നവമി : ഭാഗം 36
നോവൽ
****
എഴുത്തുകാരി: ശ്രീകുട്ടി
തുളസി അനുമതി നൽകിയതോടെ നവമി മുകളിലേ റൂമിലേക്ക് സ്റ്റെയർ കയറി.
“നീതിയെ പോലെ നല്ല തങ്കക്കുടം” അവർ സിദ്ധാർത്ഥനോടായി പറഞ്ഞു.അതേയെന്ന് അർത്ഥത്തിൽ അയാൾ തല ചലിപ്പിച്ചു..
മുകളിലെ അഭിയുടെ റൂമിന്റെ വാതിൽ അടഞ്ഞ് കിടക്കുകയാണ്. നവമി മെല്ലെ ഡോറിൽ തട്ടി.അതാണല്ലോ മര്യാദ. കുറച്ചു കഴിഞ്ഞാണ് വാതിൽ തുറന്നത്.
നീതിയെ മുന്നിൽ കണ്ടതും സന്തോഷത്തോടെ നവമി ചിരിച്ചു.പക്ഷേ അതിന് അല്പായുസ് മാത്രം ആയിരുന്നു. അനിയത്തിയെ കണ്ട് നീതിയുടെ മുഖം ഇരുണ്ടു.അതോടെ നവനിയുടെ ഉത്സാഹം കെട്ടു.സങ്കടത്താൽ അവൾ വിങ്ങിപ്പൊട്ടി.
ഇത്രയും ദൂരം ഒറ്റക്ക് വന്നത് ഏട്ടനെയും ചേച്ചിയെയും കാണാനാണ്.ഇവിടെ വന്നപ്പോൾ നീതിയുടെ പഴയ ദുർമുഖം.ഇവൾ വീണ്ടും മാറിയോ?അവൾക്കാകെ സംശയമായി. ഇനിയിവിടെ നിൽക്കുന്നത് ശരിയല്ലെന്ന് കരുതി നീറുന്ന മനസ്സുമായി തിരികെ പോകാനായി നവമി പിന്തിരിഞ്ഞു.
“ഡീ അവിടെ നിൽക്കെടീ” അങ്ങനെ പറഞ്ഞു നീതി ഓടിച്ചെന്ന് അനിയത്തിയെ തടഞ്ഞ് നിർത്തി.ഒന്നും മനസ്സിലാകാതെ നവമി ചേച്ചിയുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ഇപ്പോഴാ മുഖത്ത് സന്തോഷം മാത്രമാണ്.
“എടീ പൊട്ടീ നിന്നെ പറ്റിക്കാൻ പറഞ്ഞതല്ലേ.എത്രനാളായി തമ്മിലൊന്ന് തല്ല് കൂടിയട്ട്.” അനിയത്തിയെ തന്നിലേക്ക് ചേർത്തു പിടിച്ചു തഴുകി.
നവമിയുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയാണ്.ചേച്ചിയുടെ മുമ്പത്തെ മാറ്റം വിശ്വസിക്കാൻ കഴിയാത്ത ഷോക്കിലായിരുന്നു അവൾ.
“പറ്റിക്കാനാണെങ്കിലും ഇങ്ങനെ പറയല്ലേ ചേച്ചി.എനിക്ക് ഉൾക്കൊളളാൻ കഴിയില്ല” നീതിയുടെ തോളിലേക്കവൾ തല ചായ്ച്ചു.
നീതിയുടെ കണ്ണുകളും ഒഴുകി.വെറുതെ തമാശിനാണെങ്കിലും നവമിയെ അതെത്രമാത്രം സങ്കടപ്പെടുത്തിയെന്ന് നീതിക്ക് മനസ്സിലായി.
“സാരമില്ലെടീ.. സോറി.നീയങ്ങ് ക്ഷമിക്കെടീ” നീതിയുടെ സ്വരവും ഇടറിത്തുടങ്ങി.ഇപ്പോൾ കരയുമെന്ന മട്ടിലാണ് നീതി.പെട്ടെന്ന് നവമി പൊട്ടിച്ചിരിച്ചു.അതുകണ്ട് നീതി അവളെ തുറിച്ചു നോക്കി.
