ചെയ്തു പിടിച്ചു നിൽക്കാൻ കഴിയും” മിഴികൾ തോരാതെ അവൾ പെയ്തു കൊണ്ടിരുന്നു.

നവമി കുറച്ചു നേരം എന്തെക്കയോ ചിന്തിച്ചു.

“ഇനി തല്ലാൻ വന്നാൽ തന്റേടത്തോടെ പ്രതികരിക്ക്.അപ്പോൾ ആൾക്ക് കുറച്ചു അടക്കവും ഒതുക്കവും വരും.

തീരെ നിവർത്തി കെട്ടാൽ പോലീസിലൊരു പരാതിയും കൊടുക്ക്.ഭയന്നാൽ അതിനെ സമയം കാണൂ.നമ്മൾ തോൽക്കില്ലെന്ന് മനസിലായാൽ പതിയെ പത്തി മടക്കിക്കൊള്ളും”

നവി നൽകിയ ഉപദേശം മിഴി സ്വീകരിച്ചു. സ്നേഹം കൊണ്ട് മാറ്റിയെടുക്കാൻ ശ്രമിച്ചിട്ട് കഴിഞ്ഞില്ല.

എന്റെ സ്വയരക്ഷക്ക് ഞാൻ മാത്രമേയുള്ളൂ. അങ്ങനെ മനസിൽ വിചാരിച്ചു മിഴി പിന്നീട് പ്രതികരിക്കാൻ തുടങ്ങി. അതോടെ അവരെല്ലാം അവളെ കുറച്ചു ഭയപ്പെട്ടു..

ജിത്ത് കലിപ്പോടെ മുറിവിട്ട് ഇറങ്ങിപ്പോയി.മിഴി നവിക്ക് ഫോൺ ചെയ്തു. ബെല്ലടിച്ച് കുറച്ചു കഴിഞ്ഞാണ് ഫോൺ അറ്റൻഡ് ചെയ്തത്.കോൾ വരുമ്പോൾ അവൾ കിടക്കുക ആയിരുന്നു.

“ഹായ് മിഴി” സ്നേഹമൂറുന്ന നവമിയുടെ സ്വരം മിഴിയുടെ കാതിലേക്ക് വീണു. ചുട്ടുപഴുത്ത മനസ്സിലേക്ക് മഞ്ഞുതുള്ളി വീണതു പോലെ.

“ഇപ്പോൾ എല്ലാവർക്കും കുറച്ചു ഒതുക്കമുണ്ട്”

“അതാണ് പെണ്ണിന്റെ മിടുക്ക്.പ്രതികരിച്ചില്ലെങ്കിൽ തലയിൽ കയറി നിരങ്ങും.എന്നു കരുതി ഭർത്താവ് എന്നുളള പരിഗണന കളയരുത്”

“അയ്യോ ഇല്ല.ഞാൻ ഇപ്പോൾ വിളിച്ചത് മറ്റൊരു കാര്യം അറിയിക്കാനാ”

“പറയ്”

മിഴി ഭർത്താവിന്റെ മനസ്സിലിരുപ്പ് വെളിപ്പെടുത്തി. നവമിക്ക് മനസിലാക്കാവുന്നതേ ഉണ്ടായിരുന്നുള്ളൂ ജിത്തിന്റെ കലിപ്പ്.മിഴിയെ ആശ്വസിപ്പിച്ചു അവൾ ഫോൺ വെച്ചു.

അഴിക്കുന്തോറും കൂടുതൽ മുറുകുകയാണ് ജീവിതം. ചേച്ചിയൊന്ന് മാറിയിരുന്നെങ്കിൽ പകുതി ആശ്വാസമായോനെ.നവി ചിന്തിച്ചു.

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

തല്ല് കിട്ടി അവശരായ ധനേഷും ഷിബിനും ധനുവും ജനറൽ ഹോസ്പിറ്റൽ അഡ്മിറ്റ് ആയിരുന്നു.

