Mr. കടുവ : ഭാഗം 34
എഴുത്തുകാരി: കീർത്തി
മഹിളാരത്നങ്ങളുടെ ചിരിയും ബഹളവുമൊക്കെ കേട്ടാണ് രാവിലെ എഴുന്നേറ്റത്. ഇവരെന്തിനാ രാവിലെ തന്നെ കിടന്ന് ഒച്ച വെക്കുന്നെ? വല്ല കാക്കക്കൂട്ടിൽ കല്ലിട്ടത് പോലെ. എല്ലാതുങ്ങളും എന്തോ കാര്യമായ ചർച്ചയിലാണ്.
ചിലർ കുളി കഴിഞ്ഞു മുഖത്തു ചായക്കൂട്ടുകൾ വാരിപ്പൂശുന്ന തിരക്കിലാണ്. ബാക്കിയുള്ളവർ ഊഴം കാത്ത് നിൽക്കുന്നു. ഞാൻ എല്ലാം നോക്കി അന്തം വിട്ട് ഇരുന്നു. അപ്പോഴാണ് രേവു വാഷ് റൂമിൽ നിന്നും ഇറങ്ങി വന്നത്.
“നീ എണീറ്റോ? ഇങ്ങനെ ഇരിക്കാതെ വേഗം പോയി കുളിക്ക്. ചെല്ല്. ”
അവള് എന്നെ ഉന്തി തള്ളി വാഷ് റൂമിലേക്ക് പറഞ്ഞു വിട്ടു. കുളിച്ചു ഇറങ്ങിയപ്പോൾ കണ്ടു എല്ലാവരും അണിഞ്ഞൊരുങ്ങി നിൽക്കുന്നു. രാത്രിയിലെ ഫങ്ക്ഷന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് എല്ലാരും. എന്തുകൊണ്ടോ ആ തിരക്കിൽ നിന്നെല്ലാം വിട്ടുനിൽക്കാൻ ഞാനാഗ്രഹിച്ചു.
ഇവരുടെയൊക്കെ സന്തോഷം കാണുമ്പോൾ അകാരണമായൊരു ഭയം എന്നിൽ നിറഞ്ഞു. എന്തിനാണെന്ന് ചോദിച്ചാൽ അറിയില്ല. ഒപ്പം അച്ഛനും അമ്മയും ഏട്ടനും ഇല്ലാത്ത വിഷമം വേറെ. പരിമിതികൾ ഒന്നുമില്ലാതെ തന്റെ വീട്ടുകാരുടെ ചെല്ലക്കുട്ടിയായി കഴിയാൻ ഒരു പെൺകുട്ടിക്ക് ലഭിക്കുന്ന അവസാനദിവസം.
അതുകഴിഞ്ഞാൽ അവൾ പിന്നെ ആ വീട്ടിൽ വന്നുപോകുന്ന ഒരു അഥിതി മാത്രം. പെണ്ണായ് പിറന്നാൽ അവൾക്ക് രണ്ടാണത്രെ കൂട്. ഇപ്പോൾ എനിക്കും കൂട് മാറി പോകാനുള്ള സമയമാണ്. പക്ഷെ എന്റെ കാര്യത്തിൽ ഇത് ഒരു പ്രത്യേക കൂടുമാറ്റമായിപോയി. ഉറ്റവരാരും കൂടെയില്ലാതെ.
അച്ഛന്റെ സ്ഥാനത്തു നിന്ന് എന്റെ കൈ പിടിച്ചു ചന്ദ്രുവേട്ടനെ ഏൽപ്പിക്കാൻ ഏട്ടനെങ്കിലും ഉണ്ടായിരുന്നെങ്കിൽ…. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിട്ട് കൂടി മനസറിഞ്ഞു സന്തോഷിക്കാൻ എനിക്ക് സാധിക്കുന്നില്ല. നാളെ നടക്കാൻ പോകുന്നത് എന്റെ വിവാഹമാണെന്ന് തന്നെ തോന്നുന്നില്ല.
