Saturday, November 23, 2024
Novel

Mr. കടുവ : ഭാഗം 37

എഴുത്തുകാരി: കീർത്തി


“അത് അവരായിരുന്നോ? ”
ഞാൻ ചോദിച്ചു.

“മ്മ്മ്… സൂരജും ജയദേവൻ അങ്കിളും. എന്റെ വിധി നടപ്പിലാക്കാൻ വന്നതായിരുന്നു. മുത്തശ്ശൻ മരിച്ചതടക്കം വീട്ടിലെ വിശേഷങ്ങൾ എല്ലാം പറഞ്ഞു. എന്തിന് വേണ്ടിയായിരുന്നു ഇതെല്ലാം ചെയ്തത് എന്ന എന്റെ ചോദ്യത്തിന് അങ്കിൾ പറഞ്ഞു.
“പരലോകത്തു ചെല്ലുമ്പോൾ നിന്റെ മുത്തശ്ശനോട് ചോദിച്ചാൽ മതി വിശദമായി പറഞ്ഞു തരും ” ന്ന്.
വാക്കുകൾ കൊണ്ടുള്ള തർക്കം കയ്യാങ്കളിയിലെത്തി. ഒടുവിൽ എല്ലാവരും കൂടി എന്നെ……

പിന്നെ കണ്ണ് തുറക്കുമ്പോൾ ഞാനൊരു കുടിലിൽ ആയിരുന്നു. ദേഹമാസകലം നീറുന്നുണ്ടായിരുന്നു, എന്തൊക്കെയോ പച്ചമരുന്നുകളും തേച്ചിട്ടുണ്ടായിരുന്നു. എഴുന്നേൽക്കാൻ കഴിയാതെ ദിവസങ്ങളോളം കിടന്നു.

ഏതോ ഒരു ട്രൈബൽ കമ്മ്യൂണിറ്റി ആയിരുന്നു അത്. ജീവന് വേണ്ടി തുടിച്ചു കിടന്നിരുന്ന എന്നെ അവർ രക്ഷിച്ചതായിരുന്നു. മരിച്ചെന്നു കരുതി ഉപേക്ഷിച്ചതാവും സൂരജിന്റെ ആളുകൾ.

ഒരിറ്റു ജീവൻ ബാക്കിയുണ്ടായിരുന്നു. ആരാണെന്നോ എന്താണെന്നോ അറിയാതെ ദേശമോ ഭാഷയോ അറിയാതെ മനുഷ്യത്വമുള്ള ഒരു കൂട്ടം ആളുകൾ. ജീവനുള്ള കാലത്തോളം മറക്കാൻ പറ്റില്ല അവരെ.

അവരുടേതായ രീതിയിൽ ചികിൽസിച്ച് എന്നെ സുഖപ്പെടുത്തി. തിരിച്ചു ആ കാട്ടിൽ നിന്നും പുറത്തു വരാനുള്ള വഴിയും കാണിച്ചു തന്നു.

നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്ന എന്നെ ആരും തിരിച്ചറിഞ്ഞതുമില്ല. ഈ രൂപവും ഭാവവും തന്നെയായിരുന്നു കാരണം.

ഒരു നേരത്തെ ഭക്ഷണത്തിന് വേണ്ടി പല ജോലികളും ചെയ്തിട്ടുണ്ട്. അങ്ങനെ ഉണ്ടാക്കിയ പണം കൊണ്ട് ബാംഗ്ലൂർലേക്ക് പോന്നു. എങ്ങനെയും നിങ്ങളെയെല്ലാം വിവരങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തണം. ഇനിയും അവരെ വിശ്വസിക്കരുത് എന്ന് പറയണം.

അതിനുവേണ്ടി അച്ഛന്റെ ഫോണിലേക്ക് ഒരുപാട് തവണ വിളിച്ചു. ആരും എടുത്തില്ല. അവസാനം ഒരു ദിവസം അമ്മയാണ് കാൾ അറ്റൻഡ് ചെയ്തത്. രണ്ടുപേരോടും ഒത്തിരി സംസാരിച്ചു.

എല്ലാ വിവരങ്ങളും പറഞ്ഞു. അപ്പോൾ അച്ഛനാണ് പറഞ്ഞത് കുറച്ചു ദിവസം കൂടി ആരുടെയും കണ്ണിൽ പെടാതെ കഴിയാനും എത്രയും പെട്ടന്ന് അവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും.

അമ്മയുടെ സങ്കടം സാഹിക്കാനാവാതെ രണ്ടു ദിവസം കഴിഞ്ഞു അച്ഛനും അമ്മയും ബാംഗ്ലൂർലേക്ക് വരാമെന്നും പറഞ്ഞു. പ്രിയ മോൾടെ ആ വർഷത്തെ പിറന്നാളിന് ഞാനുംകൂടെ ഉണ്ടാവണമെന്ന് അച്ഛൻ ആഗ്രഹിച്ചു. അന്ന് എന്നെ കണ്ടു മടങ്ങുമ്പോഴാണ് അവര്…… ”

“അപ്പോൾ അച്ഛൻ അന്നെന്നോട് പറഞ്ഞ ആ സർപ്രൈസ് ഏട്ടനായിരുന്നു ലെ.? ”

“മ്മ്മ്… അതെ. പിറ്റേന്ന് ന്യൂസിലൂടെയാണ് ഞാനാ വിവരം അറിഞ്ഞത്. പിന്നീടുള്ള എന്റെ പേടി നിന്നെക്കുറിച്ചായിരുന്നു.

