Mr. കടുവ : ഭാഗം 35
എഴുത്തുകാരി: കീർത്തി
ചുറ്റും പക്ഷെ ആരെയും കാണാനില്ല.
“ഈ പിശാചുക്കൾക്ക് ഉറക്കവും ഇല്ലേ? ”
ചന്ദ്രുവേട്ടൻ ദേഷ്യപ്പെട്ടു. ആ ഡോറ ആരാണെന്നറിയാൻ ശബ്ദം കേട്ട ദിക്കിലേക്ക് ഞങ്ങൾ ചെന്നുനോക്കി. പട മുഴുവനും ഉണ്ടായിരുന്നു. ഒപ്പം രേവുവും.
“നിങ്ങളും ഞങ്ങളോടൊപ്പം പറയൂ. ”
അശ്വതിയാണ് ആ ഡോറക്കുട്ടി.ഏറ്റുപിടിക്കാൻ ബാക്കി പേരും.
“കുറുനരി മോഷ്ടിക്കരുത് കുറുനരി മോഷ്ടിക്കരുത് കുറുനരി മോഷ്ടിക്കുകയെ ചെയ്യരുത്. ”
കോറസ്സ്.
“എന്ത് ഞാൻ മോഷ്ടിച്ചുവെന്നോ? ഇതേയ് എന്റെ സ്വന്തം പ്രോപ്പർട്ടിയാ. ”
ഇരട്ടകളിൽ ഒരു പരട്ട ചന്ദ്രുവേട്ടൻകുറുനരിക്കിട്ട് താങ്ങി.
“അതൊക്കെ നാളെ ലൈസൻസ് കൈയിൽ കിട്ടിയിട്ട് പറഞ്ഞാൽ മതി. ”
ഡോറയുടെ ആ ഡയലോഗ് കേട്ടതും കടുവ ചെന്ന് അവളുടെ ചെവി പൊന്നാക്കി.
“ആഹ്…. ഏട്ടാ വിട്. വേദനിക്കുന്നു. ”
പാവം ഡോറയുടെ രോദനം.
“നിന്നെയൊക്കെ ആരാടി ഇങ്ങോട്ട് ക്ഷണിച്ചത്? പാതിരാത്രി ഉറക്കവും ഇല്ല ഒന്നിനും. ”
“അത് തന്നെയാ ഞങ്ങൾക്കും പറയാനുള്ളത്. ഈ ഒരു രാത്രി കൂടി ക്ഷമിച്ചൂടെ ഏട്ടാ. നാളെ എല്ലാ ആചാരബഹുമതികളോടും കൂടി ഈ മൊതലിനെ അങ്ങ് ഏൽപ്പിക്കില്ലേ. ”
“വാചകമടിച്ച് നിക്കാതെ പോയി കിടക്കാൻ നോക്ക് എല്ലാരും. ഞാൻ പോണു. ”
വന്ന വഴിയിലൂടെ തന്നെ തിരിച്ചു പോകാൻ വേണ്ടി ചന്ദ്രുവേട്ടൻ ഏണി വെച്ചിരിക്കുന്ന ഭാഗത്തേക്ക് നടന്നു.
“ഏതായാലും കൈയോടെ പിടികൂടി പിന്നെന്തിനാ കഷ്ടപ്പെടുന്നെ നേരെ വഴിയിൽ പൊയ്ക്കൂടേ? ഏണിയിൽന്ന് വീണു കൈയോ കാലോ ഒടിഞ്ഞാൽ നാളത്തെ കല്യാണം മാറ്റിവെക്കും ട്ടൊ. പറഞ്ഞില്ലെന്നു വേണ്ട. ”
രേവതി ചന്ദ്രുവേട്ടനെ ഇടംകണ്ണിട്ട് നോക്കികൊണ്ട് പറഞ്ഞപ്പോൾ, ഇറങ്ങാന് പോയ ആള് കുറച്ചു നേരം ആ കൈവരിയിൽ രണ്ടുകാലും അങ്ങോട്ടും ഇങ്ങോട്ടും ഇട്ട് ഇരുന്നു. ശേഷം അവിടുന്ന് എഴുന്നേറ്റു അകത്തേക്ക് വന്നു.
“അതേയ് കൈയോ കാലോ ഒടിയുമെന്നുള്ള പേടികൊണ്ടല്ല. കല്യാണം ഇനിയും വൈകിയാൽ ശെരിയാവില്ല. ഇത് കഴിഞ്ഞിട്ട് വേണം ഞങ്ങൾക്ക് കുറച്ചു പേരോട് ചിലതൊക്കെ ചോദിക്കാൻ. അല്ലെ പ്രിയെ. ”
“എന്നാൽ ഉറങ്ങാൻ നടക്ക് എല്ലാരും. രാവിലെ നേരത്തെ എണീക്കേണ്ടതാണ്. ”
രേവു ഓർഡർ ഇട്ടു.
ഉടനെ എല്ലാവരും സ്കൂൾ വിട്ടത്പോലെ വരിവരിയായി സ്റ്റെയർ ഇറങ്ങാൻ തുടങ്ങി. ടെറസിലേക്കുള്ള വാതിൽ ലോക്ക് ചെയ്‌ത് വരിയുടെ അവസാനമായിരുന്നു ഞാൻ ഇറങ്ങിയത്. ചിലർ താഴെ എത്തി കഴിഞ്ഞിരുന്നു.
പകുതിയോളം സ്റ്റെയർ ഇറങ്ങിയ ചന്ദ്രുവേട്ടൻ പെട്ടന്ന് തിരിച്ചു കയറി എന്റെ അടുത്തേക്ക് വന്നു. മുന്നോട്ട് പോകാൻ അനുവദിക്കാതെ പിടിച്ചു നിർത്തുന്നതോടൊപ്പം എല്ലാവരും പൊയ്ക്കഴിഞ്ഞോന്ന് താഴേക്ക് ഏന്തിവലിഞ്ഞ് നോക്കുന്നുണ്ടായിരുന്നു.
“എന്താ? ”
ചോദിച്ചതിന് മറുപടി പറയാതെ എന്നെപിടിച്ചു ചുമരിനോട് ചേർത്ത് നിർത്തി. ശേഷം എന്റെ കവിളിൽ പതിയെ ചുണ്ടുകൾ ചേർത്തു.
“ബാക്കി നാളെ തരാം ട്ടാ. ”
കാതോരം സ്വകാര്യമെന്നോണം കുസൃതിയോടെ അത് പറഞ്ഞപ്പോൾ നാണത്താൽ നമ്രശീർഷയായി ഞാൻ നിന്നു. ഒരിക്കൽ കൂടി ആ മുഖം താഴ്ന്നുവരുന്നത് നോക്കാതെ തന്നെ ഞാനറിഞ്ഞു.
“വല്യേട്ടാ…. !!!”
