Wednesday, April 24, 2024
Novel

എന്നും രാവണനായ് മാത്രം : ഭാഗം 26

Spread the love

എഴുത്തുകാരി: ജീന ജാനകി

Thank you for reading this post, don't forget to subscribe!

നേരത്തേ ഓഫീസിൽ നിന്നും ഇറങ്ങി. കുറച്ചു മേക്കപ്പ് സാധനങ്ങളും വളയും മാലയും വലിയ ജിമിക്കി കമ്മലും മേടിച്ചിട്ട് ഇറങ്ങുമ്പോഴേക്കും ലേറ്റായി…. രാജിയെ വിളിച്ചു പറഞ്ഞപ്പോൾ അങ്കിൾ വരും വരെ വെയിറ്റ് ചെയ്യാൻ പറഞ്ഞു… കല്ലുവും കൂടെ നിൽക്കാം എന്ന് പറഞ്ഞെങ്കിലും ഞാൻ അവളെ പറഞ്ഞു വിട്ടു…. നേരം ആറര കഴിഞ്ഞിരുന്നു… മഴക്കോള് കാരണം ഇരുട്ട് വീണു കഴിഞ്ഞിരുന്നു… പതിവിലും വിപരീതമായി വഴിയും ബസ്റ്റോപ്പും വിജനമായിക്കിടന്നു.. കുറച്ചു കഴിഞ്ഞപ്പോൾ സ്റ്റോപ്പിൽ ചില അന്യസംസ്ഥാനക്കാർ വന്നു.. അവന്മാർ ചൂളം വിളിയുമായി അവിടെ നിന്ന് കറങ്ങി…..

ചുറ്റിലും ആരെങ്കിലും ഉണ്ടോ എന്ന് നോക്കിയെങ്കിലും നിരാശയായിരുന്നു ഫലം… ഓരോരുത്തന്മാരുടെ നോട്ടം കണ്ടാൽ അപാരതൊലിക്കട്ടിയുള്ള എന്റെ തൊലി വരെ ഉരിഞ്ഞു പോകും എന്ന് തോന്നാതിരുന്നില്ല….. അർജ്ജുനൻ ഫാൽഗുനൻ പാർത്ഥൻ കിരീടി…… ഫോണെടുത്തു ഒന്നൂടെ രാജിയെ വിളിക്കാൻ തുടങ്ങിയതും അത് ചാർജ് തീർന്ന് ഓഫായി…. സുബാഷ്! പേടിച്ചിട്ടാണേൽ കാലും കയ്യും തുമ്പി തുള്ളണുണ്ട്…. ശ്വാസം വലിച്ച് വിട്ട് കൺട്രോൾ ചെയ്തു നിന്നു…. ഇല്ലെങ്കിൽ ചിലപ്പോൾ എന്റെ ബോധം പോയാലോ… അങ്ങനാണേൽ എന്നെ താങ്ങിക്കൊണ്ട് പോകാൻ എളുപ്പമാകും…

ദൈവമേ എന്റെ ചാരിത്ര്യം ചരിത്രമാകാതെ കാത്തോളണേ….. ഇനിയും നിന്നാൽ ശരിയാകില്ല…. പതിയെ ഞാൻ മുന്നോട്ട് നടന്നു… പിന്നാലെ അവരും വന്നു…. ഞാൻ നടത്തത്തിന്റെ വേഗത കൂട്ടി…. അവന്മാരും കൂടെ വെച്ച് പിടിക്കണുണ്ട്…… ലോകത്തിൽ ഉള്ളതും ഇല്ലാത്തതുമായ എല്ലാ ദൈവങ്ങളേയും ഞാൻ വിളിച്ചു… ഇനി ഒരൊറ്റ മാർഗമേയുള്ളൂ….. പൂഴിക്കടകൻ…. വലതുമാറി ഇടതുമാറി ഞെരിഞ്ഞമർന്നു കാലുവാരി കൂമ്പീനിട്ട് ചാടിച്ചവിട്ടി മോന്തയ്ക് കാർക്കിച്ചു തുപ്പി കലി തീർക്കണം എന്നുണ്ട്… അതിന് ചെന്നാൽ അവന്മാരെന്റെ പല്ലിന്റെ എണ്ണം കുറയ്ക്കും എന്നതുകൊണ്ട് അവസാനത്തെ അടവങ്ങെടുത്തു….