ഇടയ്ക്ക് രേവുവും രാധുവും എന്തൊക്കെയോ പറഞ്ഞു ചിരിപ്പിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും മനസ്സിൽ ഒന്ന് വെച്ച് പുറത്ത് ചിരിച്ചു നടന്നു. അവര് എന്താ പറഞ്ഞതെന്ന് പോലും എനിക്കറിയില്ല. വാനരപ്പട മുഴുവൻ ഡാൻസ് പ്രാക്ടീസിലാണ്. നാളെ ഞങ്ങളെ ഞെട്ടിക്കാനാണത്രെ. ആരൊക്കെയാണ് ഞെട്ടാൻ പോകുന്നതെന്ന് കണ്ടറിയാം.
ഒടുവിൽ തിരക്കിൽ നിന്നെല്ലാം മാറി പുറത്തേക്കിറങ്ങി. മുറ്റത്തെ പന്തലിനിടയിൽ പെട്ടന്ന് ആരും ശ്രദ്ധിക്കാത്ത ഒരു ഭാഗത്തു ഗാർഡനിൽ ചെന്നിരുന്നു. ആ ചെടികളെയും പൂക്കളെയും നോക്കി ഇരുന്നു. ഇടയ്ക്കിടെ വീശുന്ന ഇളംകാറ്റിൽ കടുവയുടെ പ്രിയപ്പെട്ട ചെടികൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു.
അവയെ നോക്കി ഇരിക്കുംതോറും മനസിനെ വന്നുമൂടിയ അകാരണമായ മൂകതയും പേടിയും കുറഞ്ഞു വരുന്നതായി തോന്നി. ആ ഇളംകാറ്റ് ശരീരത്തോടൊപ്പം മനസിനെയും തണുപ്പിച്ചുകൊണ്ടിരുന്നു.
ഒരുനിമിഷം ചിന്തകൾ പിറകിലേക്ക് സഞ്ചരിച്ചു. അച്ഛനും അമ്മയും ഏട്ടനുമൊത്തുള്ള സുന്ദരനിമിഷങ്ങളുടെ ഓർമയിൽ. മാധുര്യമുള്ള ആ ഓർമ്മകൾ നുണഞ്ഞ് എത്ര നേരം അവിടെയിരുന്നുവെന്ന് അറിയില്ല.
മടിയിൽ വെച്ചിരുന്ന കൈയുടെ പുറത്ത് പതിച്ച നീർമുത്തുകളുടെ താപമാണ് എന്നെ ഓർമകളിൽ നിന്നുണർത്തിയത്. പെട്ടന്ന് കണ്ണുതുടച്ചുകൊണ്ട് എഴുന്നേറ്റു തിരിഞ്ഞത് രേവുവിന്റെ മുഖത്തേക്കായിരുന്നു.
“എനിക്ക് തോന്നി എവിടെയെങ്കിലും തനിച്ച് ഇരിക്കുന്നുണ്ടാവുംന്ന്. അങ്കിൾനെയും ആന്റിയെയും കുറിച്ചോർത്തല്ലേ? ”
മറുപടി പറഞ്ഞില്ല. പകരം കരഞ്ഞുകൊണ്ട് അവളുടെ തോളിൽ തല ചായ്ച്ചു.
“കരയല്ലേ പ്രിയ. ഞങ്ങളൊക്കെ ഇല്ലേ. നീ വിഷമിക്കാതെ. ”
“എങ്ങനെയാടി ഞാൻ… എനിക്ക്… ഇതിനും മാത്രം എന്ത് തെറ്റാണ് ഞങ്ങൾ അവരോടു ചെയ്തത്? ചോദിച്ചാൽ അച്ഛൻ അവർക്ക് എന്ത് വേണേലും കൊടുക്കുമായിരുന്നില്ലേ? കൊല്ലണമായിരുന്നോ. ചിലപ്പോൾ തോന്നാറുണ്ട് അച്ഛൻ ആ പഴയ സ്കൂൾ മാഷായിരുന്നാൽ മതിയായിരുന്നു. ഈ ബിസിനസ് ഒന്നും വേണ്ടായിരുന്നു. എങ്കിൽ അവര് എല്ലാരും ഇന്നും എന്റെ കൂടെ ഉണ്ടാവുമായിരുന്നു. ഞാനിങ്ങനെ…. ”
വാക്കുകൾ മുറിഞ്ഞു പോയി.
