Saturday, December 14, 2024
Novel

നിവാംശി : ഭാഗം 12

എഴുത്തുകാരി: ശിവന്യ


നിവാംശിയുടെ കഴിഞ്ഞകാല ജീവിതത്തെ കുറിച്ച് കേട്ടു കഴിഞ്ഞപ്പോൾ ആനന്ദിന്റെ മനസ്സിൽ വേറൊരു സംശയം വന്നിരുന്നു…

നിവാംശി ജിത്തുവിന്റെ ഇളയച്ഛൻ ഗോപന്റെ മകൾ ആണോന്നു…

” അങ്ങനാണേൽ ജിത്തു ഇവൾക്ക് ഏട്ടനായല്ലേ വരിക… കുഴപ്പിക്കല്ലേ
ഭഗവാനേ ”

അവൻ അറിയാതെ പ്രാർത്ഥിച്ചു പോയി

” ഐ ഹാവ് ടു ഗോ നൗ”

“എന്താ ”

ആനന്ദ് വേറേതോ ലോകത്തായിരുന്നു….

“എനിക്ക് പോണമെന്ന്…”

“ഒകെ…. പോകാം…”

അവളോട് പിന്നീടൊന്നും ചോദിക്കാൻ അവന് മനസ്സ് വന്നില്ല….

നിവാംശിയെ ഫ്ലാറ്റിൽ ഇറക്കിയിട്ട് തിരിച്ച് വീട്ടിലേക്ക് ഡ്രൈവ് ചെയ്യുമ്പോഴും ആനന്ദ് ചിന്തിച്ചത് അതു തന്നെ ആയിരുന്നു….

അങ്ങനാണെങ്കിൽ എന്തു ചെയ്യും എന്നാലോചിച്ചിട്ട് അവനൊരു ഉത്തരം കിട്ടിയില്ല…..

അന്നു മുഴുവൻ അവൻ ആ കാര്യം മനസ്സിൽ കൊണ്ടു നടന്നു…

നിവാംശിയെ കണ്ടോ എന്ന ജിത്തുവിന്റെ ചോദ്യത്തിന് ഇല്ലെന്നവൻ മറുപടി പറഞ്ഞു…

പിറ്റേന്ന് വൈകുന്നേരം നിവാംശിയെ കണ്ട കാര്യവും അവൾ പറഞ്ഞതും അവന്റെ സംശയവുമൊക്കെ ജിത്തുവിനോട് പറയുമ്പോൾ ആനന്ദിന്റെ മനസ്സ് പിടയുകയായിരുന്നു…

ഒക്കെ കേട്ട മാത്രയിൽ ജിത്തു കാറിൽ കയറിപ്പോയി….. ആനന്ദ് തടയാൻ ശ്രമിച്ചിട്ടും ജിത്തു നിന്നില്ല…

************************* ‘
അതിന് ശേഷം വിളിച്ചപ്പോഴൊക്കെയും ജിത്തുവിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു….

എന്തു ചെയ്യണം എന്നറിയാതെ ആനന്ദ് ഉഴറി നടന്നു….. ഒടുവിൽ അവനൊരു തീരുമാനത്തിൽ എത്തി… എല്ലാം എല്ലാവരോടും പറയുക… ബാക്കി ഒക്കെ വരുന്ന വഴിയേ കാണാം…..

“അച്ഛാ…”

” ഉം”

ഏതോ ഫയലിൽ കണ്ണ് നട്ടിരിക്കുകയായിരുന്ന ജയശങ്കർ തലയുയർത്തി നോക്കി….

“എനിക്ക് മോഹനങ്കിളിനോട് ഒരു കാര്യം പറയാനുണ്ട്…. അച്ഛനും അമ്മയും കൂടി എന്റെ കൂടെ വരണം ”

ആനന്ദിന്റെ മുഖത്തെ സമ്മർദ്ധം അയാൾക്ക് വ്യക്തമായി മനസ്സിലായിരുന്നു….

“എന്താടാ…? എന്തെങ്കിലും പ്രോബ്ലം ഉണ്ടോ….” ?..

