സൂര്യതേജസ്സ് : ഭാഗം 22
നോവൽ
******
എഴുത്തുകാരി: ബിജി
ഞാൻ അഗ്നി…. അഗ്നിദേവ്
എനിക്ക് നിന്നെ ഇഷ്ടമാണ് ചുമ്മാ തോന്നിയ ഇഷ്ടമല്ല ഇതുവരെ ഒരു പെണ്ണിനോടും തോന്നാത്തൊരിഷ്ടം
കൂടെ വേണമെന്നു തോന്നി
വീട്ടുകാരോടു വന്ന് സംസാരിക്കാം
അത് പറഞ്ഞതും അവൻ അവളുടെ കൈവിട്ട് തിരിഞ്ഞു നടന്നു……”
സായന്തന അഗ്നി പോകുന്നതും നോക്കി നിന്നു.
***********
സേതുനാഥ് കുറച്ചു നാളുകളായി ശാരീരകമായും മാനസീകമായും നന്നേ തളർന്ന അവസ്ഥയിലാണ്
ജീവിതത്തിലെ ഓരോ നിമിഷങ്ങളിലും തന്നെ പിൻതുടരുന്ന മുഖം
അഭയൻ……
തന്റെ കളിക്കൂട്ടുകാരൻ
അതിലുപരി മനസാക്ഷി സൂക്ഷിപ്പുകാരൻ,
അഭയൻ എനിക്കു മാത്രം പ്രീയപ്പെട്ടവൻ അല്ല നാടിന്റെ സ്വത്ത്…..
മൺപാത്രനിർമ്മാണം കുലത്തൊഴിലായി കൊണ്ടു നടക്കുന്നവരായിരുന്നു അഭയന്റെ കുടുംബം
പാരമ്പര്യമായി കിട്ടിയ വീടും കുറച്ചു നിലവും ഒഴിച്ചാൽ വേറെ സ്വത്തുവകകളൊന്നും ഇല്ല.
അഭയന് പഠനത്തിൽ സമർത്ഥനായതിനാൽ കോളേജ് വിദ്യാഭ്യാസം നേടീ
പിന്നിട് മുഴുവൻ സമയവും നിർദ്ധനർക്കും നിരാലമ്പർക്കും വേണ്ടി അവരിലൊരാളായി നിലകൊണ്ടു.
എവിടെന്തു പ്രശ്നമുണ്ടായാലും അതിനുപരിഹാരം കാണാനായി അഭയൻ മുന്നിലുണ്ടാവും
അതിപ്പോൾ കുടിവെള്ളത്തിനുള്ള പ്രശ്നമായാലും കുടുംബ പ്രശ്നമായാലും അഭയൻ ഉണ്ടെങ്കിലേ തീർപ്പുള്ളു എന്ന നിലയിലേക്ക് അഭയൻ ആ നാട്ടുകാർക്ക് പ്രീയപ്പെട്ടവനായി മാറി
ഒരു രാഷ്ട്രിയപാർട്ടികളിലും ഇല്ലെങ്കിലും എല്ലാ പാർട്ടിക്കാരുടെ ഇടയിലും അഭയൻ സമ്മതനായിരുന്നു. പാർട്ടിക്കാർ തങ്ങളുടെ പാർട്ടിയിൽ മത്സരിക്കാൻ അഭയനെ നിർബന്ധിക്കുമായിരുന്നു.
എന്നാൽ അഭയൻ അവരെ പിണക്കാതെ ഒഴിഞ്ഞുമാറുമായിരുന്നു.
സ്ഥാനമാനങ്ങൾക്ക് വേണ്ടിയല്ല ജനങ്ങളുടെ ഇടയിൽ അവരിൽ ഒരാളായി നില്ക്കുന്നത്.
ആരെയും സ്നേഹിക്കാൻ മാത്രമേ അഭയന് അറിയുമായിരുന്നുള്ളു.
പഠിക്കാൻ അത്ര മിടുക്കൊന്നും ഇല്ലാതിരുന്ന സേതുനാഥ് പത്താ ക്ലാസ് കഴിഞ്ഞ് പഠനം നിർത്തി അടുത്തുള്ള പലചരക്കുകടയിൽ മുതലാളിക്കൊരു സഹായി ആയി കൂടി.
സേതുനാഥിന് ജീവിതത്തിൽ മുന്നേറണമെന്നുള്ള ചിന്ത മാത്രമേയുള്ളായിരുന്നു.
