Friday, January 17, 2025
Novel

അനുരാഗം : ഭാഗം 28

എഴുത്തുകാരി: അഞ്ജലി അഞ്ജു


ഏട്ടൻ പോകാൻ സമ്മതിച്ചപ്പോളാണ് ശ്വാസം നേരെ വീണത്. താത്കാലികമായിട്ട് ആണെങ്കിലും ഏട്ടനിൽ നിന്ന് രക്ഷപ്പെട്ടപ്പോൾ ആശ്വാസം തോന്നി.

പോകാനിറങ്ങുമ്പോൾ ഏട്ടൻ പറഞ്ഞ വാക്കുകളിൽ ഭീഷണിയുടെ സ്വരമായിരുന്നു. രാവിലേ മുതൽ എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ ആലോചിച്ചപ്പോൾ ഒരു മരവിപ്പാണ് ഉണ്ടായത്.

ഒരു കടൽ എന്റെയുള്ളിൽ ഉറങ്ങി കിടക്കുന്നുണ്ടായിരുന്നു. പാറു വിളിച്ചെങ്കിലും അവളോട് ഒന്നും ഞാൻ പറഞ്ഞില്ല.

പേടി ആയിരുന്നു. ഞാൻ കാരണം അവർക്ക് എന്തെങ്കിലും പറ്റിയാലോ എന്ന്. സ്വരം വല്ലാതെ ആയതിന്റെ കാരണം ചോദിച്ചെങ്കിലും ഞാൻ ഒഴിഞ്ഞു മാറി.

എന്ത് വന്നാലും പതറാതെ നിന്നിരുന്ന എനിക്ക് ഇപ്പോൾ മാത്രമെന്താ ഒരു ശെരിയായ തീരുമാനം എടുക്കാൻ കഴിയാത്തത്. ഞാനും കണ്ണീർ പരമ്പരകളിലെ നായികമാരെ പോലെയായോ.

ഞാൻ എന്ത് ചെയ്താലും അയാൾ അറിയും ഉറപ്പാണ്.

ഏട്ടന്റെ മാനസികനില വെച്ച് എന്താണ് ചെയ്യുകയെന്ന് ആർക്കാണ് പറയാൻ പറ്റുന്നത്. ചിലപ്പോൾ ദേഷ്യം മുഴുവൻ എന്നോടാവും. പതിയിരുന്ന് ആക്രമിക്കാൻ ശ്രമിക്കും.

എനിക്ക് എന്ത് പറ്റിയാലും ഞാൻ സ്നേഹിക്കുന്നവർക്ക് എന്തെങ്കിലും സംഭവിച്ചാൽ? ഓർക്കാൻ കൂടെ പറ്റുന്നുണ്ടായിരുന്നില്ല.

സന്ധ്യയോടടുത്താണ് വീട്ടിൽ എത്തിയത്. വാതിൽക്കൽ തന്നെ അമ്മ എന്നെയും കാത്ത് നിക്കുന്നുണ്ടായിരുന്നു.

പാവം. ജെസ്സിയെയും നന്ദനയെയും ഞാൻ ഓർത്തു പോയി. അവർക്കും ഉണ്ടാവില്ലേ ഇത് പോലെ ഒരു അമ്മ.. ഞാൻ തിരികെ വന്നില്ലായിരുന്നെങ്കിൽ എന്റെ അമ്മയും അലമുറയിട്ട് കരയില്ലായിരുന്നോ.

അറിയാതെ കണ്ണു നിറഞ്ഞു. വേഗം അമ്മ കാണാതെ അതൊക്കെ തുടച്ചു ഒരു ചിരിയും മുഖത്തു ഫിറ്റ്‌ ചെയ്ത് വീട്ടിലേക്ക് കയറി.

“എന്റെ അനു സന്ധ്യക്ക്‌ മുൻപ് എങ്കിലും നിനക്ക് വീട്ടിൽ വന്നു കൂടെ? ഒരു പെണ്കുട്ടിയാണെന്ന വിചാരം നിനക്കുണ്ടോ? അതെങ്ങനെയാ അച്ഛൻ കയറൂരി വിട്ടേക്കുവല്ലേ.”

