Friday, November 22, 2024
Novel

പ്രണയവീചികൾ : ഭാഗം 24

നോവൽ
എഴുത്തുകാരി: ആർദ്ര നവനീത്‌


രണ്ട് ദിവസത്തിനുശേഷം അമ്പലത്തിൽ പോകാനിറങ്ങിയതാണ് ഋതുവും ഋഷിയും.
മനസ്സിന് ഇത്തിരി ആശ്വാസം നൽകാൻ ദൈവത്തിനെങ്കിലും സാധിക്കട്ടെ എന്നവൾ കരുതി.
മെറൂണിൽ ഗോൾഡൻ കളർ ചെറിയ ബോർഡർ വരുന്ന ജോർജെറ്റ് സാരിയായിരുന്നു അവളുടെ വേഷം.

ക്ഷേത്രസന്നിധിയിൽ എത്തുമ്പോൾ തന്റെയുള്ളിൽ തണുപ്പ് പടരുന്നതവൾ അറിഞ്ഞു.

പുറത്ത് ചെരുപ്പൂരിയിട്ടശേഷം കുളപ്പടവിൽ നിന്നും കാൽ കഴുകി അവർ തിരുനടയിലെത്തി.

അർച്ചന റസീപ്റ്റ് എഴുതാൻ പോയ ഋഷിയുടെ കൂടെ വന്ന സാരംഗിനെ കണ്ടപ്പോൾ അവളുടെ മിഴികൾ വിടർന്നു.

അന്ന് ബീച്ചിൽ പോയി വന്നശേഷം ഇതുവരേക്കും അവനെ വിളിച്ചിരുന്നില്ല അതോർത്തപ്പോൾ അവളുടെ മുഖം താഴ്ന്നു.

അടുത്തെത്തിയ സാരംഗ് അവളെ നോക്കി പുഞ്ചിരിച്ചു.
അവളും മങ്ങിയ പുഞ്ചിരി തിരികെ നൽകി.

ഒരിക്കലും വേദിനെ സ്വീകരിക്കാൻ തനിക്കാവില്ല. പക്ഷേ ജീവൻ അവസാനിപ്പിക്കും എന്ന അച്ഛന്റെ വാക്ക് അതാണ് അന്ന് സാരംഗിനോട് മുഷിഞ്ഞു സംസാരിക്കേണ്ടി വന്നത്.

അതിന്റെ കുറ്റബോധവും വിഷമവും അവളിൽ അപ്പോഴും നിറഞ്ഞു നിന്നിരുന്നു. അതാണ് മങ്ങിയ പുഞ്ചിരിക്ക് കാരണവും.

പെൺകുട്ടി എവിടെ.. പൂജാരിയുടെ സ്വരo മുഴങ്ങി. ഋഷിയുടെ വിളിയാണ് അവളെ ചിന്തയിൽ നിന്നുണർത്തിയത്.

ഋഷി കൈകാട്ടി വിളിച്ചതും അവൾ തൊഴുന്നതിനായി തിരുനടയിലേക്ക് നിന്നു കണ്ണുകളടച്ച് കൈകൂപ്പി.

ലോഹത്തിന്റെ തണുപ്പ് കഴുത്തിൽ പതിഞ്ഞതറിഞ്ഞ് മിഴികൾ തുറന്നപ്പോഴേക്കും പിന്നിൽനിന്നും ആരോ മുടി താഴ്ത്തിയിരുന്നു.

തന്റെ കഴുത്തിൽ വീണ സ്വർണ്ണത്തിൽ തീർത്ത താലിമാലയിലേക്ക് ഞെട്ടലോടെയാണ് ഋതു നോക്കിയത്.

സാരംഗ് താലിമാല പിടിച്ച് മുൻപിലേക്കിടുന്നു.

അരികിലായി പുഞ്ചിരിയോടെ ഋഷിയേട്ടനും നീരവും അമ്പുവും പിന്നിൽ നിന്നും ചിരിയോടെ വൈശുവും മുന്നോട്ട് വന്നു.

പൂജാരി നീട്ടിയ താലത്തിൽനിന്നും സിന്ദൂരമെടുത്തവൻ അവളുടെ സീമന്തരേഖ ചുവപ്പിച്ചു.

സന്തോഷത്തിന്റെയോ സന്താപത്തിന്റേതോ എന്നറിയാതെ രണ്ടു തുള്ളി കണ്ണുനീർ നിലത്ത് വീണുടഞ്ഞു.

ഇനി ക്ഷേത്രം വലംവച്ച് വരണം. ഏട്ടനല്ലേ നിങ്ങൾ പെങ്ങളുടെ കന്യാദാനം നടത്തിക്കൊടുത്തോളൂ.. പൂജാരിയുടെ വാക്കുകൾ അവളുടെ കാതിൽ പതിച്ചു.

