സിദ്ധ ശിവ : ഭാഗം 8 – അവസാനിച്ചു

Spread the love

എഴുത്തുകാരി: വാസുകി വസു

ഗൈനക്കോളജിസ്റ്റിന്റെ മുഖത്തായി ശിവ കണ്ണുകൾ ഉറപ്പിച്ചു. അവർ പറയാൻ പോകുന്നത് എന്താണെന്ന് അവൾക്ക് ഊഹിക്കാൻ കഴിയുമായിരുന്നു.പ്രകൃതി കനിഞ്ഞ് ചില അറിവുകൾ സ്ത്രീകൾക്ക് നൽകിയട്ടുണ്ട്.അതാണ് അവളെ പുരുഷനിൽ നിന്ന് വേറിട്ട് നിർത്തുന്നത്. “ശിവയുടെ സംശയം ശരിയാണ്” ലേഡി ഡോക്ടറുടെ വാക്കുകൾ കാതിൽ ഇമ്പമായി പതിച്ചു.സ്വതവേ വലിയ കണ്ണുകളാണ് ശിവയുടെ അതൊന്നു കൂടി വിടർന്ന് വലുതായി.മീരവിലും ആശ്വാസം അനുഭവപ്പെട്ടു.

“ഇത് മൂത്തമോളാണോ?” മീരവിന്റെ മടിയിലിരുന്ന അമ്മുക്കുട്ടിയെ നോക്കിയാണ് ചോദ്യം. “അതേ ഡോക്ടർ. എന്റെ ആദ്യത്തെ കണ്മണി ആണ് അമ്മുക്കുട്ടി” സ്നേഹത്തോടെ മീരവിൽ നിന്ന് അമ്മുക്കുട്ടിയെ അവളേറ്റു വാങ്ങി. ഡോക്ടറോട് യാത്ര പറഞ്ഞു ഹോസ്പിറ്റൽ നിന്ന് ഇറങ്ങി.കാറിലിരിക്കുമ്പോൾ ശിവയുടെ മനസ്സ് ക്രിസിനോടൊപ്പമുളള ജീവിതമായിരുന്നു. എത്ര സമർത്ഥമായാണ് അയാൾ പറ്റിച്ചത്..താനോ മനസ്സ് തുറന്നു ആത്മാർത്ഥമായി സ്നേഹിച്ചു. മീരവ് ഡ്രൈവിംഗിനിടയിൽ ശിവയെ ഇടത് കയ്യാൽ ചേർത്തു പിടിച്ചു. അമ്മുക്കുട്ടിയെ പിടിച്ചു കൊണ്ട് അവളാ തോളിലേക്ക് ചാഞ്ഞു. “ഇതാണെന്റെ പുരുഷൻ എന്നിലെ സ്ത്രീയെ പൂർണ്ണതയിലെത്തിച്ചത്.അമ്മുക്കുട്ടിയാണ് അമ്മയെന്ന മഹനീയ പദവി നൽകിയത്. അമ്മുക്കുട്ടിയെ വാത്സല്യത്തോടെ തഴുകി…

**************************** ദിവസങ്ങളും മാസങ്ങളും അതിവേഗം കടന്നു പോയി.. ശിവയുടെ വയർ നാൾക്ക് തോറും പുറത്തേക്ക് ഉന്തി വന്നു.എല്ലാ മാസവും ചെക്കപ്പിനായി മീരവ് കൂട്ടിക്കൊണ്ട് പോകും. ശിവയുടെ അമ്മക്ക് ഇപ്പോൾ പതിയെ എഴുന്നേറ്റു നടക്കാമെന്നൊരു ആശ്വാസമുണ്ട്.കുറച്ചു നാൾ കൂടി ട്രീറ്റ്മെന്റ് തുടർന്നാൽ പൂർണ്ണമായും സുഖപ്പെടുമെന്ന് ഡോക്ടർ അഭിപ്രായപ്പെട്ടു. ” അമ്മേ കുഞ്ഞാവ എന്നാ എന്റെ കൂടെ കളിക്കാൻ വരിക” എല്ലാവരെക്കാളും പ്രതീക്ഷയിലാണ് അമ്മുക്കുട്ടി.. കുഞ്ഞാവ അമ്മയുടെ വയറ്റിലുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ തുടങ്ങിയ ചോദ്യം ഇടവേളകളില്ലാതെ ആവർത്തിച്ചു കൊണ്ടിരിക്കും. “രണ്ടു മാസം കൂടി കഴിയുമ്പോൾ വരും എന്റെ ചുന്ദരിക്കുട്ടിയുടെ കുഞ്ഞാവ” രണ്ടു മാസമെന്നൊക്കെ പറഞ്ഞാൽ കുഞ്ഞിന് മനസ്സിലാകില്ലെങ്കിലും അവളുടെ ഭാഷയിൽ ശിവ പറഞ്ഞു കൊടുക്കും.

മീരവ് പതിവിലും താമസിച്ചണ് അന്ന് വീട്ടിലെത്തിയത്.സമയം പത്തു മണി കഴിഞ്ഞിരുന്നു. അമ്മുക്കുട്ടി ഡാഡിയെ കാത്തിരുന്നെങ്കിലും ഉറങ്ങിപ്പോയി.ശിവ കണ്ണിലെണ്ണയും ഒഴിച്ച് കാത്തിരുന്നു. “എന്തുപറ്റി ഏട്ടാ” മീരവിന്റെ മുഖത്തെ ഗൗരവം ശിവ ശ്രദ്ധിച്ചു.എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെ അയാളെ അവൾ കണ്ടിട്ടുള്ളൂ. “വാ പറയാം” മീരവിന്റെ പിന്നാലെ ശിവ മുറിയിൽ കയറി.. എന്നും വരുമ്പോൾ മുഷിഞ്ഞ തുണികൾ മാറ്റി കുളി കഴിഞ്ഞേ അയാൾ റെസ്റ്റ് എടുക്കൂ. പെട്ടന്ന് മീരവ് ശിവയെ ആലിംഗനം ചെയ്തു.. അവൾ അമ്പരന്നു. “എന്തുപറ്റി ഏട്ടാ പറയ്” അവൾ വേവലാതിയോടെ ചോദിച്ചു.