അഭയന്റെ കൂടെയുള്ളപ്പോഴുള്ള സംസാരത്തിലത്രയും
താൻ ഒരിക്കൽ കീഴടക്കുന്ന ബിസിനസ്സ് സാമ്രാജ്യത്തെ കുറിച്ചുള്ള സ്വപ്നങ്ങളെ കുറിച്ചായിരുന്നു. സേതുനാഥിന്റെ പേര് ലോകം അറിയണം പണം മുണ്ടെങ്കിലേ സമൂഹം അംഗീകരിക്കൂ എന്നുള്ള ചിന്തയാണ് സേതുനാഥിൽ നിറഞ്ഞുനിന്നത്.
കൂട്ടുകാരന്റെ ചിന്താഗതികളെ അംഗീകരിക്കാൻ കഴിയില്ലെങ്കിലും അഭയൻ സേതുനാഥ് ജീവിതത്തിൽ മുന്നേറുന്നതിന് സപോർട്ടു ചെയ്തിരുന്നു.
അഭയന്റെ വീട്ടിലെ നിത്യസന്ദർശനത്തിനിടയിൽ അഭയന്റെ സഹോദരി ആദി ലക്ഷ്മിയുമായി സേതുനാഥ് പ്രണയത്തിലായി.
ആദി ലക്ഷ്മി തുളസിക്കതിരിന്റെ വിശുദ്ധി നിറഞ്ഞവൾ
ശ്രീത്വം തുളുമ്പുന്ന മുഖം കടഞ്ഞെടുത്ത അംഗലാവണ്യം
സ്നേഹിക്കാൻ മാത്രം അറിയുന്ന പാവം പെണ്ണ്.
കുറച്ചു നാൾ അഭയൻ അറിയാതെ പ്രണയം കൊണ്ടു നടന്നെങ്കിലും പിന്നീട് അഭയനോട് തുറന്നു പറഞ്ഞു
അഭയനു സന്തോഷം മാത്രമാണുണ്ടായത്
തന്റെ ആത്മാർത്ഥ സുഹൃത്തിന് സഹോദരിയെ ഏല്പ്പിക്കുനതിൽ സന്തോഷമേയുള്ളായിരുന്നു.
അങ്ങനെയിരിക്കുമ്പോഴാണ് ടൗണിൽ പലചരക്ക് തുടങ്ങണമെന്നുള്ള ആഗ്രഹം സേതുനാഥിൽ മുളയ്ക്കുന്നത്.
വാടക വീട്ടിൽ കഴിഞ്ഞിരുന്ന സേതുനാഥിനും അമ്മയ്ക്കും സ്വപ്നം കാണുന്നതിനും അപ്പുറമായിരുന്നു.
ചെറുപ്പത്തിലെ അച്ഛൻ മരിച്ചു പോയ സേതുനാഥിനെ അടുത്ത വീടുകളിൽ സഹായിച്ചും കൂലിപ്പണി എടുത്തുമാണ് വളർത്തിയത്.
ദാരിദ്ര്യം നിറഞ്ഞ ജീവിതത്തിൽ അവന്റെ സ്വപ്നങ്ങളിൽ ഒക്കെയും പളപള മിനുന്ന കുപ്പായവും വലിയ കൊട്ടാരം പോലെയുള്ള വീടും തന്റെ ആജ്ഞകളനുസരിക്കുന്ന സേവകരും
ആ പത്രാസിലങ്ങനെ ജീവിക്കണം.
ആദിലക്ഷ്മിയുമായുള്ള ബന്ധം വളർന്ന് മനസ്സുകൾക്കപ്പുറം ശാരീരികമായും അവർ ഒന്നായി
സേതുനാഥിനോടുള്ള പ്രണയത്താലും വിശ്വാസത്താലും മറ്റെല്ലാം അവൾ മറന്നു
കൂട്ടുകാരന് പലചരക്കുകട തുടങ്ങുന്നതിനായി അഭയൻ തന്റെ വീടും സ്ഥലവും പണയപ്പെടുത്തി അവന്റെ ആഗ്രഹം പോലെ ടൗണിൽ തന്നെ പലചരക്കു കട ഇട്ടു കൊടുത്തു.
എന്നായാലും തന്റെ സഹോദരിക്കു താൻ ചെയ്യേണ്ടതല്ലേ
അതിലുപരി ആത്മാർത്ഥ സുഹൃത്തിന് ജീവിതം കരുപിടിപ്പിക്കുന്നതിന് തന്നാലാകുന്നത് ചെയ്യുന്നതിലുള്ള സന്തോഷമായിരുന്നു ആ മുഖത്ത് മുന്നിട്ടുനിന്നത്.
കച്ചവടം കുറേശ്ശെയായി ലാഭം കൈവരിച്ചു കൈയ്യിൽ പണം വന്നുകയറിയപ്പോൾ അതു വിട്ടു കളയാൻ സേതുനാഥനിലെ കുശാഗ്രബുദ്ധിക്കാരൻ മടിച്ചു.