“ഇനി അത് ആലോചിച്ചു വിഷമിച്ചിട്ട് എന്താ കാര്യം. ഞാനില്ലേടി നിനക്ക്? അപ്പയും അമ്മയും. എന്തിന് നിന്നെ ഒത്തിരി സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഇവിടെയില്ലേ? പിന്നെ നിന്റെ ചന്ദ്രുവേട്ടൻ. കരച്ചിൽ നിർത്തിക്കെ ആരേലും കണ്ടാൽ അത് മതി. ”
കണ്ണ് തുടച്ചു അവൾക്ക് വേണ്ടി ഒന്ന് പുഞ്ചിരിച്ചു.
“ഈ സമയത്തു പറയുന്നത് ശെരിയല്ല. എന്നാലും… നിന്നോട് ഒരാൾ അന്വേഷണം പറയാൻ പറഞ്ഞിരുന്നു. ”
സംശയത്തോടെ ഞാൻ അവളെ നോക്കി.
“വരുൺ ഏട്ടൻ. കുറച്ചു ദിവസം മുൻപ് ടൗണിൽ വെച്ച് കണ്ടിരുന്നു. നിന്നെ കുറിച്ച് ചോദിച്ചു. ആള് ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല. വല്ല സ്കോപ്പും ഉണ്ടോന്ന് ചോദിച്ചപ്പോൾ ഞാൻ എല്ലാം പറഞ്ഞു. സൂരജേട്ടന്റെ കാര്യവും നിന്റെ കല്യാണം തീരുമാനിച്ചതും എല്ലാം. ”
“എന്നിട്ടോ? ”
“എന്നിട്ടെന്താ കുറെ നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നെ പറഞ്ഞു അടുത്ത ജന്മത്തിലും നിനക്ക് വേണ്ടി കാത്തിരിക്കുമെന്ന്. കൂടെ ചെന്നേക്കണംന്ന്. ”
ഒരു ദീർഘ നിശ്വാസത്തോടെ ഞാൻ പറഞ്ഞു തുടങ്ങി.
“അടുത്ത ജന്മത്തിലെന്നല്ല ഇനിയുള്ള എല്ലാ ജന്മങ്ങളിലും എന്റെ നല്ല പാതിയായി ചന്ദ്രുവേട്ടനെ തന്നെ തന്നേക്കണേന്നാണ് ഞാൻ ഓരോ നിമിഷവും പ്രാർത്ഥിക്കുന്നത്. അത്രമാത്രം ഞാനെന്റെ ചന്ദ്രുവേട്ടനെ സ്നേഹിക്കുന്നുണ്ട്. എത്ര വഴക്കിട്ടാലും ഒരു നിമിഷം ആ മനുഷ്യനെ കാണാതെ എനിക്ക് പറ്റുന്നില്ലെടി. ഉള്ളിന്റെ ഉള്ളിൽ അങ്ങനെ നിറഞ്ഞു നിൽക്കാണ് ആ രൂപം. സൂരജേട്ടനുമായുള്ള വിവാഹത്തിന് സമ്മതിച്ചുവെങ്കിലും ഒരിക്കൽ പോലും അങ്ങനെ ഒരു സ്ഥാനത്ത് കാണാൻ കഴിഞ്ഞിട്ടില്ല. എന്നും ഏട്ടനായി മാത്രമേ കണ്ടുള്ളു. പക്ഷെ ചന്ദ്രുവേട്ടൻ…. എന്താ പറയാ. അറിയില്ല രേവു. അത് എങ്ങനെ പറഞ്ഞുതരണംന്ന്. അതുകൊണ്ട് വരുൺ ഏട്ടന്റെ ആ ആഗ്രഹവും നടക്കാൻ പോണില്ല. ഏട്ടന് ഏട്ടനെപോലെ ഒരു പാവം കുട്ടിയേ ചേരൂ. ”
“എന്താണ് രണ്ടും കൂടി എന്റെ ചെടികൾടെ ഇടയിലൊരു ഗൂഢാലോചന? ”
തൊട്ടടുത്ത് നിന്നും ചന്ദ്രുവേട്ടന്റെ ശബ്ദം കേട്ടതും ഞങ്ങൾ രണ്ടുപേരും ഒരുപോലെ ഞെട്ടി തിരിഞ്ഞു നോക്കി.