“എന്റെ പൊന്ന് അമ്മക്കുട്ടി എനിക്ക് ഒന്നും പറ്റില്ല. എവിടെ പോയാലും അമ്മയെ കാണാൻ ഞാൻ വരില്ലേ.”

അറിയാതെ എവിടെയോ വാക്കുകൾ ഇടറി.

“കെട്ടിക്കാൻ പ്രായമായിട്ടും ഊരു തെണ്ടലിന് ഒരു കുറവും ഇല്ല. ഇവിടെ കല്യാണ കാര്യവും ചോദിച്ചു ഓരോരുത്തർ വരാൻ തുടങ്ങി. നീ ഇങ്ങനെ നടന്നോ.”

“കല്യാണക്കാരോ? എനിക്കോ?”

പെട്ടെന്ന് ശ്രീയേട്ടൻ പറഞ്ഞതാണ് ഓർമ വന്നത്. ഏട്ടന്റെ അച്ഛനെ വിടും എന്ന് പറഞ്ഞത്…

“അതേ ഇന്ന് ഉച്ച കഴിഞ്ഞപ്പോൾ ഒരു കാർ നിറയെ ആളുകളാണ് നിന്നെ കാണാൻ വന്നത്. നിന്റെ സീനിയർ ആയിരുന്നു ചെക്കനെന്നു പറഞ്ഞു. ഇപ്പോൾ ചെറുക്കൻ നിന്റെ കൂടെ വർക്ക്‌ ചെയ്യുന്നുണ്ടെന്നും പറഞ്ഞു.”

“ഏഹ് അതാരാ?”

“റിഷിയെന്നാണ് ചെറുക്കന്റെ പേര് പറഞ്ഞത്.”

“ആര് റിഷിയേട്ടനോ? അവർ ഇവിടെ വന്നോ?”

ദൈവമേ ഇയാളിത് എന്ത് ഭാവിച്ചാണ്. ഇന്നലെ പറഞ്ഞ പോലെ എന്നോട് പക വീട്ടുവാണല്ലോ?

“അവരെല്ലാം കൂടെ ഉച്ച കഴിഞ്ഞു കേറി വന്നു. ഇവിടെ ആണേൽ നീയുമില്ല നിന്റെ അച്ഛനുമില്ല. ചെറുക്കനും അവരുടെ കൂടെയില്ല.

പിന്നെ ആരാ എന്താ എന്നറിയാതെ ഞാനവരോട് എന്ത് പറയാൻ ആണ്.

അവർ എന്തൊക്കെയോ ചോദിക്കുകയും പറയുകയും ചെയ്തു. എനിക്ക് ആകെ ടെൻഷൻ ആയി പോയ കൊണ്ട് ഞാൻ ഒന്നും ചോദിച്ചില്ല.

അവർ നിന്റെ അച്ഛന്റെ നമ്പറും വാങ്ങി പിന്നെ ഒരിക്കൽ വരാം എന്നും പറഞ്ഞു പോയി.”

ഒറ്റ ശ്വാസത്തിൽ അമ്മ പറഞ്ഞു നിർത്തി.

“നിനക്ക് അറിയാമോ അവരെ? നല്ല കൂട്ടർ ആണെങ്കിൽ നമുക്ക് നോക്കാം.”

“ആ എനിക്കൊന്നും അറിയില്ല. ഞാൻ ഒന്ന് കിടക്കട്ടെ.”

“നീ കഴിക്കുന്നില്ലേ?”

“പിന്നെ മതി.”

റൂമിൽ ചെന്നതും ഫ്രഷ് ആവാൻ പോലും നിക്കാതെ ഞാൻ കട്ടിലിൽ കിടന്നു. എല്ലാരും സ്വാർത്ഥരാണ്.

