Tuesday, December 17, 2024
Novel

അനുരാഗം : ഭാഗം 18

എഴുത്തുകാരി: അഞ്ജലി അഞ്ജു


“അനു നിനക്ക് ജോലിക്കൊന്നും പോകണ്ടേ പെണ്ണേ… അനു….”
“ഡീ… എണീക്കുന്നുണ്ടോ ഞാൻ തലവഴി വെള്ളം ഒഴിക്കും കേട്ടോ സമയം എത്രയായെന്ന് നിനക്ക് അറിയാവോ. ജോലിക്ക് പോകുമ്പോളെങ്കിലും നന്നാവും എന്ന് വിചാരിച്ചതാ ഇവൾ നന്നാവില്ല.”

അപ്രതീക്ഷിതമായി കിട്ടിയ അടിയാണ് എന്നെ സ്വപ്നങ്ങളിൽ നിന്ന് ഉണർത്തിയത്.

“ആഹ് അമ്മേ എനിക്ക് വേദനിച്ചു കേട്ടോ.”
“എത്ര നേരായിട്ട് വിളിക്കുവാ.”
“ഓ എന്നാത്തിനാ വിളിച്ചത്?”
“നിനക്ക് ഇന്ന് ഓഫീസിൽ പോകണ്ടേ? സമയം എത്രയായെന്ന് അറിയുവോ?”

പറഞ്ഞ പോലെ ജോലിക്ക് പോണമല്ലോ. ഫോൺ എടുത്തു നോക്കി.
“എന്റമ്മോ 8 മണി ആയോ അമ്മയ്ക്ക് എന്നെ നേരത്തെ വിളിക്കാൻ പാടില്ലാഞ്ഞോ?”

“ആഹാ എത്ര തവണ വിളിച്ചു അവസാനം എന്റെ ജോലി അവിടെ ഇട്ടിട്ടു വന്നിട്ടാണ് നിനക്ക് രണ്ട് ഞാൻ തന്നത്.”
“അത്രക്ക് ഒന്നും വേണ്ടായിരുന്നു.”

“നാളെ തൊട്ട് മോളേ അനു നിനക്ക് പോണമെങ്കിൽ നീ തന്നെ എണീറ്റ് പൊക്കോണം. എനിക്കെ പ്രായമായി ഇനി നിന്റെ കാര്യം കൂടെ എനിക്ക് നോക്കാൻ പറ്റില്ല.”

“അങ്ങനെ പറയല്ലേ അമ്മക്കുട്ടി. ഞാൻ റെഡി ആകട്ടെ.”

കാഡ് നോക്കാൻ പറഞ്ഞിട്ട് നോക്കിയില്ല അത് കൊണ്ടാണ് ഇന്ന് നേരത്തേ എണീക്കാമെന്ന് വിചാരിച്ചത്. അല്ലെങ്കിലും ഇതെന്റെ സ്ഥിരം പരിപാടി ആണ്.

തലേ ദിവസം പഠിക്കാതെ രാവിലത്തേക്ക് വെക്കും എന്നിട്ട് പഠിക്കില്ല. എന്തെങ്കിലും ആവട്ടെ. വേഗം കാക്ക കുളിയും കുളിച്ചു ഞാൻ റെഡി ആയി. ഞാൻ റെഡി ആവുമ്പോളേക്കും എനിക്ക് ഫുഡ്‌ അമ്മ വാരി തന്നു അത് കൊണ്ട് ആ ജോലി കുറഞ്ഞു.

ഓടി പാഞ്ഞു വരുമ്പോളേക്കും എന്റെ 8.30 ന്റെ ബസ് എത്തിയിരുന്നു.

എങ്ങനെയൊക്കെയോ അതിൽ ചാടി കേറി. നിൽക്കാനും ഒരു സ്ഥലം കിട്ടി കഴിഞ്ഞാണ് എന്തെങ്കിലും എടുക്കാൻ മറന്നോ എന്ന് ആലോചിച്ചത്. ലാപും ഫോണും ഫുഡും എടുത്തിട്ടുണ്ട് വേറെ ഒന്നും വേണ്ടല്ലോ.