എന്താന്നല്ലേ പി.ടി ഉഷയെ വിചാരിച്ചു ഓടിത്തകർത്തു….. പടകൾ പിന്നാലേയുണ്ട്….. ഇരുട്ടായോണ്ട് തന്നെ കല്ലിൽ തട്ടി ദേ കിടക്കുന്നു താഴെ…. ഭാഗ്യത്തിന് മോന്തയ്ക് ഒന്നും പറ്റിയില്ല… കൈയിൽ ഇച്ചിരി പെയിന്റ് പോയി….. അവന്മാർ നടന്നടുത്തു…. കണ്ണൊക്കെ നിറഞ്ഞു…. കണ്ണേട്ടന്റെ മുഖമാ മനസ്സിലേക്ക് വന്നത്…. നെഞ്ചിൽ കൈവച്ച് ദൈവത്തെ വിളിച്ചു പോയി… പെട്ടെന്നാണ് ഞാൻ വീണിടത്ത് ഒരു ബുള്ളറ്റ് വന്ന് നിന്നത്….. അതിൽ നിന്നും ഇറങ്ങിയ ആളിനെക്കണ്ടപ്പോഴാണ് ശ്വാസം വീണത്… കണ്ണേട്ടൻ….. ഓടി വന്നവന്മാർ ഒന്ന് പതറി… പക്ഷേ പോകാൻ കൂട്ടാക്കിയില്ല….

കണ്ണേട്ടൻ എന്നെ പതിയെ പിടിച്ച് എണീപ്പിച്ചു… ബുള്ളറ്റിന്റെ വെളിച്ചത്തിൽ എന്റെ മുഖമൊക്കെ തിരിച്ചും മറിച്ചും നോക്കി… പെട്ടെന്നാണ് കണ്ണുകൾ എന്റെ കൈയിലെ മുറിവിലുടക്കുന്നത്…. അത് കണ്ടതും അപ്പോഴുണ്ടായതിന്റെ ഇരട്ടിയായി ദേഷ്യം കൊണ്ട് മുഖം വലിഞ്ഞുമുറുകി….. അവന്മാർക്ക് നേരേ തിരിഞ്ഞു…. മുണ്ട് മടക്കിക്കുത്തി…. ഷർട്ടിന്റെ സ്ലീവും ഇടിവളയും മുകളിലേക്ക് ഉയർത്തിവച്ചു…. മീശ പിരിച്ചു…. ആ ഭാവം കണ്ടതും എനിക്ക് പേടിയായി….. “കണ്ണേട്ടാ…. വേണ്ട…. നമുക്ക് പോകാം….” “മാറി നിൽക്കെടീ…… ഇല്ലേൽ അടിച്ചു കരണം ഞാൻ പൊളിക്കും….”

ഇത്രയും ദേഷ്യത്തിലുള്ള ഭാവം എനിക്ക് അപരിചിതമായിരുന്നു….. അലർച്ച കേട്ട് ഞാൻ പേടിച്ചു ബുള്ളറ്റിനടുത്തേക്ക് പോയി നിന്നു….. പിന്നെ അടിയുടെ പൂരമായിരുന്നു…. ഇനി അവന്മാർ പെണ്ണുങ്ങളെ നോക്കുന്നത് പോയിട്ട് സ്വപ്നം പോലും കാണാൻ പേടിക്കും…. ഇഞ്ച ചതയ്കും പോലെ എന്ന് കേട്ടിട്ടേ ഉള്ളൂ…. ഇപ്പോ കണ്ടു…. എല്ലാം തീർത്തിട്ട് ബുള്ളറ്റിൽ കേറി…. “നിന്നെ ഇനി ഞാൻ എടുത്ത് കയറ്റണോ….. വരുന്നുണ്ടേൽ വാ…. ഇല്ലേൽ ഞാനിവിടെ കളഞ്ഞിട്ട് പോകും…” പേടിച്ച് ഞാൻ പുറകേ കയറി… രണ്ട് സൈഡും കാലിട്ടിരുന്നു…