എനിക്ക് മറ്റൊരാളെ ഇഷ്ടാണെന്ന് അറിഞ്ഞിട്ടും നാണമില്ലാതെ കല്യാണം ആലോചിച്ചു വരാൻ എങ്ങനെയാ അയാൾക്ക് തോന്നിയത്. കഷ്ടം ! എല്ലാ ആണുങ്ങളും കണക്കാ.

#####################

ഇന്നലെ വെള്ളമടിച്ചത് ഓവർ ആയി പോയി. ശേ ഇതിന്റെയൊന്നും ഒരു ആവശ്യവും ഇല്ലായിരുന്നു.

പക്ഷെ അവളും ശ്രീഹനും ഇഷ്ടത്തിലാണെന്ന് അറിഞ്ഞപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.

കുടിച്ച് കഴിഞ്ഞ് എന്തൊക്കെ പറ്റിയെന്ന് ഒരു ഓർമയും ഇല്ലായിരുന്നു. എപ്പോളാണ് വീട്ടിൽ വന്നതെന്ന് പോലും അറിയില്ല.

ഉണരുമ്പോൾ റൂമിൽ കിടക്കുവാണ്. ഇതൊക്കെ പോട്ടെ കുടിച്ചിട്ട് അനുവിനെ വിളിച്ചത് എന്തിനാണെന്നാ എനിക്ക് മനസിലാവാത്തത്. കാൾ റെക്കോർഡിങ് ഓൺ ആയിരുന്നെങ്കിൽ കേൾക്കാമായിരുന്നു.

ഉറപ്പായും കുളമാക്കി കാണും. ഇന്നാണെങ്കിൽ അവൾ ഇല്ലാതിരുന്നത് കൊണ്ട് ഓഫീസിലും മടുപ്പായിരുന്നു.

വല്ലാതെ മിസ്സ്‌ ചെയ്യുന്നു. ഇനി മാക്സിമം അവളിൽ നിന്ന് അകലണം.

അവർക്ക് പരസ്പരം ഇഷ്ടമാണെങ്കിൽ അവർ ജീവിക്കട്ടെ. ഇനി ഒരിക്കലും അനുവിന്റെ ജീവിതത്തിൽ ഞാനൊരു ശല്യം ആകാൻ പാടില്ല. സ്നേഹം എങ്ങനെ പിടിച്ചു വാങ്ങാനാണ്.

പ്രണയത്തിൽ സ്വാർത്ഥത കാട്ടിയിട്ട് എന്ത് കാര്യം? ശ്രീഹൻ ഇല്ലായിരുന്നെങ്കിൽ അവളെന്നെ തല്ലി ഓടിച്ചാലും ഞാൻ പിറകെ ചെന്നേനെ. ഇതിപ്പോ അങ്ങനെയല്ലല്ലോ.

അല്ലെങ്കിലും ഓവർ കോൺഫിഡൻസ് ആയിരുന്നു അനുവിനെ സ്വന്തമാക്കുമെന്ന്. എന്നിട്ട് ഇപ്പോൾ എന്തായി..

“എന്താണ് മോനേ റൂമിൽ തന്നെ കുത്തിയിരുന്ന് ആലോചിക്കുന്നത്?”

“ചേച്ചി ഇതെപ്പോൾ വന്നു.”

“ഞാൻ വന്നിട്ട് കുറേ കാലമായി. അല്ലെങ്കിലും ഇവിടെ കുറേ കാര്യങ്ങളൊക്കെ നടന്ന സ്ഥിതിക്ക് ഞാൻ വരാതിരുന്നത് എങ്ങനെയാ?”

“എന്ത്?”

“നീ ഇന്നലെ കള്ളും കുടിച്ച് എന്തൊക്കെ കോലാഹലം ആണ് ഇവിടെ കാട്ടിക്കൂട്ടിയത്. ആരൊക്കെയോ അനുവിനെയും നിന്നെയും പിരിക്കാൻ നോക്കുന്നെന്നോ, ആരെന്തു ചെയ്താലും അവളെയെ കെട്ടുള്ളൂ, അല്ലെങ്കിൽ കുടിച്ച് മരിക്കും അങ്ങനെ കുറേ പറഞ്ഞല്ലോ.? എനിക്ക് കാണാൻ പറ്റിയില്ല”

“ഏഹ് ഇതൊക്കെ എപ്പോൾ?”