ഇനി നിന്നെയും അവര് എന്തെങ്കിലും അപായപ്പെടുത്തുമോന്ന്. അതുകൊണ്ട് അവരെ കുടുക്കാൻ എന്തെങ്കിലും വഴിയുണ്ടോന്നറിയാൻ നമ്മുടെ കമ്പനിയുടെ ലീഗൽ അഡ്‌വൈസർ അനന്തൻ സാറിനെ കാണാൻ ചെന്നിരുന്നു. പക്ഷെ എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായ സംഭവമാണ് അവിടെ നടന്നത്.

അയാളും അവരുടെ ആളാണ്. ഞാൻ അങ്ങോട്ട്‌ കയറിചെല്ലുമ്പോൾ അവരെല്ലാവരും കൂടി എന്തൊക്കെയോ പുതിയ പ്ലാനിങ്ങിലായിരുന്നു. മറഞ്ഞു നിന്ന് ഞാനതെല്ലാം കേട്ടു.

മരിക്കുന്നതിന് മുൻപ് അച്ഛൻ എഴുതിവെച്ച വില്പത്രത്തെകുറിച്ചായിരുന്നു അവരുടെ സംസാരം.

അതിൽനിന്നും എനിക്ക് മനസിലായി നിന്റെ ജീവൻ അപായപെടുത്താൻ അവര് മുതിരില്ലെന്ന്.

കാരണം അച്ഛൻ എഴുതിവെച്ചത് പ്രകാരം നമ്മുടെ സ്വത്തുക്കൾ അവർക്ക് നേടണമെങ്കിൽ നിന്നിലൂടെ മാത്രമേ അത് പറ്റൂ.
പിന്നെ എന്നെക്കുറിച്ച് പറഞ്ഞു പരത്തിയിരിക്കുന്ന കഥകളും അറിഞ്ഞു.

അപ്പോൾ തോന്നി അച്ഛൻ പറഞ്ഞത് പോലെ ഒരു നല്ല അവസരത്തിന് വേണ്ടി കാത്തിരിക്കുന്നതാണ് നല്ലതെന്നു. തിരുനാവായിൽ വെച്ചുണ്ടായ സംഭവം ഞാനും അറിഞ്ഞു.

അന്ന് ഞാനുമുണ്ടായിരുന്നു അവിടെ. പക്ഷെ ഓടിവന്നപ്പോഴേക്കും നിങ്ങൾ ഇവളെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയിരുന്നു. പിന്നെ അന്വേഷിച്ചപ്പോളാണ് എല്ലാം അറിഞ്ഞത്. അങ്ങിനെയാണ് ഞാൻ വിവാഹത്തിന് എത്തിയത്. ഇന്നെനിക്ക് നല്ല ധൈര്യം തോന്നുന്നുണ്ട്.

കാരണം എന്റെ അനിയത്തി ഏറ്റവും സുരക്ഷിതമായ കൈകളിലാണ് എത്തിച്ചേർന്നിരിക്കുന്നത്. ഏതൊരു ആപത്തിൽ നിന്നും അവളെ സംരക്ഷിക്കാനും ചേർത്തുപിടിക്കാനും കെൽപ്പുള്ള ഒരു ഭർത്താവുണ്ട്. പിന്നെ നിങ്ങൾ എല്ലാവരും. ”

“ഇനി എന്താ ഏട്ടന്റെ പ്ലാൻ? ”
ചന്ദ്രുവേട്ടൻ ചോദിച്ചു.

“വിവാഹം കഴിഞ്ഞ സ്ഥിതിക്ക് പ്രയാഗ് എന്റർപ്രൈസസിന്റെ മേൽവിലാസത്തിൽ അധികകാലം ഇനി അവർക്ക് അറിയപ്പെടാൻ കഴിയില്ല. ഉടനെ ചന്ദ്രു ബിസിനസ് ഏറ്റെടുക്കണം.”

“ഏട്ടാ അത്…. ഞാൻ. അപ്പോൾ ഇവിടെ? ”

“തല്ക്കാലത്തേക്ക് മതി. എനിക്ക് അവരുടെ മുന്നിൽ ചെല്ലാനുള്ള സമയമായിട്ടില്ല. അതുവരെ ഞാൻ മരിച്ചു പോയെന്ന് തന്നെ അവര് വിശ്വസിച്ചോട്ടെ. അതുവരെ മാത്രം.

എന്റെ അച്ഛനും അമ്മയ്ക്കും വേണ്ടി എനിക്കൊരു കാര്യം ചെയ്യാനുണ്ട്. പിന്നെ എനിക്കറിയണം എന്തിനുവേണ്ടിയാണ് അവര് ഞങ്ങളോട് ഈ ക്രൂരത കാണിച്ചതെന്ന്. ”

അത് പറയുമ്പോൾ ഏട്ടന്റെ കണ്ണിലെ പകയുടെ തീ ആളിക്കത്തുന്നുണ്ടായിരുന്നു.

“ഏട്ടന്റെ കൂടെ എന്തിനും ഞങ്ങളെല്ലാവരും ഉണ്ട്. ”
ചന്ദ്രുവേട്ടൻ പറഞ്ഞു.