“നാളത്തെ ചടങ്ങിന് കുറച്ചു റോസ് പൂവ് വേണം. ഇവിടെ ഇത്രയധികം ഉള്ളപ്പോൾ പുറത്തുന്നു വാങ്ങിക്കണോന്ന് ആലോചിക്കാർന്നു. ”
രേവു പറഞ്ഞു.
“ആലോചിക്കുന്നത് കൊള്ളാം. പക്ഷെ ഇവിടുന്ന് ഒരു പൂവ് ആരെങ്കിലും പറിച്ചാൽ…. അയാൾടെ ദേഹത്ത് പിന്നെ ആ കൈ കാണില്ല. ഓർത്തോ. ”
അതാണ് ചന്ദ്രമൗലി. അങ്ങനെ പറഞ്ഞു കൊടുക്ക്. അവൾക്ക് ശെരിക്കും അറിയില്ല ന്റെ ചന്ദ്രുവേട്ടനെ.
“ഒരു പൂവല്ലേ പറിക്കുന്നുള്ളൂ. ഇത്രയും ചെടികൾ ഇല്ലേ. ഇനിയും പൂക്കൾ ഉണ്ടാവില്ലേ? പിന്നെന്താ? ”
“ഈ നിൽപ്പിൽ നിന്റെ തല ഞാനങ്ങ് വെട്ടട്ടെ? ”
ഉടനെ രേവു ‘അയ്യോ ‘ന്നും പറഞ്ഞ് തല പൊതിഞ്ഞു പിടിച്ചു.
“പറ്റില്ലല്ലേ? അതുപോലെ തന്നെയാണ് ഇതും. മനുഷ്യനെ പോലെ അല്ലെങ്കിലും ഇവയ്ക്കും ജീവനുണ്ട്. ഇവരും നമ്മളെ പോലെ ഉണ്ണുകയും ഉറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്താടി മനുഷ്യന്മാരുടെ ജീവന് മാത്രമേ വിലയുള്ളൂ? അതുകൊണ്ട് ഇതിൽ തൊട്ടുള്ള കളിയൊന്നും വേണ്ട. പറഞ്ഞേക്കാം. നിന്റെ തലയിലല്ലല്ലോ അവ വളരുന്നത്.? ”
“നിനക്ക് എന്താ പറ്റിയെ? സാധാരണ ഇവള് പറഞ്ഞ ഡയലോഗ് നിയ്യണല്ലോ പറയേണ്ടത്. ”
ചന്ദ്രുവേട്ടൻ എന്നോടായി ചോദിച്ചു.
“ഞാനായത് നന്നായി. ഇല്ലെങ്കിൽ നാളത്തെ കല്യാണത്തിന്റെ കാര്യത്തിൽ ഒരു തീരുമാനമായേനെ. ”
രേവതി പറഞ്ഞു.
“കുരുത്തം കെട്ടവളേ കരിനാക്ക് വളക്കല്ലെടി. ”
ചന്ദ്രുവേട്ടൻ രേവതിയോട് ദേഷ്യപ്പെട്ടു. എന്നിട്ട് വീണ്ടും എന്റെ നേർക്ക് തിരിഞ്ഞപ്പോൾ അകത്തു പോവാണെന്നു പറഞ്ഞു പോരാൻ നോക്കി.
“നിനക്ക് എന്താ ഒരു വല്ലായ്മ? സുഖമില്ലേ? ”
“കുഴപ്പമില്ല. എന്തോ തല വേദനിക്കുന്നു. ഒന്ന് കിടക്കട്ടെ. പ്ലീസ്. ”
പിറകിൽ നിന്നും ചന്ദ്രുവേട്ടൻ വിളിക്കുന്നത് ശ്രദ്ധിക്കാതെ ഞാൻ പോന്നു. ഔട്ട് ഹൗസിൽ കയറി തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു രേവുവിനെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യുന്നത്. ദൈവമേ എന്തൊക്കെ പറഞ്ഞാലും വരുൺ ഏട്ടനെക്കുറിച്ച് മാത്രം ഒന്നും പറയാതിരുന്നാൽ മതിയായിരുന്നു.
കുറെ സമയത്തിന് ശേഷം കൈ തടവികൊണ്ട് അവൾ കയറി വന്നു. തിരിഞ്ഞു നോക്കി തിരിഞ്ഞു നോക്കി ദേഷ്യത്തിൽ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്. ചന്ദ്രുവേട്ടനെ ചീത്ത വിളിക്കുന്നതാണെന്ന് മനസിലായി.