പെട്ടന്ന് താഴെ നിന്നും അശ്വതിയുടെ കൂകിവിളി കേട്ടപ്പോൾ ചന്ദ്രുവേട്ടൻ ദേഷ്യത്തിൽ മുഖം പിൻവലിച്ച് കണ്ണടച്ച് നിന്നു. അവളോടുള്ള ദേഷ്യം മുഴുവൻ സ്വന്തം പല്ലിൽ തീർക്കുന്നുണ്ടായിരുന്നു.
“ഈ കുരിപ്പിനെ ഞാനിന്ന് കൊല്ലും. ”
അതും പറഞ്ഞ് ദേഷ്യത്തോടെ ചന്ദ്രുവേട്ടൻ താഴേക്കോടി. ഡോറയുടെ കാര്യത്തിൽ തീരുമാനമായി. എല്ലാം കണ്ട് ചിരിച്ചുകൊണ്ട് ഞാനും പടികളിറങ്ങി.
രാവിലെ മറ്റാരേക്കാളും മുൻപ് ഞാൻ എണീറ്റു. അല്ലെങ്കിലും ഉറങ്ങിയാലല്ലേ ഉണരേണ്ടതുള്ളൂ. മതില് ചാട്ടവും ഡോറയുടെ പ്രയാണവും കുറുനരിയെ പിടിക്കലുമൊക്കെ കഴിഞ്ഞ് വന്നിട്ടും ഉറക്കം വരാതെ കിടക്കുകയായിരുന്നു.
ആരെങ്കിലും ഉണരുമെന്ന് കരുതി കുറെ കാത്തു. വെറുതെ. പുറത്തുനിന്നും ഒച്ചയും ബഹളവും കേൾക്കാനുണ്ട്.
വീട്ടിൽ മുതിർന്നവരെല്ലാം എഴുന്നേറ്റിരിക്കണം. വാനരപ്പട റൂമിലും ഹാളിലുമായി തലങ്ങും വിലങ്ങും കിടക്കുന്നുണ്ട്. ഒരു ഫോട്ടോ എടുത്തു വെച്ചാലോന്ന് ആലോചിച്ചു. അത്രയ്ക്ക് നല്ല പോസ്സിലാണ് കിടപ്പ്. ഉടനെ എഴുന്നേറ്റ് ഫ്രഷാവാൻ പോയി.
കുളിച്ചിറങ്ങുമ്പോഴേക്കും എല്ലാവരും എഴുന്നേറ്റിരുന്നു. കൂടാതെ അമ്മയും അമ്മായിമാരും എത്തിയിരുന്നു. അമ്പലത്തിൽ ഒന്ന് പോയി തൊഴുതിട്ട് വരാൻ അമ്മ പറഞ്ഞു. രേവുവിനെയും കൂടെ കൂട്ടി.
ഒന്നെടുത്തൽ മറ്റൊന്ന് ഫ്രീയെന്ന് പറയുന്ന പോലെ അശ്വതി എന്റെ പിറകെതന്നെ ഉണ്ടായിരുന്നു. ഇരട്ടകളിൽ ഒരുത്തനായിരുന്നു ഡ്രൈവർ. എനിക്ക് രണ്ടുപേരെയും എപ്പോഴും മാറിപ്പോകും.
അതുകൊണ്ട് തന്നെ എല്ലാവരും വിളിക്കുന്ന അവരുടെ ചെല്ലപ്പേര് ഞാൻ വിളിക്കാറില്ല. ഒൺലി അഭി. അതാവുമ്പോൾ രണ്ടാളുടെയും പേരിൽ അഭിയുണ്ട്. ഏത് അഭിയായാലും അഭിയല്ലേ. ഇനി നന്ദാണോ നവ് ആണെന്നുള്ള സംശയവും വേണ്ട. രണ്ടും ഒരുമിച്ചിരിക്കുമ്പോൾ കൂട്ടിവിളിക്കും അഭീസ് ന്ന്. എങ്ങനുണ്ട് ഐഡിയ?
അമ്പലത്തിൽ ഒട്ടും തിരക്കിലായിരുന്നു. തൊഴുതു നിൽക്കുമ്പോൾ മനസ് തികച്ചും ശാന്തമായിരുന്നു.
ഇങ്ങനെ ഒരു ദിവസം ജീവിതത്തിൽ ഉണ്ടാവുമെന്ന് ഒരു പ്രതീക്ഷയുമില്ലായിരുന്നു. അതും എന്റെ ചന്ദ്രുവേട്ടൻ. നന്ദി പറഞ്ഞാൽ തീരില്ല കൃഷ്ണാ. ഇനി തടസങ്ങളില്ലാതെ എല്ലാം മംഗളകരമായി നടന്നാൽ മതിയായിരുന്നു.
അമ്പലത്തിൽ നിന്നും ഞങ്ങൾ തിരിച്ചെത്തിയത് വലിയൊരു തിരക്കിനിടയിലേക്കാണ്. പിന്നീടെല്ലാം ശടപടെ ശടപടെന്നായിരുന്നു. റെഡ് കളർ കാഞ്ചിപുരം സാരിയായിരുന്നു എന്റെ വേഷം.
സ്വയം പുകഴ്ത്താണെന്ന് തോന്നരുത് സാരിയുടുത്ത് ആഭരണങ്ങളെല്ലാം അണിഞ്ഞു മുടി കെട്ടി പൂവെല്ലാം ചൂടിയ എന്റെ രൂപം കണ്ണാടിയിൽ കണ്ട് എനിക്ക് തന്നെ അസൂയയായി. വളരെ നല്ല രീതിയിലാണ് ആ ചേച്ചി എന്നെ ഒരുക്കിയത്.
കണ്ണിൽ കണ്ട ക്രീമുകളൊന്നും വാരിപ്പൂശിയില്ല. ചോദിച്ചപ്പോൾ പറയാ കൂടുതൽ മേക്കപ്പ് വേണ്ടെന്ന് മുകളിൽന്ന് ഓർഡറുണ്ടെന്ന്. ചേച്ചി ഉദേശിച്ച ആ ‘ മുകൾ ‘ ചന്ദ്രുവേട്ടനാണെന്ന് മനസിലാക്കാൻ ഒത്തിരി ആലോചിക്കേണ്ടി വന്നില്ല.
ഒരുക്കങ്ങളെല്ലാം കഴിഞ്ഞതും അച്ഛന്റെയും അമ്മയുടെയും അനുഗ്രഹവും വാങ്ങി ബാക്കിയുള്ളവർക്ക് ദക്ഷിണ കൊടുപ്പും കഴിഞ്ഞ് ഓഡിറ്റോറിയത്തിലേക്ക് പുറപ്പെട്ടു. വീട്ടിൽ നിന്ന് ഇറങ്ങുന്നതിന് മുൻപ് കല്യാണചെക്കനെ ഒന്ന് കാണണമെന്ന് ഉണ്ടായിരുന്നു. സാധിച്ചില്ല. കടുവയുടെ ഒരുക്കം തീർന്നില്ലേ ആവോ?