അയാൾ കരയുകയാണെന്ന് മനസ്സിലായത് കഴുത്തിൽ കണ്ണുനീര് പതിച്ചപ്പോഴാണ്.ശരിക്കും മീര ഭയപ്പെട്ടു. “മീരേട്ടാ എന്നെക്കൂടി പേടിപ്പിക്കാതെ പറയുന്നുണ്ടോ?” ശിവയുടെ സ്വരത്തിനൊപ്പം മുഖവും മാറി..കണ്ണുകളിൽ നീർക്കണങ്ങൾ പൊടിഞ്ഞു. “നിന്നെ എനിക്ക് നഷ്ടപ്പെടുമോ ശിവ..എനിക്ക് വേണം നിന്നെ..നമ്മുടെ കുഞ്ഞുങ്ങൾക്കും” “ഞാൻ മീരട്ടന്റെ അല്ലാതെ പിന്നെ ആരുടേതാ..നമ്മുടെ മക്കളുടെ അമ്മ ഞാനല്ലേ” തന്നിൽ നിന്ന് അയാളെ അടർത്തി മാറ്റി കണ്ണുനീർ വിരലാൽ ഒപ്പിയെടുത്തു. എന്നിട്ട് ആ കണ്ണുകളിൽ മിഴികളാഴ്ത്തി. “അവകശവും ചോദിച്ചു ക്രിസ് ഇന്ന് വന്നിരുന്നു.. നിന്നെ വിട്ടു കൊടുക്കണമെന്നാണ് ഡിമാന്റ്..നാളെ വീണ്ടും വരുമത്രേ” ശിവയിലൊരു നടുക്കമുണ്ടായെങ്കിലും അത് മറച്ചു പിടിച്ചു. “അയ്യേ അയാൾ വന്നു വിളിച്ചാൽ ഞാൻ പോകാനിരിക്കുവല്ലേ..എന്റെ ഭർത്താവിനേയും മക്കളെയും ഉപേക്ഷിച്ചു എനിക്ക് മറ്റൊരു ജീവിതമില്ല.

ആ ദുഷ്ടനെ അല്ലേലും ഞാനൊന്ന് കാണാനിരിക്കുവാ” ശിവ അയാൾക്ക് ആത്മധൈര്യം നൽകാൻ ശ്രമിച്ചു.. തുണയായി കൂടെ നിൽക്കേണ്ട ആളിങ്ങനെ തകർന്നാൽ തനിക്കും പിടിച്ചു നിൽക്കാൻ കഴിയില്ല.. “നമുക്ക് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാം” “അത് ശരിയാകില്ല ശിവ…എന്തിനും പോകുന്ന നാലഞ്ച് സുഹൃത്തുക്കൾ അവനുണ്ട്..നിനക്കും മോൾക്കും എന്തെങ്കിലും സംഭവിച്ചാൽ ഞാൻ ജീവിച്ചിരിക്കില്ല” “അങ്ങനെയൊന്നും ഉണ്ടാകില്ല.. ഏട്ടൻ വിഷമിക്കാതിരിക്ക്” ഭർത്താവിനെ ആശ്വസിപ്പിക്കുമ്പോഴും ശിവയുടെ മനസ്സാകെ കത്തിയെരിഞ്ഞു.അതിന്റെ ചൂട് ശരീരത്തിലേക്കും പടർന്നു. ഏട്ടൻ നിസ്സാഹയനാവണെമെങ്കിൽ ക്രിസ് അത്രയേറെ നീചനായിരിക്കും.

അല്ലെങ്കിൽ ഒരു ഉളുപ്പുമില്ലാതെ തിരക്കി വരില്ലല്ലോ?… രാത്രിയുടെ ശാന്തതയിൽ ശിവ ഓരോന്നും ആലോചിച്ചു കൂട്ടി..ആരാണൊന്ന് സഹായിക്കുവാൻ ആരുമില്ല. മോൾക്കും തനിക്കും ആപത്ത് വരുമെന്ന് ആണ് ഏട്ടൻ കരുതുന്നത്.. അല്ലെങ്കിൽ ആൾക്ക് ഇതൊന്നും പ്രശ്നമല്ല. അകം പുറം നീറിയതോടെ കണ്ണൊന്നടക്കാൻ കഴിഞ്ഞില്ല.ക്രിസിന്റെ ദുഷ്ടമുഖമാണ് മനസ്സിൽ.. ശിവ എഴുന്നേറ്റു ചെന്ന് ജനൽ വാതിൽ തുറന്നിട്ടു..കണ്ണിൽ കുത്തിക്കയറുന്ന ഇരുട്ട്..അവിടവിടെയായി ചില വീട്ടുകളിൽ ലൈറ്റ് തെളിഞ്ഞു കിടപ്പുണ്ട്. ചന്ദ്രനും നക്ഷത്രവും പുഞ്ചിരിക്കാൻ ഭയപ്പെട്ടത് പോലെ കാർമേഘ പാളിയിലൊളിച്ചു. ഇരുട്ടിലേക്ക് ഏറെ നേരം നോക്കി നിന്നപ്പോൾ മനസിൽ മറ്റൊരു മുഖം കടന്നു വന്നു.. “സിദ്ദ…. എന്തും നേരിടാൻ കരുത്തുള്ള പെണ്ണ്..അതേ സിദ്ദക്കേ തന്നെ സഹായിക്കാൻ കഴിയൂ.. വിവാഹത്തിന് ക്ഷണിക്കാൻ ചെന്നപ്പോൾ സിദ്ദ നൽകിയ നമ്പർ മൊബൈലിൽ തിരഞ്ഞു.കോളിൽ ബട്ടൺ പ്രസ് ചെയ്തപ്പോൾ മിഴികൾ ചുവരിലെ ക്ലോക്കിലെത്തി.. സമയം രാതി ഒന്നര ആകുന്നു.. രണ്ടു ബെൽ കേട്ടപ്പോൾ ശിവ കോൾ ഡിസ്ക്കണക്റ്റ് ചെയ്തു.. രാവിലെയാകട്ടെ വിളിച്ചു കാര്യം പറയാം.. ശിവ ചെന്ന് മോളുടെ അടുത്ത് കിടന്നു..

