Saturday, December 14, 2024
Novel

നിവാംശി : ഭാഗം 15 – അവസാനിച്ചു

എഴുത്തുകാരി: ശിവന്യ


എന്താണ് സംഭവിച്ചതെന്നറിയാൻ നിവാംശിക്ക് ഒരു നിമിഷം വേണ്ടി വന്നു….

ഒരു നിമിഷത്തെ മരവിപ്പിന് ശേഷം ജിത്തൂന്ന് അലറി വിളിച്ച് കൊണ്ട് അവൾ അവനരികിലേക്ക് ഓടിയെത്തി….

അപ്പോഴേക്കും അവന്റെ പ്രജ്ഞ നശിച്ചിരുന്നു….

എവിടുന്നോ കിട്ടിയ ഒരു ശക്തിയിൽ അവൾ അവനെ വലിച്ച് കാറിൽ കയറ്റി….

തൊട്ടടുത്തുള്ള ഹോസ്പിറ്റൽ ലക്ഷ്യമാക്കി കാറോടിക്കുമ്പോൾ നിവാംശി പൂങ്കുല പോലെ വിറക്കുന്നുണ്ടായിരുന്നു….

ജനിച്ചാൽ ഒരു ദിവസം മരണം അനിവാര്യമാണെന്ന് പറഞ്ഞവൻ ബോധം നശിച്ച് കാറിൽ കിടക്കുമ്പോൾ താൻ വീണ്ടും ഒറ്റപ്പെട്ടു പോകുമോ എന്ന ഭയം ആയിരുന്നു നിവാംശിയുടെ ഉളള് നിറയെ….

“എന്റെ ജീവനെടുത്തോളൂ ദൈവമേ പകരം എന്റെ ജീവന്റെ ജീവന് ഒരു ആപത്തും വരുത്തല്ലേ…”
അവൾ പേരറിയാത്ത സകല ദൈവങ്ങളെയും വിളിച്ചു പ്രാർത്ഥിച്ചു….

ഹോസ്പിറ്റൽ കാഷ്വാലിറ്റിയിൽ ഓടി കയറി വിവരം പറയുമ്പോൾ നിവാംശിക്ക് ശ്വാസം കിട്ടുന്നുണ്ടായിരുന്നില്ല….

ഒടുവിൽ ചോരയിൽ കുളിച്ച ജിത്തുവിനെ സ്ട്രക്ചറിൽ കിടത്തികൊണ്ടു പോകുമ്പോൾ ഇനി എന്തു ചെയ്യണം എന്നറിയാതെ അവൾ തകർന്ന് പോയിരുന്നു….

**************************

രണ്ട് ദിവസം കഴിഞ്ഞു ജിത്തുവിന് ബോധം വരാൻ….

ആ രണ്ട് ദിവസം ഒരു പോള കണ്ണടക്കാതെ, ജലപാനം ചെയ്യാതെ അവൾ അവന് കാവലിരുന്നു…. അഥവാ തന്റെ കണ്ണടഞ്ഞു പോയാൽ അവനെ മരണം തട്ടി എടുത്തേക്കുമോ എന്ന ഭയം ആയിരുന്നു അവളുടെ ഉള്ള് നിറയെ….

വിവരമറിഞ്ഞ് ഓടിയെത്തിയ ബാക്കി ആരെയും അവൾ കണ്ടില്ല…. ആരുടെയും ശബ്ദം അവൾ കേട്ടില്ല….
അവനെന്തെങ്കിലും സംഭവിച്ചാൽ അവനെ മാത്രമല്ല അവളെയും അവർക്ക് നഷ്ടമാകുമായിരുന്നു..

മരണത്തിന്റെ തൊട്ടടുത്ത് എത്തി വീണ്ടും ജീവിതത്തിലേക്ക് ഒരു മടക്കയാത്ര…. അതായിരുന്നു ശരിക്കും സംഭവിച്ചത്….
ഒരു പക്ഷേ അവളുടെ കണ്ണീരും പ്രാർത്ഥനയും കാരണം മരണം അവനെ തട്ടി എടുക്കാതെ പോയതാകാം…..

“എന്താണ് സംഭവിച്ചതെന്ന് ആര് ചോദിച്ചിട്ടും അവളൊന്നും പറഞ്ഞില്ല…. പൊട്ടിച്ചിരിക്കുന്ന മായയുടെ മുഖം അവളുടെ മനസ്സിൽ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം….
അവളിൽ ആകെ നിറത്തിരുന്നത് രണ്ട് വെള്ളാരം കണ്ണുകൾ മാത്രമായിരുന്നു….
എപ്പോഴും ചിരിച്ച് കണ്ട സൗമ്യത മാത്രം നിറഞ്ഞ ഒരു മുഖമായിരുന്നു…. ബാക്കി ഒക്കെയും അവളുടെ മനസ്സിൽ നിന്നും മാഞ്ഞു പോയിരുന്നു….