നിറഞ്ഞ സന്തോഷത്തോടെ അതിലുപരി പ്രാർത്ഥനയോടെ ഋഷി സാരംഗിന്റെ കൈകളിലേക്ക് ഋതുവിന്റെ കൈ ചേർത്തുവച്ചു.

സാരംഗിന്റെ പിന്നിലായി അവന്റെ കൈയിൽ കൈകോർത്ത് അമ്പലം വലംവയ്ക്കുമ്പോൾ നടന്നത് സത്യമാണോയെന്ന് അവൾക്കപ്പോഴും സംശയമായിരുന്നു.

ചടങ്ങുകൾക്ക് ശേഷം അവർ പോയത് ആലിൻചുവട്ടിലായിരുന്നു.
തണുത്ത കാറ്റ് അവരെ തഴുകി കടന്നുപോയി.

എന്താ ഏട്ടാ ഇതൊക്കെ . എന്തിനാ.. ഋതുവിന്റെ ശബ്ദം ഇടറിയിരുന്നു.

എന്റെ പെങ്ങളുടെ ജീവിതം ഇനിയും തല്ലിക്കൊഴിയാതിരിക്കാനായി.. അവൾക്കൊരു നല്ല ജീവിതം കിട്ടുന്നതിനായി.. ഋഷിയുടെ വാക്കുകളിൽ നല്ല ഉറപ്പുണ്ടായിരുന്നു.

അച്ഛൻ.. അച്ഛനോടെന്ത് പറയും.. ഋതു പൊട്ടിക്കരഞ്ഞുപോയി.

സ്വന്തം മകളെ മനസ്സിലാക്കാൻ കഴിയാത്ത തന്തയാ. എന്നിട്ടും അങ്ങേരെയോർത്താണ് അവൾക്ക് ദുഃഖം… അമ്പു ദേഷ്യപ്പെട്ടു.

അതെന്റെ അച്ഛനാണ് അമ്പൂ. എനിക്ക് ജന്മം തന്ന മനുഷ്യൻ. എന്നെ ശാസിക്കാനും സ്നേഹിക്കാനും തല്ലാനും അധികാരമുള്ളയാൾ.

പതിനഞ്ച് വയസ്സുവരെ വാരിക്കോരി സ്നേഹം നൽകിയ മനുഷ്യൻ… അവളുടെ സ്വരത്തിൽ അച്ഛനെ കുറ്റം പറഞ്ഞ അമ്പുവിനോടുള്ള നീരസം നിറഞ്ഞു നിന്നിരുന്നു.

എന്നിട്ടെന്താ ആ അച്ഛന് മകളെ മനസ്സിലാക്കുവാൻ കഴിയാത്തത്.ജന്മം നല്കുമ്പോഴല്ല മക്കളുടെ ഏത് അവസ്ഥയിലും താങ്ങാകുമ്പോഴാണ് അച്ഛനെന്ന പദത്തിനുപോലും അർത്ഥമുണ്ടാകുന്നത്.. അമ്പുവും വിട്ടില്ല.

ഈ താലി നിനക്കൊരു കവചമാണ് ഋതൂ… വേദിൽനിന്നും രക്ഷ നേടാനുള്ള കവചം.. വൈശു പറഞ്ഞു.

സാരംഗ് അപ്പോഴും നിശ്ശബ്ദനായിരുന്നു.

അവളുടെ മിഴികൾ അവനിൽ തങ്ങി നിൽക്കുന്നത് കണ്ടതിനാലാകാം ബാക്കിയുള്ളവർ അവർക്കായി മാറിക്കൊടുത്തു.

എന്റെ പേരിലുള്ള താലി നിനക്കൊരു ഭാരമായി തോന്നുന്നുണ്ടോ ഋതൂ… സാരംഗിന്റെ സ്വരം നേർത്തിരുന്നു .

അവന്റെ വായ്ക്ക് കുറുകെ തന്റെ കൈകൾ വച്ചവൾ അരുതെന്ന് തലയാട്ടി.

ഒരിക്കലും നിന്റെ താലി അതെനിക്ക് ഭാരമല്ല സാരംഗ്. എന്നെപ്പോലൊരു പെണ്ണിന് അർഹിക്കുന്നതിനേക്കാൾ വലുതാണത് .

നീ പറയാറില്ലേ ഞാൻ നിന്റെ കാമുകി അല്ല ഭാര്യയാണെന്ന്.

