Tuesday, December 17, 2024
Novel

അനുരാഗം : ഭാഗം 17

എഴുത്തുകാരി: അഞ്ജലി അഞ്ജു


ഉച്ച വരെ അവിടെ മൊത്തത്തിൽ കറങ്ങി നടന്നു. പിന്നെ ഞങ്ങൾക്ക് നിഷ ചേച്ചി തൽക്കാലത്തേക്ക് ഇരിക്കാൻ സ്ഥലം ഒപ്പിച്ചു തന്നു. സ്ഥിരം കലാപരിപാടി ഞങ്ങൾ തുടങ്ങി. വായിനോട്ടം വിത്ത്‌ പരദൂഷണം.

അവിടെയുള്ള മുഴുവൻ ആളുകളെയും കണ്ടതിൽ നിന്നുള്ള അഭിപ്രായം ഞങ്ങൾ പങ്കു വെച്ചു. ചിലരെയൊക്കെ പാവമായും ചിലരെ അൽപം ദുഷ്ടരായും ഒക്കെ തരം തിരിച്ചു.

ചിലരെ പറ്റി എനിക്കും പാറുവിനു ഭിന്നാഭിപ്രായം വരുമ്പോൾ ഞങ്ങൾ പയ്യെ നിഷ ചേച്ചിയോട് ചോദിക്കും. പിന്നെ ചേച്ചി ആളു കോമഡിയാ. ചെറിയ കാര്യം വരെ അൽപം കൂട്ടിയേ പറയു. അതായത് ഇത്തിരി തള്ളൽ ആണെന്ന്.

പക്ഷെ ആള് പാവമാണ് കേട്ടോ. മനസ്സിൽ ഒന്നും വെക്കില്ല മണ്ടിയാ അല്ലെങ്കിൽ ആരാണെന്ന് പോലും അറിയാത്ത ഞങ്ങളോട് റിഷിയേട്ടനെ വരെ കുറ്റം പറയുവോ.

ഞാൻ പാറുവിനോട് പറഞ്ഞിട്ടുണ്ട് അറിയാതെ പോലും ചേച്ചി പറഞ്ഞ കാര്യങ്ങൾ റിഷി ഏട്ടനോട് പറയരുതെന്ന്.

“അനു ഓഫീസൊക്കെ സൂപ്പർ ആണല്ലേ?”

“അതേ ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല.”

“വന്നില്ലായിരുന്നെങ്കിൽ നല്ലൊരു അവസരം നഷ്ടമായേനെ.”

“അതേ. പക്ഷെ നമ്മൾ രണ്ടാളും ഓഫീസിൽ ആയിരുന്നെങ്കിൽ കൊള്ളാമായിരുന്നു അല്ലേ?”

“ആണെന്നെ ഇതിപ്പോ ഒരാൾക്ക് സൈറ്റിൽ അല്ലേ.”

“സൈറ്റിൽ വെയിലൊക്കെ കൊണ്ട് മടുക്കും മാത്രവുമല്ല വല്ല പേപ്പറിൽ ഒക്കെ തെറ്റ് വരുത്തും പോലെയാണോ വല്ല തെറ്റും പറ്റിയാൽ മൊത്തോം പൊളിഞ്ഞു വീഴും.”

“എന്റെ പൊന്ന് അനു പേടിപ്പിക്കല്ലേ. ഒന്നാമതേ എനിക്ക് ഇത് വരെ തെക്കും വടക്കും വരെ കൺഫ്യൂഷൻ ആണ്. എങ്ങാനും എനിക്ക് സൈറ്റിൽ പോകേണ്ടി വന്നാൽ അറ്റാക്ക് വരുമെനിക്ക്.”

“നിനക്ക് ആവില്ല. എനിക്ക് ആവും പോകേണ്ടി വരുക.”

“പിന്നെ ലക്ഷണം കണ്ടിട്ട് റിഷിയേട്ടൻ എന്നെയേ സൈറ്റിൽ വിടുള്ളൂ. നീ നോക്കിക്കോ എനിക്കാണേൽ ഇതിനൊക്കെ ഒടുക്കത്തെ ഭാഗ്യമാണ്.”

“എന്താണെങ്കിലും നമുക്ക് നോക്കാമെന്നേ.
അല്ലാതെ ഇപ്പൊ എന്നാ ചെയ്യാനാ.”

