Friday, June 14, 2024
Novel

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 2

നോവൽ
******
എഴുത്തുകാരി: അഫീന

Thank you for reading this post, don't forget to subscribe!

കാറ്റിൽ പറക്കുന്ന മുടിയിഴകളെ മാടി ഒതുക്കി ആ കൈകൾ എന്റെ അധരത്തെ പതിയെ തലോടി

കണ്ണുകൾ കൂമ്പി അടഞ്ഞു പോകുമ്പോഴും ഞാൻ അറിയുന്നുണ്ടായിരുന്നു എന്നിലേക്കു അടുക്കുന്ന എന്റെ രാജകുമാരനെ….

ട്ടേ ……..
ആ………..
യാ റബ്ബുൽ ആലമീനായ തമ്പുരാനെ…
എന്നെ വെടി വെച്ചേ…..

“വെടി വെച്ചതല്ലെടി ആന കുത്തിയതാ….
എണീറ്റ് പോടീ അവള്ടെ ഒരു ഒറക്കം
ഇനീം എണീറ്റില്ലെങ്കി തലേൽ വെള്ളം കോരി ഒഴിക്കും ഞാൻ ”

ആരപ്പാ ഇത്. ഏ… മാമിയാ… വെള്ളം കുടിക്കാൻ കൊണ്ട് വന്ന കുപ്പി എടുത്ത് എനിക്കിട്ട് വീക്കിയതാ . കാലി കുപ്പി ആയത് ഭാഗ്യം.
അല്ലാ അപ്പൊ ഞാൻ കിനാവ് കണ്ടതാണാ…
ശ്ശേ….
ഈ മാമി എല്ലാം നശിപ്പിച്ചു…
ഒരസ്സൽ കിസ്സ് മിസ്സായി…
ആൾടെ മുഖം പോലും മര്യാദക്ക് കണ്ടില്ലാ.

ഓർത്തെടുക്കാൻ പറ്റുന്നില്ലല്ലോ റബ്ബേ..
അതെങ്ങനാ എന്തോ കളഞ്ഞു പോയ പോലെ കണ്ണിൽ നോക്കി നിക്കെല്ലേർന്ന…

എന്നാലും ഒരു രൂപോം കിട്ടുന്നില്ലല്ലോ
ആ കണ്ണ് മാത്രം ഓർമയുണ്ട്

ഒരായിരം കുസൃതികൾ ഒളിപ്പിച്ച ആ ചെമ്പൻ കണ്ണ്
എന്റെ പടച്ചോനെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റീല്ല….

പിന്നെ താടി ഉണ്ടാർന്നു…
തോളിൽ കുത്തി നിന്നപ്പോ ഞമ്മക്ക് ഇക്കിളി ആയാർന്ന്… ഹി ഹി…..

” ഡീ ഐഷു നീ ഇങ്ങട് വരുന്നോ അതോ ഞാൻ അങ്ങട് വന്നോ ” മാമി

എന്റെ പൊന്നോ ഞാൻ അങ്ങട് ചെല്ലട്ടെ ഇല്ലെങ്ങി നമ്മടെ കാര്യം കട്ട പൊഹ.
വേഗം തന്നെ ഫ്രഷ് ആയി നിസ്കരിച്ചിട്ടു താഴേക്ക് ചെന്ന്..
മാമി എന്തൊക്കെയോ പിറു പിറൂന്ന് പറഞ്ഞോണ്ട് ഇരിപ്പണ്ട്..

” ഓരോരുത്തർക്കും തോന്നുന്ന വരെ കെടന്ന് ഒറങ്ങീട്ട് തിന്നാൻ നേരം ഇങ്ങട് വന്നാ മതീലോ..
പണി എടുത്ത് ചാവാൻ ഞാൻ ഒരാൾ ഉണ്ടല്ലാ ”

നമ്മള് അതൊന്നും മൈന്റാക്കാൻ പോയീല.
നോക്കുമ്പോ ഇണ്ട് എല്ലാരും ഫുഡ് അടിക്കാൻ മേശേടെ അടുത്ത്ണ്ട്. ഞാനും വേഗം പോയിരുന്നു ഫുഡ് അടിക്കാൻ തൊടങ്ങി..
അല്ലേലും സങ്കടം ആയാലും ദേഷ്യം വന്നാലും നിക്ക് ഇച്ചിരി വിശപ്പ് കൂടുതലാ..