ശേ ചാർജർ കൂടെ എടുക്കായിരുന്നു. എങ്ങാനും ഫോണിൽ കുത്താൻ സമയം കിട്ടിയാലോ?

ഫോൺ എടുത്തോ സംശയം ആയല്ലോ. പയ്യെ ബാഗ് ഊരി ഫോൺ നോക്കി. ഹാവു ഉണ്ട്. പയ്യെ ഫോൺ കയ്യിലെടുത്തു.

അടുത്ത് നിക്കുന്ന ചേച്ചി രൂക്ഷമായി നോക്കുന്നുണ്ട് ഓടുന്ന ബസിൽ വെച്ചു ബാഗൊക്കെ ഊരി എന്ത് സർക്കസ്സ് കാണിക്കുവാ എന്നാവും. പാറുവിനെ ഒന്ന് വിളിച്ചു നോക്കാം.

വിഴി നീറും വീൻ ആഗ
ഇമയിതാണ്ട കൂടാതെന

തുളിയാഗ നാൻ സെർത്തേൻ
കടലാഗ കണ്ണാനതേ…

മറന്താലും നാൻ ഉന്നൈ
നിനയ്ക്കാദ നാൾ ഇല്ലയെ

പിരിന്താലും എൻ അൻപ്
ഒരു പോതും പൊയ് ഇല്ലയെ…

ഈശ്വരാ നിരാശ കാമുകി ഈ നല്ല പാട്ട് വെറുപ്പിക്കുവല്ലോ. കഴിഞ്ഞ ദിവസം വരെ ഏതോ ഹിന്ദി പാട്ടായിരുന്നു. ഒന്ന് കൂടെ വിളിച്ചപ്പോളാണ് ഫോൺ എടുത്തത്.

“നീ ഇത് എവിടെ പോയി കിടക്കുവാ.
ഞാൻ റെഡി ആകുവായിരുന്നു. നീ എവിടാ?”

“ഞാൻ ബസിലാ. 9.15 ന് എത്തും. നീയും അപ്പോൾ വരില്ലേ.”
“ആഹ് വരും. നീ കാഡ് നോക്കിയോ?”
“ഞാൻ നോക്കിയില്ല.”

“നന്നായി. ഞാനും നോക്കിയില്ല.”
“അഹ് കൂട്ടായല്ലോ.”

“എന്ത് കൂട്ടായെന്നാ സൈറ്റിൽ പോകുന്നവർക്ക് എന്തിനാ കാഡ്.”
“ആരാണ് പോകുന്നതെന്ന് അറിയില്ലല്ലോ.”

“അറിയാനൊന്നുമില്ല മോളേ റിഷിയേട്ടൻ നിന്നെയെ ഓഫിസിൽ നിർത്തുള്ളു.”
“ഒന്ന് പോടീ.”
“സമയം പോയി ഞാൻ റെഡി ആവട്ടെ ബൈ.”

ഉള്ളത് പറയാല്ലോ ഓഫിസിൽ നിക്കാൻ ആണ് എനിക്ക് ഇഷ്ടം. വെയിലും കൊള്ളേണ്ട റിസ്കും ഇല്ല.

പക്ഷെ ഇവളിങ്ങനെ എന്നെ ഉറപ്പായും ഓഫീസിൽ ആക്കുമെന്ന് പറയുമ്പോൾ എന്തോ പോലെ തോന്നുന്നു. അങ്ങനെ ആരുടേയും പ്രത്യേക പരിഗണന എനിക്ക് ഇഷ്ടമല്ല പ്രത്യേകിച്ച് റിഷി ഏട്ടന്റെ.

