നവമി : ഭാഗം 33
എഴുത്തുകാരി: വാസുകി വസു
പിറ്റേന്ന് ഞായറാഴ്ച.. നവിയുടെയും അഥർവിന്റെയും പെണ്ണുകാണലിനൊപ്പം മോതിരം ഇടീൽ ചടങ്ങ് കൂടിയാണ്.അഥർവും കുടുംബവും പന്ത്രണ്ട് മണി കഴിഞ്ഞപ്പോൾ എത്തിയിരുന്നു. കൃത്യസമയത്ത് അഭിയുടെ അച്ഛനും അമ്മയും അവിടെ ചെന്നു.
ഗിഫ്റ്റ് വാങ്ങിയട്ട് താനങ്ങ് എത്തിക്കൊളളാമെന്ന് അഭിമന്യു പറഞ്ഞിരുന്നു. അവൻ തന്റെ ബുളളറ്റിലാണ് യാത്ര തിരിച്ചത്.
ചടങ്ങ് തുടങ്ങാൻ സമയമായി. എന്നിട്ടും അഭി എത്താഞ്ഞതിൽ എല്ലാവർക്കും പരിഭ്രാന്തിയേറി.
ഫോൺ വിളിച്ചിട്ട് കൂടി സ്വിച്ച്ഡ് ഓഫ് എന്നാണ് മറുപടി. അവരാകെ വിഷമിച്ചു .അങ്ങനെ ഇരിക്കുമ്പോൾ നീതിയുടെ ഫോണിലേക്ക് അപരിചിതമായൊരു കോളെത്തി.
അത് അറ്റൻഡ് ചെയ്തതും അവളാകെ വിയർത്തു പോയി.നീതി ഞെട്ടുന്നത് കണ്ട് എല്ലാവരും അമ്പരന്നു..
“എന്ത് പറ്റി മോളേ” അച്ഛന്റെ ചോദ്യത്തിന് മറുപടി നൽകാൻ കഴിയാതെയൊരു നിലവിളി നീതിയിൽ നിന്ന് ഉയർന്നു.
നീതിയുടെ നിലവിളി കേട്ടാണ് എല്ലാവരുടെയും ശ്രദ്ധ അവളിലേക്ക് തിരിഞ്ഞത്.ശ്വാസം കഴിക്കാൻ പോലും വിമ്മിട്ടപ്പെടുന്നത് കണ്ട് എല്ലാവരും അമ്പരന്നു.
നീതിയുടെ നിറഞ്ഞ് ഒഴുകിയ മിഴികൾ അവൾ പെട്ടന്ന് തുടച്ചു.ചടങ്ങ് മുടങ്ങിക്കൂടാ.അനിയത്തിയുടെ സന്തോഷം താനായിട്ട് കെടുത്തരുതെന്ന ചിന്ത മനസിൽ ഉണർന്നതോടെ വായിൽ വന്നൊരു കളളം പറയാൻ തീരുമാനിച്ചു. അതോടൊപ്പം ശബ്ദം ഇടറാതിരിക്കാനും അവൾ ശ്രദ്ധിച്ചു.
“കൂട്ടുകാരിക്ക് ഒരു ആക്സിഡന്റ്.അത് വിളിച്ചു പറഞ്ഞതാണ്. ഇത് കഴിഞ്ഞു വേണം എനിക്ക് അവിടെയെത്താൻ”
കൂട്ടുകാരിറ്റുടെ പേര് മനപ്പൂർവ്വമാണവൾ പറയാതിരുന്നത്.ഏതാണ് കൂട്ടുകാരിയെന്ന് ചോദ്യം വരും.തനിക്ക് അധികം ഫ്രണ്ട്സില്ലെന്ന് വീട്ടുകാർക്ക് അറിയാം.