മാമി വീണ്ടും ഓരോന്ന് പറഞ്ഞോണ്ടിരുന്നപ്പോ മാമാ വഴക്ക് പറഞ്ഞ്. എന്നെ കലിപ്പിച്ചൊന്ന് നോക്കീട്ട് മൂപ്പത്തി പോയി..

ഞാൻ നോക്കുമ്പോ ഇണ്ട് ഒരുത്തൻ ഇരുന്ന് കിണിക്കാണ്.. വേറെ ആര് നമ്മളെ കുഞ്ഞോൻ.
എല്ലാം ഒപ്പിച് വെച്ചിട്ട് കിണിക്കണ കണ്ടില്ലേ കുരിപ്പ്.

മാമിക്ക് എന്നോട് എന്താ ഇത്രേം ദേഷ്യം എന്നായിരിക്കും ആലോയ്ക്കണേല്ലേ..
അതിന് കാരണക്കാരൻ മാമിടെ പുന്നാര ആങ്ങളയാ..
ഹാ
അതൊരു വെല്യേ കഥയാ..

@@@@@@@@@@@@@@@@@@@@@@@@

ഞാൻ അന്ന് പ്ലസ് ടു ന് പഠിക്കണ കാലം. ഒരു ഞായറാഴ്ച മാമിടെ ആങ്ങള ഹാഷിം വീട്ടിൽ വന്ന്.
പണ്ട് മുതൽക്കേ ആ ഹംകിനെ എനിക്ക് ഇഷ്ട്ടോല്ലാ.. ഒരു തരം തോണ്ടലും അറിയാത്ത മാതിരി മുട്ടലും ബെഹളി പിടിച്ച പോലുള്ള നോട്ടോ0.

ഒക്കെ കൂടി കണ്ടാ കൊണ്ടോയി കിണറ്റിലിടാൻ തോന്നും. ഇടക്ക് ന്റെ കയ്യിന്ന് നല്ലത് കിട്ടാറും ഇണ്ട്.

എന്നാലും ഒരു നാണോം ഇല്ലാണ്ട് വന്നോളും.
അന്നൊക്കെ മാമിക്ക് എന്നെ വെല്യ ഇഷ്ട്ടോര്ന്ന്.

പക്ഷെ ഹാഷിമിന് കൊടുക്കണേന് എനിക്ക് വഴക്ക് കേൾക്കാറുണ്ടാര്ന്ന്. അതിന് മാത്രേ എന്നെ വഴക്ക് പറഞ്ഞിട്ടുള്ളു അത്ര നാള് വരെ. കാരണം മാമിക്ക് അനിയൻ എന്ന് വെച്ചാ ജീവൻ ആയിര്ന്ന്..

മാമിടെ ഉമ്മ മരിക്കുമ്പോ പറഞ്ഞേര്ന്നു ഹാഷിമിനെ നോക്കണംന്ന്..

അത് ആ കൊരങ്ങൻ മൊതലാക്കേം ചെയ്യണ്ട്..

അന്നത്തെ ദിവസം ഞാൻ മാത്രം വീട്ടിൽ ഇണ്ടാർന്നോള്ളൂ.. ബാക്കി എല്ലാരും കല്യാണത്തിന് പോയി.

എന്നോട് പോണെന്നു പറഞ്ഞ് ഇറങ്ങിയോര് ആരോടോ സംസാരിക്കണ ഞാൻ കേട്ടാർന്നു. അത് ശ്രെദ്ധിക്കാതെ ഞാൻ പഠിക്കാൻ ഇരുന്നു.
ജനചേച്ചി എനിക്ക് കട്ടൻ ചായ കൊണ്ട് തന്ന്

” മോളെ ഞാൻ പൊക്കോട്ടെ മോൻക്ക് പനിയാണെ” ജനചേച്ചി

” ചേച്ചി പൊക്കോ അവരെല്ലാം ഇപ്പൊ തന്നെ എത്തും ”

ചേച്ചി പോയി കഴിഞ്ഞ് ഞാൻ വീണ്ടും പഠിക്കാൻ തുടങ്ങി വാതിൽ അടക്കുന്ന ഒച്ച കേട്ടാണ് തിരിഞ്ഞു നോക്കിയത്
അപ്പൊ ആ അലവലാതി വാതിലും ചാരി നിക്കേണ്

” താനെന്താ ഇവിടെ ഇറങ്ങി പോയെ ”

” എന്റെ ഇത്താടെ വീട്ടീന്ന് പോവാൻ പറയാൻ നീ ആരാടി ”

