Friday, April 19, 2024
Novel

നീലാഞ്ജനം : ഭാഗം 14

Spread the love

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

Thank you for reading this post, don't forget to subscribe!

ശ്രീകാന്തും  ഉണ്ണി മോളും വീട്ടിലേക്ക് ചെന്ന് കയറുമ്പോൾ ദേവകിയമ്മയും ശാരിയും അവരെ കാത്ത് ഉമ്മറത്ത് തന്നെ ഉണ്ടായിരുന്നു.

അവർ വന്നു കയറിയപാടെ ദേവകിയമ്മ അവിടുത്തെ  ഓരോ വിശേഷങ്ങൾ ആയി
ചോദിച്ചു തുടങ്ങി.

അവർക്ക് അറിയേണ്ടിയിരുന്നത് മനുവും
ശ്രീക്കുട്ടിയുമായുള്ള വിവാഹ കാര്യമായിരുന്നു.

ശ്രീകാന്ത് അമ്മയുടെ മുഖത്തേക്ക് ഒന്ന്
നോക്കി.

മകന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായത് പോലെ അവർ പറഞ്ഞു. നീ നോക്കി പേടിപ്പിക്കുന്നത് എന്തിനാ.

അമ്മേ നമ്മൾ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ. മനു ആലോചിച്ചത് ശ്രീക്കുട്ടിയെ
അല്ല. ഉണ്ണിമോളെ ആണ്.

ദേവകിയമ്മ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.
നീ എന്തൊക്കെയാ ശ്രീക്കുട്ടാ ഈ പറയുന്നത്.
ഇവൾക്ക് അതിന് വിവാഹപ്രായം ആയോ.

അമ്മേ അവർ ഉടനെ വിവാഹം നടത്തണമെന്ന് അല്ല പറയുന്നത്. നിശ്ചയം നടത്തിയിട്ട്  മനുവിന് തിരികെ പോകാനാണ്.

പോയിട്ട് രണ്ടു വർഷം കഴിഞ്ഞെ ഉള്ളു മടക്കം
അപ്പോൾ വിവാഹം നടത്താം എന്നാണ് അവർ പറയുന്നത്.

പറ്റില്ല ശ്രീക്കുട്ടാ. ശ്രീക്കുട്ടിക്ക് വന്ന
ആലോചനയാ  ഇത്. ഇതാ നടക്കേണ്ടത്.
നീ ഇന്ന് ഇവളെയും കൂട്ടി അവിടേക്ക് പോകണ്ട
ഒരു കാര്യവും ഉണ്ടായിരുന്നില്ല.

ദേവകിയമ്മ ഒരു വാശി പോലെ പറഞ്ഞു.
അമ്മ എന്തിനാ ഇത്ര ദേഷ്യപ്പെടുന്നത്.

ശ്രീക്കുട്ടിക്ക് ആയാലും ഉണ്ണി മോൾക്ക്
ആയാലും നമുക്ക് ഒരുപോലെയല്ലേ ഉള്ളൂ.

നീ എന്തൊക്കെ പറഞ്ഞാലും അത് ശരിയാവില്ല ശ്രീക്കുട്ടാ. ശ്രീക്കുട്ടിക്ക് വേണ്ടി വന്ന ആലോചനയാണ് ഇത്. ഈ ഒരുമ്പെട്ടവളേയും കൊണ്ട് ഇന്ന് പോയപ്പോഴേ എനിക്കറിയാമായിരുന്നു ഇങ്ങനെയൊക്കെയെ  സംഭവിക്കുകയുള്ളൂ എന്ന്.

ഉണ്ണി മോളുടെ കണ്ണുകൾ നിറഞ്ഞു.

പുറത്തെ ബഹളം കേട്ട് അകത്തു കിടക്കുകയായിരുന്ന ശ്രീക്കുട്ടി വെളിയിലേക്ക് വന്നു.

