Friday, April 26, 2024
Novel

മരുമക്കൾ : ഭാഗം 5

Spread the love

നോവൽ
എഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

അങ്ങനെ കുറച്ചു ദിവസങ്ങൾക്കു ശേഷം കൃഷ്ണ സൗമ്യയുടെ മുന്നിൽ കറിപ്പൊടികൾ വിൽക്കാൻ വരുന്ന ഒരു സെയിൽസ്ഗേൾ ആയി അവതരിച്ചു….

അച്ഛന്റെയും അമ്മയുടെയും മൂന്നു മക്കളിൽ ഇളയവളാണെന്നും ചേച്ചിയും ചേട്ടനും വിവാഹിതരായി എന്നാൽ സ്വന്തം വീടില്ലാത്തതിനാൽ ഇരുപത്തിയെട്ട് വയസ്സായിട്ടും തന്റെ വിവാഹം നീണ്ടു പോകുകയാണെന്നും കൃഷ്ണ പറഞ്ഞപ്പോൾ സൗമ്യയിൽ ഒരു ബുദ്ധി ഉദിച്ചു…

ഓരോ ദിവസം കഴിയുംതോറും ആ വീട്ടിലെ തന്റെ സ്ഥാനം ഇല്ലാതായി പോകുകയാണെന്ന് അവൾക്ക് മനസ്സിലായിരുന്നു…

അതു എത്രയും പെട്ടെന്ന് തിരികെ പിടിക്കാൻ എന്തു ചെയ്യുമെന്ന് ആലോചിച്ചിരിക്കുമ്പോഴാണ് കൃഷ്ണയുടെ വരവ്….

അവളെ രാകേഷിന് വേണ്ടി ആലോചിച്ചു ഈ വിവാഹം നടത്താൻ മുൻകൈ എടുത്താൽ ഒരുപക്ഷേ പഴയകാര്യങ്ങളൊക്കെ എല്ലാവരും മറക്കുമെന്ന് അവളുടെ മനസ്സ് ഉപദേശിച്ചു…

പക്ഷെ കൃഷ്ണ തനിക്ക് ഒരു എതിരാളി ആകുമോ എന്നും അവൾക്ക് പേടി ഉണ്ടായിരുന്നു…

“ഇതുപോലൊരു വീട്ടിൽ ജീവിക്കാൻ കഴിയുക എന്നു പറഞ്ഞാൽ ഭാഗ്യമാണ് ചേച്ചീ… എനിക്കൊന്നും ഈ ജന്മം അതു പറഞ്ഞിട്ടില്ല….”

അവളുടെ മനസ്സ് വായിച്ചെന്ന പോലെ കൃഷ്ണ പറഞ്ഞു…

“പുറത്തു കാണുന്ന മോടിയെ ഉള്ളൂ… വീട്ടിനകത്തു വലിയ സമാധാനം ഒന്നുമില്ല….”

“അമ്മായിയമ്മ പോരാണോ ചേച്ചീ… അല്ല ഭർത്താവിന്റെ കുഴപ്പമോ??? സാരമില്ല ചേച്ചീ, വിവാഹം വരെ കഴിയാത്ത എന്നെ പോലെ എത്ര പെണ്കുട്ടികള് ഉണ്ട്…

സ്വന്തം വീട്ടുകാരുടെ അവസ്ഥ ഓർക്കുമ്പോൾ കുടിയൻ ആണേലും ഏതെങ്കിലും ഒരുത്തൻ കെട്ടികൊണ്ടുപോയാ മതിയെന്നു വിചാരിച്ചു പോകും….”

അവളുടെ വാക്കുകൾ കേട്ട് സൗമ്യ അമ്പരന്നു പോയി…

“അപ്പോൾ ഭർത്താവ് കുടിച്ചിട്ട് വന്നാൽ നിനക്ക് പ്രശ്നമില്ലേ??? അമ്മായിയമ്മയും നാത്തൂനും പോരെടുത്താലും നിനക്ക് പ്രശ്നമല്ലാ?????”

“അതൊക്കെ നമുക്ക് സഹിക്കാം ചേച്ചീ… നമ്മൾ മാത്രമല്ലേ അറിയുന്നുള്ളൂ… വിവാഹം ആകാതെ വീട്ടിലിരിക്കുമ്പോൾ നാട്ടുകാരുടെ പരിഹാസവും വീട്ടുകാരുടെ വിഷമവും കാണേണ്ടല്ലോ….”