മർദ്ദനത്തിന്റെ പാടുകൾ ശരീരത്തിൽ ഉളളതിനാൽ ഡോക്ടർ പോലീസിൽ അറിയിക്കാൻ ഒരുങ്ങിയതാണ്.

ധനേഷിനു പരിചയമുള്ള ഡോക്ടർ ആയതിനാൽ അവർ അയാളെ അതിൽ നിന്ന് പിന്തിരിപ്പിച്ചു.

പോലീസിൽ അറിഞ്ഞാൽ എല്ലാം വിശദമായി അവർ തിരക്കും.നവമിയെ അപായപ്പെടുത്താൻ ശ്രമിച്ചതു കൂടി അറിഞ്ഞാൽ തങ്ങൾക്കും പണിയാകും.അതാണ് അവർ ഡോക്ടറെ തടഞ്ഞത്.

“അവളെ നമുക്ക് പൊക്കണം‌.പിന്നെ രാത്രിയിൽ നമ്മളെ തല്ലിച്ചതച്ചവനെയും.അത് അവൻ തന്നെ അഥർവ്. എനിക്ക് സംശയമില്ല” ധനേഷ് തറപ്പിച്ച് പറഞ്ഞു.

ചിന്തിച്ചപ്പോൾ അതാണ് ശരിയെന്ന് ഷിബിനും ധനുവിനും തോന്നി.അറിവിൽ ശത്രുക്കളായിട്ട് നവിയും അഥർവും മാത്രം.ഒരാണിനെ രാത്രിയിൽ വന്ന് ഇങ്ങനെ ചെയ്യാൻ ധൈര്യമുള്ളൂ.

ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയിട്ട് നവിയെ കുടുക്കാൻ അവർ ആസൂത്രണം ചെയ്തു.

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

ഒരാഴ്ച കഴിഞ്ഞാണ് നീതി കോളേജിൽ പോയി തുടങ്ങിയത്.നവിയുടെ കൂടെയാണ് വരുന്നതും പോകുന്നതും എല്ലാം.പൊതുവേ നീതി ശാന്തമായി.

പഴയ കളിചിരിയോ സംസാരമോ ഇല്ല.ചേച്ചിയുടെ പ്രസരിപ്പ് നഷ്ടമായത് നവിയെ കൂടുതൽ വിഷമിപ്പിച്ചു.

“നമുക്ക് നല്ലൊരു സൈക്യാട്രിസ്റ്റിനെ അവളെ കാണിച്ചാലോ?”

അമ്മ അഭിപ്രായപ്പെട്ടത് അച്ഛനും ശരിവെച്ചു.നവമി അതിനെ എതിർത്തു. ഒരുമനോരോഗിയായി ചേച്ചിയെ മുദ്ര കുത്താൻ അവൾ വിസമ്മതിച്ചു.

“വേണ്ടാ..ചേച്ചി അല്ലാതെ മാറിക്കോളും” നവി തന്റെ അഭിപ്രായത്തിൽ ഉറച്ചു നിന്നു.

“അതെങ്ങെനെ” അവർ അത്ഭുതപ്പെട്ടു.

“അതിനൊക്കെ വഴിയുണ്ട്.ചിന്തിക്കാൻ എനിക്ക് സമയം വേണം”

നിവിയുടെ കാഴ്ചപ്പാടിനെ തള്ളിക്കളയാൻ അവർ നിന്നില്ല.ഇളയ മകൾക്കായി സപ്പോർട്ട് ചെയ്തു..

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

ദിവസങ്ങൾ മാസങ്ങളായി കൊഴിഞ്ഞു വീണു കൊണ്ടിരുന്നു. അഥർവിനെ ഇപ്പോൾ അധികം നവമി ശ്രദ്ധിക്കാറില്ല.

അക്ഷരയാണ് അവന്റെ ലോകമെന്ന് അവൾ കരുതി. ചേച്ചിക്കാണ് അവൾ കൂടുതൽ പരിഗണന നൽകിയത്.