” ഉണ്ട്…. അച്ഛൻ വാ…. ഞാൻ പറയാം…. ”

അവൻ പുറത്തേക്ക് നടന്നു….

“അനിതാ…. ”

അയാൾ അകത്തോട്ട് നോക്കി വിളിച്ചു….

“എന്താ ജയേട്ടാ…. ”

“താനിങ്ങോട്ടൊന്ന് വന്നേ ”

അൽപസമയം കഴിഞ്ഞപ്പോൾ അനിത അങ്ങോട്ടെത്തി….

ആനന്ദിന്റെ ടെൻഷൻ എന്തിനെ കുറിച്ചാണെന്ന് അറിയാമോ എന്ന് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു അവരുടെ മറുപടി….

“മോഹനോട് എന്തോ സീരിയസ് മാറ്റർ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് അവൻ അങ്ങോട്ട് പോയിട്ടുണ്ട്…. നമ്മളോടും കൂടെ ചെല്ലാൻ പറഞ്ഞു… ഇനി അവനെന്തെങ്കിലും ;”…..

” നിങ്ങളെന്താ ഉദ്ദേശിച്ചത് “??….

അനിത സംശയത്തോടെ അയാളെ നോക്കി…

” ഒന്നുമില്ല…. താൻ വാ.. ”

അയാൾ ഫയൽ മടക്കി വെച്ച് പുറത്തേക്ക് നടന്നു… പിന്നാലെ അനിതയും…..

*************************

അവരെത്തുന്നതും നോക്കിയിരിക്കുകയായിരുന്നു ആനന്ദ്…

അവന്റെ മുഖത്തെ ടെൻഷന്റെ കാരണം അറിയാതെ മോഹനും ജീനാ ശാന്തിയും മുഖത്തോട് മുഖം നോക്കി….

” പറ അനൂ… എന്താ നിനക്ക്
പറയാനുള്ളത് ”?

എല്ലാവരും എത്തിയപ്പോൾ മോഹൻ ചോദിച്ചു…

എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്നറിയാതെ വിഷണ്ണനായിരിക്കുകയായിരുന്നു ആനന്ദ്….

” ഞാൻ പറയുന്നത് എല്ലാവരും സമചിത്തതയോടെ കേൾക്കണം… ”

ആനന്ദ് പറഞ്ഞു വരുന്നതെന്തന്നറിയാതെ എല്ലാവരും അമ്പരന്നു…..

“നിവാംശിയെ കുറിച്ചാണ് എനിക്ക് പറയാനുള്ളത് ”

ആനന്ദ് പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു…..

” അത് നമ്മുടെ ഫ്ലാറ്റിൽ താമസിക്കുന്ന കുട്ടിയല്ലേ.. ആ കുട്ടിയെ കുറിച്ച് എന്താ പറയാനുള്ളത്….”???

മോഹന്റെ ചോദ്യത്തോടൊപ്പം എല്ലാവരുടേയും അക്ഷമയോടെയുള്ള കണ്ണുകളും അവന്റെ നേർക്ക് നീണ്ടു…..

” അവളിന്നലെ അവളുടെ പാസ്റ്റ് എന്നോട് പറഞ്ഞു… അത് കേട്ടപ്പോൾ മുതൽ എനിക്കെന്തോ പോലെ….”

” വെറുതെ ഓരോന്ന് പറഞ്ഞ് ടെൻഷനാക്കാതെ നീ കാര്യം പറയ് അനൂ… ”

” പറയാം….

ആനന്ദ് പതിയെ സെറ്റിയിൽ നിന്നും എഴുന്നേറ്റു…..

നിവാംശി പറഞ്ഞ കാര്യങ്ങളൊക്കെ ഓരോന്നായ് അവരുടെ മുൻപിൽ പറയുമ്പോൾ പലപ്പോഴും അവൻ വാക്കുകൾക്കായ് പതറി…

എല്ലാം പറഞ്ഞു കഴിഞ്ഞതിന് ശേഷം അവൻ ഓരോരുത്തരുടേയും മുഖത്ത് മാറി മാറി നോക്കി….