“ഇത്രയും സമയം ആയിട്ടും അഭി എത്തിയില്ലല്ലോ.അവനിതെവിടെ പോയി” അഭിയുടെ അച്ഛൻ പിറുപിറുക്കുന്നത് അവൾ കേട്ടില്ലെന്ന് നടിച്ചു.ചിലപ്പോൾ താൻ കരഞ്ഞു പോകും.
“അച്ഛാ സമയം പോകുന്നു ” നീതി ധൃതി കൂട്ടി.അതോടെ ചടങ്ങ് നടത്തുന്നതിൽ ആയിരുന്നു എല്ലാവരുടേയും ശ്രദ്ധ.
ഇടക്കിടെ ആരും കാണാതെ നീതി മുറിയിലേക്ക് പോകും.ഹൃദയം തുറന്ന് പൊട്ടിക്കരയുമ്പോൾ കുറച്ചു ആശ്വാസം ലഭിക്കും.മുഖമൊക്കെ കഴുകി ഫ്രഷായിട്ട് വരും.തിരക്ക് ആയതിനാൽ അവൾ കരയുകയാണെന്ന് ആർക്കും മനസ്സിലായില്ല.
നവമി സന്തോഷത്തിലാണ്.മനസ്സിൽ കൊണ്ട് നടന്ന പ്രണയം ഇന്ന് സാക്ഷാത്ക്കരിക്കപ്പെടുകയാണ്.അഥർവും ഹാപ്പിയാണ്. അഥർവ് തന്റെ നെയിം കൊത്തിയ മോതിരം നവിയുടെ വിരലിൽ അണിയിച്ചു.അതോടെ നവമി അഥർവിന്റെ സ്വന്തമാണെന്ന ഉറപ്പായി.
സദ്യ കഴിക്കാൻ സമയം ആയിട്ടും അഭിയെ കാണാതെ ആയതോടെ തുളസിക്ക് ആധി കയറി. അവർ സിദ്ധാർത്ഥനോട് ആശങ്ക പങ്കുവെച്ചു.അയാൾ ഭാര്യയെ ആശ്വസിപ്പിച്ചു.
“അപ്രതീക്ഷിതമായി കേസിന്റെ കാര്യം വല്ലതും വന്നു കാണും.മോൻ പോലീസുകാരനാണെന്ന് നീ പലപ്പോഴും മറക്കുന്നു” ശ്വാസനയുണ്ടായിരുന്നു അയാളുടെ സ്വരത്തിൽ.അതോടെ തുളസി പിന്നെയൊന്നും മിണ്ടിയില്ല.
എങ്കിലും ഉള്ളിലുയർന്ന ഭീതി അവരെ വിട്ടൊഴിഞ്ഞില്ല.നീതി അതെല്ലാം ശ്രദ്ധിക്കുന്നുണ്ട്.എല്ലാവരെയും അറിയിക്കണമെന്നുണ്ട്.പക്ഷേ അവൾക്കതിനു കഴിഞ്ഞില്ല.
ചടങ്ങ് കഴിഞ്ഞു പിരിയാൻ നേരം നീതി വലിയ വായിൽ നിലവിളിച്ചു.എത്രയൊക്കെ പിടിച്ചു നിർത്താൻ ശ്രമിച്ചിട്ടും അവൾക്ക് കഴിഞ്ഞില്ല.
“ചേച്ചി ഡി എന്ത് പറ്റി” നവമി വെപ്രാളപ്പെട്ട് അവൾക്ക് അരികിലേക്ക് ഓടിയെത്തി. ആർക്കും ഒന്നും മനസ്സിലായില്ല.
“അഭിയേട്ടൻ.. ഏട്ടനൊരു ആക്സിഡന്റ്” അത്രയും പറയാനേ നീതിക്ക് കഴിഞ്ഞുളളൂ.അതിനു മുമ്പേ അവൾ ബോധം കെട്ടു വീണു.
“എന്റെ മോനേ…” തുളസിയിൽ നിന്ന് തേങ്ങലിന്റെ ചീളുകൾ പുറത്തേക്ക് തെറിച്ചു.സിദ്ധാർത്ഥൻ തളർന്നു കസേരയിലേക്കിരുന്നു.