പിന്നീടങ്ങോട്ട് സന്തോഷത്തിന്റെ ദിവസങ്ങളായിരുന്നു. റിസപ്ഷന് രണ്ടു ദിവസം മുന്നേ എല്ലാവരും തറവാട്ടിലെത്തി. പെട്ടന്ന് ആരും തിരിച്ചറിയേണ്ട ന്ന് പറഞ്ഞ് ഏട്ടൻ താടിയും മുടിയും അല്പം കുറച്ചതല്ലാതെ വേറൊന്നും ചെയ്തില്ല.

രാമേട്ടനും ഭാര്യയും വന്നില്ല. എന്നാലും മക്കളെ വിട്ടിരുന്നു. വാനരപ്പടയ്ക്ക് തറവാടും പരിസരവും ഒത്തിരി ഇഷ്ടപ്പെട്ടു. അവിടെയും ഇവിടെയുമൊക്കെ ആയി ചാടി ചാടി നടപ്പുണ്ടായിരുന്നു.

കൂടെ ആ രണ്ടു വിവരമില്ലാത്ത ടീച്ചർമാരും. രാധുവും രേവുവും. നമ്മള് പിന്നെ കുടുംബിനി ആയില്ലേ. എന്നാലും ഇടയ്ക്കൊക്കെ ഞാനും അവരോടൊപ്പം കൂടും.

ഏട്ടനും ചന്ദ്രുവേട്ടനും സൂരജേട്ടനേയും അങ്കിൾനെയും പൂട്ടാനുള്ള നെട്ടോട്ടത്തിലാണ്. ഏട്ടൻ പറഞ്ഞത് പോലെ ചന്ദ്രുവേട്ടൻ പ്രയാഗ് എന്റർപ്രൈസസ്ന്റെ CEO സ്ഥാനം ഏറ്റെടുത്തു.

അതിന് ജയദേവൻ അങ്കിൾന്റെ വക ചവിട്ടുനാടകവും കഥാപ്രാസംഗവും എല്ലാം ഉണ്ടായിരുന്നു. പക്ഷെ ആരോടാ പറയുന്നത്? എന്റെ കേളപ്പേട്ടനുണ്ടോ ഇതൊക്കെ കേട്ടാൽ കുലുങ്ങുന്നു. ആള് അതിലും നല്ല മാസ്സ് ഡയലോഗ് അങ്ങോട്ടും പറഞ്ഞു. അത്ര തന്നെ.

“എന്റെ മോനൊന്ന് ഹോസ്പിറ്റലിൽന്ന് ഇറങ്ങിക്കോട്ടെടാ നിനക്കുള്ളത് തരുന്നുണ്ട് ” ന്നും
പറഞ്ഞ് അങ്കിൾ ഇറങ്ങി പോയി.

ഇതിനിടയിൽ റിസപ്ഷൻ അതിഗംഭീരമായി തന്നെ നടന്നു. അന്ന് ഏട്ടനെ കണ്ട് ഒരുത്തി വായും പൊളിച്ചു നിൽപ്പുണ്ടായിരുന്നു.

“ഇത് തന്നെയാണോ നിന്റെ ഏട്ടൻ? നിനക്ക് ആള് മാറിയിട്ടില്ലല്ലോ ” ന്ന് ചോദിച്ചിരുന്ന രാധുവായിരുന്നു അത്. റിസപ്ഷന് വന്ന പിടക്കോഴികളുടെ നോട്ടം മുഴുവൻ എന്റെ കടുവയിലായിരുന്നു.

കല്യാണം കഴിക്കാത്ത എത്രയോ പൂവന്മാർ അവിടെ ചിക്കിചിക്കി നടക്കുമ്പോൾ അവറ്റകൾക്ക് എന്റെ കടുവയെ മാത്രമേ കണ്ണിലെ കണ്ടുള്ളു. എന്തായാലും സെക്കന്റ്‌ പൊസിഷൻ ഏട്ടനാണ്.

പാട്ടും ഡാൻസുമൊക്കെയായി ആ രാവ് ഞങ്ങൾ ആഘോഷമാക്കി.

പിന്നെയും കുറച്ചു ദിവസം ഏട്ടനോടൊപ്പം തറവാട്ടിൽ കൂടി. ഇതിനിടയിൽ ഒരു ദിവസം പാതിരാത്രി ആ പരട്ടകടുവ എന്നെ തറവാട്ടിലെ കുളത്തിൽ കൊണ്ടുപോയി ഇട്ടു.

എനിക്ക് നീന്താൻ അറിയില്ലെന്ന് കാലുപിടിച്ചു പറഞ്ഞിട്ടും ആ ദുഷ്ടൻ കേട്ടില്ല. തറവാട്ട് കുളത്തിൽ ഒരു റൊമാൻസ് ആണത്രേ.

മനുഷ്യനിവിടെ ശ്വാസം കിട്ടാതെ വെള്ളത്തിൽ കൈകാലിട്ടടിക്കുമ്പോഴാണ് കടുവയുടെ ഒരു റൊമാൻസ്. കൂടെ ഏതോ ഒരു വൃത്തിക്കെട്ട പാട്ടും. മുങ്ങിച്ചാവാതെ ആള് തന്നെ രക്ഷിച്ചു. നല്ല കാലം.

