Sunday, October 6, 2024
Novel

നിവാംശി : ഭാഗം 4

എഴുത്തുകാരി: ശിവന്യ


‘വിവാഹമോ…. ആരുടെ ”?

രണ്ടു പേരും ഒരേ സ്വരത്തിൽ ചോദിച്ചു.

“മേഘയുടെ ”

ജിത്തുവിന്റെ അനിയത്തി മേഘ്നയുടെ വിവാഹക്കാര്യമാണ് സംസാരിക്കാൻ പോകുന്നതെന്നറിഞ്ഞപ്പോൾ അവന്റെ മുഖത്ത് ആശ്വാസം പരന്നെങ്കിലും ആനന്ദിന്റെ മുഖം മങ്ങി…

” ഞാൻ വിചാരിച്ചു… വിവാഹം എനിക്കായിരിക്കുമെന്ന്…”

നിരാശയോടെ ആനന്ദിന്റെ സംസാരം കേട്ടപ്പോൾ എല്ലാവർക്കും ചിരി പൊട്ടി..

“ഒരു ജോലിക്കും പോകാതെ ഇങ്ങനെ കാള കളിച്ച് നടക്കുന്ന നിനക്കൊക്കെ ആര് പെണ്ണ് തരാനാ…”

മകനെ കളിയാക്കാൻ കിട്ടുന്ന ഒരവസരവും ജയശങ്കർ പാഴാക്കില്ല..

” എന്റെ പ്രായത്തിൽ അച്ചനും ഇങ്ങനൊക്കെ തന്നെ ആയിരുന്നെന്ന് അച്ചമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്…

പിന്നീട് ഉത്തരവാദിത്തം വരാൻ വേണ്ടി എന്റെ അമ്മയെ അച്ചന് കെട്ടിച്ച് തന്നതാണെന്നും അച്ചമ്മ പറഞ്ഞിട്ടുണ്ട്….

അത് പോലെ എനിക്കും ഒരു കല്യാണമൊക്കെ കഴിഞ്ഞാൽ ഉത്തരവാദിത്തമൊക്കെ വരുമായിരിക്കും.. അല്ലേ അങ്കിൾ”

അവൻ മോഹനെ നോക്കി കണ്ണിറുക്കി..

” അച്ചന്റേയും മോന്റെയും യുദ്ധം ഒരിക്കലും തീരില്ല.. നിങ്ങള് ബാക്കി ഡീറ്റയിൽസ് പറ മോഹനേട്ടാ”…

അനിത ഇടപ്പെട്ടു..

പറയെന്ന് ജീനാ ശാന്തിയും അയാൾക്ക് നേരെ കണ്ണ് കാണിച്ചു..

” ടൗണിലെ നവരത്ന ജ്വല്ലറി ഉടമ മഹേശ്വരന്റെ മകൻ മിഥുൻ ന്റെ ആലോചനയാണ്… ആ പയ്യനാണ് ഇപ്പോ മഹേശ്വരന്റെ ബിസിനസ്സൊക്കെ നോക്കുന്നത്…

അറിഞ്ഞിടത്തോളം നല്ല പയ്യനാണ്… തറവാടികളാണ്… നമുക്ക് ചേരും.. ഇനി എല്ലാവരുടേയും അഭിപ്രായം അറിഞ്ഞാൽ നമുക്ക് പ്രൊസീഡ് ചെയ്യാം ”

അയാൾ പറഞ്ഞു നിർത്തിയിട്ട് എല്ലാവരുടേയും മുഖത്തേക്ക് നോക്കി.

“അതിന് അഭിപ്രായം പറയേണ്ടത് മേഘയല്ലേ… ആദ്യം അവളോട് ചോദിക്ക്… ”

ആനന്ദ് പറഞ്ഞു..

“നിങ്ങളുടെ എല്ലാവരുടേയും അഭിപ്രായം ചോദിക്കാനാ അവള് പറഞ്ഞത് ”

” എന്നാൽ ആദ്യം ഞങ്ങളവനെ ഒന്ന് കാണട്ടെ… അല്ലേടാ…”

“അതെ.. ”

ജിത്തുവും തല കുലുക്കി..

” അധികം വൈകിക്കണ്ട…. നിന്നോടാ… ”

ജയശങ്കർ ആനന്ദിന് മുന്നറിയിപ്പ് കൊടുത്തു..