” ഇതെന്റെ റൂമാ ഇവിടന്ന് ഇറങ്ങി പോവാൻ പറയാൻ എനിക്കാരുടേം അനുവാദം വേണ്ട.
മര്യാദക്ക് ഇറങ്ങി പൊക്കോ ”

” ഇല്ലെങ്കി നീ എന്ത് ചെയ്യൂടി കോപ്പേ. കൊറേ നാളായി അവള് തുടങ്ങീട്ട്. ഇന്ന് എന്റെ കയ്യിന്ന് രക്ഷപ്പെടണ ഒന്ന് കാണണം എനിക്ക്.
എന്താരുന്നു ഒന്ന് തൊട്ടാൽ പെണ്ണിന്റെ നോട്ടം ഇന്ന് ഇക്കാക്ക പൊന്നിനെ ഒന്ന് സ്നേഹിച്ചോട്ടെ ”

“എന്നെ തൊട്ടാൽ തന്റെ മയ്യിത്ത് ഞാൻ എടുക്കും”

” ഓ ഞാൻ പേടിച്ചു പോയി കേട്ടോ ”

ഒരു വഷളൻ ചിരിയോടെ എന്റെ കയ്യിൽ പിടിച്ചതും മേശേമ്മ ഇരുന്ന ചൂട് ചായ എടുത്ത് മുഖത്തേക്ക് ഒഴിച്ച്. ജനചേച്ചി തന്ന ചായ കുടിക്കാഞ്ഞത് നന്നായി..

ആ ഹിമാറ് പകച്ചു നിന്ന നേരത്ത് ഞാൻ വേഗം റൂമിൽന്ന് ഇറങ്ങി ഓടി. ഓടി സ്റ്റെപ് എത്തിയപ്പോഴേക്കും അയാൾ വന്നെന്റെ മുടിക്കുത്തിന് പിടിച്ചു.

അനാവശ്യമായി എന്റെ ദേഹത്ത് തൊടുന്നതിലും കലി എനിക്ക് വേറെ ഒന്നിനും ഇല്ലാ.
അവന്റെ കൈയിൽ നല്ല ഒന്നാന്തരം കടിയും കൊടുത്തു എന്റെ ഉള്ള ബലം മൊത്തം എടുത്ത് ആ ഹമ്ക്കിനെ പിടിച്ച് ഒരു തള്ള് വെച്ച് കൊടുത്തു.

അവൻ ദേ കിടക്കണ് തലേം കുത്തി താഴെ.
തലയൊക്കെ പൊട്ടി ചോര ഒലിച്ചു എഴുന്നേൽക്കാൻ പറ്റാതെ കിടക്കണ്. എനിക്ക് ചിരിയാണ് വന്നത്.

ഇവറ്റോൾക്കൊക്കെ ഇങ്ങനെ തന്നെ വേണം.
പക്ഷെ ആ ചിരിക്ക് അതികം ആയുസ്സ് ഇണ്ടാർന്നില്ല.

എന്റെ നേരെ നിക്കുന്നവരെ കണ്ട് ഞാൻ പകച്ചു പോയി. എല്ലാരും കല്യാണം കഴിഞ്ഞു തിരിച്ചു വന്നു. മാമി കരഞ്ഞു കൊണ്ട് ഓടി വന്നു

” മോനെ ഹാഷി നിനക്ക് എന്താടാ പറ്റിയെ ”

അവൻ പറഞ്ഞ മറുപടി കേട്ട് എന്റെ കിളി മൊത്തം പോയി.

” ഇനി എന്നോട് ഈ വീട്ടിൽ വരരുതെന്ന് ഐഷു പറഞ്ഞു. ഞാൻ വരുന്നത് അവക്കും കൂടെ അവകാശപ്പെട്ട മൊതല് മൊത്തം എനിക്ക് ഇത്താക്കും കൂടെ എടുക്കാൻ വേണ്ടിയാ ഞാൻ ഇവിടെ ചുറ്റി പറ്റി നടക്കണേന്ന്.

ഞാൻ ഇനിയും വരൂന്ന് പറഞ്ഞേന് അവള് എന്നെ സ്റ്റെപ്പിൽ നിന്ന് തള്ളിയിട്ട് ”
മൊത്തം പഞ്ചറായി കിടക്കേണ് എന്നിട്ടും
നട്ടാൽ കുരുക്കാത്ത നുണ പറയണ നോക്ക്യേ കള്ള ബടുവാ .