അഭയന്റെ പണം തിരികെ കൊടുക്കാതിരിക്കാൻ വേണ്ടി അഭയന്റെ മുന്നിൽ നാടകം കളിച്ചു
പലചരക്കിൽ നിന്ന് നഷ്ടമേയുള്ളു . ഒരു വിധേനയാണ് ഇത് ഓടിച്ചു കൊണ്ട് പോകുന്നത് താൻ വളരെ കഷ്ടത്തിലാണ് കൂട്ടുകാരന്റെ ചതി അറിയാത്ത അഭയൻ അതുവിശ്വസിച്ചു.
അല്ലെങ്കിൽ കൗശലബുദ്ധിയോടെ സേതുനാഥ് അഭയനെ വിശ്വസിപ്പിച്ചു
കൂട്ടുകാരന്റെ ചതി മനസ്സിലാക്കി വന്നപ്പോഴേക്കും അഭയന് സർവ്വവും നഷ്ടപ്പെട്ടിരുന്നു. വീടും പുരയിടവും നഷ്ടപ്പെട്ട അഭയൻ അച്‌ഛനും അമ്മയും സഹോദരിയുമായി തെരുവിലിറങ്ങേണ്ടിവന്നു.
നല്ലവരായ നാട്ടുകാരുടെ സഹായത്തോടെ പുറമ്പോക്കിൽ ഓലപ്പുര തല്ലിക്കൂട്ടി താമസം ആരംഭിച്ചു. ഇത്രയൊക്കെ ദ്രോഹം ചെയ്തിട്ടും അഭയൻ ഒരിക്കലും തന്റെ കൂട്ടുകാരനോട് പകയോ വിദ്വോഷമോ വച്ചു പുലർത്തിയില്ല.
പക്ഷേ എല്ലാം കൈവിട്ടു പോയി ആദിലക്ഷ്മി ഗർഭിണി ആയി
അഭയൻ സേതുനാഥിനെ ചെന്നുകണ്ട് സഹോദരിയെ വിവാഹം കഴിക്കണമെന്ന് പറഞ്ഞു കുടുംബത്തിന്റെ മാനം കളയരുതെന്ന് അപേക്ഷിച്ചു
എന്തിനും ലാഭം മാത്രം നോക്കുന്ന സേതുനാഥ് ചെറ്റപ്പുരയിൽ കഴിയുന്ന ആദിലക്മിയും അവളുടെ വയറ്റിലെ തന്റെ കുട്ടിയും ബാധ്യത തന്നെ ആയിരുന്നു.
സേതുനാഥ് നിഷ്കരുണം ആദി ലക്ഷ്മിയെ തള്ളിപ്പറഞ്ഞു. അവളുടെ വയറ്റിൽ വളരുന്നത് തന്റെ കുഞ്ഞല്ലയെന്നു യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ പറഞ്ഞു.
ആദിലക്ഷ്മി നാട്ടുകാരുടെ കുത്തുവാക്കുളുടേയും പഴിചാരലിന്റേയും ഇടയിൽ ഒരാൺകുട്ടിക്ക് ജന്മം നല്കി
ഒരിക്കൽ വലിയൊരുവാർത്ത ആ നാട്ടിൽ പരന്നു
നാട് നടുങ്ങി വിറച്ചു….”
അഭയൻ കൊല്ലപ്പെട്ടു……”
സേതുനാഥ് വർഷങ്ങൾക്ക് മുൻപ് നടന്ന കൊടുംക്രൂരതകൾ കൺമുന്നിൽ തെളിഞ്ഞ പോൽ ഞെട്ടി വിറച്ചു.
************
ആലങ്ങോട് വൈദ്യമഠത്തിൽ സൂര്യന്റെയും കല്യാണിയുടെയും ഓരോദിനങ്ങളും നിറവാർന്ന പ്രത്യാശകൾ വാരിച്ചൊരിഞ്ഞ് കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.
മരുന്നു പുരയിൽ സൂര്യനായുള്ള അവസാന ചികിത്സാ വിധികളിലേക്ക് കടന്നു.
ശരീരത്തിലെ ഓരോ അണുവിലേക്കും രക്തചംക്രമണം സുഗമമായി വിന്യസിപ്പിക്കുന്നതിനും പഞ്ചേന്ദ്രിയങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും ഉള്ള ചികിത്സാ മുറകളും സൂര്യനായി കൃത്യതയോടുകൂടി ആചാര്യൻ ഋഷികേശ് ചെയ്തുപോന്നു.
മരുന്നു പുരയിലെ ചികിത്സയ്ക്കുശേഷം ഉഴിച്ചിലിന്റേയും തിരുമ്മലിന്റേയും ആലസ്യത്തിൽ റൂമിലെത്തി സൂര്യൻ മയങ്ങുകയായിരുന്നു. കൂടെ തന്നെ കല്യാണിയും അവനടുത്തായി ചെയറിട്ട് ഇരുന്നു.