“ഓ ഉത്തരവ്.. അപ്പോ രാത്രി യാത്രയില്ല.. ഗുഡ് നൈറ്റ് ”

പരസ്പരം എല്ലാവരും ശുഭരാത്രി നേർന്നു ,ജയശങ്കറും കുടുംബവും അവരുടെ വീട്ടിലേക്ക് പോയി..

*******************

കിടക്കാനായി റൂമിലേക്ക് ചെന്നപ്പോൾ ആനന്ദ് ഫോണെടുത്ത് നിവാംശിയുടെ നമ്പറിലേക്ക് ഡയൽ ചെയ്തു.

ആദ്യത്തെ തവണ തന്നെ അവൾ കാൾ അറ്റന്റ് ചെയ്തു…

”ഉറങ്ങിയോ വംശി ”

” ഇല്ലെന്നേ… ഞാൻ നിന്റെ കാൾ വെയ്റ്റ് ചെയ്തിരിക്കുവാരുന്നു.. പറയൂ.. എന്തായി കാര്യങ്ങൾ ”

” നി നാളെ തന്നെ റൂം വെക്കേറ്റ് ചെയ്തിങ്ങോട്ട് പോര്…”

“ടാ.. സത്യാണോ… എല്ലാവരും സമ്മതിച്ചോ ”

അവളുടെ ശബ്ദത്തിൽ ആകാംക്ഷ നിറഞ്ഞു..

“യെസ് ഡിയർ… എല്ലാവർക്കും ഒകെയാണ്… നീ അവിടെ നിനക്കിഷ്ടമുള്ളത്രയും കാലം താമസിച്ചോ.. നോ പ്രോബ്ലം ”

അവൻ പറഞ്ഞത് കേട്ടപ്പോൾ നിവാംശിക്ക് സന്തോഷം കൊണ്ട് തുള്ളിച്ചാടണമെന്ന് തോന്നി…

” റെന്റ് എങ്ങനാ… ”

“റെന്റും വേണ്ട ഒന്നും വേണ്ട…. ”

അവൻ പറഞ്ഞത് കേട്ട് അവൾ അമ്പരന്നു പോയി…

“ടാ.. റെൻറ് വേണ്ടെന്നോ… അത് ശരിയാവില്ല.. ”

”അത് ശരിയാവും…. പിന്നെ രാവിലെ റൂം വെക്കേറ്റ് ചെയ്ത് റെഡിയായി നിക്കണം… ഞാൻ വരും … ”

” പക്ഷേ അനു”

“ഒരു പക്ഷേയുമില്ല… കിടന്നുറങ്ങാൻ നോക്ക് പെണ്ണേ… ഗുഡ് നൈറ്റ് ”

അവളുടെ മറുപടിക്ക് കാത്ത് നിക്കാതെ അവൻ കാൾ കട്ട് ചെയ്തു.

പക്ഷേ റെന്റ് വേണ്ടെന്ന് ആനന്ദ് പറഞ്ഞത് നിവാംശിക്ക് എന്തോ ശരികേട് തോന്നി..

മനസ്സിലെന്തോ ഭാരം കയറ്റി വച്ചത് പോലെ തോന്നി അവൾക്ക്….

*****************************

പിറ്റേന്ന് രാവിലെ ആനന്ദ് തന്നെ നിവാംശിയെ ഫ്ലാറ്റിൽ കൊണ്ടുവിട്ടു….

അത്യാവശ്യം വേണ്ട വീട്ടുപകരണങ്ങളെല്ലാം അവിടുണ്ടായിരുന്നെങ്കിലും നിവാംശിക്ക് വേണ്ട ബാക്കി സാധനങ്ങളെല്ലാം വാങ്ങിക്കാൻ അവൻ തന്നെ അവളുടെ കൂടെ ഷോപ്പിംഗിന് പോയി….

കൊച്ചിയിൽ വെച്ച് ആനന്ദിനെ കണ്ടുമുട്ടിയത് നിവാംശിക്ക് വലിയ ആശ്വാസമായിരുന്നു…

ഒരു ജോലിയാണ് ഇനിയുള്ള അവളുടെ ആവശ്യം എന്ന് അവൾ പറയാതെ തന്നെ അവൻ മനസ്സിലാക്കിയിരുന്നു…

