Friday, April 19, 2024
Novel

നീലാഞ്ജനം : ഭാഗം 6

Spread the love

നോവൽ
എഴുത്തുകാരി: പാർവതി പിള്ള

Thank you for reading this post, don't forget to subscribe!

ദേവിക വർദ്ധിച്ച സന്തോഷത്തോടെ ഫോൺ എടുത്തു കാതോട് ചേർത്തു…..

മനുവേട്ടാ..

എന്താ ഇന്നലെ വിളിക്കാതിരുന്നത്…
ഞാൻ എത്ര നേരം നോക്കിയിരുന്നു..

മനുവേട്ടൻ ഇപ്പോൾ എവിടെയാ…
വീട്ടിലാണോ അതോ ഓഫീസിൽ ആണോ…

എന്റെ പൊന്നു ദേവു ഒന്നു നിർത്തി
നിർത്തി ചോദിക്ക്…. ഇങ്ങനെ ഒറ്റയടിക്ക് ചോദിച്ചാൽ ഞാൻ എങ്ങനെയാ മറുപടി പറയുക..

ദേവിക അബദ്ധം പറ്റിയത് പോലെ
നാക്ക് കടിച്ചു.. പിന്നെ ചിരിയോടെ
പറഞ്ഞു എന്നാൽ മനുവേട്ടൻ പറയ്.. ..

ദേവൂട്ടി ഇപ്പോൾ ഞാൻ വീട്ടിൽ ഉണ്ട്..
എന്റെ അടുത്ത് വിനുവേട്ടനും ഉണ്ട്….

അമ്മയും അച്ഛനും പുറത്തു പോയിരിക്കുകയാണ്…

വിനുവേട്ടൻ എന്ന് കേട്ടതും ദേവികയുടെ മുഖം മങ്ങി… എപ്പോഴും തന്നോട് ദേഷ്യപ്പെടുന്ന ഒരു മുഖം അവളുടെ മനസ്സിലേക്ക് ഓടിയെത്തി…
അവൾക്ക് വല്ലാത്ത വേദന തോന്നി..

ദേവുക്കുട്ടി… മനു വീണ്ടും വിളിച്ചു..
എന്തുണ്ട് അവിടെ വിശേഷം…

മനുവേട്ടാ എന്റെ വിവാഹം ഉറപ്പിച്ചു…
അച്ഛൻ അങ്ങോട്ട് വിളിക്കാൻ ഇരിക്കുകയായിരുന്നു..

ഒരു നിമിഷം മനു അവിടെ നിശബ്ദമായി.. അവൻ ചോദ്യഭാവത്തിൽ വിനുവിന്റെ മുഖത്തേക്ക് നോക്കി..

ഇത്രയും നേരം ഫോണിലെ ശബ്ദത്തിന് കാതോർത്തു കൊണ്ടിരിക്കുകയായിരുന്ന വിനുവിന്റെ കണ്ണുകൾ വെളിയിലേക്ക് നീണ്ടു…

അവൻ അവിടെ നിന്നും എഴുന്നേറ്റ് ബാൽക്കണിയിലേക്ക് നടന്നു..

മനു ദേവികയുമായുള്ള സംസാരം
തുടർന്നു എങ്കിലും അവന്റെ കണ്ണുകൾ ബാൽക്കണിയിൽ പുറംതിരിഞ്ഞു നിൽക്കുകയായിരുന്ന വിനുവിൽ
ആയിരുന്നു…

ദേവികയുമായുള്ള സംസാരം അവസാനിപ്പിച്ച് മനു വിനുവിന്റെ അടുത്തേക്ക് ചെന്നു..

വിനുവേട്ടാ അവൻ വിളിച്ചു..
ഇനിയെങ്കിലും തുറന്നുപറഞ്ഞുകൂടെ ദേവുവിനോടുള്ള ഇഷ്ടം…

വിനു ഒന്നും മിണ്ടാതെ വെളിയിലേക്ക് നോക്കി നിന്നു…

ദേവിക ഫോൺ കട്ട് ചെയ്തതിനു
ശേഷം കുറച്ചുനേരം ആലോചനയോടെ ഇരുന്നു..