നവമി എല്ലാം മറന്ന് നീതിയെ സ്നേഹിച്ചു തുടങ്ങി. കൂടപ്പിറപ്പിനെ മാറ്റിയെടുക്കണം എന്നതുമാത്രമായി ചിന്ത മുഴുവനും. ഊണിലും ഉറക്കത്തിലും അത് തന്നെ..

“അച്ഛൻ ചേച്ചിയോട് കുറച്ചു കൂടുതൽ സ്നേഹം കാണിക്കണം.അമ്മയും.ഒറ്റപ്പെട്ടു പോയീന്നൊരു തോന്നൽ ചേച്ചിയിൽ ഉണ്ടാകരുത്” നവമി മാതാപിതാക്കളോട് ആവശ്യപ്പെട്ടു.

വാ തുറന്നാൽ തറുതല മാത്രം പറയുന്ന നീതിയെ രമണൻ വെറുത്ത് പോയിരുന്നു. പതിയെ പിതാവും മൂത്തമകളും തമ്മിൽ അകന്നു.

“എനിക്ക് വയ്യ അവളെ ഉൾക്കൊളളാൻ. അമ്മയുടെ പക്ഷേ ചേർന്ന് അന്നും ഇന്നും യുദ്ധത്തിനു എന്റെ അടുത്ത് വന്നിട്ടെയുള്ളൂ” രമണൻ നീതിയെ കുറ്റപ്പെടുത്തി സംസാരിച്ചു തുടങ്ങി.

“നിങ്ങളുടെ കുടിയും ചീത്തവിളിയും കാരണമാ അവൾ ഇങ്ങനെ ആയത്” രധ ഭർത്താവിനോട് ദേഷ്യപ്പെട്ടു.

“രണ്ടു പേരും ഒന്ന് നിർത്തുവോ?” അവളുടെ അലർച്ചയിൽ രണ്ടു പേരും നിശബ്ദരായി.

രമണൻ കുടിച്ചു കഴിഞ്ഞാൽ ഭാര്യയെയും അവരുടെ വീട്ടുകാരെയും തെറി വിളിക്കുന്നത് പതിവാണ്. അതു കണ്ടാണു മക്കൾ വളർന്നത്.

വളർന്ന് വലുതായപ്പോൾ അമ്മയെ കുറ്റപ്പെടുത്തുന്ന അച്ഛനെ നീതി ഇഷ്ടപ്പെട്ടിരുന്നില്ല.

അമ്മയെ തല്ലുന്ന അച്ഛനെ അവൾ വെറുത്തു.രണ്ടു പേരും വഴക്ക് കൂടുമ്പോൾ നീതി അമ്മയുടെ രക്ഷക്കായി എത്തി തുടങ്ങി.

ഭർത്താവിന്റെ കുറ്റങ്ങൾ മകൾക്ക് മുമ്പിൽ രാധ വിളിച്ചു പറഞ്ഞതും നീതിക്ക് അച്ഛനെ പ്രതിരോധിക്കാനുള്ള ഊർജ്ജം നൽകി..

നവമി വീട്ടിൽ ഇല്ലാത്ത സമയം ആണ് മിക്കപ്പോഴും വഴക്ക്.അവൾ ഉണ്ടെങ്കിൽ രണ്ടിനും കോളാണ്.

വഴക്ക് നിർത്തിയില്ലെങ്കിൽ വീട്ടിലെ വില കൂടിയത് തല്ലിപ്പൊട്ടിക്കും.ഒരിക്കൽ അത് മനസ്സിലാക്കിയതാണ് നവമിയുടെ യഥാർത്ഥ ദേഷ്യം എല്ലാവരും..

അച്ഛന്റെ കുടിയും അമ്മയുടെ കുറ്റപ്പെടുത്തലും വഴക്കും നിർത്താനായി ഒരിക്കൽ നവിയൊരു സാഹസം കാണിച്ചു.

അവൾ വീട്ടിൽ ഉള്ളപ്പോൾ ഇരുവരും തമ്മിൽ വഴക്ക് കൂടി. വീട്ടുസാധനങ്ങൾ തല്ലിപ്പൊട്ടിച്ചെങ്കിലും വഴക്ക് നിർത്തിയില്ല.