പോകുന്ന വഴിയിലും കടുവയുടെ വായിൽ നിന്നും കണക്കിന് കേട്ടു….. “പെൺപിള്ളേരായാൽ അടക്കവുമൊതുക്കവും വേണം…. തോന്നിയത് പോലെ തെണ്ടിത്തിരിഞ്ഞ് നടന്നോളും….” “പ്രോഗ്രാമിന് സാധനങ്ങൾ മേടിക്കാൻ പോയിരുന്നു… മാളിനകത്ത് ആയോണ്ട് ഇരുട്ട് വീണത് അറിഞ്ഞില്ല. ഞാൻ ഒരു മണിക്കൂർ നേരത്തേയാ ഇറങ്ങിയത്….” “അങ്ങനെയാണെങ്കിൽ നിനക്ക് ഹാഫ് ഡേ ലീവ് എടുത്തൂടേ…. അല്ലെങ്കിൽ പാപ്പനോട് പറഞ്ഞൂടേ…. ഉച്ചയ്ക്ക് പാപ്പൻ കൊണ്ട് പോകൂലേ…. അല്ലെങ്കിലും ആവശ്യത്തിന് കാര്യവിവരം അടുത്തൂടെ പോയിട്ടില്ലല്ലോ…..”

പിന്നെ ഞാൻ ഒന്നും മിണ്ടാൻ പോയില്ല… കടുവ വീണ്ടും അലയ്കണുണ്ട്…. മിണ്ടിയാൽ ഞാൻ ചൊറിയും അങ്ങേര് മാന്തും…. അടിയാകും…. എന്നെ വല്ല ആറ്റിലോ എടുത്തറിയും…. അതോണ്ട് മൗനം വിദ്വാന് ഭൂഷണം…. ഞാൻ നാവിന് റെസ്റ്റ് പ്രഖ്യാപിച്ചു… കടുവ ദേഷ്യം മുഴുവൻ ഡ്രൈവിംഗിൽ തീർക്കണുണ്ട്…. നിനച്ചിരിക്കാതെ മഴ പെയ്യാൻ തുടങ്ങി…. ഞങ്ങൾ രണ്ടും നനഞ്ഞ് കുതിർന്നു…. അടുത്ത് കണ്ടൊരു വെയിറ്റിംഗ് ഷെഡ് കണ്ടു…. വണ്ടി നിർത്തി അവിടെ കയറി നിന്നു….

വിജനമായ പ്രദേശം… ഓപ്പോസിറ്റ് ഒരു സ്ട്രീറ്റ് ലൈറ്റ്…. അതിന്റെ പ്രകാശം മങ്ങിയ രീതിയിൽ ഇങ്ങോട്ടും കിട്ടണുണ്ട്…. കണ്ണേട്ടൻ തിരിഞ്ഞാണ് നിന്നത്… എനിക്ക് തണുക്കുന്നുണ്ടായിരുന്നു…. ഞാൻ പതിയെ എന്റെ മുറിവിലൂടെ വിരൽ ഓടിച്ചു…. “സ്സ്…..” വേദനിച്ചു ചെറുതായി… ഞാനുണ്ടാക്കിയ ശബ്ദം കേട്ടു കണ്ണേട്ടൻ എന്റെ നേർക്ക് തിരിഞ്ഞു…. പതിയെ എന്റെ അടുത്തേക്ക് വന്നു മുറിവ് പിടിച്ചു നോക്കി…. മുഖം താഴ്ത്തി അതിലേക്ക് ഊതി…. ഞാൻ പുളഞ്ഞുപോയി…. കണ്ണേട്ടന്റെ ആ ഭാവം എനിക്ക് അത്ഭുതമായിരുന്നു…. പതിയെ മുഖമുയർത്തി എന്നെ നോക്കി…

കണ്ണുകൾ തമ്മിലിടഞ്ഞു…. എന്റെ നെഞ്ച് പൊട്ടിപ്പോകുമോ എന്ന് വരെ തോന്നിപ്പോയി…. ആ കണ്ണുകളുടെ നോട്ടം എന്റെ ചുണ്ടിലേക്ക് പാളി വീണു…. എന്റെ തൊണ്ടയൊക്കെ വരണ്ടു…. ചുണ്ടുകൾ തമ്മിലുള്ള അകലം കുറഞ്ഞുവന്നു…. ഞാൻ കണ്ണുകൾ ഇറുകെ അടച്ചു…. പെട്ടെന്ന് ഒരു ഇടിശബദം കേട്ടാണ് ഇരുവർക്കും സ്വബോധം വന്നത്… കണ്ണേട്ടൻ അകന്ന് മാറി തിരിഞ്ഞു നിന്നു….. ഞാൻ കണ്ണേട്ടനെ പുറകിലൂടെ പോയി ഇറുകെ കെട്ടിപ്പിടിച്ചു…. “കണ്ണേട്ടാ…. എന്നിൽ നിന്നും അകന്ന് മാറല്ലേ…. എനിക്ക് സഹിക്കില്ല…. എനിക്ക് ഒരുപാട് ഇഷ്ടാ….. എന്റെ ജീവനാ….. ഐ ലവ് യൂ കണ്ണേട്ടാ……”