ഉണ്ണിമോളുടെ നേരെ ദേഷ്യത്തോടെ ഉറഞ്ഞുതുള്ളി നിൽക്കുന്ന ദേവകിയമ്മയെ  കണ്ട് അവളുടെ കണ്ണുകൾ മിഴിഞ്ഞു..

അവൾ അവരുടെ അരികിലേക്ക് ചെന്നു എന്താ അമ്മേ എന്താ ഉണ്ടായത്.

എന്താ ഉണ്ടായതെന്നോ.. കണ്ടില്ലേ ഈ മൂദേവി  നിന്നെ ആലോചിച്ചു വന്ന ചെറുക്കനെ തട്ടിയെടുത്തു അത്രതന്നെ.

ശ്രീകാന്ത് ദേഷ്യത്തോടെ ഉറക്കെ വിളിച്ചു.
അമ്മേ….

വാക്കുകൾ സൂക്ഷിച്ചു സംസാരിക്കണം.
ഉണ്ണി മോളും അമ്മയുടെ മകൾ തന്നെ അല്ലേ.

അവൾ ആരെയും തട്ടിയെടുത്തിട്ടില്ല. മനു ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത് ഇവളോടാണ്.

തെറ്റിദ്ധരിച്ചത് നമ്മളാണ്. അത് തിരുത്തേണ്ടത് നമ്മുടെ കടമയാണ്.

എന്തു തിരുത്താൻ. എന്റെ മോൾക്ക് വന്ന ഭാഗ്യം തട്ടിത്തെറിപ്പിച്ചു കൊണ്ട് വല്ലയിടത്തും കിടന്നതിന് അത് കൊടുക്കണം എന്ന് പറഞ്ഞാൽ എങ്ങനെയാ ഞാൻ സമ്മതിച്ചു തരിക.

അമ്മയുടെ വായിൽ നിന്ന് എന്താണ് വന്നതെന്ന് മനസ്സിലാവാതെ ഉണ്ണിമോൾ അമ്പരപ്പോടെ നിന്നു.

അപ്പോഴാണ് താഴെ നിന്നും പടവുകൾ കയറി വന്ന വേണു മാഷിന്റെ ശബ്ദം ഉയർന്നത്.

ഓപ്പോളേ…. എന്താ ഇവിടെ..

എന്തൊക്കെയാ ഈ പറയുന്നത് എന്ന് വല്ല ഓർമ്മയുമുണ്ടോ..

എനിക്ക് നല്ല ഓർമ്മയുണ്ട് വേണു.

അന്ന് ഞാൻ അങ്ങേരോട് ആവുന്ന പറഞ്ഞതാ ഈ പ്രാരാബ്ധങ്ങൾക്കിടയിൽ ഇതിനെ കൂടി ഇവിടെ വേണ്ട വല്ല അനാഥാലയത്തിലും  കൊടുക്കാൻ.

ദേവകിയമ്മയുടെ വായിൽ നിന്നും വീണതിന്റെ നിശ്ചലാവസ്ഥയിൽ ആയിരുന്നു അവിടെയുള്ള ഓരോ ഇലകളും.

അമ്മ പറഞ്ഞതിന്റെ പൊരുൾ ഗ്രഹിച്ച് എടുക്കാൻ ശ്രീകാന്തിന്  നിമിഷങ്ങൾ വേണ്ടി വന്നു.

അവന്റെ കണ്ണുകൾ ഉണ്ണിമോളിലേക്ക്
നീണ്ടു.

ഒരു ശില പോലെ നിൽക്കുകയാണ് അവൾ.
കേട്ടത് വിശ്വസിക്കാനാവാതെ അമ്മയെ തന്നെ തുറിച്ചു നോക്കി  നിൽക്കുകയാണ്.

അമ്മേ ഒരു വിവാഹത്തിന്റെ പേരിൽ വായിൽ തോന്നിയത് വിളിച്ചു പറയരുത്. അടുത്തുനിന്ന  ശാരി അമ്മയെ ശാസിച്ചു.

വായിൽ തോന്നിയത് ഒന്നുമല്ലടീ..
ഉള്ളതാ ഞാൻ പറഞ്ഞത്.

