Sunday, November 10, 2024
Novel

നവമി : ഭാഗം 26

എഴുത്തുകാരി: വാസുകി വസു


അപ്പോഴാണ് നീതിക്ക് എല്ലാം മനസ്സിലായത്..ശരിക്കുമൊരു ട്രാപ്പായിരുന്നു..അഭിമന്യു അറിഞ്ഞു കൊണ്ട് ചെയ്തത്..നവമിക്കും ഇതിൽ മനസ്സറിവ് ഉണ്ടെന്ന് അവൾക്ക് തോന്നി..എല്ലാം കണ്ടും കേട്ടു ഞെട്ടലോടെ നിൽക്കാനേ നീതിക്കു കഴിഞ്ഞുള്ളൂ…

“എനിക്കെന്താടാ ഇഷ്ടമാകാതിരിക്കാൻ..എന്റെ മോൾ രാജകുമാരിയെ പോലെയാണ് ഇരിക്കുന്നത്..എനിക്കിത് മരുമകളല്ല..എന്റെ മോളാണ്…”

അവരുടെ കണ്ണുകൾ ഒഴുകുന്നത് നീതി കണ്ടു.അവൾ പോലും അറിയാതെ വിരലുകൾ ഉയർന്നു. ആ അമ്മയുടെ കണ്ണീരൊപ്പി…

സ്നേഹത്തോടെ വാത്സല്യത്തോടെ തുളസി നീതിയുടെ നെറ്റിയിൽ ചുംബിച്ചു..

“അമ്മ നിന്നെയിനി എങ്ങും വിടില്ല..അത്രക്കും ഇഷ്ടമായി…”

നീതിക്കൊന്നും സംസാരിക്കാൻ കഴിഞ്ഞില്ല.എങ്കിലും അവൾ മനസിലാക്കുകയായിരുന്നു തുളസിയെ..അഭിമന്യുവിന്റെ അമ്മയെ.

ശുദ്ധയായ സ്ത്രീയാണ് അവരെന്ന് തോന്നി.വാക്കിലും പ്രവർത്തിയിലും സ്നേഹവും വാത്സല്യവും.അമ്മ മാത്രമല്ല അച്ഛനും പാവമാണെന്ന് ഉറപ്പായി.

നീതിക്ക് തന്നെ അത്ഭുതമായി തനിക്കിതെന്ത് പറ്റിയെന്ന്.ആ അമ്മ കരഞ്ഞപ്പോൾ ഉള്ളിലെവിടെയോരു നീറ്റൽ അനുഭവപ്പെട്ടു.അതാണ് താൻ പോലുമറിയാതെ അമ്മയുടെ കണ്ണീരൊപ്പിയത്.

പതിയെ അവളുടെ ദൃഷ്ടികൾ അഭിമന്യുവിൽ തറഞ്ഞു.അലക്ഷ്യമായി ഇരിക്കുകയാണ് അവൻ.

ഇടക്കിടെ ഒളിയമ്പുകൾ തനിക്ക് നേരെ എയ്തു വിടുന്നതുപോലെ നോക്കുന്നുണ്ട്.

നയനങ്ങൾ പരസ്പരം കൂട്ടിമുട്ടുമ്പോൾ ഹൃദയത്തിന്റെ കോണിലൊരു പിടച്ചിലുണ്ട്.അവന്റെ നോട്ടത്തെ എതിരിടാൻ കഴിയാതെ മിഴികൾ താഴ്ത്തി.

അഭിയോടൊരു ഇഷ്ടം തന്റെ മനസ്സിൽ താൻ പോലുമില്ലാതെയുണ്ട്.അല്ലെങ്കിൽ അവന്റെ കാന്തികമായ നോട്ടത്തെ നേരിടാൻ കഴിഞ്ഞേനെ.

എത്ര സമർത്ഥമായി പറ്റിച്ചാണ് ഇവിടെ എത്തിച്ചത്.ഒരുപോലെ സങ്കടവും സന്തോഷവും വന്നു.

“മോള് വാ..അമ്മ ചായ എടുക്കാം” തുളസിയുടെ പിന്നാലെ അറിയാതെ പാദങ്ങൾ മുന്നോട്ട് വെച്ചു.അത്യാവശ്യം വലിപ്പവും സൗകര്യമുള്ള കിച്ചൺ.

