Sunday, October 6, 2024
Novel

നിവാംശി : ഭാഗം 1

എഴുത്തുകാരി: ശിവന്യ


നീണ്ട ഒരു ചൂളം വിളിയോടെ രാജ്ധാനി എക്സ്പ്രസ്സ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പ്രവേശിച്ചപ്പോൾ അർദ്ധരാത്രി കഴിഞ്ഞിരുന്നു….

ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നും തിരുവനന്തപുരം വരെ പോകുന്ന
ട്രയിൻ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയത്….

ഒരു കയ്യിൽ ലഗേജും മറുകയ്യിൽ തനുമോളേയും പിടിച്ച് നിവാംശി ട്രയിനിറങ്ങി..

മൂന്ന് ദിവസത്തെ യാത്ര നിവാംശിയെ തളർത്തിയിരുന്നു……..

”നമ്മളെങ്ങോട്ടാ ആന്റിയമ്മാ പോകുന്നെ”

തനുമോളുടെ കൈ പിടിച്ച് റെയിൽവേ സ്റ്റേഷനിന്റെ എക്സിറ്റ് വാതിൽ കടക്കുകയായിരുന്ന നിവാംശി തനുമോളുടെ ചോദ്യം കേട്ട് ഒരു നിമിഷം നിന്നു…

സത്യത്തിൽ എങ്ങോട്ട് പോവണമെന്നോ എവിടെ തുടങ്ങണമെന്നോ അവൾക്കും അറിയില്ലായിരുന്നു….

”മോള് വാ ”

അവൾ കൂടുതലൊന്നും പറഞ്ഞില്ല..

“ഹോട്ടൽ ബ്ലൂ നൈൽ ”

റെയിൽവേ സ്‌റ്റേഷനിൽ നിന്നും അവളൊരു പ്രീപെയ്ഡ് ടാക്സി വിളിച്ചു …

ഡെൽഹിയിൽ നിന്നും യാത്ര പുറപ്പെടുന്നതിന് മുൻപേ തന്നെ ബ്ലൂ നൈലിൽ അവൾ റൂം ബുക് ചെയ്തിരുന്നു…

കേരളത്തിലേക്കുള്ള ആദ്യത്തെയാത്രയാണ് നിവാംശിയുടേത്… പറഞ്ഞു കേട്ടതും വായിച്ചറിഞ്ഞതുമല്ലാതെ കേരളത്തെ അവൾക്ക് മുൻപരിചയം ഒട്ടും തന്നെയില്ല…

ജീവിതത്തിൽ ഒരിക്കൽ പോലും കേരളത്തിലേക്ക്‌ വരാനോ , വരണമെന്നോ അവൾ ആഗ്രഹിച്ചിരുന്നുമില്ല..

പക്ഷേ ഇപ്പോൾ അവൾക്ക് വരേണ്ടി വന്നു…

ജീവിതത്തിൽ അവൾ ഏറ്റവും സ്നേഹിച്ച ഒരാൾക്ക് നൽകിയ വാക്ക് പാലിക്കാൻ…

അതിനേക്കാൾ ഉപരി അവളുടെ ലക്ഷ്യം
നിറവേറ്റാൻ….

ഇഷ്ടമില്ലങ്കിൽ കൂടിയും അവൾക്ക് വന്നേ മതി ആകുകയുള്ളൂ…..

********************************

” പറയാൻ മറന്ന പരിഭവങ്ങൾ
വിരഹാർദ്രമാം മിഴികളോർക്കേ…
സ്മരണകൾ തിരയായ് പടരും ജലധിയായ്
പൊഴിയും നിലാവു പോൽ വിവശനായ്….”

കാറിന്റെ സ്റ്റീരിയോയിൽ നിന്നും നേർത്ത ശബ്ദത്തിൽ പാട്ടൊഴുകി വന്നു… പാട്ടിന്റെ ഈണത്തിനനുസരിച്ച് ജിത്തു സ്റ്റിയറിംഗിൽ താളം പിടിച്ചു.

മറൈൻ ഡ്രൈവിലൂടെയുള്ള മോണിംഗ് വാക്ക് കഴിഞ്ഞ് തിരിച്ച് വരികയായിരുന്നു ജിത്തു.

അവന്റെ എൻഡവർ ബാനർജി റോഡിലേക്ക് കയറുമ്പോഴായിരുന്നു മൊബൈൽ റിംഗ് ചെയ്തത്….

ഫോണിന്റെ ഡിസ്പ്ലേയിൽ തെളിഞ്ഞ മുഖം കണ്ടപ്പോൾ ജിത്തുവിന്റെ ചുണ്ടിൽ ചെറിയൊരു ചിരി പടർന്നു…

അവൻ കാൾ അറ്റന്റ് ചെയ്തില്ല.

കാർ അതിവേഗം ലക്ഷ്യസ്ഥാനത്തേക്ക് പാഞ്ഞു.

തൃക്കാക്കര ക്ഷേത്രത്തിനടുത്തുള്ള ആരാമം റെസിഡൻസിലാണ് ജിത്തൂന്റെ വീട് “സ്വപ്നം”… “സ്വപനത്തിന് ” തൊട്ടു മുൻപിലായി അവന്റെ സന്തതസഹചാരിയായ ആനന്ദിന്റെ വീട് “മോഹം “….

കാർ നേരെ ചെന്നത് മോഹത്തിന്റെ മുറ്റത്തേക്കാണ്..

രണ്ട് നിലയിൽ പണിഞ്ഞ അത്യാഢംബര വീടായിരുന്നു അത്..