പാപ്പന്റെ വണ്ടി കംപ്ലൈന്റ് ആയതുകൊണ്ടാണ് എന്നോട് ചക്കിയെ വിളിക്കാനായി പറഞ്ഞത്…. മഴക്കോളു കാരണം വേഗം ഇരുട്ട് വീണു… മാത്രമല്ല കുറച്ചധികം ട്രാഫിക് ഉണ്ടായിരുന്നു…. രാജി വിളിച്ചപ്പോൾ അവളുടെ ഫോൺ സ്വിച്ച് ഓഫ് എന്ന് പറഞ്ഞു… മനസ്സിൽ ഒരു അപകടസൂചന തോന്നി…. ദേഷ്യവും പേടിയും സങ്കടവും എല്ലാം ഒരുമിച്ച് വന്നു…. ജീവനും കയ്യിൽ പിടിച്ചു പായുകയായിരുന്നു…. സ്റ്റോപ് എത്തിയിട്ടും കണ്ടില്ല… നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി…. കുറേക്കൂടി മുന്നോട്ട് ഓടിച്ചു പോയപ്പോൾ കുറച്ചു പേർ കൂടി നിൽക്കുന്നത് കണ്ടു…

താഴെ ഒരു പെൺകുട്ടി റോഡിൽ കിടക്കുന്നു… തലച്ചോറിലേക്ക് രക്തം ഇരച്ചു കയറി… ബുള്ളറ്റെടുത്ത് ആ പെൺകുട്ടിയുടെ അടുത്ത് കൊണ്ട് നിർത്തി… അപ്പോഴാണ് ഞാനവളുടെ മുഖം കാണുന്നത്… ചക്കി.. പേടിച്ചരണ്ട് കിടക്കുകയാ…. പതിയെ പിടിച്ചെണീപ്പിച്ചു…. കൈയ്യൊക്കെ തണുത്ത് വിറയ്ക്കുന്നു… ബുള്ളറ്റിന്റെ ലൈറ്റിൽ മുഖമൊക്കെ ഞാൻ നോക്കി… അവളെ അവർ തല്ലിയോ എന്നറിയാൻ… അപ്പോഴാണ് കയ്യിലെ മുറിവ് കണ്ടത്… ചങ്ക് പൊടിഞ്ഞു പോയി… പിന്നൊന്നും നോക്കിയില്ല….

കലിയടങ്ങും വരെ അവന്മാരെ പെരുമാറി…. വരും വഴി വായിൽ തോന്നിയതെല്ലാം പറഞ്ഞു… പെട്ടെന്നാണ് മഴ പെയ്തത്…. അടുത്തുള്ളൊരു വെയിറ്റിംഗ് ഷെഡിൽ കയറി നിന്നു….. അവളിൽ നിന്നും കുറച്ചു മാറി തിരിഞ്ഞു നിന്നു… പെട്ടെന്ന് അവളുടെ ശബ്ദം കേട്ട് നോക്കുമ്പോൾ മുറിവിൽ നോക്കി നിൽക്കുകയായിരുന്നു പെണ്ണ്…. വേദന കൊണ്ട് മുഖം ചുളിഞ്ഞിട്ടുണ്ട്…. എന്റെ കാലുകൾ യാന്ത്രികമായി അവളുടെ അടുത്തേക്ക് നടന്നു… ആ കൈയിൽ പിടിച്ചു…. മുറിവിൽ മഴത്തുള്ളികൾ പറ്റിയിരുപ്പുണ്ട്….

