Wednesday, April 24, 2024
Novel

നിവാംശി : ഭാഗം 13

Spread the love

എഴുത്തുകാരി: ശിവന്യ

Thank you for reading this post, don't forget to subscribe!

“ഇനി നമ്മളെന്തു ചെയ്യുമെടാ….”

ആനന്ദ് എണീറ്റ് ജിത്തുവിന്റെ അരികിൽ വന്നു….

“എന്ത് ചെയ്യാൻ… വിവാഹം നടത്തി തന്നില്ലെങ്കിൽ ഞാനും ഇളയച്ഛനെ പോലെ ചെയ്യും എന്ന് പറയും…. അത്ര തന്നെ…. ”

അവനൊരു കൂസലും ഇല്ലാതെ മുകളിലേക്ക് കയറി പോകാനാഞ്ഞപ്പോൾ ആനന്ദ് അവനെ പിടിച്ച് നിർത്തി….

” ശരിക്കും നീ ചെയ്യുമോ… ”

”ആ… ചെയ്യും”…

” നീ ചുമ്മാ പറയുവല്ലേടാ… ഇവരെ പറ്റിക്കാൻ…”

അവൻ ജീനാ ശാന്തിയേയും അനിതയേയും ചൂണ്ടി കാണിച്ചു കൊണ്ട് ചോദിച്ചു….

“അല്ല…. ഒരാഴ്ച്ച ഞാൻ നോക്കും… അവളെ എനിക്ക് കെട്ടിച്ച് തരില്ല എന്ന് തന്നെയാണ് തീരുമാനമെങ്കിൽ തീർച്ചയായും ഞാൻ ചെയ്യും…. ”

ജിത്തു സ്റ്റെപ്പുകൾ ഓടി കയറി മുകളിലേക്ക് പോയി….

” അളിയാ.. നിൽക്കെന്ന് പറഞ്ഞ് കൊണ്ട് ആനന്ദും പിന്നാലെ പോയി..

************************

ലോബിയിലിരുന്ന് സംസാരിക്കുകയായിരുന്ന മോഹൻന്റെയും ജയശങ്കറിന്റെയും അടുത്തേക്ക് ജീന ശാന്തിയും അനിതയും കൂടി വന്നു..

“എന്താ ഒരു രഹസ്യ ചർച്ച ”

“ജിത്തൂന്റെ വിവാഹം തന്നെ ”

“ആഹ്.. ആ കുട്ടിയെ കെട്ടിച്ചു കൊടുത്തില്ലേൽ ആത്മഹത്യ ചെയ്യും എന്ന് പറഞ്ഞ അവൻ കയറി പോയത്.. ”

അനിത പറഞ്ഞത് കേട്ടപ്പോൾ മോഹനും ജയശങ്കറും ചിരിച്ചു..

“ഇതിലിപ്പോ ചിരിക്കാനെന്താ “…

ജീന ശാന്തിക്കു ദേഷ്യം വരുന്നുണ്ടായിരുന്നു…

“നീ ദേഷ്യപെടേണ്ട… ആ കുട്ടിയുടെ കാര്യം തന്നെ ആലോചിച്ചാലോ എന്നാ ഞങ്ങളുടെ അഭിപ്രായം ”

മോഹൻ പറഞ്ഞു..

“എനിക്ക് സമ്മതകുറവൊന്നും ഇല്ല …. എന്റെ മോന്റെ സന്തോഷം ആണ് എനിക്ക് വലുത് “…

“എങ്കിൽ അവനിപ്പോ അറിയണ്ട…. രണ്ടു ദിവസം കഴിഞ്ഞു നമുക്ക് ആ കുട്ടിയെ ചെന്ന് കാണാം.. അവളുടെ താല്പര്യവും നോക്കണമല്ലോ… . ”

“അതിനു അവൾക്കു അവനെ ഇഷ്ടപെടാതിരിക്കാൻ നമ്മുടെ കുട്ടിക്ക് എന്താ കുറവ് “…

അനിത കെറുവിച്ചു..