അവന്റെ അതേ സംശയം അവർക്കും തോന്നിയിട്ടുണ്ടെന്ന് എല്ലാവരുടേയും മുഖഭാവത്തിൽ നിന്ന് അവന് മനസ്സിലായിരുന്നു…

” ഇതിലിപ്പോ എന്താ നിന്റെ സംശയം ”

ജയശങ്കർ അവനോട് തുറന്ന് ചോദിച്ചു….

“അച്ഛാ അത്…. നിവാംശിയുടെ അമ്മയെ ചതിച്ചിട്ട് പോയ ആ ആൾ ഇളയച്ഛനാണോ…”

“അനൂ ”

പെട്ടെന്ന് മോഹന്റെ ശബ്ദമുയർന്നു….

” അങ്കിൾ ഞാൻ വേറൊന്നും കൊണ്ടല്ല പറഞ്ഞത്….. അവൾ പറഞ്ഞ സമയവും സാഹചര്യവുമൊക്കെ വെച്ച് നോക്കുമ്പോൾ എന്റൊരു ഡൗട്ട് പറഞ്ഞുന്നേയുള്ളൂ…. അല്ലാതെ അതാണ് സത്യം എന്നല്ല…. ”

മോഹൻ ഒന്നും മിണ്ടിയില്ല..

” ഇൻ കേസ് വംശി ഇളയച്ഛന്റെ മകൾ ആണെങ്കിൽ എന്ന് മാത്രമേ ചോദിച്ചിട്ടുള്ളൂ… ഇങ്ങനൊരു സംശയം ഉണ്ടെന്ന് ഞാൻ അവളോട് കൂടി പറഞ്ഞിട്ടില്ല”

അപ്പോഴും ആരും ഒന്നും മിണ്ടിയില്ല….

ആനന്ദ് എല്ലാവരുടേയും മുഖത്ത് പ്രതീക്ഷയോടെ നോക്കി….

“അവളെന്റെ ഗോപന്റെ മകളാണെങ്കിൽ അവളെ ഞാൻ സ്വീകരിക്കും”

ഉറച്ചതായിരുന്നു മോഹന്റെ വാക്കുകൾ…..

” അതെ…. അങ്ങനെയാണെങ്കിൽ നമുക്ക് സ്വീകരിക്കാം…. അവനോടും അവൻ സ്നേഹിച്ച പെണ്ണിനോടും ചെയ്ത ക്രൂരതക്ക് ഇങ്ങനെങ്കിലും ഒരു പരിഹാരമാകട്ടെ….”

ജയശങ്കറും മോഹൻന്റെ തീരുമാനത്തെ പിൻതാങ്ങിയപ്പോൾ ഭർത്താക്കൻമാർക്ക് പിന്തുണയേകി ജീനാ ശാന്തിയും അനിതയും അവരുടെ കൂടെ ഉണ്ടായിരുന്നു…..

എന്നിട്ടും ആനന്ദിന്റെ മുഖം തെളിയാത്തത് കണ്ടപ്പോൾ അവനെ അലട്ടുന്ന പ്രശ്നം അതല്ലെന്ന് അവർക്ക് മനസ്സിലായി….

” അവൾ ഗോപന്റെ മകളാണെങ്കിൽ സ്വീകരിക്കാം എന്ന് പറഞ്ഞിട്ടും നിന്റെ മുഖം എന്താ അനൂ തെളിയാത്തത്…. ഇനി അങ്ങനല്ലെങ്കിൽ എന്നാണോ….

അങ്ങനല്ലെങ്കിൽ അവളവിടെ താമസിച്ചോട്ടെ…. അവൾക്ക് വേണ്ട സഹായങ്ങൾ നമുക്ക് ചെയ്ത് കൊടുക്കാം”…..

“അതല്ലങ്കിൾ… ”

“പിന്നെ ”

“അവളെ… നമ്മുടെ….. ജിത്തുവിന് വിവാഹം ചെയ്താൽ കൊള്ളാം എന്നുണ്ട് ”

അത് പറയുമ്പോൾ ആനന്ദിന്റെ മുഖം താണിരുന്നു…. തലയുയർത്തി ആരുടെയും മുഖം നോക്കാനുള്ള ശക്തി അവനുണ്ടായിരുന്നില്ല….