പിറ്റേന്ന് മുതൽ കുറച്ചു ദിവസത്തേക്ക് ഞങ്ങൾ രണ്ടാളും ആ തറവാട് മുഴുവൻ തുമ്മിതുമ്മി നടന്നു. കൂട്ടത്തിൽ എനിക്ക് പനിയും പിടിച്ചു. കുറെയെണ്ണത്തിന്റെ വക ഞങ്ങളെ നോക്കി ആക്കിയൊരു ചുമയും തുമ്മലും വേറെ.

ഉച്ചയ്ക്ക് എല്ലാവരും ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവരും മീൻ വറുത്തതും കറികളും ഒക്കെയായി വിഭവസമൃദ്ധമായ ആഹാരം കഴിക്കുന്നു. എനിക്ക് മാത്രം കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയും. പോരെങ്കിൽ ഒരു പപ്പടവും.

അതും ചുട്ടെടുത്തത്. ബുഹ്ഹ !!!
ദുഷ്ടൻ ഫർത്തു എന്നെ കാണിക്കാൻ വേണ്ടി തൊട്ടടുത്തിരുന്ന് ചോറ് ആസ്വദിച്ചു കഴിക്കുന്നു. ഇടയ്ക്ക് സ്വാദ് കാണിക്കാൻ ഓരോ ശബ്ദവും.

“ചന്ദ്രുവേട്ടാ… ഒരു കഷ്ണം മീൻ എനിക്ക് തരുവോ? ”

“അയ്യോ പനിക്കുമ്പോൾ മീൻ വറുത്തത് കഴിക്കാൻ പാടില്ല. എണ്ണയുള്ളതല്ലേ? ”

“അത് സാരല്ല്യ. ഒരു കഷ്ണം പ്ലീസ് ….”

“ഇല്ല മോളുസേ. നോക്കിയിരുന്ന് ഞങ്ങളെ വെള്ളമിറക്കാതെ കഞ്ഞി കുടിച്ചിട്ട് എഴുന്നേറ്റു പോകാൻ നോക്ക്. ”
ദുഷ്ടൻ. ഭാര്യയോട് സ്നേഹമില്ലാത്ത അലവലാതി. നോക്കിക്കോ വയസ്സ് കാലത്ത് തനിക്ക് ഞാൻ കഞ്ഞി മാത്രമേ തരൂ.

ഈ കാണിക്കുന്നത് എണ്ണിയെണ്ണി ഞാൻ പകരം ചോദിക്കും. മീനാണെന്ന് സങ്കൽപ്പിച്ച് പപ്പടവും കടിച്ചുവലിച്ച് ഞാൻ കഞ്ഞി കുടിക്കാൻ തുടങ്ങി. പെട്ടന്ന് ഒരുരുള ചോറുമായി ഒരു കൈ എന്റെ മുന്നിലേക്ക് നീണ്ടു വന്നു.

തലയുയർത്തി നോക്കിയപ്പോൾ ചന്ദ്രുവേട്ടൻ ‘കഴിക്കെന്ന ‘ അർത്ഥത്തിൽ തലയാട്ടി കാണിച്ചു. പെട്ടന്ന് കണ്ണ് നിറഞ്ഞുപോയി. കണ്ണുതുടച്ചു കൊണ്ട് ചോറ് വായിലേക്ക് വെച്ചുതന്നു.

നോക്കിയപ്പോൾ ചുറ്റുമുള്ളവരും ഞങ്ങളെ തന്നെ നോക്കിയിരിപ്പാണ്. ഏട്ടന്റെ കണ്ണിലും കണ്ടു നീർത്തിളക്കം. അത് സന്തോഷം കൊണ്ടാണെന്നു എനിക്ക് മനസിലായി.

“എന്റെ ഭാര്യ രണ്ടു മീൻ വറുത്തത് കഴിച്ചാൽ പനി കൂടുമോന്ന് എനിക്കൊന്ന് കാണണം. നിനക്ക് മതിയാവുന്നത് വരെ കഴിച്ചോ. പനി കൂടിയാലേയ് നമുക്ക് രണ്ടു ഹോസ്പിറ്റൽ ഇല്ലേ. ഇഷ്ടമുള്ളിടത്ത് പോയി റസ്റ്റ്‌ എടുക്കാം. ന്താ? ”

അതും പറഞ്ഞു ചന്ദ്രുവേട്ടൻ പിന്നെയും എനിക്ക് ചോറും മറ്റും വാരിത്തന്നു.
“ആഹാ … നല്ല സമയത്താണല്ലോ ഞാൻ വന്നത്. ”
അങ്ങോട്ട്‌ കയറി വന്ന മൂർത്തി അങ്കിൾ ആയിരുന്നു അത്.

“മൂർത്തിയോ? വാ ഇരിക്കടോ കഴിക്കാം. ” അച്ഛൻ പറഞ്ഞു.

സംസാരത്തിനിടയിൽ അങ്കിൾ പറഞ്ഞു സൂരജേട്ടൻ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിൽ എത്തിയെന്ന്. അതുകേട്ടപ്പോൾ രണ്ട് അളിയന്മാരും കണ്ണുകൊണ്ട് പരസ്പരം കഥകളി കാണിക്കുന്നുണ്ടായിരുന്നു.
“ചന്ദ്രുവേട്ടാ എന്താ കാര്യം? രണ്ടും തമ്മിൽ കന്നുകൊണ്ടൊരു കളി? ”

“അതോ… അതേയ് നിന്റെ ഏട്ടന് അമ്മാവാ ന്ന് വിളിക്കാൻ ഒരാളെ വേഗം വേണംന്ന്. ”
ആ നിമിഷം കടുവയുടെ കാലിനിട്ട് ഒരു ചവിട്ട് കൊടുത്തു.