ബസ്സിൽ ഡ്രൈവറായിരുന്ന നിന്റെ അച്ഛന്
ബസ്സിൽ വെച്ച് കിട്ടിയതാ ഇവളെ.

കണ്ടിട്ട് ആർക്കും കൊടുക്കാൻ തോന്നുന്നില്ല എന്ന് പറഞ്ഞ് എടുത്തു കൊണ്ടു വന്നതാ.

ഇതുവരെയൊക്കെ വളർത്തിയില്ലേ.
അതിന്റെ നന്ദിയാ ഇവൾ കാണിക്കുന്നത്.

ശ്രീകാന്ത് ഞെട്ടലോടെ ഉണ്ണിമോളുടെ മുഖത്തേക്ക് നോക്കി. ഒരു തുള്ളി കണ്ണുനീർ പോലും ആ കണ്ണിൽ നിന്നും വരുന്നില്ല.

അവന് അവളുടെ നിൽപ്പ് കണ്ട് ചങ്ക്
പറിയുന്ന വേദന തോന്നി.

അവൻ അവളുടെ അരികിലേക്ക് നടന്നു. അവളുടെ തോളിൽ കൈകൾ വച്ചു.
പിന്നെ മെല്ലെ വിളിച്ചു.

മോളേ……

അവളൊന്നു ഞെട്ടി. പിന്നെ തിരിഞ്ഞ് ശ്രീകാന്തിന്റെ  കണ്ണുകളിലേക്ക് നോക്കി.

എനിക്ക് ഒന്നു കിടക്കണം ഏട്ടാ. ഞാൻ അകത്തേക്ക് കയറിക്കോട്ടെ.

മോളെ നീ എന്തൊക്കെയാ ഈ പറയുന്നത് അകത്തേക്ക് കയറാൻ അനുവാദം ചോദിക്കണോ.

വേണമേട്ടാ….  ഇന്നലെവരെ കഥയറിയാതെ ആട്ടം നടത്തുകയായിരുന്നു ഞാൻ.

അവൾ ദേവകി അമ്മയുടെ മുഖത്തേക്ക് നോക്കി. പിന്നെ ആ കയ്യിൽ മുറുകെ പിടിച്ചു.

അമ്മ എന്നെ പറ്റിക്കാൻ പറഞ്ഞതല്ലേ ഇതൊക്കെ. അമ്മയുടെ മോളല്ലേ ഞാൻ.

അവർ ഒന്നു പതറി. പിന്നെ ദേഷ്യത്തോടെ മുഖം തിരിച്ചു.

നിൽക്കുന്നിടത്ത് നിന്നും ഭൂമി പിളർന്ന് താഴോട്ട് പോയിരുന്നെങ്കിൽ എന്ന് ഉണ്ണിമോൾ ആശിച്ചു.

കുറച്ചു മുൻപ് വരെ എല്ലാവരും സ്വന്തമായി ഉണ്ടായിരുന്ന താൻ ഇപ്പോൾ ഒരു നിമിഷം കൊണ്ട് ആരും ഇല്ലാത്തവൾ  ആയിരിക്കുന്നു.

വയ്യ… താങ്ങാൻ പറ്റുന്നില്ല.
ശരീരത്തിന് ഒരു ബലവും തോന്നുന്നില്ല.
വീണു പോകുമോ.

അവൾ കാലുകൾ വലിച്ചു വെച്ച് അകത്തേക്ക് നടന്നു ഒരു വിധത്തിൽ മുറിയിലെത്തി കട്ടിലിലേക്ക് വീണു.

കണ്ണിന്റെ പോളയ്ക്ക് വല്ലാത്ത ഭാരം.
കണ്ണുകൾ താനേ അടഞ്ഞു വരുന്നു.
അവൾ മെല്ലെ മയക്കത്തിലേക്ക് വീണു.

ശ്രീകാന്തിന് നെഞ്ചിനുള്ളിൽ ഒരു വലിയ
കല്ല് എടുത്തു വച്ച  പ്രതീതി ആയിരുന്നു.