ഓഡിറ്റോറിയത്തിൽ എത്തിയതും എല്ലാവരും ചേർന്ന് എന്നെ കൊണ്ടുപോയി ഡ്രസ്സിങ് റൂമിൽ പ്രതിഷ്ഠിച്ചു. എന്നിട്ട് എന്തോ പണിയുണ്ടെന്നും പറഞ്ഞ് എല്ലാം സ്ഥലം വിട്ടു. അവിടെ ഞാനും രേവുന്റെ അമ്മയും ചന്ദ്രുവേട്ടന്റെ ചെറിയമ്മയും മാത്രമായി.
കുറച്ചു കഴിഞ്ഞപ്പോൾ മുഹൂർത്തത്തിന് സമയമായെന്ന് അമ്മായിമാർ വന്നു പറഞ്ഞു. കൂടെ അമ്മയും ഉണ്ടായിരുന്നു.
“വാ മോളെ ”
എന്നെ അടിമുടി നോക്കിയശേഷം നെറുകയിൽ ഒരു ഉമ്മയും നൽകി അമ്മ പറഞ്ഞു. അപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു. സന്തോഷാശ്രു. റോസ് പുഷ്പങ്ങളാൽ നിർമിച്ച ഹാരം വെച്ച വലിയൊരു തളികയും കൈയിലേന്തി ഞാൻ അവരോടൊപ്പം നടന്നു. കൈകളിൽ താലമേന്തിയ കൊച്ചു സുന്ദരിമാരുടെ അകമ്പടിയോടെ ഞാൻ ഹാളിനകത്തേക്ക് നീങ്ങി.
ഓഡിറ്റോറിയം വളരെ ആഡംബരമായി അലങ്കരിച്ചിരുന്നു. നിറയെ പുഷ്പ്പങ്ങളും തോരണങ്ങളും കൊണ്ട് അവിടമാകെ നിറഞ്ഞിരുന്നു.
ആ വലിയ ഹാളിൽ രണ്ടുവശത്തായി നിരത്തിയിരുന്ന ചെയറുകളെല്ലാം അതിഥികളാൽ നിറഞ്ഞിരുന്നു.
ഹാളിനകത്തേക്ക് കാലെടുത്തു വെച്ചതും അവിടമാകെ നല്ല dts ക്വാളിറ്റിയിൽ പാട്ട് പ്ലേയായി. ഒപ്പം വാനരപ്പടയും എന്റെ രണ്ടു തോഴിമാരും ചന്ദ്രുവേട്ടന്റെ തോഴന്മാരും ചേർന്ന് വേദിക്ക് മുന്നിൽ നൃത്തവും ആരംഭിച്ചു.
🎶 ആാാ………… ആാാ………. ആാാ……….
സ സാ നി നിധ നിപ പസ സ സാനി
നിധ നി പാ മപനി മാപാപാ മപനി ഗരി സനി സാ
മപനി മാപാപാ മപനി ഗരി സനി സാ (2)
കനാ കാൺകിറേൻ കനാ കാൺകിറേൻ കണ്ണാലനേ ഒരേ പന്തലിൽ ഒരേ മേടയിൽ ഇരുവരുമേ (2)
മണ്ണയ് തൊട്ടാടും സേലൈ സേലൈ കൊണ്ട്
മാർവൈ തൂണ്ടാടും താലി താലി കൊണ്ട്
മടിയൈ തൂണ്ടാടും മാലൈ മാലൈ കൊണ്ട്
മഗിഴ്വേൻ ദിനം ദിനമും
വാസം കൊണ്ടാടും പൂക്കൾ പൂക്കൾ വെയ്ത്ത്
വാസൽ കൊള്ളാത കോലം കോലമിട്ട്
കാതൽ കൊണ്ടാടും കനവൻ തിരുമടിയിൽ മലർവേൻ
സ സാ നി നിധ നിപ പസ സ സാനി
നിധ നി പാ മപനി മാപാപാ മപനി ഗരി സനി സാ
മപനി മാപാപാ മപനി ഗരി സനി സാ (2) 🎶
വളരെ മനോഹരമായി സെമി ക്ലാസിക്കൽ നൃത്തചുവടുകളുടെ സഹായത്തോടെയാണ് അവരാ പാട്ട് അവതരിപ്പിച്ചത്. എല്ലാവരുടെയും ശ്രദ്ധ അവരിലായിരുന്നു. ദിവസങ്ങളായി ഇവരുടെ പ്രാക്ടീസ് കാണുന്നുണ്ടെങ്കിലും പാട്ട് ഏതാണെന്ന് പോലും ഞാൻ ശ്രദ്ധിച്ചിരുന്നില്ല. അതിനുള്ള മാനസികാവസ്ഥ ആയിരുന്നില്ല അന്ന്. ഗംഭീരമായിരുന്നു പ്രകടനം.
ഡാൻസ് ആസ്വദിക്കുന്നതിന് ഇടയിലും ഞാൻ തിരഞ്ഞത് ചന്ദ്രുവേട്ടനെയായിരുന്നു. ഒടുവിൽ ഞാൻ കണ്ടു, വിവാഹവേഷവും ധരിച്ചു മണ്ഡപത്തിൽ എന്നെയും കാത്ത് ക്ഷമയോടെ ഇരിക്കുന്ന എന്റെ കടുവയെ.
ആ കണ്ണുകൾ പക്ഷെ എന്നിൽ തന്നെയായിരുന്നു. ഞാൻ നോക്കുന്നത് കണ്ട കടുവ ഒരു കള്ളച്ചിരിയോടെ മീശ പിരിച്ചുകൊണ്ട് എന്നെ സൈറ്റ് അടിച്ചുകാണിച്ചു.
എല്ലാവരും ഡാൻസിൽ മുഴുകിയത് നന്നായി. ഇല്ലെങ്കിൽ ഇത്രയും ആളുകളുടെ മുന്നിലും നാറിയേനെ. പരിസരബോധമില്ലാത്ത കള്ളക്കടുവ. ആ നോട്ടം നേരിടാനുള്ള ശേഷിയില്ലാത്തതിനാൽ ഞാൻ വേഗം തല താഴ്ത്തി.
പാട്ടും ഡാൻസും കഴിഞ്ഞപ്പോൾ ഞങ്ങൾ വേദിയിൽ കയറി. മണ്ഡപത്തിൽ വലംവെച്ച് മുന്നിലിരിക്കുന്നവരെ വണങ്ങിയ ശേഷം ഞാൻ ചന്ദ്രുവേട്ടന്റെ അടുത്ത് ചെന്നിരുന്നു.
അച്ഛനും അമ്മയും മൂർത്തി അങ്കിളും ആന്റിയും മറ്റു ബന്ധുക്കളും ഞങ്ങളുടെ പിറകിലായി സ്ഥാനം പിടിച്ചു.