“അയ്യോടാ പാവം. സത്യം പറ നീ കള്ളു കുടിച്ച പോലെ അഭിനയിച്ചതല്ലേ?”

“ഒന്ന് പൊയ്‌ക്കെ ചേച്ചി. എന്നിട്ട് എനിക്ക് എന്തിനാ?”

“അത് കൊള്ളാം. നീ അങ്ങനെ ചെയ്ത കൊണ്ടല്ലേ ഇന്ന് എല്ലാവരും കൂടെ പെണ്ണ് ആലോചിച്ചു അനുവിന്റെ വീട്ടിൽ ചെന്നത്.”

“എന്ത്?”

“അതേ അമ്മയും അച്ഛമ്മയും കൂടെ എന്ത് പറഞ്ഞാണ് അച്ഛന്റെ മനസ് മാറ്റിച്ചതെന്ന് അറിയില്ല. അച്ഛൻ എന്നെ വിളിച്ച് ഇതൊക്കെ പറഞ്ഞപ്പോൾ ഞാനും നിന്റെ സൈഡ് പറഞ്ഞു. പിന്നെ ഓഫിസിൽ നിന്ന് അവളുടെ അഡ്രെസ്സ് ഒക്കെ എടുത്ത് അങ്ങോട്ടേക്ക് പോയി.”

“എന്തിന്?”

“അച്ഛനും അമ്മയ്ക്കും അച്ഛമ്മയ്ക്കുമൊക്കെ നിന്നോട് സമ്മതം പറയും മുന്നേ വീട്ടുകാരെയൊക്കെ കാണണമെന്ന്. പിന്നെ ഞാനും ഓർത്തു സർപ്രൈസ് ആയിക്കോട്ടേന്ന്.”

“എന്നിട്ട്?”

“എന്നിട്ടെന്താ അവിടെ ചെന്നപ്പോൾ അവളവിടെ ഇല്ലായിരുന്നു. അവളുടെ അമ്മയോട് കാര്യങ്ങളൊക്കെ പറഞ്ഞ് പിന്നീട് ഒരിക്കൽ വരാമെന്നും പറഞ്ഞ് ഞങ്ങൾ ഇറങ്ങി.”

“ശേ എന്ത് പണിയാണ് കാണിച്ചത്?ചേച്ചിക്കെങ്കിലും എന്നോടൊന്നു പറയാൻ പാടില്ലായിരുന്നോ?”

“അതിനിപ്പോ എന്താടാ?”

“ഒന്നുമില്ല. ചേച്ചിക്ക് അത് പറഞ്ഞാൽ മനസിലാവില്ല.”

“ആഹാ പാവമല്ലേ എന്ന് വെച്ചു സഹായം ചെയ്ത് കൊടുത്തപ്പോൾ ഇപ്പോൾ കുറ്റം മുഴുവൻ ഞങ്ങൾക്ക് ആയോ? ഞാനെത്ര പ്രാർത്ഥിച്ചെന്ന് അറിയുവോ എല്ലാവർക്കും ഇഷ്ടമാകാൻ.”

“ഇഷ്ടായോ?”

“അയ്യെടാ..! അച്ഛന് വല്യ താല്പര്യമില്ല. പക്ഷെ അമ്മയ്ക്കും അച്ഛമ്മയ്ക്കും കുറേ ഇഷ്ടായി. ഏതായാലും ഉടനേ കല്യാണം കാണും.”

ഓ അതൊന്നും നടക്കാൻ പോണില്ല. മനസിലാണ് ഞാനത് പറഞ്ഞത്. എന്തൊക്കെ വന്നാലും അവൾ സമ്മതിക്കില്ല. അത് ഉറപ്പാണ്.

