Thursday, December 19, 2024
Novel

സൂര്യതേജസ്സ് : ഭാഗം 23

നോവൽ
******
എഴുത്തുകാരി: ബിജി

“രക്ഷിക്കണേ……. എന്റെ കല്യാണി….”
അന്തേവാസികൾ ഇതു കേട്ട് ഓടിയെത്തി കല്യാണിയെ താങ്ങിയെടുത്ത് അവിടുത്തെ ചികിത്സാ മുറിയിലേക്ക് കൊണ്ടുപോയി…..

“ഇടറുന്ന മനസ്സോടെ ……
നിറഞ്ഞ മിഴികളോടെ…..
സൂര്യൻ നോക്കി നിന്നു.”

നമ്മുക്കായി കാത്തിരിക്കാതെ ഇലകൾ കൊഴിഞ്ഞു പോകുന്ന പോലെ ഓരോ ദിനങ്ങളും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ദിവസങ്ങൾക്കു ശേഷമുള്ള സായ്ഹന നടത്തത്തിലായിരുന്നു സൂര്യനും കല്യാണിയും വലിയ വയറും താങ്ങി ആയാസത്തിലായിരുന്നു കല്യാണിയുടെ നടപ്പ്

സൂര്യന്റെ വലതു കൈവിരൽ കല്യാണിയുടെ ഇടതു കൈയ്യിൽ കൊരുത്തുപിടിച്ചിരുന്നു….”
സൂര്യനിന്റെ കൈകോർത്ത് കാതങ്ങളോളം നടക്കണം
ഇണ പിരിയാതെ….

ഇനിയൊരിക്കലും കൈവരില്ലെന്നു കരുതിയതാ…..
കല്യാണി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു.

മറുപടി കിട്ടാതായപ്പോൾ കല്യാണി അവനെ നോക്കി
നായകൻ വേറേതോ ലോകത്താണ്
താൻ വായിലെ വെള്ളം വറ്റിച്ചത് മിച്ചം

ടോ തല്ലുകൊള്ളി എന്താ മോനേ ഈ ചിന്തിച്ചു കൂട്ടുന്നത്

ദേ…….കാലു മടക്കി ഒന്നു തരികയാവേണ്ടത് പിന്നെ എന്റെ പുലിക്കുട്ടി ഉള്ളിലുള്ളതു കൊണ്ട് ഒന്നും പറയുന്നില്ല….

“നിനക്ക് സുഖമില്ലെങ്കിൽ എന്തിനാടി അന്നെന്നെ ഊട്ടാൻ നിന്നത്…??

ആഹാ….”
തല്ലുകൊള്ളി പഴേ ഫോമിലെത്തിയല്ലോ….”
സൂര്യനൊന്ന് ഊറി ചിരിച്ചു കൊണ്ട് മിശയൊന്നു പിരിച്ചു വെച്ചു.
മോളിനി എന്തൊക്കെ അറിയാൻ കിടക്കുന്നു

നിന്നെ താങ്ങിയെടുത്ത് റൂമിനു വെളിയിലേക്ക് വരുമ്പോൾ രണ്ടു ജീവനെ കുറിച്ചുള്ള ആവലാതി ആയിരുന്നു.
ആചാര്യൻ ഋഷികേശ് ആശ്വസിപ്പിച്ചു.
നിനക്ക് കൊളുത്തി പിടിച്ചതാണെന്നും കുഴപ്പം ഒന്നും ഇല്ലെന്നു പറഞ്ഞപ്പോഴാ ജീവൻ വീണത്

ഡെലിവറിക്ക് ഇനിയും കുറച്ചു ദിവസം ഉണ്ടെന്നും പറഞ്ഞു
പിന്നെ ഇതൊരു നിമിത്തമാണെന്ന് ആചാര്യൻ പറഞ്ഞു.
ഞാൻ എഴുന്നേൽക്കുന്നതിന് വേണ്ടി…..
ചില കാരണങ്ങൾ ഉണ്ടാകണമല്ലോ….