പടകൾ മുഴുവൻ ഒരു സൈഡിലായി വേദിയിലേക്ക് കയറുന്ന സ്റ്റെപ്പിന് താഴെയും. നാത്തൂൻ സ്ഥാനത്ത് അശ്വതിയായത് കൊണ്ട് അവള് എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു.
ചന്ദ്രുവേട്ടന്റെ മുഖത്തു നോക്കാൻ എന്തോ വല്ലാത്ത ചമ്മൽ തോന്നിയത് കൊണ്ട് തല കുമ്പിട്ടിരുന്നു.
പെട്ടന്ന് ചന്ദ്രുവേട്ടൻ ഇടതുകൈ കൊണ്ട് എന്റെ വലതുകൈയിൽ കോർത്തു പിടിച്ചു. അപ്രതീക്ഷിതമായ ആ നീക്കത്തിൽ ചന്ദ്രുവേട്ടനെ നോക്കിയപ്പോൾ ആള് മുന്നിലേക്ക് നോക്കി ഇരിക്കുകയായിരുന്നു.
ഞാൻ നോക്കുന്നത് കണ്ട് വീണ്ടും ആ കടുവ കണ്ണിറുക്കിയപ്പോൾ ഉയർത്തിയതിലും വേഗത്തിൽ തല താഴ്ത്തി. ഇനി എന്തൊക്കെ വന്നാലും തല ഉയർത്തില്ല. നോക്കിക്കോ.
പൂജാരി അടുത്തിരുന്ന് എന്തൊക്കെയോ ചെയ്യുന്നുണ്ട്. മുഹൂർത്തം ആവാൻ ആവശ്യത്തിന് ദൈർഘ്യം ഉണ്ടായിരുന്നു. സമയം ആകുന്നത് വരെ ഞങ്ങൾ പോസ്റ്റ്.
🎶 മോഹഭംഗമനസിലെ ശപപങ്കില നടകളിൽ
തൊഴുതു നിന്നു പ്രതോഷമായ്
അകലുമാത്മമനോഹാരി
നീയെന്റെ പ്രാണനിൽ അലിയൂ വേഗം 🎶
പെട്ടന്നാണ് ചന്ദ്രുവേട്ടൻ മൂളുന്നത് കേട്ടത്. ഇയ്യാൾക്കെന്താ വട്ടായോ. ഈ പാട്ട് ഇപ്പൊ പാടാൻ.
“ചന്ദ്രുവേട്ടാ നിങ്ങൾക്ക് വട്ടായോ? ഈ പാട്ടെന്തിനാ ഇപ്പൊ ഇവിടെ പാടിയെ? ”
ഞാൻ പതുക്കെ ചോദിച്ചു.
“ദേണ്ടടി ആ പാട്ടിലെ ശ്രീക്കുട്ടനെ പോലൊരാള്. ”
മുന്നിലേക്ക് തന്നെ നോക്കി കൊണ്ട് ചന്ദ്രുവേട്ടൻ പറഞ്ഞപ്പോൾ സംശയത്തോടെ ഞാനും മുന്നിലെ സദസ്സിലേക്ക് നോക്കി. ഹാളിന്റെ നടുക്ക് വിരിച്ചിരിക്കുന്ന കാർപെറ്റിലൂടെ നടന്നു വരുന്ന ആളെ കണ്ട് ഒരുനിമിഷം എന്റെ ശ്വാസം നിലച്ചുപോയി.
നിറം മങ്ങിയ ഷർട്ടും പാന്റും ധരിച്ച അലസമായി വളർന്നു കിടക്കുന്ന മുടിയും തടിയുമുള്ള ഒരു ചെറുപ്പക്കാരൻ. എന്ത് ചെയ്യണമെന്നറിയാതെ ശില കണക്കെ ഞാനിരുന്നു. അവിടെയുള്ള എല്ലാവരുടെയും ശ്രദ്ധ അയ്യാളിലായി.
യാന്ത്രികമായി ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു. ഒന്നുമറിയാതെ ഒപ്പം ചന്ദ്രുവേട്ടനും. അച്ഛനും അമ്മയുമടക്കം എല്ലാവരും സംശയത്തോടെ എന്നെ നോക്കി. അവിടെ നിന്നും അയ്യാളുടെ അടുത്തേക്ക് പോകാൻ തുനിഞ്ഞ എന്റെ കൈയിൽ ചന്ദ്രുവേട്ടൻ പിടിച്ചു നിർത്തി. ആ മുഖത്ത് അപ്പോൾ സംശയവും ഭയവും സങ്കടവും കൂടിക്കലർന്ന ഒരു ഭാവമായിരുന്നു. ചന്ദ്രുവേട്ടനെ തന്നെ നോക്കികൊണ്ട് ഞാനാ പിടി വിടുവിച്ചു മുന്നോട്ട് നടന്നു. എല്ലാവരും എന്നെ വിളിക്കുന്നുണ്ടെങ്കിലും അതൊന്നും ഞാൻ ഗൗനിച്ചില്ല. എന്റെ മുന്നിൽ അപ്പോൾ ആ മനുഷ്യൻ മാത്രമായിരുന്നു.
അമ്മ ഒരു ആശ്രയത്തിനെന്നോണം ചന്ദ്രുവേട്ടനെ മുറുകെ പിടിച്ചു. ഒപ്പം അച്ഛനും. അതിഥികൾ എന്തൊക്കെയോ പരസ്പരം പറയുന്നുണ്ട്. രേവുവും എന്നെ തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
ഒരിക്കൽ സംഭവിച്ചതിന്റെ ആവർത്തനമാണോ എന്നായിരുന്നു എല്ലാവരുടെയും പേടി. വേദിക്ക് മുന്നിലെത്തിയ അയ്യാൾ നിശ്ചലനായി. ഞാനും അയ്യാളുടെ മുന്നിൽ ചെന്നു നിന്നു ആ കണ്ണുകളിലേക്ക് ഉറ്റുനോക്കി.
നന്നേ ക്ഷീണിച്ച് ദുഃഖവും വിഷാദവും നിഴലിച്ച ആ വെള്ളാരംകണ്ണുകളിൽ പക്ഷെ സന്താഷത്തിന്റെ നേരിയ നീർത്തിളക്കവും കാണാമായിരുന്നു. ആ മുഖത്തേക്ക് തന്നെ നോക്കുംതോറും ഞാൻ പോലുമറിയാതെ തൊണ്ടയിൽ നിന്നൊരു തേങ്ങൽ പുറത്ത് വന്നു ഒപ്പം കണ്ണുകളും നിറഞ്ഞൊഴുകി.
ഒട്ടും വൈകാതെ ഞാനാ നെഞ്ചിൽ മുഖം ചേർത്തു അയ്യാളെ കെട്ടിപിടിച്ചു. പതിയെ ആ കൈകളും എന്നെ ചേർത്തുപിടിച്ചു.
പ്രിയ അയ്യാളെ കെട്ടിപിടിക്കുന്നത് കണ്ട രേവതി അയ്യാളെ വീണ്ടും സൂക്ഷിച്ചു നോക്കി. അപ്പോഴാണ് അവൾക്ക് ആളെ മനസിലായത്.
