മഴപോൽ : ഭാഗം 33
നോവൽ
എഴുത്തുകാരി: അഞ്ജലി മോഹൻ
അമ്മൂട്ടി കിച്ചുവിനൊപ്പം സ്റ്റെയർ കയറി മുകളിലേക്ക് പോണത് കണ്ടപ്പോ കണ്ണൊന്നു നിറഞ്ഞു….. വേഗത്തിൽ പാത്രം കഴുകി അടുക്കളയും അടച്ചവൾ ഓടി റൂമിൽ കയറി…..
നോക്കുമ്പോ അമ്മൂട്ടി കിച്ചുവിന്റെ നെഞ്ചിൽ കിടന്ന് മയങ്ങിയിരുന്നു…..
ഗൗരിയുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി…
അവളത് തുടച്ചുമാറ്റി അവർക്കരികിൽ ചെന്നിരുന്നു….. അവന്റെ നെഞ്ചിലയുറങ്ങുന്ന അമ്മൂട്ടിയെ തലോടിക്കൊണ്ടിരുന്നു….
ഉള്ളിലെ വിഷമം കണ്ണിൽ നീർച്ചാൽ ഒരുക്കി തുടങ്ങിയിരുന്നു… കിച്ചു ചുണ്ട് കടിച്ചുപിടിച്ച് ചിരിയോടെ ഇത് കണ്ടോണ്ടിരുന്നു…..
എനിക്കൊന്ന് ചീത്ത പറയാനും പാടില്ലേ… ഇനിയും കുറുമ്പ് കാണിച്ചാൽ വഴക്കും പറയും നല്ല അടിയും വച്ചുതരും അതുകരുതി എന്നോട് പിണങ്ങിപോയി ഉറങ്ങുവാ….. ഗൗരി സ്വയം പറഞ്ഞുകൊണ്ടിരുന്നു…….
നിനക്കെന്താടി തലയ്ക്കു സുഖമില്ലേ…. കുട്ടികളായാൽ വാശിയും പിണക്കവുമൊക്കെ കാണും അതിനൊക്കെ ഇങ്ങനെ മോങ്ങിക്കൊണ്ടിരിക്യാ …??
എപ്പം നോക്കിയാലും കരഞ്ഞോണ്ടിരിക്കും ഇതിനുമാത്രം കണ്ണീർ അതിനകത്തു എവിടെയാ സ്റ്റോക്ക്ചെയ്ത് വച്ചേക്കണേ…
കണ്ണുയർത്തി ദേഷ്യത്തിലവൾ കിച്ചുവിനെ നോക്കി…..
മ്മേ…. അമ്മേ….. അമ്മൂട്ടി ഉറക്കത്തിൽ കുറുകിവിളിച്ചു …
കിച്ചു പൊട്ടിചിരിച്ചു….. ഹാ ബെസ്റ്റ് ഇത്രേം നേരം പിണങ്ങി നടന്നയാളാ… ഉറക്കത്തിൽ അതൊക്കെ മറന്നെന്നു തോന്നുന്നു…. കിച്ചു ഒരു ചിരിയോടെ പറഞ്ഞുനിർത്തിയപ്പോ….. ഗൗരിക്കും ഒപ്പംതന്നെ ചിരി വന്നു….
ന്നാ… ഒന്ന് കെട്ടിപിടിച്ച് കിടന്നേക്ക് തന്റെ ചൂട് പറ്റാതെ വാശിക്ക് ഉറങ്ങിയതല്ലേ……. ഉറക്ക് ശെരിയായിക്കാണില്ലാ….
ഗൗരി അവളെയെടുത്ത് ചേർത്തുപിടിച്ച് കിടന്നു….
ഇടയ്ക്കിടയ്ക്ക് അവളുടെ കുഞ്ഞുനെറ്റിയിൽ ചുണ്ടുചേർക്കുന്നത് കിച്ചു നോക്കികൊണ്ടിരുന്നു……
അമ്മൂട്ടി ചുരുങ്ങി ചുരുങ്ങി അവളുടെ മാറോടൊട്ടി കിടന്നു….
