നവമി : ഭാഗം 35
എഴുത്തുകാരി: വാസുകി വസു
ഈ വിവാഹം വേണ്ടായിരുന്നെന്ന് തനിക്കിപ്പോൾ തോന്നുന്നുണ്ടോ?” വെറുതെ ചോദിച്ചതാണ്..നീതിയുടെ ഭാവം മാറി.അവൾ വിരലുകളെടുത്ത് അവന്റെ വായ് പൊത്തിപ്പിടിച്ചു.
“ജീവിതത്തിൽ അഭിയേട്ടന് എന്റെ സാന്നിധ്യം ഏറ്റവും ആവശ്യമായ സമയം ഇതാണ്.അതുകൊണ്ട് ഞാനെടുത്ത തീരുമാനം തെറ്റിയെന്ന് എനിക്ക് തോന്നുന്നില്ല”..
മനസ് നിറഞ്ഞ അഭിമന്യു നീതിയുടെ വിരലുകളിൽ ചുംബിച്ചു. അവളെതിർത്തില്ല.പകരം അവന്റെ നെഞ്ചിലേക്ക് അവൾ തല ചായിച്ചിട്ട് മന്ത്രിച്ചു.
” സ്നേഹം ലഭിക്കേണ്ടതും തിരികെ നൽകേണ്ടതും ആവശ്യമായ സമയത്താണ്.അല്ലെങ്കിൽ അതിനെ സ്നേഹമെന്ന് വിളിക്കാൻ കഴിയില്ല.അതിനൊരു മൂല്യവും ഉണ്ടാകില്ല…
“എന്താടോ തനിക്കൊരു മൂഡില്ലേ”
നീതിയുടെ വിവാഹം കഴിഞ്ഞു കുറച്ചു ദിവസം കഴിഞ്ഞാണ് നവമി കോളേജിലെത്തിയത്.വരാൻ തീരെ താല്പര്യം ഇല്ലായിരുന്നു. എങ്കിലും എക്സാം ഓർത്താണ് എത്തിയത്.
ചേച്ചിയുടെ വിവാഹം കഴിഞ്ഞതോടെ വീടാകെ ഉറങ്ങിപ്പോയി.ഒരുതരം ശ്മശാന മൂകത്.നീതിയുണ്ടെങ്കിലും എന്തെങ്കിലുമൊക്കെ കാണിച്ചു കൂട്ടി സമയം പോകുമായിരുന്നു.രമണനും രാധക്കും നവിക്കും ഇതുതന്നെയാണ് തോന്നാറുളളത്.
“ചേച്ചി പോയി കഴിഞ്ഞു വീട് ഉറങ്ങിപ്പോയെടാ” വാകമരച്ചോട്ടിൽ അഥർവ്വിനോട് ചേർന്നിരുന്നാണ് നവമി മറുപടി കൊടുത്തത്.
“എന്നായാലും വിവാഹം നടക്കണം.കുറച്ചു നേരത്തെയായെന്ന് കരുതിയാൽ മതി” അഥർവ് തന്നാലാവും വിധം ആശ്വസിപ്പിക്കാൻ ശ്രമിച്ചു.അവന് മനസ്സിലാകുമായിരുന്നു അവളെ.
അഭിയെ സംബന്ധിച്ച് എല്ലാവർക്കും നല്ല അഭിപ്രായമാണ്. സത്യസന്ധനായ പോലീസ് ഓഫീസർ. സാധാരണക്കാരുടെ പ്രിയമിത്രം.എല്ലാവർക്കും വലിയ കാര്യമാണ്.
അഭിയെയും നീതിയേയും കാണാനായി നവമി കുറെയേറെ പ്രാവശ്യം അവിടേക്ക് പോയിരുന്നു. ഒരുദിവസമെങ്കിലും ചേച്ചിയുടെ കൂടെ അവിടെ താമസിക്കണമെന്ന് വലിയ ആഗ്രഹമാണ്. അഥർവിന് മുമ്പിൽ അവൾ മനസ്സ് തുറന്നു.
“അതിനെന്താടോ താൻ പോയിട്ടുവാ.എന്നോട് അനുവാദം ചോദിക്കണ്ട കാര്യമില്ല” അവൻ ചിരിയോടെ പറഞ്ഞു. എന്നാൽ അവൾക്ക് ചെറുതായിട്ട് ദേഷ്യം വന്നു.