സഹികെട്ട നവി മുറിയടച്ച് ജനൽ വാതിൽ തുറന്നിട്ട് കയറിൽ തൂങ്ങി.ആദ്യം തമാശയെന്ന് കരുതിയെങ്കിലും കളി കാര്യമായി.

ഒർജിനൽ ആയിട്ട് നവമി തൂങ്ങി.കതക് ചവുട്ടിപ്പൊളിച്ച് കയർ അറത്തെടുത്ത് അവളെ രക്ഷിച്ചത്.

അതോടെ രമണന്റെ കുടിയും രാധയുടെ കുറ്റപ്പെടുത്തലും നിന്നു.പിന്നെ അവർ തമ്മിൽ വഴക്ക് കൂടാൻ ഒരുങ്ങിയാൽ രണ്ടാമതൊന്ന് ആലോചിക്കും..

നവമിയുടെ ആവശ്യപ്രകാരം അച്ഛനും അമ്മയും നീതിയെ സ്നേഹിച്ചു തുടങ്ങി. നീതി ഇതൊന്നും മൈൻഡ് ചെയ്തില്ല.

എന്നാലും നിരാശരാകാതെ അവർ അവളെ സ്നേഹിച്ചു.മകൾക്ക് മുമ്പിൽ അച്ഛനും അമ്മയും ഇഷ്ടത്തോടെ പെരുമാറി.

വഴക്കിടാതെ മാതൃകാ ദമ്പതികളായി മാറി.എന്നിട്ടും നീതിയിൽ മാറ്റമൊന്നും കണ്ടില്ല.

“എക്സാം കഴിഞ്ഞു നമുക്ക് ചേച്ചിയുടെ വിവാഹം നടത്തണം” നവി ആവശ്യപ്പെട്ടു.

“അതിനു അവൾ സമ്മതിക്കുമോ?”

“അതോർക്കാതെ അച്ഛൻ നല്ലൊരു ചെറുക്കനെ കണ്ടുപിടിക്ക്.”

മകളുടെ മനസ്സിലിരുപ്പ് അച്ഛനും അമ്മക്കും മനസിലായില്ല.

“അച്ഛാ സ്നേഹമെന്നത് കൊടുത്താൽ കിട്ടുന്നതാണ്. പണം നൽകിയാൽ കിട്ടില്ല” മകൾ മുന വെച്ചാണ് സംസാരിച്ചതെന്ന് മനസിലാക്കിയ അയാൾ തല താഴ്ത്തി.

“സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആളുണ്ടെന്ന് തോന്നിയാൽ ചേച്ചി ഉറപ്പായും മാറും” നവിക്ക് സംശയം ഇല്ലായിരുന്നു..

“അവൾ ധനേഷില്ലാതെ പറ്റില്ലെന്ന് അല്ലേ പറയുന്നത്”

“അതൊന്നും അമ്മ ശ്രദ്ധിക്കണ്ടാ..എനിക്ക് വിട്ടേക്ക്” അമ്മയുടെ സംശയത്തിനും നവി മറുപടി കൊടുത്തു.

“റിസ്ക്കു എടുക്കാൻ തയ്യാറുള്ളൊരു പയ്യൻ വേണം. പെണ്ണ് കണ്ടു കഴിഞ്ഞു ഒരു വർഷം കഴിഞ്ഞിട്ട് കല്യാണം. അതുവരെ അവർ പരസ്പരം മനസിലാക്കി പ്രണയിക്കട്ടെ.ഒരുമിച്ച് ജീവിക്കാൻ സാധിക്കുമെങ്കിൽ നമുക്ക് വിവാഹം നടത്താം”

അതൊരു നല്ല ആശയമാണെന്ന് അച്ഛനും അമ്മക്കും തോന്നി.