ഇത് വല്ലതും ശ്രീയേട്ടൻ അറിയുന്നുണ്ടോ ആവോ.. ഞാൻ ഇങ്ങനെ നിന്ന് പോവത്തേ ഉള്ളെന്നാ തോന്നുന്നത്.

മുംബൈയിൽ നിന്ന് ഇങ്ങോട്ട് കെട്ടിയെടുക്കില്ലെന്നാ തോന്നുന്നത്. അവിടെ ഏതോ കമ്പനിയിൽ കേറിയിട്ടുണ്ട്. ഇതൊക്കെ എന്ന് ഇനി ശെരിയാവാനാ… ഓർക്കുമ്പോൾ ദേഷ്യം വരുന്നു.

അങ്ങനെ ഓരോന്നും ആലോചിച്ചു ഇറങ്ങാനുള്ള സ്റ്റോപ്പ്‌ എത്തി. ഞാൻ എത്തി കുറച്ചു നേരം നോക്കി നിന്നു കഴിഞ്ഞ് ആണ് പാറു വന്നത്.

“നടക്കാനുള്ള ദൂരമല്ലേ ഉള്ളൂ എന്നിട്ടും നീ എന്നാ താമസിച്ചേ?”
“നീ വന്നെന്ന് പറഞ്ഞപ്പോളാ ഞാൻ ഇറങ്ങിയത്. നേരത്തേ വന്നു നിക്കണ്ടല്ലോ.”

“ഓ ഇവിടെ മനുഷ്യൻ നേരത്തേ എണീറ്റ് ബസും പിടിച്ചു കഷ്ടപ്പെട്ട് ആണ് എത്തിയത് അറിയുവോ?”
“എന്തോ എങ്ങനെ?? ബസൊക്കെ പിടിച്ചത് ഓകെ.

നേരത്തേ എണീറ്റതും കഷ്ടപ്പെട്ടതും ആരാ? എന്നെ അമ്മ വിളിച്ചായിരുന്നു. നിന്നെ ഒന്ന് ഉപദേശിച്ചു നന്നാക്കാൻ എന്നോട് പറഞ്ഞു. നാണം ഉണ്ടോ നിനക്ക്. നല്ല പ്രായം ഉണ്ടല്ലോ നന്നായിക്കൂടെ.”

“അത് അപ്പോളേക്കും നിന്നോടും പറഞ്ഞോ. അമ്മയെ കൊണ്ട് തോറ്റു. നാണം കെടുത്തും.”
“കെടാൻ ഒന്നുമില്ലല്ലോ അപ്പോ കുഴപ്പമില്ല.

വാ നമുക്ക് അകത്തു പോയിട്ട് ബാക്കി പറയാം.”
ഗുഡ് മോർണിംഗ് നിഷ ചേച്ചി.
“ഗുഡ് മോർണിംഗ്.”

“രണ്ടാളും നേരത്തേ വന്നല്ലോ.അഹ് നിങ്ങളുടെ അപ്പോയിന്മെന്റ് ലെറ്ററൊക്കെ സാർ ഇന്നലെ ശെരിയാക്കുന്നുണ്ടായിരുന്നു. രണ്ടാളും രണ്ടിടത്താ അല്ലേ?”

“അതേ ചേച്ചി. ചേച്ചി കണ്ടോ ആരാ ഓഫീസിൽ?”
പാറുവാണ് ചോദിച്ചത്
“അനുരാഗ ആണ് ഓഫീസിൽ. പാർവ്വതി സൈറ്റിൽ ആണ്.”

അത്രേം കേട്ടതും പാറു വിജയി ഭാവത്തിൽ എന്നെ നോക്കി. എനിക്കെന്തോ പോലെ തോന്നി.
“ഞാൻ അപ്പോളേ പറഞ്ഞില്ലേ?”

എനിക്ക് സങ്കടം തോന്നി മനഃപൂർവം ഞാൻ പാറുവിനെ സൈറ്റിൽ വിട്ട പോലെ ആയില്ലേ.
“സോറി ഡാ.”
അയ്യേ അതിനെന്തിനാ നീ വിഷമിക്കുന്നേ. എനിക്ക് കുഴപ്പം ഒന്നുമില്ല.