അവളുടെ മറുപടി സൗമ്യയെ തൃപ്തയാക്കി….

“ഇതുമതി… ഇതു തന്നെ മതി”

സൗമ്യ മനസ്സിൽ പറഞ്ഞു… സൗമ്യയുടെ തലകുലുക്കൽ കണ്ട കൃഷ്ണ മനസ്സിൽ അതിനേക്കാൾ ഉറക്കെ ചിരിച്ചു.

****************************

പിന്നീട് എല്ലാം പെട്ടെന്നായിരുന്നു…

സൗമ്യ കൊണ്ട് വന്ന ആലോചന ആയിട്ടു കൂടി രാകേഷ് എതിർക്കാതിരുന്നത് അവളിൽ ഇത്തിരി സംശയം ഉണ്ടാക്കിയെങ്കിലും
“അവന് ഒറ്റക്കു ജീവിച്ചു മടുത്തു കാണും ” എന്ന മാലിനിയുടെ വാക്കുകൾ അവൾക്കു ഊർജം പകർന്നു….

വളരെ അടുത്ത ശുഭമുഹൂർത്തിൽ രാകേഷ് കൃഷ്ണയെ താലികെട്ടി കൊണ്ടു വരുമ്പോൾ ഏട്ടന് ഒരു ജീവിതം ഉണ്ടാകാൻ മുൻകൈ എടുത്ത തന്റെ ഭാര്യയോട് രാജേഷിന്റെ മനസ്സിൽ ഉണ്ടായിരുന്ന ദേഷ്യത്തിന് കുറച്ച് അയവ് വന്നിരുന്നു…

കൃഷ്ണയെ താൻ തന്നെ കണ്ടുപിടിച്ചതായത് കൊണ്ടു അവൾ അധികം പോരിനൊന്നും പോകില്ലെന്നു രാജേഷും രാക്കിയമ്മയും സമാധാനിച്ചു….

വിവാഹം കഴിഞ്ഞു ആദ്യത്തെ ഒന്നു രണ്ടാഴ്ച്ച വിരുന്നും മറ്റുമായി പോയി…

കൃഷ്ണ സൗമ്യ പറയുന്നത് മാത്രം കേട്ടു , അനുസരിച്ചു….
തന്റെ സെലക്ഷൻ തെറ്റിയില്ലെന്നു സൗമ്യക്ക് മനസ്സിലായി….

എല്ലാ തിരക്കും ഒഴിഞ്ഞൊരു ദിവസം അയൽപക്കത്തെ രാധേച്ചിയുമായി സംസാരിച്ചോണ്ടു നിക്കുകയായിരുന്ന സൗമ്യയെ ചേച്ചീയെന്ന് വിളിച്ചു കൊണ്ടു കൃഷ്ണ അങ്ങോട്ടു വന്നത് സൗമ്യക്ക് ഒട്ടും ഇഷ്ടമായില്ല…

“ചേച്ചിയോ….നി അവളുടെ അനിയന്റെ ഭാര്യ അല്ലെ….”

രാധേച്ചി ചോദിക്കുകയും കൂടി ചെയ്തതോടെ സൗമ്യയുടെ തനിസ്വരൂപം പുറത്തു വന്നു….

“നി എന്നെ ചേച്ചീന്നു വിളിക്കേണ്ട കേട്ടോ… സ്ഥാനം വെച്ചു നോക്കുമ്പോൾ ഞാൻ നിന്റെ അനിയന്റെ ഭാര്യ അല്ലെ… അതുകൊണ്ടു പേരു വിളിച്ചാൽ മതി…

ഞാൻ നിന്നെയാണ് ചേച്ചീയെന്ന് വിളിക്കേണ്ടത്…”

മാലിനിയും രാക്കിയമ്മയും അതു കേട്ടു മിണ്ടാതിരുന്നു…

“പക്ഷെ എനിക്ക് സൗമ്യയെക്കാൾ വയസ്സ് കുറവല്ലേ….”

കൃഷ്ണ ചോദിച്ചു…

“വയസ്സ് നോക്കേണ്ട… സ്ഥാനം നോക്കിയാ മതി…”

“അല്ലെങ്കിലും സൗമ്യ സ്ഥാനം നോക്കിയാണല്ലോ എല്ലാരോടും പെരുമാറുന്നത്… അതുകൊണ്ടല്ലെ സൗമ്യയെക്കാൾ രണ്ടു വയസ്സിനിളപ്പമുള്ള രാജേഷിനെ, സൗമ്യ രാജേഷേട്ടാ എന്നു വിളിക്കുന്നെ…”

കൃഷ്ണ പറഞ്ഞതു കേട്ട് സൗമ്യ ഇരുന്നിടത്തുനിന്നും ഞെട്ടി എഴുന്നേറ്റു….