“അപ്പുവേട്ടൻ !!!”
രേവതി ആ പേര് ഉച്ചരിച്ചതും എല്ലാവരും അവളെ നോക്കി.
“ആര്? ”
ഹരി ചോദിച്ചു.
“അത് ഞങ്ങടെ അപ്പുവേട്ടനാ. പ്രിയടെ ഏട്ടൻ പ്രയാഗ്. ”
അതും പറഞ്ഞ് അവൾ മൂർത്തിയുടെ അടുത്തേക്ക് ഓടി. പഴയ പ്രയാഗിൽ നിന്ന് അവന്റെ രൂപം വളരെ മാറിയിരുന്നു. പക്ഷെ രക്തം രക്തത്തെ തിരിച്ചറിയാൻ അധികസമയം വേണ്ടി വന്നില്ല.
“കരയല്ലേടാ കണ്ണാ. ഏട്ടനിങ്ങ് വന്നില്ലേ. ”
“എവിടെയായിരുന്നു…….. ഇത്രയും നാൾ…. ഞാൻ…..
എല്ലാരും എന്നെ………. ഒറ്റയ്ക്ക്…….. ”
ആ നെഞ്ചിൽ തല ചായ്ച്ചുകൊണ്ട് തന്നെ ഞാൻ ഏങ്ങികരയുന്നതോടൊപ്പം പറഞ്ഞു.
“ഏട്ടന്റെ ഡ്രെസ്സിൽ മുഴുവൻ അഴുക്കാണ് മോളെ. മോള്ടെ ഡ്രെസ്സിലും ആവും. ”
ഏട്ടൻ എന്നെ അടർത്തി മാറ്റിക്കൊണ്ട് ഇടർച്ചയോടെ പറഞ്ഞപ്പോൾ ഞാൻ ആ രൂപം ശെരിക്കും നോക്കി. അവിടെയിവിടെയായി അഴുക്ക് പറ്റിയിരിക്കുന്ന വേഷം.
മുഖപ്രസാദം നഷ്ടപ്പെട്ട് താടിയും മുടിയും നന്നായി വളർന്നിരിക്കുന്നു. പലപ്പോഴായി ഞാൻ കാണാറുള്ള സ്വപ്നത്തിൽ എന്നെ രക്ഷിക്കാൻ വന്നിരുന്ന മനുഷ്യന്റെ അതേ രൂപം. ഏട്ടന്റെ അതേ കണ്ണുകലായിരുന്നു അയാൾക്കും.
അന്ന് ഞാൻ കണ്ടിരുന്നത് ഏട്ടനെയായിരുന്നോ? ഞാനാ വെള്ളാരംകണ്ണിലേക്ക് തന്നെ നോക്കി നിന്നു. അമ്മയുടെ പൂച്ചാക്കണ്ണാണ് ഏട്ടന് കിട്ടിയിരിക്കുന്നത്. ഞാനോർത്തു.
“ഏട്ടാ നമ്മുടെ അച്ഛൻ… അമ്മ…. ”
“അറിഞ്ഞു മോളെ. ഏട്ടനെല്ലാം അറിഞ്ഞു. ”
“എന്നിട്ടെന്തേ ഇത്രയും ദിവസം…. ”
“പറ്റിയില്ല ദച്ചു. ഈ സമൂഹത്തിന്റെ കണ്ണിൽ ഏട്ടനൊരു ഭ്രാന്തനാ, ഡ്രഗ്സിന് വേണ്ടി അച്ഛനോട് വഴക്കിട്ടു നാടുവിട്ടവൻ. പോയിരുന്നു ഞാൻ പലരുടെയും അടുത്ത്. പക്ഷെ….”
അപ്പോഴേക്കും ചന്ദ്രുവേട്ടനും അച്ഛനും അമ്മാവന്മാരും കൂടി അടുത്ത് വന്നു. ഞാൻ അവരെ ഏട്ടനു പരിചയപ്പെടുത്തി കൊടുത്തു. അവർക്ക് ഏട്ടനെയും.
ശേഷം ഞങ്ങൾ മണ്ഡപത്തിലേക്ക് നടന്നു. ഹരിയേട്ടനും മറ്റും കൂടി ഏട്ടനെ കൂട്ടി കൊണ്ടുപോയി.കുറച്ചു കഴിഞ്ഞു തിരിച്ചു വന്നപ്പോൾ ഏട്ടൻ ധരിച്ചിരുന്ന വസ്ത്രം മാറ്റിയിരുന്നു.
ഏട്ടനെ തിരിച്ചു കിട്ടിയതിൽ ഞാനും വിവാഹം തടസമില്ലാതെ നടക്കുന്നതിൽ മറ്റുള്ളവരും
ഒരുപാട് സന്തോഷിച്ചു.
ആഗ്രഹിച്ചത് പോലെ ഏട്ടന്റെ സാമീപ്യത്തിൽ വിവാഹം നടക്കാൻ പോകുന്നതിൽ ഞാനെല്ലാ ദൈവങ്ങളോടും മനസറിഞ്ഞു നന്ദി പറഞ്ഞു.
മുഹൂർത്തത്തിന് സമയമായതും ചന്ദ്രുവേട്ടൻ എന്റെ കഴുത്തിൽ താലി ചാർത്തി. കൂപ്പുകൈകളോടെ കണ്ണടച്ച് ഞാനത് എന്റെ ആത്മാവിലേക്ക് ഏറ്റുവാങ്ങി.
താലികെട്ടാൻ സൗകര്യത്തിനായി അശ്വതി എന്റെ മുടി പൊക്കിപ്പിടിച്ച് പിറകിൽ നിൽപ്പുണ്ടായിരുന്നു. താലി കെട്ടുന്നതോടൊപ്പം ചന്ദ്രുവേട്ടൻ എന്റെ കവിളിൽ സ്നേഹമുദ്രണം പതിപ്പിച്ചു.
“ഏട്ടാ… “അശ്വതിയാണ്.
“ന്താടി? ഇപ്പൊ വിളിക്കടി നിന്റെ കുറുനരിയെ. ”
ചന്ദ്രുവേട്ടൻ വിജയിഭാവത്തിൽ അവളോട് പറഞ്ഞു.
“ഈ ഏട്ടനെക്കൊണ്ട് തോറ്റു. ”
അവൾ ആയുധം വെച്ച് കീഴടങ്ങി. ആ സമയം മണ്ഡപത്തിൽ ഞങ്ങളുടെ തലയ്ക്കു നേരെ മുകളിൽ ഒരുക്കിയിരുന്ന കൃത്രിമതാമരമൊട്ട് വിടർന്നു. അതിൽ നിന്നും നിറയെ ചുവന്ന റോസാപൂ ദളങ്ങൾ ഞങ്ങൾക്ക് മേൽ വർഷിച്ചു.