പക്ഷേ നീ വേദനിച്ചിട്ട് അങ്ങനെ ഞാൻ എഴുന്നേറ്റിട്ട് എന്തിനാ…..
അവന്റെ മുഖത്തെ വേദന കണ്ടതും
അവളുടെ മനസ്സും നൊന്തു
അതറിയിക്കാതെ അവൾ പറഞ്ഞു

ടോ…….പൊട്ടാ സെന്റീ സീനൊന്നു മാറ്റി പിടിക്ക്
അവൾ പറഞ്ഞത് ശ്രദ്ധിക്കാതെ നില്ക്കുന്നതു കണ്ടിട്ട് ശുണ്ഠിയോടെ കല്യാണി ചോദിച്ചു

തല്ലുകൊള്ളി എന്താ ഈ ആലോചിച്ചു കൂട്ടുന്നത്

ഇവിടിങ്ങനെ കിടന്നു മടുത്തു
പട്ടാള ചിട്ടയോടെ വെളുപ്പിന് നാലു മണി മുതൽ തുടങ്ങുന്ന അങ്കമാ തിരുമ്മൽ ധാര പിഴിച്ചിൽ നസ്യം കയ്പേറിയ കഷായങ്ങൾ പോരാഞ്ഞിട്ട് മൂന്ന് നേരവും ഔഷധകഞ്ഞി

എന്റെ ഈ നാക്കുണ്ടല്ലോ ഇനി ഒന്നിനും കൊള്ളില്ല

നാട്ടിൽ പോണം പഴയ പോലെ വേണു ചേട്ടനുമൊക്കെയായി ചേർന്ന്…..
അത്രയും പറഞ്ഞ് സൂര്യൻ കല്യാണിയെ നോക്കി
അവളുടെ മുഖം അരിശത്താൽ ചുവക്കുന്നതു കണ്ട് അവൻ കുസൃതിയാൽ ചിരിച്ചു.

എന്താടോ ബാക്കി കൂടി എഴുന്നള്ളിക്കാത്തത്
അവന്റെ കൈയ്യിൽ നിന്നുള്ള പിടി വിടുവിച്ച് ഏണിന് കൈ കൊടുത്ത് കല്യാണി അവനെ നോക്കി ദഹിപ്പിച്ചു.

“വേണുച്ചേട്ടനുമായി ചേർന്ന് എന്ത് ഒലക്കയാ ചെയ്യാൻ പോകുന്നേ….??

അവളുടെ കുറുമ്പ് കണ്ട് അവൻ പൊട്ടിച്ചിരിച്ചു.
അല്ലെടി….. ചട്ടമ്പി… പണ്ടത്തേപ്പോലെ കുറച്ച് പിടിപ്പിച്ച് പാതിരാവുവരെ പാട്ടും പാടി ആകാശത്തിൽ പാലൊളി തൂകുന്ന ചന്ദ്രനേയും നക്ഷത്രങ്ങളേയും നോക്കി അങ്ങനെ ബോധമില്ലാണ്ട് ഒഴുകി നടക്കണം
ഹാ…….എന്താ…. അന്തസ്സ്….

എന്നാ പിന്നെ നാട്ടുകാരുടെ തല്ലു കൂടി കാര്യപരിപാടിയിൽ ഉൾപ്പെടുത്തണം
അവരും കുറച്ചു നാളായി കൈക്കൂ പണിയില്ലാതെ ഇരിക്കുവല്ലേ
കല്യാണി അവനെ കളിയാക്കി കൊണ്ട് പറഞ്ഞു.

പിന്നെ സൂര്യൻ ഭാഗ്യവാനാ നാട്ടിൽ നിന്ന് കിട്ടിയില്ലെങ്കിലും ഇവിടുന്ന് കിട്ടുന്നുണ്ടല്ലോ കല്യാണി ഒന്നുകൂടി അവനെ കൊള്ളിച്ചു പറഞ്ഞു

ഇവിടെ ആരുടെ കൈയ്യിൽ നിന്നാടി ഞാൻ തല്ലുവാങ്ങിച്ചത് സൂര്യൻ അവളെ നോക്കി കണ്ണൂരുട്ടിക്കൊണ്ട് ചോദിച്ചു

ഓയ്….. ദിവസവും ചവിട്ടി തിരുമ്മലും ഉഴിച്ചിലും പിഴിച്ചിലും ആണല്ലോ നല്ല മല്ലൻമാരേ പോലിരിക്കുന്ന വൈദ്യൻമാരുടെ കൈയ്യിൽ നിന്ന് വാങ്ങിച്ചു കൂട്ടുന്നത്.

