നിവാംശി : ഭാഗം 14
എഴുത്തുകാരി: ശിവന്യ
“സാർ വിവാഹം ഉറപ്പിച്ചല്ലേ… എന്നിട്ടെന്താ ഞങ്ങളോടൊന്നും പറയാത്തെ”
ഓഫീസിലേക്ക് കയറി വരുമ്പോൾ മാർക്കറ്റിംഗിലെ വിനോദായിരുന്നു ജിത്തൂനോട് അത് ചോദിച്ചത്…
ചോദ്യം കേട്ട് ജിത്തു അമ്പരന്നു പോയി….
”വിവാഹമോ?… ആരുടെ “??..
“സാറിന്റെ തന്നെ… ജയശങ്കർ സാർ പറഞ്ഞിരുന്നു”…
” അങ്കിൾ ആണോ പറഞ്ഞത്… അങ്ങനാണേൽ എന്റേതല്ല ആനന്ദിന്റേതായിരിക്കും… അവനിങ്ങനെ ഓഫീസിൽ വരാതെ കളിച്ച് നടക്കുന്നത് കൊണ്ട് പിടിച്ചുകെട്ടിക്കാൻ തീരുമാനിച്ചിട്ടുണ്ടാവും”…
ചിരിയോടെ ജിത്തു മറുപടി പറഞ്ഞു…
“ആനന്ദ് സാറിന്റേതല്ല ,ജിത്തു സാറിന്റേതാണെന്നാ പറഞ്ഞത് “..
”എന്റെ വിവാഹം ഞാൻ അറിയാതെ തീരുമാനിച്ചെന്നോ… നല്ല തമാശ….. എന്തായാലും വിനോദ് ചെല്ല്… ഞാനൊന്നു അന്വേഷിക്കട്ടെ എന്താ കാര്യം എന്ന് “….
വിനോദിനോടങ്ങനെ പറഞ്ഞെങ്കിലും അവന്റെ മനസ്സിൽ ഒരു കരട് വീണിരുന്നു…
‘ഇനി മായയെ വീണ്ടും തന്റെ തലയിൽ കെട്ടിവെക്കാൻ വല്ല ശ്രമവും നടക്കുന്നുണ്ടോ…. ”
അവൻ അകെ ചിന്താ കുഴപ്പത്തിലായി…
ഓഫീസിൽ ഇരുന്നിട്ട് ജിത്തുവിന് സമാധാനം കിട്ടിയില്ല…
അവൻ ഫോണെടുത്തു ആനന്ദിന്റെ നമ്പർ കാളിംഗിൽ ഇട്ടു…
“എന്താടാ “..
“നീ എവിടെ “…
“ഞാൻ ഇവിടെ മെഡി കെയറിലാ “..
“അവിടെന്താ “…
ജിത്തു സംശയത്തോടെ ചോദിച്ചു…
“ഇവിടൊരാളേ കാണാൻ വന്നതാ… നീ വിളിച്ച കാര്യം പറ “….
ജിത്തു വിനോദ് പറഞ്ഞ കാര്യങ്ങളൊക്കെ ആനന്ദിനോട് പറഞ്ഞു…
” വീണ്ടും മായയെ തന്നെയാന്നോടാ അവര് കണ്ടു വെച്ചേക്കുന്നേ “…
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ അവന്റെയും സംശയം അത് തന്നെ ആയിരുന്നു…
അത് കേട്ടതും ജിത്തു ന്റെ മുഖം വലിഞ്ഞു മുറുകി…
“എങ്കിൽ ഇന്ന് ഇതിനു ഞാൻ ഒരു തീരുമാനം ഉണ്ടാക്കും “…
” ഡാ നീ എന്താ ചെയ്യാൻ പോകുന്നെ… അളിയാ കടുംകൈ ഒന്നും ചെയ്യല്ലേ… ”
അപ്പോഴേക്കും ജിത്തു കാൾ കട്ട് ചെയ്തിരുന്നു….
*************************
അന്ന് വൈകുന്നേരം കോളേജ് കഴിഞ്ഞ് ജീനാ ശാന്തി വീട്ടിലെത്തുമ്പോൾ പതിവില്ലാതെ ജിത്തു വീട്ടിലുണ്ടായിരുന്നു..