“ദേ പിള്ളേരെ നിങ്ങൾ ഇങ്ങനെ സംസാരിക്കതെ കേട്ടോ ഇവിടൊക്കെ ക്യാമറ ഉള്ളതാ.
നിഷ ചേച്ചിയാണ്.”

ഞങ്ങൾ നന്നായി ചിരിച്ചു കാണിച്ചു. കുറച്ചു നേരം മിണ്ടാതെ ഇരുന്നെങ്കിലും പിന്നെയും ഞങ്ങൾ സംസാരം തുടങ്ങി. ചേച്ചിയെയും വെറുതെ വിട്ടില്ല. ഇവിടെ എല്ലാ വെള്ളിയാഴ്ചയും ഉച്ച കഴിഞ്ഞ് മീറ്റിംഗ് ഉണ്ട്.

സൈറ്റിലും ഓഫീസിലും ഉള്ളവർ ആ ആഴ്ച്ച ചെയ്ത വർക്ക്‌ ഡീറ്റെയിൽസ് സബ്മിറ്റ് ചെയ്യണം. പിന്നെ നന്നായി ചെയ്തവരെ അനുമോദിക്കും ബാക്കിയുള്ളോർക്ക് MD റൂമിൽ വിളിച്ചു വയറു നിറയെ കൊടുക്കും.

ഇത് നിഷ ചേച്ചി പറഞ്ഞപ്പോ എനിക്കും അൽപ്പം പേടി തോന്നി. എല്ലാരും അറിയുമല്ലോ നമ്മുടെ കഴിവ്. നോക്കിയപ്പോൾ പാറുവിനും അതേ അവസ്ഥ തന്നെയാ. ചിലപ്പോ ഇങ്ങനെയെങ്കിലും ഞങ്ങൾ നന്നാവുമായിരിക്കും.

ഇങ്ങനെ ഓരോന്നും പറഞ്ഞിരുന്നപ്പോളാണ് നിഷ ചേച്ചിയെ റിഷിയേട്ടൻ വിളിപ്പിച്ചത്.

“ദേ പിള്ളേരെ നിങ്ങളെ സാർ വിളിക്കുന്നുണ്ട്.
ഇന്ന് നിങ്ങൾക്ക് കോളായിരിക്കും.”

“എന്താ ചേച്ചി?”

“ചെല്ല് പുള്ളി എല്ലാം നോക്കി ഇരിക്കുവാ.”

CCTV യിൽ നോക്കി കൊണ്ട് ചേച്ചി പറഞ്ഞപ്പോൾ കാര്യം മനസിലായി.
ഞങ്ങൾ എംഡി യുടെ റൂമിലേക്ക് ചെന്നു.

“കേറി വാ രണ്ടാളും.”

ഞങ്ങൾ കയറി ചെന്നു. ഒരു സൈഡിലേക്ക് നിന്നു.

“ആദ്യ ദിവസമെങ്കിലും നന്നായി ബിഹേവ് ചെയ്തൂടെ രണ്ടാൾക്കും. നിങ്ങളെ ആദ്യ ദിവസം തന്നെ വഴക്ക് പറയാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്. എന്താണ് നിങ്ങൾ വിചാരിച്ചിരിക്കുന്നത് ഇത് കോളേജ് അല്ല.

നല്ല രീതിയിൽ നടത്തുന്ന ഒരു സ്ഥാപനമാണ്. അതിൽ വർക്ക്‌ ചെയ്യുന്നവർക്കും അതിന്റെതായ കുറച്ചു നല്ല ഗുണങ്ങൾ വേണം.

നിങ്ങൾ ആയ കൊണ്ടാണ് വേറെ ആരെയാണെങ്കിലും ഞാൻ ഇപ്പോൾ പറഞ്ഞു വിട്ടിട്ടുണ്ടാകും അറിയുവോ?”

പിന്നെയും പുള്ളി കുറേ ചീത്ത പറയുന്നുണ്ടായിരുന്നു.

പാവം പാറു തലയൊക്കെ ആട്ടി കാണിക്കുന്നുണ്ട്. സത്യം പറയാല്ലോ എനിക്ക് ഒന്നും വലുതായി ഫീലായില്ല. നമ്മുടെ കോളേജിലും സ്കൂളിലും തെറ്റ് ചെയ്യുമ്പോ ടീച്ചേഴ്സ് റൂമിൽ കൊണ്ട് പോയി വഴക്ക് പറയില്ലേ ഏതാണ്ട് അത് പോലെ.