കാർ പാർക്ക് ചെയ്ത് അവൻ അകത്തേക്ക് നടന്നു.

“ഗുഡ് മോണിംഗ് അങ്കിൾ ”
പൂമുഖത്തിരുന്നു പത്രം വായിക്കുകയായിരുന്ന ജയശങ്കറിനെ അവൻ അഭിവാദ്യം ചെയ്തു.

“ഗുഡ് മോണിംഗ് മോനേ… അല്ല.. ഇന്നും നീ തനിച്ചാണോ ”

”അല്ലാതെ പിന്നെ ‘…. നമ്മുടെ കഥാനായകൻ കിടന്നുറങ്ങുന്നുണ്ടാകും”

“മോൻ പറഞ്ഞത് ശരിയാ… ജയശങ്കറിനുമായുള്ള ചായയുമായി അങ്ങോട്ടേക്ക് വന്നതായിരുന്നു അനിത

” അനൂട്ടൻ നല്ല ഉറക്കമാ…. ഞാൻ പോയി വിളിച്ചിട്ട് അവൻ
എണീറ്റില്ല.. ”

” അല്ലെങ്കിലും മൂട്ടില് ചൂട് കയറുന്നത് വരെ കിടന്നുറങ്ങലാണല്ലോ നമ്മുടെ മോന്റെ ഇഷ്ട വിനോദം ”
തമാശ പറഞ്ഞത് പോലെ ജയശങ്കർ പൊട്ടി ചിരിച്ചു.

“അയ്യേ.. ഇതെന്തൊക്കെയാ ഈ പറയുന്നെ… ”
അനിതയുടെ മുഖം വല്ലാതായി…

“ഞാനൊരു തമാശ പറഞ്ഞതാണെന്റെ ഭാര്യേ…. ഇനി അതിൽ പിടിച്ച് കയറണ്ട ”

അയാൾ ചായ കുടിച്ച് കഴിഞ്ഞ് കപ്പ് തിരികെ അനിതയെ ഏൽപ്പിച്ചു കൊണ്ട് പറഞ്ഞു.

“ആഹ്… അച്ചനും കൊള്ളാം മോനും കൊള്ളാം…. രണ്ടും കണക്കാ”

കപ്പുമായി അകത്തേക്ക് തിരിച്ച് നടക്കുന്നതിനിടയിൽ അനിത പിറുപിറുത്തു.

“എടോ താനെന്തേലും പറഞ്ഞോ”

അനിത പിറുപിറുത്തത് ജയശങ്കറിന് വ്യക്തമായില്ല….

” അതോ… ഞാൻ പോയി അവനെ വിളിക്കാം എന്നു പറഞ്ഞതാ.”

അനിത തിരിഞ്ഞു നിന്നു….

” ഞാൻ വിളിച്ചോളാം ആന്റീ …. അങ്കിളേ ഇപ്പോ വരാട്ടോ…. ”

ജിത്തു സ്റ്റയർകേസിനരികിലേക്ക് നടന്നു.

*************************************
ഇന്ത്യ ഒട്ടാകെ സ്ഥാപനങ്ങൾ ഉള്ള “ജയമോഹനം “ബിസിനസ്സ് ഗ്രൂപ്പിന്റെ പാർട്ണർമാരിൽ ഒരാളാണ് ജയശങ്കർ, ഭാര്യ അനിത നല്ലൊരു കുടുംബിനിയും’…
ഒറ്റ മകൻ ആനന്ദ് ശങ്കർ എല്ലാ കാര്യത്തിലും മടിയനാണ്… എങ്ങനെയെക്കോയോ തട്ടിമുട്ടി എംബിഎ കടന്ന് കൂടി ഇപ്പോൾ ചുമ്മാ നടക്കുന്നു…

വല്ലപ്പോഴും അതായത് ആണ്ടിനും സംക്രാന്തിക്കും ഓഫീസിൽ ചെന്നാലായി…”ജയമോഹനത്തിന്റെ അടുത്ത പാർട്ണറാണ് മോഹൻ മേനോൻ..
ഭാര്യ ജീനാ ശാന്തി കോളേജ് പ്രൊഫസറാണ്….

അവരുടെ മകനാണ് ജിത്തു.. ആനന്ദിന്റെ നേരെ എതിർ സ്വഭാവം…
എംബിഎ റാങ്ക് ഹോൾഡറാണ്… ബിസിനസ്സിൽ ജയശങ്കറിന്റെയും മോഹൻ മേനോന്റെയും ഏറ്റവും വലിയ ശക്തിയും അവൻ തന്നെ…. ജിത്തുവിന്റെ അനിയത്തി മേഘ്ന എയിംസിൽ മെഡിക്കൽ വിദ്യാർത്ഥിനിയാണ്..
അവളെ കാണാനായി ഡൽഹിയിലേക്ക് പോയിരിക്കുകയാണ് മോഹനും ഭാര്യയും…..

..അതിനാൽ തന്നെ കുറച്ച് ദിവസങ്ങളായി ജിത്തുവിന്റെ കാര്യങ്ങൾ നോക്കുന്നത് അനിത തന്നെയാണ്…

**********************

” ഇനിയും എണീറ്റില്ലേടാ..”

ജിത്തു റൂമിലേക്ക് ചെല്ലുമ്പോഴും ആനന്ദ് നല്ല ഉറക്കമായിരുന്നു.

“ഡാ…. അനൂ… മതി ഉറങ്ങിയത്… എണീക്ക്…. ”

ജിത്തു അവനെ തട്ടി ഉണർത്തി.