ടി പുല്ലേ ഓവറാകല്ലേ….
എന്റെ മോളിങ്ങു വരട്ടെ അതിനു ശേഷം നമ്മൾ മുഖാമുഖം വീണ്ടും കാണും കേട്ടോടി ചട്ടമ്പി…..
ആ കണ്ണുകളിലെ വഷളനെ തിരിച്ചറിഞ്ഞതും
അലമ്പ് മോഡ് ഓണായല്ലോ ദൈവമേ കല്യാണി ആത്മഗതിച്ചു

അവളൊന്നും മിണ്ടാതെ പാരിജാതത്തിന്റെ ചുറ്റും കെട്ടിയിരുന്ന സിമന്റ് തറയിൽ ഇരുന്നു.

പ്രണയത്താൽ തുളുമ്പുന്ന ഗന്ധമാണ് ….പാരിജാതത്തിൽ

അടിമുടി കുഞ്ഞുകുഞ്ഞു വെളുത്ത പൂങ്കുലകൾ വാരിച്ചൂടി നില്ക്കുന്ന പാരിജാത വൃക്ഷത്തെ മതിവരാതെ നോക്കിയിരുന്നു കല്യാണി ,…..

പാരിജാതം അല്ലെങ്കിലും പ്രണയത്തിൻ പര്യായമാണല്ലോ സൂര്യൻ പ്രണയാതുരയോടെ അവളെ നോക്കി….
അതെങ്ങനെയാ സൂര്യാ…..
കല്യാണി കണ്ണൂ മിഴിച്ചു….

ശ്രീകൃഷ്ണൻ ഇന്ദ്രനോട് യുദ്ധം ചെയ്ത് തന്റെ പ്രണയിനി ആയ സത്യഭാമയ്ക്ക് നേടി കൊടുത്തതല്ലേ പാരിജാതം.
അല്ലെങ്കിലും പ്രണയം തലയ്ക്കുപിടിച്ചാൽ ദേവനെന്നോ മനുഷ്യനെന്നോ ഉണ്ടോ

മുണ്ടും മടക്കി കുത്തി അങ്ങ് ഇറങ്ങുവല്ലേ….

സൂര്യൻ കല്യാണിയുടെ പിടയക്കുന്ന കൺപീലികളെ നോക്കി കൊണ്ടാണ് അതു പറഞ്ഞത്
കുറേ നാളുകൾക്കുശേഷം ആ കണ്ണുകളിൽ വിരിയുന്ന പ്രണയത്തെ നേരിടാനാവാതേ കല്യാണി മിഴികൾ താഴ്ത്തി.

എങ്ങോട്ട് ഇറങ്ങുന്ന കാര്യമാ രണ്ടും കൂടിചർച്ച…..
സായന്തന അവരുടെ അടുത്ത് വന്ന് ചോദിച്ചു.
സൂര്യൻ സായന്തനയെ ശ്രദ്ധിക്കുകയായിരുന്നു
നിഷ്കളങ്കയായ പെൺകുട്ടി
ആഭ്യന്തരമന്ത്രിയുടെ മകളാണെന്ന ഭാവമില്ലാതെ സാധാരണക്കാരിൽ സാധാരണക്കാരിയായി പെരുമാറുന്ന പെൺകുട്ടി.

പ്രണയമാണ് വിഷയം മോളേ….
പാരിജാതത്തിന്റെ ചുവട്ടിൽ ഇരുന്നപ്പോൾ സംസാരത്തിൽ പ്രണയം കടന്നുവന്നു. കല്യാണി ചിരിച്ചു കൊണ്ട് പറഞ്ഞു.

പ്രണയത്തെ കുറിച്ചു കേട്ടപ്പോൾ സായന്തയുടെ മുഖത്ത് ചുവപ്പ് രാശി മിന്നി തെളിഞ്ഞു.
അവളുടെ ഓർമ്മകളിൽ അഗ്നിയുടെ പരിഭവം നിറഞ്ഞ മുഖം ആയിരുന്നു.