************************

ജിത്തുവിന് സംസാരിക്കാൻ പറ്റും എന്നായപ്പോൾ പോലീസ് മൊഴി എടുക്കാൻ വന്നു….

എന്നാൽ ആരുടെ വാഹനമാണ് ഇടിച്ചതെന്നോ ആരാണ് വാഹനം ഓടിച്ചതെന്നോ അറിയില്ലെന്നായിരുന്നു അവന്റെ മറുപടി…..

അവൻ പറഞ്ഞത് കേട്ട് നിവാംശി സംശയത്തോടെ അവനെ നോക്കി….

പോലീസിന് അവന്റെ മൊഴി വിശ്വാസയോഗ്യമല്ലായിരുന്നു… അതിനാൽ തന്നെ സംഭവസ്ഥലത്ത് ദൃക്സാക്ഷിയായി ഉണ്ടായിരുന്ന നിവാംശിയോട് സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ചു….. എന്നാൽ അവൻ പറഞ്ഞത് തന്നെ ആയിരുന്നു അവളുടേയും വാക്കുകൾ..

ജിത്തുവിന് ആരെങ്കിലും ശത്രുക്കൾ ഉണ്ടോന്നുള്ള ചോദ്യത്തിന് മായയുടെ പേര് പറയാൻ പോയ ആനന്ദിനെ അവൻ തടഞ്ഞു..

” നീ എന്തിനാ അവളെ രക്ഷിക്കാൻ വേണ്ടി നുണ പറഞ്ഞത് ”

മൊഴി എടുക്കാൻ വന്ന പോലീസ് പോയതിന് ശേഷം ആനന്ദ് ജിത്തുവിനോട് കയർത്തു….

” പോട്ടെടാ…. സാരമില്ല ”
തളർന്ന ശബ്ദത്തിൽ ജിത്തു പറഞ്ഞു…

“സാരമില്ലെന്നോ.. അപ്പോൾ നിനക്കെന്തെങ്കിലും പറ്റിയിരുന്നെങ്കിലോ ”

ആനന്ദ് ദേഷ്യം കൊണ്ട് വാക്കുകയായിരുന്നു….

” ഒന്നും പറ്റിയില്ലല്ലോടാ… പിന്നെ ശരീരത്തിനുണ്ടായ പരിക്കുകൾ കാലം മാറ്റി തരും… പക്ഷേ ഞാൻ കാരണം മായ ശിക്ഷിക്കപ്പെട്ടാൽ അതിന്റെ വിഷമം മരണം വരെ ഞങ്ങളെ വിട്ടൊഴിയില്ല… അല്ലേ…”

അവൻ നിവാംശിയെ നോക്കിയപ്പോൾ അതേയെന്നർത്ഥത്തിൽ അവൾ തലയാട്ടി….

“നോക്കെടാ, ചിലപ്പോൾ ഈ വിവാഹം നടക്കാത്ത നിരാശയാകാം അവളെ കൊണ്ടത് ചെയ്യിച്ചത്…. അപ്പോൾ അതിന് കാരണം ഞാൻ തന്നെയല്ലേ… ഇങ്ങനൊരു വിവാഹാലോചന നടന്നില്ലായിരുന്നു എങ്കിൽ ഇത് സംഭവിക്കുമായിരുന്നോ…?”

ജിത്തുവിന്റെ ചോദ്യത്തിന് ആനന്ദിന് മറുപടി ഇല്ലായിരുന്നു….

” എങ്കിലും മായയുടെ സ്വഭാവം ശരിയല്ല മോനേ…. ”

എല്ലാം കേട്ടുകൊണ്ട് റൂമിന് വെളിയിൽ നിക്കുകയായിരുന്ന മോഹൻ അകത്തേക്ക് കയറി വന്നു..

” ഇഷ്ടപ്പെട്ടത് സ്വന്തമാക്കാൻ പറ്റിയില്ലെങ്കിൽ നശിപ്പിച്ച് കളയുക എന്നതാണ് അവളുടെ സ്വഭാവം അത്രേ… ഇനിയും അവൾ നിന്നെ തേടി വരില്ലെന്ന് എന്താ ഉറപ്പ് ?… അതു കൊണ്ട് ഇതങ്ങനെ വിട്ടാൽ പറ്റില്ല ”….