തങ്ങൾക്കു രണ്ടുപേർക്കും ഇതുവരെ അറിയാത്തൊരു കാര്യം കൃഷ്ണ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ മാലിനിയും രാക്കിയമ്മയും ഞെട്ടിപോയിരുന്നു….

പെട്ടെന്ന് ഒരു കാറ്റ് പോലെ തങ്ങളുടെ മുന്നിലൂടെ സൗമ്യ പാഞ്ഞു തന്റെ റൂമിൽ കയറി വാതിലടച്ചപ്പോൾ കൃഷ്ണ പറഞ്ഞതു സത്യമാണെന്ന് അവർക്ക് ഉറപ്പായി ..

അന്ന് രാത്രി കിടന്നിട്ട് സൗമ്യക്ക് ഉറക്കം വന്നില്ല…

കൃഷ്ണയോടുള്ള ദേഷ്യവും തന്റെ വയസ്സിന്റെ കാര്യം എങ്ങനെ കൃഷ്ണ അറിഞ്ഞു എന്നുള്ള ടെൻഷനും ഒക്കെ കൂടി അവൾക്കു ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി….

****************************

പിറ്റേന്ന് രാവിലെ സൗമ്യ എഴുന്നേറ്റു വരുമ്പോഴേക്കും അടുക്കളയിൽ ഉച്ചക്കത്തെ ഭക്ഷണം അടക്കം എല്ലാം കൃഷ്ണയും മാലിനിയും കൂടി ഒരുക്കിയിരുന്നു…

അടുക്കള സാധനങ്ങൾ മുഴുവൻ സൗമ്യ ഒളിപ്പിച്ചു വെച്ചിടത്തുനിന്നും തേടിയെടുത്തു എല്ലാം തന്റേതായ രീതിയിൽ ഒരുക്കിയിരുന്നു കൃഷ്ണ…

താൻ പത്തു വർഷമായി തന്റെ സ്വന്തമാക്കി വെച്ചിരുന്ന പലതും തന്റെ കൈവിട്ടു പോവുകയാണോ എന്ന ഭയത്താൽ സൗമ്യ പകച്ചു നിന്നു…

മാലിനി അവിടെ നിന്നു തന്നെ ജോലിക്ക് പോകാനും രാകേഷ് തറവാട്ടിൽ നിന്നും സ്ഥിരമായി വീട്ടിൽ വന്നു താമസിക്കാനും തുടങ്ങുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല….

“കൃഷ്ണേ…”

അവൾ നിന്നിടത്തു നിന്നും അലറി…

എന്നാൽ യാതൊന്നും സംഭവിക്കാത്ത പോലെ കൃഷ്ണ തിരിഞ്ഞു നോക്കി…

“പത്തുവർഷമായി ഞാനീ വീട്ടിൽ വന്നിട്ട്, അന്നുമുതൽ ഞാനാണ് ഇവിടുത്തെ ഓരോ കാര്യങ്ങളും ചെയ്തു വരുന്നേ… ഇന്നലെ വന്ന നീ അതിലൊന്നും മാറ്റം വരുത്താൻ നോക്കണ്ട…”

“സൗമ്യ പത്തുവർഷം മുന്പേ ഇവിടെത്തിയത് ഞങ്ങൾ കാരണമല്ലല്ലോ… അല്ല രാജേഷിന്റെ ഒഴികെ ഈ വീട്ടിലുള്ള ആരുടെയും താൽപര്യപ്രകാരമല്ലല്ലോ ആ വരവുണ്ടായത്….