എന്തൊക്കെയാണ് ഈശ്വരാ കേട്ടത്.
എന്റെ ഉണ്ണിമോൾ….. അവന് ശ്വാസം
വിലങ്ങുന്നത് പോലെ തോന്നി.

വേണുമാഷ് ദേവകിയമ്മയുടെ നേരെ തിരിഞ്ഞു. കുറച്ചു കൂടി പോയി ഓപ്പോളെ ഇത്. സ്നേഹത്തിന്റെ കൊടുമുടിയിൽ കൊണ്ടു നിർത്തിയിട്ട് വലിയ ഒരു ഗർത്തത്തിലേക്കാ ഇപ്പോൾ അവളെ
തെള്ളിയിട്ടിരിക്കുന്നത്.

എന്ത് കൂടാനാ..  എനിക്ക് എന്റെ മോളുടെ ഭാവി തന്നെയാ  വലുത്.

അവർ അകത്തേക്ക് ചവിട്ടി തുള്ളി നടന്നു.

അമ്മയുടെ പിന്നാലെ ശ്രീക്കുട്ടിയും ശാരിയും അകത്തേക്ക് കയറി.

വേണുമാഷ് ശ്രീകാന്തിന് അരികിലേക്ക് വന്നു. മോനേ അവളെ ഒന്ന് ശ്രദ്ധിച്ചോണേ.
പാവമാണ് എന്റെ കുട്ടി. വല്ല കയ്യബദ്ധവും  കാണിച്ചാൽ അറിയില്ല.

ശ്രീകാന്ത് വേണു മാഷിന്റെ മുഖത്തേക്ക് നോക്കി. മാമേ  അമ്മ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ.

മാമ അറിയാതെ അച്ഛൻ ഒന്നും
ചെയ്യില്ലായിരുന്നല്ലോ.

വേണുമാഷ് ഒരു നിമിഷം ശ്രീകാന്തിന്റെ  മുഖത്തേക്ക് നോക്കി.

പിന്നെ അവനെയും വിളിച്ചുകൊണ്ട് റോഡിലേക്ക് ഇറങ്ങി.

ശ്രീക്കുട്ടാ ഓപ്പോൾ പറഞ്ഞത് സത്യമാ.
അളിയന് അന്ന് ബസ്സിൽ നിന്നും കിട്ടിയതാ ഉണ്ണി മോളെ. ആരോ ഉപേക്ഷിച്ചിട്ട് പോയതാ.

ഈ ഞാൻ ഉൾപ്പെടെ എല്ലാവരും പറഞ്ഞതാ വല്ല അനാഥാലയത്തിലും ആക്കാൻ.

ആ കുഞ്ഞിനോട് എന്തോ വല്ലാത്ത അടുപ്പമായിരുന്നു അളിയന്.

കണ്ടിട്ട് ആർക്കും കൊടുക്കാൻ തോന്നുന്നില്ല. ഇവൾ എന്റെ മകളായി വളർന്നോട്ടെ എന്നാണ് പറഞ്ഞത്.

അങ്ങനെ തന്നെ ആയിരുന്നല്ലോ ഇത്രയും നാളും അവൾ ഇവിടെ വളർന്നത്. പക്ഷേ ഇന്ന് ഒക്കെയും ഓപ്പോൾ ആയിട്ട് തകർത്തു.

മാമേ  ഹരിയെ  ഇങ്ങോട്ട് ഒന്ന് വിടാമോ.

എനിക്ക് എന്തോ ഒരു ഭയം പോലെ.

നീ  വീട്ടിൽ വന്ന് അവളെയും കൂട്ടിക്കോ.

അച്ഛന്റെ കൂടെ പതിവില്ലാതെ രാത്രിയിൽ ശ്രീകാന്തും  വന്നു കയറുന്നത് കണ്ട് ഹരിത ചോദ്യഭാവത്തോടെ അവന്റെ മുഖത്തേക്ക് നോക്കി.