“ചന്ദ്രുവേട്ടൻ എന്താടി ചോദിച്ചത്? ”
“നമ്മള് അത്രയും നേരം സംസാരിച്ചത് മുഴുവൻ അങ്ങേർക്ക് അറിയണം പോലും. ഹും… ”
“എന്നിട്ട് നീ പറഞ്ഞോ? ”
“ആ പറഞ്ഞു. ”
മറുപടി മുഴുവൻ ദേഷ്യത്തോടെയാണ്.
“എല്ലാം…? ”
“പറഞ്ഞുന്ന് പറഞ്ഞില്ലേ ടി. ”
എന്റെ നേർക്ക് ഒരു ചാട്ടമായിരുന്നു.
“വ… രു… ണേ… ട്ടൻ? ”
വിക്കി വിക്കി ചോദിച്ചു.
“ആദ്യം തന്നെ അതാ ചോദിച്ചത്. ആരാടി ഈ വരുൺ ന്ന്. ”
ചന്ദ്രുവേട്ടനെ അനുകരിച്ചു കൊണ്ട് അവൾ പറഞ്ഞു. അതുകേട്ട് ഞാൻ തലയ്ക്കു കൈ കൊടുത്ത് ഇരുന്നു. തൃപ്തിയായി. ഇനി കടുവയുടെ പ്രതികരണം എങ്ങനെയാവുമോ എന്തോ?
വൈകുന്നേരമയതോടുകൂടി തിരക്കും ബഹളവും കൂടി. ക്ഷണിച്ചിരുന്ന അതിഥികൾ വന്നു തുടങ്ങി. എല്ലാവരുടെയും ഇടയിൽ മനസിലെ വിഷമമെല്ലാം മാറ്റിവെച്ച് സന്തോഷത്തോടെ ഞാൻ ഇരുന്നു.
അച്ഛനും അമ്മയും അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. ചന്ദ്രുവേട്ടനെ പിന്നെ കണ്ടതേയില്ല. പെൺപ്പടയിലെ എല്ലാവരും ചേർന്ന് എന്റെ കൈയിൽ നിറച്ചും മെഹന്ദി അണിയിച്ചു.
അശ്വതിയുടെ നിർബന്ധപ്രകാരം കാലിലും ഇട്ടു. ഫോട്ടോ എടുക്കുന്ന സമയത്താണ് ചന്ദ്രുവേട്ടനെ പിന്നെ കണ്ടത്. മുഖത്തു ഭയങ്കര ഗൗരവമായിരുന്നു. രാവിലത്തെ പിണക്കത്തിലാണ്.
വെള്ളയിൽ ഗോൾഡൻ വർക്കുള്ള ഷെർവാണിയായിരുന്നു വേഷം. സുന്ദരനായിട്ടുണ്ട്. എല്ലാവർക്കും ഡ്രസ്സ് കോഡുണ്ട്. സ്ത്രീകൾ മഞ്ഞയും പുരുഷന്മാര് വെള്ളയും. എല്ലാവരോടും ചിരിച്ചു കളിച്ചു സംസാരിക്കാം തൊട്ടടുത്ത് നിൽക്കുന്ന എന്നെ മാത്രം കണ്ണിൽ കാണാനില്ല.
അത്രയ്ക്ക് ഗാമയാണെങ്കിൽ ആകട്ടേന്ന് ഞാനും വിചാരിച്ചു. വിട്ടുകൊടുക്കാനും പിറകെ നടക്കാനും എന്നെയും കിട്ടില്ല. കല്യാണം കഴിഞ്ഞോട്ടെ തന്നെകൊണ്ട് ഞാൻ ക്ഷ, ണ്ണ, മ്മ, ത, ദ, ഥ, ധ, ന വരപ്പിക്കാമെടോ മത്തങ്ങത്തലയൻ കടുവേ. ചടങ്ങുകൾ കഴിഞ്ഞ് ഉറങ്ങാൻ പോകുമ്പോഴും ഒന്ന് ചിരിക്ക പോലും ചെയ്തില്ല. അലവലാതി.