ആനന്ദ് വളരെ പണിപ്പെട്ട് കണ്ണ് തുറന്നു നോക്കുമ്പോൾ മുൻപിൽ ട്രാക്ക് സ്യൂട്ടിൽ ജിത്തു നിൽക്കുന്നു

” ഹ…. നീ ഇന്ന് നടക്കാൻ പോകാൻ ലേറ്റ് ആയോ…. ഒരു മിനിറ്റ് ഞാൻ കൂടി വരാം…. ”
അവൻ വേഗം എണീറ്റ് വാഷ് റൂമിലേക്ക് നടന്നു.

“ലേറ്റായതോണ്ടാണോ ഞാൻ നേരത്തെ വിളിച്ചപ്പോ നീ കാൾ അറ്റൻറ് ചെയ്യാത്തെ… ”
അവൻ വാഷ് റൂമിൽ നിന്ന് വിളിച്ച് ചോദിച്ചു.

ജിത്തു ഒന്നും പറഞ്ഞില്ല.

ആനന്ദ് വീണ്ടും റൂമിലേക്ക് വന്നു.

” ഞാനിങ്ങോട്ട് വന്നപ്പോ നീ നല്ല ഉറക്കമായിരുന്നല്ലോ… പിന്നെങ്ങനാ നീ ഫോൺ ചെയ്തെ ? “…

ജിത്തു സംശയത്തോടെ അവനെ നോക്കി.

“ഓ അതോ…. അത് പിന്നെ…. ”

അനന്തുവിന്റെ കണ്ണുകളിൽ കുസൃതി നിറഞ്ഞു.

“ഓഹ് നിന്റെ മറ്റവൾ വിളിച്ചപ്പോൾ നീ എണീറ്റിട്ടുണ്ടാകും അല്ലേ…. അത് കഴിഞ്ഞാവും നീ എന്നെ വിളിച്ചത് ”

അനന്തുവിന്റെ കുറ്റി താടി നിറഞ്ഞ മുഖത്ത് വീണ്ടും ചിരി പടർന്നു.

” നീ വാ… നമുക്ക് പോകാം ”

” എങ്ങോട്ട് ‘

” നടക്കാൻ ”

” അതൊക്കെ കഴിഞ്ഞു ”

“എന്ത് ”

“എടാ കോപ്പേ..ഞാൻ മോണിംഗ് വാക്ക് കഴിഞ്ഞ് തിരിച്ച് വന്നതാണെന്ന് ”

ജിത്തുവിന് ദേഷ്യം വന്നു.

” കഴിഞ്ഞോ…. ഇന്നെങ്കിലും കുറച്ച് തരുണീമണികളുടെ പിന്നാലെ നടക്കാമെന്ന് വിചാരിച്ചതാ…. കഷ്ടായി പോയി ”

അനന്തുവിന്റെ ശബ്ദത്തിൽ നിരാശ നിഴലിച്ചിരുന്നു.

” എന്നാ പിന്നെ നാളെയാവട്ടെ നടത്തം… ഇനിയിപ്പോ വേറെ പണിയൊന്നുമില്ലല്ലോ കുറച്ചൂടെ ഉറങ്ങാല്ലേ.. ”

അവൻ വീണ്ടും ബെസ്സിലേക്ക് ചാഞ്ഞു.

” അങ്ങനിപ്പോ ഉറങ്ങണ്ട….. എണീക്ക്…. ഓഫീസിൽ പോണം…. ”

ജിത്തു അവനെ പിടിച്ചു വലിച്ചെണീപ്പിച്ചു….

അപ്പോൾ അവന്റെ വെള്ളാരം കണ്ണുകളിലും കുസൃതി നിറഞ്ഞിരുന്നു….

“ടാ നീ എന്നെ ആ മെഡികെയറിന്റെ മുൻപിൽ ഒന്നു ഡ്രോപ്പ് ചെയ്താ മതി”

ഓഫീസിലേക്ക് പോകാനിറങ്ങിയതായിരുന്നു ജിത്തുവും ആനന്ദും…

“അതെന്താ മെഡികെയറിന്റെ മുൻപിൽ ”

ഡ്രൈവ് ചെയ്യുന്നതിനിടെ ജിത്തു തല ചെരിച്ച് ആനന്ദിനെ നോക്കി.

” എന്റൊരു ഫ്രണ്ടിന്റെ റിലേറ്റീവ് അവിടെ അഡ്മിറ്റാണ്.. അയാൾക്കിത്തിരി കാഷ് എത്തിക്കണം”

അവൻ മൊബൈലിൽ നിന്ന് കണ്ണെടുക്കാതെ പറഞ്ഞു

” അപ്പോ നീ ഓഫീസിലേക്ക് വരുന്നില്ലേ “?…

” ഇല്ലെന്നേ… എനിക്ക് വേറെ ചില പ്രോഗ്രാംസ് ഉണ്ട്.. ”

“എന്ത് പ്രോ ഗ്രാംസ് ??? പിന്നെന്തിനാ നീ ഓഫീസിലേക്കാണെന്ന് പറഞ്ഞ് ഇതില് വലിഞ്ഞ് കയറിയത്…. നിനക്ക് തനിയെ പോയ് കൂടാരുന്നോ..???”

ജിത്തൂന് ദേഷ്യം വന്നു.

” നിന്റെ കൂടെ ഇറങ്ങിയില്ലേൽ എന്റെ തന്തപ്പടി ചുമ്മാ ചൊറിയും…. അതൊഴിവാക്കാൻ വേണ്ടിയാ നിന്റെ കൂടെ വന്നത്..”