“അല്ലെങ്കിലും പാർവ്വതി പേടിക്കണ്ട. സൈറ്റിൽ ശരത്തിനെ അസിസ്റ്റ് ചെയ്താൽ മതി. അവൻ ആള് പാവമാണ്. നന്നായിട്ട് എല്ലാ കാര്യവും ചെയ്യും. റിഷി സാറിന് ആരെയെങ്കിലും ഇഷ്ടമുണ്ടെങ്കിൽ അത് അവനെയാ അത് കൊണ്ട് ഒന്നും പേടിക്കണ്ട.”

അത് കേട്ടപ്പോൾ എനിക്ക് സമാധാനമായി. അവൾക്കും മുഖത്തു ഒരു ആശ്വാസം വന്നെന്ന് തോന്നുന്നു.
“നീ വാ നമുക്ക് അവിടെ ഇരിക്കാം.

നീ എന്തിനാ വിഷമിക്കുന്നത് എനിക്ക് നേരത്തേ അറിയാമായിരുന്നു അത് കൊണ്ട് ഒരു കുഴപ്പവുമില്ല.

പിന്നെ റിഷിയേട്ടന് നിന്നോട് എന്തോ ഒരു ഇഷ്ടം ഉണ്ട് നിനക്ക് അത് ഇഷ്ടായാലും ഇല്ലെങ്കിലും എങ്ങനെയെങ്കിലും നമുക്ക് ഇവിടെ നിന്നേ പറ്റുള്ളൂ.

ഇത്രയും നല്ലൊരിടത്ത് ജോലി കിട്ടാൻ പാടാണ് ഒരു വർഷത്തെ എക്സ്പീരിയൻസ് എങ്കിലും ആവാതെ ഇവിടുന്ന് ഇറങ്ങിയാൽ വേറെ എവിടെ പോയാലും എക്സ്പ്ലനേഷൻ കൊടുക്കേണ്ടി വരും. അത് കൊണ്ട് നിന്റെ ദേഷ്യവും വാശിയും കുറച്ചു ഇവിടെ നിക്കണം.”

“നീ എന്തിനാ ഇപ്പോൾ ഇതൊക്കെ പറയുന്നേ?”
“അതോ? ഇനി നിന്റെ കൂടെ നടന്നു പറയാൻ ഞാൻ ഇല്ലല്ലോ അതാ നേരത്തേ തന്നെ പറഞ്ഞത് പിന്നെ എന്ത് ഉണ്ടെങ്കിലും എന്നെ വിളിച്ചു പറയണം കേട്ടല്ലോ.”

“ആഹ് സമ്മതിച്ചു. പറയുന്ന കേട്ടാൽ വല്യ ആളാണെന്നു തോന്നും നീ മണ്ടത്തരം കാണിക്കാതെ ഇരുന്നാൽ മതി.”
“അയ്യോ ഓർമിപ്പിക്കല്ലേ അനു. നീ നന്നായി പ്രാർത്ഥിക്കണം കേട്ടോ. എനിക്ക് ഒന്നും അറിയില്ല.”

“നീ പേടിക്കണ്ട അതൊക്കെ കണ്ടു പഠിക്കാവുന്നതേ ഉള്ളൂ. പിന്നെ ആ ശരത് എന്ന ചേട്ടൻ പറഞ്ഞു തരും.”

“അതാ ഒരു സമാധാനം. എനിക്ക് ആണേൽ ഹിന്ദിയും അറിയില്ല ഇനി ബംഗാളികളോട് ഞാൻ എന്ത് ഭാഷ പറയും?”
“ഒന്നോർത്താൽ അതാണ് നല്ലത്. അവർക്ക് പണിയൊക്കെ അറിയാം നീ പറഞ്ഞു ഏതായാലും തെറ്റിക്കേണ്ടി വരില്ല.”
ഇതും കൂടെ പറഞ്ഞപ്പോൾ ചുണ്ടൊക്കെ കൂർപ്പിച്ചു ദയനീയതയോടെ പാറു എന്നെ നോക്കി.