അവർ ചായക്ക് സ്റ്റൗ കത്തിച്ച് പാൽ അടുപ്പിൽ വെച്ചു.തുളസിക്ക് അഭിമന്യുവിനെ കുറിച്ചേ സംസാരിക്കാൻ ഉണ്ടായിരുന്നുള്ളു.

വിവാഹം കഴിക്കാതെ ഇരുന്നതിനൊക്കെ അവൻ നൽകിയ മുടന്തൻ ന്യായങ്ങൾ അമ്മ അവളോട് പറഞ്ഞു കൊണ്ടിരുന്നു.അവരുടെ സംസാരത്തിൽ നിന്ന് അവൾ അഭിമന്യുവിനെ അറിയുക ആയിരുന്നു.

ചായയുമായി നീതിയും തുളസിയുടെ കൂടെ ഹാളിലേക്ക് വന്നു.ഒരുട്രേയിൽ നാലുകപ്പ് ചായ തുളസി എടുത്തിരുന്നു.

ഒരുകപ്പ് ചായ തന്റെ ഭർത്താവിനു കൊടുത്തു. മറ്റൊരു കപ്പ് ചായ നീതിയുടെ കയ്യിൽ നൽകി.

“മോള് തന്നെ അഭിക്ക് കൊടുക്ക്” നീതിക്ക് തെല്ല് ജാള്യത അനുഭവപ്പെട്ടു.തനിക്കിതൊന്നും കീഴ്വഴക്കമില്ല.എന്നാലും ചായ അഭിക്ക് മടിയോടെ എങ്കിലും അവൾ കൊടുത്തു.

അഭിമന്യു കുസൃതിയാൽ അവളുടെ വിരലിലൊന്ന് തലോടി.ഷോക്കേറ്റത് പോലെ നീതി പിന്നോട്ട് വലിഞ്ഞു.

ചായ കുടിച്ചു കഴിഞ്ഞു തുളസി നീതിയെയും കൂട്ടി മുകളിലെ മകന്റെ മുറിയിലെത്തി.

മനോഹരമായ അടുക്കും ചിട്ടയുമായി വൃത്തിയായി റൂം സൂക്ഷിച്ചിരിക്കുന്നു.ആൾ കുറച്ചു സ്ട്രിക്റ്റ് ആണെന്ന് തോന്നി.നമ്മുടെ അഭി.

മേശയുടെ മുകളിലൊരു ഡയറി ഇരിക്കുന്നത് നീതിയുടെ കണ്ണിലുടക്കി.അതൊന്ന് വായിക്കാൻ മനസ് ആഗ്രഹിച്ചു.തുളസി ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു.

അവൾ ആ ഡയറി എടുത്തു തുറന്നു.ആദ്യത്തെ പേജിലെ വാചകത്തിൽ കണ്ണുകൾ പതിഞ്ഞു.

“ഇന്ന് ഞാനാ പഴയ നീതിയെ കണ്ടു.. നഷ്ടപ്പെട്ടെന്ന് കരുതിയവളെ തിരിച്ച് കിട്ടിയെന്നൊരു തോന്നൽ.പണ്ടത്തെ അതേ തീവ്രതയോടെ അവളോടിന്നും എന്റെ മനസ്സിൽ പ്രണയം മാത്രം”

നീതിയുടെ കണ്ണുകൾ മെല്ലെ നിറഞ്ഞു.

എന്തിനെന്ന് അറിയാത്തൊരു നോവ് ഉള്ളിൽ ഉറവയെടുത്തു.പിന്നീട് ഓരോ താളുകൾ മറിക്കുന്തോറും അഭിക്ക് തന്നോട് എന്തുമാത്രം ഇഷ്ടമുണ്ടെന്ന് അവൾ അറിയുകയായിരുന്നു..

“മോളെന്താ കരയുന്നത്” തുളസിയുടെ ചോദ്യം കേട്ട് ഡയറി ഇരുന്ന സ്ഥാനത്തേക്ക് വെച്ചു.

“ഇല്ലമ്മേ..കണ്ണിലൊരു കരട് വീണതാണ്” പറഞ്ഞിട്ട് ഷാളാൽ കണ്ണുകളൊപ്പി.