അത് എനിക്ക് ശീലമായ കൊണ്ടാവും കുഴപ്പമില്ലാത്തത്. ഇങ്ങനാണേൽ കൊള്ളാം. എല്ലാരുടെയും മുന്നിൽ വെച്ചു നാണം കെടുത്താതെ ഇരുന്നാൽ മതി.

ചേച്ചി പറഞ്ഞത് സത്യമാണ് കേട്ടോ നാഗവല്ലിയെ പോലെയല്ലേ ഏട്ടൻ ഈ റൂമിൽ വന്നപ്പോ മാറിയത്.

“ഇതെനിക്ക് നേരത്തേ അറിയാവുന്ന കൊണ്ടാണ് ഒരാളെ സൈറ്റിലേക്ക് മാറ്റുന്നത്.”

ആ ഡയലോഗ് കാതിൽ പതിച്ചപ്പോളാണ് ഞാൻ തല ഉയർത്തി നോക്കിയത്.

“എന്തിനാ നോക്കുന്നത് ഞാൻ കാര്യമല്ലേ പറഞ്ഞത്.”

“ഞങ്ങൾ നന്നായിക്കൊള്ളാം രണ്ടാളെയും ഓഫിസിൽ എടുക്കാവോ?”

ഒന്നും മിണ്ടണ്ട എന്ന് വിചാരിച്ചതാണെങ്കിലും അറിയാതെ ചോദിച്ചു പോയി. പാറുവും പ്രതീക്ഷയോടെ ഏട്ടനെ നോക്കുന്നുണ്ടായിരുന്നു.

“എന്നിട്ട് വേണം ഈ ഓഫീസ് കുളം തോണ്ടാൻ അല്ലേ. അതിനെ പറ്റി പിന്നീട് ആലോചിക്കാം ഇപ്പോൾ ഏതായാലും അങ്ങനെ ഉദ്ദേശിക്കുന്നില്ല.”

“ദുഷ്ടൻ !”

മനസിലാണ് പറഞ്ഞതെങ്കിലും സൗണ്ട് കൂടി പോയെന്ന് പാറു പിച്ചിയപ്പോൾ എനിക്ക് മനസിലായി.

“എന്താണ് പറഞ്ഞത്. ദുഷ്ടനെന്നോ?”

“അയ്യോ അല്ല സാറിന്റെ ഇഷ്ടം പോലെ എന്നാണ് പറഞ്ഞത്.”

ഞാൻ നാക്കു കടിച്ചു പറഞ്ഞു.

“ആഹ് ആയിക്കോട്ടെ ഏതായാലും ഇന്ന് നേരത്തെ വീട്ടിൽ പൊയ്ക്കോ ഇവിടെ ഇരുന്നു എനിക്ക് പേര് ദോഷം ഉണ്ടാക്കുന്നതിലും നല്ലത് അതാണ്.”

അത് കേട്ടപ്പോ സന്തോഷമായി. ചിരിച്ചു കൊണ്ട് താങ്ക്സ് ഒക്കെ പറഞ്ഞു. അപ്പോ അവിടുന്ന് അടുത്ത ഡയലോഗ് വന്നു.

“ജോലിക്ക് കയറും മുന്നേ തന്നെ ലീവ് കിട്ടുമ്പോൾ എന്തൊരു സന്തോഷം ആണെന്ന് നോക്കിക്കെ. ഇത് അവസാനത്തെ അവസരമാണെന്ന് ഓർത്തോ. കേട്ടല്ലോ. പിന്നെ നാളെ വരുമ്പോൾ ഓട്ടോ കാഡ് നോക്കിയേക്ക് കേട്ടോ.”

“ഓകെ സാർ.”

ഞങ്ങൾ വേഗം റൂമിന് പുറത്ത് ഇറങ്ങി. യാത്ര പറയാൻ നിഷ ചേച്ചിയുടെ അടുത്ത് ചെന്നു.

“സാറെന്ത് പറഞ്ഞു പിള്ളേരെ?”

“പ്രത്യേകിച്ച് ഒന്നുമില്ല ചേച്ചി. വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു.”

“അയ്യോ ഇന്ന് തന്നെ പറഞ്ഞു വിട്ടോ നിങ്ങളെ?”

“അതല്ല ചേച്ചി. നാളെ വന്നാൽ മതിയെന്ന് പറഞ്ഞു.”