“അതല്ല അനിതേ… അവൾ അവളുടെ അച്ഛനെ തേടി വന്നതാണെന്നല്ലേ പറഞ്ഞത്… അപ്പൊ അതിനൊക്കെ ഒരു തീരുമാനം നമുക്ക് ഉണ്ടാക്കണ്ടേ…

എന്തായാലും രാമനാഥൻ ആ കുട്ടിയെ സ്വീകരിക്കാൻ ഒരു സാധ്യതയും ഇല്ല… ഇതെങ്ങാനും അറിഞ്ഞാൽ അവന്റെ ഭാര്യയും മകനും നിവാംശിയെ ബാക്കി വെക്കില്ല … ”

“അത് ശെരിയാ… ”

“അപ്പൊ ഇലക്കും മുള്ളിനും കേടില്ലാതെ നമ്മൾ ഇത് ഹാൻഡിൽ ചെയ്യണം.. ”

എല്ലാവരും അത് കേട്ടു തലകുലുക്കി…

“ഈ പെണ്ണിനെ ഇഷ്ടമുള്ളതു കൊണ്ടാവും മായയെ വേണ്ടെന്ന് അവൻ പറഞ്ഞത്… ”

ആലോചിച്ചപ്പോൾ അനിതക്കു ചിരി വന്നു…

****************************

സന്ധ്യ ആവാറായ നേരത്ത് കോളിംഗ് ബെൽ ശബ്ദം കേട്ടപ്പോൾ നിവാംശി ഒന്നു പകച്ചു…

“ആരാ ഇപ്പോ ഈ നേരത്ത്…. ആനന്ദോ, ജിത്തുവോ മറ്റോ ആണോ…. ഏയ് അവരിത്ര ലേറ്റായിട്ടൊന്നും വരാറില്ലല്ലോ ”

ഓരോന്ന് ഓർത്തുകൊണ്ട് നിവാംശി ഡോർ തുറന്നു…. വാതിൽക്കൽ നിൽക്കുന്ന ആളുകളെ അവൾക്ക് മനസ്സിലായില്ല….

“ആരാ… ”

നിവാംശിയുടെ ചോദ്യം കേട്ടപ്പോൾ ജീനാ ശാന്തി മുന്നോട്ട് വന്നു….

” ഞാൻ ജീന… ജിത്തുവിന്റെ അമ്മയാണ്…”

അത് കേട്ടതും നിവാംശിയുടെ കണ്ണുകൾ വിടർന്നു…

“ഓഹ്…. സോറി… എനിക്കറിയില്ലായിരുന്നു…. പ്ലീസ് കമിൻ മേഡം”

അവൾ അവരെ അകത്തേക്ക് ക്ഷണിച്ചു….

ആദ്യം ജീനാ ശാന്തിയും അവർക്ക് പുറമേ ബാക്കിയുള്ളവരും അകത്തേക്ക് കയറി വന്നു….

കൂടെയുള്ളവർ ജിത്തുവിന്റെ അച്ഛനും ആനന്ദിന്റെ മാതാപിതാക്കളും ആയിരിക്കുമെന്ന് അവൾ ഊഹിച്ചു…

ജീനാ ശാന്തി നിവാംശിയെ അടിമുടി വീക്ഷിക്കുകയായിരുന്നു….

പിങ്ക് ചുരിദാറിൽ അവളുടെ മുഖത്തിനും പിങ്ക് നിറമായിരുന്നു…..

അഴിച്ചിട്ട നീളൻ മുടിയിൽ എണ്ണമയം ഒട്ടും ഇല്ലായിരുന്നു…. കുറച്ചേറെ തന്നെ മോഡേണായ പെൺകുട്ടിയാണ് വംശിയെന്ന് അവർക്ക് തോന്നി….