കുറച്ചു നേരം കഴിഞ്ഞ് അവർ താഴെ ഹാളിലെത്തി.

നീതിയോട് ഇരിക്കാൻ പറഞ്ഞിട്ട് തുളസി പൂജാമുറിയിൽ കയറി നിലവിളക്കിൽ തിരിയും തെളിയിച്ചു വന്നു.അമ്മയുടെ വരവ് കണ്ടു അഭിയും നീതിയും അമ്പരന്നു പോയി.

സംഗതി കൈവിടുകയാണെന്ന് മനസിലായതും അവൻ എഴുന്നേറ്റ് അമ്മയെ തടഞ്ഞു.

“അമ്മയിത് എന്ത് ഭാവിച്ചാണ്?” സ്വരത്തിൽ ദേഷ്യം കലർത്തിയവൻ ചോദിച്ചു.

“എന്റെ മോൾ വന്നപ്പോഴെ സ്വീകരിച്ചു കയറ്റേണ്ടതായിരുന്നു.ഇനിയിപ്പോൾ ആയാലും സാരമില്ല”

താൻ നീതിയെ വിളിച്ചിറക്കി കൊണ്ട് വന്നുവെന്നാണു അമ്മ ധരിച്ചിരിക്കുന്നത്.അവൻ പെട്ടെന്ന് പറഞ്ഞു.

“അമ്മേ എന്റെ കൂടെ നീതി ഇറങ്ങി വന്നതല്ല.എത്രയൊക്കെ ശ്രമിച്ചിട്ടും ഇവൾ സെറ്റാകുന്നില്ല.അതിനാൽ സൂത്രത്തിൽ കൂട്ടിക്കൊണ്ട് വന്നതാണ്. അമ്മ വേണം എല്ലാം സംസാരിച്ചൊന്ന് ശരിയാക്കാൻ”

ഈ പ്രാവശ്യം ഞെട്ടിയത് തുളസിയാണ്.കൂടെ സിദ്ധാർത്ഥനും.

“എന്തായാലും ഞാൻ കൊണ്ടു വന്നു പോയില്ലേ.. മോളേ നീ വിളക്ക് കൊണ്ട് പൂജാമുറിയിൽ വെച്ചിട്ടു വാ”

നീതിക്ക് ധിക്കരിക്കാൻ കഴിഞ്ഞില്ല.അവൾ അപ്രകാരം ചെയ്തു. അഭിയുടെ കണ്ണുകൾ തള്ളി.അവനിതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല.

നീതി പൂജാമുറിയിൽ കയറിയ സമയത്ത് കാര്യങ്ങൾ ചുരുക്കി പറഞ്ഞു. അപ്പോഴാണ് അവർക്ക് കത്തിയത്.

“സാരമില്ലെടാ അഭി..നിനക്ക് വിധിച്ചത് ഇവളെയാണ്.അമ്മയുടെ മനസ് അങ്ങനെ പറയുന്നു”

അഭിമന്യുവിന്റെ വീട്ടിലെത്തിയ നീതി ശരിക്കും സ്വപ്നലോകത്തിലാണ്.താനെന്തൊക്കെ ചെയ്യുന്നൂന്ന് അവൾക്ക് മനസ്സിലായില്ല.

അഭിയുടെ അമ്മ പറയുന്നു താനതെല്ലാം ചെയ്യുന്നു.ആ അമ്മക്ക് എന്തോ മാന്ത്രിക ശക്തിയുണ്ടെന്ന് അവൾ കരുതി.അല്ലെങ്കിൽ താനിങ്ങനെയൊക്കെ ചെയ്യുമോ?..

“നീതി സമയം വൈകുന്നു.തന്നെ വീട്ടിൽ കൊണ്ട് വിടാം” അഭി പറഞ്ഞതോടെ പോകാനായി നീതി തയ്യാറെടുത്തു.

എന്തോ മനസ്സ് വരുന്നില്ല ഇവിടം വിട്ടു പോകാൻ.സ്നേഹം കൊണ്ടുള്ള മാന്ത്രിക ശക്തിയാണ് തന്നെ ഇവിടേക്ക് ആകർഷിക്കുന്നത്.