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
പറ…..എന്തിനാ ഇന്നും വഴക്കുണ്ടാക്കിയെ… പറ…. വേണ്ടാ വേണ്ടാന്ന് വയ്ക്കുമ്പോ വികൃതി അധികം ആവുവാണോ…… അമ്മൂട്ടീ… പറയാൻ ഗൗരി ഒച്ചയിട്ടവളെ പേടിപ്പിച്ചു…….
എന്താ… എന്താ ഗൗരി എന്തിനാ അവളെ ചീത്തപറയണേ…..?? അങ്ങോട്ട് വന്ന ഉഷ ഗൗരിയോട് ചോദിച്ചു…
ഇന്നും ആാാ ചെക്കനെ ഇവള് തല്ലി …. അതും കസേരയെടുത്ത്… പോരാത്തേന് ആാാ കുട്ടീടെ പെൻസിൽ ബോക്സ് ചവിട്ടി പൊട്ടിച്ചു അതിനകത്തുള്ള സർവത്ര സാധനവും വലിച്ചെറിഞ്ഞു പെൻസിലും ഒടിച്ച് കളഞ്ഞു… ഇവളാരാ….ഇത്രയ്ക്കും വികൃതി പാടില്ലാലോ….
ഉഷ നോക്കിയപ്പോൾ സ്കൂളിൽന്ന് വന്ന അതേ കോലത്തിൽ ബാഗും തോളിൽ തൂക്കി താഴേക്ക് തന്നെ നോക്കി നിൽക്കുകയാണ് അമ്മൂട്ടി…….
ആണോ അമ്മൂട്ടി അമ്മ പറഞ്ഞത് സത്യാണോ……???? ഉഷ ചോദിച്ചപ്പോൾ അവള് ഒന്ന് നോക്കുകപോലും ചെയ്തില്ല…
നിൽക്കണത് നോക്ക് ഉഷാമ്മേ… എന്തേലും കുലുക്കം ഉണ്ടോ അവൾക്ക്… ഒരു കുട്ടിയെ തല്ലിചതച്ചിട്ട് വന്ന് നിൽക്കണത് കണ്ടോ…. നല്ല അടികിട്ടാഞ്ഞിട്ടാ… ഞാൻ കൊടുക്കാം…
ഗൗരി ആഞ്ഞൊരടി തൊടയിലായി വച്ചു കൊടുത്തു…..
ഇനി തല്ലുപിടിക്യോ…. പറ ഇനി തല്ലുപിടിക്യോന്ന്… ഗൗരി കുറച്ചുച്ചത്തിൽ ചോദിച്ചു….
അവള് ഗൗരിയെ തള്ളി മാറ്റി…..
“””ഇതെന്തമ്മയല്ലാ…….””
ഗൗരിയൊന്ന് ഞെട്ടി…. അൽപനേരം ശിലകണക്കെ നിന്നുപോയി….. പതിയെ അമ്മൂട്ടിയെ തന്നെ നോക്കി കാൽമുട്ടിൽ ഇരുന്നു…..
മോളിപ്പെന്താ പറഞ്ഞേ….????? അമ്മൂട്ടിടെ രണ്ട് കവിളിലും പതിയെ തലോടി ഗൗരി മുറിഞ്ഞുതുടങ്ങിയ ഹൃദയവുമായി ചോദിച്ചു….
“”ഹും… “”” അവള് ഗൗരിടെ കൈകൾ തട്ടിമാറ്റി ഉഷയുടെ കാലിൽ ചുറ്റിപിടിച്ചു…
ഇതെന്തമ്മയല്ലേ അച്ഛമ്മേ…..???? അമ്മൂട്ടിടെ അമ്മയല്ലേ ഇത്…?? ഗൗരിയെ കൈ ചൂണ്ടിയവൾ ചോദിച്ചു…….
അമ്മൂട്ടിടെ അമ്മ മരിച്ചുപോയോ……???
അമ്മൂട്ടിടെ ഓരോ ചോദ്യങ്ങളും ഗൗരിയുടെ ഹൃദയത്തിൽ കത്തികുത്തിയിറക്കുന്നത് പോലെ ആയിരുന്നു…..