അമ്മായി വിളിച്ചിരുന്നു സൂര്യൻ സായന്തനയേ ശ്രദ്ധിച്ചു കൊണ്ടാണ് അതു പറഞ്ഞത്
ആഹാ…. ആര്… അഗ്നിയുടെ അമ്മയോ
കല്യാണി അവനോട് എടുത്ത് ചോദിച്ചു.
അഗ്നിയുടെ പേരു കേട്ടതും സായന്തനയുടെ കണ്ണുകളൊന്നു പിടഞ്ഞു വല്ലാത്തൊരു പരവേശം നിറഞ്ഞു
അതേടീ…. ആ മുതല് അവിടെ ഭയങ്കര പ്രശ്നം ഉണ്ടാക്കുകയാ ഓഫീസിലൊന്നും പോകാതെ റൂമിൽ ഇരിക്കുകയാ

ചെക്കന് അല്ലേലും കുറച്ച് വാശി കൂടുതലാ
ആഗ്രഹിക്കുന്നതെല്ലാം കൈയ്യിൽ കിട്ടണമെന്നു വിചാരിച്ചാൽ നടക്കുമോ
അവിടെ മൗനവൃതമോ നിരാഹാരാവൃതമോ ആണെന്നൊക്കെയാ കേട്ടത് സൂര്യൻ സായന്തയെ ഒന്നു പാളി നോക്കി

സായന്തനയുടെ ശരീരമാകെ പരിഭ്രമത്താൽ വിയർത്തു
ഹൃദയത്തിൽ ഒരു നോവ് പടരുന്ന പോലെ
ദൂരെ തന്നെ മാത്രം നിനച്ചിരിക്കുന്ന ആളുടെ അരികിൽ ഓടിയെത്താൻ വെമ്പുന്ന പോലെ
ഇതുവരെ ആരോടും തോന്നാത്ത എന്തോ….. ആ ആളിൽ കണ്ടെത്തിയ പോലെ.…….
ഇതാണോ പ്രണയം
ആളെ ഓർക്കുന്ന മാത്രയിൽ
ഇതൾ വിരിയുന്ന ഹൃദയ തുടിപ്പ്
ആളുടെ ശബ്ദം കേട്ടാൽ
പലവർണ്ണങ്ങളിലുള്ള ചിത്രശലഭങ്ങൾ ചുറ്റും പാറി പറക്കും
അടുത്തു വന്നാൽ താൻ ഇത്ര കാലം കാത്തിരുന്ന ആൾ തന്റെ അരികിൽ എത്തിയ പോലെ
ആ നിമിഷം ആ ആളിൽ അലിഞ്ഞില്ലാതാകാൻ തോന്നും

പ്രണയത്തെ തിരയുന്ന ആ കണ്ണുകളിൽ ഒളിച്ചിരിക്കാൻ ഹൃദയം മെല്ലെ കാതിൽ ചൊല്ലുന്നതുപോലെ…..

മിഴികളിൽ ഉരുണ്ടു കൂടിയ നീർമുത്തുകളെ ഉതിർന്നു വിഴാൻ സമ്മതിക്കാതെ അവൾ മുഖം തുടച്ച് അവരോടൊന്നും സംസാരിക്കാതെ അവിടെ നിന്ന് നടന്നകന്നു.

നമ്മുടെ കൊച്ചൻ മിടുക്കനാ അല്ലേടി….. സൂര്യൻ ചിരിച്ചോണ്ട് സായന്തനയുടെ പോക്കുകണ്ടോണ്ട് കല്യാണിയോട് പറഞ്ഞു.

ഇയാളെന്തൊക്കെയാ ഈ വള വളാന്നു പറയുന്നത്

സായന്തനയ്ക്ക് അഗ്നിയോട് പ്രണയമാണെന്ന്……”
അവളുടെ മുഖത്ത് തെളിഞ്ഞു കാണാം….
നീ തല്ക്കാലം ഇതൊന്നും അഗ്നിയോട് എഴുന്നള്ളിക്കേണ്ട രണ്ടും കുറച്ച് വിരഹിക്കട്ടെ എങ്കിലേ പ്രണയത്തിന് തീവ്രതയുണ്ടാകൂ
കല്യണിയെ ചേർത്തുപിടിച്ചു കൊണ്ട് റൂമിലേക്ക് നടന്നു.