“ഓ അതാണോ. സാധാരണ ഇങ്ങനല്ല അതാ ഞാൻ പെട്ടെന്ന് അങ്ങനെ വിചാരിച്ചേ.”

“ചേച്ചിയെ വല്ലതും പറഞ്ഞോ ഞങ്ങളോട് മിണ്ടിയതിന്?”

“ഇല്ല. അവിടെന്താ ബഹളം അവരെ ഇങ്ങോട്ട് വിളിക്കു എന്നേ പറഞ്ഞുള്ളു.”

“ആണോ”

“അതേ ഏതായാലും രണ്ടും ഇവിടെ കിടന്ന് കറങ്ങാതെ പോകാൻ നോക്ക്. അല്ലെങ്കിൽ ഇനിയും വിളിപ്പിച്ചു വല്ല പണിയും തരും.”

“അയ്യോ ഞങ്ങൾ പോവാണ് ചേച്ചി. ടാറ്റാ.”

ഞങ്ങൾ അവിടുന്ന് ഇറങ്ങി നടന്നു.

**********************************************

രാവിലെ ഓഫീസിൽ വന്നപ്പോൾ തന്നെ അനുവിനെ കണ്ടത് കൊണ്ട് മനസിന് വല്ലാത്ത സന്തോഷമായിരുന്നു.

ജീവിതകാലം മുഴുവൻ ആ സന്തോഷം നിലനിർത്താൻ ഞാൻ ആഗ്രഹിക്കുന്നു. ഈ ഒരു സന്തോഷത്തിന് വേണ്ടിയാണ് ക്ലൈന്റ് മീറ്റിംഗ് ഉണ്ടായിരുന്നിട്ടും അത് ഉപേക്ഷിച്ചു കല്യാണത്തിന് പോയത്.

സാരിയിൽ എന്റെ പെണ്ണിനെ കണ്ടപ്പോൾ ഞാൻ എല്ലാം മറന്ന് നിന്ന് പോയി. പക്ഷെ അവൾ എപ്പോളും എന്നെ മാത്രമാണ് അവഗണിക്കുന്നത് എന്ന സത്യം എന്റെ മനസിനെ കൊത്തി കീറി കൊണ്ടിരുന്നു.

അത് സഹിക്കാതെ വന്നപ്പോളാണ് ജോലിയുടെ കാര്യം പറഞ്ഞു ഞാൻ അങ്ങോട്ടേക്ക് ചെന്നു മിണ്ടിയത്. ഒരിക്കലും ഇങ്ങനെയൊരു ഓഫർ അവൾ സ്വീകരിക്കുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല.

അവളും വരാൻ സമ്മതിച്ചെന്ന് പാറു വിളിച്ചു പറഞ്ഞപ്പോൾ അവൾ തന്നെയാണ് ദൈവം നിശ്ചയിച്ച എന്റെ പെണ്ണെന്നു എനിക്ക് ഉറപ്പായി. ഇനി മറ്റൊരാൾക്കും ഞാനവളെ വിട്ടു കൊടുക്കില്ല.

എനിക്ക് ഒരേ ഒരു കാര്യത്തിലെ പേടി ഉള്ളൂ രണ്ടു പേരും കൂടെ എനിക്ക് ഇവിടെയുള്ള വില കളയുമോ എന്ന്.. അത് കൊണ്ടാണ് രാവിലെ കണ്ടിട്ടും മൈൻഡ് ഒന്നും ചെയ്യാതെ കേറി പോന്നത്. വളരെ കഷ്ടപ്പെട്ടാണ് ഇവിടെ ഞാൻ കലിപ്പ് ഇട്ട് നിക്കുന്നത്.

അതിലും കലിപ്പ് ഇവളോട് കാണിച്ചില്ലെങ്കിൽ അവൾ എന്റെ തലയിൽ കേറി ഡാൻസ് കളിക്കും. എനിക്ക് അറിയാല്ലോ എന്റെ അനുവിനെ.

പിന്നെ പാറു കൂടെ കൂട്ടിന് ഉണ്ടെങ്കിൽ പറയുകയും വേണ്ട. ഒരു മാസം കൊണ്ട് പാലത്ര കൺസ്ട്രക്ഷൻ ഓർമ മാത്രമാകും.