നിന്റെ പേര് കൊത്തിയ താലി എന്റെ നെഞ്ചോട് ചേർന്നപ്പോഴാണ് അതിനൊരു പൂർണ്ണത വന്നത്. ശരിക്കും ഞാനൊരു പെണ്ണായത്.

മനസ്സ് കൊണ്ട് എന്നേ ഞാൻ നിനക്ക് വിധേയയായി കഴിഞ്ഞിരിക്കുന്നു.

ഇത് നിന്റെ അവകാശമാണ് സാരംഗ്.. താലി കൈയിൽ മുറുകെ പിടിച്ചു കൊണ്ടവൾ പറഞ്ഞു.

അവളുടെ അനുവാദമില്ലാതെ പെട്ടെന്ന് താലി ചാർത്തിയത് അവളുടെ മനസ്സിന് അംഗീകരിക്കാൻ കഴിയുമോ എന്ന ഭയമായിരുന്നു അവനുണ്ടായിരുന്നത്.

അവളുടെ മനസ്സ് നിറഞ്ഞുള്ള വാക്കുകൾ എരിഞ്ഞുകൊണ്ടിരുന്ന അഗ്നികുണ്ഡത്തിലേക്ക് തീർത്ഥം വീണതുപോലെ കുളിർ പകർന്നു.

നിയമപരമായി നിന്നിൽ അധികാരമുള്ളവനാണ് ഞാൻ. ആ അധികാരം മാത്രം മതി വേദിനെ അടക്കാൻ എനിക്ക്… പറയുമ്പോഴും അവന്റെ മുഖത്തെ ശാന്തത അവൾക്ക് ഭയമാണുണ്ടാക്കിയത്.

വീട്ടിൽ ഇപ്പോൾ അറിയിക്കേണ്ട. അതിനുള്ള സമയം വരും… ഋഷി ഋതുവിനോട് പറയുമ്പോഴും സാരംഗിന്റെയും ഋഷിയുടെയും കണ്ണുകൾ പരസ്പരം കോർത്തിരുന്നു.

എന്തോ പറയാതെ പറയുന്നതുപോലെ.

പൂമുഖത്ത് ആരുമില്ലാത്തതിനാൽ ഋതു വേഗം മുകളിലേക്ക് കയറിപ്പോയി. ശ്രീദേവി അടുക്കളയിലായിരുന്നു ആ സമയം.

മുറിയിൽ ചെന്ന് ഡ്രസ്സിങ് ടേബിളിന്റെ മുൻപിൽ നിന്നും അവൾ തന്റെ രൂപം നോക്കിക്കണ്ടു.

സീമന്തരേഖയിൽ പടർന്ന സിന്ദൂരവും കഴുത്തിലെ സാരംഗ് എന്ന സ്വർണ്ണലിപിയിലെഴുതിയ ആലിലത്താലിയും അവൾ നോക്കിനിന്നു.

ഒരിക്കലും നേടാൻ കഴിയില്ലെന്ന് കരുതിയ സ്വപ്നം. അതാണിന്ന് യാഥാർഥ്യമായത്.
അവളുടെ അധരത്തിൽ സാരംഗിനോടുള്ള അമിത പ്രണയം നിറഞ്ഞൊരു ചിരി വിരിഞ്ഞു.

ഇതേസമയം സാരംഗും തന്റെ വീട്ടിൽ കട്ടിലിൽ കിടക്കുകയായിരുന്നു. അവന്റെ മനസ്സിലും നിറഞ്ഞു നിന്നത് തന്റെ താലിയും സിന്ദൂരവും അണിഞ്ഞുനിന്ന ഋതുവിന്റെ രൂപമായിരുന്നു.

തന്റെ പ്രണയത്തെ തന്റെ പാതിയാക്കുന്ന നാൾ അത് പുരുഷന്റെ ജീവിതത്തിലെ മനോഹരനിമിഷങ്ങളിൽ ഒന്നാണെന്ന് അവന് തോന്നി.

ഒരാഴ്ച വേഗത്തിൽ കടന്നുപോയി.
ഇനി വേദുമായുള്ള വിവാഹത്തിന് പതിനേഴ് നാൾ കൂടി.

ഋതു കോളേജിൽ പോകാതെ വീട്ടിലുണ്ട്. നോട്ട് കൂട്ടുകാർ അയച്ചു കൊടുക്കുന്നുണ്ട്.
സാരംഗ് ദിവസേന പലപ്രാവശ്യം വിളിക്കാറുണ്ട്.

അതിനിടയിൽ ഒരിക്കൽപ്പോലും ഭർത്താവ് എന്ന അധികാരം അവൻ സംസാരത്തിലും പ്രവൃത്തിയിലും കാണിച്ചിരുന്നില്ല.