സൂര്യൻ പഴയ പ്രഭ തിരിച്ചു കിട്ടിയിരിക്കുന്നു. പഴയ സൂര്യനെക്കാൾ ഉണർവ്വും ആ മുഖത്ത് കാണാം രക്തം തൊട്ടെടുക്കാൻ കഴിയും. പൂർണ്ണാരോഗ്യവാനായി അവനെത്തുന്നതും ആലോചിച്ച് അവനെത്തന്നെ നോക്കി നിന്നു.
ഏഴാ മാസം ആയതിന്റെ തളർച്ച അവളിലും ഗ്രന്ധിച്ചിരുന്നു.
കല്യാണിയുടെ ഗർഭകാല ശുശ്രൂഷയും വൈദ്യമഠത്തിൽ തന്നെയാണ് നോക്കുന്നത്.
ക്ഷീണാധിക്യത്തിൽ അവളും ചെയറിൽ ഇരുന്നു കൊണ്ട് തന്നെ അവന്റെ ബെഡ്ഡിലേക്ക് തലചായിച്ചു.
ആരോ തന്റെ മുടിയിൽ ശക്തിയായി പിടിച്ചു വലിക്കുന്നു വേദന അസഹ്യമായപ്പോൾ അവളുണർന്നു.
സൂര്യന്റെ കൈവിരൽ അവളുടെ മുടിയിൽ മുറുകിയിരുന്നു. സൂര്യാന്നു സന്തോഷത്തോടെ വിളിച്ചെങ്കിലും അതു തൊണ്ടക്കുഴിയിൽ കുരുങ്ങി…..
ഹൃദയം സന്തോഷാധിക്യത്തിൽ കഴച്ചു പൊട്ടുന്ന പോലെ
വെമ്പലോടെയവൾ ഉയർന്ന് അവന്റെ കരങ്ങളെ പിടിച്ചു ചുംബനങ്ങളാൽ മൂടി.
അതിവ ആകാംക്ഷയോടെ സൂര്യനെ നോക്കിയതും സൂര്യൻ നല്ല ഉറക്കത്തിൽ തന്നെയാണ് തന്റെ മുടിയിൽ പിടിച്ചതൊന്ന്യം അവൻ അറിയുന്നുണ്ടായിരുന്നില്ല.
എന്നാൽ മുഖത്തേ പേശികളൊക്കെ വലിഞ്ഞു മുറുകി പല്ലുകളൊക്കെ ദേഷ്യത്തിൽ കടിക്കുന്ന ശബ്ദം കേൾക്കാമായിരുന്നു
അടഞ്ഞിരിക്കുന്ന മിഴികളിലെ കൃഷ്ണമണികൾ ദ്രുതഗതിയിൽ ചലിക്കുന്നത് കല്യാണി നോക്കിയിരുന്നു.
അവൾ അവനെ ഉറക്കത്തിൽ നിന്ന് ഉണർത്താതെ മെല്ല തന്റെ മുടിയിലെ അവന്റെ കൈകളുടെ പിടി വിടുവിച്ചു
സൂര്യൻ ഗാഢമായ നിദ്രയിലേക്ക് ആണ്ടു.
അവന്റെ തലമുടിയിൽ മൃദ്യവായി തഴുകി ആ നെറ്റിയിൽ അവൾ ചുണ്ടു ചേർത്തു.
അവൾ പുറത്തിറങ്ങി ആചാര്യനോട് സൂര്യൻ കൈകൾ ചലിപ്പിച്ചതായി സന്തോഷത്തോടെ പറഞ്ഞു.
ഋഷികേശ് ഒന്നു പുഞ്ചിരി തൂകി
സൂര്യന്റെ കാര്യത്തിൽ പേടിക്കേണ്ടതില്ല. അയാൾ എഴുന്നേൽക്കും അതിനെ തടയാൻ ആർക്കും സാധ്യമല്ല.
“പക്ഷേ….!!
സഹോദരി ഒന്നു സൂക്ഷിക്കുക…”
ഗൗരവത്തിൽ അതും പറഞ്ഞതും ഋഷികേശ് തിരിഞ്ഞു നടന്നു.
കല്യാണി പരിദ്രമിച്ചു ഇനിയെന്ത് ഈശ്വരാ പരീക്ഷണങ്ങൾ അരുതേ.
ആർക്കും ഒന്നും സംഭവിക്കരുതേ കല്യാണി മനമുരുകി പ്രാർത്ഥിച്ചു.
സൂര്യനെ അടുത്ത ദിവസം മരുന്നു പുരയിൽ പ്രവേശിപ്പിച്ചു.