“ഡൽഹിയിലൊക്കെവളർന്നതല്ലേ. … ”

അവർ മനസ്സിൽ പറഞ്ഞു…

” കുടിക്കാനെന്താ എടുക്കേണ്ടത്…. ചായയോ…”

“ചായ മതി… പെട്ടെന്ന് മോഹൻ പറഞ്ഞു…

നിവാംശി അടുക്കളയിലേക്ക് പോകാനായി പിൻതിരിഞ്ഞപ്പോഴാണ് തനു മോൾ അങ്ങോട് വന്നത്..

” ഇത് ചേച്ചിയുടെ മകളാണ്… ”

” ഇങ്ങടുത്ത് വാ മോളേ…. ജയശങ്കർ കുട്ടിയെ കൈകാട്ടി വിളിച്ചു…

“എന്താ മോളുടെ പേര് ?”

“തനിഷ്ക… ”

” സൂപ്പർ നെയിം ആണല്ലോ…. മോളേത് ക്ലാസ്സിലാ പഠിക്കുന്നെ”

”ഫസ്റ്റ് സ്റ്റാൻഡേർഡ് ”

തനു മോൾ അവരോട് സംസാരിക്കുന്നതിനിടയിൽ നിവാംശി ചായ എടുക്കുന്നതിനായി അകത്തേക്ക് പോയിരുന്നു….

“നല്ല വൃത്തിയൊക്കെ ഉണ്ടല്ലേ ”

അനിത ചുറ്റും നോക്കി കൊണ്ട് ജീനാ ശാന്തിയുടെ ചെവിയിൽ അടക്കം പറഞ്ഞു..

”കാണാനും സുന്ദരി…. നമ്മുടെ ജിത്തുവിന് നന്നായി ചേരും……”

” അത് ശരിയാ…. ”

ജീനാ ശാന്തിയും ചിന്തിച്ചത് അത് തന്നെ ആയിരുന്നു…..

അപ്പോഴേക്കും നിവാംശി ചായയും കൊണ്ട് അങ്ങോട്ടെത്തി….

“മോൾക്ക് പാചകമൊക്കെ അറിയാലേ ”

ചായ എടുത്തു കൊണ്ട് അനിത ചോദിച്ചു….

” കുറച്ചൊക്കെ അറിയാം മാഡം”

“ഈ മാഡം വിളി കേട്ടോ…. ചായ കുടിക്കുന്നതിനിടയിൽ ജീനാ ശാന്തി പറഞ്ഞു….

എന്നെ അമ്മയെന്ന് വിളിച്ചോളൂ…. ഇത് ആന്റി… ജിത്തും മേഘയും അങ്ങനെയാണ് വിളിക്കാറ്… ഇനി മുതൽ വംശിക്കും അങ്ങനെ തന്നെയാണ് ”

നിവാംശി ഒന്നും മനസ്സിലാകാതെ അമ്പരപ്പോടെ അവരെ നോക്കി….

” കുട്ടിയോട് ചില കാര്യങ്ങൾ സംസാരിക്കാനാണ് ഞങ്ങൾ വന്നത് ”

ഗൗരവത്തിലായിരുന്നു മോഹന്റെ സംസാരം…

അവരുടെ വരവിന് പിന്നിൽ എന്തോ ഉദ്ദേശമുണ്ടെന്ന് നിവാംശിക്ക് നേരത്തെ തന്നെ തോന്നിയിരുന്നു…

“തനൂ…. മോളകത്ത് ചെല്ല് ”

നിവാംശി കുഞ്ഞിനെ അകത്തേക്ക് പറഞ്ഞയച്ചു….

” ഇനി പറയൂ സാർ എന്താണ് പറയാനുള്ളത്….”

അവൾക്കും അപ്പോൾ ഗൗരവം തന്നെ ആയിരുന്നു….