അതവൾക്ക് അവനിൽ മതിപ്പുണ്ടാക്കുകയും ബഹുമാനം വർദ്ധിപ്പിക്കുകയുമാണ് ചെയ്തത്.

മറ്റന്നാൾ തറവാട്ടിൽ നിന്നെല്ലാവരും എത്തും. അതിനുശേഷം സ്വർണ്ണവും വസ്ത്രങ്ങളും എടുക്കാനായി പോകാം.

ഇവിടെയും ഗൗരിയുടെ വീട്ടിലുമായി എല്ലാവരും നിൽക്കട്ടെ. വിവാഹം കഴിഞ്ഞേ ഇനിയവർ പോകുള്ളൂ.. വൈകുന്നേരം ഓഫീസിൽ നിന്നും എത്തിയതാണ് നന്ദൻ.

എല്ലാവരും ഇരുന്നപ്പോഴാണ് അയാൾ പറഞ്ഞത് .

ഋതുവിന്റെ നോട്ടം ഋഷിയിൽ പറഞ്ഞു.

അവളുടെ മനസ്സ് മനസ്സിലായെന്നപോലെ ധൈര്യമായിരിക്ക് എന്ന മട്ടിൽ ഋഷി കണ്ണുകൾ കൊണ്ടവൾക്ക് ധൈര്യം പകർന്നു.

ലോണിൽ നിന്നുകൊണ്ട് ഋഷി സാരംഗിന്റെ നമ്പർ ഡയൽ ചെയ്ത് ചെവിയോട് ചേർത്തു.

തറവാട്ടിൽ നിന്നെല്ലാവരും മറ്റന്നാൾ എത്തും സാരംഗ്..

അതെ.. അതിനുവേണ്ടിയാണല്ലോ നമ്മൾ കാത്തിരുന്നതും.

ഒരിക്കൽ എന്റെ പെണ്ണനുഭവിച്ച വേദനയും അപമാനവും അവനും അറിയണ്ടേ അളിയാ..
മറുവശത്ത് നിന്നും പക മുറ്റിയ ശബ്ദo ഒഴുകിയെത്തി.

ഒരിക്കൽ നിസ്സഹായനായി നിൽക്കേണ്ടി വന്നവനാണ് ഞാൻ. ഇത്തവണ വേദ് അവൻ വീണിരിക്കും.. ഋഷിയുടെ സ്വരത്തിലും ആത്മവിശ്വാസം നിറഞ്ഞു നിന്നിരുന്നു.

തല്ക്കാലം അവൻ ഒരിക്കലും നടക്കാനിടയില്ലാത്ത വിവാഹവും സ്വപ്നം കണ്ട് നടക്കട്ടെ അല്ലേ… സാരംഗിന്റെ ചിരി മുഴങ്ങി.

ഋഷിയിലും അതേ ചിരിയാണ് തെളിഞ്ഞു നിന്നത്.

സാരംഗിന്റെ കാൾ കട്ട് ചെയ്തശേഷം അവൻ മറ്റൊരു നമ്പർ ഡയൽ ചെയ്തു.

ടാ വേദ്… ഋഷിയുടെ സ്വരം കേട്ട് മറുവശത്ത് നിന്നും വേദ് ചിരിച്ചുകൊണ്ട് വിളികേട്ടു.

(തുടരും )

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

പ്രണയവീചികൾ : ഭാഗം 1

പ്രണയവീചികൾ : ഭാഗം 2

പ്രണയവീചികൾ : ഭാഗം 3

പ്രണയവീചികൾ : ഭാഗം 4

പ്രണയവീചികൾ : ഭാഗം 5

പ്രണയവീചികൾ : ഭാഗം 6

പ്രണയവീചികൾ : ഭാഗം 7

പ്രണയവീചികൾ : ഭാഗം 8

പ്രണയവീചികൾ : ഭാഗം 9

പ്രണയവീചികൾ : ഭാഗം 10

പ്രണയവീചികൾ : ഭാഗം 11

പ്രണയവീചികൾ : ഭാഗം 12

പ്രണയവീചികൾ : ഭാഗം 13

പ്രണയവീചികൾ : ഭാഗം 14

പ്രണയവീചികൾ : ഭാഗം 15

പ്രണയവീചികൾ : ഭാഗം 16

പ്രണയവീചികൾ : ഭാഗം 17

പ്രണയവീചികൾ : ഭാഗം 18

പ്രണയവീചികൾ : ഭാഗം 19

പ്രണയവീചികൾ : ഭാഗം 20

പ്രണയവീചികൾ : ഭാഗം 21

പ്രണയവീചികൾ : ഭാഗം 22

പ്രണയവീചികൾ : ഭാഗം 23