ആറുമാസം മാത്രം പരിചയമുള്ള ഒരുത്തൻ വിളിച്ചപ്പോൾ ഇറങ്ങി വന്ന നീ രണ്ടുവീട്ടുകാരുടെയും സമ്മതത്തോടെ ഈ വീട്ടിലെ അമ്മ കൈപിടിച്ചു കയറ്റിയ ഞങ്ങളോട് വഴക്കിന്‌ വരണ്ട കേട്ടല്ലോ…”

“ഞാനില്ലായിരുന്നെങ്കിൽ നി ഈ വീട്ടിൽ കയറില്ലായിരുന്നു…”

സൗമ്യ പുച്ഛത്തോടെ അവളെ നോക്കി…

“ചുമ്മാതാ സൗമ്യേ… നി കാണുന്നതിന് മുൻപേ രാകേഷേട്ടൻ എന്നെ കണ്ടിരുന്നു .. വിവാഹവും ആലോചിച്ചിരുന്നു…

പിന്നെ നിന്റെ മുൻപിൽ ആടിയതോകെ വെറും നാടകം മാത്രം… നിന്റെ താല്പര്യത്തോടെ ഈ വീട്ടിൽ കയറണമെന്നത് എന്റെ വാശി ആയിരുന്നു..
അതുകൊണ്ട് പൊന്നുമോൾ ചെല്ലു…

വഴക്കിന്‌ വരാതിരുന്നാൽ നിനക്ക് കൊള്ളാം, ഇല്ലെങ്കിൽ അടിച്ചു അണപല്ലു തെറിപ്പിക്കും ഞാൻ..പറഞ്ഞേക്കാം…”

ഒക്കെ കേട്ടപ്പോൾ മനസ്സും ശരീരവും പുകയുന്നപോലെ തോന്നി സൗമ്യക്ക്…

താൻ ഒരു വലിയ മണ്ടത്തരം ആണ് കാണിച്ചതെന്ന് അവൾക്കു മനസ്സിലായി…

തന്റെ അരിശം തീർക്കാൻ വേണ്ടി ഉറങ്ങിക്കിടക്കുന്ന കുഞ്ഞിനെ അവൾ എഴുന്നേൽകാത്തതിനു വഴക്കു പറയുകയും തല്ലുകയും ചെയ്തു…

അങ്ങോട്ടേക്ക് പോകാൻ തുനിഞ്ഞ കൃഷ്ണയെ മാലിനി തടഞ്ഞെങ്കിലും കൃഷ്ണ നിന്നില്ല …

സൗമ്യയുടെ മുറിയുടെ വാതിൽ തള്ളി തുറന്നു അവൾ അകത്തേക്ക് കയറി…

“എന്നോടെന്തെങ്കിലും ദേഷ്യമുണ്ടെങ്കിൽ എന്നോട് തീർക്കണം… അല്ലാതെ പാവം കുഞ്ഞിനെ തല്ലരുത്….”

അവൾ മോനെ പിടിച്ചു മാറ്റിക്കൊണ്ട് പറഞ്ഞു…

“എന്റെ മോനെ ഞാൻ തല്ലും, കൊല്ലും… ചോദിക്കാൻ നി ആരാടീ…”

പടക്കം പൊട്ടുന്നപോലൊരു ശബ്ദം കേട്ടു മാലിനി ഓടിവന്നപ്പോൾ കണ്ടത് കവിളും പൊത്തി പിടിച്ചു നിക്കുന്ന സൗമ്യയെ ആണ്…

“പേടിക്കണ്ട ചേച്ചീ , ഞാൻ സൗമ്യക്കൊരു മരുന്ന് കൊടുത്തതാ… ഇനി ഇവളുടെ കൈ ആരുടെയും നേർക്കു ഉയരില്ല….

പീഡിപിക്കുന്നെന്നു പറഞ്ഞു പോലീസ് സ്റ്റേഷനിൽ പോയിട്ട് കാര്യമില്ല കേട്ടോ , മുൻപത്തെ അനുഭവം അവിടുള്ളവർ മറക്കാൻ സാധ്യതയില്ല….”

സൗമ്യയെ നോക്കി അത്രയും പറഞ്ഞു അവൾ പുറത്തേക്കു പോയി ..
ഉള്ളാലെ ചിരിച്ചു കൊണ്ട് മാലിനിയും…

ഇത്രയൊക്കെ അവിടെ നടന്നിട്ടും ആ വീട്ടിലെ ആരും കൃഷ്ണയോട് ഒന്നും ചോദിക്കാതിരുന്നത്
സൗമ്യയെ കൂടുതൽ വിറളി പിടിപ്പിച്ചു…

വൈകുന്നേരം രാക്കിയമ്മ വന്നപ്പോൾ നടന്നതൊക്കെ ഇരട്ടിയാക്കി അവൾ പറഞ്ഞെങ്കിലും നിന്നെ പോലെ തന്നെ അവളും എന്റെ മരുമകൾ ആണ്‌, നിനക്ക് ഉള്ള അതേ സ്വാതന്ത്ര്യവും അവകാശവും അവൾക്കും ഇവിടെ ഉണ്ട്…

അതുകൊണ്ട് പ്രശ്നമുണ്ടാക്കാതെ മുന്നോട്ടു പോകുന്നതായിരിക്കും രണ്ടു പേർക്കും നല്ലതെന്നു പറഞ്ഞു രാക്കിയമ്മ അവളെ കൈയൊഴിഞ്ഞു….