“അയ്യെടാ..പറഞ്ഞില്ലെങ്കിൽ പിന്നെയത് ചോദിച്ചാകും വഴക്ക്”
‘എടോ താനെന്നെ അങ്ങനെയാണോ കരുതിയത്” അവൻ പറഞ്ഞതോടെ അവളുടെ മുഖം വാടി.കുനിഞ്ഞ് പോയ നവമിയുടെ മുഖം അഥർവ് കൈക്കുമ്പിളിലെടുത്ത് പ്രണയപൂർവ്വം നോക്കി.ആ മിഴികളിൽ പ്രണയത്തിന്റെ വികാരഭാവങ്ങൾ മിന്നി മറയുന്നത് കണ്ടു.അവളുടെ ചുണ്ടുകളൊന്ന് വിറച്ചു.
“ഞാൻ ഉദ്ദേശിച്ചത് അതല്ല അഥർവ്.”
“വിവാഹം കഴിഞ്ഞു നാളെ ഓരോന്നും പറഞ്ഞു വഴക്കിടാനൊരു കാരണമാകരുത്.മോതിരമിട്ട് ഉറപ്പിച്ചു നീ അഥർവിന്റെ ആണെന്ന്. അതിനാൽ അവനോടൊന്ന് സൂചിപ്പിക്കുന്നതിൽ തെറ്റില്ല മോളേ.”
നീതിയുടെ കൂടി തങ്ങാനായി സൂചിപ്പിച്ചപ്പോൾ ചേച്ചി പറഞ്ഞ വാചകങ്ങളാണ് ഓർമ്മയിലെത്തിയത്.അതാണ് നവമി അവനോട് അനുവാദം ചോദിച്ചതും.
ചേച്ചി ഒരുപാട് മാറിയിരിക്കുന്നു. നല്ലൊരു കുടുംബിനിയും മരുമകളും ആയിരിക്കുന്നു.നീതിയെ ഓർത്ത് നവി അഭിമാനം കൊണ്ടു.
ഏട്ടനും അതുപോലെ തന്നെ. ചേച്ചിയോട് നല്ല സ്നേഹമാണ്.അഭിയേട്ടന്റെ അച്ഛനും അമ്മക്കുമെല്ലാം.ദൈവമേ എന്റെ ചേച്ചിയെ ഇനിയൊരിക്കലും കണ്ണീരിലാഴ്ത്തരുതേ.അവൾ അഗാധമായി ആഗ്രഹിച്ചു.
“എനിക്ക് മനസ്സിലായടോ കാര്യം എന്താണെന്ന്. നീതി ചേച്ചി എന്നോട് വിളിച്ചു പറഞ്ഞു” നീതി അഥർവിനോട് സൂചിപ്പിച്ചിരുന്നു.
തന്നോടെന്തിനാണെന്ന് പറയുന്നതെന്ന് ചോദിച്ചപ്പോൾ ചിരിയായിരുന്നു മറുപടി. ഇപ്പോഴല്ലേ അതിന്റെ അർത്ഥം മനസ്സിലായത്.
നവമിയുടെ മനസ്സറിഞ്ഞാണ് നീതി പെരുമാറിയത്.പഴയ സ്വാതന്ത്ര്യത്തിൽ പേരു വിളിച്ച അഥർവിനെക്കൊണ്ട് അവൾ ചേച്ചിയെന്ന് വരെ വിളിപ്പിച്ചു.
“മോനേ അതൊക്കെ പണ്ട്.ഞാനിപ്പോൾ നിന്റെ ഏട്ടന്റെ സ്ഥാനമുള്ള ആളുടെ ഭാര്യയാണ്. ചിന്തിച്ചപ്പോൾ അതാണ് ശരിയെന്നും തോന്നി.
” താൻ പോയിട്ട് വാടോ.ഞാൻ അനുമതി തന്നിരിക്കുന്നു പോരേ. “അവളുടെ മുഖം സന്തോഷത്താൽ വികസിച്ചു.
💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏻💃🏾💃🏾💃🏾
മൂന്നാല് ദിവസം കഴിഞ്ഞാണ് നവമി നീതിയുടെ വീട്ടിൽ വീണ്ടും വിസിറ്റിങ്ങിനു എത്തിയത്. ഈ പ്രാവശ്യം അവിടെ തങ്ങാനായി എല്ലാം മുൻ കരുതലോടെ അവളെത്തിയത്.വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴേ അച്ഛനോട് പറഞ്ഞു.