കാൽ വഴുതി വീണെന്ന് പറയാൻ പോയതാ ഞാൻ.
സത്യം പറയാനും പറ്റില്ലല്ലോ.

മാമയും ഉപ്പയും നിക്കേണ്. അവര് ഹാഷിമിന്റെ മയ്യത്ത് കണ്ടേ അടങ്ങു. മാമിയോട് മാത്രം പറയാം എന്ന് വിചാരിച്ചു അടുത്തേക്ക് ചെന്നപ്പോ കൈ ഉയർത്തി കാണിച്ചു എന്നെ തടഞ്ഞു.

” ഇനി ഞാനും നീയും തമ്മിൽ യാതൊരു വിധ ബന്ധവും ഇല്ലാ… നിന്നെ ഞാൻ എന്റെ സ്വന്തം മോളെ പോലെ അല്ലേ വളർത്തിയെ. എന്നിട്ട് നീ എന്നെ കുറിച്ച് ഇങ്ങനെ ആണല്ലേ കരുതി വെച്ചേക്കണേ. കൊള്ളാം മോളെ

ഇത്രയും കാലം ഞാൻ ഏറ്റവും സ്നേഹിച്ചത് നിന്നെയാ. പക്ഷേങ്കി ഇപ്പൊ ഞാൻ ഏറ്റവും വെറുക്കുന്നത് നിന്നെയാണ്. ”

“ഇക്കാ എന്ത് നോക്കി നിക്കണേ വേഗം വണ്ടി എടുക്ക്. നമുക്ക് ഇവനെ ഹോസ്പിറ്റലിൽ കൊണ്ട് പോവാ ”

മാമി പറഞ്ഞതൊക്കെ ഈ ചെങ്കിലാ കൊണ്ടേ.
മാമിയെ ഞാൻ ന്റെ ഉമ്മിച്ചിടെ സ്ഥാനത്താ കണ്ടോണ്ടിരുന്നേ. എന്നിട്ടിപ്പോ പറയണ കേട്ടില്ലേ ഒരു ബന്ധവും ഇല്ലാന്ന്.

റൂമിൽ പോയി ഒരുപാട് കരഞ്ഞു. തലയിൽ ആരോ തലോടണ പോലെ തോന്നീപ്പഴാ എഴുന്നേറ്റേ. ഉമ്മാമയാണ്, എന്താ പറ്റിയേന്ന് ചോദിച്ചപ്പോ എല്ലാം പറഞ്ഞു. വീണ്ടും ഉമ്മാമയേ കെട്ടിപിടിച്ചു കരഞ്ഞു..

” മോളെ ഐഷു നിനക്ക് അറിയാലോ അനീനെ ഹാഷീന്ന് വെച്ചാ ഓൾക് ജീവനാ. അവന്ക് അങ്ങനെ പറ്റിയപ്പോ അന്നേരത്തെ ഓരോ തോന്നലിന് പറഞ്ഞു പോയതാവും. ഉമ്മാമാടെ മോള് ക്ഷെമി.
പിന്നെ ഓൾക് നിന്നേം ഇത്തിരി ഇഷ്ടോണ് . അതോണ്ട് അവള്ടെ പിണക്കൊക്കെ വേം മാറും.
മോള് കരയാതിരി. പിന്നെ ഹാഷി അവന്ക് കിട്ടേണ്ടത് കിട്ടി അത്രേ ഉള്ളൂ ”

പക്ഷെ അതിൽ പിന്നെ മാമി എന്നോട് സ്നേഹത്തോടെ മിണ്ടീട്ടില്ല. എപ്പോഴും വഴക്ക് പറയും.
പക്ഷെ എനിക്ക് വേണ്ട എല്ലാം ചെയ്ത് തരൂട്ടോ. രാത്രി ഇരുന്ന് പടിക്കുമ്പോഴൊക്കെ എനിക്ക് ചായ തിളപ്പിച്ച്‌ തരേം ഒക്കെ ചെയ്യും..

@@@@@@@@@@@@@@@@@@@@@@@@

പടച്ചോനെ ഇന്നാണല്ലോ റിസൾട്ട്‌ വരുന്നേ.. എന്താവോ എന്തോ.
കാര്യം പഠിച്ചിട്ടാണ് എഴുതിയേങ്കിലും ലാസ്റ്റ് ഇയർ ആയോണ്ട് നല്ല രീതിയിൽ തന്നെ ഉഴപ്പിയാർന്ന്.
ദിവ്യ കുട്ടീനെ വിളിക്കാം. അവള് നോക്കിയോ ആവോ. ദിവ്യ ആരാന്നല്ലേ എന്റെ ബെസ്റ്റ് ഫ്രണ്ട് എന്റെ ചങ്ക് കരള് എന്നൊക്കെ പറയാം.