“ചേച്ചി എന്നെ പറ്റിച്ചതാണെന്ന് എനിക്ക് മനസ്സിലായി.അതുകൊണ്ട് തന്നെയാണ് ഞാനും അഭിനയിച്ചത്.എന്റെ പഴയ ചേച്ചി ആണെങ്കിൽ ഞാൻ വിശ്വസിക്കുമായിരുന്നു”
അപ്പോഴാണ് തനിക്ക് പിണഞ്ഞ അമളി നീതിക്ക് പിടികിട്ടിയത്.അനിയത്തിയുടെ വഴക്കും കുസൃതിയും കാണിക്കാൻ ഒപ്പിച്ചതാണ്.ഇപ്പോൾ തന്നെ അവൾ പറ്റിച്ചിരിക്കുന്നു.
“അകത്തേക്ക് വാടീ” നവമിയെ ക്ഷണിച്ചു കൊണ്ട് നീതി മുറിയിലേക്ക് കയറി. പിന്നാലെ നവിയും..
നവമി നോക്കുമ്പോൾ അഭി മയങ്ങുകയാണ്.ശല്യപ്പെടുത്തേണ്ടെന്ന് കരുതി അവനെ വിളിച്ചില്ല.എങ്കിലും നീതി അവനെ വിളിച്ചു ഉണർത്തി.
“വിളിക്കണ്ട ചേച്ചി.ഏട്ടൻ ഉറങ്ങട്ടെ”
“ഇത് തന്നെയാണ് മിക്കപ്പോഴും പരിപാടി” അപ്പോഴേക്കും മയക്കത്തിൽ നിന്ന് അവൻ ഉണർന്നിരുന്നു.
“ദേ നിങ്ങളുടെ അനിയത്തി വന്നിട്ടുണ്ട്” നീതി പറഞ്ഞത് കേട്ട് നവമിക്ക് ചിരി വന്നു.
“ഏട്ടനും അനിയത്തിയും കൂടി സംസാരിക്ക്.ഞാൻ ചായ എടുക്കാം” എന്ന് പറഞ്ഞു നീതി കിച്ചണിലേക്ക് പോയി.
ഒരുചൂടു ചായ കിട്ടിയാൽ കൊളളാമെന്ന് ആഗ്രഹിച്ച സമയം തന്നെ നീതി പറഞ്ഞു. ഹാവൂ..മനസ്സിന്റെ പൊരുത്തം.നവി ഓർത്തു.
“ആഹാ അനിയത്തി പ്രാവ് എപ്പോഴെത്തി” അഭിമന്യു തുടക്കമിട്ടു.
“വന്നിട്ട് കുറച്ചു നേരമായി ഏട്ടാ”
“ഞാനൊന്ന് മയങ്ങിപ്പോയി”
“ഹാം ” നവമി മൂളി.
അവൾ അഭിയെ അടിമുടി വീക്ഷിച്ചു.സാധാരണ ബെഡ് റെസ്റ്റ് എടുക്കുന്നുവരുടെ താടിയും മുടിയും വളർന്ന് അലക്ഷ്യമായി കിടക്കും.മുഖത്ത് നിരാശയും ഊർജ്ജസ്വലതയും നഷ്ടപ്പെട്ടവരെ പോലെയാകും.
പക്ഷേ ഏട്ടൻ അങ്ങനെയല്ല.ഫ്രഷായിട്ടാണ് ഇരിക്കുന്നത്.നീറ്റായ വസ്ത്രങ്ങൾ. മുഖം ഷേവ് ചെയ്തിട്ടുണ്ട്.
മുടിയൊക്കെ ചീകി വൃത്തിയാക്കി വെച്ചിരിക്കുന്നു.എല്ലാം നീതിയേച്ചിയുടെ മിടുക്ക്.അവൾ അഭിമാനം കൊണ്ടു.
“നിന്റെ എക്സാം അടുത്തല്ലേ..നന്നായി പഠിക്കണം” അഭി ഓർമ്മിപ്പിച്ചു.