” ശനിയും ഞായറും ഞാൻ ചേച്ചിയുടെ കൂടെയാണ്. തിങ്കളാഴ്ച രാവിലെ അവിടെ നിന്ന് കോളേജിലേക്ക്. വൈകിട്ട് ഇങ്ങോട്ട്”
“നീയിനി അവിടെയങ്ങ് താമസിച്ചോ ഇങ്ങോട്ട് വരണ്ടാ.ലോകത്ത് നീയും അവളും മാത്രമേയുള്ളല്ലോ ചേച്ചിയും അനിയത്തിയും” രാധ വെറുതെ പറഞ്ഞതാണ്. നവിയെ പ്രകോപിക്കാനായി.
നവമി ഇപ്പോൾ പഴയ ആളല്ല.മൂക്കത്താണ് ശുണ്ഠി.അത് മറ്റൊന്നുമല്ല നീതിയുടെ വിവാഹം കഴിഞ്ഞതിനു ശേഷം താൻ ഒറ്റപ്പെട്ടു പോയ ഫീലാണ് ആൾക്ക്.അച്ഛനും അമ്മയും കൂടെയുണ്ടെങ്കിലും ചേച്ചിക്ക് തുല്യം ചേച്ചി മാത്രം. അതവർക്കും അറിയാം.നവിയുടെ ദേഷ്യം കാണാനായി മാത്രമാണ് അങ്ങനെയൊക്കെ പറയുന്നത്.
“അമ്മേടെ കുശുമ്പാണല്ലേ അച്ഛാ” അവൾ സപ്പോർട്ടിനായി അച്ഛനെ നോക്കി.
“പിന്നല്ലാതെ.. നീ പോയിട്ട് വാ മോളേ” രമണൻ അനുമതി കൊടുത്തു.
“അല്ലേലും വെച്ചു വിളമ്പി തരുന്ന എന്നോടല്ല നിങ്ങൾക്ക് സ്നേഹം. പെണ്മക്കളോടാണ്”
“എടീ പെണ്മക്കൾക്ക് എന്നും ഹീറോ അവരുടെ അച്ഛനാണ്. താലി ചാർത്തയവൻ പോലും ആ കാര്യത്തിൽ രണ്ടാമതേ വരൂ.
വിവാഹം കഴിഞ്ഞു അവർ പടിയിറങ്ങി പോകുന്നത് വരെയല്ലേ നമ്മുടെ കൂടെ കാണൂ..വിവാഹം കഴിഞ്ഞാൽ പിന്നെ ഭർത്താവും ആ വീടുമാണ് അവരുടെയെല്ലാം.
ജനിച്ച വീട്ടിൽ വിരുന്നുകാരെ പോലെ വരാൻ വിധിക്കപ്പെട്ടവർ പെണ്മക്കളാണ്. അതുകാണുമ്പോൾ പിടക്കുന്നത് അമ്മമാരുടെ മനസ്സല്ല അച്ഛന്റെ മനസ്സാണ്”
രമണന്റെ സ്വരത്തിൽ സങ്കടം നിറഞ്ഞിരുന്നു.രാധക്കും നവമിക്കും അത് മനസ്സിലായി.ഇനി അച്ഛൻ സെന്റി കാണിക്കും.താനും അമ്മയും കൂടെ കരയും.അവൾക്ക് മനസ്സിലായി.
“മതിയച്ഛാ..സെന്റി അടിച്ചത്..ഞാൻ പോണൂ”
നവമി വേഗം ആക്സ്സസ് സ്റ്റാർട്ട് ചെയ്തു ഓടിച്ചു പോയി.കുറച്ചു ദിവസം മുമ്പ് അഭി വാങ്ങി കൊടുത്തതാണ് നവമിക്ക്.
അവന്റെ സന്തോഷത്തിനായിട്ട്.അവളും പ്രധാന കാരണം ആണ് നീതിയെ ഭാര്യയായി കിട്ടാനായി.ഭാര്യയുമായി ഡിസ്ക്കസ് ചെയ്തിട്ട് അച്ഛന്റെയും അമ്മയുടെയും സമ്മതം വാങ്ങിയാണ് സ്കൂട്ടർ വാങ്ങിയത്.
നീതിയാണ് സ്കൂട്ടർ വീട്ടിലേക്ക് ഓടിച്ചു കൊണ്ട് വന്നത്.അവളതുമായി വന്നത് അവർക്ക് അത്ഭുതമായിരുന്നു.വിവാഹം കഴിഞ്ഞു ആദ്യമായാണ് നീതി വീട്ടിലേക്ക് വരുന്നത്.ഭർത്താവുമായി വരേണ്ടതാണ്.