അച്ഛനോടും അമ്മയോടും യാത്ര ചോദിച്ചു അവളിറങ്ങി.തുളസിയുടെ മുഖത്തെ വേദന അവൾ കണ്ടു.അമ്മക്ക് തന്നെ ഒരുപാട് ഇഷ്ടമായി. അത് ഉറപ്പായി.

“എന്റെ അഭിയുടെ വധുവായി ഞങ്ങളുടെ മകളായി ഈ വീട്ടിലേക്ക് വന്നുകൂടെ” അഭിയുടെ അമ്മ നീതിയോട് ചോദിച്ചു.

വരാമെന്നോ വരില്ലെന്നോ അവൾ പറഞ്ഞില്ല.പകരം ഇവിടെ നിന്ന് വിട്ടു പോകാൻ കഴിയാത്തൊരു കാന്തികമായ ആകർഷണം ഉണ്ടെന്ന് അവൾ ഉറപ്പിച്ചു.

എത്രനേരം കൊണ്ടാണ് താൻ മാറിയതെന്ന് അവളോർത്തു. അല്ലെങ്കിലും അതങ്ങനെയാണ്.

ഒരാളോട് ഇഷ്ടം തോന്നാനും വെറുക്കുവാനും അധികസമയം വേണ്ടാ.നിമിഷത്തിന്റെ പത്തിലൊന്ന് മതിയാകും പ്രണയം തോന്നാൻ…

അങ്ങനെ തോന്നണമെങ്കിൽ അഭിയോടൊരിഷ്ടം തന്നിലുണ്ട്.

അകന്ന് പോകുന്ന ബുളളറ്റ് നോക്കി തുളസി നെടുവീർപ്പെട്ടു. സമ്മതമാണെന്ന് പറഞ്ഞില്ലെങ്കിലും പോകാൻ നേരം നീതി അവരെ ചേർത്തു പിടിച്ചു കവിളിലൊരുമ്മ കൊടുത്തിരുന്നു.

ബുളളറ്റിൽ ഇരിക്കുമ്പോൾ ഈ പ്രാവശ്യം നീതി അകലമിട്ട് ഇരുന്നില്ല.എന്നാൽ ഒട്ടിയും ഇരുന്നില്ല.

ബുള്ളറ്റ് ഓടിക്കുമ്പോൾ അഭിക്കൊരു കുസൃതി തോന്നി.സ്പീഡ് കൂട്ടിയട്ട് ഒരുസഡൻ ബ്രേക്കിട്ടു.

പേടിച്ചു പോയ നീതി അവനെ കെട്ടിപ്പിടിച്ചു..വീട്ടിലെത്തും വരെ അവന്റെ വയറിന്മേൽ ചുറ്റിയ കൈ അവൾ എടുത്തില്ല. അങ്ങനെ തന്നെ വെച്ചിരുന്നു.

അഭിയൊന്ന് പുഞ്ചിരിച്ചു. പെണ്ണിന് റൊമാൻസ് വരുന്നുണ്ട്. ഈ ഐഡിയ കുറച്ചു നേരത്തെ ചെയ്യണ്ടതായിരുന്നു…

💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻

കോളേജിലേക്ക് പോയവരിൽ നവമി മാത്രം തിരികെ എത്തിയതിൽ രമണനും രാധയും ഒരുപോലെ അമ്പരന്നു.

“നീതിയെവിടെ” അവർ ഒരുമിച്ച് ചോദിച്ചു. കേസിന്റെ കാര്യത്തിനു സ്റ്റേഷനിലേക്ക് പോയെന്ന് നവി പറഞ്ഞു.

സമയം വൈകുന്തോറും അവൾക്ക് അസ്വസ്ഥതയേറി വന്നു.ടെൻഷൻ കൂടി ഹാർട്ട് നിലക്ക്മെന്നു തോന്നി.ഫോൺ വിളിച്ചിട്ട് അഭിയേട്ടൻ എടുക്കുന്നുമില്ല.അവൾ ക്ക് ആകെപ്പാടെ ഭയം ഉടലെടുത്തു.