പക്ഷേ അവൻ അവരോടൊന്നും ചോദിച്ചില്ല…
മോഹനും ജയശങ്കറും കൂടി എത്താൻ കാത്തിരിക്കുകയായിരുന്നു അവൻ…
താഴേന്ന് സംസാരവും പൊട്ടിച്ചിരിയും ഉയർന്നു കേട്ടപ്പോൾ ജിത്തു പതിയെ താഴേക്കിറങ്ങി വന്നു….
എല്ലാവരും കൂടിയിരുന്ന് കാര്യമായ എന്തോ ചർച്ചയിലായിരുന്നു….
തന്റെ വിവാഹം ഉറപ്പിച്ച സന്തോഷമാണ് എല്ലാവരുടേയും മുഖത്തെന്ന് അവൻ ഊഹിച്ചു….
“എന്താ എല്ലാവർക്കും ഇത്ര സന്തോഷം…”
അവനും അവരുടെ അടുത്തേക്ക് ചെന്നു…
” കുടുംബത്തിൽ നല്ല കാര്യങ്ങൾ നടക്കാൻ പോകുമ്പോൾ സന്തോഷിക്കണ്ടേ മോനേ…. ”
മോഹൻ ചെറുചിരിയോടെ ചോദിച്ചു…. അതിലുപരി അവന്റെ ദേഷ്യം എല്ലാവരും ആസ്വദിക്കുകയായിരുന്നു….
“അതെന്താ ആ നല്ല കാര്യം… ഞാനറിഞ്ഞില്ലല്ലോ…”
” ഈ വീട്ടിൽ നിലവിളക്കേന്തി ഒരു പെൺകുട്ടി വരാൻ പോകുന്നു…. അതാണ് നല്ല കാര്യം….”
“മായ ആവും “…
അവൻ പരിഹാസത്തോടെ ജീനാ ശാന്തിയെ നോക്കി….
“അല്ല …. നിവാംശിയാ….”
” എഹ്…. അമ്മ എന്താ പറഞ്ഞെ “…
ജിത്തു അമ്പരപ്പോടെയെയും അദ്ഭുതത്തോടെയും എല്ലാവരെയും നോക്കി….
അവന്റെ അപ്പോഴത്തെ മുഖഭാവം കണ്ടപ്പോൾ എല്ലാവരിലും പൊട്ടിച്ചിരി ഉയർന്നു….
“വംശിയോ…. അപ്പോ എല്ലാവരും കൂടി എന്നെ കളിപ്പിക്കുകയായിരുന്നല്ലേ…. ”
അവന്റെ മുഖത്ത് പരിഭവം പടർന്നു…
” അവള് നിന്നോടൊന്നും പറഞ്ഞില്ലാ…..?
അനിത ചോദിച്ചു….
” ഇല്ല.. എന്നാലും ഇതൊക്കെ എപ്പോൾ നടന്നു..”
നിവാംശിയെ കാണാൻ ചെന്നതും സംസാരിച്ചതുമൊക്കെ ജീനാ ശാന്തി അവനോട് വിശദീകരിച്ചു….
“ആദ്യം ആലോചിക്കണം എന്ന് അവൾ പറഞ്ഞെങ്കിലും പിന്നിട് സമ്മതമാണെന്ന് ഫോണിൽ വിളിച്ച് പറഞ്ഞു…. ”
ഇതെല്ലാം കേട്ട് ജിത്തുവിനേക്കാൾ അമ്പരപ്പോടെ വാതിൽക്കൽ വേറൊരാൾ നിക്കുന്നുണ്ടായിരുന്നു…
ആനന്ദ്….
“അല്ല…. മോൻ വന്നോ… ഇങ്ങടുത്ത് വാ…. ഒരു കാര്യം പറയട്ടെ “…
” എന്താ അച്ഛാ “….
നിഷ്കളങ്ക ഭാവവുമായി അവൻ അകത്തോട്ട് കയറി വന്നു…
“കല്യാണം മുടക്കാൻ വേണ്ടി ജാതകത്തിൽ തിരിമറി നടത്താനുള്ള ബുദ്ധി ആരുടേതാ.. നിന്റെയോ അല്ല ഇവന്റെയോ….”