മരുന്നു പുരയിൽ ഹോമകുണ്ഠം എരിയുന്നു
എന്തൊക്കെയോ പൂജകൾ നടക്കുന്നു.
സൂര്യനിൽ തൈലങ്ങൾ ആലേപനം ചെയ്തിരിക്കുന്നു.
നമ്മുടെ ചികിത്സാവിധികൾ പരിസമാപ്തിയിലേക്ക് എത്തുകയാണ്
സൂര്യനെ നോക്കി കൊണ്ടാണ് ഋഷികേശ് അതു പറഞ്ഞത്
ഇപ്പോൾ താങ്കൾക്ക് കൈകാലുകൾ ഉയർത്താനും മടക്കാനും സാധ്യമാവുന്നുണ്ട്.
താമസിക്കാതെ താങ്കൾക്ക് എഴുന്നേറ്റ് നടക്കാനും സാധ്യമാവും അതിനുള്ള ബലം താങ്കൾ ആർജ്ജിച്ചിട്ടുണ്ട് താമസംവിനാ അത് സാധ്യമാകും
ഋഷികേശ് സഹ വൈദ്യൻമാർക്കായി അഷ്ടാംഗഹൃദയത്തിലെ ശ്ലോകം ചൊല്ലി
“ശ്രീമാന്നിര്‍ദ്ധൂതപാപ്മാ വനമഹിഷബലോ വാജിവേഗഃ സ്ഥിരാംഗഃ കേശൈര്‍ ഭൃംഗാഗനീലൈര്‍ മധുസുരഭിമുഖോ നൈകയോഷിന്നിഷേ വീവാങ്‌മേധാധീസമൃദ്ധഃ സുപടുഹുതവഹോ മാസമാത്രോപയോഗാ-ദ്ധത്തേ/സൗ നാരസിംഹം വപുരനലശിഖാ-തപ്തചാമീകരാഭം.”
ഋഷികേശ് സൂര്യനെ നോക്കി കൊണ്ടു പറഞ്ഞു
അതായത് ശ്രീമാനായിട്ടും പാപമില്ലാത്തവനായിട്ടും കാട്ടുപോത്തിന്റെ അത്ര ദേഹബലത്തോടു കൂടിയവനായിട്ടും കുതിരയുടെ വേഗംപോലെ വേഗമുള്ളവനായിട്ടും അംഗപ്രത്യംഗങ്ങള്‍ക്ക് സ്ഥൈര്യമുള്ളവനായിട്ടും കറുത്തിരുണ്ട മുടിയോടുകൂടിയവനായിട്ടും മധുരരസം വായില്‍ ഊറുന്നവനും സുഗന്ധത്തോടുകൂടിയ മുഖമുള്ളവനായിട്ടു വാക്ക്, ബുദ്ധി, മേധ തുടങ്ങിയവ ധാരാളമുള്ളവനായിട്ടും അഗ്‌നിബലമുള്ളവനായിട്ടും ഭവിക്കുമെന്നാണ് മുകളില്‍ പറഞ്ഞ ശ്ലോകത്തിന്റെ സാരം
സൂര്യതേജസ്സ് വർദ്ധിച്ച വീര്യത്തോടു കൂടി എഴുനേൽക്കും മേല്പ്പറഞ്ഞ എല്ലാ ഗുണങ്ങളും തികഞ്ഞവനായി……”
അഗ്നി ഇടയ്ക്കിടയ്ക്ക് വൈദ്യമഠത്തിൽ എത്തുന്നുണ്ടെങ്കിലും സായന്തനയെ കാണാൻ സാധിച്ചിരുന്നില്ല.
സൂര്യന്റെ പുതിയ വിശേഷങ്ങൾ അറിയാൻ അഗ്നിയും അനീഷും എത്തി
വൈദ്യ മഠത്തിന്റെകവാടം കഴിഞ്ഞപ്പോൾ തന്നെ കണ്ടു സായന്തന ഒരു വൃദ്ധയെ കൈയ്യിൽ പിടിച്ച് നടത്തിക്കുന്നത്.
കുറേയായി കാണാതിരുന്നതിനാലാകും അഗ്നിയുടെ മിഴികളിൽ തിളക്കം വന്നു. അവൻ പരിസരം മറന്ന് അവളെ നോക്കി നിന്നു.
മുന്നോട്ടു നടന്ന അനീഷ് അഗ്നിയെ കാണാതെ തിരിഞ്ഞു നോക്കി
അഗ്നി അപ്പോഴേക്കും സായന്തനയുടെ അടുത്തെത്തിയിരുന്നു.
ആ മുഖത്ത് കണ്ണെടുക്കാതെ അഗ്നി വിളിച്ചു.