ആനന്ദിന്റെ കണ്ണുകളിൽ അവന്റെ സ്വതസിദ്ധമായ കുസൃതി നിറഞ്ഞു…

” നിന്റെ കളിതമാശ ഇത്തിരി കൂടുന്നുണ്ട് ട്ടോ അനൂ”

ആനന്ദ് അതിന് മറുപടി പറഞ്ഞില്ല.

അൽപസമയത്തിനകം കാർ മെഡികെയറിന് മുൻപിൽ എത്തിയിരുന്നു.

” ഞാൻ വെയ്റ്റ് ചെയ്യണോ ”

“വേണ്ട.. നീ പോയ്ക്കോ…. ഓഫീസിൽ ഒരുപാട് ജോലി ഉണ്ടാകും … വിട്ടോ… വിട്ടോ…”

അവന്റെ ഭാവം കണ്ടപ്പോൾ ജിത്തൂന് ചിരിപ്പൊട്ടി..

അവൻ പതിയെ കാർ പുറകോട്ട് എടുക്കുന്നതിനിടയിൽ ആനന്ദ് അവനെ തടഞ്ഞു..

“ടാ… നീ ഇങ്ങോട്ടൊന്നിറങ്ങി വന്നേ…. ”

“എന്താ…”

“ഒരാളെ കാണിച്ച് തരാം… വാ ”

” ആരെ? ജിത്തു അദ്ഭുതപ്പെട്ടു…
എടാ ഇവിടെ പാർക്കിംഗ് പറ്റില്ല ”

“ഓഹ്… നീ അവിടെങ്ങാനും പാർക്ക് ചെയ്തിട്ട് വേഗം വാ ”
അവൻ വേഗം കാർ പാർക്ക് ചെയ്തു അങ്ങോട്ട് വന്നു.

“ടാ നീ ആ ബ്ലൂ ചുരിദാറിട്ട പെണ്ണിനെ കണ്ടോ ” ?

“ഏത് ”?

ജിത്തു ചുറ്റും നോക്കി.

“ദാ അവിടെ ”

കുറച്ച് ദൂരെ ഫാർമസിക്കരികിലായി ഒരാളോട് സംസാരിച്ച് നിൽക്കുന്ന ഒരു പെൺകുട്ടിക്ക് നേരെയാണ് ആനന്ദ് കൈ ചൂണ്ടിയത്…

“ടാ അത് നമ്മുടെ ആഷ് അല്ലേ…. ഇവളെന്താ ഇവിടെ ”

ജിത്തു അദ്ഭുതം കൂറി.

“വാ.. നമുക്ക് നോക്കാം”അവർ അവളുടെ അടുത്തേക്ക് നടന്നു…

“ഹലോ”

പുറകിൽ നിന്നുള്ള വിളികേട്ടപ്പോൾ അവൾ തിരിഞ്ഞ് നോക്കി.
മുൻപിൽ നിക്കുന്ന ആൾക്കാരെ കണ്ടപ്പോൾ അവളുടെ കണ്ണിൽ അദ്ഭുതത്തിലുപരി അമ്പരപ്പായിരുന്നു…

“എന്താടീ പെണ്ണേ നിനക്ക് ഞങ്ങളെ കണ്ടിട്ട് മനസ്സിലായില്ലേ.. ”

ആനന്ദ് ഒരു ചെറു ചിരിയോടെ ചോദിച്ചു.

“ടാ അത്… പെട്ടന്ന് നിങ്ങളെ കണ്ടപ്പോ ”ഞാൻ അമ്പരന്നു പോയി ”

അത് മെറിൻ ആയിരുന്നു.. മെറിൻ ആഷിയാന… അവർ മൂന്ന് പേരും ബി ബി എക്ക് ബാംഗ്ലൂരിൽ ഒരുമിച്ച് പഠിച്ചതായിരുന്നു.. അത് മാത്രമല്ല ആനന്ദിനെ കുറേക്കാലം പുറകേ നടത്തിച്ചിട്ട് അവസാനം ഡിഗ്രി കഴിഞ്ഞയുടനെ മെറിൻ വിവാഹിതയായി…. അതിന് ശേഷം പിന്നെ ഇപ്പോഴാണ് അവർ തമ്മിൽ കാണുന്നത്..

” സോറി ഞാൻ പരിചയപ്പെടുത്താൻ മറന്നു… ഇതെന്റെ ഹസ്ബൻഡ് റെജി മാത്യു…. ഇവിടെ കാർഡിയാക് സർജനാണ്…”
അവൾ കൂടെ ഉണ്ടായിരുന്ന ആളെ അവർക്ക് പരിചയപ്പെടുത്തി..

“ഇച്ചായാ ഇത് ആനന്ദും ജിത്തുവും…. ഞാൻ പറഞ്ഞിട്ടില്ലേ…. ബിബിഎക്ക് എന്റെകൂടെ ഉണ്ടായിരുന്ന..ജയമോഹനം ഗ്രൂപ്പിന്റെ ഓണേർസാണ്… ”

“ഓ… യെസ്.. ഐ നോ ”

അവർ പരസ്പരം ഹസ്തദാനം ചെയ്തു.

” നിനക്ക് തെറ്റി… ഞാൻ ടി വി എസി ലാ ”

ആനന്ദ് പറഞ്ഞത് കേട്ട് മൂന്ന് പേരുടേയും നെറ്റി ചുളിഞ്ഞു.