വല്ലാത്തൊരു ഷോക്കിലായി എല്ലാവരും. ആക്സിഡന്റ് എന്നു മാത്രമേ മനസ്സിലായുള്ളൂ.അതും അഭിക്ക്.ബാക്കിയെന്താണെന്ന് നീതിക്ക് മാത്രമേ അറിയൂ.അവൾക്കാണെങ്കിൽ ബോധവുമില്ല.
എല്ലാവരും തരിച്ച് നിൽക്കുമ്പോൾ അഥർവ് നീതിയുടെ ഫോൺ കയ്യിലെടുത്തു കോൾ ലിസ്റ്റ് പരിശോധിച്ചു. ലാസ്റ്റ് വന്ന നമ്പരിലേക്ക് തിരികെ വിളിച്ചു. മറുപുറത്ത് കോൾ അറ്റൻഡ് ആയതും അവൻ വെപ്രാളപ്പെട്ട് ചോദിച്ചു.
“അഭിയേട്ടനെന്ത് പറ്റി” അവനും കരയുകയാണ്.മറുപുറത്ത് ഫോണെടുത്തത് ഒരുപോലീസുകാരനാണ്.
“സാറിന് ചെറിയൊരു ആക്സിഡന്റ്. ഇപ്പോൾ ജനറൽ ഹോസ്പിറ്റൽ ആണ്”
“ശരി ഞങ്ങൾ ഉടനെ വരാം” അത്രയും പറഞ്ഞിട്ട് ഫോൺ കട്ട് ചെയ്തു. നീതിയുടെ മുഖത്ത് വെള്ളം തളിച്ചെങ്കിലും അവൾ ഉണർന്നില്ല.
“ഞങ്ങൾ കാറിൽ നീതിയെക്കൂടി കൊണ്ട് പൊയ്ക്കോളാം. അച്ഛൻ കാറിനെ ഫോളോ ചെയ്തു വാ”
സിദ്ധാർത്ഥനോട് പറഞ്ഞിട്ട് നീതിയേയും കോരിയെടുത്ത് അവൻ കാറിനു അരികിലേക്ക് ഓടി.അഥർവിന്റെ പിന്നാലെ നവമിയും സിദ്ധാർത്ഥനും തുളസിയും കയറി. അവൻ വേഗത്തിൽ കാറ് മുമ്പോട്ട് എടുത്തു.
അഥർവിന്റെ അച്ഛൻ ഭരത് ഭാര്യ കീർത്തി,രമണൻ,രാധ എന്നിവരെയും കൂട്ടി തങ്ങളുടെ കാറിൽ കയറി ജനറൽ ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു.
ചീറിപ്പായുന്ന കാറിനെക്കാൾ വേഗത്തിൽ നവമിയുടെ ചിന്തകൾ നീറിപ്പുകഞ്ഞു. തന്റെ ജീവിതത്തിലെ നല്ല ദിവസങ്ങളിൽ ഒന്നായ ഇന്ന് തന്നെ ഇങ്ങനെ സംഭവിച്ചത് അവളെ കൂടുതൽ വേദനിപ്പിച്ചു.
ഒഴുകിയിറങ്ങിയ മഴനീർത്തുള്ളികൾ അവളുടെ മടിയിൽ തലവെച്ച് ബോധമില്ലാതെ കിടക്കുന്ന നീതിയുടെ മുഖത്ത് പതിച്ചു കൊണ്ടിരുന്നു.
ഭ്രാന്ത് പിടിച്ചതു പോലെയാണ് അഥർവ് കാറോടിച്ചത്.പോലീസുകാരൻ പറഞ്ഞത് പൂർണ്ണമായും വിശ്വാസത്തിലെടുക്കാൻ കഴിയില്ല.സത്യവസ്ഥ അറിയണമെങ്കിൽ അവിടെ ചെല്ലണം.