പതിയെ ആ മുറിവിൽ ഊതി…. അവളുടെ പിടച്ചിൽ കൈകളിലൂടെ ഞാനറിഞ്ഞു…. സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ ഞാനവളെ ശ്രദ്ധിച്ചു… മുഖത്തും കഴുത്തിലും എല്ലാം മഴത്തുള്ളികൾ ചാലിട്ട് ഒഴുകുന്നു… കഴുത്തിൽ നനഞ്ഞ കരിനാഗത്തെ പോലെ മുടിയിഴകൾ നനഞ്ഞൊട്ടി പിണഞ്ഞു കിടക്കുന്നു…. കണ്ണുകളിൽ വല്ലാത്ത തിളക്കം… നനഞ്ഞ ചുണ്ടുകൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരുന്നു… അന്നേരമെന്നിലെ വികാരം നിയന്ത്രണാതീതമായിരുന്നു….. ഞങ്ങളുടെ ചുണ്ടുകൾ തമ്മിൽ ചേരാൻ തുടങ്ങവേ പെട്ടെന്ന് ആകാശത്തെ പിളർന്നിറങ്ങിയ ഇടിനാദം കേട്ട് ഞാൻ അവളിൽ നിന്നും അകന്നു മാറി…. എനിക്കവളെ നോക്കാൻ പോലും സാധിച്ചില്ല…..

ഞാൻ പോലും പ്രതീക്ഷിക്കാതെ അവൾ പുറകിലൂടെ വന്നെന്നെ കെട്ടിപ്പിടിച്ചു…. അവൾ പറഞ്ഞ വാക്കുകൾ ഓരോന്നും എന്റെ നെഞ്ചിലേക്ക് ആഴ്ന്നിറങ്ങി… ഓരോ വരി പറയുമ്പോഴും അവളുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു….. എന്റെ പുറത്ത് വീണ കണ്ണൂനീരിന്റെ ചൂട് എന്നെ ചുട്ടുപൊള്ളിക്കും പോലെ തോന്നി……. അവളുടെ ആ വാക്കുകൾ കേൾക്കാൻ ഒരുപാട് ഞാൻ ആശിച്ചതാണ്…. പക്ഷേ സന്തോഷത്തേക്കാൾ പേടിയാണ് തോന്നിയത്…. അവൾക്ക് എന്നെക്കാൾ നല്ലൊരാളെ കിട്ടും….. അടിയും കള്ളുകുടിയുമായി നടക്കുന്ന എനിക്ക് അവളെ സന്തോഷിപ്പിക്കാൻ കഴിയില്ല….

നിറഞ്ഞുവന്ന കണ്ണുകൾ അവൾ കാണാതെ ഞാൻ തുടച്ചു…. എന്നെ ഇറുകെ പിടിച്ച അവളുടെ കൈകൾ വിടുവിച്ച് അവളെ എനിക്ക് നേരേ നിർത്തി…. “ചക്കീ , ജീവിതത്തിൽ ഇന്ന് വരെ ഒരു കൂട്ട് വേണം എന്നെനിക്ക് തോന്നിയിട്ടില്ല… അത് ഇനി മുന്നോട്ടും അങ്ങനെ ആയിരിക്കും… ഒരാൾക്കും അംഗീകരിക്കാൻ പറ്റാത്തതാണ് എന്റെ വാശിയും ദേഷ്യവും പ്രവർത്തിയുമൊക്കെ….. ഒരുപാട് സ്വപ്നങ്ങളുള്ള പെണ്ണാണ് നീ… എനിക്ക് നിന്നോട് ഇഷ്ടക്കേടൊന്നൂല്ല… നിന്റെ പ്രായം അനുസരിച്ചുള്ള പക്വത നിനക്കില്ല… അതുകൊണ്ട് തന്നെ എന്നെ മറക്കാനും എളുപ്പം കഴിയും…

നാളെയൊരിക്കൽ ഓർത്ത് ചിരിക്കാനുള്ളൊരു തമാശ മാത്രമാകും… അതുകൊണ്ട് നല്ല കുട്ടിയായി ഈ ചിന്തയൊക്കെ മാറ്റണം…. കേട്ടല്ലോ….” കേട്ടെന്നോ ഇല്ലെന്നോ അവൾ പറഞ്ഞില്ല… നിസ്സംഗതയോടെ നോക്കി നിൽക്കുന്നു….. കണ്ണുകൾ ഇടതടവില്ലാതെ പെയ്യുന്നുണ്ട്…. അവളുടെ കണ്ണുകളിൽ നിസ്സഹായത ഞാൻ കണ്ടു….. ചങ്ക് കലങ്ങിപ്പോയി…. നെഞ്ചോടൊന്ന് ചേർത്ത് പിടിക്കാൻ കൊതിച്ചെങ്കിലും ആ ആഗ്രഹം ഉള്ളിലൊതുക്കി…. ഇല്ലെങ്കിൽ അവളിൽ നിന്നും ഒരു മടക്കമുണ്ടാകില്ല… ജീവനാണെന്ന് പറയണം എന്നുണ്ട്… പക്ഷേ വേണ്ട… പുറത്ത് മഴ പെയ്ത് തോർന്നു…