“ഞാൻ നന്നായി പഠിക്കുന്നുണ്ട് ഏട്ടാ”
“എങ്കിൽ നിനക്ക് കൊള്ളാം.. അത് പോട്ടേ..സ്കൂട്ടർ ഇഷ്ടമായോ?”
“ഇഷ്ടായി…” അവൾ സന്തോഷത്തോടെ പറഞ്ഞു. അവർ ഓരോന്നും സംസാരിച്ച് ഇരിക്കുമ്പോൾ നീതി ചായയുമായി വന്നു.ചായ അഭിക്കും അനിയത്തിക്കും കൊടുത്തു.
“ചേച്ചി കുടിക്കുന്നില്ലേ”
“നിങ്ങൾ കുടിക്ക്..ഞാൻ രാത്രിയിലേക്കുളള ഡിന്നർ തയ്യാറാക്കട്ടെ”
“ചേച്ചി ഏട്ടന്റെ കൂടെയിരിക്ക്..ഞാൻ റെഡിയാക്കാം” നവമി ചേച്ചിയോടായി പറഞ്ഞു.
“നീയിന്ന് ഞങ്ങളുടെ സ്പെഷ്യൽ ഗസ്റ്റ്..”
“ഓ..പിന്നേ..ഇതെന്റെ സ്വന്തം വീട് തന്നെയാണ്.. ഗസ്റ്റായി ഇരിക്കാൻ താല്പര്യമില്ല”
നവമി തർക്കിച്ചതോടെ നീതി കൂടുതലൊന്നും പറയാൻ നിന്നില്ല.ചായ കുടിച്ചിട്ട് അവൾ താഴേക്ക് വന്നു. അപ്പോൾ തുളസി കിച്ചണിൽ ആയിരുന്നു. അവൾ അങ്ങോട്ട് ചെന്നു. അവിടെ തുളസി ചപ്പാത്തിക്ക് മാവ് കുഴക്കുകയായിരുന്നു.നവി അത് ഏറ്റെടുത്തു.
“അമ്മ മാറി നിൽക്ക് ഞാൻ ചെയ്തോളാം” അവരെ മാറ്റി നിർത്തി നവമി തന്നെ എല്ലാം ചെയ്തു. ചിക്കൻ കുറുമ കൂടി തയ്യാറാക്കിയട്ടാണവൾ പിന്മാറിയത്.
നവമിയുടെ ഊർജ്ജസ്വലത തുളസി ശ്രദ്ധിച്ചു..മിടുക്കിയാണ് നീതിയെ പോലെ.ചേച്ചിയുടെ അനിയത്തിയല്ലേ മോശമാകില്ല.
രാത്രിയിൽ അഭിക്കും ചേച്ചിക്കുമുളള വീതം നവമി മുകളിൽ എത്തിച്ചു കൊടുത്തു. അവൾ സിദ്ധാർത്ഥനും തുളസിക്കുമൊപ്പം ഭക്ഷണം കഴിച്ചു.
മുകളിൽ അഭിയുടെ മുറിയോട് ചേർന്ന റൂം തന്നെയാണ് അനിയത്തിക്കായി നീതി ഒരുക്കിയത്.
കിടക്കും മുമ്പേ അവൾ വീട്ടിലേക്ക് വിളിച്ചു വിവരങ്ങൾ തിരക്കി.അതിനു പിറകെ നീതിയുടെ പതിവ് ഫോൺ കാളുമെത്തി.വിവാഹം കഴിഞ്ഞ ദിവസം മുതൽ ആ പതിവ് നീതി മുടക്കിയില്ല.
അഭിയുടെയും നീതിയുടെയും മുറിയിൽ സിദ്ധാർത്ഥനെയും തുളസസിയെയും നവി വിളിച്ചു കൊണ്ട് വന്നു.അവർ ഒരുമിച്ച് ഇരുന്നു സംസാരിച്ചു.അഭിക്കത് കൂടുതൽ സന്തോഷമായി…
തുടരും….