“നന്ദിയില്ലാത്തവളെ… ചോറു വാരിത്തന്ന ആളുടെ കാലിനിട്ട് തന്നെ ചവിട്ടടി. നല്ലൊരു കാര്യമല്ലേ ഞാൻ പറഞ്ഞത്? ”

നല്ലൊരു കാര്യം !!ഞാൻ ചുണ്ട് കൂർപ്പിച്ച് മുഖം തിരിച്ചിരുന്നു. നാണമില്ലാത്തവൻ. വിവാഹം കഴിഞ്ഞിട്ട് ഒരു മാസം തികഞ്ഞില്ല അപ്പോഴേക്കും കൊച്ചിനെ വേണം പോലും. ഹും…

വാനരപ്പടയോടൊപ്പം ഉമ്മറത്ത് കൊച്ചുവർത്തമാനം പറഞ്ഞു ഇരിക്കുകയായിരുന്നു. കൂടെ രാധുവുമുണ്ട്. രേവതി ഇപ്പോൾ മുഴുവൻ നേരവും അങ്കിൾ അറിയാതെ ഫോൺ വിളിയിലാണ്. വിനോദ് സാറുമൊത്ത്.

ആ പ്രണയം വീണ്ടും പടർന്നു പന്തലിക്കുന്നുണ്ട്. എന്താവോ എന്തോ? പുഷ്പ്പിക്കുമോ അതോ അതിനു മുന്നേ മൂർത്തി അങ്കിൾ അതിന്റെ കടക്കൽ തിളച്ചവെള്ളം ഒഴിക്കുമോ ആവോ? ഈശ്വരാ നീയേ തുണ !!!

അങ്ങനെ ഇരിക്കുമ്പോളാണ് ചന്ദ്രുവേട്ടൻ വന്നു പറഞ്ഞത് പുറത്ത് പോകാനുണ്ടെന്നും പെട്ടന്ന് റെഡിയായി വരാന്. എന്താ ഏതാന്ന് ചോദിച്ചിട്ട് ഒന്നും പറഞ്ഞതുമില്ല. നോക്കിയപ്പോൾ ഏട്ടനും എങ്ങോട്ടോ പോകാൻ ഒരുങ്ങുന്നു.

പതിവില്ലാതെ രാവിലെ ഏട്ടന്റെ കാർ പോർച്ചിൽ നിന്നിറക്കി വൃത്തിയാക്കി ഇട്ടിരുന്നത് ഞാനോർത്തു. എന്തേലുമാവട്ടെ ഞാൻ വേഗം ചെന്ന് ഒരുങ്ങി വന്നു. ഞാനും ചന്ദ്രുവേട്ടനും ഏട്ടന്റെ കൂടെയായിരുന്നു. പിറകെ മറ്റൊരു കാറിൽ അച്ഛനും മൂർത്തി അങ്കിളും.

യാത്രയ്ക്കിടയിലും എങ്ങോട്ടാണ് പോകുന്നതെന്ന എന്റെ ചോദ്യത്തിന് ഒരമ്മ പെറ്റപോലുള്ള ആ അളിഞ്ഞ അളിയന്മാർ കമാന്നൊരക്ഷരം മിണ്ടിയില്ല. രണ്ടെണ്ണവും നല്ല ഹാപ്പി മൂഡിലാണ്.

സ്റ്റീരിയോയിലെ പാട്ടിനനുസരിച്ച് കൂടെ പാടുന്നുമുണ്ട് രണ്ടും. ദേഷ്യം വന്നു ഞാൻ പിന്നെ ഒന്നും ചോദിക്കാൻ പോയില്ല. പുറത്തെ കാഴ്ചകൾ നോക്കിയിരുന്നു. ഇടയ്ക്കെപ്പോഴോ നിദ്രദേവിയുടെ മടിത്തട്ടിലേക്ക് ചാഞ്ഞു.
“പ്രിയെ… ”

“മ്മ്മ്.. ”
ഉറക്കത്തിലും ആ പ്രിയപ്പെട്ട വിളിക്ക് ഞാനൊന്ന് മൂളി.

“ഇറങ്ങ്. സ്ഥലം എത്തി. ”
ഉടനെ കണ്ണുതുറന്ന് ഞാൻ ചുറ്റും നോക്കി. ഏട്ടൻ കാറിനകത്ത് തന്നെ ഇരിക്കുന്നു. ചന്ദ്രുവേട്ടൻ എന്റെ വശത്തെ ഡോർ തുറന്നു പിടിച്ചു കുമ്പിട്ടുനിൽക്കുന്നു.

പുറത്തിറങ്ങിയ ഞാൻ ആ പരിസരം നന്നായി വീക്ഷിച്ചു. തിരിച്ചു വരരുതെന്ന് ആഗ്രഹിച്ച് ഒരു രാത്രിയിൽ ഞാൻ ഇറങ്ങിപോന്ന വീട്.

അച്ഛന്റെയും അമ്മയുടെയും അവസാനനാളുകളിൽ അവരോടൊപ്പം ചിലവഴിച്ച വീട്. എല്ലാറ്റിലും ഉപരിയായി എനിക്ക് ദുഃഖങ്ങൾ മാത്രം നൽകിയിട്ടുള്ള വീട്. ‘മാധവം’ എന്ന ആ വീട്ടിൽ ഞങ്ങളുടെ ശത്രുക്കളാണ് ഉള്ളത്.