“ഭസ്മക്കുറി…….. എന്നെ….. എന്നെ…..മറന്നോ കൊച്ചേ….”
ആ വിളി കേട്ടതും അമ്പരപ്പോടെ മുഖം ഉയർത്തി നോക്കി
അഗ്നിയെ കണ്ടതും പരവശത്താൽ മിഴികൾ പിടഞ്ഞു.
ഈ ആൾ അടുത്തു വരുമ്പോൾ മാത്രം എന്തിനാണോ താനിങ്ങനെ വിറയ്ക്കുന്നത്.
അവളുടെ വിറയൽ കണ്ടതും അവനിൽ കുസൃതി നിറഞ്ഞു
അവൻ ഉറക്കെ ചിരിച്ചു.
കൊച്ചേ….. ഈ അഗ്നിദേവിനെ സഹിക്കാൻ തയ്യാറെടുത്തോ…. എന്തായി തീരുമാനം
വേഗം മറുപടി താ…..
എന്റെ വെളിവും വെള്ളിയാഴ്ചയും പോയി കൊച്ചേ
തെക്കോട്ടു പോകേണ്ട ആവശ്യമുണ്ടേൽ വടക്കോട്ടു പോകും
ഇനി ബിസിനസ്സ് മീറ്റിങിന്റെ ഇടയിലാണെങ്കിലോ നിന്റേർമ്മ വന്നാൽ
അടപടലേ എല്ലാം തകരും
ബ്ലിങ്കസ്യാന്നു പറഞ്ഞ് റിലേ പോയി നില്ക്കും.
കൂടെയുള്ളവരുടെ കളിയാക്കലു കേട്ട് മടുത്തു. രാത്രിയിലാണേൽ ഉറക്കമില്ല. എന്തു പണ്ടാരമാണോ
ഇത്
സ്വസ്ഥത പോയി അഗ്നി ഇരു കൈകളുടേയും വിരലുകൾ പിണഞ്ഞ് തലയ്ക്ക് മുകളിലോട്ട് ഉയർത്തി മൂരിനിവർന്നു.
അതെങ്ങനാ ഈ തിരുമുഖം കണ്ണിലങ്ങന്നെ മിന്നുകയല്ലേ….
നിന്റെ സമ്മതം കിട്ടാണ്ട് ശ്വാസം മുട്ടുന്ന പോലുണ്ട്
ചിലപ്പോഴോർക്കും വണ്ടി എവിടേലും ഇടിച്ചു കേറ്റിയിട്ട് ഇവിടെ വന്നു കിടന്നാലോന്ന്
നീയെന്നെ പരിചരിക്കുമല്ലോ
നീയില്ലാണ്ട് പറ്റില്ല കൊച്ചേ
എനിക്കിപ്പോൾ മറുപടി വേണം
അവന്റെ ഉള്ളിൽ തന്നോടുള്ള പ്രണയത്തെ കുറിച്ചു കേട്ട സായന്തനയുടെ മുഖം ചുവന്നുതുടുത്തു.
“ഞാൻ പറഞ്ഞാൽ മതിയോ അഗ്നിദേവാ……”
ആ സംഭാഷണം കേട്ടിടത്തേക്ക് അഗ്നിയും സായന്തനയും നോക്കി
“ആചാര്യൻ ഋഷികേശ്…”
അഗ്നി അമ്പരന്നു. അവൻ ഒന്നും മിണ്ടാതെ നിന്നു
ഋഷികേശ് സായന്തനയേ നോക്കി പറഞ്ഞു ആ അമ്മയേ കുട്ടി ഉള്ളിൽ പൊയ്ക്കൊള്ളു
ഋഷികേശിന്റെ നിർദ്ധേശം കിട്ടിയതും സായന്തന വൃദ്ധയേയും കൂട്ടീ വൈദ്യമഠത്തിനുള്ളിലേക്ക് പോയി
ഇങ്ങേരിനി എന്തു പറയാനാണാവോ അന്തേവാസിയായ പാവം പിടിച്ച ഒരു കൊച്ചിന് ജീവിതം കിട്ടുന്നതിൽ സന്തോഷിക്കുകയല്ലേ വേണ്ടത്
അഗ്നിയുടെ ചിന്ത കൊടുമ്പിരി കൊണ്ടു
അഗ്നി കൂടുതൽ ആലോചിച്ച് തലപുണ്ണാക്കണ്ട.
സായന്തന അവളെ കുറിച്ച് എന്തെങ്കിലും അറിയുമോ……”
എന്തറിയണം ഇനിയിപ്പോ അവളെ സ്നേഹിക്കുന്നതിന് അവളുടെ അധാർ കാർഡ് വേണമെന്നു പറയണോ
അവളെ കുറിച്ച് എല്ലാം അറിഞ്ഞിട്ട് വരുന്നതാണോ പ്രണയം അത് നമ്മളറിയാതെ നമ്മളിൽ നിറയുന്നതല്ലേ
ഒരു നിമിഷം പോരെ പ്രണയം വിരിയാൻ
അഗ്നി…..