ഒരു കൂടപ്പിറപ്പ് ഇല്ലാത്ത തനിക്ക്
മനുവേട്ടൻ എന്നും ഒരു സഹോദര തുല്യം ആണ്..

അച്ഛന്റെ ഒരേ ഒരു പെങ്ങൾ അംബിക അപ്പച്ചിയുടെ മക്കളാണ് വിനുവേട്ടനും മനുവേട്ടനും…

രണ്ടാളും തമ്മിൽ മൂന്ന് വയസ്സിന് വ്യത്യാസമുണ്ടെങ്കിലും കൂട്ടുകാരെ പോലെയാണ്…

മനുവേട്ടൻ എപ്പോഴും കളിച്ചു ചിരിച്ചു നടക്കുന്ന പ്രകൃതമാണ്… വിനുവേട്ടൻ ആണെങ്കിൽ അതിനു നേരെ വിപരീതമാണ്..

അധികം ചിരിക്കാറില്ല സംസാരവും ഇല്ല… എല്ലാം ആവശ്യത്തിനുമാത്രം…

അവർ കുടുംബമായി കാനഡയിലാണ്..
തനിക്ക് ആക്സിഡന്റ് ആയതിന് ഒരാഴ്ച മുൻപാണ് എല്ലാവരും നാട്ടിൽ വന്ന് മടങ്ങിയത്..

അടുത്ത ആഴ്ച എല്ലാവരും നാട്ടിലേക്ക് വരുന്നുണ്ട്.. അത് പറയാനാണ് മനുവേട്ടൻ ഇപ്പോൾ വിളിച്ചത്…

രണ്ടു ദിവസം മുൻപേ ടിക്കറ്റ് കൺഫോം ആക്കാൻ കൊടുത്തിരുന്നു.. അതറിയാൻ വേണ്ടി താൻ മനുവേട്ടന്റെ കാൾ വെയിറ്റ് ചെയ്ത് ഇരിക്കുകയായിരുന്നു…

അവൾക്ക് ആകെ ഒരു ഉന്മേഷം തോന്നി.. അമ്മ പോയതിനുശേഷം ഈ വീട് ഉറങ്ങി കിടക്കുകയാണ്..

അപ്പച്ചിയും ചിറ്റപ്പനും വിനുവേട്ടനും മനുവേട്ടനും ഒക്കെ വന്നു കഴിയുമ്പോൾ ഇവിടെ ആകെ ഉത്സവപ്രതീതി ആയിരിക്കും.. അവൾ ആ ദിവസത്തിനായി കാത്തിരുന്നു..

വേണു മാമയുടെ അടുത്തു അന്ന് പോയതിനുശേഷം പിന്നെ ശ്രീകാന്ത് അങ്ങോട്ടേക്ക് പോയതേയില്ല…

അവന് എല്ലാവരോടും ഒരു തരം വാശി പോലെ തോന്നി..

തന്നെ മനസ്സിലാക്കാൻ ആരുമില്ല..
ജീവൻ കൊടുത്തു സ്നേഹിച്ചവൾ
പോലും…

താലികെട്ടുന്നവളോട് നീതിപുലർത്താൻ തനിക്ക് ആകുമോ…

ഹരിയെ മനസ്സിൽ നിന്നും മായ്ച്ചുകളയാൻ തനിക്ക് ഒരിക്കലും ആവുമെന്ന് തോന്നുന്നില്ല..

അവന് വീട്ടിൽ ഇരുന്നിട്ട് ആകെ ശാസംമുട്ടുന്നതു പോലെ തോന്നി…

മുറിയിലേക്ക് കയറി ഷർട്ട് എടുത്തിട്ടു…

ബട്ടൺസ് ഇട്ടുകൊണ്ട് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഉണ്ണിമോൾ വിളിച്ചത്…

ശ്രീയേട്ടാ… ദേവിക ചേച്ചി ഒരു
പാവമാണെന്ന് തോന്നുന്നു…

വേദനിപ്പിക്കാൻ ആണെങ്കിൽ വിവാഹത്തിന് സമ്മതിക്കരുത് ഏട്ടാ..

ശ്രീകാന്ത് ഉണ്ണിമോളെ ഉറ്റുനോക്കി..

എന്തു പക്വതയോടെ ആണ് അവൾ ഈ പ്രായത്തിലും സംസാരിക്കുന്നത്..