സൂര്യന്റെ ചികിത്സ പരിസമാപ്തിയിലെത്തി.
അവൻ പൂർണ്ണാരോഗ്യവാനായി മാറി
സൂര്യന് തിരിച്ച് വീട്ടിലേക്ക് പോകാമെങ്കിലും കല്യാണിയുടെ പ്രസവം കഴിഞ്ഞേ ഇനി നാട്ടിലേക്കുള്ളൂ എന്നു തീരുമാനിച്ചു.
പ്രസവം അടുത്തു വരും തോറും കല്യാണി വളരെ ക്ഷീണിതയായി കാണപ്പെട്ടു

ഒരു കൊച്ചുകുഞ്ഞിനെ കൊണ്ടു നടക്കുന്നതുപോലെ അവളെ പരിചരിക്കുകയായിരുന്നു. അവൾക്ക് ഉറക്കമില്ലാതെ രാത്രികളിലൊക്കെ കാലു കടച്ചിലുമായി ഉണർന്നു കിടക്കുമ്പോൾ കാലുതിരുമ്മി കൊടുത്തുകൊണ്ട് അവൻ കൂട്ടിരുന്നു.
ആഹാരം കഴികുമ്പോൾ വല്ലാതെ ശ്വാസം മുട്ടുമായിരുന്നു.
ശാസിച്ചും പിണങ്ങിയും അവൾക്ക് ഭക്ഷണം വാരിക്കൊടുത്തിരുന്നു.
കുഞ്ഞിനെ ഉദരത്തിൽ വഹിക്കുമ്പോൾ മുതൽ ഒരമ്മയുടെ ത്യാഗത്തിന്റെ തപസ്സ് ആരംഭിക്കുകയാണ്. തന്റെ കുഞ്ഞിനേയും അമ്മയേയും അതിവ കരുതലോടെ നോക്കൂന്ന ഓരോ അച്‌ഛൻമാരും ശരിക്കും പുണ്യജന്മങ്ങളാണ്.
ചെറിയ വേദന തോന്നിയപ്പോൾ തന്നെ കല്യാണിയെ ചികിത്സാലയത്തിലേക്ക് മാറ്റി…..

സൂര്യൻ നീറുന്ന നെഞ്ചകത്തോടെ പുറത്ത് കാത്തിരുന്നു.
വേദന ഉച്ഛസ്ഥായിൽ നിന്ന് അലറിക്കരഞ്ഞവൾ ശ്വാസം നിലയ്ക്കുന്ന പോലെ വേദനയുടെ കാഠിന്യം ഏറിക്കൊണ്ടിരുന്നു.
ഒടുവിൽ തന്റെ ഓമനയ്ക്കു ജന്മം നല്കി. കൊണ്ടവൾ തളർന്ന് കിടന്നു.

കല്യാണി പെൺകുഞ്ഞിന് ജന്മം നല്കി അമ്മ എന്ന പവിത്ര ബന്ധത്തിനാൽ ജന്മ സാഫല്യം നേടി.

മാറോടു ചേർന്നു കിടന്ന തന്റെ ജീവനെ തഴുകുമ്പോൾ താനിതുവരെ അനുഭവിച്ച വേദനയെ നിഷ്ഫലമാക്കിക്കൊണ്ട് അവളെന്നു പുഞ്ചിരിച്ചു.
പുറത്ത് അക്ഷമയോടെ നില്ക്കുന്ന സൂര്യന്റെ കൈകളിലേക്ക് കുഞ്ഞിനെ കൊടുക്കുമ്പോൾ വിറയ്ക്കുന്ന കരങ്ങളോടെ അവൻ ഏറ്റുവാങ്ങി.
സൂര്യന്റെ മകൾ…..
തേജസ്വിനി
ആ നെറുകയിൽ ചുണ്ട് ചേർക്കുമ്പോൾ ഒരിറ്റു കണ്ണുന്നീർ ആ കുഞ്ഞിളം മേനിയെ നനയിച്ചു
അവൻ ആദ്യം തിരക്കിയത് കല്യാണി സുഖമായിരിക്കുന്നോ എന്നാണ്
അവളെ റൂമിലേക്ക് മാറ്റിയപ്പോൾ
കുഞ്ഞിനേയും എടുത്ത് കല്യാണിയെ നെഞ്ചോടു ചേർക്കുമ്പോൾ ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവാൻ താനാണെന്നു തോന്നി.
ഇതിനിടയിൽ നീലാംബരിയും സുമംഗലയും കാത്തുവും അനീഷും ഗൗതമിയും എല്ലാം കുഞ്ഞിനെ കാണാൻ എത്തിയിരുന്നു.