” ദിവ്യ മോളൂ റിസൾട്ട്‌ നോക്കിയോ ”

” അയ്യടി. ഒരു ദിവ്യ മോള്. ഇന്നലെ എവിടെർന്നടി പുല്ലേ. എത്ര വട്ടം ഞാൻ വിളിച്ചു. ഹ്മ്മ് എന്നോട് മിണ്ടാൻ വരണ്ട നീ ”

” സോറി ഡീ. നീ ഒന്ന് ക്ഷെമി. ഇന്നലെ മാമി ഒന്ന് ഉടക്കി ”

” ആ അതായിരുന്നോ. ഞാൻ വിചാരിച്ചു ഏതേലും കോന്തൻ ആയിട്ട് കെട്ട് ഉറപ്പിച്ചു കാണൂന്ന് ”

” നീ പോടീ കൊരങ്ങി ”

” ആ പിന്നെ ഇന്ന് നമ്മുടെ റിസൾട്ട്‌ പബ്ലിഷ് ചെയ്യും”

“അറിയാടി അതാ നിന്നെ വിളിച്ചേ. റിസൾട്ട്‌ നോക്കാന് പോവണ്ടേ ”

” പോവാം. നീ ഒരു 11 മണി കഴിയുമ്പോ വീട്ടിലേക്ക് വാ ”

“ഓക്കേ ”

ഞാൻ വേഗം കുളിച്ചു റെഡി ആയി. കണ്ണ് മാത്രം ചെറുതായി ഒന്ന് എഴുതാറുള്ളു അത് കൊണ്ട് ന്റെ ഒരുക്കം ഓക്കേ വേഗം കഴിയും.

അചില പെൺപിള്ളേരെ പോലെ കട്ടിയിൽ ഒന്നും എഴുതാറില്ല. നിക്ക് ഇഷ്ട്ടോല്ലാ. ( അല്ലാണ്ട് എഴുതാൻ അറിയാതോണ്ടല്ലാട്ടാ.. )

ഞാൻ ദിവ്യേടെ വീട്ടിൽ ചെല്ലുമ്പോ ഇണ്ട് നമ്മുടെ സ്വന്തം വിധു ചേട്ടായി ഉമ്മറത്തു നിക്കാണ്. ദിവ്യേടെ ആങ്ങളയാണ്.

സത്യം പറയാലോ ഒടുക്കത്തെ മൊഞ്ചൻ ആണ്. എൻറെ ചങ്ക് ആണ്. നിങ്ങൾ തെറ്റിദ്ധരിക്കേന്നും വേണ്ട.

പുള്ളി എനിക്ക് പിറക്കാതെ പോയ ആങ്ങളേണ്. ചേട്ടായിക്ക് ഞാൻ പിറക്കാതെ പോയ പെങ്ങളും. ദിവ്യേനെക്കാളും എന്നെയാ ചേട്ടായിക്ക് ഇഷ്ടം. അതിന് അവൾക് ലേശം കുശുമ്പ് ഇല്ലാതില്ല.
ഇത് ആരോടാ ഈ ഫോൺ ചെയ്യണേ..

അമ്പടാ ഇരുന്ന് കുറുകി കൊണ്ടിരിക്കേണല്ലേ. ഞാൻ വന്നതൊന്നും അറിഞ്ഞിട്ടില്ല.

ചേട്ടായി ഭാവി ഭാര്യയോടാ സൊള്ളിക്കൊണ്ടിരിക്കണേ.. ഞങ്ങടെ സ്വന്തം സ്വാതി ചേച്ചി.. ഈ സംഭവം സെറ്റാക്കിയത് ഞാനും ദിവ്യയും കൂടിയാ.

ഞങ്ങ ഡിഗ്രി ഫസ്റ്റ് ഇയർ ചേർന്നപ്പോഴാ സ്വാതി ചേച്ചിയെ പരിചയപ്പെടുന്നെ. ഞങ്ങടെ സൂപ്പർ സീനിയർ ആയിരുന്നു.