പക്ഷേ അവളുടെ ഉള്ളിൽ സങ്കടത്തിന്റെ പേമാരി ആർത്തലച്ച് പെയ്യുന്നുണ്ടെന്ന് ആ മുഖത്തിൽ നിന്നും വായിച്ചെടുത്തു…. പിന്നീടങ്ങോട്ട് ഉള്ള യാത്രയിൽ അവൾ നിശബ്ദയായിരുന്നു…. വീടെത്തിയപ്പോൾ ആർക്കും സംശയം തോന്നാതിരിക്കാൻ പുറത്തെ പൈപ്പിൽ നിന്നും മുഖവും കഴുകിയാണ് അകത്തേക്ക് പോയത്…. പാപ്പനെ ഒന്ന് തല കാണിച്ച ശേഷം ഞാനെന്റെ വീട്ടിലേക്ക് പോയി…. *********** സുഗുണനും ജലജയും രാജിയും ചക്കിയുടെ മുഖഭാവം കണ്ട് ചോദിച്ചെങ്കിലും മഴ നനഞ്ഞത് കൊണ്ടാണെന്ന് പറഞ്ഞ് അവളൊഴിഞ്ഞ് മാറി…. ആഹാരവും പുറത്ത് നിന്നും കഴിച്ചെന്ന് പറഞ്ഞ് ചക്കി റൂമിലേക്ക് പോയി…..

പക്ഷേ രാജിയ്ക് നല്ല സംശയം തോന്നി… ചക്കി പോയി ഒരഞ്ച് മിനുട്ട് കഴിഞ്ഞ് രാജി മുകളിലേക്ക് പോയി… അവൾ റൂമിന്റെ ഹാൻഡിൽ തിരിച്ചു… കുറ്റിയിട്ടിരുന്നില്ല…. രാജി അകത്ത് കയറി ഡോർ ലോക്ക് ചെയ്തു… ബാത്ത്റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേട്ട് അങ്ങോട്ട് ചെന്നപ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു…. ഇട്ടിരുന്ന ഡ്രെസ്സോട് കൂടി ചക്കി ആ ഷവറിന് താഴെ കാൽമുട്ടുകളിൽ മുഖമമർത്തി ഇരിപ്പുണ്ടായിരുന്നു… രാജി വേഗം തന്നെ ഷവർ ഓഫ് ചെയ്തു….. “ചക്കീ…. എഴുന്നേൽക്കെടാ…..” രാജി ബലമായിട്ട് തന്നെ അവളുടെ തല പിടിച്ചുയർത്തി…. കണ്ണൊക്കെ കലങ്ങിച്ചുമന്ന് വീങ്ങിയിരുപ്പുണ്ടായിരുന്നു…

രാജിയുടെ നെഞ്ച് പിടഞ്ഞു… അവൾ ചക്കിയെ പിടിച്ചു എണീപ്പിച്ചു ബെഡിൽ ഇരുത്തി….. ഷെൽഫിൽ നിന്നും ടൗവ്വലെടുത്ത് രാജി അവളുടെ തല തോർത്തി…. ചക്കി കൊച്ചുകുഞ്ഞിനെ പോലെ രാജിയുടെ വയറിനെ ചുറ്റിപ്പിടിച്ച് ഇരുന്നു…. അപ്പോഴും ആ കണ്ണുകൾ പെയ്തുകൊണ്ടേയിരുന്നു…. രാജി തന്നെ അവളുടെ ഡ്രസ്സും മാറ്റി… ചക്കിയുടെ ആ ഇരുപ്പ് കണ്ട് അവൾക് പേടിയായി….. “ചക്കീ…. ഇങ്ങോട്ട് നോക്കെടാ…. നീയെന്റെ ചങ്കല്ലേ…. ഞാനും നിന്റെ പവിയെപോലെയല്ലേ…. എന്താടാ കാര്യം… എന്നോട് പറ….” പവിയുടെ പേര് കേട്ടതും അവൾ രാജിയുടെ നെഞ്ചിലേക്ക് വീണ് പൊട്ടിക്കരഞ്ഞു…