നീണ്ട ആശുപത്രിവാസത്തിനു ശേഷം സൂര്യനും കല്യാണിയും തങ്ങളുടെ പൊന്നോമനയും ആയി പർണ്ണശാലയിലേക്ക് യാത്ര ആകുകയാണ്.
പോകുന്നതിന് മുൻപ് സൂര്യനും കല്യാണിയും ആചാര്യൻ ഋഷികേശിനെ തൊഴുകൈകളോടെ വണങ്ങി….
അങ്ങ് ഞങ്ങൾക്ക് ദൈവമാണ് ഈ ജന്മം മുഴുവൻ……ജീവിതം തിരിച്ചു നല്കിയ വൈദ്യമഠത്തോടും അങ്ങയോടും കടപ്പെട്ടിരിക്കുന്നു. സൂര്യൻ പറഞ്ഞു

ഇനിയും ചെയ്യാൻ കുറച്ചു കർമ്മൾ കൂടി ബാക്കിയുണ്ട് അല്ലേ….
ആചാര്യൻ ഋഷികേശ് അതും പറഞ്ഞ് സൂര്യനെ നോക്കി പുഞ്ചിരിച്ചു.
എനിക്ക് സൂര്യനോട് പറയാൻ ഗീതയിൽ ശ്രീകൃഷ്ണൻ അർജ്ജുനനോട് പറഞ്ഞ കാര്യങ്ങളാണ്.

“സംഭവിച്ചതെല്ലാം നല്ലതിന്, ഇനി സംഭവിക്കാൻ പോകുന്നതും നല്ലതിന്,

നഷ്ടപ്പെട്ടതിനെ ഓർത്ത്‌ എന്തിനു ദു:ഖിക്കുന്നു? നഷ്‌ടപ്പെട്ടത് എന്തെങ്കിലും നീ കൊണ്ടുവന്നതാണോ?

നശിച്ചത് എന്തെങ്കിലും നീ സൃഷ്‌ടിച്ചതാണോ? നീ നേടിയതെല്ലാം നിനക്ക്‌ ഇവിടെനിന്ന് ലഭിച്ചതാണ്.
ഇന്നു നിനക്കുള്ളതെല്ലാം ഇന്നലെ മറ്റാരുടേതോ ആയിരുന്നു.

നാളെ അതു മറ്റാരുടേതോ ആകും. മാറ്റം പ്രകൃതിനിയമം ആണ്.” –

നമ്മില്‍ നിക്ഷിപ്തമായിരിക്കുന്ന കര്‍മ്മം സത്യസന്ധമായും കൃത്യതയോടെയും ചെയ്യുക.

ഒരു യോഗിയെപ്പോലെ സൂര്യനെ നോക്കി പുഞ്ചിരിച്ചിട്ട് തിരിഞ്ഞു നടന്നു.
ആ തേജസ്വിയായ രൂപം കണ്ണിൽ നിന്ന് മറയുന്നതുവരെ അവർ നോക്കി നിന്നു.

അഗ്നിയാണ് അവരെ കൂട്ടീട്ടു പോകാൻ വന്നത് അതും സൂര്യൻ നിർബന്ധിച്ചതുകൊണ്ട് വന്നു എന്നു മാത്രം
അഗ്നി സായന്തനയെ കുറിച്ച് സൂര്യനോടോ കല്യാണിയോടോ ഒന്നും ചോദിച്ചില്ല. അവർ റെഡിയാകുന്നതുവരെ
കുഞ്ഞിനെ മടിയിലിരുത്തി കളിപ്പിച്ചു കൊണ്ടിരുന്നു.

കല്യാണി ഇടയ്ക്ക് സായന്തനയെ കണ്ടില്ലല്ലോന്ന് സൂര്യനോട് ചോദിക്കുകയും ചെയ്തു
എന്നാൽ അഗ്നി അതൊന്നും ശ്രദ്ധിച്ചതേയില്ല.
അന്തേവാസികളോടെല്ലാം യാത്ര പറഞ്ഞ് സൂര്യൻ കല്യാണിയും കുഞ്ഞുമായി കാറിൽ കയറി
അഗ്നി വണ്ടി എടുത്തു

വൈദ്യമഠത്തിന്റെ കവാടത്തിൽ അവരെ കാത്തെന്നപോലെ സായന്തന നില്പുണ്ടായിരുന്നു.
അവളെ കണ്ടതും അഗ്‌നി വണ്ടിയൊന്നു സ്ലോ ചെയ്തു
അഗ്നി അവളെയൊന്നു നോക്കി വണ്ടി മുന്നോട്ടെടുത്തു

അഗ്നിദേവൻ വണ്ടി ഒന്നു നിർത്തു….
സായന്തന വിളിച്ചു കൂവി
അഗ്നി വണ്ടി സൈഡിലേക്ക് ഒതുക്കി നിർത്തിയിട്ട് ചാടിയിറങ്ങി
കല്യാണി അന്ധാളിച്ച് സായന്തനനേയും അഗ്നിയേയും നോക്കി
സൂര്യൻ ഊറിച്ചിരിച്ചു കൊണ്ട് കുഞ്ഞിനെ കളിപ്പിച്ചോണ്ടിരുന്നു.