ഉഷ എന്ത് പറയണമെന്നറിയാതെ അമ്മൂട്ടിയെയും ഗൗരിയേയും മാറി മാറി നോക്കി…..
അമ്മൂട്ടിയോട് ഇതൊക്കെ ആരാ പറഞ്ഞേ…..????? ഉഷ എങ്ങനെയൊക്കെയോ ചോദിച്ചു….
ചിദ്ധു…. അവൻ പറയാ അമ്മൂട്ടിടെ അമ്മ മരിച്ചുപോയി ഇത് അമ്മൂട്ടിടെ ച്വന്തം അമ്മയല്ലാന്ന്… ആണോ അച്ഛമ്മേ…..??? അമ്മൂട്ടിടെ അമ്മ ആരാ…..?? അവള് ചുണ്ടുകൂർപ്പിച്ച് സങ്കടത്തിൽ ചോദിച്ചു…..
മോളെ അത് പിന്നേ….. ഉഷയെന്തോ പറഞ്ഞു തുടങ്ങിയപ്പോഴേക്കും ഗൗരി എഴുന്നേറ്റ് ഓടിവന്നു…..
ഇടയ്ക്കൊന്ന് തെന്നി വീഴാൻ പോയെങ്കിലും അവള് പിടഞ്ഞെഴുന്നേറ്റ് അമ്മൂട്ടിക്കരുകിൽ ഓടിയെത്തി…. ഉഷയെ ചുറ്റിപിടിച്ചു നിൽക്കുന്ന അമ്മൂട്ടിയെ അവള് പിടിച്ച് മാറ്റി…..
“”””ആരാ പറഞ്ഞേ…. ആരാ പറഞ്ഞേ എന്റെ മോളാ…… എന്റെ മോളാ….. ആരുടേയുമല്ല എന്റെ മോളാ… ഞാനാ.. ഞാനാ നിന്റമ്മ… “””””””
ഗൗരി സമനില നഷ്ടപെട്ടവളെപോലെ അമ്മൂട്ടിടെ ഇരുതോളിലും പിടിച്ച് കുലുക്കികൊണ്ട് പറഞ്ഞു…….
പറ… പറ…. അമ്മൂട്ടിടെ അമ്മ ഗൗരിയല്ലേ.. പറാ…. ഗൗരി കിടന്നലറി… ഉഷ ഭയപ്പാടോടെ പിന്നിലെ ചുമരിലേക്ക് ചാരി നിന്നു……..
ഗൗരീരീ…….
ഉറക്കെയുള്ള അലർച്ചകേട്ടപ്പോൾ അമ്മൂട്ടിയെ പിടിവിട്ടവൾ വാതിൽക്കലേക്ക് നോക്കി.. കിച്ചുവിനെ അവിടെ കണ്ടപ്പോൾ ഓടിച്ചെന്ന് അവന്റെ നെഞ്ചിലേക്ക് വീണു…
“എന്റെ മോളല്ലേ…… പറ എന്റമോളല്ലേ അവള്… ഞാനല്ലേ ഞ.. ഞാനല്ലേ അമ്മൂട്ടിടെ അമ്മ……” അവളൊരു ഭ്രാന്തിയെ പോലെ അലറിക്കരഞ്ഞു…… നേർത്ത് നേർത്തൊടുക്കം അവളവന്റെ കാലിലേക്ക് ഊർന്നിറങ്ങി…..
കിച്ചു ഒന്നും പറയാനാകാതെ കണ്ണുനീരുമായി നിന്നു…. അമ്മൂട്ടി ഇതെല്ലാം കണ്ട് ഭയന്ന് കരയാൻ തുടങ്ങിയിരുന്നു……..
കണ്ണുനീർ തുടച്ചവൾ കിച്ചുവിനെയും അമ്മൂട്ടിയെയും ഉഷയെയും ഒന്ന് നോക്കി… ആത്മാവ് നഷ്ടപെട്ടവളെപോലെ പതിയെ എഴുന്നേറ്റ് വേച്ചു വേച്ചവൾ മുകളിലെ മുറിയിലേക്ക് നടന്നു……
അമ്മൂട്ടി ഓടിവന്ന് കിച്ചുവിന്റെ കാലിൽ ചുറ്റിപിടിച്ചു…. അവനവളെ എടുത്തുയർത്തി…. ഒലിച്ചിറങ്ങുന്ന കണ്ണുനീർ തുടച്ചുകൊടുത്തു…..