തനിക്ക് വേണ്ടി ആരും സംസാരിക്കില്ലെന്നു അവൾക്ക് മനസ്സിലായി….

*******************
പിറ്റേന്നു രാവിലെ സൗമ്യ കുറേക്കൂടി നേരത്തെ എഴുന്നേറ്റ് വന്നെങ്കിലും അപ്പോഴേക്കും കൃഷ്ണയുടെ ജോലി മുഴുവൻ കഴിഞ്ഞിരുന്നു….

പക്ഷെ പുറംപണികൾ സൗമ്യക്കായി മാറ്റിവെക്കുക മാത്രമല്ല അവളെ കൊണ്ടു ചെയ്യിപ്പിക്കാനും കൃഷ്ണക്കായി….

അതിന്റടുത്ത ദിവസം കൃഷ്ണക്കും മാലിനിക്കും മുന്നേ എഴുന്നേറ്റു സൗമ്യ എല്ലാ ജോലിയും ഒരുക്കി…

പക്ഷെ അന്ന് രണ്ടുപേരും അടുക്കളയിൽ വന്നില്ലെന്നു മാത്രമല്ല രാവിലെതന്നെ ഒരുങ്ങി എങ്ങോട്ടോ പോകുകയും ചെയ്തു….

താൻ കബളിക്കപെട്ടത് സൗമ്യക്ക് മനസ്സിലായി…

തന്റെ അമ്മയെ ഫോണിൽ വിളിച്ചു കുറെ കരയുകയും പറയുകയുമൊക്കെ ചെയ്തപ്പോൾ അവൾക്ക് കുറച്ചു ആശ്വാസം കിട്ടി…

ദിവസങ്ങൾ ഓടിപ്പോയി കൊണ്ടിരുന്നു… സൗമ്യയുടെ അവിടുത്തെ ജീവിതം കൃഷ്ണയെ പേടിച്ചുള്ളതായി മാറിയിരുന്നു…

എന്നാൽ ബാക്കി ആ വീട്ടിലുള്ള എല്ലാവരും തന്നെ മനസമാധാനത്തോടെ കഴിയാൻ തുടങ്ങിയത് ആ ദിവസങ്ങളിൽ ആണെന്ന് പറയാം…

രാകേഷിനെ ഒരു വാക്ക് കൊണ്ടു പോലും എതിർക്കാത്തൊരു ഭാര്യ ആയിരുന്നു കൃഷ്ണ….

അവളെപോലൊരു പെണ്ണിനെ തനിക്ക് വേണ്ടി കണ്ടെത്തിയതിന് അവൻ എപ്പോഴും മാലിനിയോട് നന്ദി പറഞ്ഞു …..

ഒരു ദിവസം വൈകീട്ട് കൃഷ്ണ പുറത്തു പോയി തിരിച്ചു വന്നപ്പോൾ അവിടെ സൗമ്യയുടെ അമ്മ ഉണ്ടായിരുന്നു…

ആദ്യം അവളവരോട് നല്ലരീതിയിൽ പെരുമാറി എങ്കിലും അവരുടെ വാക്കുകൾ തനിക്ക് നേരെയുള്ള യുദ്ധതിനായുള്ള പുറപ്പാടാണെന്നു മനസ്സിലായതോടെ കൃഷ്ണയും അതിനായൊരുങ്ങി…

“എപ്പോഴും സൗമ്യയുമായി വഴക്കാണല്ലോ കൃഷ്ണേ, വല്ലാത്തൊരു സ്വഭാവം തന്നെയാണ് കേട്ടോ ഇതു….”