അത് കൊണ്ടല്ലേ ഞാൻ ബുദ്ധിപരമായി രണ്ടിനെയും പിരിക്കുന്നത്. ഒറ്റക്ക് ആവുമ്പോ എന്റെ അനുക്കുട്ടൻ കുറച്ചു ഒതുങ്ങും. എന്റെ പ്രതീക്ഷയാണ് കേട്ടോ അവളുടെ കാര്യമായ കൊണ്ട് ഒന്നും പറയാൻ പറ്റുല്ല.

ഇത്രയൊക്കെ ഞാൻ ബിൽഡ് അപ്പ്‌ കൊടുത്തിട്ടും കണ്ടില്ലേ ചവിട്ടി തുള്ളിയാണ് ഇറങ്ങി പോയത്. ദുഷ്ടനെന്നു പറഞ്ഞപ്പോ ആ മുഖം കാണണമായിരുന്നു എന്നെ അപ്പൊ ദഹിപ്പിച്ചേനെ.

കുരുത്തം കെട്ടത്. മോളേ അനു നിന്നെ ഞാൻ നന്നാക്കി എടുക്കും എന്നിട്ട് നിന്നെ ഞാൻ തന്നെ കെട്ടും നോക്കിക്കോ.

ഇതും പറഞ്ഞു അനു പോകുന്നത് സ്‌ക്രീനിൽ നോക്കിക്കൊണ്ട് റിഷിയിരുന്നു. പെട്ടെന്ന് എന്തോ ഓർത്തത് പോലെ കീയും എടുത്ത് ശര വേഗത്തിൽ പുറത്തേക്ക് പോയി.

**********************************************

“നിന്നോട് ഞാൻ എത്ര പറഞ്ഞതാ എന്റെ വീട്ടിൽ നിൽക്കാമെന്ന്.”

“ഞാൻ പറഞ്ഞില്ലേ അനു അച്ഛന് അതൊന്നും ഇഷ്ടമല്ല. അല്ലെങ്കിൽ നിന്റെ അമ്മയും പറഞ്ഞിട്ട് ഞാൻ കേൾക്കാതെ ഇരിക്കുമോ?”

“നിന്റെ അച്ഛനോട് ഞാൻ പറയാം.

അതൊന്നും നടക്കില്ലെടാ അച്ഛൻ ഞങ്ങളെ ബന്ധുക്കളുടെ വീട്ടിൽ പോലും നിർത്തിയിട്ടില്ല. വേറെ ഒന്നും കൊണ്ടല്ല ആർക്കും ബുദ്ധിമുട്ടാവണ്ട എന്ന് വെച്ചിട്ടാണ്. ഒന്നോർത്താൽ അതാണ് നല്ലത്.”

“കൊള്ളാം. നീ എനിക്ക് എങ്ങനെ ബുദ്ധിമുട്ട് ആവാനാ..?”

“അതല്ലെടാ എന്നാലും വേണ്ട. ഞാൻ ഇടക്ക് അങ്ങോട്ട് വരാമെന്നേ.”

“ഓ നീ വരണ്ട. വന്നാൽ ഞാൻ കാലു തല്ലി ഒടിക്കും”

“അല്ലെങ്കിലും നിന്നെ കാണാൻ ആര് വരുന്നു ഞാൻ എന്റെ അമ്മയെയും അച്ഛനെയും കാണാനാ വരുന്നത്.”

അങ്ങനെ പാറുവും അനുവും അവരുടേതായ ലോകത്ത് നിക്കുമ്പോൾ അനു അറിയുന്നുണ്ടായിരുന്നില്ല തന്നെ ഇപ്പോളും ഗ്രഹിച്ചു കൊണ്ടിരിക്കുന്ന റിഷിയുടെ കണ്ണുകളെ…..

തുടരും………

അനുരാഗം : ഭാഗം 1

അനുരാഗം : ഭാഗം 2

അനുരാഗം : ഭാഗം 3

അനുരാഗം : ഭാഗം 4

അനുരാഗം : ഭാഗം 5

അനുരാഗം : ഭാഗം 6

അനുരാഗം : ഭാഗം 7

അനുരാഗം : ഭാഗം 8

അനുരാഗം : ഭാഗം 9

അനുരാഗം : ഭാഗം 10

അനുരാഗം : ഭാഗം 11

അനുരാഗം : ഭാഗം 12

അനുരാഗം : ഭാഗം 13

അനുരാഗം : ഭാഗം 14

അനുരാഗം : ഭാഗം 15

അനുരാഗം : ഭാഗം 16