****************************** ഉറക്കം വരാതെ തിരിഞ്ഞ് മറിഞ്ഞ് കിടക്കുകയായിരുന്നു സിദ്ദ..നവീനെ പ്രതീക്ഷിച്ച് കോട്ടയത്ത് ചെന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. സിദ്ദയാകെ അസ്വസ്ഥതയോടെ തല പുകച്ചു.ശിവയുടെ നാട്ടിലുണ്ടെന്നാണ് കുറച്ചു മുമ്പാണ് അറിയാൻ കഴിഞ്ഞത്..ആരോ ഫോണിൽ വിളിച്ചു പറഞ്ഞിരുന്നു.. നാളെ രാവിലെ ശിവയെ വിളിക്കണം..അവളുടെയും മീരവിന്റെയും സഹായത്തോടെ നവീനിനെ കണ്ടെത്തണം.. പരിചയപ്പെട്ടതും സ്നേഹിച്ചതും ഒടുവിൽ ചതിയിലൂടെ ക്രൂരമായി പീഡിക്കപ്പെട്ടതും ഒരുഫ്രോഡിനു വേണ്ടിയാണെന്ന് ബോദ്ധ്യമായപ്പോൾ സിദ്ദക്ക് സ്വയം വെറുപ്പ് അനുഭവപ്പെട്ടു. “കോട്ടയത്തെ അച്ഛായന്റെ ഇരട്ടമക്കളിൽ ഒരാളാണത്രേ.ചോദിക്കുമ്പോഴൊക്കെ സ്നേഹത്തിനു പകരം പണമെറിഞ്ഞ് കൊടുക്കുന്ന അവന്റെ മാതാപിതാക്കളോട് അവൾക്ക് ദേഷ്യം തോന്നി.. ” ഇങ്ങനെയുള്ള തോന്നിയത് പോലെ ജീവിക്കുന്ന മാതാപിതാക്കൾ തന്നെയാണ് നാടിന്റെ ശാപം… ഓരോന്നും ചിന്തിച്ചു കിടന്നപ്പോഴാണ് മൊബൈലിൽ കോൾ വന്ന് കട്ടായത്.

ഈ രാത്രിയിൽ ഇതാരാണ്..മൊബൈൽ എടുത്തു നോക്കിയപ്പോൾ അപരിചിതമായ നമ്പർ..വെറുതെ ട്രൂ കോളറിൽ നമ്പരൊന്ന് സെർച്ച ചെയ്ത സിദ്ദ അത്ഭുതപ്പെട്ടു.. “ശിവ…. ഇവളിതെന്താണ് നേരം വൈകിയ നേരത്ത് വിളിച്ചത്..എന്തെങ്കിലും ആപത്തുണ്ടായോ? മനസ്സിൽ ആശങ്കകൾ ഉടലെടുത്തതോടെ വന്ന കോളിലേക്ക് തിരികെ വിളിച്ചു.. കോൾ കാത്തിരുന്നത് പോലെ അപ്പുറത്ത് പെട്ടെന്ന് അറ്റൻഡ് ചെയ്യപ്പെട്ടു.. ” സിദ്ദേച്ചി..” ശിവയുടെ ഹൃദയം തകർന്ന നിലവിളി സിദ്ദയുടെ കാതിൽ വീണു..അവളത്രമാത്രം ഉരുകുന്നുണ്ടെന്ന് സ്വരത്തിലൂടെ തിരിച്ചറിയാൻ കഴിഞ്ഞു.. “ശിവേ കരയാതെ കാര്യം പറയൂ..” മറുതലക്കൽ നിന്ന് കേട്ട ഓരോ വാക്കുകളും ശ്രദ്ധയോടെ കേട്ടതിന് ശേഷം ശിവയെ ആശ്വസിപ്പിച്ചു..

“നീ സങ്കടപ്പെടാതെ…നേരമൊന്ന് വെളുത്തോട്ടെ..പരിഹാരമില്ലാത്ത പ്രശ്നമൊന്നും ഇല്ല..നിയമപരമായി ക്രിസിനു നിന്നിൽ ഒരു അവകാശവുമില്ല..പിന്നെ അയാളുടെ വിരട്ടലുകൾ കാര്യമാക്കേണ്ടാ..ഞാൻ നാളെ രാവിലെ അങ്ങോട്ട് വരാം.. ധൈര്യമായിരിക്ക്.ചേച്ചിയാണ് പറയുന്നതെന്ന് കരുതിയാൽ മതി” മറുവശത്ത് ഫോൺ മുറിഞ്ഞെങ്കിലും ശിവയുടെ മനസ്സിലൊരു മഞ്ഞുതുള്ളി വീണു.ഒരാളുമായി സങ്കടം പങ്കുവെച്ചപ്പോൾ മനസ്സിനു കുറച്ചു ആശ്വാസം ലഭിച്ചു.. പതിയെ അവളുടെ കണ്ണുകളിൽ ഉറക്കം തേടിയെത്തി.. പക്ഷേ സിദ്ദക്ക് ഉറക്കം വന്നതേയില്ല..എന്തോ ഒരു അസ്വസ്ഥത അവളെ പിടികൂടി.. ഇതുവരെ ശിവയുടെ ചരിത്രമൊന്നും അറിയില്ലായിരുന്നു..

പക്ഷേ ഇപ്പോൾ മനസ്സിലൊരു നീറ്റൽ അനുഭവപ്പെട്ടു.. ഇത്രയും ചെറിയ പ്രായത്തിൽ അവൾ തീ തിന്നു..വീണ്ടും ദുഷ്ടനായ ക്രിസ് അവളെ തേടിയെത്തുമ്പോൾ വെറുതെ ആകണമെന്നില്ല… അലമാരയിൽ ഭദ്രമായി വെച്ചിരിക്കുന്ന റിവോൾവർ എടുത്തു ഫുൾ ലോഡാണെന്ന് ഉറപ്പ് വരുത്തി… “നവീൻ നിനക്കായി കരുതി വെച്ചതാണ്..തൽക്കാലം നിന്നെപ്പോലെ മറ്റൊരു ദുഷ്ടനായി ഞാനിത് ഉപയോഗിക്കുന്നു” മുമ്പോഴത്തെ തീരുമാനത്തിൽ സിദ്ദ മാറ്റം വരുത്തി റിവോൾവർ അലമാരയിൽ തന്നെ വെച്ചു.. ശിവയെ ഓർത്തപ്പോൾ വീണ്ടും ഹൃദയം നീറി..ആത്മാർത്ഥമായി പറഞ്ഞതാണ്.. ചേച്ചിയാണെന്ന്.ശിവയെ അനിയത്തിയായി കിട്ടാൻ അവൾ കൊതിച്ചു..