സൗമ്യയുടെ അമ്മ പറഞ്ഞു…

“വല്ലാത്തൊരു സ്വഭാവം നിങ്ങളുടെ മോൾക്കാ സ്ത്രീയെ… ഇവിടെ വന്നു കയറിയത് മുതൽ ഒരാൾക്കും സമാധാനം കൊടുക്കാതെ ഇവളിവിടെ വിഹരിക്കുക ആയിരുന്നില്ലേ… എതിരിടാൻ ഒരാൾ വന്നപ്പോൾ അമ്മക്കും മോൾക്കും സഹിക്കുന്നില്ലല്ലേ…

ഇവൾക്ക് മാത്രമേ എന്നെ ഇവിടെ ഇഷ്ടമില്ലതുള്ളൂ, അല്ലാതെ ഈ കുടുംബത്തിൽ ഒരാൾ പോലും എന്നെ കൊണ്ട് ഒരു മോശം വാക്കു പറയില്ല… പക്ഷെ നിങ്ങളുടെ മോളേ കുറിച്ചോ… ആരെങ്കിലും നല്ലതു പറയുന്നുണ്ടോ…

സ്വന്തം ഭർത്താവിനെ പോലീസിനെ കൊണ്ടു പിടിപ്പിക്കാൻ നോക്കിയ ഇവൾ എവിടെ കിടക്കുന്നു, ഇന്നുവരെ ഭർത്താവ് പറയുന്നത് മാത്രം കേട്ടു ജീവിക്കുന്ന ഞാൻ എവിടെ കിടക്കുന്നു…. അതെങ്ങനാ നിങ്ങളുടെ സ്വഭാവമല്ലേ ഇവൾക്ക് കിട്ടിയിരിക്കുന്നെ…

നിങ്ങളുടെയും നിങ്ങളുടെ രണ്ടു പെണ്മക്കളുടെയും സ്വഭാവദൂഷ്യം കൊണ്ടല്ലേ ആ പാവം മനുഷ്യൻ എപ്പോഴും കള്ളും കുടിച്ചു നടക്കുന്നതു….

നിങ്ങൾ രാവിലെ ജോലിക്കെന്നും പറഞ്ഞു ഇറങ്ങുന്നത്….”

കൃഷ്ണ പറയുന്നത് കേൾക്കാൻ ശക്തിയില്ലാതെ സൗമ്യയുടെ അമ്മ നിന്ന നിൽപ്പിൽ ഇറങ്ങിയോടി….

ഉടനെ റൂമിൽ കയറി വാതിലടക്കാൻ തുനിഞ്ഞ സൗമ്യയെ അവൾ തടഞ്ഞു നിർത്തി…

“നിക്കെടീ അവിടെ… ഉള്ളത് മുഴുവൻ ഉണ്ടാക്കി വെച്ചിട്ട് അവസാനം അവളുടെ ഒരു മുറിയിൽ കയറി വാതിലടക്കൽ….

ഇവിടെ അടങ്ങി ഒതുങ്ങി കഴിഞ്ഞില്ലെങ്കിൽ അടിച്ചോടിക്കും ഞാൻ… ഇവിടുത്തെ ഭാവി അവകാശിയെ പ്രസവിച്ച അവകാശം പറഞ്ഞല്ലേ ഇത്രയും കാലം നെഗളിച്ചത്… എന്നാൽ കേട്ടോ , മാലിനി ചേച്ചി മൂന്നു മാസം ഗർഭിണിയാ…

ഞാൻ രണ്ടുമാസവും…. ഉടനെ ഒരു കുഞ്ഞല്ല , രണ്ടു കുഞ്ഞുങ്ങൾ കൂടിയാ ഈ വീട്ടിൽ വരാൻ പോകുന്നതെന്നു…

ഇനി പ്രസവിക്കാൻ പറ്റാത്തവൾ എന്നു പറഞ്ഞു ചേച്ചിയെ വേദനിപ്പിച്ചാൽ നിന്നെ കൊല്ലാനും ഞാൻ മടിക്കില്ല… കേട്ടല്ലോ….”

സൗമ്യയെ വെല്ലുവിളിച്ചു കൊണ്ടു കൃഷ്‌ണ മുകളിലേക്ക് കയറിപ്പോയി…..

കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോൾ വീണ്ടും ആ വീടിനു മുന്നിൽ ഒരു പോലീസ് ജീപ്പ് വന്നു നിന്നു…..

(തുടരും)

അടുത്ത ഭാഗത്തോടെ “മരുമക്കൾ” അവസാനിക്കും കേട്ടോ…
അടുത്തഭാഗം നാളെ….

മരുമക്കൾ : ഭാഗം 1

മരുമക്കൾ : ഭാഗം 2

മരുമക്കൾ : ഭാഗം 3

മരുമക്കൾ : ഭാഗം 4