അത്ര പോലും തനിക്ക് ഇല്ലെന്ന് അവനു തോന്നി.. അവൻ ഒന്നും മിണ്ടാതെ വെളിയിലേക്കിറങ്ങി..

പടിക്കെട്ടുകൾ ഇറങ്ങി പോകുന്ന തന്റെ ഏട്ടനെ ഉണ്ണിമോൾ ഏറെ വിഷമത്തോടെ നോക്കി നിന്നു.. പാവം ഏട്ടൻ..

സിറ്റൗട്ടിൽ ഇരുന്ന് പുസ്തകം വായിക്കുകയായിരുന്ന ദേവിക ഗേറ്റിനു മുൻപിൽ ഒരു ഓട്ടോ വന്നു നിൽക്കുന്നത് കണ്ടാണ് മുഖമുയർത്തി നോക്കിയത്…

ഓട്ടോയിൽ നിന്ന് ഇറങ്ങുന്നത്
ആരാണെന്ന് അവൾ അവിടെ ഇരുന്നുകൊണ്ട് എത്തിനോക്കി…

യൂണിഫോമിട്ട ഒരു കൊച്ചു പെൺകുട്ടി
ഗേറ്റ് തുറന്ന് അകത്തേക്ക് വരുന്നത്
അവൾ നോക്കിയിരുന്നു..

അടുത്തേക്ക് വന്നപ്പോഴാണ് അത് ഉണ്ണിമോൾ ആണെന്ന് അവൾക്ക് മനസ്സിലായത്…

അവൾ സന്തോഷത്തോടെ അവിടെ ഇരുന്നുകൊണ്ട് വിളിച്ചു..

കയറി വാ മോളെ.. പിന്നെ അകത്തേക്ക് നോക്കി രാധമ്മയെ വിളിച്ചു…

ഉണ്ണിമോൾ അല്പം ജാള്യതയോടെ സിറ്റൗട്ടിലേക്ക് കയറി… തോളിൽ കിടന്ന ബാഗ് ഊരി കസേരയിലേക്ക് വെച്ചു..

പിന്നെ മുട്ടുകുത്തി ദേവികയുടെ അരികിലേക്ക് ഇരുന്നു.. ദേവിക
അവളുടെ കവിളിൽ തലോടി..

എന്താ മോളേ ഇതുവഴി ഒക്കെ….

ഒന്നുമില്ല ഏട്ടത്തി.. ഏട്ടത്തിയെ ഒന്ന് കാണണമെന്ന് തോന്നി…

അപ്പോഴാണ് രാധമ്മ വെളിയിലേക്ക്
വന്നത്.. ഉണ്ണി മോളെ അവിടെ കണ്ട
അവർ വെളിയിലേക്ക്നോക്കി….

അതുകണ്ട് ദേവിക ചിരിയോടെ പറഞ്ഞു ഉണ്ണിമോൾ തനിയെ ആണ് രാധമ്മേ വന്നത്..

ഉണ്ണി മോൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കു രാധമ്മേ..

അവർ അകത്തേക്ക് പോയി..

ഉണ്ണിമോൾ ദേവികയുടെ കൈയിൽ
മുറുകെ പിടിച്ചു..

ഏട്ടത്തി ഞാൻ ഒരു കാര്യം പറയാനാ
വന്നത്.. എന്താ മോളേ… അത് ഏട്ടത്തി..

ഉണ്ണി മോൾക്ക് പറയാനുള്ളത് എന്തോ സീരിയസായ കാര്യമാണെന്ന് ദേവിക്ക് തോന്നി…

മോൾ വാ നമുക്ക് വെളിയിലേക്ക്
ഇറങ്ങാം.. ദേവിക വീൽചെയർ ഉരുട്ടി ഗാർഡനിലേക്ക് ഇറക്കി…

ഉണ്ണിമോൾ ദേവികയുടെ പിറകെ
ചെന്നു.. ദേവിക ചോദ്യഭാവത്തിൽ ഉണ്ണിമോളുടെ മുഖത്തേക്ക് നോക്കി…

എടത്തി ഏട്ടനും വേണുമാമയുടെ മകൾ ഹരി ചേച്ചിയും തമ്മിൽ ഇഷ്ടത്തിലാണ്..