വീണ്ടും രണ്ടു പേരും ഒരുമിച്ചു ഞെട്ടി…
നീയാണോ ഒറ്റിക്കൊടുത്തതെന്ന ഭാവത്തിൽ ആനന്ദ് ജിത്തൂനെ നോക്കി…
“ഞാനല്ല”…. അവൻ തലയാട്ടി..
“രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും നോക്കണ്ട…. മേഘയാ പറഞ്ഞത്…”
“എടീ ദുഷ്ടേ…. വഞ്ചകീ… കാണിച്ചു തരാടീ നിനക്ക്…. ”
ആനന്ദ് മനസ്സിൽ പറഞ്ഞു..
” എല്ലാം അറിഞ്ഞല്ലേ…”
അവൻ ചമ്മിയ ഒരു ചിരി പാസ്സാക്കി….
“നിന്നെ അന്നേ എനിക്ക് സംശയം ഉണ്ടായിരുന്നു… ജാതകം വാങ്ങാൻ പോകാനുള്ള നിന്റെ തിടുക്കവും പണിക്കരെ കാണാൻ പോകാം എന്നു പറഞ്ഞപ്പോളുള്ള നിന്റെ പേടിയുമൊക്കെ എന്തോ കുഴപ്പം ഉണ്ടാക്കാനാണെന്ന് എനിക്ക് തോന്നിയതാ..”
മോഹൻ പറഞ്ഞത് കേട്ടപ്പോൾ എല്ലാവരിലും ചിരി പരന്നു…
“നിനക്കെന്താ ഇതില് ഇത്ര വലിയ ഇന്ട്രെസ്റ്
” അത് അങ്കിൾ… ഞാൻ പിന്നെ….. ഇവന് അവളെ ഇഷ്ടമല്ലാന്ന് പറഞ്ഞപ്പോ… അല്ലാതെ എനിക്ക് പ്രത്യേകിച്ചൊന്നുമില്ല…. എങ്കിലും ഞങ്ങളോടൊരു വാക്ക് പറയാരുന്നു….”
” നീ ഒക്കെ കൂടി ഞങ്ങളെ പറ്റിച്ചില്ലേ…. അതുപോലെ ഞങ്ങളും ഒന്നു പറ്റിച്ചതാ…
അവരുടെ സംസാരം കൊഴുക്കുന്നതിനിടയിൽ ജിത്തു പതിയെ അവിടെ നിന്നും മാറി…
നിവാംശിയെ ഫോൺ ചെയ്യുക ആയിരുന്നു ലക്ഷ്യം…. പിന്നീട് അവന് തോന്നി അത് വേണ്ടെന്ന്…..
“നാളെ നേരിൽ കണ്ട് സംസാരിക്കാം… അതാകുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന നാണം കാണാമല്ലോ ”
ഓർത്തപ്പോൾ അവന് മനസ്സിൽ കുളിര് കോരി….
“രാവിലെ ഒന്നു കാണാൻ പറ്റുമോ ”
അവൻ ഫോണിലൊരു മെസേജ് അയച്ചു..
“യെസ് ”
ഉടൻ റിപ്ലേ വന്നു….
” ഒക്കെ..എങ്കിൽ മറൈൻ ഡ്രൈവിൽ മോർണിംഗ് 7:30… ”
“ഓക്കേ ”
നിവാംശിയുടെ കൂടെയുള്ള ജീവിതത്തിൽ വരാനിരിക്കുന്ന മധുരനിമിഷങ്ങൾ സ്വപ്നം കണ്ടു കൊണ്ട് ജിത്തു കിടക്കയിലേക്ക് ചാഞ്ഞു….
*************************
രാവിലെ ജിത്തു അതീവ ഉന്മേഷത്തോടെയാണ് വീട്ടിൽ നിന്നിറങ്ങിയത്….
ഈ പുലർവേളയിൽ നിവാംശിയെയും ചേർത്ത് പിടിച്ച് മറെൻ ഡ്രൈവിലെ പാതയോരത്ത് കൂടി നടക്കുന്നതോർത്തപ്പോൾ അവന്റെ ശരീരത്തിൽ ഒരു കോരിത്തരിപ്പുണ്ടായി…
“ഒന്ന് വിളിച്ചു നോക്കാം ” അവൻ മനസ്സിൽ പറഞ്ഞു…
” എത്തിയോ.. ”
” ആഹ് എത്തി…എവിടാ..”
