Thursday, December 19, 2024
Novel

Mr. കടുവ : ഭാഗം 43 – അവസാന ഭാഗം

എഴുത്തുകാരി: കീർത്തി

ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഋതുക്കളും മാറിമാറി വന്നു. ചന്ദ്രുവേട്ടന്റെ വിവാഹം കഴിഞ്ഞതിന്റെ പിറകെ നാൽവർ സംഘത്തിൽ ഹരിയേട്ടനും സുധിയേട്ടനും മഹിയേട്ടനും വിവാഹിതരായി. എന്നാൽ എല്ലാവരുടെയും കഴിഞ്ഞിട്ടും അച്ചുവേട്ടൻ മാത്രം അതിന് തയ്യാറാവാതെ നിന്നപ്പോൾ കാര്യമന്വേഷിച്ചു ചെന്ന ചന്ദ്രുവേട്ടനോട് കോഴി മുഖത്തു നോക്കി ചോദിച്ചു. “നിന്റെ പെങ്ങളെ എനിക്ക് കെട്ടിച്ചുതരുവോടാ ” ന്ന്. ഇപ്പൊ മനസ്സിലായോ അന്ന് ആ കല്യാണചർച്ചയ്ക്കിടയിൽ കണ്ണും കണ്ണും കഥ പറഞ്ഞിരുന്ന ആ ജോഡികളെ. അച്ചുവേട്ടനും അശ്വതിയുമായിരുന്നു അത്. വീട്ടിൽ അച്ഛനോടും ചെറിയച്ഛനോടും സംസാരിച്ച് എല്ലാവരും കൂടി അതങ്ങ് നടത്തികൊടുത്തു. അങ്ങനെ എല്ലാവരും പത്നിമാരോടൊപ്പം സുഖജീവിതം നയിക്കുന്നു. വിനോദ് സാറും രേവതിയും ജൂനിയറിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ്.

മിക്കവാറും ഒന്ന് രണ്ടാഴ്ച കഴിഞ്ഞാൽ ആളിങ്ങ് എത്തും. അതേപോലെ ഏട്ടനും രാധുവിനും ഒരു കുഞ്ഞുപ്രയാഗ് ജനിച്ചു. അന്ന് അറസ്റ്റിലായ ഏട്ടനെ രക്ഷിക്കാനുള്ള വഴിയൊരുക്കി തന്നത് ജയദേവൻ അങ്കിളും സൂരജേട്ടനുമായിരുന്നു. അവര് ഏട്ടനെ ഭ്രാന്തനും ഡ്രഗ് അഡിക്ടുമായി ചിത്രീകരിച്ചതിന്റെ ഉപകാരം ഭാവിയിൽ ഞങ്ങൾക്കുണ്ടായി. മറ്റൊരു തരത്തിൽ പറഞ്ഞാൽ അവര് കുഴിച്ച കുഴിയിൽ അവര് തന്നെ വീണു. രാമേട്ടൻ രണ്ടു വർഷങ്ങൾക്ക് മുൻപ് ഒരു അറ്റാക്ക് വന്ന് ഞങ്ങളെ വിട്ടുപോയി. രഘു ഇന്നൊരു എഞ്ചിനീയർ ആണ്. രാഗി ചേച്ചിയെ പോലെ ടീച്ചറായാൽ മതിയെന്ന് പറഞ്ഞ് ബി. എഡ് ചെയ്യുന്നു. അച്ഛന്റെയും മകന്റെയും കൈയിലിരിപ്പ് കാരണം ഒറ്റപ്പെട്ട മാലിനി ആന്റിയെയും സാന്ദ്രയെയും ഏട്ടൻ ഏറ്റെടുത്തു. കൂടെ സാന്ദ്രയെ വിവാഹം കഴിപ്പിച്ചു വിട്ടു. ശേഷം മാലിനി ആന്റിയെ കൂടി ഏട്ടൻ തറവാട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