മുറ്റത്ത് ആളുകൾ നിൽക്കുന്നുണ്ടായിരുന്നു ഒന്നുരണ്ടു പോലീസ് ജീപ്പും പോലീസുകാരും. ഒപ്പം ചില മീഡിയക്കാരും.

ഞാൻ സംശയത്തോടെ ചന്ദ്രുവേട്ടനെ നോക്കി. പുള്ളിയുടെ മുഖത്ത് ഇപ്പോഴും നല്ല സന്തോഷമാണ്.
“അയ്യോ…. മോനെ…. ”
“ഏട്ടാ…… ”
പെട്ടന്നാണ് വീടിനകത്തു നിന്നും നിലവിളി കേട്ടത്. അത് മാലിനി ആന്റിയും സാന്ദ്രയുമാണെന്ന് എനിക്ക് മനസിലായി.

അവര് വിളിച്ചത്….. അപ്പൊ സൂരജേട്ടൻ? ദൈവമേ രണ്ടെണ്ണവും കൂടി അതിനെ കശാപ്പു ചെയ്തോ ആവോ? പരിഭ്രമത്തോടെ ഞാൻ ആളുകളെ വകഞ്ഞുമാറ്റി മുന്നോട്ട് നടന്നു.

പാടിക്കൽ എത്തിയ ഞാൻ മുന്നിലെ കാഴ്ച കണ്ട് ഒരുനിമിഷം നിശ്ചലമായി.
കൈയിൽ വിലങ്ങു വെച്ച് ഇറങ്ങി വരികയായിരുന്നു സൂരജേട്ടൻ.

‘നീ പോയിട്ട് വാടാ ‘ന്നുള്ള മട്ടിൽ തൊട്ടുപിറകെ ജയദേവൻ അങ്കിളും ഉണ്ട്. എന്നെ കണ്ടതും രണ്ടുപേരുടെയും മുഖം ദേഷ്യം കൊണ്ട് ചുവന്നു തുടുത്തു.

അവരുടെ നോട്ടത്തിൽ പേടിച്ച് എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നപ്പോൾ പെട്ടന്ന് ഒരു കൈ വന്നെന്റെ തോളിലൂടെ ചേർത്തുപിടിച്ചു.

ചന്ദ്രുവേട്ടനായിരുന്നു അത്. സൂരജേട്ടന്റെ നോട്ടം പെട്ടന്ന് ചന്ദ്രുവേട്ടനിലേക്കും ശേഷം എന്റെ കഴുത്തിൽ കിടക്കുന്നു തെളിയിലേക്കും ആയി.
“ഞാൻ എല്ലാകാലത്തും ജയിലിനകത്ത് ആയിരിക്കില്ല. ഓർത്തോ.”

“നീ എന്താടാ ഭീഷണിപ്പെടുത്തുന്നോ? ” ചന്ദ്രുവേട്ടൻ ആയിരുന്നു.

“ഇവന്റെ ധൈര്യത്തിലാണ് നീയിതൊക്കെ ചെയ്തതെന്ന് എനിക്കറിയാം. സന്തോഷത്തോടെ നിന്നെ ജീവിക്കാൻ ഞാൻ സമ്മതിക്കില്ല. നോക്കിക്കോ. ”

“നിനക്കൊരു ചുക്കും ചെയ്യാൻ കഴിയില്ല. ഇവള് ഇന്ന് ആ പഴയ പ്രിയദർശിനിയല്ല. എന്റെ ഭാര്യയാണ്. ഈ ചന്ദ്രമൗലിയുടെ ഭാര്യ.

അതുകൊണ്ട് വേണ്ടാത്ത ഐഡിയകൾ മനസ്സിൽ തോന്നുമ്പോൾ രണ്ടുമൂന്നു മാസം ഹോസ്പിറ്റലിൽ കിടന്നത് ഇടയ്ക്കൊക്കെ ഓർക്കുന്നത് നല്ലതാ. കേട്ടോ. ”

“മ്മ്മ്… മതി വന്ന് വണ്ടിയിൽ കയറ്. ”
SI പറഞ്ഞപ്പോൾ അവര് മുന്നോട്ട് നടന്നു. മുറ്റത്തു കിടക്കുന്ന ഏട്ടന്റെ കാർ കണ്ടതും സൂരജേട്ടൻ വീണ്ടും നിന്നു. ഉടനെ ഏട്ടൻ പുറത്തിറങ്ങി.

ഏട്ടനെ കണ്ട് സൂരജേട്ടന്റെ മുഖം പെട്ടന്ന് വിളറിവെളുത്തു. സ്തംഭിച്ച് അവിടെ തന്നെ നിന്നു.
“അപ്പു… ” സൂരജേട്ടൻ പതിയെ മന്ത്രിച്ചു.

“സൂരജ് എന്താ ഇങ്ങനെ നോക്കുന്നെ. പേടിക്കണ്ടടൊ ഞാൻ പ്രേതമൊന്നുമല്ല. ”

“എടാ നീ… ” അങ്കിൾ ആയിരുന്നു.