” ടി വി എസിലോ ”

” ഉം….. തെക്ക് വടക്കുള്ള സുന്ദരികളെ നോക്കി നടക്കൽ ”

ആനന്ദ് പറഞ്ഞത് കേട്ട് എല്ലാവരും ഒന്നമ്പരന്നെങ്കിലും പിന്നീടതൊരു പൊട്ടിച്ചിരിയായി…

“നീ എന്താ ചെയ്യുന്നേന്ന് പറഞ്ഞില്ലല്ലോ ആഷ് ”

” ഞാനിപ്പോ ശ്രീ പത്മം ബിൽഡേൽസിൽ എച്ച് ആർ മാനേജറാണ്… ജസ്റ്റ് ഒരു മാസമേ ആയിട്ടുള്ളൂ ജോയിൻ ചെയ്തിട്ട് ”

” ഒക്കെ .. ദെൻ …. പത്ത് മണിക്ക് എനിക്കൊരു മീറ്റിംഗ് ഉണ്ട്…. നിങ്ങൾ ഇവിടെ തന്നെ ഉണ്ടല്ലോ …നമുക്ക് കാണാം…. എന്നാ ഞാൻ പോവാട്ടോ…”

ജിത്തു അവരോട് യാത്ര പറഞ്ഞ് നീങ്ങി..

*********************

പിറ്റേന്ന് രാവിലെ മോഹൻ മേനോനും ജിനാശാന്തിയും തിരിച്ചെത്തി…

എല്ലാ ദിവസവും രാവിലെ അമ്മയെ കോളേജിൽ വിട്ടതിന് ശേഷമാണ് ജിത്തു ഓഫീസിലേക്ക് പോകുന്നത്…

അന്നും പതിവ് പോലെ അമ്മയെ കോളേജിൽ വിട്ട് ഓഫീസിലേക്കുള്ള യാത്രയിൽ ആയിരുന്നു ജിത്തു….

പെട്ടെന്നാണ് മൊബൈൽ റിംഗ് ചെയ്തത്… അവൻ ഫോണെടുത്ത് നോക്കി… പരിചയമില്ലാത്ത നമ്പറായതിനാൽ അവൻ കാൾ എടുത്തില്ല.. ഫോൺ പിന്നെയും ബെല്ലടിച്ചു…

ഒരു കൈ കൊണ്ട് സ്റ്റിയറിംഗ് അഡ്ജസ്റ്റ് ചെയ്ത് അവൻ കാൾ അറ്റസ്റ്റ് ചെയ്തു….

“ഹലോ … ഹൂ ഈസ് ദിസ്”

“ടാ ഞാനാ മെറിൻ ”

” ആഷ്…. നിനക്കെവിടുന്ന് എന്റെ നമ്പർ
കിട്ടി ”

ഡ്രൈവിംഗിലുള്ള അവന്റെ ശ്രദ്ധഒരു നിമിഷം തെറ്റി..
പെട്ടെന്ന് റോഡിലേക്ക് കളിപ്പാട്ടം എടുക്കാൻ ഓടി വന്ന ഒരു കുട്ടിയുടെ മേലെ അവന്റെ കാർ പോയിടിച്ചു…..കാർ ഒരു മുരൾച്ചയോടെ ബ്രേക്കിട്ടു….

അതിനേക്കാൾ ശബ്ദത്തിൽ മോളേന്നു അലറി വിളിച്ച് കൊണ്ട് ഒരു യുവതി കുട്ടിക്കരികിലേക്ക് ഓടി വന്നു….

ജിത്തു പെട്ടെന്ന് തന്നെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

കാർ കുട്ടിയുടെ മേലെ ചെറുതായൊന്ന് തട്ടിയത് മാത്രമേ ഉണ്ടായിരുന്നുള്ളൂ…. അത് കൊണ്ട് തന്നെ വലിയ ഒരു പരുക്ക് പറ്റിയിരുന്നില്ല… കൈ മുട്ടിന് ചെറിയൊരു പോറൽ മാത്രം…

പക്ഷേ പേടിച്ചത് കാരണമാകാം കുട്ടി നിർത്താതെ കരയുന്നുണ്ടായിരുന്നു….
കാർ ആക്സിഡന്റായതും കുട്ടിയുടെ കരച്ചിലും ഒക്കെ കണ്ട് കുറച്ച് നാട്ടുകാർ അപ്പോഴേക്കും അവരുടെ അടുത്തേക്ക് ഓടികൂടി….

ചില ബൈക്ക് യാത്രക്കാരും ഓട്ടോ ഡ്രൈവർമാരും കൂടി വാഹനങ്ങൾ പാർക്ക് ചെയ്തു അവരോടൊപ്പം കൂടിയതോടെ സംഭവം ബഹളമായി….

” കുട്ടി റോഡിലേക്ക് ഓടി വന്നത് കൊണ്ടാണ് ആക്സിഡന്റായതെന്ന് ഒരു കൂട്ടർ… അതല്ല ജിത്തു മൊബൈലിൽ ശ്രദ്ധിച്ചോണ്ട് വണ്ടി ഓടിച്ചതുകൊണ്ടാണെന്ന് മറു കൂട്ടർ…. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുണ്ടല്ലോ, അതുകൊണ്ട് ജിത്തു അതിനൊന്നും ചെവികൊടുക്കാൻ പോയില്ല….