അപ്പോഴാണ് ജിത്തു അങ്ങോട്ടേക്ക് കയറി വന്നത്…..

***************************

ആനന്ദ് പ്രതീഷിച്ച ടെൻഷനോ സങ്കടമോ ഒന്നും അവന്റെ മുഖത്തുണ്ടായിരുന്നില്ലെന്ന് മാത്രമല്ല അവൻ നല്ല സന്തോഷത്തിലും ആയിരുന്നു…

” എന്താ എന്നെ കൂടാതെ എല്ലാവരും കൂടൊരു ചർച്ച… വീണ്ടും വിവാഹാലോചന വല്ലതുമാണോ”

ആരും ഒന്നും മിണ്ടിയില്ല…..

ജിത്തു ജീനാ ശാന്തിയുടെ അരികിൽ ചെന്നിരുന്നു…

“ഇവനെന്താ ഇങ്ങനെ തലതാഴ്ത്തി ഇരിക്കുന്നെ….

അവൻ ആനന്ദിന് നേർക്ക് കൈ ചൂണ്ടി…

” എന്തു പറ്റി അമ്മാ”

ആരും ഒന്നും മിണ്ടുന്നില്ലെന്ന് കണ്ടപ്പോൾ അവനെന്തോ പന്തികേട് തോന്നി….

“ഈശ്വരാ അനു ഇനി എല്ലാം പറഞ്ഞ് കാണുമോ ”

ജിത്തുവിന്റെ മനസ്സിൽ ഒരു കൊള്ളിയാൻ മിന്നി…

എല്ലാവരുടേയും മുഖഭാവം അവന്റെ സംശയം ശരി വെക്കുന്നതായിരുന്നു…. എങ്കിൽ ഇനി അമാന്തിച്ചു കൂടാ….

എല്ലാവരും കൂടി ഇങ്ങോട്ട് അറ്റാക്ക് ചെയ്യുന്നതിന് മുൻപേ കാര്യം ഇറന്ന് പറയുന്നതാണ് ഉചിതം… അവൻ മനസ്സിൽ ഉറപ്പിച്ചു….

” എല്ലാവരും ഇവിടുള്ള സ്ഥിതി എനിക്കും ഒരൂട്ടം പറയാനുണ്ട് ”

ആരും ഒന്നും മിണ്ടിയില്ല…

ഇവനിതെന്തിനുള്ള പുറപ്പാടാണെന്ന ഭാവത്തിൽ ആനന്ദ് തലയുയർത്തി ജിത്തുവിനെ നോക്കി….

” നിവാംശിയെ എല്ലാവർക്കും അറിയാലോ…. എനിക്ക് അവളെ ഇഷ്ടമാണ്… നിങ്ങൾക്കൊക്കെ സമ്മതമാണെങ്കിൽ വിവാഹം ചെയ്താൽ കൊള്ളാം എന്നാഗ്രഹവുമുണ്ട്…”

“”ആരും എന്താ ഒന്നും മിണ്ടാത്തത്…”

അവൻ എല്ലാവരുടെയും മുഖത്ത് മാറി മാറി നോക്കി….

“മോനേ… ഒരു പെണ്ണിനെ ഇഷ്ടപ്പെടുന്നതും വിവാഹം ചെയ്യണമെന്ന് ആഗ്രഹിക്കുന്നതും ഒരു തെറ്റല്ല…. പക്ഷേ അതിന് മുൻപേ അവൾ ആരാണെന്നും എന്താണെന്നും ഒക്കെ അറിഞ്ഞിരിക്കണം… ”

“അങ്ങനെ ഫുൾ ബയോഡാറ്റ അന്വേഷിച്ചിട്ട് ഉണ്ടാവേണ്ട ഒന്നാണോ അച്ഛാ സ്നേഹം…. അല്ലെന്നാണ് എന്റെ വിശ്വാസം… ”

അവൻ ശാന്തസ്വരത്തിൽ പറഞ്ഞു….