“അച്ഛാ , ഞാൻ പറയുന്നത്…”

“എന്താ ഇവിടൊരു ചർച്ച… ”
ഡോക്ടർ റഹീം ആയിരുന്നു….

“ജിത്തു അധികം സംസാരിക്കരുത് ട്ടോ…. തലക്ക് ഫ്രാക്ചറുള്ളതാണ്…. തല ഇളക്കാതെ നോക്കണം”….

” ശരി ഡോക്ടർ….”

ഡോക്ടർ പരിശോധന തുടർന്നപ്പോൾ
എല്ലാവരും റൂമിന് വെളിയിലിറങ്ങി….

***************************

ഇരുന്നിട്ടിരിപ്പുറക്കാതെ മഹേശ്വരൻ എണീറ്റ് നടക്കാൻ തുടങ്ങി…. ആരുടെേയോ കാൾ പ്രതീക്ഷിച്ചെന്ന പോലെ അയാൾ ഇടക്കിടെ ഫോൺ എടുത്ത് നോക്കുന്നുണ്ടായിരുന്നു…

പെട്ടെന്ന് അയാളുടെ മൊബൈൽ റിംഗ് ചെയ്തു…

“ഹലോ ”

“മഹേശ്വരൻ സർ ഒന്നു കൊണ്ടും പേടിക്കണ്ട… ജിത്തു മായക്കെതിരെ മൊഴി തന്നിട്ടില്ല.. ” എസ് ഐ വർഗീസ് ആയിരുന്നു മറുഭാഗത്തു..

ഒരു ദീർഘനിശ്വാസം മഹേശ്വരനിൽ ഉണ്ടായി…

“വർഗീസ് സാറേ അവൻ ഒന്നും പറഞ്ഞില്ല എന്നത് സത്യമാണോ “…

“അതെയെന്നേ… ഇനി പേടിക്കാനൊന്നുമില്ല… ഒക്കെ ഞാൻ നോക്കി കൊള്ളാം… സാർ ധൈര്യമായിരുന്നോള്ളു… ”

“വളരെ നന്ദി ഉണ്ട് സാർ… ഞാൻ വന്നു കണ്ടോളാം.. ”

“ഓക്കേ ” …..

സംഭാഷണം അവസാനിപ്പിച്ചു മഹേശ്വരൻ മായയുടെ മുറിയിലേക്കു നടന്നു…

എന്തോ ആലോചിച്ചു കിടക്കുക ആയിരുന്നു മായ..

“എടി…പലരുടെയും കാലു പിടിച്ചും പണം വാരി എറിഞ്ഞും നിന്നെ കേസിൽ നിന്ന് ഒഴിവാക്കി എടുത്തിട്ടുണ്ട്… ആ പയ്യനും നിന്റെ പേര് പറഞ്ഞിട്ടില്ല….
അതുകൊണ്ട് നാളെ തന്നെ സൗദിയിൽ ഉള്ള ആന്റിയുടെ അടുത്തേക്ക് പോകാൻ നീ തയ്യാറായിക്കോ…
ഇനിയും ഇവിടെ നിന്ന് വല്ലതും കാണിച്ചാൽ നിന്നെ തല്ലി കൊല്ലുന്നത് ഞാൻ ആയിരിക്കും… ”

ദേഷ്യത്തോടെ അത്രയും പറഞ്ഞ് മഹേശ്വരൻ ഇറങ്ങിപ്പോയി….

” ആ പയ്യനും നിന്റെ പേര് പറഞ്ഞിട്ടില്ല”
ആ വാക്കുകൾ മായയുടെ കാതുകളിൽ വീണ്ടും മുഴങ്ങി…. അവളറിയാതെ തന്നെ അവളുടെ കണ്ണ് നിറഞ്ഞു….

*************************

കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ജിത്തുവിന് തനിയെ എണീറ്റിരിക്കാം എന്നായി….

ഉച്ചക്ക് അവന് കഞ്ഞി കോരി കൊടുക്കകയായിരുന്നു ജീനാശാന്തി…. അടുത്ത് തന്നെ അനിതയും നിവാംശിയും മേഘയും ഉണ്ടായിരുന്നു….

വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടപ്പോൾ മേഘ ചെന്ന് വാതിൽ തുറന്നു…

മുൻപിൽ നിക്കുന്ന ആളെ കണ്ടപ്പോൾ അവളുടെ പെരുവിരൽ മുതൽ തരിച്ച് കയറി…

“ആരാ മോളേ ” …

ജീനാ ശാന്തിയുടെ ശബ്ദം കേട്ടപ്പോൾ മേഘ വാതിൽപടിയിൽ നിന്നും കുറച്ച് മാറി നിന്നു…

“മായ ”

അവൾ ആരേയും ശ്രദ്ധിക്കാതെ നേരെ ജിത്തുവിനരികിലേക്ക് ചെന്നു….