എനിക്ക് ഭയങ്കര ഇഷ്ട്ടോര്ന്ന് ചേച്ചിയെ. ഒരു പാവം പെണ്ണ്. കോളേജിൽ ഒത്തിരി ആൺപിള്ളേര് പിറകെ നടന്നിട്ടും ഒഴിഞ്ഞു മാറി നടന്ന ചേച്ചിടെ മനസ്സിൽ വിഷ്ണു ചേട്ടനെ കുത്തി കയറ്റാൻ ഒരു കൊല്ലം വേണ്ടി വന്നു.

കോളേജിൽ ചെന്നാല് ഫ്രീ കിട്ടണ ടൈം മുഴുവൻ വിഷ്ണു ചേട്ടനെ പറ്റി പറഞ്ഞോണ്ടിരിക്കും. വീട്ടിൽ എത്തിയാലും ചേച്ചിയെ പറ്റി ചേട്ടനോടും അമ്മയോടും വാ തോരാതെ പറഞ്ഞോണ്ടിരിക്കും.

അങ്ങനെ പറഞ്ഞു പറഞ്ഞ് അമ്മേടെ മനസ്സിൽ ചേച്ചിയെ കേറ്റി. വിഷ്ണു ഏട്ടൻ പിടി തരാതെ ഇങ്ങനെ നടക്കുവാർന്ന്.

അങ്ങനെ ഒരു കൊല്ലം കഴിഞ്ഞ് ചേച്ചീടെ farewell പാർട്ടിടെ ദിവസം ശെരിക്കും സങ്കടം ഉണ്ടാരുന്നു ചേച്ചിയെ പിരിയുന്നതിൽ. ചേച്ചിക്ക് ഞങ്ങളെക്കാളും സങ്കടോർന്ന്. ഒത്തിരി കരഞ്ഞു.

അന്ന് കുറേ ഫോട്ടോസ് ഓക്കേ എടുത്തു.
ദിവ്യെടെ വീട്ടിൽ ചെന്നിട്ട് അമ്മയെ കാണിച്ച കൊടുത്തു ചേച്ചീനെ. അമ്മക്ക് ഇഷ്ടപ്പെട്ടു. അപ്പോഴാ ചേട്ടൻ അങ്ങോട്ട്‌ വന്നത്.

ചേച്ചിടെ ഫോട്ടോ കാണിച്ചതാണെന്ന് പറഞ്ഞപ്പോ ഒന്ന് മൂളിയിട്ട് അവിടെ ഒക്കെ പരതി നടക്കാൻ തുടങ്ങി.

കാര്യം മനസ്സിലായാ പുള്ളിക്ക് ചേച്ചിടെ ഫോട്ടോ കാണണം. പക്ഷെ അഭിമാനം സമ്മതിക്കാണില്ല. ഫോട്ടോ കാണണോന്ന് ചോദിച്ചപ്പോ ഒടുക്കത്തെ ജാഡ.
എന്നാ ശെരിന്ന് ഞങ്ങളും.

പിന്നെ മനഃപൂർവം ഫോൺ മേശേല് വെച്ചിട്ട് ഒളിച് നിന്നു.
കള്ളൻ പമ്മി പമ്മി വന്നിട്ട് ഫോൺ എടുത്തിട്ട് ഫോട്ടോ നോക്കുന്നു. എന്തൊക്കെയോ ചെയ്തിട്ടു ഫോൺ അവിടെ തന്നെ വെച്ചിട്ട് പോയി.

ഞങ്ങൾ വേഗം ചേട്ടന്റെ പിറകെ പോയി. നോക്കുമ്പോ കള്ളൻ ചേച്ചിടെ ഫോട്ടോ send ചെയ്തെടുത്തു അതും നോക്കി കൊണ്ടിരിക്കാണ്.
ഞങ്ങ കയ്യോടെ പൊക്കി.

അപ്പോഴാ സമ്മതിച്ചേ ചേച്ചിയെ ഇഷ്ട്ടോണെന്ന്..
പിറ്റേ ദിവസം തന്നെ ചേച്ചിയെ പ്രൊപ്പോസ് ചെയ്യണം എന്ന് പറഞ്ഞു സമ്മതിപ്പിച്ചു.
പിറ്റേ ദിവസം വൈകുന്നേരം ഞാനും ദിവ്യയും ചേച്ചിയും കൂടെ സംസാരിച്ചോണ്ട് ഇരിക്കേർന്നു അപ്പോഴാ മടിച്ചു മടിച്ചു ചേച്ചി ഒരു കാര്യം ചോദിച്ചത്.