പടകളുടെ ബുദ്ധി കൊള്ളാം. നല്ല ഐഡിയ. ചന്ദ്രുവേട്ടൻ ഒരു നുള്ള് കുങ്കുമത്തിനാൽ എന്റെ സീമന്തരേഖയിൽ ചുവപ്പ് അണിയിച്ചു.
എന്റെ അവസാനം വരെ ഈ ചുവപ്പും താലിയും അതിന്റെ ഉടമയും എന്നോടൊപ്പം ഉണ്ടാവണമെന്നും മരണത്തിനല്ലാതെ മറ്റൊന്നിനും ഞങ്ങളെ പിരിക്കാനാവരുതേയെന്നും ഞാൻ സർവേശ്വരന്മാരോട് പ്രാർത്ഥിച്ചു.
അതിന് ശേഷം ഹാരമണിയിക്കലും പുടവ കൈമാറലുമെല്ലാം കഴിഞ്ഞപ്പോൾ അച്ഛന്റെ സ്ഥാനത്ത് നിന്നുകൊണ്ട് ഏട്ടൻ എന്റെ കൈ പിടിച്ചു ചന്ദ്രുവേട്ടനെ ഏൽപ്പിച്ചു.
ഒരിക്കലും കൈവിടില്ലെന്ന അർത്ഥത്തിൽ ചന്ദ്രുവേട്ടൻ എന്റെ കൈ രണ്ടു കൈകൊണ്ടും പൊതിഞ്ഞു പിടിച്ചു.
താലി കെട്ടിന്റെ സമയം വരെ, ഒരുമാതിരി വേൾഡ് കപ്പ് ജയിക്കാൻ സിംഗിൾ ബാളിൽ സിക്സ് റൺസിന് കാത്തിരിക്കുന്ന കാണികളെ പോലെയായിരുന്നു എല്ലാവരുടെയും മുഖം. ഏറ്റവും കഷ്ടം അച്ചുവേട്ടന്റെ കാര്യമാണ്.
കടിച്ചു കടിച്ച് വിരലിലെ നഖമെല്ലാം സുഹൃത്തിന്റെ വിവാഹത്തിന് വേണ്ടി ത്യജിച്ചു പുണ്ണ്യാത്മാവ്.
ഫോട്ടോയെടുപ്പിന്റെ സമയത്ത് ഞങ്ങൾക്കുള്ള സമ്മാനവുമായി വിനോദ് സാറും അമ്മയും കയറി വന്നപ്പോൾ ഞാൻ തിരഞ്ഞത് മൂർത്തി അങ്കിൾനെയായിരുന്നു.
ആരോടോ സംസാരിച്ചു നിൽക്കാണെങ്കിലും ഇടയ്ക്കിടെ നോട്ടം സാറിൽ പാറി വീഴുന്നുണ്ടായിരുന്നു. അപ്പോഴെല്ലാം ആ മുഖം ദേഷ്യത്താൽ വലിഞ്ഞു മുറുകും. പടകളോടൊപ്പം ഇരുന്ന് കത്തിവെക്കുന്ന തിരക്കിൽ രേവു സാറിനെ കണ്ടില്ലെന്ന് തോന്നുന്നു.
ഇവിടുന്ന് ഇറങ്ങിപോയി അവളെ പിടിച്ചു കൊണ്ടുവരാൻ പറ്റാത്ത സാഹചര്യമായതിനാൽ കണ്ണിൽ കണ്ട ഒരാളെ ഞാനാ ധൗത്യം ഏൽപ്പിച്ചു.
ചാടിത്തുള്ളി അടുത്ത് വന്ന അവള് പുറംതിരിഞ്ഞു നിന്ന് ചന്ദ്രുവേട്ടനോട് സംസാരിക്കുകയായിരുന്ന സാറിനെ ശെരിക്കും കണ്ടില്ല. പെട്ടന്ന് സാർ തിരിഞ്ഞു നോക്കിയപ്പോൾ ഒരുനിമിഷം അവൾ അന്തം വിട്ടു നിന്നു.
ശേഷം സാറിന്റെ അമ്മയും ഞങ്ങളും അടുത്ത് നിൽക്കുന്നത് പോലും കൂസാതെ സാറിനെയും വലിച്ചോണ്ട് എങ്ങോട്ടോ പോയി. ദൈവമേ അവള് സാറിനേം കൊണ്ട് ഒളിച്ചോടിയോ? ഭാഗ്യത്തിന് ആ പരിസരത്തൊന്നും അങ്കിൾനെ കണ്ടില്ല.
ചന്ദ്രവേട്ടനെയും അമ്മയെയും നോക്കിയപ്പോൾ ‘ഇവിടിപ്പോ എന്താ ണ്ടായേ? ‘ന്നുള്ള രീതിയിൽ കണ്ണും തള്ളി നിൽപ്പാണ് രണ്ടും.
ചന്ദ്രുവേട്ടന് ഇതുവരെയും അവരുടെ കാര്യങ്ങൾ അറിയില്ലായിരുന്നു. അപ്പോൾ തന്നെ ഞാനെല്ലാം ചുരുക്കി പറഞ്ഞു കൊടുത്തു.
ഏട്ടൻ എല്ലാവരുമായും പെട്ടന്ന് തന്നെ കൂട്ടായി. ചന്ദ്രുവേട്ടന്റെ കൂട്ടുകാർ സെറ്റിന് ഏട്ടനോട് സംസാരിക്കാൻ ആദ്യം ഒരു സങ്കോചമുണ്ടായിരുന്നു എങ്കിലും വളരെ പെട്ടന്ന് അവരിൽ ഒരാളായി ഏട്ടൻ മാറി.
ഓഡിറ്റോറിയത്തിലെ ചടങ്ങുകൾക്ക് ശേഷം ഞങ്ങൾ വീട്ടിലേക്ക് തിരിച്ചു. സാധാരണ ചെറുക്കന്റെ വീട്ടിലേക്ക് പോകുമ്പോൾ കാണാറുള്ള കണ്ണീർപരമ്പരയുടെ ആവശ്യം എനിക്ക് വേണ്ടി വന്നില്ല.
അമ്മയുടെ കൈയിൽ നിന്നും നിലവിളക്ക് വാങ്ങി വലതുകാല് വെച്ച് ഞാനാ വീട്ടിലേക്ക് കയറി. അവിടുത്തെ മരുമകളായി. ആ അച്ഛന്റെയും അമ്മയുടെയും മകളായി.
എന്റെ കടുവയുടെ ഭാര്യയായി. തിരക്കുകൾ കാരണം ഏട്ടനോട് ഒന്നും വിശദമായി ചോദിക്കാൻ കഴിഞ്ഞില്ല. ഇനി എന്നും കൂടെയുണ്ടല്ലോ പിന്നെ ചോദിച്ചറിയാമെന്ന് ഞാനും വിചാരിച്ചു.