ഇനിയും ജീവിക്കണെമെന്ന് മനസ്സിൽ കൊതി തോന്നി… കഴിയില്ലെന്ന് അറിയാമായിരുന്നിട്ടും…എങ്കിലും വെറുതെ മോഹിച്ചു പോയി… “ശിവയുടെ ചേച്ചിയായി എനിക്ക് കുറച്ചു നാൾ ജീവിക്കാനുള്ള അവസരം തന്നുകൂടെ ദൈവമേ… പ്രാർത്ഥിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞു… സങ്കടം സഹിക്കാൻ കഴിയാതെ സിദ്ദ പൊട്ടിക്കരഞ്ഞു.. നിലവിളി വെളിയിൽ പോകാതിരിക്കാനായി ബെഡ് ഷീറ്റിന്റെ അഗ്രമെടുത്ത് വായിൽ തിരുകി പല്ലുകൾ കടിച്ചു പിടിച്ചു.. എന്നിട്ടും കണ്ണുകൾ അനുസരിക്കാതെ പെയ്തു കൊണ്ടിരുന്നു….

*************” പുലർച്ചെ എഴുന്നേറ്റങ്കിലും ശിവയുടെ മനസ്സിൽ അശാന്തിയുടെ നിഴലുകൾ പിന്തുടർന്നിരുന്നു.സിദ്ദയാണ് ഏകയുള്ളൊരു ആശ്വാസം. അവരുടെ വാക്കുകളിൽ വിശ്വാസം അർപ്പിക്കാൻ ശ്രമിച്ചു. രാവിലെ എഴുന്നേൽക്കുമ്പോൾ മീരവ് ആകെ അസ്വസ്ഥനായെങ്കിലും തന്നാൽ കഴിയുന്ന ആത്മധൈര്യം നൽകി. “പോകാൻ പറയ് ഏട്ടാ..ഞാൻ കൂടെയില്ലേ” മരിച്ചു വീണ മനസ്സിൽ പുനർജ്ജീവൻ വീണത് പോലെയായിരുന്നു.ഒപ്പം സിദ്ദയുടെ വാഗ്ദാനവും ഉണർവ് നൽകി. മനസ്സിലെ ആശങ്ക അവിടെയിട്ട് കുഴിച്ചു മൂടി ഭർത്താവിനൊപ്പം ശിവയും ഓഫീസിലേക്ക് പോയി.ഇടക്കിടെ സിദ്ദ വിളിച്ചു കാര്യങ്ങൾ തിരക്കിയിരുന്നു. അമ്മുക്കുട്ടിയെ വീട്ടിൽ അച്ഛനും അമ്മക്കും ഒപ്പം ഏൽപ്പിച്ചാണ് വന്നത്.പറഞ്ഞ സമയം കഴിഞ്ഞിട്ട് അവർ എത്താതിരുന്നതും മനസ്സിലെ ആപത്ശങ്ക തെല്ല് കുറച്ചു.

“ക്രിസ് ഷോ കാണിച്ചതാ ഏട്ടാ…അവൻ വരില്ല.നമുക്ക് വീട്ടിലേക്ക് പോകാം” ചുവരിലെ ക്ലോക്കിൽ സമയം ആറുമണി കഴിഞ്ഞെന്ന് അവരെ ബോദ്ധ്യപ്പെടുത്തി.ഇറങ്ങാൻ സമയം ആയപ്പോഴേക്കും പ്രതീക്ഷിച്ചിരുന്ന അതിഥികളെത്തി. “തീരെ പ്രതീക്ഷിച്ചില്ലല്ലേ” മുഖത്തൊരു വഷളച്ചിരി വരുത്തി ക്രിസ് ചോദിച്ചു. കസേരയിലിരുന്ന ശിവയൊന്ന് നടുങ്ങി.കൂടെ വന്ന നാല് പേരെയും മാറി മാറി നോക്കി.എന്തിനും ഏതിനും പോരുന്ന തെമ്മാടികളാണെന്ന് മുഖത്ത് എഴുതി വെച്ചിട്ടുണ്ട്. മീരവിന്റെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല മുഖം വിളറി വെളുത്തു. “ക്രിസ് പ്രശ്നമൊന്നും ഉണ്ടാക്കരുത്.. നിയമപരമായി ശിവയെന്റെ ഭാര്യയാണ്. ഞങ്ങൾ വളരെയധികം സന്തോഷത്തോടെയാണ് ജീവിക്കുന്നത്.അതിനി തല്ലിക്കെടുത്തരുത്” താഴാവുന്നതിൽ കൂടുതൽ താണു കൊടുത്തു. ഒരുപ്രശ്നം ഉണ്ടാകുന്നതിലും നല്ലത് പറഞ്ഞു തീർക്കാൻ കഴിയുമെങ്കിൽ അത്രയും ആശ്വാസമായിരിക്കും. ക്രിസിന്റെ മുഖത്തെ പരിഹാസച്ചിരി മറ്റുളളവരിലേക്കും പടർന്നു.