ജീനാ ശാന്തി അവളെ വഴക്ക് പറയാൻ തുടങ്ങിയപ്പോൾ ജിത്തു അവരെ തടഞ്ഞു..

“സോറി മായ… ഞാൻ തന്റെ മനസ്സിനെ ഇത്രയും വിഷമിപ്പിക്കുമെന്ന് വിചാരിച്ചില്ല…. ക്ഷമിക്കെടോ… ”

ജിത്തുവിന്റെ ആ പെരുമാറ്റം തെല്ലൊന്നുമല്ല മായയെ അമ്പരിപ്പിച്ചത്….

പറയാൻ വാക്കുകൾ കിട്ടാതെ അവൾ വിഷമിച്ചു….

“സോറി…. ഇനി എന്റെ നിഴൽ പോലും തന്റെ മുൻപിൽ വരില്ല…. ”

വേറൊന്നും പറയാതെ തിരിഞ്ഞു നടക്കാനൊരുങ്ങിയ മായയുടെ കണ്ണുകൾ ഒരു നിമിഷം നിവാംശിയിൽ തറച്ചു…

“കൺഗ്രാറ്റ്സ്.. വിഷ് യു എ ഹാപ്പി മാരീഡ് ലൈഫ്…”

അവളോടൊന്നും പറയാൻ നിവാംശക്ക് സാധിച്ചില്ല…

********************

മായ ഇറങ്ങിപ്പോയതിന് പിന്നാലെ ആനന്ദും ജയശങ്കറും അങ്ങോട്ടെത്തി….

” അങ്കിളേ ദേ ഇവനേ ഏതോ ഒരു പെണ്ണിനെ ഇഷ്ടാണ് പോലും… അത് ആരായാലും ഒന്നങ്ങു സമ്മതിച്ചു കൊടുത്തേക്ക്…. ഇല്ലെങ്കിൽ വേറൊരു മായ ഉണ്ടാകും… ”

” ആണോടാ “…

ജിത്തു പറഞ്ഞത് കേട്ടു ജയശങ്കർ ആനന്ദിനെ നോക്കി..

“ഉം “…

അവൻ നാണത്തോടെ തലയാട്ടി…

“അതാരാണ് ആ നിർഭാഗ്യവതി… ”

“അച്ഛാ.. ”

” ആ പോട്ടെ…. നീ ആളാരാണെന്ന് പറ.. നല്ലതാണേൽ നമുക്ക് നോക്കാം.. ”

അയാൾ ഉറപ്പ് കൊടുത്തു..

“ഇവിടെ തന്നെയുണ്ട്…. ”

അവൻ പറഞ്ഞത് കേട്ട് എല്ലാവരുടെയും കണ്ണുകൾ മേഘയിൽ തറച്ചു..

“അയ്യേ ഇവളോ… ”

ജിത്തു പറഞ്ഞത് കേട്ട് എല്ലാവർക്കും ചിരി വന്നു….

” ഞാനല്ല.. പക്ഷേ എനിക്കറിയാം ആരാണെന്ന് ”

മേഘ ഒച്ചയിട്ടു…

“ഇവളെന്റെ പൊന്നനിയത്തി അല്ലേ…. ”
ആനന്ദ് അവളെ ചേർത്ത് പിടിച്ചു….

“പിന്നെ ആരാടാ “…

” ദേ വരുന്നു…. ”

അവൻ കൈ ചൂണ്ടിയ ഭാഗത്തേക്ക് എല്ലാവരും നോക്കി…

ശ്രാവന്തി ….. ജയമോഹനം ഗ്രൂപ്പിന്റെ മാനേജർ രാമയ്യരുടെ മകൾ… മെഡികെയർ ഹോസ്പിറ്റലിലെ ജനറൽ സർജൻ ഡോക്ടർ ശ്രാവന്തി…

” അത് ശരി…. അപ്പോ ഇവളെ കാണാനാണ് നീ ഇടക്കിടെ മെഡികെയറിൽ സന്ദർശനം നടത്തുന്നെ… ”

” അത് മാത്രല്ല,… ഇവളെ കാണാനാണ് കുറെക്കാലം ഡെൽഹിയിൽ വന്നു കൂടിയത്…”

മേഘ പറഞ്ഞു….