അവൻ വേഗം തന്നെ കുട്ടിയെ എടുത്ത് കാറിന്റെ ബാക്ക് സീറ്റിൽ കിടത്തി കുട്ടിയുടെ കൂടെയുണ്ടായിരുന്ന യുവതിയോടും വണ്ടിയിൽ കയറാൻ ആവശ്യപ്പെട്ടു…

കാർ മെഡികെയർ ഹോസ്പിറ്റലിലേക്ക് കുതിച്ചു…

************************

“ഷി ഈസ് ഒകെ നൗ.. ”
കാഷ്വാലിറ്റി ഡോക്ടർ സറീന ഇറങ്ങി വന്നു..

” കയ്യിൽ ചെറിയൊരു പോറൽ ഉണ്ട്…. ഡ്രസ്സിംഗ് കൊടുത്തിട്ടുണ്ട്.. കുറച്ച് ടൈം കഴിഞ്ഞാൽ പോവാട്ടോ…”

അവർ ജിത്തുവിനോടും കൂടെയുണ്ടായിരുന്ന യുവതിയോടുമായി പറഞ്ഞു.

അപ്പോഴാണ് ജിത്തുവിന് ആശ്വാസമായത്..

അവൻ ബില്ലടക്കാനായി റിസപ്ഷനരികിലേക്ക് നീങ്ങി..

” എക്സ്ക്യൂസ് മീ… ”
പിൻവിളി കേട്ട് അവൻ തിരിഞ്ഞു നോക്കി…തനുമോളുടെ കൂടെ ഉണ്ടായിരുന്ന യുവതി ആയിരുന്നു…

അവൻ എന്താണെന്ന ചോദ്യഭാവത്തിൽ അവളെ നോക്കി.

” ബിൽ ഞാനടച്ചോളാം”
അവൾ മുന്നോട്ട് വന്നു…

” ഇറ്റ്സ് ഒകെ…. ഞാൻ പേ ചെയ്യാം.. താനവിടെ ഇരുന്നോളൂ”

കാഷ്വൽറ്റിക്ക് മുൻപിലുള്ള ഇരിപ്പിടം ചൂണ്ടി കാണിച്ചു കൊണ്ടവൻ പറഞ്ഞു..പക്ഷേ അവളത് ശ്രദ്ധിക്കാതെ റിസപ്ഷനിലേക്ക് ചെന്നു…

“അഹങ്കാരി ”
ജിത്തു മനസ്സിൽ പറഞ്ഞു…

കണ്ടാൽ പാവം പോലുണ്ട്…. പക്ഷേ ബിഹേവ് ചെയ്യാനറിയില്ല… വേറെ ആരേലുമാണെങ്കിൽ വണ്ടിയും ഇടിച്ച് ശ്രദ്ധിക്കാതെ പോയേനെ… ഇതിപ്പോ ഞാനിത്രേം സമയം കൂടെ നിന്നിട്ടും അവളുടെ ഭാവം കണ്ടോ …. അതിന് മാത്രം വലിയ തെറ്റാണോ തനിക്ക് പറ്റിയത് ”

അവൻ സ്വയം പറഞ്ഞു.

ബില്ലടച്ച് അവൾ കാഷ്വൽറ്റിക്ക് നേരെ നടന്നു വരുന്നത് കണ്ടപ്പോൾ അവൻ അവൾക്ക് മുഖം കൊടുക്കാതെ തിരിഞ്ഞ് നിന്നു.

” സോറി… നിങ്ങളെ അപമാനിക്കാനല്ല ബിൽ ഞാൻ പേ ചെയ്തത്…. എന്റെ മോൾക്ക് അപകടം പറ്റിയതിന്റെ ഉത്തരവാദിത്തം എനിക്കാണ്… എന്റെ അശ്രദ്ധ കാരണമാണ് മോൾക്ക് അപകടം പറ്റിയത് ”
അവൾ നിർത്താതെ പറഞ്ഞ് കൊണ്ടിരുന്നു…

“ഞങ്ങളവിടെ ബേക്കറിയിൽ നിന്ന് സ്വീറ്റ്സ് വാങ്ങിക്കുവാരുന്നു.. ഒരു നിമിഷം എന്റെ കണ്ണൊന്ന് തെറ്റിയപ്പോഴേക്കും
അവള് റോഡിലേക്കിറങ്ങി ”
ജിത്തു ഒന്നും മിണ്ടാതെ വേറെങ്ങോട്ടോ നോക്കി നിന്നു…

” വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ വണ്ടി ഇടിച്ചു നിർത്താതെ പോയേനെ.. നിങ്ങൾ ഇത്രയും സമയം ഞങ്ങളുടെ കൂടെ നിന്നില്ലേ… അത് മതി… അതാണ് ബിൽ ഞാൻ പേ ചെയ്തത് ”

താൻ ചിന്തിച്ചത് തന്നെ അവൾ പറഞ്ഞപ്പോൾ ജിത്തുവിന്റെ മുഖത്ത് വിസ്മയമായിരുന്നു…. അത് വരെ മനസ്സിൽ അവളോട് തോന്നിയിരുന്ന ദേഷ്യം മാറി പകരം അവിടെ അവളോടുള്ള
ബഹുമാനം നിറഞ്ഞു.

” എന്നോട് മനസ്സിൽ ദേഷ്യം തോന്നിയിട്ടുണ്ടാകാം അല്ലേ ”

ചിരിച്ചു കൊണ്ടവളുടെ ചോദ്യം കേട്ടപ്പോൾ അവൻ വീണ്ടും അദ്ഭുതപ്പെട്ടു..

ഇവളെങ്ങനെ അത് മനസ്സിലാക്കി എന്നാണ് മനസ്സിൽ വന്നതെങ്കിലും ഹേയ് അങ്ങനൊന്നുമില്ല എന്നാണ് പറഞ്ഞത്…

അത് കേട്ടപ്പോൾ അവൾക്ക് വിണ്ടും ചിരി വന്നു..