ഋഷികേശിന്റെ വിളിയാണ് അഗ്നിയുടെ ചിന്തകൾക്ക് കടഞ്ഞാണിട്ടത്.
സായന്തന സിവിൽ സർവ്വീസിന് പഠിക്കുന്ന കുട്ടിയാണ്.
ഇത്തവണ അഗ്നി ശരിക്കും ഞെട്ടി
ആഭ്യന്തരമന്ത്രി ജയേന്ദ്രവർമ്മയുടെ മകൾ.
തികഞ്ഞു സർവ്വതും തികഞ്ഞു.
അഗ്നി തലയാട്ടി കൊണ്ട് ആചാര്യൻ ഋഷികേശിനോട് ഒന്നും മിണ്ടാതെ അവനെ കാത്തു നിന്ന അനീഷിന്റെ അടുത്തേക്ക് നടന്നു
കണ്ണുകൾ കലങ്ങി നിറഞ്ഞു. അനീഷ് അറിയാതിരിക്കാൻ മുഖം അമർത്തി തുടച്ചു.
അനീഷ് എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ അഗ്നിയുടെ മുഖം മ്ലാനമായിരുന്നു.
സൂര്യൻ അഗ്നിയുടെ മുഖത്തെ നിരാശ കണ്ടിട്ട് ചോദിച്ചു.
എന്താ അഗ്നിദേവാ…….നല്ല ഇസ്തിരിപ്പെട്ടി കൊണ്ട് തേച്ച ലക്ഷണമുണ്ടല്ലോ
ദേ….. സൂര്യാ എനിക്കിത്തിരി ക്ഷീണം തട്ടിയെന്നു വിചാരിച്ച് മാന്തല്ലേ
അഗ്നി കെറുവിച്ചു കൊണ്ട് പറഞ്ഞു
സൂര്യൻ ചിരിച്ചു.
ങാ…..പോട്ടെ
നമ്മുക്ക് വേറെ നോക്കാടാ…..
സൂര്യൻ അഗ്നിയെ നോക്കി ഊറി ചിരിച്ചു കൊണ്ടു പറഞ്ഞു.
ദേ …. ഇങ്ങനെ കിടക്കുവാണെന്നൊന്നും ഓർക്കില്ല ഒറ്റ ചവിട്ടു തരും പറഞ്ഞേക്കാം.
അഗ്നി കൊച്ചുകുട്ടികളെപ്പോലെ പിണങ്ങി മുഖം വീർപ്പിച്ചു നിന്നു.
ആ സമയത്താണ് കല്യാണിയെ കൊണ്ട് സായന്തന അങ്ങോട്ടു വന്നത്
സായന്തനയേ കണ്ടതും അഗ്നി ദേഷ്യത്തിൽ പുറത്തേക്കിറങ്ങി
“ടാ…. അനീഷേ വരുന്നുണ്ടെങ്കിൽ വാ ഞാൻ പോകുവാ….
ശ്ശെടാ ഇവനെക്കൊണ്ടു തോറ്റു
സൂര്യാ ഞാനും പോകുവാടാ
ആ മുതല് എന്നെ വീട്ടിട്ടു പോകും…..
“അനീഷ് സായന്തനയേ നോക്കിട്ടു പറഞ്ഞു
പൊന്നു പെങ്ങളേ ആ സാധനം ഇനി എന്തൊക്കെ ഒപ്പിക്കുമോ
സൂര്യ ജീവനോടെ വീട്ടിലെത്തിയാൽ വിളിക്കാമെടാ അനീഷ് അതും പറഞ്ഞോണ്ട് അഗ്നിയുടെ അടുത്തേക്ക് ഓടി…..
എട്ടാം മാസത്തിന്റെ തുടക്കമായപ്പോഴേക്കും കല്യാണിക്ക് ഗർഭത്തിന്റെ ക്ഷീണം കലശലായി വല്ലാത്ത കിതപ്പും കാലു കടച്ചിലും കാല് നീരുവന്ന് വീങ്ങിയിരുന്നു.
എത്ര ബുദ്ധിമുട്ട് അനുഭവിച്ചാലും സൂര്യനുള്ള ആഹാരം അവളാണ് കൊടുക്കുന്നത്
ഉച്ചയ്ക്കുള്ള ഭക്ഷണം സൂര്യന് കൊടുത്തിട്ട് എഴുന്നേൽക്കുമ്പോൾ
അടിവയറ്റിൽ ഒന്നു കൊളുത്തിപ്പിടിച്ചു.