ഹരി കുട്ടാ മോൾ ഇന്ന് ശ്രീകാന്തിന്റെ കൂടെ
അപ്പയുടെ വീട്ടിലേക്ക്  പോകണം കേട്ടോ.

ഇന്ന് അവിടെ കിടന്നാൽ മതി. അവൾ അമ്പരപ്പോടെ അച്ഛന്റെ മുഖത്തേക്ക് നോക്കി.

ഇതുവരെ സംഭവിച്ചിട്ടില്ലാത്ത ഒരു കാര്യമാണ്. കാര്യമായി എന്തോ ഉണ്ടായിട്ടുണ്ട് അതാണ് അച്ഛൻ ഇങ്ങനെ പറയുന്നത്.

ശ്രീകാന്തിന്റെ മുഖവും വാടിക്കരിഞ്ഞ പോലെ ഇരിക്കുന്നു.

അവൾ അച്ഛനോട് മറുത്തൊന്നും പറയാതെ ശ്രീകാന്തിന് ഒപ്പം പോകാനായി ഇറങ്ങി.

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ ഹരിതയുടെ വിരലിൽ മുറുകെപ്പിടിച്ചു ശ്രീകാന്ത്.

എന്താ ശ്രീയേട്ടാ എന്താ ഉണ്ടായത്.
അവൻ നിറയാൻ തുടങ്ങിയ കണ്ണുകളെ ശാസനയോടെ പിടിച്ചു നിർത്തിക്കൊണ്ട്
അവളോട് വീട്ടിൽ നടന്ന സംഭവങ്ങൾ വിവരിച്ചു.

ഹരിത കേട്ടത് വിശ്വസിക്കാനാവാതെ
ശ്രീക്കുട്ടന്റെ  മുഖത്തേക്ക് നോക്കി.

ഹരി നീ ഇന്ന്  ഉണ്ണിമോളുടെ അടുത്ത് കിടക്കണം കേട്ടോ.

അവൾ ആകെ തകർന്നതുപോലെയാ.

വീട്ടിലേക്കുള്ള പടവുകൾ കയറുമ്പോൾ തന്നെ ശ്രീക്കുട്ടൻ മനസ്സിലോർത്തു ആകെ ഒരു മൂകത  പോലെ.

അകത്തേക്ക് കയറിയ ഹരിത മറ്റാരെയും ശ്രദ്ധിക്കാതെ നേരെ ഉണ്ണിമോളുടെ മുറിയിലേക്ക് പോയി.

പുറം തിരിഞ്ഞ് കിടക്കുകയാണ് അവൾ.
മയക്കത്തിലാണ് .കണ്ണുനീർ ഉണങ്ങിയ പാട് മുഖത്ത് അവശേഷിക്കുന്നു.

അവളുടെ മുഖത്തേക്ക് നോക്കവെ  ഹരിതയുടെ നെഞ്ചു പിടഞ്ഞു.

തനിക്ക് എന്ത് വിഷമം വന്നാലും ഓടിയെത്തുന്നവളാണ്. എന്തു പറഞ്ഞാണ് ഒന്ന് ആശ്വസിപ്പിക്കുക.

ശ്രീകാന്ത് വാതിൽക്കലേക്ക് വന്ന്  എത്തിനോക്കി.

ഹരി ഇനിയും അവളെ ഉണർത്തേണ്ട.
ഉറങ്ങിക്കോട്ടെ. നീ വാതിലടച്ച് കിടന്നോ.

ശ്രീകാന്ത് മുറിയിലേക്ക് കയറി കട്ടിലിലേക്ക് കിടന്നു അപ്പോഴാണ് ദേവകിഅമ്മ മുറിയിലേക്ക് കയറി വന്നത് ശ്രീക്കുട്ടാ നിനക്ക്  കഴിക്കാൻ ഒന്നും വേണ്ടേ.
ഞാൻ ആഹാരം എടുത്തു വച്ചു.