“അല്ല ഞാനവിടെ ബില്ലടക്കാൻ
നിന്നപോൾ ഇയാൾ ഇവിടെ ദേഷ്യ ഭാവത്തിൽ എന്തൊക്കേയോ പറയുന്നുണ്ടായിരുന്നു….

കള്ളം കയ്യോടെ പിടിച്ചെന്ന് മനസ്സിലായപോൾ അവനും ചിരി വന്നു.

“എനിവേ ആം ജിത്തു… ”
അവൻ അവൾക്ക് നേരെ കൈ നീട്ടി…

” ഞാൻ അവ്നിയ…. ”
അവൾ അവൻ നീട്ടിയ കയ്യിൽ പിടിച്ചു.

“തനുമോൾ ?.. ”

” ചേച്ചീടെ മോളാണ്… തനിഷ്ക എന്നാണ് അവളുടെ മുഴുവൻ പേര് ”

” ഒകെ…. അവ്നി എന്തു ചെയ്യുന്നു ?”

“ഞാൻ ശ്രീപത്മം ബിൽഡേർസിൽ പ്രൊജക്ട് ഡിസൈനർ ആണ്…”

” ശ്രീ പത്മം ബിൽഡേർസിലോ….. അവിടെ ഒരു എച്ച് ആർ മാനേജർ
ഇല്ലേ… മെറിൻ ആഷിയാന…. ”

” ഉവ്വ്.. എനിക്കറിയാം…”

” എന്റെ ഫ്രണ്ടാണ്…. അവളുടെ കാൾ അറ്റന്റ് ചെയ്തപ്പോഴാ കാർ…”

അവൻ അർദ്ധോക്തിയിൽ നിർത്തി.

”ഓഹ് അത് ശരി… ജിത്തു എന്താ ചെയ്യുന്നേന്ന് പറഞ്ഞില്ലല്ലോ…”

” ഞാൻ ജയമോഹനം ഗ്രൂപ്പിലാ…”

” തനിഷ്കയുടെ കൂടെ ഉള്ളതാരാ”

കാഷ്വാലിറ്റിയിൽ നിന്നും വിളിച്ചു ചോദിക്കുന്നത് കേട്ട് രണ്ടാളും മുന്നോട്ട് ചെന്നു ..

” ബില്ലടച്ചില്ലേ.. ”

“യെസ്… ഇതാ ”
അവ്നി ബിൽ റെസീപ്റ്റ്
നേഴ്സിന് നേരെ നീട്ടി..

“വരൂ”

അവൾ കാഷ്വാലിറ്റിക്കകത്തേക്ക് കയറി.

“ഇരിക്കൂ’

ഡോക്ടർ സറീന അവളോട് ഇരിക്കാനാവശ്യപ്പെട്ടു..

“ചെറിയൊരു പെയിൻ കില്ലർ എഴുതിയിട്ടുണ്ട്…. വേദന ഉണ്ടെങ്കിൽ മാത്രം നൽകിയാ മതി… മൂന്ന് ദിവസം കഴിഞ്ഞ് വന്ന് ഡ്രസ്സിംഗ് എടുക്കാം ”

” താങ്ക്യു മാഡം”

അവൾ തനുമോളേയും എടുത്ത് പുറത്തേക്കിറങ്ങി വരുന്നത്
കണ്ടപ്പോൾ ജിത്തു ഓടിച്ചെന്ന്
കുട്ടിയെ വാങ്ങാൻ കൈ നീട്ടി…

അവൾ അപരിചത്വം ഒട്ടും ഇല്ലാതെ
അവന്റെ കയ്യിലേക്ക് ചാഞ്ഞു….

“ഇപ്പോ എങ്ങനെ ….വേദന ഉണ്ടോ
തനുമോളേ.. ”

“ചെറുതായുണ്ട് അങ്കിൾ”

അവൾ ക്ഷീണിച്ച ശബ്ദത്തിൽ പറഞ്ഞു….”പോട്ടെ.. സാരമില്ലാട്ടോ …. മോളേതു ക്ലാസ്സിലാ പഠിക്കുന്നെ… ”

കുട്ടിയേയും എടുത്ത് പുറത്തേക്ക് നടക്കുന്നതിനിടയിൽ അവൻ ചോദിച്ചു..

“ഫസ്റ്റ് സ്റ്റാൻഡേർഡിൽ…”

” അപ്പോഴേക്കും നിങ്ങള് കൂട്ടായോ…. ”

” പിന്നേ”

അവ്നിയുടെ ചോദ്യത്തിനു ജിത്തു ചിരിയോടെ മറുപടി നൽകി…

” എവിടാ പോണ്ടതെന്നു പറഞ്ഞാൽ ഞാൻ ഡ്രോപ്പ് ചെയ്യാം ”

” വേണ്ട… ഞങ്ങൾ പോയ് കോളാം… വാ മോളേ… ”
അവൾ തനുവിനെ അവന്റെ കയ്യിൽ നിന്നും വാങ്ങി…

അവിടെ വന്ന ഓരോട്ടോയിൽ അവ്നി മോളേയും എടുത്ത് കയറി.. തനുമോൾക്ക് നേരെ ചിരിയോടെ കൈവീശി കാണിച്ചെങ്കിലും അവ്നി അകന്നുപോയപ്പോൾ വല്ലാത്തൊരു നോവ് അവന്റെ മനസ്സിലുണ്ടായി…. അതിലുപരി അവളോട് പേരറിയാത്തൊരിഷ്ടം അവന്റെ മനസ്സിൽ ഉടലെടുത്തു…..