അച്ഛേ… അവള് വിതുമ്പികൊണ്ട് വിളിച്ചു….
ആ പോവുന്നത് തന്നെയാ എന്റെ മോൾടെ അമ്മ… പടികൾ ഇടറിയിട്ടും വീഴാതെ താങ്ങി പിടിച്ചുനടക്കുന്ന ഗൗരിയെ കാണിച്ചുകൊണ്ട് കിച്ചു പറഞ്ഞു……
എന്റെ മോൾടെ അമ്മ ആ ഗൗരി തന്നെയാ……. കിച്ചു അമ്മൂട്ടിടെ കുഞ്ഞുകൈകളിൽ മുത്തികൊണ്ട് പറഞ്ഞു……
ആാാാാാാ………
ഗൗരിയുടെ അലർച്ച കേട്ടപ്പോൾ അമ്മൂട്ടിയെ ഉഷേടെ കയ്യിൽ കൊടുത്തുകൊണ്ട് കിച്ചു മുകളിലേക്ക് ഓടിക്കയറി…….
“””അമ്മാ….”””” അമ്മൂട്ടി ഉഷയുടെ കയ്യിൽകിടന്ന് കുതറി….
അതച്ഛൻ നോക്കിക്കോളും അമ്മൂട്ടി അച്ഛമ്മേടെ കൂടെ വാ….
അച്ഛമ്മ മോൾക്ക് കുറച്ച് കാര്യങ്ങൾ പറഞ്ഞുതരാം വായോ…. പിടയുന്ന അമ്മൂട്ടിയെ ഉഷ തടഞ്ഞു…..
❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️❇️
ഗൗരീരീരീ…… കിച്ചു ഭയപ്പാടോടെ മുറിക്കകത്തേക്ക് കയറി….
എല്ലാം തട്ടിത്തെറിപ്പിച്ച് ഗൗരി ശാന്തമായി ബെഡിൽ കാൽമുട്ടിൽ മുഖം അമർത്തി വച്ചിരിക്കുന്നുണ്ടായിരുന്നു……..
ഗൗരീ…. കിച്ചു തലയിലൊന്ന് തഴുകി വിളിച്ചു…
തലയുയർത്തി തന്നെ നോക്കിയ ഗൗരിയെ കണ്ടവൻ ഞെട്ടി…
മുടിയെല്ലാം പാറി സീമന്തരേഖയിലെ സിന്ദൂരം പരന്നു കിടപ്പുണ്ട്…
ഗൗരീ….. അവൻ വാത്സല്യത്തോടെ അവളുടെ മുഖം കൈകളിൽ എടുത്തുപിടിച്ചു…..
അമ്മൂട്ടി അറിഞ്ഞു കിച്ചുവേട്ടാ…. എന്റെ മോളറിഞ്ഞു ഞാൻ അവളെ പെറ്റവളല്ലാന്ന്….
കിച്ചുവേട്ടൻ അന്ന് പറഞ്ഞതുപോലെ ഞാൻ വെറും ഡ്യൂപ്ലിക്കേറ്റ് ആണെന്ന് അവളറി…….
പറഞ്ഞുപൂർത്തിയാക്കുന്നതിന് മുൻപ് അവളുടെ ചുണ്ടുകളിൽ വിരൽവച്ചവൻ തടഞ്ഞു… നിഷേധാർത്ഥത്തിൽ തലയാട്ടി..
ഗൗരി തിളക്കം മങ്ങിയ ചിരിയുമായി തന്റെ ചുണ്ടിനെ പൊതിഞ്ഞുപിടിച്ച കൈവിരലുകൾ എടുത്തുമാറ്റി……
ഞാൻ തല്ലിപ്പോയി കിച്ചുവേട്ടാ എന്റെ കുട്ടിയെ….