“അയ്യോ ദേ സാർ വരുന്നു.”
പാറു അത് പറഞ്ഞതും പതിവ് ജെറ്റ് എന്നെ കടന്ന് അകത്തേക്ക് പോയി.
“ഇയാളെന്താ ഷൂവിന്റെ അടിയിൽ വീൽ വല്ലോം പിടിപ്പിച്ചിട്ടുണ്ടോ.”

“ദേ അനു നിന്റെ ഈ സ്വഭാവം മാറ്റിക്കോണം. എന്നോട് ഇങ്ങനെ പറയും പോലെ നിന്റെ മാസ്സ് ഡയലോഗ് വേറെ ആരോടെങ്കിലും പറഞ്ഞാൽ നല്ല പണി കിട്ടും.”
“ഓ ശെരി.”
ഇവളെന്റെ അമ്മയേക്കാൾ കഷ്ടമാണല്ലോ ഉപദേശത്തിന്റെ കാര്യത്തിൽ.

“നിങ്ങൾ അകത്തേക്ക് ചെല്ല് കേട്ടോ”

റൂമിലേക്ക് കയറി ചെല്ലുമ്പോൾ ഞങ്ങളെ കൂടാതെ രണ്ടു പേര് കൂടെ ഉണ്ടായിരുന്നു. ഒരാൾക്കു ഒരു 27 വയസൊക്കെ കാണും. കാണാൻ കുഴപ്പമില്ല.

എല്ലാവരെയും ശ്രീയേട്ടനെ വെച്ചു കംപൈർ ചെയ്യുന്ന കൊണ്ട് ആരും അത്രക്ക് പോരാ. പിന്നെ എന്റെ ഏട്ടൻ പൊളി ആണല്ലോ. എന്ത് പറഞ്ഞാലും അവസാനം അതിലെത്തും.

“അനുരാഗ താൻ സന്ധ്യ മാഡത്തിനെ ആണ് അസ്സിസ്റ്റ്‌ ചെയ്യേണ്ടത്.”
ഒരു 37 വയസുള്ള ചേച്ചിയെ കാണിച്ചു റിഷിയേട്ടൻ പറഞ്ഞു.

“പാർവ്വതി ശരത്തിനെയും. അനുരാഗ ഓഫീസിലെ ഡ്രോയിങ് സെക്ഷനിലും പാർവ്വതി സൈറ്റിലും.”
അത് പിന്നെ നേരത്തേ അറിഞ്ഞത് കൊണ്ട് വല്യ ഞെട്ടലൊന്നും ഉണ്ടായില്ല.
“അപ്പോൾ ജോലി സ്റ്റാർട്ട്‌ ചെയ്തോളു.”

സന്ധ്യ മാഡം എന്നെയും കൂട്ടി നേരെ ഡ്രോയിങ് സെക്ഷനിലേക്ക് പോയി. എല്ലാവരെയും പരിചയപ്പെടുത്തി. എന്നെ കൂടാതെ ഒരു ആറു പേര് കൂടെ ഉണ്ടായിരുന്നു. അതിൽ രണ്ടു പേര് എന്നെ പോലെ പിള്ളേരാണ്. ബാക്കി ഉള്ളവർക്ക് അത്യാവശ്യം പ്രായമുണ്ട്.

“അനുരാഗ ഈ പേര് ഭയങ്കര വലുതാണല്ലോ അനു എന്ന് വിളിക്കട്ടെ?”
“മ്മ്മ്.”
ഞാൻ മൂളി. ആദ്യ ദിവസം തന്നെ മിണ്ടി കുളമാക്കണ്ട എന്ന് വെച്ചു. കണ്ടിട്ട് ഒരു പാവം ചേച്ചിയാണ്. ബാക്കിയുള്ളവരും കുഴപ്പമില്ല.