സൂരജേട്ടൻ ജയിലിൽ തന്നെ. ഒപ്പം തലയ്ക്കു അടികിട്ടിയതുകൊണ്ട് ആണെന്ന് തോന്നുന്നു അല്പം മനസികവിഭ്രാന്തിയും ഉണ്ട്. അതുകൊണ്ട് സ്പെഷ്യൽ പരിഗണനയുണ്ട് ആൾക്ക്. ഏട്ടനെ ഭ്രാന്തനാക്കാൻ നോക്കിയിട്ട് ഭ്രാന്ത് ആയത് സൂരജേട്ടനാണ്. ഇനി എന്റെ കടുവയുടെയും എന്റെയും അവസ്ഥ എന്താണെന്ന് അറിയണ്ടേ…. ഞാനൂഹിച്ചത് പോലെ രണ്ടു കടുവക്കുട്ടികളാണ് ഞങ്ങൾക്കുണ്ടായത് എന്ന് അറിയാലോ. രണ്ടിനും അച്ഛന്റെ അതേ സ്വഭാവമാണ്. ആ പൂന്തോട്ടപരിപാലനം പോലും അതുപോലെ കിട്ടിയിട്ടുണ്ട്. ചെടി നടാനും വെള്ളം നനയ്ക്കാനും എല്ലാം ചന്ദ്രുവേട്ടന്റെ ഇടംവലം അവരുണ്ട്. സത്യം പറഞ്ഞാൽ കടുവയുടെ ഗാർഡന് രണ്ടു കുഞ്ഞു സംരക്ഷകർ കൂടിയായി. ആദ്യം ഗാർഡനിലെ ഒരു ചെടി തൊടണമെങ്കിൽ കടുവയെ മാത്രം പേടിച്ചാൽ മതിയായിരുന്നു.

ഇതിപ്പോ ഈ രണ്ടു കുട്ടിക്കടുവകളെ കൂടി പേടിക്കണ്ട അവസ്ഥയാണ്. രണ്ടും ഇപ്പോൾ നഴ്സറി വിദ്യാർത്ഥികളാണ്. അച്ഛൻ ബിസിനസ് എല്ലാം ചന്ദ്രുവേട്ടനെ ഏൽപ്പിച്ചു കൊച്ചുമക്കളോടൊത്ത് സ്വസ്ഥം ഗൃഹഭരണം. ഇനി ഞാൻ. അങ്ങനെയിപ്പോൾ എന്റെ ശല്യമില്ലാതെ കടുവ സുഖിക്കണ്ട ന്ന് കരുതി ദൈവം എനിക്ക് ആയുസ്സ് നീട്ടിത്തന്നു. എന്റെ കടുവയെ വിട്ട് ഞാനെങ്ങും പോയില്ല. ഞങ്ങൾ ചട്ടിയും കലവും അങ്ങനെ തട്ടിയും മുട്ടിയുമൊക്കെ പോകുന്നു. ആ തട്ടലിനെക്കാളും മുട്ടലിനെക്കാളുമൊക്കെ ഏറെ സ്നേഹത്തോടെ. ആ സ്നേഹത്തിന്റെ ഫലമായി ഞങ്ങടെ കടുവക്കുട്ടന്മാർക്ക് ഒരു അനിയത്തിക്കുട്ടിയെ കൂടി ദൈവം തന്നു. ഞങ്ങടെ അമ്മുക്കുട്ടി. എന്റെയും ചന്ദ്രുവേട്ടന്റെയും തല്ലുകൊള്ളിത്തരങ്ങൾ മാത്രം കിട്ടിയ ഞങ്ങടെ കുറുമ്പിപ്പെണ്ണ്. മക്കള് ആരെങ്കിലും എന്തെങ്കിലും വികൃതി കാണിച്ചാൽ അവര് എന്റെ മക്കള്.

മറിച്ചാണെങ്കിൽ ചന്ദ്രുവേട്ടന്റെതും. പരട്ടകടുവയുടെ സ്വഭാവത്തിന് ഒരു മാറ്റവുമില്ല. അങ്ങനെ ഒരു ദിവസം സ്കൂൾ വിട്ട് വീട്ടിലെത്തിയ ഞാൻ കാണുന്നത് അമ്മയുടെ നെഞ്ചോട് പറ്റിച്ചേർന്ന് ഇരുന്ന് തേങ്ങിക്കരയുന്ന അമ്മുമോളെയാണ്. അമ്മ അവളെ എന്തൊക്കെയോ പറഞ്ഞു ആശ്വസിപ്പിക്കുന്നുണ്ട്. അച്ഛൻ “ഞാനീ നാട്ടുകാരനേ അല്ലെ” ന്ന മട്ടിൽ ആകാശത്ത് പറക്കുന്ന പക്ഷികളുടെ എണ്ണമെടുത്തോണ്ടിരിക്കുന്നു. കുറച്ചു അപ്പുറത്ത് മാറി എന്റെ തോട്ടക്കാരൻ കടുവ (വേഷം ആ പഴയ തോട്ടക്കാരന്റേതാണ് ) പടിക്കെട്ടിൽ തലയ്ക്കു കൈയും കൊടുത്ത് ഇരിക്കുന്നു. കുട്ടികടുവകൾ രണ്ടുപേരും അച്ഛന്റെ ഇടതും വലതും നിന്ന് അച്ഛനെ തലോടലോട് തലോടൽ. കുറേ തല തലോടുന്നു, കുറേ പുറം തലോടുന്നു., കുറേ കൈ അങ്ങനെ അങ്ങനെ. ഇതെല്ലാം കണ്ട് ഞാനാകെ അന്തം വിട്ടു.