അതൊരു കൂട്ടച്ചിരിയായി മാറാൻ നിമിഷങ്ങൾ വേണ്ടി വന്നില്ല. “എടോ ഇവളെ പതിവ്രതയായി വാഴിക്കാനൊന്നും കൊണ്ട് പോവുകയില്ല..വിലയിട്ട് നിർത്തിയിരിക്കുന്ന അറവ് മാടാണിത്” പ്രാണൻ പകുത്ത് നൽകി സ്നേഹിച്ചവൾ..നിഴലായി കൂടെ നിൽക്കുന്നവൾ.വാമഭാഗം അലങ്കരിക്കുന്നവൾ.എല്ലാത്തിനും ഉപരിയായി എന്റെ മക്കളുടെ അമ്മ. ശിവയെ ആക്ഷേപിച്ചത് മീരവിന് സഹിക്കാൻ കഴിഞ്ഞില്ല.കൈ വീശി അവന്റെ കരണത്തൊന്ന് കൊടുത്തു. വീഴാൻ പോയ ക്രിസിനെ കൂട്ടുകാർ താങ്ങിപ്പിടിച്ചു. ക്രൂരമായ ഒരു ചിരിയോടെ ക്രിസ് മുമ്പിലേക്ക് വന്നു.. മീരവിനെ തല്ലാനായി കൈ ഉയർത്തിയതും ശിവ എഴുന്നേറ്റു അലറി. “തൊട്ടു പോയേക്കരുത് എന്റെ ഏട്ടനെ” ശിവയുടെ അപ്രതീക്ഷിതമായ നീക്കത്തിന് മുമ്പിൽ അവരൊന്ന് പകച്ചു.ക്രിസിന്റെ കണ്ണുകൾ വീർത്തുന്തിയ അവളുടെ വയറിലായിരുന്നു.അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അവന്റെ മാറ്റം അവൾ ശ്രദ്ധിച്ചു.ചുണ്ടിലൊരു പുഞ്ചിരി ഉണ്ടായി. “വിശ്വസിക്കാൻ കഴിയുന്നില്ല അല്ലേ ക്രിസ്..” അവളൊന്ന് പരിഹസിച്ചു..അവനത് മനസ്സിലാവുകയും ചെയ്തു.

“കൂടെ കിടന്നിട്ടും എനിക്ക് നിന്നെ മനസ്സിലാക്കാൻ കഴിഞ്ഞില്ല.. പക്ഷേ മനസ്സിലാക്കിയ നീയെന്നെ ചതിച്ചു.അച്ഛനാകാനുളള കഴിവില്ലായ്മ മറച്ചു പിടിച്ചു നീയെന്നെ കബളിപ്പിച്ചു.എന്നാലും ഒരിക്കലും സത്യത്തെ കുഴിച്ചു മൂടാൻ കഴിയില്ല.പണക്കൊഴുപ്പിന്റെ ബലത്തിൽ നീയെന്നെ പറ്റിച്ചെങ്കിലും ഈശ്വരൻ എന്നെ കൈവിട്ടില്ല” കുറച്ചു സമയം ശ്വാസം വലിച്ചു വിടാനായി നിന്നു…ശേഷം ആർജ്ജിച്ചെടുത്ത ധൈര്യം കനലിൽ വെച്ചൂതി ആളിക്കത്തിച്ചു‌ “നോക്കെടാ പട്ടി ആണൊരുത്തന്റെ കൂടെ ജീവിച്ചതിനുളള തെളിവ്” .. വീർത്തുന്തിയ വയറ് തൊട്ടു കാണിച്ചു കൊണ്ട് ശിവ അലറിപ്പറഞ്ഞു.ക്രിസിലും മീരവിലും ഒരുപോലെ അമ്പരപ്പ് നിറഞ്ഞു.

സാധുവായൊരു പെൺകുട്ടി..ആർക്കും വേദനിക്കുന്നത് കാണാൻ ഇഷ്ടപ്പെടുന്നില്ല‌..വാക്കിനാലോ നോട്ടത്തിലോ പോലും ആരെയും നോവിക്കില്ല. പക്ഷേ ഇന്ന്…സാധുവായ പെൺകുട്ടി ചീറ്റപ്പുലിയായി നിൽക്കുന്നു. പ്രതികാരം ചെയ്യാൻ അവതാരമെടുത്ത ദേവിയെ ഓർമ്മിപ്പിച്ചു അവളുടെ മുഖവും ചുവന്ന കണ്ണുകളും. “നീ തേടി വരുമെന്ന് കരുതിയില്ലെങ്കിലും ഒരിക്കൽ ഞാൻ വരുമായിരുന്നു നിന്നെ കാണാൻ..വെറും കയ്യോടെ ആയിരിക്കില്ല..എന്നെ സ്ത്രീയുടെ പൂർണ്ണതയിലെത്തിച്ച ഭർത്താവും എന്റെ അമ്മുക്കുട്ടിയും എന്റെ കുഞ്ഞുമായിട്ട് ആയിരിക്കും.പക്ഷേ വിധി അതിനൊക്കെ മുമ്പേ നിന്നെ എനിക്ക് മുമ്പിലെത്തിച്ചു” വാക്കുകൾക്ക് ദൃഢതയും ഉറപ്പുമുണ്ടായിരുന്നു ശിവയുടെ സ്വരത്തിന്..ഇത്രയും നാൾ മനസ്സിൽ സൂക്ഷിച്ചു വെച്ചിരുന്നു സങ്കടങ്ങൾ മുഴുവനും ദേഷ്യമായി തീർന്നിരുന്നു.

ഇനിയൊന്നും പറയാൻ അശക്തയായി അവൾ നിന്ന് കിതച്ചു.. “ശിവ നിനക്ക് എവിടെ നിന്ന് കിട്ടി ഇത്രയും ധൈര്യം” മീരവ് ശിവയുടെ അടുത്തെത്തി ആ തോളിൽ കൈവെച്ചു.അവൾ അവനിലേക്ക് കൂടുതൽ ചേർന്ന് നിന്നു.ഭർത്താവിന്റെ മിഴികൾ നോക്കി. “ഏതൊരു പെൺകുട്ടിക്കും കഴുത്തിൽ താലി ചാർത്തിയ ഭർത്താവാണ് വലുത്.അവനെ മറ്റൊരാൾ ആക്ഷേപിക്കുന്നത് കേൾക്കാൻ ഇഷ്ടപ്പെടില്ല.അപ്പോൾ കരുത്തും ആർജ്ജവും താനേ കൈവന്ന് ചേരും” മീരവിന്റെ മനസ്സ് നിറഞ്ഞു..സെലക്ഷൻ തെറ്റിയട്ടില്ല. “അപ്പോൾ പറഞ്ഞത് മനസ്സിലായെങ്കിൽ സ്ഥലം വിട്ടോളൂ” ശിവയിൽ നിന്ന് ഉൾക്കൊണ്ട ഊർജ്ജം മീരവിൽ നിറഞ്ഞു.അവൾ തകർന്നു പോകുമെന്നാണ് അയാൾ ഭയപ്പെട്ടത്. “പോകാനോ എവിടേക്ക്…ഇവളെയും കൊണ്ടേ പോകൂ”

അഭിമാനത്തിനേറ്റ മുറിവ് പകയായി ക്രിസിൽ വളർന്നു.. കരുത്തരായ അഞ്ച് പേര് ഒറ്റക്ക് എതിരിടാൻ കഴിയില്ലെങ്കിലും ജീവൻ നൽകിയട്ടാണെങ്കിലും ഭാര്യയെ രക്ഷിച്ചേ മതിയാകും.. അഞ്ചംഗ സംഘം മുമ്പിലേക്ക് നടന്ന് അടുക്കുമ്പോൾ ശിവക്ക് പ്രതിരോധം തീർത്ത് മീരവ് മുന്നിൽ കയറി നിന്നു.