ഇരുപത് മിനിറ്റിനുളളിൽ അവർ അവിടെയെത്തി. കാറ് നിർത്തി നീതിയെ കോരിയെടുത്ത് അറ്റൻഡന്മാർ കൊണ്ട് വന്ന സ്ട്രക്‌ച്ചറിൽ കിടത്തി.
ഡ്രൈവിംഗിനിടയിൽ തന്റെ ബന്ധത്തിലുളള ഡോക്ടറെ അറിയിച്ചതിനാൽ കാര്യങ്ങൾ എളുപ്പത്തിലായി.
അഭിയെ കുറിച്ച് തിരക്കാഞ്ഞത് മനപ്പൂർവ്വമാണ്.നവമി അരികിൽ ഉണ്ടായതിനാലാണ്.
നീതിയെ അഡ്മിറ്റ് ചെയ്യുമ്പോൾ നവമിയെ അവിടെ നിർത്തിയട്ട് അഭിയെ കുറിച്ച് തിരക്കി.ICU വിൽ ആണെന്ന് അറിഞ്ഞ് അങ്ങോട്ട് ചെന്നു.ആ പോലീസുകാരൻ അതിനു മുമ്പിൽ ഉണ്ടായിരുന്നു.
“സാറിന്റെ ബുളളറ്റിനെ ഇടിച്ച ടിപ്പർ പിടിയിലായിട്ടുണ്ട്.” പോലീസുകാരൻ വിവരിച്ചു.
മറ്റൊരു വാഹനത്തെ മറി കടക്കാൻ ശ്രമിക്കുമ്പോൾ എതിരെ വന്ന ടിപ്പറിൽ ബുളളറ്റ് ചെന്ന് ഇടിക്കുകയായിരുന്നു.അഭി സ്വർണ്ണം വാങ്ങാൻ ഇറങ്ങിയതിനാൽ കുറച്ചു ലേറ്റായി.അതാണ് സ്പീഡിൽ ഓടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ആൾ തെറിച്ചു വീണു.ഹെൽമറ്റ് ധരിച്ചതിനാൽ തലക്ക് പരിക്കില്ല.കാലിനും കയ്യിലെ എല്ലും ഒടിഞ്ഞിട്ടുണ്ട്.ICU. ൽ കിടക്കുന്ന പൊന്നുമകനെ കണ്ട് തുളസിക്ക് സഹിക്കാൻ കഴിഞ്ഞില്ല. അവരുടെ ഹൃദയം തകർന്നു പോയി.
“ഏട്ടാ നമ്മുടെ മോന്റെ കിടപ്പ് കണ്ടിട്ടെനിക്ക് സഹിക്കുന്നില്ല.ചങ്ക് പൊട്ടിപ്പോകുന്നു” തളർച്ചയോടെ അവർ സിദ്ധാർത്ഥനിലേക്ക് ചാഞ്ഞു.ഒരുകൈ കൊണ്ട് അയാൾ ഭാര്യയെ ചേർത്തു പിടിച്ചു.
“ഇത്രയല്ലേ പറ്റിയുളളൂ.നീ കരയാതിരിക്ക്” സിദ്ധാർത്ഥൻ തുളസിയെ ആശ്വസിപ്പിച്ചു.
അഥർവ് അത്യാഹിത വിഭാഗത്തിലെ ഡോക്ടറുമായി സംസാരിച്ചു.കാലിനും കൈക്കും ഫ്രാക്ച്ചർ ഉണ്ട്. തന്നെയുമല്ല ഹെൽമെറ്റ് ധരിച്ചിരുന്നെങ്കിലും തലക്ക് പരിക്കുണ്ടെന്ന് സംശയം ഉണ്ട്. അതുപോലെ ആണ് വീണിരിക്കുന്നത്.