“അങ്ങനെ എങ്കിൽ നീതിക്ക് നീ തന്നെ നല്ലൊരു ചെറുക്കനെ കണ്ടെത്തൂ”

“ശരി അമ്മേ ചേച്ചിക്ക് അനുയോജ്യനായൊരു ചെറുക്കനെ ഞാൻ തപ്പിയെടുക്കാം” ആ റിസ്ക്ക് ഏറ്റെടുക്കാൻ നവമി തയ്യാറായതോടെ ആ ചർച്ച അവിടെ അവസാനിച്ചു..

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

പതിവു പോലെ നീതിയും നവിയും കൂടി ബസിൽ കോളേജിലേക്ക് പോയി. പൊതുവെ നല്ല തിരക്ക് ഉണ്ടായിരുന്നു. ഞെങ്ങിയും ഞെരിങ്ങിയുമുളള യാത്ര.അങ്ങോട്ടും ഇങ്ങോട്ടും നീങ്ങാൻ കഴിയുന്നില്ല.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ഒരു മദ്ധ്യവയസ്ക്കൻ തിരക്കിൽ കൂടി നവമിക്ക് പിന്നിൽ വന്ന് ചേർന്ന് നിന്നത്.

ബസ് ബ്രേക്കിടുമ്പോൾ അയാളും നവിയുടെ മേലേക്ക് ചാരും.അവൾക്ക് വല്ലാത്ത അസ്വാസ്ഥത അനുഭവപ്പെട്ടു.ഒന്ന് മാറാൻ കൂടി കഴിയുന്നില്ല.

അസഹ്യയതോടെ മുരുണ്ടു കൊണ്ട് അവൾ അയാളെ നോക്കി എങ്കിലും ചേർന്ന് നിന്നു. അനിയത്തി നിന്ന് പുളയുന്നത് ഇടക്ക് എപ്പോഴോ അടുത്ത് നിന്ന നീതിയുടെ ശ്രദ്ധയിൽ പെട്ടു.

അങ്ങോട്ടും ഇങ്ങോട്ടും ആൾക്കാരെ വകഞ്ഞു മാറ്റി അവൾ കൈവീശി മദ്ധ്യവയസ്ക്കന്റെ ചെവിക്കല്ല് തീർത്ത് ഒരെണ്ണം കൊടുത്തു.

അടിയുടെ ശബ്ദം കേട്ടു നോക്കുമ്പോൾ നീതിയുടെ കൈ കുടയിലും ഡയലോഗും ആയിരുന്നു. അവൾക്ക് എന്തെന്നില്ലാത്ത സന്തോഷം അനുഭവപ്പെട്ടു.പക്ഷേ അധികസമയം അത് നീണ്ടു നിന്നില്ല.

“ഇത്രയും ആൾക്കാർക്ക് ബുദ്ധിമുട്ടു ഉണ്ടാക്കാതെ ഇഷ്ടമായെങ്കിൽ എവിടെയെങ്കിലും ഇവളെ വിളിച്ചു കൊണ്ട് തനിക്ക് പൊയ്ക്കൂടെ..നാശം പിടിച്ചവൻ…”

നീതിയുടെ സംസാരം കേട്ടു നവമി ഞെട്ടിപ്പോയി. വിശ്വാസം വരാതെ അവൾ ചേച്ചിയെ നോക്കി.ഇവളൊരിക്കലും മാറില്ലെന്ന് നവിക്ക് തോന്നിപ്പോയി.

അപ്പോഴേക്കും മദ്ധ്യവയസ്ക്കൻ നവിയുടെ കയ്യിൽ ബലമായി പിടിച്ചു വലിച്ചു ബസിൽ നിന്ന് ഇറക്കാൻ ശ്രമിച്ചു.

ആൾക്കാർ ബഹളം കൂട്ടിയപ്പോൾ നീതി അവരെ എതിർത്തു ഇറങ്ങാനുളള വഴിയും ഒരുക്കി കൊടുത്തു..

“അവർ തമ്മിൽ ഇഷ്ടം ആണെങ്കിൽ പൊയ്ക്കോട്ടന്നേ.നമ്മളെന്തിനാ അവർക്ക് ശല്യമാകുന്നത്” നീതിയൊന്ന് ചിരിച്ചു….

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12