********************** പാർക്കിംഗ് ഏരിയയിൽ കാറിൽ ഇരിക്കുകയായിരുന്ന സിദ്ദയുടെ മനസ്സാകെ ചുട്ടുപൊള്ളി..ശരീരമാകെ നീറിപ്പുകയാൻ തുടങ്ങി.. “തന്നെ ചതിച്ചവൻ തൊട്ടു മുമ്പിൽ അന്നത്തേ അതേ കൂട്ടുകാർക്കൊപ്പം നിൽക്കുന്നു..” ആകെയൊരു സ്തംഭനാവസ്ഥ മാത്രം. മനസ്സ് ആഗ്രഹിക്കുന്നിടത്ത് ശരീരമെത്തുന്നില്ല.ഓടിച്ചെന്ന് അവരെ കൊല്ലാനുളള ദേഷ്യമുണ്ട് കഴിയുന്നില്ല. കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ തല ചായ്ച്ച് പൊട്ടിക്കരഞ്ഞു.. ജലധാരകൾ ഒരു അരുവിയായി ഒഴുകിയിറങ്ങി. ശിവ പറഞ്ഞത് വെച്ചു നോക്കുമ്പോൾ ക്രിസും നവീനും ഒരാളാണ്… ഒരേ പോലെ രണ്ടു പെൺകുട്ടികളുടെ ജീവിതം തകർത്തു..അല്ല പേരറിയാത്ത എത്രയോ സാധു പെൺകുട്ടികൾ കാണും.

“ഇവനെയൊക്കെ കൊല്ലണം…ആരെങ്കിലും ഒരാളെങ്കിലും രക്ഷപ്പെടട്ടെ” ക്രിസും കൂട്ടുകാരും മുകളിലെത്തെ ഓഫീസിലേക്ക് കയറി പോയി കുറെ സമയം കഴിഞ്ഞപ്പോൾ മനസ്സിൽ ഉറച്ച തീരുമാനം എടുത്തു സിദ്ദ കാറിൽ നിന്ന് പുറത്തിറങ്ങി. എത്രയൊക്കെ ശ്രമിച്ചെങ്കിലും കരച്ചിൽ അടക്കാൻ കഴിയാതെ മനസ്സ് വീണ്ടും വിങ്ങിപ്പൊട്ടി.. പ്രാണനായി സ്നേഹിച്ചവൻ ഒടുവിൽ ചതിയിലൂടെ കീഴ്പ്പെടുത്തി കൂട്ടുകാർക്കും കൂടി പങ്കുവെച്ചു..എന്നിട്ടും മതിയാകാതെ ഭർതൃമതിയായ പെൺകുട്ടിയുടെ ജീവിതം തകർക്കാൻ ശ്രമിക്കുന്നു.. “മാപ്പില്ല നവീൻ..നിനക്കും നിന്റെ ഫ്രണ്ട്സിനും..സ്ത്രീ ശരീരത്തിന് വിലയിടുന്നവർക്ക് മരണത്തിൽ കുറഞ്ഞൊരു ശിക്ഷയുമില്ല” സിരകളിൽ ആളിപ്പടർന്ന ഉന്മാദലഹരിയിൽ സിദ്ദ ഓഫീസിന്റെ പടികൾ ചവുട്ടിക്കയറി മീരവിന്റെ ഓഫീസിലെത്തി..അവിടുത്തെ കാഴ്ച തെല്ലൊന്ന് അമ്പരപ്പിക്കാതിരുന്നില്ല.

മീരവിനെ മൂന്നാലു പേര് കൂടി ചേർന്ന് തല്ലുന്നു.ചുണ്ടുകളിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നുണ്ട്.നവീൻ ശിവയെ പുറത്തേക്ക് വലിച്ചിഴക്കാൻ ശ്രമിക്കുന്നു. എല്ലാം കൂടി ആയപ്പോഴേക്കും സിദ്ദയാകെ കലിപ്പിലായി.. “നവീൻ സ്റ്റോപ്പിറ്റ്…” കാതിന് അരികിലായി ചിരപരിചിതമായ ശബ്ദം.. നടുക്കത്തിൽ പിന്തിരിഞ്ഞ അവൻ അവളെ കണ്ടിരുന്നു.. അവന്റെ ഫ്രണ്ട്സും.. “അഗ്നിയാളുന്ന രൗദ്രഭാവത്തിൽ സിദ്ദ നിൽക്കുന്നു… അവനൊന്ന് നടുങ്ങി…കൂടെ മറ്റുളളവരും…സിദ്ദയെ ഒരിക്കലും അവിടെ പ്രതീക്ഷിച്ചിരുന്നില്ലെന്ന് ആ നോട്ടത്തിൽ നിന്ന് മനസ്സിലായി.. ” നീ… നീയെന്താ ഇവിടെ? ” ഞെട്ടിത്തിരിഞ്ഞ നവീനു ചോദിക്കാതിരിക്കാൻ കഴിഞ്ഞില്ല..