“അതെ… നിന്റെ വിശ്വാസം ശരി തന്നെ…. പക്ഷേ എന്റെ മരുമകളായി വരുന്ന പെൺകുട്ടിയുടെ അച്ഛൻ ആരാണെന്ന് അറിയാനുള്ള അവകാശം
എനിക്കുണ്ടല്ലോ ”…

“തീർച്ചയായും ഉണ്ട്…”

അച്ഛനും മകനും തമ്മിലുള്ള സംഭാഷണത്തിനിടയിൽ മൂകസാക്ഷികളായി ബാക്കി നാലു പേർ ഇരുന്നു….

” എങ്കിൽ പറ… നിവാംശിയുടെ അച്ഛൻ ആരാണ്… ?അനൂന്റെ… അല്ല ഞങ്ങളുടെ എല്ലാം സംശയം പോലെ അത് ഗോപനാണോ….???? ആണെങ്കിൽ ഈ വിവാഹം നടക്കില്ല…. ”

” അല്ലെങ്കിലോ…. ”

ജിത്തു വീറോടെ ചോദിച്ചു…..

” അല്ലെങ്കിൽ അവളുടെ അച്ഛനാരാണെന്ന് നീ പറയണം…. പറ്റുമോ നിനക്കതിന്…”

മോഹൻ മകനെ വെല്ലു വിളിച്ചു….

” പറ്റും …. എനിക്കറിയാം അവളുടെ അച്ഛൻ ആരാണെന്ന്….. ”

” ആരാ “…..

അഞ്ചു പേരുടേയും മനസ്സിൽ ആ ഒരു ചോദ്യം നിറഞ്ഞു….

” ചെറുവലത്ത് രാമനാഥമേനോൻ..”

ആ പേര് കേട്ടതും എല്ലാവരിലും ഒരേ പോലെ ഞെട്ടലുണ്ടായി….

“ആരും ഞെട്ടണ്ട….. അദ്ദേഹം തന്നെയാണ് വംശിയുടെ അച്ഛൻ… നിങ്ങളുടെയൊക്കെ ഉറ്റ തോഴനായ രാമനാഥൻ…. അതിലുപരി ചെറിയച്ഛന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരൻ…..”

” പക്ഷേ മോനേ…. നീ…. ഇതൊക്കെ നീ എങ്ങനെ മനസ്സിലാക്കി… ”

മോഹന് അമ്പരപ്പ് വിട്ടുമാറിയിരുന്നില്ല….

” അവള് പറഞ്ഞ കഥയും കേട്ട് വേറൊന്നും അന്വേഷിക്കാതെ ടെൻഷനടിച്ച് ഇങ്ങോട്ടൊരുത്തൻ വന്നില്ലേ.. ദാ.. ഇരിക്കുന്നു… ”

അവൻ ആനന്ദിനെ ചൂണ്ടി ചിരിയോടെ പറഞ്ഞു….

“അവൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ ഇളയച്ഛന്റെ മകളാണോ നിവാംശി എന്ന സംശയം എനിക്കും ഇല്ലാതിരുന്നില്ല…. ആ സംശയം മനസ്സിൽ വെച്ച് തന്നെയാണ് ഞാൻ അവളെ കാണാൻ ചെന്നതും….

ഇവനോട് പറഞ്ഞ കഥകളൊക്കെ അവളെന്നോടും പറഞ്ഞു….
ചെറിയച്ഛൻ ബോംബെയിലുണ്ടായിരുന്ന അതേ സമയം ചെറിയച്ഛന്റെ കൂടെ അദ്ദേഹവും ഉണ്ടായിരുന്നു അവിടെ…

അദ്ദേഹത്തിന് ബോംബയിൽ ഭാര്യയും കുട്ടിയും ഉണ്ടെന്ന് അറിയുന്ന ഒരേ ഒരാളും ചെറിയച്ഛൻ തന്നെ…
അവർ ഒരുമിച്ചാണ് നാട്ടിലേക്ക് വന്നത്…