“ഞങ്ങൾ വന്നത് കുട്ടിയെ എന്റെ മകന് വേണ്ടിപ്രപോസ് ചെയ്യാനാണ് ”

നിവാംശി കേട്ടത് വിശ്വസിക്കാനാവാതെ അയാളെ മിഴിച്ച് നോക്കി…

” അവന് കുട്ടിയെ ഇഷ്ടമാണ്….കുട്ടിക്കും അവനെ ഇഷ്ടമാണെന്നാണ് അവൻ പറഞ്ഞത് … സോ നമുക്കിത് ഫോർവേഡ് ചെയ്യാലോ….. ”

ജയശങ്കറായിരുന്നു സംസാരിച്ചത്…

“നിവാംശിക്ക് എതിരഭിപ്രായം എന്തെങ്കിലും…… ”

” അങ്കിൾ…. അത്…. ഞാൻ… എന്നെ കുറിച്ച് നിങ്ങൾക്ക്….. ”

നിവാംശി എന്ത് പറയണം എന്നറിയാതെ കുഴങ്ങി….

” കുട്ടിയെ കുറിച്ച് ഞങ്ങൾക്കെല്ലാം അറിയാം…. മോളിങ്ങോട്ട് വന്നതിന്റെ പിന്നിലെ ഉദ്ദേശവും ഞങ്ങർക്കറിയാം…. ”

ജിത്തുവും ആനന്ദും അവരോടെല്ലാം പറഞ്ഞിരിക്കുന്നു എന്നവൾക്ക് മനസ്സിലായി…..

“നിങ്ങൾ ആരും എന്റെ അഹങ്കാരമായി കാണരുത്…. ഈ വിവാഹത്തിന് എനിക്ക് സമ്മതമല്ല….”

നിവാംശിയുടെ മറുപടി കേട്ട് എല്ലാവരും അമ്പരന്നു പോയി….

“വേറൊന്നും കൊണ്ടല്ല…. അച്ഛനാല്ലാത്ത ഒരു പെണ്ണിനെ വിവാഹം ചെയ്യേണ്ട ഗതികേട് അവനില്ലെന്ന് എനിക്ക് തോന്നുന്നു…. ”

ചങ്ക് പറിച്ചെടുത്ത വേദനയോടെയാണ് അവൾ അത് പറഞ്ഞതെന്ന് അവർക്ക് മനസ്സിലായി…..

“എന്റെ മമ്മീടെ ആവശ്യമായിരുന്നു അച്ഛനെ കണ്ടു പിടിക്കണം എന്നും ഇനിയുള്ള കാലം അച്ഛന്റെ കൂടെ ഞങ്ങൾ ജീവിക്കണം എന്നും… അതിനിടയിൽ ഒരു വിവാഹത്തിന് എനിക്ക് പറ്റില്ല…. ”

” അതങ്ങനെ തന്നെ ആയിക്കോടെ…. പക്ഷേ ഞാനൊരു കാര്യം ചോദിക്കട്ടെ…. നല്ല പ്രായത്തിൽ തന്നെ മോളുടെ മമ്മിയെ ഉപേക്ഷിച്ച് വേറൊരു സ്ത്രീയെ വിവാഹം ചെയ്ത് ജീവിക്കുന്ന ഒരാൾ മോളെയും തനു മോളെയും സ്വീകരിക്കും എന്ന് തോന്നുന്നുണ്ടോ…. ”

മോഹൻന്റെ ചോദ്യത്തിന് മുൻപിൽ നിവാംശിക്ക് ഉത്തരം മുട്ടി….

” അയാൾ ഉപേക്ഷിച്ചതിന് ശേഷം എത്ര സ്ട്രഗിൾ ചെയ്തിട്ടാവും മോൾടെ മമ്മി നിങ്ങർ രണ്ട് പെൺകുട്ടികളെ വളർത്തിയിട്ടുണ്ടാകുക…. അന്നൊന്നും അയാൾ നിങ്ങളെ അന്വേഷിച്ച് വന്നിട്ടില്ല…..