“അനു ഇന്ന് എനിക്ക് കുറച്ചു വർക്ക്‌ ഉണ്ട്. ഞാൻ എല്ലാം നാളെ പഠിപ്പിക്കാം തല്ക്കാലം അനു ദേ ആ ഇരിക്കുന്ന സാറിന്റെ അടുത്തേക്ക് ചെല്ലൂ സാർ കുറച്ചു കാര്യങ്ങൾ ചെയ്യാൻ തരും.”

ഞാൻ പയ്യെ സാറിന്റെ അടുത്തേക്ക് ചെന്നു. ഒരു അൻപതു വയസ്സ് കാണുമായിരിക്കും സാറിന്. വെങ്കിയെന്ന് ആരോ വിളിക്കുന്നത് കേട്ടു. അതാവും പേര്.

എന്നോട് ഡ്രോയിങ് ചെയ്തിട്ടുണ്ടോ ലൈസെൻസ് എടുത്തോ എന്നൊക്കെ ചോദിച്ചു. പിന്നെ ലാപ് കൊണ്ട് വന്നിട്ടുണ്ടെങ്കിൽ ചെയ്ത വർക്ക്‌ വല്ലതും കാണിക്കാൻ.

ഓ അത് കേട്ടതും എന്റെ സകല കിളികളും പോയി. കൊറിയൻ സീരിയൽ കാണാനല്ലാതെ പഠിച്ചു കഴിഞ്ഞ് ഞാൻ ലാപ് ഉപയോഗിച്ചിട്ടില്ല. ഇനി എന്ത് പറയും.

“അത്.. അത് പിന്നെ ലാപ് കംപ്ലയിന്റ് ആയിരുന്നു ശെരിയാക്കി കഴിഞ്ഞപ്പോൾ പണ്ട് ചെയ്ത വർക്ക് ഒക്കെ ഡിലീറ്റ് ആയി പോയി.”

“ആണോ ശോ അപ്പോ ഇനി എന്താ ചെയ്യുക.
വഴി ഉണ്ട്.”

അതും പറഞ്ഞു ആള് അവിടെ ഉണ്ടായിരുന്ന പേപ്പറുകൾക്ക് ഇടയിൽ നിന്ന് ഒരു ഷീറ്റ് എനിക്ക് നേരെ നീട്ടി.
“ദാ ഇത് കൊണ്ട് പോയി വരക്കൂ. ഇത് പ്ലാൻ മാത്രേ ഉള്ളൂ ഇതിന്റെ സെക്ഷൻ എലിവേഷൻ വർക്കിങ് പ്ലാൻ ഇലെക്ട്രിക്കൽ പ്ലാൻ സൈറ്റ് പ്ലാൻ വരക്കൂ.”

ഈശ്വരാ ഇത്രയധികം പ്ലാനൊക്കെ ഉണ്ടായിരുന്നോ. എനിക്ക് അറിയില്ലായിരുന്നല്ലോ!!!

“പേടിക്കണ്ട അറിയാത്തത് ഞാൻ പറഞ്ഞു തരാം.”

എന്റെ മുഖം കണ്ടിട്ടാവും. പതിയെ എഴുന്നേറ്റു എനിക്ക് വേണ്ടി കാട്ടി തന്ന സ്ഥലത്ത് പോയി ഇരുന്നു.
പയ്യെ പയ്യെ ഞാൻ വരക്കാൻ തുടങ്ങി. ഒന്നാമതെ വരയ്ക്കാൻ സ്ലോ ആണ്.