“അതെ ഞാൻ തന്നെയാണ്. നിങ്ങള് കൊന്നുത്തള്ളാൻ ഏൽപ്പിച്ച അതേ പ്രയാഗ്. ഈ ലോകത്ത് നിങ്ങളെ പോലുള്ളവർ മാത്രമല്ലല്ലോ ഉള്ളത്. ”

“ഓഹോ അപ്പോൾ എല്ലാവരും കരുതികൂട്ടി ഇറങ്ങിയിരിക്കാണല്ലേ?”

“ഇനിയങ്ങോട്ട് നിങ്ങളുടെ നാശമാണ്. സർവനാശം. ചെയ്തു കൂട്ടിയതിനെല്ലാം താനനുഭവിക്കും. ”
അപ്പോഴേക്കും പോലീസുകാർ സൂരജേട്ടനെ ജീപ്പിൽ കയറ്റി കൊണ്ടുപോയി.

“പിന്നെ അങ്കിൾ ഒരു കാര്യം പറയാൻ വിട്ടു. നാളെ മുതൽ പ്രയാഗ് എന്റർപ്രൈസസ്ന്റെ കീഴിലുള്ള ഒരു സ്ഥാപനത്തിലും നിങ്ങളെ കണ്ടുപോകരുത്. ”

“വന്നാൽ നീ എന്ത് ചെയ്യുമെടാ നരുന്ത് ചെറുക്കാ? ”

“എന്റെ പൊന്ന് അങ്കിളെ കാണാൻ പോകുന്ന പൂരം പറഞ്ഞറിയിക്കുന്നത് ശെരിയാണോ? അത് കണ്ടിട്ടും വേണമെങ്കിൽ രണ്ടെണ്ണം കൊണ്ടും അറിയുന്നതല്ലേ അതിന്റെയൊരു രസം. ” ചന്ദ്രുവേട്ടൻ പറഞ്ഞു.

“നീ എന്തിനാടാ ഇതിലിടപെടുന്നത്? ഇത് ഞങ്ങള് കുടുംബക്കാർ തമ്മിലുള്ളതാണ്. ”

“ഹാ… അതെന്ത് വർത്തമാനമാണ് അങ്കിൾ ഞാനും ഇപ്പൊ നിങ്ങളുടെ കുടുംബത്തിലെ അംഗമല്ലേ. ”

“എന്റെ മകനേ അകത്തു പോയിട്ടുള്ളൂ. നിന്നെയൊക്കെ ഞാൻ കാണിച്ചു തരാമെടാ. ” അതും പറഞ്ഞു അങ്കിൾ വീട്ടിലേക്ക് കയറി പോയി. ഞങ്ങൾ തിരിച്ചും.

തിരിച്ചുള്ള യാത്രയിൽ വണ്ടിയിൽ പാട്ടും കൂത്തും ഒന്നുമുണ്ടായില്ല. ഞാൻ ആ സമയം ഓർത്തത് മുഴുവൻ അച്ഛനെയും അമ്മയെയും കുറിച്ചായിരുന്നു.

അവരുടെ മരണത്തിന് ഉത്തരവാദിയായവനെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നു. ഏട്ടൻ തിരിച്ചു വന്നു. എന്റെ വിവാഹം കഴിഞ്ഞു.

അച്ഛന്റെ സ്വപ്നം, ജീവൻ അത് ഇനിമുതൽ ഏട്ടൻ ഭരിക്കും. മറ്റൊരു ലോകത്തിരുന്ന് അവര് ഇതെല്ലാം കണ്ട് സന്തോഷിക്കുന്നുണ്ടാവും. ഇനി എന്റെ ഏട്ടനും കൂടി ഒരു നല്ല ജീവിതം വേണം. ഒരു പെൺകുട്ടിയെ കണ്ടുപിടിക്കണം.

അപ്പോൾ എന്റെ മനസ്സിൽ തെളിഞ്ഞ മുഖം ഓർക്കവേ ചുണ്ടിൽ ഒരു കുഞ്ഞു ചിരി വിരിഞ്ഞു.

പിറ്റേന്ന് എല്ലാവരോടും യാത്ര പറഞ്ഞ് ഞങ്ങൾ കൃഷ്ണപുറത്തേക്ക് തിരിച്ചു. ഇത്തവണ തിരിച്ചു പോകുമ്പോൾ ഏട്ടനെ കെട്ടിപിടിച്ചു ഒത്തിരി കരഞ്ഞു.

ആര് പറഞ്ഞിട്ടും കൂട്ടാക്കാതെ ഏട്ടനെ കെട്ടിപിടിച്ചു നിൽക്കുന്നത് കണ്ട് കടുവയ്ക്കും ദേഷ്യം വരാൻ തുടങ്ങിയിരുന്നു.

കുറച്ചു ദിവസം കൂടെ ഏട്ടന്റെകൂടെ നിൽക്കാൻ തോന്നി. ഒടുക്കം സഹിക്കെട്ട് കടുവ വന്ന് എന്നെ പൊക്കിയെടുത്തു തോളിലിട്ടു.

എന്നിട്ട് കാറിൽ കൊണ്ടുപോയി ഇട്ടു. ഒരുമാതിരി ഗുണ്ടകൾ തട്ടിക്കൊണ്ടുപോകുന്നത് പോലെ.

അതുകണ്ട് എല്ലാവരും ചിരിച്ചു. ഹും… എല്ലാർക്കും ചിരി. എന്റെ സങ്കടം എനിക്കല്ലേ അറിയൂ.