എന്നിട്ടിപ്പോ നീ അയാളെ അന്വേഷിച്ച് പോയാൽ നിങ്ങൾ അന്ന് അനുഭവിച്ച സങ്കടങ്ങളും അരക്ഷിതാവസ്ഥയും ബുദ്ധിമുട്ടുകളും ഒക്കെ ഇല്ലാതാകുമോ…..

നോക്ക് കൂട്ടീ…. ഇന്നയാൾ ഒരു കുടുംബമായി ജീവിക്കുകയാകും… മോളെ അയാൾ സ്വന്തം ചോരയാണെന്ന് മനസ്സിലാക്കിയാൽ കൂടി അയാൾക്ക് സ്വീകരിക്കാൻ പറ്റിയെന്ന് വരില്ല…..

അല്ലെങ്കിൽ വളരെ ഈസിയായി തന്നെയും കുഞ്ഞിനെയും ഈ ലോകത്ത് നിന്ന് തുടച്ച് മാറ്റാൻ അയാൾക്ക് സാധിച്ചെന്നും വരും… അങ്ങനെ സംഭവിക്കില്ല എന്ന് പറയാൻ കഴിയുമോ….

ഒരു കാലത്ത് ഗർഭിണിയായ ഭാര്യയേയും കുഞ്ഞിനേയും ഉപേക്ഷിച്ച് പോയ ആൾ തീർച്ചയായും അത് ചെയ്തിരിക്കും….

ഇനി പറ…. കുട്ടി അച്ഛനെ തേടി പോകുന്നതിന് പിന്നിലുള്ള ഇത്തരം പ്രശ്നങ്ങൾ എടുത്ത് തലയിൽ വെക്കണോ…. ”

നിവാംശിക്ക് അയാൾ പറഞ്ഞതൊന്നും പൂർണ്ണമായും മനസ്സിലായില്ലെങ്കിലും അയാൾ പറഞ്ഞതിൽ എന്തൊക്കെയോ കാര്യമുണ്ടെന്ന് തോന്നാതിരുന്നില്ല….

“തനുമോൾക്കും തന്റെ ചേച്ചിയുടെ അവസ്ഥ വരരുതെന്നും അവളെ ഒരാൺതുണയിയിൽ വളർത്തണമെന്നും വിചാരിച്ചല്ലേ മോൾടെ മമ്മി അച്ഛനെ അന്വേഷിക്കാൻ പറഞ്ഞത്…..

തനു മോളെ ഞങ്ങൾ വളർത്തിക്കോളാം.. ഞങ്ങളുടെ പേരക്കുട്ടി ആയിട്ട്…..

ഞങ്ങൾ നാലു പേർ ഉള്ളപ്പോൾ അവൾക്കൊരാപത്തും വരില്ല ”

ജീനാ ശാന്തി എണീറ്റ് നിവാംശിയുടെ അരികിൽ വന്നിരുന്നു….

“സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാൻ വീട്ടുകാർ സമ്മതിക്കാത്തതിന്റെ പേരിൽ സ്വയം ജീവനൊടുക്കിയ ഒരു കൂട്ടുകാരനുണ്ടായിരുന്നു എനിക്ക്….. എന്റെ ഗോപൻ….

ജിത്തൂന്റെ ഇളയച്ഛൻ….. അവന്റെ അവസ്ഥ ജിത്തൂന് വരരുത്….

അതു കൊണ്ടാണ് ഞങ്ങൾ മോളോട് ചോദിക്കുന്നത്…. എന്റെ മരുമകളായി വരില്ലേ…..”

“അമ്മേ….അത്…. എനിക്കൊന്ന് ആലോചിക്കണം…. പിന്നെ തനു മോൾക്കും ഇഷ്ടമാണെങ്കിൽ….. ”

അവളുടെ പറച്ചിലിൽ നിന്നും അവൾക്ക് താൽപര്യക്കുറവൊന്നും ഇല്ലെന്ന് അവർക്ക് മനസ്സിലായി…..