എന്താണാവോ ഇതിനുംമാത്രം ഇവിടെ സംഭവിച്ചത്? “എന്താ അമ്മേ? എന്തിനാ മോള് കരയുന്നെ? എന്താ ചന്ദ്രുവേട്ടാ? ” എന്റെ ചോദ്യം കേട്ടതും കടുവ തലയുയർത്തി എന്നെയൊരു കത്തുന്ന നോട്ടം നോക്കി. ആള് ഭയങ്കര ദേഷ്യത്തിലാണല്ലോ. ഞാൻ അമ്മയോട് കണ്ണുകൊണ്ട് എന്താണെന്ന് ചോദിച്ചപ്പോൾ അമ്മ എന്നോടും അതേപോലെ നോക്കെന്ന് പറഞ്ഞ് മുറ്റത്തു ഒരു വശത്തേക്ക് കാണിച്ചു. അങ്ങോട്ട്‌ നോക്കിയ ഞാൻ വായും പൊളിച്ചു നിന്നുപോയി. തല ചെരിച്ച് കടുവയെ നോക്കിയപ്പോൾ അതേ നോട്ടം തന്നെ. ഈശ്വര ഏത് വഴിയാ ഞാനിപ്പോൾ ഓടി രക്ഷപ്പെടുക. ഞാനാ മുഖത്തു നോക്കി ഒന്നിളിച്ചു കൊടുത്തു. അല്ലാതെ ഞാനെന്താ ചെയ്യാ? “എന്താ ഉണ്ടായതെന്ന് കണ്ടില്ലേ? ” ഞാൻ ഉവ്വെന്ന് തലയാട്ടി. ഗാർഡന് സമീപം മുറ്റത്തായി നല്ല ചുവന്നൊരു റോസ് പൂവ് ഇതളുകൾ കൊഴിച്ച്ഇട്ടിരിക്കുന്നു.

“ഞാൻ പൊന്നുപോലെ നട്ടുവളർത്തുന്ന എന്റെ ചെടിയിലെ പൂവാണ് ഈ കിടക്കുന്നത്. കണ്ടോടി നിന്റെ മോള് ചെയ്‌ത പണിയാണിത്.” “അവള് കുട്ടിയല്ലേ ചന്ദ്രുവേട്ടാ. പോട്ടെ വിട്ടുകള. ” “ഹും… കുട്ടി. ഇവിടെ വന്ന അന്ന് മുതൽ നിനക്ക് എന്റെ റോസ് പൂവിലൊരു കണ്ണുണ്ടെന്ന് എനിക്കറിയാം. എന്നെപേടിച്ചു നീയൊന്നും ചെയ്തില്ല. ഇന്നിപ്പോ നിനക്ക് പറ്റാത്തത് മോളെക്കൊണ്ട് ചെയ്യിപ്പിക്കാണല്ലേ? നിന്റെ ആ കുരുത്തക്കേടുകൾ മുഴുവനും കിട്ടിയിട്ടുണ്ട്. നോക്ക് എന്റെ മക്കള് എത്ര പാവങ്ങളാണ്. ” “ഓഹ് അപ്പോൾ ഇതിൽ ചന്ദ്രുവേട്ടന് ഒരു പങ്കുമില്ലേ? എന്റെ മോള് പൂവ് പറിച്ചെങ്കിൽ കണക്കായിപ്പോയി. ” അതും പറഞ്ഞു അമ്മയുടെ കൈയിൽ നിന്നും മോളെ വാങ്ങിച്ചു. “അച്ഛൻ മോളെ ഒത്തിരി വഴക്ക് പറഞ്ഞോ? ” ഞാൻ ചോദിച്ചപ്പോൾ അമ്മുമോള് ചുണ്ടുകൂർപ്പിച്ച് ഒന്ന് മൂളി. “അച്ഛനെ നമുക്കെയ്‌ വെളിച്ചത്ത് ചോറ് കൊടുത്ത് ഇരുട്ടത്ത് കെടത്താം ട്ടൊ. “