“”അവള് പറഞ്ഞു ഞാനവൾടെ അമ്മയല്ലാന്ന്….””” എന്റെ മോളെ ഈ വയറിലേക്കിട്ട്
എനിക്കൊന്ന് പ്രസവിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് തോന്നിപ്പോവാ കിച്ചുവേട്ടാ എനിക്ക്……
ഗൗരി ഇടർച്ചയോടെ പറഞ്ഞു….. കിച്ചു അവളെ വാരി പുണർന്നു….
ഒന്നുല്ലെടാ… ഒന്നുല്ല…. താൻ വഴക്ക് പറഞ്ഞതോണ്ട് അറിയാതെ പറഞ്ഞുപോയതാവും…. കുഞ്ഞല്ലേടാ അവള്…
അവൾക്ക് എന്ത് എവിടെ പറയണമെന്നൊന്നും അറിയാനുള്ള പ്രായം ആയിട്ടില്ലാലോ….. കിച്ചു അവളുടെ മുടിക്കുപിന്നിൽ തലോടിക്കൊണ്ടിരുന്നു..
അവള് പതിയെ അടർന്നുമാറി കാൽമുട്ടിലേക്ക് മുഖമൊളിപ്പിച്ചിരുന്നു…..
കിച്ചു ശല്യം ചെയ്യാതെ അവളെത്തന്നെ നോക്കി കട്ടിലിൽത്തന്നെ ചാരിയിരുന്നു….
പാദസരത്തിന്റെ കിലുകിലെയുള്ള മണികിലുക്കം കേട്ടവൻ വാതിൽക്കലേക്ക് നോക്കി…… തലകുമ്പിട്ട് തെറ്റുകാരിയെപോലെ നിൽക്കുന്ന അമ്മൂട്ടിയെ കണ്ടപ്പോ അവൻ മാടി വിളിച്ചു…… അവള് മടിച്ചുമടിച്ച് അവന്റെ മടിയിൽ കയറി ഇരുന്നു….
ഗൗരിയുടെ നേർത്ത തേങ്ങൽ ആ കുഞ്ഞു മുഖത്തും സങ്കടത്തിന്റെ കണിക കൊണ്ട് വന്നു…
കിച്ചു ഒരു ചിരിയോടെ.. രണ്ടുകണ്ണുകളും ചിമ്മിക്കാട്ടി…..
അമ്മേ…. അവന്റെ മടിയിൽ ഇരുന്നവൾ സങ്കടത്തോടെ വിളിച്ചു……
ഗൗരി തലയുയർത്താത്തത് കണ്ടപ്പോൾ ചുണ്ടുകൾ പുറത്തേക്കുന്തി അവള് കിച്ചുവിന്റെ മുഖത്തേക്ക് നോക്കി…. അവൻ അതേ ചിരിയോടെ വീണ്ടും അമ്മൂട്ടിയെ തന്നെ നോക്കി…..
അമ്മേ….. അമ്മൂട്ടി ഗൗരിടെ മുടിയിഴകളിലൂടെ തലോടി ഒന്നുടെ വിളിച്ചു…… ചോറി… അമ്മൂട്ടി കൊഞ്ചിപ്പറഞ്ഞു…
അതുകേട്ടതും നേർത്ത വിതുമ്പൽ ഒന്നുടെ ഉച്ചത്തിലായി…… അമ്മൂട്ടി പേടിച്ച് കിച്ചുവിനെ നോക്കി…..
ചെല്ല് അമ്മോട് പറ അമ്മൂട്ടിക്ക് വിശക്കുന്നൂന്ന്… അവളുടെ കാതിൽ സ്വകാര്യമായി കിച്ചു പറഞ്ഞുകൊടുത്തു….
അമ്മൂട്ടി നിരങ്ങി ചെന്ന് കാൽമുട്ടിൽ മുഖം ചേർത്ത് കിടക്കുന്ന ഗൗരിയുടെ പിറകുവശത്തായി അവളുടെ മേല് ചാഞ്ഞുകിടന്നു…..
അമ്മേ… അമ്മൂട്ടിക്ക് വിശക്കുവാ…. അവള് കൊഞ്ചിക്കൊണ്ട് പറഞ്ഞു….