**********************

“ച്ചെ , അവളോട് ഫോൺ നമ്പറെങ്കിലും വാങ്ങേണ്ടതായിരുന്നു.”….

ജിത്തു കൈ രണ്ടും കൂട്ടി തിരുമ്മി..

” എന്റെ ഫോണെവിടെ?… മൈ ഗോഡ് ”

അപ്പോഴാണവന് തന്റെ മൊബൈൽ ഫോൺ കയ്യിലില്ലെന്ന കാര്യം ഓർമ്മ വന്നത്…. അവൻ പെട്ടെന്ന് തന്നെ കാർ പാർക്കിഗിലേക്ക് നടന്നു.

“ഭാഗ്യം മൊബൈലിവിടുണ്ട് ”

ഫ്രണ്ട് സീറ്റിനിടയിലായി വീണ് കിടന്ന ഫോൺ അവൻ കയ്യിലെടുത്തു.

ഓഫിസിൽ നിന്നും അച്ചന്റെ പേർസണൽ നമ്പറിൽ നിന്നുമൊക്കെ കാൾ ധാരാളം വന്നിട്ടുണ്ടായിരുന്നു…

ബിസിനസ്സിന്റെ ടെൻഷൻ തലയിൽ കയറിയപ്പോൾ അവൻ അവ്നിയയെ മറന്നു…

അവൻ കാർ അതിവേഗം മുന്നോട്ടെടുത്തു..

ലേറ്റായതിന്റെ കാരണം അച്ചനോടും അങ്കിളിനോടും മാനേജർ രാമയ്യരോടും അവന് ആവർത്തിക്കേണ്ടി വന്നു….

സാധാരണ പോലെ തന്നെ തിരക്ക് പിടിച്ച ദിവസമായിരുന്നു അന്നും..
തിനിടയിലെപ്പോഴോ അവ്നിയയും തനു മോളും അവന്റെ മനസ്സിലേക്ക് കയറി വന്നു….

“എങ്ങനാ ഒന്ന് കോംടാക്ട് ചെയ്യുക?.. യെസ് …. പെട്ടെന്ന് അവനത് ഓർമ്മ വന്നു…
മെറിൻ.. ഉം… അവള് തന്നെ…. അവള് കാരണമാണല്ലോ ആക്സിഡന്റ് ഉണ്ടായത്, അപ്പോ അവള് തന്നെ കണ്ട് പിടിച്ച് തരട്ടെ…. അവൻ വേഗം പോണെടുത്തു മെറിന്റെ നമ്പറിലേക്ക് ഡയൽ ചെയ്തു…

” നീ എന്തിനാടീ രാവിലെ വിളിച്ചത് ”

രാവിലെയല്ലേ വിളിച്ചത്…… ആ ആവശ്യം കഴിഞ്ഞു ”
അവളുടെ ശബ്ദത്തിൽ അൽപം നീരസമുണ്ടായിരുന്നു…

അത് മനസ്സിലാക്കിയത് കൊണ്ട് ജിത്തു രാവിലെ നടന്ന സംഭവങ്ങളൊക്കെയും അവളെ പറഞ്ഞ് കേൾപ്പിച്ചു.

“സോറി ടാ… ഞാനൊന്നും അറിഞ്ഞതല്ല ”

“സാരമില്ലെടീ… പിന്നെ… അവൻ പതിയെ ആവശ്യത്തിലേക്ക് കടന്നു…
ടീ പിന്നെ…. ”

“എന്താടാ … നിന്ന് പരുങ്ങാതെ കാര്യം പറ…”

“എനിക്ക് അവ്നിയയുടെ ഫോൺ നമ്പർ വേണം”

“അവ്നിയയുടെ ഫോൺ നമ്പറിന് എന്നോട് ചോദിച്ചിട്ടെന്താ കാര്യം”..

അവളവനെ കളിയാക്കി..

” അവള് ശ്രീ പത്മം ബിൽസിൽ പ്രൊജക്ട് ഡിസൈനർ ആണെന്നാ പറഞ്ഞത്…. ദാറ്റ്സ് വൈ ആം ആസ്ക്ട് ടു യു…. ”

ജിത്തൂന്റെ ശബ്ദത്തിൽ ഗൗരവം നിറഞ്ഞു….

“നോ മാൻ… അവ്നിയ ന്ന് പേരുള്ളൊരു സ്റ്റാഫ് ശ്രി പത്മത്തിലില്ല… ”

മെറിന്റെ മറുപടി കേട്ട് ജിത്തു ഒന്ന് ഞെട്ടി..

” ആഷ്, ആർ യു ഷുവർ? ”

അവന്റെ ശബ്ദം ചിലമ്പിച്ചിരുന്നു…

“യെസ് ഡിയർ…സെൻ പെർസന്റേജ്…. ടാ ഐ തിങ്ക് ഷി ഫൂൾഡ് യു”..

“ഒകെ ടീ.. ഞാൻ പിന്നെ വിളിക്കാം… ”
അവൻ ഉടനെ കാൾ കട്ട് ചെയ്തു…

എങ്കിലും അവന്റെ മനസ്സ് വല്ലതെ പിടച്ചിരുന്നു… ആദ്യമായാണ്
ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നത്… പക്ഷേ അതൊരു കളളിയോടായല്ലോ എന്നോർത്തപ്പോൾ അറിയാതെ അവന്റെ കണ്ണ് നിറഞ്ഞു…