ഉടനെ ആ കുഞ്ഞിക്കണ്ണുകൾ തിളങ്ങി. ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. “ഇനി മോള് ചെടിയിൽന്ന് പൂവൊന്നും പൊട്ടിക്കരുത് കേട്ടോ. അമ്മേടെ മോള് നല്ല കുട്ടിയല്ലേ? ” തലയാട്ടി സമ്മതിച്ചിട്ടുണ്ട്. അനുസരിച്ചാൽ മതിയായിരുന്നു. “നിൽക്കടി അവിടെ. ” ഞാൻ അകത്തേക്ക് കയറാൻ നിന്നതും കടുവ വിളിച്ചു. “എന്റെ മുന്നിൽ വെച്ച് ഇങ്ങനെ പറയും. കുറച്ചു മാറിയാൽ പറിക്കാനും പറഞ്ഞു കൊടുക്കും. ” “ദേ ചന്ദ്രുവേട്ടാ ഇല്ലാത്തത് പറയരുത്. എന്നെ വെറുതെ ആ പഴയ പ്രിയയാക്കരുത്. ” “പറഞ്ഞാൽ നീ എന്ത് ചെയ്യുമെടി? ” “ടൊ കടുവേ വല്ല്യേ ഡയലോഗ് അടിക്കൊന്നും വേണ്ട. നിങ്ങളും നിങ്ങടെയൊരു പൂന്തോട്ടവും. എല്ലാംകൂടി ഒരുദിവസം വലിച്ചു പറിച്ചു കളയും ഞാൻ. ” “ഞാനും എന്റെ മക്കളും കൈയുംകെട്ടി നോക്കിനിൽക്കല്ലേ. ഒരു അമ്മയും മോളും വന്നിരിക്കുന്നു. ” “ഓഹ്… ഒരു അച്ഛനും മക്കളും. നിങ്ങടെ ഭാഗത്തു അംഗസംഖ്യ കൂടുതൽ ഉണ്ടെന്ന് കരുതി എന്തും പറയരുത്.

മോള് വാ. അവര് അവിടെ നിൽക്കട്ടെ. ” ഉടനെ എന്റെ കൈയിൽന്ന് മോളെ വാങ്ങി അമ്മയെതന്നെ ഏൽപ്പിച്ചു. ശേഷം എന്നെയും പിടിച്ചു വലിച്ചു മുകളിലേക്ക് നടന്നു. ഞങ്ങടെ തല്ലും വഴക്കും കുറേ കണ്ട് പരിചയിച്ചത് കൊണ്ട് മക്കൾക്ക് ഒരു കുലുക്കവുമില്ല. അല്ലെങ്കിൽ ഞങ്ങടെ അമ്മേ ഒന്നും ചെയ്യല്ലേ ന്നെങ്കിലും പറഞ്ഞൂടെ. എന്റെയൊരു സന്തോഷത്തിന്. മക്കളാണത്രെ മക്കൾ. ഹും… “വിശ്വേട്ടാ ഒന്ന് പറ. അവൻ…… ” ലക്ഷ്മിയമ്മ അവരുടെ പോക്ക് കണ്ട് മേനോനോട്‌ പറഞ്ഞു. “താനിങ്ങനെ പേടിക്കാതെ ടൊ. മോളെ അവൻ ഒന്നും ചെയ്യില്ല. കൂടിപ്പോയാൽ നമുക്ക് കളിപ്പിക്കാൻ ദേ ഇതുപോലെ ഒരാളെകൂടി കിട്ടും. അത്രതന്നെ. അച്ചച്ചന്റെ കുറുമ്പി വായോ ” അമ്മു മോളെയും വാങ്ങിച്ച് അദ്ദേഹം അകത്തേക്ക് കടന്നു. “ചന്ദ്രവേട്ടാ ഒന്ന് പതുക്കെ പിടിച്ചു വലിക്ക്. “