“”അമ്മേ…… “”
രണ്ടാമത്തെ വിളിയിലിൽ ഗൗരിയവളെ വലം കൈകൊണ്ട് തൂക്കിയെടുത്ത് മടിയിലേക്കിട്ട് തുരുതുരെ ചുംബിച്ചു…….
ചോറി… ഗൗരിടെ കണ്ണുനീർ തുടച്ചുകൊണ്ടവൾ പറഞ്ഞു…. ഗൗരിയൊന്ന് ചിരിച്ച് അമ്മൂട്ടിടെ മുഖത്താകെ തലോടി…
“”അച്ഛമ്മ പറഞ്ഞുലോ അമ്മൂട്ടി അമ്മേടെ ഇവിടന്നാ വന്നേന്ന്..””
ഗൗരിടെ നെഞ്ചിലേക്ക് കൈചേർത്തുവച്ചവൾ പറഞ്ഞു….. പ്രിയമ്മേനെക്കാളും അമ്മൂട്ടിക്കിഷ്ടം അമ്മൂട്ടിടെ അമ്മേനെയാ…..
അവള് ഗൗരിടെ കഴുത്തിലൂടെ ചുറ്റിപിടിച്ചു കുണുങ്ങി ചിരിച്ചുകൊണ്ട് പറഞ്ഞു…… എല്ലാം അറിഞ്ഞിട്ടും തന്നെ സ്നേഹിക്കുന്ന മോളെ ഗൗരി ഭ്രാന്തമായി ചുംബിച്ചു…..
പിന്നെയും കുറെ നേരം തുടർന്നു ആ സ്നേഹപ്രകടനം… കിച്ചു എല്ലാം കണ്ണീരോടെ കണ്ടോണ്ടിരുന്നു…..
❇️✳️❇️✳️❇️
വാ അമ്മ തിന്നാനെടുത്ത് തരാം.. അമ്മൂട്ടിയെ നിലത്തേക്കിറക്കികൊണ്ട് ഗൗരിപറഞ്ഞു…..
മ്മ്ഹ്… അവള് ചാടിത്തുള്ളി മുറിവിട്ട് പുറത്തിറങ്ങി……
മുഖം കൈകൾകൊണ്ട് തുടച്ച് അലഞ്ഞുലഞ്ഞ സാരീ ശെരിയാക്കി പാറികിടന്ന മുടി വാരിക്കെട്ടി…. കിച്ചുവിനൊരു പുഞ്ചിരിയും സമ്മാനിച്ച് അവള് കിടക്കയിൽനിന്നും ഇറങ്ങി….
കിച്ചു സാരിതുമ്പിൽ പിടിച്ചു ഒറ്റ വലിക്കവളെ മടിയിലേക്ക് ഇരുത്തി…. എന്തേലും ചിന്തിക്കാൻ കഴിയുന്നതിനു മുൻപ് അവൻ അവളുടെ അധരങ്ങളെ കവർന്നു….. ആദ്യമൊന്ന്
എതിർത്തെങ്കിലും അവന്റെ ചുംബനത്തിന്റെ ആഴങ്ങളിലേക്ക് അവളും വഴുതിവീണു….. നാവിൽ ഇരുമ്പ് ചവർപ്പ് കലരുന്നത് വരെ അവളവന്റെ മുടിയിഴകളിൽ അമർത്തി പിടിച്ചു….
അവൻ ഒരുകൈ അവളുടെ ഇടുപ്പിലും മറുകൈ അവളുടെ കഴുത്തിനിടയിലും ചേർത്ത് വച്ച് അവളെ കൂടുതൽ കൂടുതൽ ശക്തമായി ചുംബിച്ചുകൊണ്ടിരുന്നു..
തുടരും…
Nb: ലൈക്ക് ചെയ്യാൻ മറക്കല്ലേ… നിങ്ങളുടെ ലൈക്കുകളും കമന്റുകളാണ് ഞങ്ങളെപ്പോലെയുള്ള എഴുത്തുകാർക്ക് പ്രചോദനം.🌹🌹🌹🌹