രാത്രി ഉറക്കം വരാതെ ഫാൻ കറങ്ങുന്നതും നോക്കി കിടന്നു. ഇടവും വലതും രണ്ട് കുംഭക്കർണികൾ കൂർക്കം വലിച്ച് കിടന്നുറങ്ങുന്നു. അശ്വതിയും രേവുവും. ബാക്കിയുള്ളതുങ്ങൾ എവിടെയൊക്കെയോ ചുരുണ്ടുകൂടിയിട്ടുണ്ട്. അശ്വതി ഇടയ്ക്കിടെ എന്തൊക്കെയോ പറയുകയും തന്നെകിടന്നു ചിരിക്കുകയും ചെയ്യുന്നുണ്ട്. പാവം. കുറ്റി സ്വപ്നലോകത്താണ്. ചെവിയോർത്തു എങ്കിലും ഒന്നും മനസിലായില്ല. അപ്പോഴാണ് എന്റെ ഫോൺ റിംഗ് ചെയ്തത്. അശ്വതിക്കുട്ടിയുടെ സ്വപ്നം തകർക്കണ്ടാന്നു കരുതി ആരാണെന്നു പോലും നോക്കാതെ ചാടിക്കേറി ഫോണെടുത്തു.
“ഹലോ…”
ശബ്ദം താഴ്ത്തി ഞാൻ പറഞ്ഞു. തിരിച്ചു പ്രതികാരണമില്ലാത്തതിനാൽ ഞാൻ വീണ്ടും പറഞ്ഞു നോക്കി.
“നിന്റെ ശബ്ദത്തിന് എന്ത് പറ്റി? ”
മറുതലക്കൽ നിന്നും കടുവയായിരുന്നു. ഓഹ്… പിണക്കത്തിലല്ലേ. പിന്നെന്തിനാ ഇപ്പോൾ വിളിച്ചത്? ഹും… മിണ്ടനെനിക്ക് സൗകര്യമില്ല. ഞാൻ ഒന്നും പറയാത്തത് കൊണ്ട് രണ്ടു മൂന്നു വട്ടം ‘ഹലോ’ ‘പ്രിയെ ‘ ന്നൊക്കെ വിളിക്കുന്നത് കേട്ടു. ചിരി അടക്കിപ്പിടിച്ച് എല്ലാം കേട്ടിരുന്നു.
“നീ ടെറസിലേക്ക് വന്നേ. ”
“അതെന്തിനാ? ”
ഞാൻ പോലുമറിയാതെ എന്റെ ശബ്ദം പുറത്ത് വന്നു.
“വരാൻ പറഞ്ഞാൽ വന്നാൽ മതി. അഞ്ചു മിനിറ്റ് ഞാൻ നോക്കും. കണ്ടില്ലേൽ ഞാൻ അങ്ങോട്ട് വരും. ”
പറയലും കട്ട് ചെയ്യലും കഴിഞ്ഞു. ഇയ്യാൾക്ക് പാതിരാത്രി ഉറക്കവും ഇല്ലേ. അല്ല ആരാ ഈ പറയുന്നത്. ഞാനും ഉറങ്ങാതെ ഇരിക്കായിരുന്നില്ലേ.
വിവരമില്ലാത്ത കുട്ടിയാ ചിലപ്പോൾ പറഞ്ഞ പോലെ ഇങ്ങോട്ട് വരും. വേഗം ചെല്ലട്ടെ.
ഞാൻ പതിയെ എഴുന്നേറ്റു രേവുവെന്ന വന്മതിൽ എടുത്തു ചാടി ടെറസ് ലക്ഷ്യമാക്കി നടന്നു.
പമ്മിപ്പമ്മി ടെറസിൽ എത്തിയപ്പോൾ ദാ നിൽക്കുന്നു ചന്ദ്രമൗലി മഹാരാജാവ് തന്റെ ഉദ്യാനത്തിലെ ചെടികളെയും തലോടിക്കൊണ്ട്.