ഏട്ടനോടൊപ്പം കുഞ്ഞുണ്ണി ഏട്ടനും ലീല ചേച്ചിയും ഇനിയുള്ള കാലം അവിടെ തന്നെ നിന്നോട്ടെയെന്ന് ഏട്ടൻ പറഞ്ഞു. അവർക്ക് മകനുമായി അതുപോലെ ഏട്ടന് തിരിച്ചും.

ഈ ചുരുങ്ങിയ സമയം കൊണ്ടു കടുവ ഞങ്ങളുടെ തറവാടും ഒരു പൂന്തോട്ടമാക്കാൻ ശ്രമിച്ചു. കുറച്ചൊക്കെ വിജയം കാണുകയും ചെയ്തു.

ഇയ്യാൾക്ക് ഇതിൽ ആരേലും കൈവിഷം കൊടുത്തിട്ടുണ്ടോ ആവോ? ഇങ്ങനെ ഒരു പൂന്തോട്ടഭ്രാന്ത്.

എന്നിട്ട് എന്നോട് ഒരു ചോദ്യവും.
“വെറുതെ വായിനോക്കി നടക്കുന്ന നേരത്ത് നിനക്ക് ഈ മുറ്റത്ത് കുറച്ചു ചെടികൾ നാട്ടൂടെടി ”
ന്ന്.

പിന്നെ ചെടി നടുന്നു. അതും ഞാൻ. എന്നിട്ടെന്തിനാ? കൊഴിഞ്ഞു വീണ പൂവ് പോലും എടുക്കാൻ സമ്മതിക്കില്ലല്ലോ തമ്പുരാൻ. പിന്നെന്തിനാ?

വീട്ടിൽ എത്തിയിട്ടും മനസ് നാട്ടിൽ ഏട്ടന്റെ കൂടെതന്നെ ആയിരുന്നു. എന്റെ വിഷമം മനസിലാക്കി എല്ലാവരും ആശ്വസിപ്പിച്ചു കൊണ്ടിരുന്നപ്പോൾ എന്റെ പ്രിയപ്പെട്ട ഫർത്തു ഏട്ടനോടൊത്ത് ഉണ്ടായിരുന്ന ഓരോ സന്ദർഭങ്ങളും ഓർത്തോർത്തു പറഞ്ഞ് എന്നെ ശുണ്ഠി പിടിപ്പിച്ചു. തെണ്ടിക്കടുവ.

രണ്ടു ദിവസം കഴിഞ്ഞപ്പോൾ പടകളും സ്ഥലം വിട്ടു. അതോടെ വീട് ആകെ ഉറങ്ങിയത് പോലെയായി. വീണ്ടും ഞങ്ങൾ മാത്രമായി.

അച്ഛനും അമ്മയും ചന്ദ്രുവേട്ടനും ഞാനും. പിന്നെ വാസുവേട്ടനും ദിവസവും വന്നുപോകുന്ന സീത ചേച്ചിയും.

അവധി കഴിഞ്ഞ് ഇന്ന് സ്കൂൾ തുറക്കുകയാണ്. കടുവയും ഓഫീസിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ഒരു മഴ പെയ്തു തോർന്നിരിക്കുന്നു.

അടുത്തത് വരുന്നതിനു മുൻപ് ബസ് സ്റ്റോപ്പിൽ എത്തണം. ദൃതിയിൽ എല്ലാവരോടും യാത്ര പറഞ്ഞു ഇറങ്ങി. പെട്ടന്നാണ് ചന്ദ്രുവേട്ടൻ പുറകിൽ നിന്നു വിളിച്ചത്.

“ആദ്യത്തെ ദിവസമാണ്. നിങ്ങളോട് ഞാൻ പറഞ്ഞിട്ടുണ്ട് ഒരു വഴിക്ക് പോകുമ്പോൾ ഇങ്ങനെ പുറകിൽന്ന് വിളിക്കല്ലേ വിളിക്കല്ലേന്ന് ”

“ബസ് സ്റ്റോപ്പിലേക്കല്ലേ പോണത് അല്ലാതെ…..”
“സമയം പോണു എനിക്ക് സ്കൂളിൽ പോണം. ”

“പോകാൻ വരട്ടെ. നിന്റെ കാര്യത്തിൽ കുറച്ചു തീരുമാനം എടുത്തിട്ടുണ്ട്. അതനുസരിച്ചു പോകാൻ പറ്റുമെങ്കിൽ സ്കൂളിൽ പോയാൽ മതി. ”

ഞാൻ സാധാരണ സ്കൂളിൽ പോകന്നതല്ലേ. ഇതിൽ എന്താ പുതിയ തീരുമാനങ്ങൾ എടുക്കാനുള്ളത്?

അമ്മയെ നോക്കിയപ്പോൾ എനിക്കൊന്നും അറിയില്ലെന്ന മട്ടിൽ കൈ മലർത്തി കാണിച്ചു അടുക്കളയിലേക്ക് പോയി.

കടുവയുടെ തീരുമാനം എന്താണെന്ന് അറിയാൻ ആകാംക്ഷയോടെ ഞാൻ നിന്നു.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28

Mr. കടുവ : ഭാഗം 29

Mr. കടുവ : ഭാഗം 30

Mr. കടുവ : ഭാഗം 31

Mr. കടുവ : ഭാഗം 32

Mr. കടുവ : ഭാഗം 33

Mr. കടുവ : ഭാഗം 34

Mr. കടുവ : ഭാഗം 35

Mr. കടുവ : ഭാഗം 36