” നിങ്ങള് ഇങ്ങനെ വിഷ്ണു ചേട്ടൻ വിഷ്ണു ചേട്ടൻ എന്ന് പറയുന്നതല്ലാതെ ഈ പുള്ളിയെ ഇതുവരെ കണ്ടില്ലല്ലോ. ഫോട്ടോ വെല്ലോം ഉണ്ടോ ”

” എന്തിനാ ” ദിവ്യ

” അ.. അത് പിന്നെ ചുമ്മാ കാണാൻ വേണ്ടീട്ട് ”

” നല്ല ഫോട്ടോ ഒന്നും ഇല്ലല്ലോ ചേച്ചി ”

അത് കേട്ടപ്പോ ചേച്ചിടെ മുഖം വാടി. പാവം.

“ഫോട്ടോ ഇല്ലാ വേണോങ്കി നേരിട്ട് കാണിച്ചു തരാം”

ചേച്ചി ഒന്ന് ഞെട്ടി. അപ്പോഴേക്കും ഞങ്ങടെ സുന്ദരൻ ചെക്കൻ ബുള്ളറ്റിൽ വരുന്നു. ആഹാ എന്താ ഒരു ഗ്ലാമർ. ചേച്ചി ആണെങ്കിൽ താഴേക്കും നോക്കി നിക്കേണ്. ചേട്ടൻ അടുത്ത് വന്നു നിന്നിട്ടും പുള്ളിക്കാരി നോക്കുന്നെ ഇല്ലാ..

” അല്ലയോ മഹതി ഞങ്ങളുടെ ചേട്ടൻ തമ്പുരാനെ ഒന്ന് ദർശിച്ചാലും ”
ദിവ്യ അത് പറഞ്ഞപ്പോൾ ചിരി വരുന്നുണ്ടായിരുന്നെങ്കിലും കടിച്ചമർത്തി നിന്നു.
ഇല്ലെങ്കിൽ ചേച്ചി ചിലപ്പോ ഓടി കളയും.

ഞങ്ങൾ അല്പം അങ്ങട് മാറി നിന്നു. എല്ലാം കേൾക്കാനും കാണാനും പറ്റുമായിരുന്നൂട്ട.

” ഹായ് സ്വാതി. ഇയാളെന്താ നേരെ നോക്കാത്തെ. ഹാ ഒന്ന് നോക്കെടോ ”

ചേച്ചി മുഖമുയർത്തി ഒന്ന് നോക്കി.

” ഹോ താൻ ഒന്ന് നോക്കിയല്ലോ. പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട്. വളച്ചു കെട്ടി പറയാനൊന്നും എനിക്ക് അറിയില്ല. direct ആയിട്ട് ഒരു കാര്യം പറയുവാ.
എനിക്കിയാളെ ഒരുപാട് ഇഷ്ടമാണ്.

ഇതെപ്പോ തുടങ്ങീന്ന് ചോദിച്ചാ. തന്നെ കുറിച്ച് പറയാനേ അവർക്ക് നേരം ഉണ്ടായിരുന്നുള്ളു. അങ്ങനെ കേട്ട് കേട്ട് ഈ നെഞ്ചിനകത്തു ഞാൻ പോലും അറിയാതെ ഈ ദേവി കേറി അങ്ങ് കുടിയിരുന്നു.

ഇനി ഒരാളും കയറാൻ പറ്റാത്ത വിധം എന്നിൽ ഇങ്ങിനെ നിറഞ്ഞു നിക്കുവാ.
തനിക്കറിയോ ഇന്നലെയാ ഞാൻ തന്റെ ഫോട്ടോ കണ്ടേ. അതും നോക്കികൊണ്ടാ ഇന്നലെ രാത്രി മുഴുവൻ കിടന്നത്.

എനിക്ക് തന്നെ ഒരു പിടിയും കിട്ടുന്നില്ല.
തനിക് എന്നെ ഇഷ്ടമാണോ. yes ആണെങ്കിൽ എത്രയും പെട്ടെന്ന് തന്നെ വീട്ടിൽ വന്നു ചോദിച്ചോളാം ഈ ദേവിയെ ഞാൻ കൊണ്ട്പൊക്കോട്ടേന്ന് ”

എന്റെ പൊന്നോ ഉമ്മാ….. എന്താ ഡയലോഗ് ഇജ്ജ് പൊളിച്ചു മുത്തേ..