“അല്ല.. നിനക്കും കൂട്ടുകാർക്കും ഇവിടെന്താ കാര്യം” അതേ നാണയത്തിൽ സിദ്ദയും തിരിച്ചടിച്ചതോടെ വാക്കുകൾക്ക് ഉത്തരമില്ലാതായി..മീരവും ശിവയും അമ്പരന്ന് നിൽക്കുവായിരുന്നു..എന്താണ് സംഭവിക്കുന്നതെന്ന് ഒരുപിടിയും കിട്ടിയില്ല. “ശിവയേയും ഭർത്താവിനേയും വിട്ടേക്കൂ നവീൻ..പാവങ്ങൾ ജീവിച്ചു തുടങ്ങിയട്ടേയുള്ളൂ” സിദ്ദ അനുകമ്പയോടെ ശിവയെ നോക്കി..നിറഞ്ഞിരിക്കുന്ന കണ്ണുകൾ കണ്ടപ്പോൾ മനസ്സ് ചുട്ടുനീറി. “ശിവയെ പോലെ ഒരിക്കൽ താനും ആഗ്രഹിച്ചതാണ് സന്തുഷ്ടമായൊരു കുടുംബജീവിതം.. നവീൻ ചതിച്ചിട്ടും ജീവനിലൊരു ജീവിതം സ്വപ്നം കണ്ടു. പക്ഷേ അവിടെയും തോൽക്കാനായിരുന്നു വിധി.

ദൈവം തോൽപ്പിച്ചു കളഞ്ഞു. ” ഒരിക്കൽ നിന്നെ വിട്ടു കളഞ്ഞതാണ്..ഇവളോടൊപ്പം നിന്നെയും കൊണ്ട് പൊയ്ക്കോളാം” “ചുമ്മാതിരിക്ക് നവീൻ വെറുതെ നടക്കാത്തത് ചിന്തിക്കരുത്..എല്ലാം മറന്ന് നിന്നോട് ക്ഷമിച്ചതാണ്..വീണ്ടും നീ വന്നത് നിന്റെ മരണത്തിനായിട്ട്.” പറഞ്ഞു വന്ന വാക്കുകൾ തീർത്തിട്ട് കുറച്ചു ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു കൊണ്ട് സിദ്ദ തുടർന്നു.. “നിന്നെ കുറിച്ച് വിശദമായി അറിഞ്ഞത് അടുത്തിടെയാണ്..പ്രമുഖനായ സമ്പന്നന്റെ ഇരട്ടമക്കളിൽ ഒരാൾ ഇല്ലേ..എന്നെ പറ്റിച്ചത് കൂടാതെ ശിവയേയും സമർത്ഥമായി കളിപ്പിച്ചു.. ” ശിവാ… നിന്നെ ചതിച്ചത് പോലെ ഒരിക്കൽ ഇവൻ എന്നെയും ചതിച്ചതാണ്.അതുപോലെ ഓരോ പെൺകുട്ടികളേയും” ഞെട്ടിത്തരിച്ച് നിൽക്കുകയായിരുന്നു ശിവ..ക്രിസിനെ നവീനെന്ന് വിളിക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു..

സിദ്ദ തനിക്ക് സംഭവിച്ചതെല്ലാം ചുരുക്കി പറയുമ്പോൾ ശിവയുടെ കണ്ണുകളും നിറഞ്ഞു തുളുമ്പി..ചതിയൻ..വഞ്ചകൻ.. അവൾക്ക് കരച്ചിൽ വരുന്നുണ്ട്.. ക്രിസ് ചതിച്ചതിൽ ക്രൂരമായി ഇരയാക്കപ്പെട്ട മറ്റൊരു പെൺകുട്ടിയും ആയിരുന്നു അവൾ.. “നിന്നെ പോലെയുളളവർ ഇനി ജീവിക്കണ്ടാ…നാടിനും വീടിനും ഒരുപോലെ ശാപമാണ്..നിന്നെയൊക്കെ രക്ഷിക്കാൻ പണം കൊണ്ട് വഷളാക്കിയ മാതാപിതാക്കൾ തന്നെയെത്തും” പറഞ്ഞു തീരും മുമ്പേ ജീൻസിന്റെ പോക്കേറ്റിൽ നിന്ന് റിവോൾവർ എടുത്തു കാഞ്ചി വലിച്ചു..മുന്നോട്ടാഞ്ഞ ക്രിസിന്റെ ഇടം നെഞ്ച് നോക്കിയാണ് വെടിവെച്ചത്..ഒന്ന് ആടിയുലഞ്ഞശേഷം അവൻ താഴേക്ക് വീണു.ശിവ അലർച്ചയോടെ കാതുകൾ പൊത്തി.. ബാക്കിയുളളവർക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.. അവരെയും വെടിവെച്ചു താഴെയിട്ടു… എല്ലാം നിശ്ചലമായപ്പോൾ സിദ്ദ ശിവക്ക് അരികിലെത്തി.. അവളെ തന്നിലേക്ക് ചേർത്തു പിടിച്ചു ആലിംഗനം ചെയ്തു..

“എനിക്ക് ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നീ ചേച്ചിയെന്ന് വിളിച്ചതിൽ അർത്ഥമില്ല… ജനിക്കുന്നത് പെൺകുഞ്ഞ് ആണെങ്കിൽ എന്റെ പേരിടണം..എന്റെ ഓർമ്മക്കായി” സിദ്ദ എന്താണ് ഉദ്ദേശിക്കുന്നതെന്ന് ശിവക്കും മീരവിനും മനസ്സിലായില്ല… “ചേച്ചിയെന്ന് വിളിച്ചത് ആത്മാർത്ഥമായി ആണ്… എന്റെ കൂടപ്പിറപ്പായി ഇനിയുള്ള ജന്മം എനിക്ക് ചേച്ചിയെ വേണം..” ശിവ നെഞ്ച് പൊട്ടി കരഞ്ഞു…സിദ്ദക്കും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.. ഹൃദയം തകർന്ന വേദനയിൽ അവളും നിലവിളിച്ചു.. “ആഗ്രഹമുണ്ട് ശിവ.. പക്ഷേ വൈകിപ്പോയി.. ഈശ്വരൻ കരുണ കാണിച്ചില്ല” ഹൃദയം നുറുങ്ങുന്ന വേദന അനുഭവപ്പെട്ടു സിദ്ദക്ക്…ഇനിയും ജീവിക്കണമെന്ന കൊതിയുണ്ട്…കഴിയില്ല..വരും ജന്മങ്ങളിൽ ആഗ്രഹം പൂർത്തിയാക്കാൻ കഴിയും… “