“മര്യാദക്ക് അടങ്ങി നില്ക്കവിടെ. ” റൂമിൽ കയറ്റി ലോക്ക് ചെയ്തുകൊണ്ട് ചന്ദ്രുവേട്ടൻ പറഞ്ഞു. “വാതിൽ തുറക്ക് എനിക്ക് പോകണം. മക്കള്….. ” “മക്കളുടെ അടുത്ത് അച്ഛനും അമ്മയും ഉണ്ട്. ” എന്റെ അടുത്തേക്ക് നടന്നുവരുന്ന കടുവയ്ക്ക് ഒരു വല്ലാത്ത ആട്ടവും കുണുക്കവും. “എന്താ? ” “എന്താ? ” “എന്താന്ന്? ” ഞാൻ ശബ്ദം കടുപ്പിച്ചു. “നീ നേരത്തെ എന്തോ പരാതി പറയുന്നുണ്ടായിരുന്നല്ലോ? ” “എന്ത് പരാതി? ” “എന്തോ അംഗസംഖ്യ കൂടുതലാണെന്നോ കുറവാണെന്നോ മറ്റോ? ആ കംപ്ലയിന്റ് അങ്ങ് തീർത്തേക്കാം. എന്താ? ” കടുവയുടെ ഉദ്ദേശം പിടികിട്ടി…ഒരു മൂളിപ്പാട്ടും പാടി ചന്ദ്രുവേട്ടൻ അടുത്തേക്ക് വന്നു. വാക്കുകളിലെ കുസൃതി പ്രവർത്തിയിലും തുടങ്ങിയപ്പോൾ ഞാൻ കുതറിമാറി. “ഇത്രയും ചെടികളിലെ പൂക്കൾ ഒറ്റയ്ക്ക് പറിച്ച് അമ്മുട്ടി ക്ഷീണിക്കില്ലെ. അപ്പൊ അവൾക്ക് കൂട്ടിന് ഒരു കുറുമ്പി കൂടി വേണ്ടേ സഹായത്തിന്.. മ്മ്മ്? ” എന്റെ കണ്ണിലേക്കുതന്നെ നോക്കി ചന്ദ്രുവേട്ടൻ ചോദിച്ചപ്പോൾ ഞാൻ നാണിച്ചു തലതാഴ്ത്തി നിന്നു.

“അതിന് മുൻപ് എനിക്ക് രണ്ടു കാര്യങ്ങൾ പറയാനുണ്ട്. ” ഇടുപ്പിലെ പിടി മുറുകുന്നതോടൊപ്പം ആ മുഖം എന്നിലേക്ക് അടുത്തുവന്നതും ഞാൻ പറഞ്ഞു. ചന്ദ്രുവേട്ടൻ എന്താണെന്ന ഭാവത്തിൽ സംശയത്തോടെ പുരികം പൊക്കി കാണിച്ചു. “ഒന്ന്. ഇത് ഇവിടം കൊണ്ട് നിർത്തിയേക്കണം. നാട്ടുകാര് എന്താ വിചാരിക്കാ? നമുക്ക് വേറെ പണിയൊന്നുമില്ലെന്ന്. നാണക്കേട്. പിന്നെ…. എന്റെ ആരോഗ്യം…. ” “എന്റെ മക്കൾക്ക് ചിലവിന് കൊടുക്കുന്നത് നാട്ടുകാരല്ലല്ലോ. ഞാനല്ലേ. അതുകൊണ്ട് അത് വിട്. പക്ഷെ നിന്റെ ആരോഗ്യം. അത് ഞാൻ പരിഗണിക്കാം. ഇനി രണ്ട് എന്താ? ” “അത്…. അത് പിന്നെ….. ” “മനുഷ്യന്റെ ക്ഷമ പരീക്ഷിക്കാതെ നീ കാര്യം പറയുന്നുണ്ടോ? ” “അത്…. ഇനി കൂട്ടാനൊന്നും ഇല്ല. അംഗസംഖ്യ കൂടിയിട്ടുണ്ട്. ” “എന്താ? ” “ഈ കടുവ വീണ്ടും അച്ഛനാവാൻ പോവാണ്. “