എന്താടി ഇനി എന്താ നിനക്കുവേണ്ടത്
അപ്പോ നിനക്ക് നാക്കൊക്കെയുണ്ട്
അഗ്നിയെ മിണ്ടാപൂച്ച…..കുറെ വട്ടം കറക്കിയില്ലേ….????
മതിയായി കൊച്ചേ…..???
നീ ആഭ്യന്തരമന്ത്രിയുടെ മോളായതു കൊണ്ട് പേടിച്ചു പോകുന്നതല്ല
നിന്റെ മനസ്സിൽ ഞാനില്ലാത്തതു കൊണ്ട്……
അതുകൊണ്ടു മാത്രം…..
അവന്റെ ശബ്ദമൊന്ന് ഇടറി
അഗ്നി ഇനി യാതൊരു ശല്യത്തിനു വരില്ല….
എന്നാ പിന്നെ സലാം
അവൻ തിരിഞ്ഞ് വണ്ടിയിലോട്ട് കയറാനായി നടന്നു.

പിണങ്ങാതെ അഗ്നി ദേവാ….
താനല്ലേ പറഞ്ഞത് ഞാൻ കൂടെയില്ലെങ്കിൽ തനിക്ക് വെളിവും വെള്ളിയാഴ്ചയുമില്ലെന്ന്
തെക്കോട്ടു പോകാനിറങ്ങിയാൽ വടക്കോട്ടു പോകുമെന്ന്
എന്നാലിനി നമ്മുക്കൊരുമിച്ച് പോയാലോ
തന്റെ കൂടെ ഏതു പാതാളത്തിലും വരാൻ തയ്യാറാന്നേ..
തന്നെ….. തന്നെ….. തന്റെ…. സ്നേഹത്തെ….. നഷ്ടപ്പെടുത്താൻ വയ്യെടോ…..
സായന്തന അതും പറഞ്ഞ് പൊട്ടിക്കരഞ്ഞു.

അഗ്നി കേട്ടതൊന്നും വിശ്വസിക്കാതെ ….. നിശ്ചലനായി നിന്നു
പിന്നെ പരിസരം മറന്ന് അവളുടെ അടുത്തേക്ക് ചെന്ന് അവളെ വാരിപ്പുണർന്നു. നെറ്റിയിലും . കവിളിലും പിന്നെ ചുണ്ടിലും ചുംബനങ്ങൾ കൊണ്ട് മൂടി…..
അയ്യേ…. നാണമില്ലാത്ത ചെക്കൻ
കല്യാണി മുഖം പൊത്തി

ടാ…. മതീടാ കൊച്ചിനെ വിടെടാ
സൂര്യൻ ഒച്ചയെടുത്തു
അഗ്നിക്കപ്പോളാണ് വീണ്ടുവിചാരം വന്നത്

ഒന്നു പോയേപ്പാ എന്റെ കൊച്ചിനെയല്ലേ ഉമ്മിച്ചത് താൻ കണ്ണുപൊത്തിയിരിക്ക്
അഗ്നി ചമ്മൽ മറയ്ക്കാൻ സൂര്യനോട് കലിപ്പിച്ചു.
സായന്തനയാണേൽ അഗ്നിയുടെ പെട്ടെന്നുള്ള പ്രവർത്തിയിൽ സ്തംഭിച്ചു നില്ക്കുകയാണ്

സൂര്യാ….നിങ്ങളു വിട്ടോടാ ഞാനിവിടെ കൂടിക്കോട്ടെ…..
അഗ്നി സായന്തനയേ നോക്കിക്കൊണ്ട് സൂര്യനോട്‌ പറഞ്ഞു

അയ്യോ പൊന്നു മോൻ അങ്ങനങ്ങ് പഞ്ചാരിക്കണ്ട
കേറെടാ….. കള്ള കാമുകാ……
സൂര്യൻ ചിരിച്ചോണ്ട് പറഞ്ഞു.