“നാണമുണ്ടോ മനുഷ്യാ നിങ്ങൾക്ക്? നാളെ കല്യാണമായിട്ട് രാത്രി മതിൽ ചാടാനിറങ്ങിയിരിക്കുന്നു. കഷ്ടം. ”
“അതിന് ഇവിടെ എവിടെയാടി മതില്? ”
“പിന്നെ എങ്ങനെയാ ഇങ്ങോട്ട് വന്നത്? ഇവിടെയും ഉണ്ടാക്കിയിട്ടുണ്ടോ വല്ല രഹസ്യവാതിലും? ”
ചോദിച്ച ഉടനെ ചന്ദ്രുവേട്ടൻ എന്റെ തല പിടിച്ചു താഴേക്ക് നോക്കാൻ പറഞ്ഞു. ദേഷ്യം തീരാതെ ഇയ്യാള് എന്നെ താഴെ തട്ടിയിട്ട് കൊല്ലാൻ വന്നതാണോ?
അപ്പോഴുണ്ട് ഒരു കലക്കൻ ഏണി സ്റ്റൈലായി ടെറസിനോട് ചേർന്ന് ചാരിനിൽക്കുന്നു. ഓഹ്.. ഏണി കേറി വന്നതാണ് ലെ?
“എന്നോട് പിണങ്ങി നടക്കല്ലേ പിന്നെന്തിനാ ഈ സമയത്തു ഇങ്ങോട്ട് കെട്ടിയെടുത്തത്? നാളെ എന്റെ കല്യാണമാണ്. മുടക്കരുത്. പ്ലീസ്. ”
ഇച്ചിരി താഴ്മയായി ഞാൻ പറഞ്ഞു.
“ശെരിക്കും ! വാട്ട് എ സിമിലാരിറ്റി. നാളെ തന്നെയാ എന്റെയും കല്യാണം. ഇന്ന് കൂടിയല്ലേ എനിക്ക് എന്റെ കാമുകിയുടെ അടുത്ത് വരാൻ പറ്റൂ.
നാളെ മുതൽ അവിടെ ഒരു ഭദ്രക്കാളി ഉണ്ടാവും. ഒന്നിനും സമ്മതിക്കില്ല ന്നേ. അതാ ഞാൻ ഇപ്പോൾ വന്നത്.”
“ദുഷ്ടാ ആരാടോ ഭദ്രക്കാളി? ആരാന്ന്? ”
ചന്ദ്രുവേട്ടന്റെ കഴുത്തിന് കുത്തിപിടിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ദേ ഇപ്പൊ കറക്റ്റ് ആണെടി. അതുപോലെ തന്നെ ണ്ട്. ”
അത് കൂടിയായപ്പോൾ ഞാൻ ചന്ദ്രവേട്ടനെ ഇടിക്കാനും കുത്താനും തുടങ്ങി. ഉടനെ കൈ രണ്ടും കൂട്ടിപിടിച്ചു അനങ്ങാൻ പറ്റാത്ത രീതിയിൽ വരിഞ്ഞു മുറുക്കി.
“എന്തിനാ രാവിലെ മുതൽ വിഷമിച്ചു നടന്നത്? ”
മറുപടി ഞാൻ മൗനംത്തിൽ ഒതുക്കി.
പെട്ടന്ന് ചന്ദ്രുവേട്ടൻ എന്നെയും കൂട്ടി അവിടെ വെച്ചിരുന്ന കസേരയിൽ ചെന്നിരുന്നു. എന്നെ പിടിച്ചു ചന്ദ്രുവേട്ടന്റെ മടിയിൽ ഇരുത്തി.
“ദേ അങ്ങോട്ട് നോക്കിയേ. ”
എന്റെ മുഖം ആകാശത്തേക്ക് തിരിച്ചു പിടിച്ചു കൊണ്ട് പറഞ്ഞു. അങ്ങിങ്ങായി മല്ലിപ്പൂക്കൾ ചിതറി കിടക്കുന്ന ഗഗനോദ്യാനത്തിൽ രണ്ടു വലിയ താരകങ്ങൾ ഞങ്ങളെ നോക്കി കണ്ണു ചിമ്മികാണിക്കുന്നു.
“അച്ഛനും അമ്മയും നമ്മളെ അനുഗ്രഹിക്കാൻ വന്നതാ. ”
കാതോരം ചേർന്ന് ചന്ദ്രുവേട്ടൻ പറഞ്ഞപ്പോൾ ഒരു തേങ്ങലോടെ ഞാനാ നെഞ്ചിൽ അഭയം പ്രാപിച്ചു.