ഒന്നും മനസ്സിലാകാതെ നിന്ന അവരെ നോക്കി സിദ്ദ പറഞ്ഞു.. “ഒന്നും അറിയാതിരിക്കുന്നതാണ് നല്ലത്…കൂടുതൽ അടുത്ത് അറിയുമ്പോൾ ഓർമ്മകൾക്ക് വേദന വളരെ വലുതായിരിക്കും” പോകാനായി പിന്തിരിയുമ്പോഴാണ് സിദ്ദയുടെ അമ്മ അവിടെ എത്തിയത്.. മുമ്പിലെ കാഴ്ചകൾ ഒന്നും പറയാതെ തന്നെ എല്ലാം മനസ്സിലാക്കിച്ചു… “താൻ വൈകിപ്പോയിരിക്കുന്നു എന്ന് അവർക്ക് മനസ്സിലായി…സിദ്ദ അമ്മയെ കെട്ടിപ്പിടിച്ച് ആർത്തലച്ചു കരഞ്ഞു…

********************* പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു.. മൃതദേഹങ്ങൾ പോസ്റ്റ്മാർട്ടത്തിനായി മാറ്റി.. തന്നെ അറസ്റ്റ് ചെയ്യുവാൻ പോലീസ് ജീപ്പ് വീട്ടുമുറ്റത്ത് വന്ന് നിൽക്കുന്നത് ജനാലയിൽ കൂടി അവൾ കണ്ടു..തെല്ലൊരു പുഞ്ചിരിയോടെ കയ്യിലിരുന്ന തോക്ക് ചെവിയോട് ചേർത്തു കാഞ്ചി വലിച്ചു… വെടി പൊട്ടുന്ന ശബ്ദം കേട്ടു സിദ്ദയുടെ അച്ഛനും അമ്മക്കും പോലീസുകാരും മുകളിലെ മുറിയിലേക്ക് ഓടിയെത്തി… മരണത്തിലും പുഞ്ചിരി തൂകി കിടക്കുന്ന സിദ്ദയെ അവർ കണ്ടു…അമ്മ ഒരുനിലവിളിയോടെ മകളിലേക്ക് ബോധം കെട്ട് വീണു…

************************** സിദ്ദയുടെ മരണത്തിനു ഒരുവർഷത്തിന് ശേഷം ശിവയും മീരവും അവളെ അടക്കം ചെയ്ത പട്ടടക്ക് മുമ്പിലെത്തി…ശിവയുടെ കയ്യിലൊരു പെൺകുഞ്ഞ് ഉണ്ടായിരുന്നു.. കൂടെ അമ്മിണിക്കുട്ടിയും… സിദ്ദയുടെ പട്ടട വൃത്തിയായി സൂക്ഷിച്ചിരുന്നു..അവക്ക് മുകളിൽ അവൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂക്കളായ പത്തുമണിയും നാലുമണിയും വിവിധ നിറത്തിൽ വിരിഞ്ഞ് നിന്നു… “ചേച്ചി ഞാൻ പ്രസവിച്ചു..ചേച്ചീടെ ആഗ്രഹം പോലെ സിദ്ദയെന്ന് മോൾക്ക് പേരിട്ടു” കുഞ്ഞിനെ എടുത്തു ശിവ മുന്നിലേക്ക് നീട്ടിപ്പിടിച്ചു …

“എന്റെ ചേച്ചി കാണുന്നില്ലേ സിദ്ദമോളേ..ഒന്ന് വാരിയെടുത്ത് ഉമ്മ കൊടുത്തു കൂടെ” ചിലമ്പിയ സ്വരങ്ങൾക്ക് ഒപ്പം ശിവയുടെ നിലവിളിയും ഉണ്ടായി… കരുതലായി മീരവ് അവളെ ചേർത്തു പിടിച്ചു.. അയാളുടെ ഉള്ളിലുമൊരു നോവായ് സിദ്ദമാറി കഴിഞ്ഞു… “ഞാൻ മരിച്ചിട്ടൊന്നുമില്ല…കുഞ്ഞായി കൂടെയുണ്ട്…നിങ്ങളുടെ സ്നേഹവും വാത്സല്യവും നുകർന്നു കൊണ്ട്… വീശിയ കാറ്റുകൾ ചെവിയിൽ വന്ന് അടക്കം പറയുന്നതായി ശിവക്ക് അനുഭവപ്പെട്ടു…സിദ്ദമോളെ എടുത്തു തുരുതുരാ ചുംബിച്ചു… ” എന്റെ ചേച്ചി മരിച്ചിട്ടില്ല…എന്റെ കുഞ്ഞായിട്ട് കൂടെയുണ്ട്… ശിവ അടക്കം ചൊല്ലുന്നത് കണ്ടിട്ടാകും നാലുമണിപ്പൂക്കളും പത്തുമണിപ്പൂക്കളും കാറ്റിന്റെ താളത്തിനൊപ്പം തലയാട്ടി…

(അവസാനിച്ചു)

വായിച്ചു രണ്ടു വരി എനിക്കായി കുറിക്കുക… Pls

എന്റെ മനസ്സിൽ നിന്ന് സിദ്ദ ഇറങ്ങിപ്പോകാൻ കുറച്ചു സമയം എടുക്കും..അത്രത്തോളം ആ കഥാപാത്രം എന്നെ സ്വാധീനിച്ചിട്ടുണ്ട്..

തുടക്കം മുതൽ ഒടുക്കം വരെ ക്ലൈമാക്സ് ഇങ്ങനെ ആയിരുന്നു മനസ്സിൽ…അതുകൊണ്ട് മാറ്റാൻ തോന്നിയില്ല…

പോരായ്മകൾ ക്ഷമിക്കുക…

കൂടെ നിന്ന് ക്ഷമയോടെ കാത്തിരുന്നു സപ്പോർട്ട് ചെയ്ത എല്ലാവരോടും ഒരുപാട് സ്നേഹം….

സ്നേഹപൂർവ്വം

©വാസുകി വസു

സിദ്ധ ശിവ : ഭാഗം 1

സിദ്ധ ശിവ : ഭാഗം 2

സിദ്ധ ശിവ : ഭാഗം 3

സിദ്ധ ശിവ : ഭാഗം 4

സിദ്ധ ശിവ : ഭാഗം 5

സിദ്ധ ശിവ : ഭാഗം 6

സിദ്ധ ശിവ : ഭാഗം 7

-

-

-

-

-