ഏട്ടന് ഒരിക്കലും ഹരി ചേച്ചിയെ മറക്കാൻ പറ്റും എന്ന് തോന്നുന്നില്ല…

ധർമ്മസങ്കടത്തിലാ പാവം എന്റെ ഏട്ടൻ.. ഏട്ടന് ആരെയും വേദനിപ്പിക്കാൻ കഴിയില്ല..

എല്ലാവരുടെയും നിർബന്ധം കാരണമാ ഏട്ടൻ ഈ വിവാഹത്തിന് സമ്മതിച്ചത്..

ദേവിക അമ്പരപ്പോടെ ഉണ്ണിമോളുടെ മുഖത്തേക്ക് നോക്കി…

മോൾ എന്തൊക്കെയാ ഈ പറയുന്നത്.. സത്യമാണോ ഇതൊക്കെ..

കേട്ടത് വിശ്വസിക്കാനാകാതെ ദേവിക
ഉണ്ണി മോളോട് ചോദിച്ചു.. അവൾ അതെ എന്ന അർത്ഥത്തിൽ തലയാട്ടി..

ഞാൻ ഇവിടെ വന്ന് പറഞ്ഞത് വേറെ
ആരും അറിയല്ലേ ഏട്ടത്തി…

എന്തോ പറയാൻ തുടങ്ങിയ ഉണ്ണിമോൾ രാധമ്മ വരുന്നതുകണ്ട് പറയാൻ തുടങ്ങിയത് പകുതിക്ക് വെച്ച് നിർത്തി…

രാധമ്മ കൊടുത്ത ജ്യൂസ് വാങ്ങി
കുടിച്ചു. ഗ്ലാസ് തിരികെ നൽകി കൊണ്ട്
ദേവികയോട് പറഞ്ഞു ഞാൻ ഇറങ്ങട്ടെ ഏട്ടത്തി…

താമസിച്ചാൽ വീട്ടിൽ തിരക്കും..
മോൾ ഇനി എങ്ങനെയാ പോകുന്നത്…

ഞാൻ ഒരു ഓട്ടോ പിടിച്ച് പൊയ്ക്കോളാം
ഏട്ടത്തി…

മോൾ ഇവിടെ നിൽക്ക്..

രാധമ്മേ എന്റെ ഫോൺ ഇങ്ങെടുത്തേ..
രാധമ്മ ഫോണെടുത്ത് ദേവികയുടെ കയ്യിലേക്ക് കൊടുത്തു..

ദേവിക അത് വാങ്ങി ആരെയോ കോൾ ചെയ്തു.. ബാബു ചേട്ടാ ഇങ്ങോട്ടൊന്നു വരാമോ… പെട്ടെന്ന് തന്നെ തിരിച്ചു പോകാം..

പിന്നെ ഉണ്ണിമോളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.. ഇവിടുത്തെ ഡ്രൈവർ ആണ് ബാബു ചേട്ടൻ.. ഇപ്പോൾ വരും…

മോളെ ചേട്ടൻ അങ്ങോട്ട് കൊണ്ടു വിടും..
തനിയെ പോകേണ്ട…

അയ്യോ ചേച്ചി വീട്ടിൽ ആരെങ്കിലും
കണ്ടാൽ പ്രശ്നമാകും..

എന്നെ കവലയിൽ ഇറക്കി തന്നാൽ മതി എന്ന് പറയണം… ദേവിക പുഞ്ചിരിയോടെ തലയാട്ടി..

അൽപസമയത്തിനകം ഗേറ്റ് കടന്നു വന്ന കാർ കണ്ട് ദേവിക പറഞ്ഞു ബാബു ചേട്ടൻ എത്തി മോൾ പോയി ബാഗ് എടുത്തു കൊണ്ടു വാ…

ബാഗും എടുത്തുകൊണ്ടുവന്ന്
ദേവികയോട് യാത്രപറഞ്ഞ് ഉണ്ണിമോൾ കാറിലേക്ക് കയറി…

ബാബു ചേട്ടാ മോളെ പറയുന്നിടത്തു ഇറക്കിയാൽ മതി കേട്ടോ..