” ഒകെ…. മോൾ ആലോചിച്ച് മറുപടി പറഞ്ഞാൽ മതി…. അപ്പോ ഞങ്ങളിറങ്ങുവാട്ടോ….. പിന്നെ ഞങ്ങളിവിടെ വന്നതും സംസാരിച്ചതുമൊന്നും ജിത്തുവും ആനന്ദും അറിയണ്ട കേട്ടോ…. ”

നിവാംശി ചിരിയോടെ തലയാട്ടി…..

തനുമോളോടും യാത്ര പറഞ്ഞ് എല്ലാവരും പോകുന്നതും നോക്കി നിവാംശി നിന്നു…..

*******************

വിവാഹം മുടങ്ങിയപ്പോൾ മുതൽ കേളേജിൽ പോകാറില്ലായിരുന്നു മായ…..

ജയമോഹനം ഗ്രൂപ്പിന്റെ മരുമകളാവാൻ പോകുന്നെന്നും പറഞ്ഞ് കുറച്ചൊന്നും അല്ല അവൾ നെഗളിച്ചത്….

അതുകൊണ്ട് തന്നെ എതിർ ഗ്രൂപ്പിലുള്ള കുട്ടികൾ അവളെ വാക്കുകളാൽ ആക്രമിക്കും എന്ന് അവൾക്കറിയാം…

വിവാഹം മുടങ്ങിയതിന്റെ കാരണം അന്വേഷിച്ച കൂട്ടുകാരോട് സഹോദരന്റെ ജാതക ചേർച്ചയില്ലായ്മയാണ് കാരണം എന്ന് തന്നെയാണ് അവൾ പറഞ്ഞത്….

പക്ഷേ അന്ന് വൈകുന്നേരം അവൾക്ക് വന്ന ഫോൺ കാൾ അവളുടെ സമനില തെറ്റിക്കുന്നതായിരുന്നു…

വിളിച്ചത് അവളുടെ കൂട്ടുകാരിയായ റിയ ആയിരുന്നു..

റിയയുടെ ആന്റിയും ജീനാ ശാന്തിയും ഒരേ കോളേജിലാണ് ജോലി ചെയ്യുന്നത്… അവരിൽ നിന്നു കിട്ടിയ ഒരു വിവരം അറിയിക്കാനായിരുന്നു അവൾ വിളിച്ചത്….

” ജീനാ ശാന്തി ടീച്ചറുടെ മകന്റെ വിവാഹം തീരുമാനിച്ചിരിക്കുന്നു … ഡൽഹിയിൽ ജനിച്ച് വളർന്ന നിവാംശിയാണ് വധു.. ”

“നോ ”

മായ അലറി….

ആ വാക്കുകൾ കേട്ടതും മായക്ക് അവളുടെ കാതുകൾ ചുട്ടുപഴുത്തത് പോലെ തോന്നി…
കയ്യിലിരുന്ന മൊബൈൽ അവൾ നിലത്തേക്ക് ആഞ്ഞെറിഞ്ഞു..

“എനിക്ക് കിട്ടിയില്ലെങ്കിൽ ആർക്കും വേണ്ട… കൊല്ലും ഞാൻ രണ്ടിനേയും…”

അവൾ പുലമ്പികൊണ്ടിരുന്നു….

തുടരും

നിവാംശി : ഭാഗം 1

നിവാംശി : ഭാഗം 2

നിവാംശി : ഭാഗം 3

നിവാംശി : ഭാഗം 4

നിവാംശി : ഭാഗം 5

നിവാംശി : ഭാഗം 6

നിവാംശി : ഭാഗം 7

നിവാംശി : ഭാഗം 8

നിവാംശി : ഭാഗം 9

നിവാംശി : ഭാഗം 10

നിവാംശി : ഭാഗം 11

നിവാംശി : ഭാഗം 12