” വരുന്നേയുള്ളൂ… ഡ്രൈവിംഗിലാ…. ”
” എങ്കിൽ കട്ടാക്കിക്കോ.. ഡ്രൈവ് ചെയ്ത് കൊണ്ട് സംസാരിക്കണ്ട…. ”
” ഡെൽഹിയിലൊക്കെ വളർന്നിട്ടും തനിക്കെന്താടോ ഇത്ര പേടി “..
“അതല്ല… ഡ്രൈവ് ചെയ്യുമ്പോൾ ഫോണിൽ സംസാരിക്കുന്നത് തെറ്റല്ലേ….പിന്നെ… എന്തേലും അപകടം സംഭവിച്ചാലോ…”
” ഞാൻ മരിച്ചു പോകുമെന്ന് പേടിച്ചിട്ടാണോ…”
“ജിത്തു വേണ്ടാട്ടോ…. ”
അവൾക്ക് ദേഷ്യം വന്നു…
“എടോ ജനിച്ചാൽ എന്തായാലും മരിക്കും….. അതിന് പേടിച്ചിട്ട് കാര്യമില്ല.. മരണം തീർച്ചയായും നമുക്കൊക്കെ ഉണ്ട്…. നമ്മൾ അത് അംഗീകരിച്ചേ മതിയാകൂ… ”
“രണ്ട് മരണം കൊണ്ട് അനാഥയായൊരു പെണ്ണാണ് ഞാൻ…. അതു കൊണ്ട് ഈ വിഷയം സംസാരിക്കാൾ എനിക്ക് താൽപര്യമില്ല.. ”
അവൾ കാൾ കട്ട് ചെയ്തു….
ജിത്തുവിന് ചിരി വന്നു….
ചുണ്ടില് ഒരു മൂളിപ്പാട്ടുമായ് അവൻ അതിവേഗം വണ്ടി ഓടിച്ചു….
പാർക്കിംഗിൽ വണ്ടി വെച്ച് വരുമ്പോഴെ എതിർ ഭാഗത്ത് നിവാംശിയെ അവൻ കണ്ടിരുന്നു…
രാവിലെ ആയതിനാൽ റോഡിൽ വാഹനങ്ങൾ കുറവായിരുന്നു,…
രണ്ട് ഭാഗത്തും ഒന്നു കണ്ണോടിച്ച് നിവാംശിയുടെ മുഖത്തേക്ക് നോക്കി കൊണ്ട് ജിത്തു റോഡിലേക്കിറക്കിയതും എവിടെ നിന്നോ പാഞ്ഞു വന്നൊരു കാർ അവനെ ഇടിച്ച് തെറിപ്പിച്ചു….
“അമ്മേ ”
ഒരാർത്ത നാദം അവന്റെ തൊണ്ടയിൽ കുടുങ്ങി…
ഒരു നിമിഷത്തേക്ക് എന്താണ് സംഭവിച്ചതെന്നറിയാതെ നിവാംശി പകച്ചപ്പോൾ പാഞ്ഞു പോയ കാറിന്റെ ഡ്രൈവിംഗ് സീറ്റിലിരുന്ന് മായ പൊട്ടിച്ചിരിക്കുകയായിരുന്നു…
തുടരും
അടുത്ത ഭാഗത്തിൽ നിവാംശി അവസാനിക്കും… ഇതു വരെ കഥ വായിച്ചു കൂടെ നിന്നവരോടും പ്രോത്സാഹിപ്പിച്ചവരോടും ഒരുപാട് സ്നേഹം… നന്ദി… എല്ലാവരുടെയും കമന്റ്സ് ഞാൻ വായിക്കാറുണ്ട്… സമയക്കുറവ് കാരണം ആണ് റിപ്ലൈ തരാത്തത്… ആർക്കും എന്നോട് ദേഷ്യം ഒന്നും ഉണ്ടാകില്ല എന്ന് വിശ്വസിക്കുന്നു…. സ്നേഹത്തോടെ ശിവന്യ..