അവൻ ഒന്നും മിണ്ടാതെ കണ്ണുകൾക്കും മുകളിലേക്ക് കൈ മടക്കി വെച്ചു കൊണ്ട് കിടന്നു.

അവർ കുറച്ചു നേരം അവനെ നോക്കി നിന്ന ശേഷം പിറുപിറുത്തു കൊണ്ട്
വെളിയിലേക്കിറങ്ങി.

സ്വന്തം കൂടപ്പിറപ്പിനോട് ഇല്ലാത്ത ദണ്ണമാ  അവന് മറ്റുള്ളവരോട്.

അമ്മ പറഞ്ഞത് വ്യക്തമായി കേട്ടെങ്കിലും അവൻ അതിന് മറുപടി ഒന്നും പറഞ്ഞില്ല.

അവന് അന്ന് ആദ്യമായി തന്റെ അമ്മയോട് അതിയായ ദേഷ്യം തോന്നി.

ഉണ്ണിമോൾ രാവിലെ കണ്ണുതുറന്നപ്പോൾ അവൾക്ക് കൺപോളകൾക്ക് നല്ല വേദന തോന്നി. തന്നെ ചുറ്റിപ്പിടിച്ചിരിക്കുന്ന കൈകളിലേക്ക് അവൾ അമ്പരപ്പോടെ നോക്കി.

തിരിഞ്ഞുകിടന്ന അവൾ കണ്ടത് തന്നോട്  ചേർന്നുകിടക്കുന്ന ഹരിതയെ ആണ്. ഇതെന്താണ് ഹരി ചേച്ചി പതിവില്ലാതെ.

പെട്ടെന്നാണ് അവൾക്ക് തലേന്ന് രാത്രിയിൽ നടന്ന കാര്യങ്ങൾ ഓർമ്മ വന്നത്.

അവൾ ഞെട്ടലോടെ കിടക്കയിൽ എഴുന്നേറ്റിരുന്നു. ഹരിതയും ഒപ്പം തന്നെ പിടഞ്ഞെഴുന്നേറ്റു.

രാത്രിയിൽ ഒരുപാട് താമസിച്ചാണ് അവൾ  ഉറങ്ങിയത്. ഉണ്ണിമോളെ നോക്കി ഇരിക്കുകയായിരുന്നു. അവൾക്ക് ഭയമുണ്ടായിരുന്നു ഉണ്ണിമോൾ എന്തെങ്കിലും അബദ്ധം കാണിച്ചാലോ എന്ന്.

അമ്മ പറഞ്ഞ കാര്യങ്ങൾ ഓർക്കവേ
ഉണ്ണിമോളുടെ നെഞ്ചു പിടഞ്ഞു.

ആരുമില്ലാത്തവൾ ആണല്ലോ താൻ  എന്ന സങ്കടം അവളിൽ ഉടലെടുത്തു. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി.

ഒരു ആശ്വാസത്തിന് എന്ന പോലെ അവൾ ഹരിതയുടെ തോളിലേക്ക് തല ചേർത്തു വച്ചു.

ഹരി ചേച്ചി എനിക്ക് ആരും ഇല്ല അല്ലേ..

ആരാ പറഞ്ഞത് ഉണ്ണി മോൾക്ക് ആരുമില്ലെന്ന്.

ആരില്ലെങ്കിലും നിനക്ക് നിന്റെ ശ്രീയേട്ടൻ കാണും. ഒപ്പം തന്നെ ഈ ഹരി ചേച്ചിയും കാണും.

ഹരിത അവളെ ചേർത്തു പിടിച്ചു.

( തുടരും)

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5

നീലാഞ്ജനം: ഭാഗം 6

നീലാഞ്ജനം: ഭാഗം 7

നീലാഞ്ജനം: ഭാഗം 8

നീലാഞ്ജനം: ഭാഗം 9

നീലാഞ്ജനം: ഭാഗം 10

നീലാഞ്ജനം: ഭാഗം 11

നീലാഞ്ജനം: ഭാഗം 12

നീലാഞ്ജനം: ഭാഗം 13