വീട്ടിലെത്തി കല്യാണവേഷം മാറിയപ്പോൾ തന്നെ വല്ലാത്തൊരു ആശ്വാസം. റിസപ്ഷൻ വരുന്ന ഞായറാഴ്ചത്തേക്ക് തീരുമാനിച്ചത് നന്നായി. അല്ലെങ്കിൽ അതിനുവേണ്ടി വേറെ കെട്ടിയൊരുങ്ങേണ്ടി വന്നേനെ.
റിസപ്ഷന്റെ കാര്യങ്ങൾ അറിഞ്ഞപ്പോൾ ഏട്ടൻ പറഞ്ഞു അത് നാട്ടിൽ വെച്ച് നടത്താമെന്ന്. വിവാഹ ഒരുക്കങ്ങൾ നടത്താനോ സാധിച്ചില്ല ആ കുറവ് റിസപ്ഷന് തീർക്കണമെന്ന് ഏട്ടൻ ആവശ്യപ്പെട്ടപ്പോൾ എല്ലാവരും സമ്മതിച്ചു.
ചന്ദ്രുവേട്ടനും പിന്നെ ഓരോ തിരക്കിലേക്ക് പോയി. തിരക്കൊഴിഞ്ഞ് കുറച്ചു സമയം കിട്ടിയപ്പോൾ ഏട്ടനോടൊപ്പം ഔട്ട് ഹൗസിൽ ചെന്നിരുന്നു. ആ മടിയിൽ തല വെച്ച് അങ്ങനെ കിടന്നു. ഒന്നും പറഞ്ഞില്ല ഞാൻ ചോദിച്ചതുമില്ല.
ഞങ്ങൾക്കിടയിൽ മൗനം തളംകെട്ടി നിന്നു. സന്തോഷവും സങ്കടവും കൊണ്ട് കണ്ണ് നിറഞ്ഞുകൊണ്ടിരുന്നു. അച്ഛനും അമ്മയും കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചു പോയി. ആ കിടപ്പിൽ ഏട്ടന്റെ വാത്സല്യം നിറഞ്ഞ തലോടലുകളും കൂടി ആയപ്പോൾ അറിയാതെ ഞാനവിടെ കിടന്നു മയങ്ങി പോയി.
നഷ്ടപ്പെട്ടെന്ന് കരുതിയ ഏട്ടനെ തിരിച്ചു കിട്ടിയ സന്തോഷത്തിൽ, കുറച്ചു മണിക്കൂറുകൾക്ക് മുൻപ് വിവാഹം കഴിഞ്ഞവളാണെന്ന് പോലും ഓർക്കാതെ ഞാനാ മടിയിൽ കിടന്നുറങ്ങി.
മുഖത്ത് ശക്തിയിൽ വെള്ളം വീണപ്പോഴാണ് കണ്ണ് തുറന്നത്. നോക്കിയപ്പോൾ കൈയിൽ ഒരു കപ്പ് വെള്ളവുമായി നിൽക്കുന്നു എന്റെ ഉറ്റമിത്രം. രേവതി. ഓഹ്… ഇവളായിരുന്നോ ആ പനിനീര് തളിച്ച ആന.
ഏട്ടനെ നോക്കിയപ്പോൾ ആളും നല്ല ഉറക്കത്തിലാണ്. ബെഡിൽ ചാരിയിരുന്ന് ഉറങ്ങുന്നു. ഞാൻ മടിയിലും. ആ രേവതിയാന ഏട്ടന്റെ മുഖത്തും തളിച്ചു കുറച്ചു പനിനീർ. മുഖം തുടച്ചുകൊണ്ട് ഞങ്ങൾ എഴുന്നേറ്റു.
“ഏട്ടനും അനിയത്തിയും കൂടി ഇവിടെ കിടന്നുറങ്ങാണല്ലേ. ഏട്ടനെ കിട്ടിയപ്പോൾ അവൾക്ക് വേറെ ആരെയും വേണ്ട. ”
“സോറി ടി ഉറങ്ങി പോയി. ”
“സോറി എന്നോടല്ല പറയേണ്ടത്. ഒരാള് നീ എണീറ്റോന്നറിയാൻ ഒരായിരം തവണയായി ഈ റൂമിന്റെ മുന്നിൽ കിടന്നു റോന്ത് ചുറ്റുന്നു. ”
“അതാരാ? ”
ഉറക്കമപ്പിൽ ഞാൻ ചോദിച്ചു.
“നിന്റെ കെട്ടിയോൻ. !”
“അയ്യോ ചന്ദ്രുവേട്ടൻ. ദുഷ്ടേ നിനക്ക് വിളിക്കായിരുന്നില്ലേടി? ”
ഞാൻ ഉടനെ ചാടിയെണീറ്റു.
“വേണ്ട ഉറങ്ങിക്കോട്ടെ ന്ന് അങ്ങേര് തന്നെ പറഞ്ഞു. വർഷങ്ങൾക്ക് ശേഷം ഏട്ടനും അനിയത്തിയും ഒരുമിച്ച് കണ്ടതല്ലേന്ന്. ഇനിയും കിടന്നാൽ ശെരിയാവില്ലന്ന് തോന്നിയതുകൊണ്ടാണ് വിളിച്ചത്. ”
ഏട്ടൻ പുറത്തേക്ക് പോകാൻ ഒരുങ്ങിയതും പെട്ടന്ന് ബാക്കിയുള്ളവരും അങ്ങോട്ട് വന്നു. ഞാൻ അവരെ നോക്കി ഒന്ന് ഇളിച്ചു കൊടുത്തു.
ഏട്ടനോട് പറഞ്ഞ് ഞങ്ങൾ വീട്ടിലേക്ക് നടന്നു. പുറത്തെത്തിയ ഞാൻ അന്തം വിട്ടു. കാരണം പരിസരം മുഴുവൻ ഇരുട്ട് വ്യാപിച്ചിരുന്നു.
ഈശ്വര ഇത്രയും നേരം ഞാൻ കിടന്നുറങ്ങിയോ? അന്താളിപ്പിൽ നിന്നു ബോധത്തിലേക്കെത്തിയ ഞാൻ ചന്ദ്രുവേട്ടന് വേണ്ടി ചുറ്റും നോക്കിയെങ്കിലും കണ്ടില്ല.
കുറച്ചു കഴിഞ്ഞപ്പോൾ സുധിയേട്ടന്റെ കൂടെ വരുന്നത് കണ്ടു. പുറത്ത് എവിടെയോ പോയിരിക്കുകയായിരുന്നു. എന്നെ കണ്ടപ്പോൾ എന്തോ ചെകുത്താൻ കുരിശു കണ്ടത് പോലെ നോക്കുന്നുണ്ടായിരുന്നു. എന്നിട്ട് വേഗം മുകളിലേക്ക് കയറി പോയി.