പക്ഷേ അഭിമന്യു ഇങ്ങനെയൊരു അവസ്ഥയിൽ ആയിട്ടാണ്. എന്നാലും രമണന്റെ നെഞ്ചൊന്ന് വിങ്ങി.ആ പിടച്ചിൽ നീതിക്കും മനസ്സിലായി.
“എന്തിനാണ് അച്ഛാ സങ്കടപ്പെടുന്നത്.എനിക്ക് സന്തോഷമേയുള്ളൂ.അഭിയേട്ടന്റെ ഈ അവസ്ഥയിലാണ് ഞാൻ കൂടെ വേണ്ടത്”
മകൾ പറയുന്നത് ശരിയാണ്. അഭിക്ക് നീതിയുടെ സാന്നിധ്യം ഏറ്റവും ആവശ്യമുള്ള സമയം ഇതാണ്. നീതി എടുത്ത തീരുമാനമാണ് ശരിയെന്ന് അയാൾക്ക് ബോദ്ധ്യപ്പെട്ടു.
“അച്ഛനും അമ്മയും നോക്കിക്കോ.അധികം വൈകാതെ അഭിയേട്ടനും ഞാനും കൂടി ഒരുമിച്ച് ഇവിടെ വരും”
രമണൻ നീതിയെ ചേർത്തു പിടിച്ചു നിറുകയിൽ ചുംബിച്ചു. വാത്സല്യത്തോടെ തലോടി.ഒരിക്കൽ ഏറ്റവും കൂടുതൽ വെറുത്ത മകളാണ്. താൻ കാരണം അവളും അച്ഛനിൽ നിന്ന് അകന്നു.അയാൾക്ക് സ്വയം നിന്ദ തോന്നി.
“സാരമില്ല അച്ഛാ…ഞാനും ഒരുപാട് വിഷമിപ്പിച്ചിട്ടില്ലേ.എന്ന് കരുതി അച്ഛൻ എനിക്ക് അച്ഛനും മകൾ മകളല്ലാതാകുമില്ലല്ലോ..” രമണന്റെ മനസ്സ് അറിഞ്ഞതു പോലെ ആയിരുന്നു അവളുടെ സംസാരം.
വന്ന് മണിക്കൂറുകൾ കഴിയും മുമ്പ് അഭിയുടെ കാര്യം പറഞ്ഞു നീതി പോകാനിറങ്ങി.സ്കൂട്ടർ നവമിക്കുളള സമ്മാനമാണെന്നും സൂചിപ്പിച്ചു.
. വിവാഹം കഴിഞ്ഞതിന്റെ അടുത്ത ദിവസം സിദ്ധാർത്ഥൻ ആക്സ്സസ് വാങ്ങി കൊടുത്തിരുന്നു. .അത് വീട്ടിൽ വെച്ചിട്ടാണു നവമിക്കുളള ടൂ വീലറുമായി അവൾ വന്നത്.
മകൾ കാഴ്ചയിൽ നിന്ന് മറയുന്നത് വരെ രാധയും രമണനും നോക്കി നിന്നു.ഇരുപത്തിരണ്ടു കാരിയിൽ നിന്ന് പക്വതയെത്തിയ കുടുംബിനിയായി പെട്ടന്നാണ് നീതി മാറിയത്.
വൈകുന്നേരം നവമി എത്തിയപ്പോൾ മുറ്റത്ത് ആക്സ്സസ് ഇരിക്കുന്നത് കണ്ട് അത്ഭുതപ്പെട്ടു. തനിക്കുളള സമ്മാനമാണെന്ന് അറിഞ്ഞതോടെ സന്തോഷത്താൽ തുള്ളിച്ചാടി.അപ്പോൾ തന്നെ ഏട്ടനോടും ചേച്ചിയോടും കോൾ ചെയ്തു താങ്ക്സ് പറഞ്ഞു.
നവമി സ്കൂട്ടർ ഓടിക്കും.കോളേജിലെ ഫ്രണ്ട്സ് പഠിപ്പിച്ചതാണ്.അതുകൊണ്ട് അവൾക്ക് അത് വിഷയമല്ല.ഇനി ലൈസൻസ് കൂടി എടുക്കണം.അത്രമാത്രം.
രണ്ടു ദിവസത്തേക്ക് വീട് ഒന്നൂടെ ഉറക്കമായി.നീതിയും നവമിയും ഇല്ലാതെ..
💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻💃🏻
ഹെൽമറ്റൊക്കെ ധരിച്ച് പതിയെയാണു നവമി സ്കൂട്ടർ ഓടിച്ചത്.ചെക്കിങ്ങ് ഏത് ഭാഗത്താണെന്നൊന്നും അറിയാൻ പറ്റില്ല.അതിനാാൽ നല്ല സൂക്ഷ്മത ഉണ്ടായിരുന്നു. കാരണം ലൈസൻസ് എടുത്തട്ടില്ല അത് തന്നെ.
അഭിമന്യുവിന്റെ വീട്ടിലെ കാർപോച്ചിൽ സ്കൂട്ടർ വെച്ചിട്ട് നവി അകത്ത് കയറി. അവിടെ സിദ്ധാർത്ഥനും തുളസിയും ഉണ്ടായിരുന്നു ഹാളിൽ.
നവമിയെ അപ്രതീക്ഷിതമായി കണ്ടതോടെ തുളസിയുടെ മുഖത്ത് അത്ഭുതം ആയിരുന്നു. അനിയത്തി വരുമെന്ന് നീതി സൂചിപ്പിച്ചിരുന്നില്ല.
“എന്താ മോളേ പറയാതെ…അമ്മക്ക് സർപ്രൈസ് തന്നതാണോ? തുളസിയുടെ ചോദ്യം കേട്ടപ്പോൾ മനസ്സിലായി അവർ താൻ വരുന്നതൊന്നും അറിഞ്ഞിട്ടില്ലെന്ന്.
തുളസി അവളെ വാത്സല്യത്തോടെ തലോടി. സ്നേഹത്തിന്റെ നിറകൂടമാണ് ഈ അമ്മ.എന്തായാലും ചേച്ചി ഭാഗ്യവതിയാണ്.അമ്മയെപോലെ അച്ഛനും.
” ഞങ്ങൾക്ക് ഒരുമകൻ കൂടി ഉണ്ടായിരുന്നെങ്കിൽ മോളെക്കൂടിയിങ്ങ് കൊണ്ട് പോന്നേനെ” നവമി ചിരിച്ചു.
“ചേച്ചിയും ഏട്ടനും എവിടെ?” കുറച്ചു കഴിഞ്ഞിട്ടും അവരെ കാണാഞ്ഞിട്ട് നവമി തിരക്കി.
“മുകളിൽ റൂമിലുണ്ട്”
“ശരിയമ്മേ ഞാൻ അങ്ങോട്ടൊന്ന് ചെല്ലട്ടെ”
“പോയിട്ട് വാ”
തുളസി അനുമതി നൽകിയതോടെ നവമി മുകളിലേ റൂമിലേക്ക് സ്റ്റെയർ കയറി.
“നീതിയെ പോലെ നല്ല തങ്കക്കുടം” അവർ സിദ്ധാർത്ഥനോടായി പറഞ്ഞു.അതേയെന്ന് അർത്ഥത്തിൽ അയാൾ തല ചലിപ്പിച്ചു..
മുകളിലെ അഭിയുടെ റൂമിന്റെ വാതിൽ അടഞ്ഞ് കിടക്കുകയാണ്. നവമി മെല്ലെ ഡോറിൽ തട്ടി.അതാണല്ലോ മര്യാദ. കുറച്ചു കഴിഞ്ഞാണ് വാതിൽ തുറന്നത്.
നീതിയെ മുന്നിൽ കണ്ടതും സന്തോഷത്തോടെ നവമി ചിരിച്ചു.പക്ഷേ അതിന് അല്പായുസ് മാത്രം ആയിരുന്നു. അനിയത്തിയെ കണ്ട് നീതിയുടെ മുഖം ഇരുണ്ടു.അതോടെ നവനിയുടെ ഉത്സാഹം കെട്ടു.സങ്കടത്താൽ അവൾ വിങ്ങിപ്പൊട്ടി.
ഇത്രയും ദൂരം ഒറ്റക്ക് വന്നത് ഏട്ടനെയും ചേച്ചിയെയും കാണാനാണ്.ഇവിടെ വന്നപ്പോൾ നീതിയുടെ പഴയ ദുർമുഖം.
ഇവൾ വീണ്ടും മാറിയോ?അവൾക്കാകെ സംശയമായി. ഇനിയിവിടെ നിൽക്കുന്നത് ശരിയല്ലെന്ന് കരുതി നീറുന്ന മനസ്സുമായി തിരികെ പോകാനായി നവമി പിന്തിരിഞ്ഞു.
തുടരും….