അഭിയേട്ടൻ കൂടെയുണ്ടെന്നാണൊരു സമാധാനം. ധനേഷ് ആത്മഹത്യക്ക് ശ്രമിച്ചത് അവൾ വീട്ടിൽ പറഞ്ഞില്ല.അച്ഛനെയും അമ്മയെയും കൂടുതൽ ടെൻഷനാക്കേണ്ടെന്ന് വിചാരിച്ചു.അല്ലെങ്കിൽ തന്നെ ഇപ്പോൾ എടുക്കാൻ കഴിയാത്ത അത്രയും ടെൻഷനുണ്ട്.

സമയം സന്ധ്യ കഴിഞ്ഞു. എന്നിട്ടും അവരെ കാണാതെ അവൾക്ക് ഭയം ഇരട്ടിച്ചു.ഇനി ആപത്ത് എന്തെങ്കിലും.. അടിവയറ്റിലൂടെയൊരു മിന്നൽ പാഞ്ഞു കയറി. വീണ്ടും ഫോൺ ചെയ്തിട്ടും ബെല്ല് അടിച്ചു നിന്നു.

“എന്റെ കണ്ണാ അവർക്ക് ആപത്തൊന്നും കൂടാതെ തിരിച്ച് എത്തിക്കണേ” നവമി മൗനമായി പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നു.കുറച്ചു സമയം കൂടി കഴിഞ്ഞു റോഡിലൊരു ബുളളറ്റ് വന്ന് നിൽക്കുന്ന ശബ്ദം അവൾ കേട്ടു.വേഗം മുറ്റത്തേക്ക് ഇറങ്ങി.

അഭിയേട്ടന്റെ ബുളളറ്റിൽ നിന്നും നീതി ഇറങ്ങുന്നത് ഇരുണ്ട് തുടങ്ങിയ സന്ധ്യയുടെ നേർത്ത വെട്ടത്തിൽ കണ്ടു.അവൾക്ക് ആശ്വാസം തോന്നി.

നീതി അഭിയെ ശ്രദ്ധിക്കാതെ മുന്നോട്ട് ചുവടുകൾ വെച്ചു.പെട്ടെന്ന് എന്തോ ഓർത്തതു പോലെ തിരിഞ്ഞു നിന്നു.

“അന്നത്തെ സ്നേഹവും ഇഷ്ടവും ഇപ്പോഴും ഉണ്ടെങ്കിൽ അമ്മയെയും അച്ഛനെയും കൂട്ടി ഇങ്ങോട്ട് വാ” നീതിയുടെ സംസാരം കേട്ടു അഭിമന്യു വിശ്വസിക്കാൻ കഴിയാതെ തരിച്ചു നിന്നു.ചേച്ചി നാണത്താൽ ഓടി വരുന്നത് കണ്ടിട്ട് നവമി അന്തം വിട്ടുപോയി.

നാണമെന്നത് ഏഴയലത്ത് കൂടി പോയിട്ടില്ലാത്തവൾ ഇപ്പോൾ കുണുങ്ങിക്കൊണ്ട് ഓടുന്നു…ചേച്ചി.. നവി വിളിച്ചിട്ടും നീതി നിന്നില്ല.ഒറ്റയോട്ടത്തിനു മുറിയിൽ ചെന്നാണു നിന്നത്.

“അഭിയേട്ടാ സംഗതി ഓക്കേ ആയല്ലേ..സമ്മതിച്ചിരിക്കുന്നു.വെട്ടുപോത്തിനെ വീഴ്ത്തിയ കഴിവിനെ” അഭിമന്യുവിന്റെ അടുത്ത് ചെന്ന് നവമി പറഞ്ഞു..

പകരം അഭിയൊന്ന് പുഞ്ചിരിച്ചു… ആ ചിരിക്ക് ഒരായിരം നക്ഷത്രശോഭയുണ്ടെന്ന് നവമിക്ക് തോന്നി….

നഷ്ടപ്പെട്ടന്ന് കരുതിയ വിലപിടിപ്പുള്ള കളിപ്പാട്ടം തിരികെ കിട്ടിയ കുട്ടിയുടെ മുഖത്തെ ഭാവമായിരുന്നു അഭിക്കപ്പോൾ ഉണ്ടായിരുന്നത്…

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25