ചേച്ചി ഒന്നും പറയാതെ നിക്കുവാണ്. പക്ഷെ ആ മുഖത്തു വിരിഞ്ഞ ചിരി. നാണത്തിൽ കുതിർന്ന ചിരി കണ്ടാൽ അറിയാം ചേച്ചി വീണു മോനേ…..

” എനിക്കും ഇഷ്ടമാ ഏട്ടനെ. ഐഷും ദിവ്യയും പറഞ്ഞു പറഞ്ഞു എന്റെ ഉള്ളിലും ഏട്ടൻ കയറിപറ്റിയിരുന്നു. ”

പരിസരം മറന്ന് ഞാനും ദിവ്യയും കൈകൊട്ടി…..

അങ്ങിനെ അവരുടെ കാര്യം സെറ്റായി…
ചേച്ചി ഞങ്ങടെ കോളേജിൽ തന്നെ പിജിക്ക് ചേർന്നു . അത് കഴിഞ്ഞാൽ പിന്നെ അവര്ടെ കല്യാണം ആണ്.

” ചേട്ടോയ് കുറുകൽ ഇത് വരെ കഴിഞ്ഞില്ലേ ”

” ഒന്ന് പോടീ ഇപ്പൊ വിളിച്ചൊള്ളു ”

” നടക്കട്ടെ നടക്കട്ടെ ”

അപ്പോഴേക്കും ദിവ്യ വന്നു. ഞങ്ങൾ രണ്ടും കൂടെ റിസൾട്ട്‌ നോക്കാൻ പോയി. 90% മാർക്കോടെ തന്നെ ഞങ്ങൾ രണ്ടു പേരും പാസ്സായി.

വീട്ടിൽ വന്നു പറഞ്ഞപ്പോ എല്ലാർക്കും സന്തോഷം.

പിന്നെ പൊടി പൂരം ആയിരുന്നു. മിട്ടായി ലഡ്ഡു ബിരിയാണി അങ്ങനെ അങ്ങനെ..

അപ്പോഴാ ഉപ്പ ഒരു പടക്കം പൊട്ടിക്കണത്.

” മോളേ ഐഷു നാളെ മോളെ കാണാൻ ഒരു കൂട്ടര് വരും. എന്റെ പഴേ ഒരു ചങ്ങായിടെ മോന്റെ മോനാ. ”

പടച്ചോനേ എനിക്ക് കല്യാണോ… ഞാൻ വേഗം റൂമിലേക്ക്‌ പോയി..
എന്തോ ഉറങ്ങാൻ പറ്റുന്നുണ്ടായിരുന്നില്ല.

ഉപ്പ എല്ലാം ഉറപ്പിച്ച മട്ടാ. എങ്ങനെ ആയിരിക്കും കാണാൻ. ഓരോന്ന് ആലോചിച്ചു ആലോചിച്ചു ഉറങ്ങി പോയി.

@@@@@@@@@@@@@@@@@@@@@@@

ഇന്നാണ് ചെക്കൻ വരുന്നത്. ഇതായിരിക്കോ എന്റെ രാജകുമാരൻ. എന്നെ ഇഷ്ടപ്പെടുവോ..
ഞാൻ കണ്ണാടിയിൽ പോയി നോക്കി
ആ കുഴപ്പം ഒന്നും ഇല്ലാ. ലേശം മൊഞ്ചോക്കെ ഉണ്ട്..

കാർ വന്നു നിർത്തുന്ന ശബ്‌ദം കേട്ടാണ് ഞാൻ ഓടി ജനലിന്റെ അടുത്ത് വന്നത്.
ആദ്യം ഒരു സ്ത്രീ ആണ് ഇറങ്ങിയത്. നല്ല മൊഞ്ചുണ്ട്. കണ്ടാൽ തന്നെ അറിയാം പാവം ആണെന്ന്. പിന്നെ ഇറങ്ങിയത് വാപ്പയാണെന്ന് തോന്നുന്നു.

നമ്മളെ ചെക്കനെ കണ്ടില്ലല്ലോ..
അപ്പോഴാ ഡ്രൈവിംഗ് സീറ്റിൽ നിന്ന് ആള് ഇറങ്ങുന്നത്.

കാണാനൊക്കെ ഒരു മൊഞ്ചുണ്ട്.
പക്ഷെ ക്ലീൻ ഷേവ് ആണ്. എനിക്ക് താടി ആയിരുന്നു ഇഷ്ടം..

തുടരും

❤️ എന്റെ രാജകുമാരൻ ❤️ഭാഗം 1