സൂര്യാ……
അവൾ അലറി വിളിച്ചു.
ശ്വാസം കിട്ടാതെ കണ്ണും തുറിച്ച് കല്യാണി താഴോട്ട് ഇരുന്നു പോയി
“ചട്ടമ്പി…. സർവ്വശക്തിയുമെടുത്ത് അവൻ അലറി വിളിച്ചു
അവന്റെ മുഖത്തെ പേശികളെല്ലാം വലിഞ്ഞു മുറുകി അവൻ കൈകുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു
വിയർത്തു കുളിച്ചവൻ നടുവ് അനക്കാൻ പോലും ആകാതെ കിടന്നു.
കല്യാണിയുടെ കിടപ്പുകണ്ടതും അവൻ ഉറക്കെ വിളിച്ചു……”
“രക്ഷിക്കണേ ആരെങ്കിലും ഒന്നു രക്ഷിക്കൂ……
അവന്റെ കണ്ണുനിറഞ്ഞൊഴുകി
അവൻ സർവ്വശക്തിയുമെടുത്ത് ഉയർന്നു
ശരീരമാകമാനം വെട്ടി വിറച്ചു.
അവൻ എഴുനേറ്റ് ഇരുന്നു
സന്ധികളിലെല്ലാം അസഹ്യമായ വേദന അനുഭവപ്പെട്ടു അതൊന്നു വക വയ്ക്കാതെ അവൻ നിലത്ത് കാലൂന്നി എഴുന്നേറ്റു……
പക്ഷേ വാഴവെട്ടിയിട്ട കണക്കെ അവൻ നിലം പതിച്ചു.
സൂര്യന്റെ നെറ്റി തറയിലിടിച്ച് മുറിഞ്ഞു……”
“അവിടുന്ന് ഇഴഞ്ഞ് കട്ടിലിന്റെ കാലിൽ പിടിച്ച് എഴുന്നേറ്റു നിന്നു
കൈകാലുകളെല്ലാം നടുങ്ങി വിറയ്ക്കുന്നു
അതൊന്നും പ്രശ്നമാക്കാതെ കല്യാണിയുടെ അടുത്തേക്ക് ചുവടു വച്ചു.
വേച്ചു വീഴാൻ പോകുമ്പോഴെല്ലാം തന്റെ രണ്ടു പ്രാണനെ ഓർമ്മിക്കുമ്പോൾ അവൻ തന്റെ ബുദ്ധിമുട്ടുകൾ മറന്നു……
“കല്യാണിയുടെ അടുത്തെത്തി
അവളുടെ തലയെടുത്ത് മടിയിൽ വച്ചു
“മോളേ കണ്ണു തുറക്കെടി…..
എനിക്കിത് കാണാൻ വയ്യെടി….
സൂര്യൻ അവളെ വേഗം ഇരുകൈയ്യാലും താങ്ങി എടുത്തു.
ശരീരമാകമാനം മുള്ളുകുത്തുന്ന വേദന തൊണ്ടയിൽ ഉമിനീർ വറ്റിവരണ്ടു. താൻ വീണാൽ തന്റെ ചട്ടമ്പിയും പൊന്നോമനയും
സർവ്വശക്തിയും സംഭരിച്ച് മുന്നോട്ട് നടന്നു.
ശരീരത്തിന്റെ ബലത്തേക്കാൾ മനസ്സിന്റെ ബലം കൊണ്ടവൻ പുറത്തിറങ്ങി….
അവിടെ നിന്ന് ഉറക്കെ നിലവിളിച്ചു.
“രക്ഷിക്കണേ……. എന്റെ കല്യാണി….”
അന്തേവാസികൾ ഇതു കേട്ട് ഓടിയെത്തി കല്യാണിയെ താങ്ങിയെടുത്ത് അവിടുത്തെ ചികിത്സാ മുറിയിലേക്ക് കൊണ്ടുപോയി…..
“ഇടറുന്ന മനസ്സോടെ ……
നിറഞ്ഞ മിഴികളോടെ…..
സൂര്യൻ നോക്കി നിന്നു.”
തുടരും
ബിജി
ഒരു ദിവസം താമസിച്ചതിന് ആദ്യമെ ക്ഷമ ചോദിക്കുന്നു മനപൂർവ്വമല്ല ഒഴിഞ്ഞുമാറാനാവത്ത കുറച്ചു കാര്യങ്ങളിൽ പെട്ടു പോയി.
നിങ്ങളുടെ സപ്പോർട്ടിനും സ്നേഹത്തിനും ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു. കഥ ഇഷ്ടമാവുന്നുണ്ടോ എനിക്കായി രണ്ടു വരി കുറിക്കൂ