കുറച്ചു നേരം കരയട്ടെ എന്ന് രാജിയും കരുതി….. പതിയെ ഏങ്ങലടികൾ കുറഞ്ഞ് വന്നു… “ചക്കീ….” “മ്……” “എന്താടാ എന്നോട് പറ….” ചക്കി എല്ലാ കാര്യങ്ങളും രാജിയോട് പറഞ്ഞു….. “നീയിങ്ങനെ തളരാതെ…. നമുക്ക് ശരിയാക്കാടാ….. നീ കരഞ്ഞ് അസുഖം വരുത്തി വയ്കാതിരിക്കു…..” “വേണ്ടെടാ…. ഇഷ്ടം പിടിച്ചു മേടിക്കാൻ പറ്റില്ലല്ലോ…. എനിക്കവകാശപ്പെട്ടത് ആണെങ്കിൽ എന്നിലേക്ക് തന്നെ വന്നു ചേരും…. ഇനി കണ്ണേട്ടനെ ഞാൻ ശല്യം ചെയ്യില്ല…. പക്ഷേ സ്നേഹിക്കരുത് എന്ന് പറയാൻ പറ്റില്ലല്ലോ…. ജീവനകലുന്ന നിമിഷം വരെയും ഞാൻ സ്നേഹിക്കും…” “ഞാൻ നിന്നെ എന്ത് പറഞ്ഞാടാ സമാധാനിപ്പിക്കുന്നേ…..”

“വേണ്ടെടാ…. എനിക്ക് ഒന്നൂല്ല…. ഞാൻ ഓകെ ആണ്…. നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ സ്നേഹിക്കണം എന്നു വാശി പിടിക്കാൻ പറ്റില്ലല്ലോ… ഞാനൊന്നു കിടക്കട്ടെ… നീ പൊയ്ക്കോ….” “എനിക്ക് തനിയെ കിടക്കാൻ വയ്യ… ഞാനും ഇന്ന് നിന്റെ കൂടെയാ….” ചക്കി രാജിയെ നോക്കി വരണ്ട ചിരി ചിരിച്ച ശേഷം കണ്ണടച്ച് രാജിയെ കെട്ടിപ്പിടിച്ചു കിടന്നു… അവളെ ഒറ്റയ്ക്ക് കിടത്താൻ രാജിയ്ക് ധൈര്യം വന്നില്ല… കണ്ണടച്ച് കിടപ്പുണ്ടെങ്കിലും അവളിൽ നിന്നും ഉയർന്നു കേൾക്കുന്ന നിശ്വാസങ്ങളാൽ ഉള്ളിലെ മുറിവിന്റെ കാഠിന്യം രാജിയ്ക് മനസ്സിലായി…..

പിന്നീടുള്ള ദിവസങ്ങളിൽ ചക്കി കണ്ണന്റെ കണ്ണിൽ പെടാതെ മാറി നടന്നു… ഉള്ളിലെ സങ്കടം മറച്ചിട്ട് പഴയ ചക്കിയായി തന്നെ പെരുമാറി…. അത് രാജിയ്കും കല്ലുവിനും മാത്രമേ മനസ്സിലായുള്ളൂ…. ഓഫീസിൽ കല്ലുവും വീട്ടിൽ രാജിയും ഏത് സമയവും അവളെ തനിച്ചാക്കാതെ കൂടെ നടന്നു…. ചക്കിയും അവരുടെ സ്നേഹത്തിലൂടെ ഒരു വിധം ഒക്കെയായി…… അങ്ങനെ അവർ കാത്തിരുന്ന ദിവസം വന്നെത്തി… മനസ്സിലായില്ലേ… ഡാൻസ് പ്രോഗ്രാം ഇന്നാണ്….. രാജിയും സച്ചുവും അവരുടെ കൂടെ വന്നിട്ടുണ്ട്…. രാജി കല്ലുവിനെയും ചക്കിയെയും റെഡിയാക്കാൻ ഗ്രീൻ റൂമിലേക്ക് പോയിട്ടുണ്ട്…..