“വാ മോളേ… അനിത ശ്രാവന്തിയെ ചേർത്ത് നിർത്തി….

” ഞങ്ങൾക്കിഷ്ടാണ് ഇവളെ.. പക്ഷേ അയ്യര് സമ്മതിക്കണ്ടേ.. അല്ലേ മോളേ… ”

ജയശങ്കർ ശ്രാവന്തിയെ നോക്കി..

“അപ്പാക്ക് അനൂനെ ഇഷ്ടാണ്…. പക്ഷേ അപ്പായെ പേടിച്ചിട്ട് ഇവൻ ഓഫീസിലേക്ക് പോകില്ല…”

ശ്രാവന്തി പറഞ്ഞത് കേട്ട് എല്ലാവരും ചിരിച്ചു…

**********************

ഒന്നര വർഷം കണ്ണടച്ചു തുറക്കുന്നത് പോലെ കടന്ന് പോയി….

ഇന്ന് മേഘയെ പ്രസവത്തിനായി ഏഴാം മാസം സ്വന്തം വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയാണ്..

മേഘയുടെ ഭർത്താവ് കിഷോറിനും കുടുംബത്തിനും അവളെ വീട്ടിലേക്ക് അയക്കാൻ താൽപര്യമില്ലായിരുന്നു എങ്കിലും ആദ്യത്തെ പ്രസവം പെൺ വീട്ടുകാരുടെ അവകാശം ആണെന്ന് പറഞ്ഞു ജിത്തുവും ആനന്ദും വാശി പിടിച്ചു…

മേഘക്ക് വിശേഷമായതിൽ ഏറ്റവും കൂടുതൽ സന്തോഷം തനുമോൾക്കാണ്.. അവൾക്ക് കളിക്കാൻ ഒരു കുഞ്ഞുവാവ വരാൻ പോവല്ലേ..

“അച്ചോട മോളേ…. നിനക്ക് കളിക്കാൻ വാവ വേണമെങ്കിൽ ദേ ഇരിക്കുന്നു നിന്റെ ആന്റിമാർ…അവരോട് പറ വേഗം വാവയെ തരാൻ..”

മേഘ നിവാംശിയെയും ശ്രാവന്തിയേയും ചൂണ്ടി കൊണ്ട് പറഞ്ഞു…

അത് കേട്ട് എല്ലാവരിലും പൊട്ടിച്ചിരി ഉയർന്നു….

“അതേയ്.. മേഘ പറഞ്ഞത് കേട്ടില്ലേ.. ഇന്ന് തന്നെ നോക്കിയാലോ.. ”

ജിത്തു നിവാംശിയുടെ ചെവിയിൽ പറഞ്ഞപ്പോൾ അവളുടെ മുഖം നാണത്താൽ ചുവന്നു..

” ആ… ”

കയ്യിൽ നുള്ള് കൊണ്ട് വേദനയോടെ ചുളിഞ്ഞ മുഖവുമായി ആനന്ദിനെ കണ്ടപ്പോൾ അവനും അതേ കാര്യം ശ്രാവന്തിയുടെ ചെവിയിൽ പറഞ്ഞിട്ടുണ്ടാകും എന്ന് ജിത്തുവിന് മനസ്സിലായി…

അവന്റെ മുഖത്തൊരു ചിരി വിടർന്നു…. സന്തോഷം നിറഞ്ഞ ചിരി….

അവസാനിച്ചു…...

എല്ലാവരുടേയും ആഗ്രഹം പോലെ ജിത്തുവിനെയും നിവാംശിയെയും കൂട്ടിച്ചേർത്തിട്ടുണ്ട്…

കഥ ഇഷ്ടമായെങ്കിൽ പറയണം..
നിങ്ങളുടെയൊക്കെ സപ്പോർട്ട് ഉണ്ടെങ്കിൽ അധികം വൈകാതെ വേറൊരു കഥയുമായ് വരാം..

സ്നേഹത്തോടെ ശിവന്യ അഭിലാഷ്.

നിവാംശി : ഭാഗം 1

നിവാംശി : ഭാഗം 2

നിവാംശി : ഭാഗം 3

നിവാംശി : ഭാഗം 4

നിവാംശി : ഭാഗം 5

നിവാംശി : ഭാഗം 6

നിവാംശി : ഭാഗം 7

നിവാംശി : ഭാഗം 8

നിവാംശി : ഭാഗം 9

നിവാംശി : ഭാഗം 10

നിവാംശി : ഭാഗം 11

നിവാംശി : ഭാഗം 12

നിവാംശി : ഭാഗം 13

നിവാംശി : ഭാഗം 14