ശരി കുഞ്ഞേ…

ഉണ്ണി മോളെയും കൊണ്ട് കാർ ഗേറ്റ് കടന്നപ്പോൾ രാധമ്മയോട് ദേവിക
പറഞ്ഞു എന്നെ ഒന്ന് റൂമിലേക്ക് ആക്കി തരാമോ രാധമ്മേ.. എനിക്ക് ഒന്ന് കിടക്കണം..

എന്താ മോളെ എന്തുപറ്റി..

സാധാരണ ഇങ്ങനെ കിടക്കണം എന്ന് പറയുന്നത് അല്ലല്ലോ.. എന്തെങ്കിലും
വിഷമം വരുമ്പോൾ ആണല്ലോ
കിടക്കുന്നത്..

ആ കൊച്ച് എന്തിനാ വന്നത്..

ഒന്നുമില്ല രാധമ്മേ.. അവൾ വെറുതെ വന്നതാ…

ഇന്നലെ രാത്രി നന്നായി ഉറങ്ങാൻ
പറ്റിയില്ല.. അതാ ഒരു ക്ഷീണം..

രാധമ്മ അവളെ റൂമിലേക്ക്
കൊണ്ടുപോയി.. അവളെ താങ്ങി കട്ടിലിലേക്ക് ഇരുത്തി…

കട്ടിലിലേക്ക് കിടന്നു കൊണ്ട് അവൾ കണ്ണുകൾ മെല്ലെ അടച്ചു..

നിസ്സഹായതയോടെ നിൽക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖം അവളുടെ മുൻപിലേക്ക് തെളിഞ്ഞു വന്നു..

അവളുടെ കണ്ണുകൾ നിറഞ്ഞു..
ഒന്നും ആഗ്രഹിക്കാൻ ഉള്ള യോഗ്യത
പോലും ഇപ്പോൾ തനിക്ക് ഇല്ല…

ആരുടേയും ശാപം കിട്ടിയിട്ടുള്ള
ഒന്നും തനിക്ക് വേണ്ട… ആരോടാണ്
തന്റെ വേദന ഒന്ന് പറയുക…

അവളുടെ മുൻപിലേക്ക് മനുവിന്റെ
മുഖം തെളിഞ്ഞുവന്നു..

പെട്ടെന്ന് ഫോണെടുത്തു മനുവിന്റെ
നമ്പർ ഡയൽ ചെയ്തു…

ഒറ്റ റിങ്ങിൽ തന്നെ മറുവശത്തു നിന്നും കാൾ എടുത്ത മനു സന്തോഷത്തോടെ വിളിച്ചു….

ദേവുക്കുട്ടി…..

എന്താടാ പതിവില്ലാതെ…

ഒരു തേങ്ങലോടെ ദേവുവിളിച്ചു..

മനുവേട്ടാ…

ഉണ്ണിമോൾ വന്ന് പറഞ്ഞ കാര്യങ്ങൾ മനുവിനോട് പറയവേ ഇടയ്ക്കിടെ അവളുടെ വാക്കുകൾ മുറിഞ്ഞു…

പക്ഷേ അത് കേട്ട് മനുവിന്‌ ഉള്ളിൽ സന്തോഷമാണ് തോന്നിയത്…

അത് മറച്ചു കൊണ്ട് അവൻ അവളെ ആശ്വസിപ്പിച്ചു…

എല്ലാത്തിനും വഴിയുണ്ടാക്കാം..

അടുത്ത ആഴ്ച ഞങ്ങൾ നാട്ടിൽ വരികയല്ലേ…

ദേവുക്കുട്ടി സമാധാനമായി ഇരിക്കു..

ഫോൺ കട്ട് ചെയ്തു കൊണ്ട് നിവർന്ന് നോക്കിയ മനു കണ്ടത് ഒരു ചെറുപുഞ്ചിരിയോടെ തന്റെ മുൻപിൽ നിൽക്കുന്ന വിനുവിനെയാണ്…

(തുടരും )

നീലാഞ്ജനം: ഭാഗം 1

നീലാഞ്ജനം: ഭാഗം 2

നീലാഞ്ജനം: ഭാഗം 3

നീലാഞ്ജനം: ഭാഗം 4

നീലാഞ്ജനം: ഭാഗം 5