“പ്രിയെ കരയരുത്. നീ എന്നും സന്താഷത്തോടെ ഇരിക്കണംന്നല്ലേ അവരുടെ ആഗ്രഹം. ന്നിട്ട് ഇങ്ങനെ കരഞ്ഞു അവരെ വിഷമിപ്പിച്ചാലോ? ഞാനില്ലേ കൂടെ? കരയല്ലേ. ”
എന്നിട്ടും കരച്ചിൽ നിൽക്കുന്നില്ലെന്ന് കണ്ടതും ചന്ദ്രുവേട്ടൻ പിന്നെ ഒന്നും പറയാൻ നിന്നില്ല. സങ്കടം മുഴുവൻ കരഞ്ഞു തീർക്കട്ടെന്ന് കരുതിക്കാണും. ഏങ്ങലടികൾ കുറഞ്ഞതും ചന്ദ്രുവേട്ടൻ അല്പം ഗൗരവത്തിലും കുസൃതി കലർത്തി പറഞ്ഞു.
“മതി കരഞ്ഞത്. ഇനി ഈ കണ്ണുകൾ നിറഞ്ഞു കാണരുത്. അങ്ങനെ കരയണംന്ന് ഉണ്ടെങ്കിൽലേയ്യ് അതിനുള്ള അവസരം ഞാൻ വേറെ തരാം കേട്ടോ. ”
പറയുന്നതോടൊപ്പം എന്റെ തലയിൽ തലോടികൊണ്ടിരുന്ന കൈകൾ ദിശ മാറി സഞ്ചരിച്ചു തുടങ്ങിയതും ഞാൻ ചന്ദ്രുവേട്ടന്റെ മടിയിൽ നിന്നും എണീക്കാൻ ശ്രമിച്ചു.
പക്ഷെ വീണ്ടും എന്നെ പിടിച്ചു മടിയിലിരുത്തി. താഴ്ത്തി പിടിച്ചിരുന്ന എന്റെ മുഖം ആ കൈകളിൽ കോരിയെടുത്തു.
“പ്രിയെ… ”
അത്രമേൽ ആർദ്രമായിരുന്നു ശബ്ദം.
“മ്മ്ഹ്ഹ്… ”
അത്രയും നേരം ആ കണ്ണുകളിൽ തെളിഞ്ഞ വാത്സല്യമെന്ന വികാരം മറ്റെന്തിനോ വഴി മാറികൊടുത്തു. ആ സമയം ചന്ദ്രുവേട്ടൻ ആഗ്രഹിച്ചത് എന്താണെന്ന് മനസിലാക്കാൻ മൊഴികളുടെ ആവശ്യം ഇല്ലായിരുന്നു.
പകരം ആ മിഴികളിൽ നിന്നും ഞാനത് വായിച്ചെടുത്തു. സമ്മതമെന്നോണം നാണത്താൽ പൊതിഞ്ഞൊരു പുഞ്ചിരി എന്നിൽ വിരിഞ്ഞു. വൈകാതെ അത് ചന്ദ്രുവേട്ടനിലേക്കും വ്യാപിച്ചു.
ചന്ദ്രുവേട്ടന്റെ മുഖം താഴ്ന്നു വന്നതും കണ്ണുകളടച്ച് ആ സ്നേഹമുദ്രണം സ്വീകരിക്കാൻ തയ്യാറായി ഞാനിരുന്നു.
മുഖത്തേക്കടിക്കുന്ന ചുടുനിശ്വാസത്തിന്റെ തോത് കൂടുംതോറും ചന്ദ്രുവേട്ടന്റെ ഷിർട്ടിലുള്ള എന്റെ പിടിയും മുറുകിക്കൊണ്ടിരുന്നു.
വൈകാതെ ആ അധരങ്ങളുടെ നനുത്ത സ്പർശം എന്റെ അധരങ്ങളിൽ പതിഞ്ഞത് ഞാനറിഞ്ഞു. ഒപ്പം കണ്ണുകൾ കുറച്ചുകൂടെ ഇറുക്കി അടച്ചുപിടിച്ചു.
“കുറുനരി മോഷ്ടിക്കരുത് കുറുനരി മോഷ്ടിക്കരുത്. ”
പെട്ടന്ന് ആ ശബ്ദം കേട്ട് ഞങ്ങൾ പരസ്പരം അകന്നുമാറി ഇരുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു.
(തുടരും )