ഒന്ന് ഉറങ്ങിപോയതിനാണോ ഇത്രയും ഗൗരവം. വിളിക്കായിരുന്നില്ലേ? അത് ചെയ്യാഞ്ഞിട്ടല്ലേ. ഹും… എന്നിട്ടിപ്പോ മൈൻഡ് പോലും ചെയ്യാതെ നടക്കാ.
കല്യാണം കഴിഞ്ഞ അന്ന് തന്നെ ഇങ്ങനെ. അപ്പൊ മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് വളരെ ഗഹനമായി തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു. ഈ പരട്ടകടുവയുടെ കൂടെയല്ലേ ജീവിതം. എന്റെ ആത്മാവിന് തുണയായിരിക്കണേ.
രാത്രി എല്ലാവരും ഒരുമിച്ചിരുന്നാണ് ഭക്ഷണം കഴിച്ചത്.
ചന്ദ്രുവേട്ടൻ എന്റെ അടുത്ത് തന്നെയാണ് ഇരുന്നതെങ്കിലും ശിവരാത്രിക്ക് ആലുവ മണപ്പുറത്ത് വെച്ച് കണ്ട പരിചയം പോലും കാണിച്ചില്ല. ഏട്ടനെ കിട്ടിയ സന്തോഷത്തിൽ ചെയ്തതല്ലേ. ഈ ഒരു തവണ കൂടെ ക്ഷമിച്ചൂടെ.
കടുവഫർത്തു!!! കഴിച്ചു കഴിഞ്ഞതും ഏവരും കൂട്ടിൽ ചേക്കേറി. എല്ലാവർക്കും നല്ല ക്ഷീണവുമുണ്ട്. ഒരു കല്യാണത്തിന് വേണ്ടി ദിവസങ്ങളായി നെട്ടോട്ടം ഓടുകയായിരുന്നില്ലേ എല്ലാവരും.
രേവുവും രാധുവും കൂടി എന്നെ കൂട്ടികൊണ്ടുപോയി സ്വർണകസവുള്ള മുണ്ടും നേര്യതും ഉടുപ്പിച്ചു. ഓഹ്… ഇനി ഇങ്ങനെയൊരു ചടങ്ങ് കൂടി ഉണ്ടല്ലോ ലെ? കടുവ പിണക്കത്തിലല്ലേ. പിന്നെന്തിനാ ഇങ്ങനെ ഒരുങ്ങുന്നത്? എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ. അല്ലാതെന്താ.
നിറുകയിൽ ഒരു ഉമ്മയും നൽകി, കൈയിൽ ഒരു ഗ്ലാസ് പാലും തന്ന് അമ്മ റൂമിലേക്ക് പൊയ്ക്കൊള്ളാൻ പറഞ്ഞു. ഉടനെ അമ്മായിമാരുടെയും മറ്റും കൂടെ രാധുവും രേവുവും ഒരുമാതിരി ഇളി.
“ന്താടി ലോകത്ത് ഞാനാണോ ആദ്യമായിട്ട് ഇങ്ങനെ? എനിക്കും കിട്ടും അവസരം. നിന്റെയൊക്കെ കെട്ടിയവന്മാരുടെ വീട്ടിൽ വന്ന് പണിതരും ഞാൻ. മറക്കണ്ട. ”
രണ്ടിന്റെയും ചെവിയിൽ സ്വകാര്യമായി ഞാൻ പറഞ്ഞു. കേൾക്കേണ്ടത് കേൾക്കണ്ട പോലെ കേട്ടപ്പോൾ രണ്ടിന്റെയും ചിരി സ്വിച്ച് ഇട്ടപോലെ നിന്നു. അല്ല പിന്നെ. പ്രിയയോടാ അവരുടെ കളി.
ഈ വീട്ടിൽ ഒരുപാട് കൂന്ത്‌വിളയാടിയിട്ട് ഉണ്ടെങ്കിലും മുകളിലെ നിലയിലേക്ക് ഇതുവരെയും പോയിട്ടില്ല. വിവാഹം കഴിഞ്ഞു വന്ന് ഫ്രഷായതെല്ലാം താഴെയുള്ള റൂമിലാണ്.
ചന്ദ്രുവേട്ടനെ പേടിച്ച് അശ്വതിയും കൂടെ വന്നില്ല. മുന്നോട്ട് നടക്കുംതോറും ഹൃദയമിടിപ്പ് കൂടികൂടി വന്നു. കൈ വിറയ്ക്കുന്നത് പോലെ.
പാൽ തുളുമ്പിപോകാതിരിക്കാൻ ഗ്ലാസ് രണ്ടു കൈകൊണ്ടും മുറുക്കിപിടിച്ചു. ഒന്നാമതെ ചങ്ങായി ദേഷ്യത്തിലാണ്. എത്ര നടന്നിട്ടും റൂമിലേക്ക് എത്തുന്നതുമില്ല. ഒരു വിധം ധൈര്യം സംഭരിച്ചു മുന്നോട്ട് വെച്ച കാൽ മുന്നോട്ട് എന്നും കരുതി ചെന്നു.
റൂം എത്തി കതക് തുറന്നതും അകത്തു മുഴുവൻ ഇരുട്ട്. ഗുഹയിൽ കടുവയില്ലേ? വെളിച്ചമില്ലാത്തത് കൊണ്ട് ഒന്നും കാണാനുമില്ല. റൂമിൽ കയറി തപ്പിത്തപ്പി കൈയിൽ തടഞ്ഞ ടേബിളിൽ ഗ്ലാസ് ഭദ്രമായി വെച്ചു.
ശേഷം ലൈറ്റ് ഇടാൻ സ്വിച്ചിന് വേണ്ടിയുള്ള തിരച്ചിലായി. ഈ ദുഷ്ടൻ കടുവ ഇതെവിടെ പോയി കിടക്കാണ്? ഇവിടുത്തെ ലൈറ്റ് ഇട്ടിട്ട് പൊയ്ക്കൂടായിരുന്നോ? പെട്ടന്ന് എന്തോ വന്നെന്റെ കണ്ണുകളെ ബന്ധിച്ചു.
അപ്രതീക്ഷിതമായ ആക്രമണത്തിൽ അലറിവിളിക്കാൻ പോയ എന്റെ വായ ബലിഷ്ഠമായ കൈകൊണ്ട് പൊത്തിപിടിച്ചു. മറുകൈകൊണ്ട് അനങ്ങാൻ കഴിയാത്തവിധം വയറിലൂടെ ചുറ്റിപിടിച്ചു. ഭയത്താൽ എന്റെ കണ്ണെല്ലാം നിറഞ്ഞു വന്നു.
നെറ്റിയിലും കഴുത്തിലും വിയർപ്പ് പൊടിഞ്ഞു. ഉമിനീരിറക്കാൻ പോലും കഴിയാതെ നിന്നു.
ഒന്ന് ശബ്‌ദിക്കാൻ പോലും പറ്റാതെ ഞാനയ്യാളുടെ കൈകളിൽ കിടന്നു കുതറിക്കൊണ്ടിരുന്നു.
(തുടരും )