അതിന്റെ ഇടക്ക് ഈ പറഞ്ഞ എല്ലാ സാധനവും എനിക്ക് അറിയില്ല. ഒരു ആവശ്യവും ഇല്ലായിരുന്നു
സൈറ്റിൽ പോയ മതിയായിരുന്നു. ഏതായാലും സിമന്റ്‌ കുഴയ്ക്കാൻ ഒന്നും പറയില്ലല്ലോ.

സമയം ആണെങ്കിൽ പോകുന്നതും ഇല്ല. വാച്ചിലും ലാപ്പിലും നോക്കി ഇരിക്കുന്നതിനിടയിൽ മൂന്നു നാല് തവണ റിഷിയേട്ടൻ പോവുന്നത് കണ്ടു. രണ്ടു തവണ വെങ്കി സാർ എന്നോട് തീരാറായോ എന്നും ചോദിച്ചു.

പിന്നെ എന്റെ അടുത്തു വന്നു സ്ലോ അണല്ലോ എന്നൊക്കെ പറഞ്ഞു. വൈകിട്ട് ഉറപ്പായും തീർക്കണം എന്നും പറഞ്ഞു.

നിഷ ചേച്ചിയുടെ ഒപ്പം കഴിച്ചിട്ട് വന്നിട്ട് പാറുവിനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. ബ്രേക്ക്‌ സമയതല്ലാതെ ഫോൺ പോലും എടുക്കാൻ പറ്റില്ല ഫുൾ ക്യാമറ ആണ്.

ദുഷ്ട പാറു അവൾ രക്ഷപ്പെട്ടു ഒരു പണിയുമില്ല. ശരത് ചേട്ടനും പാവമാണെന്നു. അവൾ പുതിയ സീരിയൽ തപ്പുവായിരുന്നെന്ന്. പാവം ഞാൻ ഇവിടെ കിടന്ന് ചാവത്തെ ഉള്ളൂ.

ഉച്ച കഴിഞ്ഞ് എങ്ങനെ ഞാൻ വരച്ചു കാണിക്കും ദൈവമേ എന്തെങ്കിലും അത്ഭുതം കാണിക്കണേ എന്നും പറഞ്ഞു വീണ്ടും ചെയ്യാൻ വന്നിരുന്നപ്പോളാണ് എന്നെ എംഡി വിളിക്കുന്നെന്ന് പറഞ്ഞത്. എന്തിനാണാവോ?
അകത്തേക്ക് ചെന്നതും എന്നോട് ലാപും ബാഗും എടുത്ത് അവിടെ ചെന്നിരിക്കാൻ പറഞ്ഞു.

എന്തോ വർക്ക്‌ ഉണ്ടത്രേ. ഇനി ഇപ്പോൾ എന്താണാവോ ഇവിടുത്തത് തന്നെ അറിയില്ല.

ഇനി അവിടെയും നാണം കെടണം.
ഏതായാലും വെങ്കി സാറിന്റെ അടുത്തു നിന്ന് രക്ഷപ്പെട്ടു!
ഞാൻ ചെന്നതും എന്നോട് അവിടുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു.

“കുറേ നേരായല്ലോ ഒരു പ്ലാനും കൊണ്ട് ഇരിക്കാൻ തുടങ്ങിയിട്ട്. എന്നെ നാണം കെടുത്തുവോ?”
ദൈവമേ ഇതിനാണോ വിളിപ്പിച്ചത്.

“ഞാൻ കണ്ടു ലാപ്പിൽ കാണിക്കുന്നത്. അവരുടെ മുന്നിൽ നാണം കെടണ്ടല്ലോ എന്ന് വെച്ചാ ഇങ്ങോട്ട് വിളിപ്പിച്ചത്.”

ഇയാളെന്തിനാ എന്നെയും നോക്കി ഇരിക്കുന്നത് വേറെ ഒരു പണിയുമില്ലേ. ഞാൻ പയ്യെ പിറു പിറുത്തു.
“എന്താണ്?”
“ഒന്നുമില്ല.” ഒടുക്കത്തെ ചെവിയാണ് എല്ലാം കേൾക്കും.

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17