“സത്യം !!!” “മ്മ്മ് സ്കൂളിൽ വെച്ച് വയ്യാതായപ്പോൾ ഹോസ്പിറ്റലിൽ പോയിട്ടാണ് വരുന്നത്. ” ഉടനെ വിളിച്ചുകൂവുന്നതിന്റെ കൂടെ കടുവ എന്നെ പൊക്കിയെടുത്തു വട്ടം കറങ്ങി. “എന്താ ഇത്? ചന്ദ്രവേട്ടന്റെ സന്തോഷം കണ്ടാൽ തോന്നുലോ ആദ്യായിട്ട് അച്ഛനാവാൻ പോവാണെന്ന്. ” വേഗം താഴെ ഇറക്കി ബെഡിൽ കൊണ്ടിരുത്തി. മൂർദ്ധാവിൽ ചുംബിച്ചു. ശേഷം കുഞ്ഞിനേയും. “ആദ്യത്തെ ആയാലും അവസാനത്തെ ആയാലും ഈ വാർത്ത കേൾക്കുന്നത് ഒരു വല്ലാത്ത വികാരമാണ് മോളെ. കുഞ്ഞിന്റെ ഓരോ വളർച്ചയും അറിയുന്നതും ഈ വയറിലേക്ക് നോക്കി കൊഞ്ചിക്കുന്നതും അങ്ങനെ എല്ലാം…..പിന്നെ അന്നത്തെ ആലോചിക്കുമ്പോൾ ഇന്നും ഉള്ളിലൊരു പേടിയാ. സത്യമായിട്ടും അന്ന് ആത്മഹത്യ ചെയ്താലോന്ന് വരെ തോന്നിയതാ. നീയില്ലാതെ ഞാൻ …….. ” “ഞാൻ പറഞ്ഞല്ലോ ഞാനിന്നും വിശ്വസിക്കുന്നത് അച്ഛനും അമ്മയുമാണ് അന്നെന്നെ രക്ഷിച്ചത്.

ആ ഓപ്പറേഷൻ തിയേറ്റർൽ ബോധമില്ലാതെ കിടക്കുമ്പോഴും ഞാനറിഞ്ഞിരുന്നു അവരുടെ സാമിപ്യം. എന്റെ കൂടെത്തന്നെ ഉള്ളതായിട്ട്. ” “അപ്പൊ നാം ഒന്ന് നമുക്ക് നാല്. ” ചിരിയോടെ എന്നെ നെഞ്ചോടു ചേർത്തുപിടിച്ചു ചന്ദ്രുവേട്ടൻ പറഞ്ഞപ്പോൾ മനസുകൊണ്ട് എല്ലാ ദൈവങ്ങൾക്കും ഞാൻ നന്ദി പറയുകയായിരുന്നു. ഈ കടുവയെ എനിക്ക് വേണ്ടി കാത്തുവെച്ചതിന്. ഇനിയുള്ള എല്ലാ ജന്മങ്ങളിലും എനിക്ക് തന്നെ തന്നേക്കണേ ന്ന് പ്രാർത്ഥിക്കുകയായിരുന്നു. ഒപ്പം ഞങ്ങളുടെ മക്കൾക്ക് വേണ്ടി. എല്ലാവരുടെയും നന്മയ്ക്കായി.

(അവസാനിച്ചു)

എന്റെ ആദ്യപരീക്ഷണം ഇവിടെ അവസാനിക്കുകയാണ്. ഒരു തുടക്കക്കാരി ആയിരുന്നിട്ട് കൂടി എന്നെയും ഈ കഥയെയും രണ്ടുകൈയും നീട്ടി സ്വീകരിച്ച് വേണ്ട പിന്തുണയും പ്രോത്സാഹനവും നൽകിയ എല്ലാവരോടും ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഇതുപോലെ വല്ല കടുംകൈയും ചെയ്യാൻ തോന്നിയാൽ ഇതുവഴി വരാം ട്ടൊ. ബൈ. 🏃‍♀️🏃‍♀️🏃‍♀️ ഇത്രയും നാളും super, waiting, അടിപൊളി, stickers എല്ലാം ഇട്ടിരുന്നവരും എല്ലാവരും ഇന്ന് എനിക്ക് വേണ്ടി രണ്ടുവരി കുറിച്ചിട്ടേ പോകാവൂ ട്ടൊ.

💖💖💖 സ്നേഹത്തോടെ കീർത്തി.

മിസ്റ്റർ കടുവ എന്ന ഈ നോവൽ കഴിഞ്ഞ മാസം 27ന് തന്നെ അവസാന ഭാഗം പോസ്റ്റിയതാണ്. പക്ഷേ, ചില വായനക്കാരുടെ കമന്റ് കണ്ടു. അവസാന ഭാഗം കിട്ടിയില്ലാ എന്ന് ആയതിനാലാണ് വീണ്ടും ഈ പാർട്ട് പോസ്റ്റുന്നത്. ഞങ്ങളുടെ നോവലുമായി എന്തെങ്കിലും സംശയമുണ്ടെങ്കിലോ, എന്തെങ്കിലും മിസ്‌റ്റേക്ക് സംഭവിച്ചാലോ നിങ്ങൾക്ക് ഞങ്ങളുടെ സബ് എഡിറ്റർ സഹ്‌ലയുമായി ബന്ധപ്പെടാം. ഫോൺ: 9747640786.