സ്നേഹിച്ച പെണ്ണിനെ വിവാഹം ചെയ്യാൻ പറ്റാത്ത വിഷമത്തിൽ ചെറിയച്ഛൻ ജിവിതം അവസാനിപ്പിച്ചപ്പോൾ വിവാഹം ചെയ്ത പെണ്ണിനെയും ജന്മം കൊടുത്ത മകളെയും ഉപേക്ഷിച്ച് രാമനാഥൻ ഇവിടെ വേറെ വിവാഹം ചെയ്ത് സുഖമായി ജീവിച്ചു… ”

“ഈ പറഞ്ഞതിനൊക്കെ എന്താ തെളിവ്”??

ജയശങ്കറിന്റെതായിരുന്നു ചോദ്യം..

”അവൾക്ക് അവളുടെ അച്ഛന്റെ പേര് രാമനാഥൻ ആണെന്ന് അറിയാമായിരുന്നു….

മാത്രമല്ല അവളുടെ മമ്മിയും ചേച്ചിയും രാമനാഥനെന്ന അവളുടെ അച്ഛനും ഒരുമിച്ച് നിക്കുന്ന പഴയ ഒരു ഫോട്ടോ കൂടിയുണ്ട് അവളുടെ കയ്യിൽ …. ദാ നോക്ക്…”

അവൻ മൊബൈലിൽ ഒരു ഫോട്ടോ ജയശങ്കറിന്റെ നേർക്ക് നീട്ടി.. അയാളത് നോക്കിയതിന് ശേഷം മോഹൻന്റെ കയ്യിൽ കൊടുത്തു…

”രാമനാഥൻ തന്നെയല്ലേ… ”

ജിത്തുവിന്റെ ചോദ്യത്തിന് അയാൾ തലയാട്ടി…

“കുറച്ച് കൂടി വ്യക്തമാകാൻ വേണ്ടി ഞാൻ ബോംബെയിലുള്ള എന്റൊരു സുഹൃത്തിനെ വെച്ച് കാര്യങ്ങൾ അന്വേഷിപ്പിച്ചു…

വംശി പറഞ്ഞതൊക്കെ സത്യമാണെന്ന് അവന്റെ അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞു… രാമനാഥൻ ഇപ്പോൾ ഭാര്യയോടും മകനോടും കൂടെ അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ്…

ഇനി പറ നമ്മളെക്കാൾ പ്രതാപികളായ ചെറുവലത്ത് തറവാട്ടിലെ രാമനാഥന്റെ മകളെ അച്ഛന് മരുമകളാക്കി കൂടെ “…

അവൻ ഒരു മറുപടിക്കായ് മോഹൻന്റെ മുഖത്ത് ഉറ്റുനോക്കി…

” രാമനാഥൻ നിവാംശിയെ മകളായി സ്വീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ…”

” സാധ്യത ഇല്ല”

” അയാൾ സ്വീകരിക്കാത്തിടത്തോളം കാലം അവൾ ആ തറവാട്ടിലെ കുട്ടിയാകില്ല മോനേ.. രാമനാഥന് രഹസ്യ ബന്ധത്തിലുണ്ടായ മകളാണ് എന്നും അവൾ..

അതുകൊണ്ട് തന്നെ എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഇല്ലാ…. ജയാ ഒന്നു വരൂ “…

മോഹൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു….
പിന്നാലെ ജയനും…

ഇനി എന്തും ചെയ്യും എന്നറിയാതെ ആനന്ദും ജിത്തുവും മുഖത്തോട് മുഖം നോക്കി….

തുടരും

നിവാംശി : ഭാഗം 1

നിവാംശി : ഭാഗം 2

നിവാംശി : ഭാഗം 3

നിവാംശി : ഭാഗം 4

നിവാംശി : ഭാഗം 5

നിവാംശി : ഭാഗം 6

നിവാംശി : ഭാഗം 7

നിവാംശി : ഭാഗം 8

നിവാംശി : ഭാഗം 9

നിവാംശി : ഭാഗം 10

നിവാംശി : ഭാഗം 11