പോകാൻ ഒട്ടും മനസ്സില്ല കൊച്ചേ
നിന്റെ നമ്പറൊന്നു കിട്ടിയിരുന്നെങ്കിൽ….
സൂര്യേട്ടന്റെ കൈയ്യിൽ നിന്ന് വാങ്ങിച്ചോളൂ
ഇപ്പോഴിവിടെ അരങ്ങേറിയ നാടകത്തിന്റെ തിരക്കഥയും സംവിധാനവും അദ്ദേഹമാണ്
സായന്തന അഗ്നിയോട് പറഞ്ഞു.
ഇതൊക്കെ എപ്പോ…..
അഗ്നി മാത്രമല്ല കല്യാണിയും വാ പൊളിച്ചു. അവളും ഇതൊന്നും അറിഞ്ഞിരുന്നില്ല.
ടാ…..സാമദ്രോഹി നീ കൂടി ചേർന്നോണ്ടാ എന്നെ പറ്റിച്ചതല്ലേ….
അഗ്നി സൂര്യനെ നോക്കി മുരണ്ടു

എന്നാലിനി അഗ്നിദേവൻ ചെല്ല്…..
സായന്തന അഗ്നിയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
അവൻ തലയാട്ടിക്കൊണ്ട് ഡ്രൈവിങ് സീറ്റിലേക്ക് കയറി
വണ്ടിയെടുക്കുന്നതിന് മുൻപ് ഒന്നൂടി അവളെ നോക്കി ചിരിച്ചു.
വണ്ടി കണ്ണിൽ നിന്ന് മറയുന്നതുവരെ സായന്തന അവിടെ തന്നെ നിന്നു.

പർണ്ണശാലയിലേക്കുള്ള സൂര്യന്റെ വരവും കാതോർത്ത് അവനേറ്റവും വേണ്ടപെട്ടൊരാൾ കാത്തിരിക്കുകയാണ്……
ഇനി ആ ആളിലൂടെയാണ് സൂര്യന്റെ ജീവിതം മുന്നോട്ട് പോകുന്നത്…..”
തുടരും
ബിജി

സൂര്യതേജസ്സ് …… രണ്ടു പാർട്ടുകൾ കൂടി മാത്രം….
സൂര്യൻ തിരിച്ചു വന്നു. അഗ്നിയും സായന്തനയും സെറ്റായി സൂര്യനും കല്യാണിയും കുഞ്ഞും
ഇനി കുറച്ചു കാര്യങ്ങൾ കൂടി
ഇത്ര ദിവസവും ലൈക്കിലൂടെയും കമന്റിലൂടെയും സപ്പോർട്ടു ചെയ്ത എന്റെ സുഹൃത്തുക്കളോട് സ്നേഹം സ്നേഹം …..തുടർന്നും പ്രതീക്ഷിച്ചു കൊള്ളുന്നു….അപ്പോൾ അഭിപ്രായങ്ങൾ തുറന്നു പറഞ്ഞോളൂ…..

സൂര്യതേജസ്സ് : ഭാഗം 1

സൂര്യതേജസ്സ് : ഭാഗം 2

സൂര്യതേജസ്സ് : ഭാഗം 3

സൂര്യതേജസ്സ് : ഭാഗം 4

സൂര്യതേജസ്സ് : ഭാഗം 5

സൂര്യതേജസ്സ് : ഭാഗം 6

സൂര്യതേജസ്സ് : ഭാഗം 7

സൂര്യതേജസ്സ് : ഭാഗം 8

സൂര്യതേജസ്സ് : ഭാഗം 9

സൂര്യതേജസ്സ് : ഭാഗം 10

സൂര്യതേജസ്സ് : ഭാഗം 11

സൂര്യതേജസ്സ് : ഭാഗം 12

സൂര്യതേജസ്സ് : ഭാഗം 13

സൂര്യതേജസ്സ് : ഭാഗം 14

സൂര്യതേജസ്സ് : ഭാഗം 15

സൂര്യതേജസ്സ് : ഭാഗം 16

സൂര്യതേജസ്സ് : ഭാഗം 17

സൂര്യതേജസ്സ് : ഭാഗം 18

സൂര്യതേജസ്സ് : ഭാഗം 19

സൂര്യതേജസ്സ് : ഭാഗം 20

സൂര്യതേജസ്സ് : ഭാഗം 21

സൂര്യതേജസ്സ് : ഭാഗം 22