“എന്താടാ? ഒരു സന്തോഷം ഇല്ലല്ലോ? ”

“ഒന്നുമില്ല ചേച്ചി. ചെറിയ സൗന്ദര്യ പിണക്കം. അത്രേ ഉള്ളൂ.”

“അതാണോ? അതൊക്കെ പെട്ടെന്ന് മാറ്റി അച്ഛന്റെ മനസ് മാറും മുന്നേ കെട്ടാൻ നോക്ക്. കേട്ടല്ലോ?”

“മ്മ്. അല്ല ചേച്ചിയുടെ തീരുമാനം എന്താണ്? ഇങ്ങനെയൊക്കെ മതിയോ?”

ചേച്ചി ചോദ്യഭാവത്തിൽ എന്നെ നോക്കി.

“എപ്പോളും മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചാൽ മതിയോ? ഒരിക്കലെങ്കിലും ചേച്ചിക്ക് വേണ്ടി ജീവിച്ചുകൂടെ.”

“ഓ ഇനി എനിക്ക് എന്ത് ജീവിതമാണെടാ.. എനിക്ക് കുഴപ്പമൊന്നും ഇല്ല.”

കൃത്രിമ ചിരിയോടെ ഇത് പറയുമ്പോൾ ചേച്ചിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

“നിനക്ക് അവിടെ പറ്റുന്നില്ലെങ്കിൽ ഇങ്ങോട്ടേക്കു പോര്. നിന്നെ പോന്നു പോലെ ഞാൻ നോക്കിക്കൊള്ളാം.”

“എനിക്ക് അവിടെ എന്തിന്റെ കുറവാ ഉള്ളത്. സമ്പത്തും കുടുംബ മഹിമയും എല്ലാം ഉണ്ട്. സ്നേഹം മാത്രം ഇല്ല. സാരമില്ല അതും എനിക്ക് ശീലമായി. സ്വന്തം അച്ഛൻ എന്നോട് കാണിക്കാത്ത കരുണ മറ്റൊരാളിൽ നിന്ന് പ്രതീക്ഷിച്ചിട്ടെന്തിനാ? അതൊക്കെ കഴിഞ്ഞു.”

“ഇനിയും സമയം ഉണ്ട് നിന്നെ സ്നേഹിക്കുന്ന ഒരാളെ കണ്ടെത്താൻ.”

“ഇപ്പോൾ ഏതായാലും അതിനെ പറ്റി ചിന്തിച്ചിട്ടില്ല.”

“ഇനി ചിന്തിക്കണം. ജീവിതം ഒന്നേ ഉള്ളൂ.”

“മ്മ്..”

കുനിഞ്ഞ മുഖവുമായി ചേച്ചി പോവുന്നത് കണ്ടപ്പോൾ ഉള്ളിലെവിടെയോ വേദന തോന്നി. അപ്പോളാണ് അനുവിനെ പറ്റി ഓർത്തത്.

ദൈവമേ ഇനി അവളോട് ഞാനെന്ത് പറയും. ഉറപ്പായിട്ടും എന്നോട് പട വെട്ടാനാവും നാളെ ഓഫീസിൽ വരുന്നത്.

ഏതായാലും അച്ഛനൊക്കെ ചെന്നപ്പോൾ അവൾ ഇല്ലാതിരുന്നത് നന്നായി. അല്ലെങ്കിൽ എന്നോടുള്ള ദേഷ്യത്തിൽ വല്ല വിമും കലക്കി കൊടുത്തേനെ. ഇനിയെല്ലാം വരും പോലെ വരട്ടെ.

തുടരും….

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16

അനുരാഗം : ഭാഗം 17

അനുരാഗം : ഭാഗം 18

അനുരാഗം : ഭാഗം 19

അനുരാഗം : ഭാഗം 20

അനുരാഗം : ഭാഗം 21

അനുരാഗം : ഭാഗം 22

അനുരാഗം : ഭാഗം 23

അനുരാഗം : ഭാഗം 24

അനുരാഗം : ഭാഗം 25

അനുരാഗം : ഭാഗം 26

അനുരാഗം : ഭാഗം 27