ഞാൻ രാജിയേം സച്ചുവേട്ടനേയും കൂട്ടിയാ പ്രോഗ്രാം നടക്കുന്ന ഹാളിലേക്ക് വന്നത്…. സച്ചുവേട്ടനെ അവിടെ ഇരുത്തിയിട്ട് രാജിയേയും കൊണ്ട് ഗ്രീൻ റൂമിലേക്ക് പോയി…. ചെന്നപ്പോൾ കല്ലു കാലിന്മേൽ കാലും കയറ്റി വച്ച് ഫോണിൽ ഡോറ കാണുന്നു…. ‘നിങ്ങളാ ദുഷ്ടനായ കുറുനരിയെ കാണുന്നുണ്ടോ…. എവിടെയാ അത്….’ കല്ലു – പുറകിൽ നോക്ക്…. അവിടെയുണ്ട് കള്ളൻ…. ‘കാണുന്നില്ലല്ലോ….’ കല്ലു – തിരിഞ്ഞു മരത്തിന്റെ പുറകിൽ നോക്ക് പെണ്ണേ…. രാവിലെ കുറേ കഞ്ചാവും വലിച്ച് ഊരു തെണ്ടാൻ നടക്കും…. പറയുന്നതും കേൾക്കൂല, പറഞ്ഞാലും കേൾക്കൂല്ല , കണ്ണും കണ്ടൂട….

എനിക്കിനി പറയാൻ മനസ്സില്ല.. നിന്റെ പട്ടം കുറുനരി കട്ടോണ്ട് പോട്ടെ പുല്ല്… അല്ല പിന്നെ…. ഞാനും രാജിയും മുഖാമുഖം നോക്കി…. ഞാൻ – ടീ രാവിലെ വന്ന് രണ്ട് സ്റ്റെപ്പ് നോക്കാതെ ആ കോറയും കണ്ടോണ്ട് ഇരിക്കുവാണോടീ മാനത്ത്കണ്ണി…. കല്ലു – ഞാൻ എല്ലാം പഠിച്ചു മുത്തേ…. ഇനിയും കളിച്ച് കൊളമാക്കാൻ വയ്യ…. രാജി – ടീ നിനക്ക് ടെൻഷൻ ഉണ്ടോ… ഞാൻ – എന്തിന്…. ഇതൊക്കെ ഒരു രസമല്ലേടീ…. ടീ കല്ലു ഏഷ്യൻ പെയ്ന്റിനെ കണ്ടോ ? കല്ലു – അവൾക് രാവിലെ ലസ്ലി സായിപ്പിന്റെ ബാധ കേറിയിട്ട് ഇവിടെ വന്ന് കുറേ ഇംഗ്ലീഷും ശർദ്ദിച്ചിട്ട് പോയി… ഞാൻ – ഞാനും കണ്ടു… മുടിയൊക്കെ എന്തൊക്കെയോ ചെയ്തു ഇട്ടിരിക്കുന്നു… ഇന്ന് പുട്ടിയിൽ മുഞ്ഞീം കുത്തി വീണത് പോലുണ്ട്…

ഇവള് അവിനാഷ് സാറിനെ പേടിപ്പിച്ചു വീഴ്ത്താനാണോ ഉദ്ദേശിക്കുന്നേ….. കല്ലു – മ്…. ഒന്ന് സൂക്ഷിക്കണം…. അവൾ എന്തേലും പണി തരാൻ ചാൻസുണ്ട്…. രാജി – കല്ലു നീയാ അവളുടെ നോട്ടപ്പുള്ളി…. കല്ലു – ആ കാപ്പിരി മുടിച്ചി ഇങ്ങ് വരട്ടെ…. അവൾക്കുള്ള പണി അണിയറയിൽ ഒരുങ്ങണുണ്ട്…. ഞാൻ – ആദ്യം പ്രോഗ്രാം… ബാക്കി പിന്നെ… അതുവരെ നിന്റെ ഈ മോന്തായം ആ കൊന്നത്തെങ്ങിന്റെ മുന്നിൽ കൊണ്ട് വയ്ക്കരുത്…. കല്ലു – ആം… ഒരുങ്ങണ്ടെ….. ഞാൻ – ആം… ടീ രാജി ആ ബാഗിങ്ങെടുക്ക്….. ഇതേ സമയം സ്നേഹ എന്തൊക്കെയോ കണക്കുകൂട്ടലിൽ ആയിരുന്നു…. (തുടരും)-

എന്നും രാവണനായ് മാത്രം : ഭാഗം 25