അതിന് അവൻ മെറിൻന്റെ സഹായമാണ് തേടിയത്…

ശ്രീപത്മം ബിൽഡേർസിൽ ആർക്കിടെക്ടിന്റെ ഒരൊഴിവ് ഉണ്ടായിരുന്നത് നിവാംശിക്ക് നൽകണമെന്ന ” ജയമോഹനം” ഗ്രൂപ്പിന്റെ എംഡി ആനന്ദ് ശങ്കറിന്റെ ആവശ്യം ശ്രീപത്മം ബിൽഡേർസിന് തള്ളി കളയാൻ കഴിയില്ല…

അവരുടെ ഏറ്റവും വേണ്ടപ്പെട്ട കക്ഷികളിൽ ഒരാളാണ് ജയമോഹനം ഗ്രൂപ്പ്…

ഒരാഴ്ചക്കുള്ളിൽ തന്നെ നിവാംശി സെറ്റിൽഡ് ആയി…
അവൾക്ക് വേണ്ടി എല്ലാം ചെയ്തു കൊടുത്തെങ്കിലും അവളുടെ ലൈഫിൽ സംഭവിച്ച ട്രാജഡി എന്താണെന്ന് അവൾ അവനോട് പറഞ്ഞില്ല…

അവൾ പറയുന്നത് വരെ കാത്തിരിക്കുന്നതാവും നല്ലതെന്ന് അവന്റെ മനസ്സ് പറഞ്ഞു..

*************************

അന്ന് ഞായറാഴ്ച്ചയായിരുന്നു…
മേഘ്നക്ക് വേണ്ടി ആലോചിച്ച പയ്യനെ കാണാൻ ഇറങ്ങിയതായിരുന്നു ജിത്തുവും ആനന്ദും..

പുറത്തെവിടെയെങ്കിലും വെച്ച് കാണാം എന്ന അവരുടെ അഭിപ്രായത്തെ മോഹൻ എതിർത്തു….

മിഥുൻ നെ അവന്റെ വീട്ടിൽ ചെന്ന് കാണുന്നതാണ് നല്ലതെന്ന് അയാൾ പറഞ്ഞു…

ജിത്തുവിന്റെ എൻഡവർ മിഥുൻന്റെ വീട്ടിൽ എത്തിയപ്പോൾ സമയം പതിനൊന്നര…

ഒരു ജ്വല്ലറി ഉടമയുടേതാണെന്ന് ഒറ്റനോട്ടത്തിൽ വിളിച്ചോതുന്ന ബംഗ്ലാവ് തന്നെ ആയിരുന്നു അത്..

കാർപോർച്ചിൽ ആഡംബ്ബര കാറുകൾ മൂന്നെണ്ണം..

അവരെ സ്വീകരിക്കാൻ മഹേശ്വരനും ഭാര്യ പത്മിനിയും പൂമുഖത്ത് തന്നെ ഉണ്ടായിരുന്നു…

മിഥുൻ നെ കണ്ട് സംസാരിക്കുന്നതിനിടയിലാണ് ജ്യൂസുമായി മിഥുൻ ന്റെ അനിയത്തി മായ വന്നത്…

ചുവന്ന സാരി ഉടുത്ത് ഒരപ്സരസ്സിനെ പോലെ കടന്ന് വന്ന മായയെ കണ്ടപ്പോൾ ആനന്ദ് വാ പൊളിച്ചിരുന്നു പോയി…

“ടാ..ഇതെന്താ പെണ്ണ് കാണലാണോ..??”

ജിത്തു അവന്റെ ചെവിയിൽ പറഞ്ഞു…

അപ്പോഴാണ് അവന്റെ ഫോൺ റിംഗ് ചെയ്തത്….

ജീനാ ശാന്തി ആയിരുന്നു ലൈനിൽ..

“മായ വന്നോടാ”

” ഉം”

” നന്നായി നോക്കിക്കോ… ഇനി കണ്ടില്ലാന്നൊന്നും പറയണ്ട ”

” കാണാനോ… എന്തിന് ”

അവനൊന്നും മനസ്സിലായില്ല…

” നീ ആ കുട്ടിയെ പെണ്ണ് കാണാൻ ചെന്നതായത് കൊണ്ട് … ടാ മോനേ കുളമാക്കല്ലേ….”

അത്രയും പറഞ്ഞ് ജീനാ ശാന്തി കാൾ കട്ട് ചെയ്തു…

ഫോൺ കയ്യിൽ പിടിച്ച് ഇടിവെട്ടിയത് പോലെ ജിത്തു ഇരുന്നു..

തുടരും

നിവാംശി : ഭാഗം 1

നിവാംശി : ഭാഗം 2

നിവാംശി : ഭാഗം 3