തലക്ക് പൊട്ടൽ ഇല്ലെങ്കിലും ചതവ് ഉണ്ട്. സ്കാനിംഗിൽ അത് കാണിക്കുന്നുണ്ട്. ക്ഷതമേറ്റത്.ചെറിയ ഒരു സർജറി വേണ്ടി വരുമെന്ന് ഡോക്ടർ ഓർമ്മിപ്പിച്ചു.
എന്നാലത് അഥർവ് സിദ്ധാർത്ഥനിൽ നിന്നൊഴികെ മറ്റുള്ളവരിൽ നിന്ന് മറച്ചുവെച്ചു.ബാക്കിയുളളവർ തൽക്കാലം ഒന്നും അറിയരുതെന്ന് പറയുകയും ചെയ്തു.
അഥർവ് നീതിയെ അഡ്മിറ്റ് ചെയ്തിരിക്കുന്നിടത്തേക്ക് ചെന്നു.അപ്പോഴേക്കും എല്ലാവരും വന്നിരുന്നു. അച്ഛൻ ഭരത്തിനോടും സത്യങ്ങൾ തുറന്നു പറഞ്ഞു.
നീതിക്ക് ഡ്രിപ്പ് ഇട്ടിരുന്നു. ബോധം തിരികെ വന്നപ്പോൾ അഭിയെ കാണാനായി നിലവിളിച്ചു.ആരും പറഞ്ഞത് അനുസരിക്കാൻ അവൾ കൂട്ടാക്കിയില്ല.
ഇന്നത്തെ ദിവസം ഇങ്ങനെയൊക്കെ സംഭവിച്ചതിൽ രമണനും ദുഖിതനാണ്.രാധ തോരാത്ത കണ്ണുകളുമായി നിൽക്കുന്നു. സാധാരണ എല്ലാം ധൈര്യമായി നേരിടാറുളള നവമിയും തകർന്നു പോയി. അവളും കരച്ചിൽ തന്നെ.
അഭിയെ കാണണമെന്ന് നിർബന്ധം കൂടിയപ്പോൾ നവിയും അഥർവും കൂടി അവളെ ICU വിനു മുമ്പിലെത്തിച്ചു.
സമാധാനിപ്പിക്കാൻ ശ്രമിച്ചുനോക്കിയെങ്കിലും നീതി തെല്ലും അടങ്ങിയില്ല.ഡ്രിപ്പിട്ടതൊക്കെ വലിച്ചൂരിയെറിഞ്ഞു.അതാണ് അവളെ അവിടേക്ക് കൊണ്ട് പോയതും.
അഭിയുടെ കിടപ്പ് കണ്ടപ്പോൾ അവൾ വീണ്ടും തകർന്നു. അവൾക്ക് സഹിക്കാൻ കഴിഞ്ഞില്ല. നിലവിളിയോട് നിലവിളി.
ഒരുവിധത്തിൽ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല. ഒടുവിൽ മയങ്ങാനുളള ഇഞ്ചക്ഷൻ നൽകിയതോടെ അവളുറങ്ങി…
💃💃💃💃💃💃💃💃💃💃💃💃💃💃
രണ്ടു മൂന്ന് ദിനങ്ങൾ മെല്ലെ കടന്ന് പോയി.ചെറിയ ഒരു സർജറി കഴിഞ്ഞ് അഭിയെ ICU വിൽ നിന്ന് റൂമിലേക്ക് മാറ്റി.
ഡോക്ടറുടെ നിരീക്ഷണം ശരിയാണെന്ന് സ്കാനിങിൽ നിന്ന് മനസിലായി.
ഹെൽമറ്റോടെ വീണെങ്കിലും തല അടിച്ചു ബ്ലഡ് കോട്ടിങ് ആയിരുന്നു. വീഴ്ചയുടെ ആഘാതത്തിൽ ഹെൽമെന്റിന്റെ പിൻ ഭാഗം പിളർന്നിരുന്നു.
നീതി ഹോസ്പിറ്റൽ തന്നെ തങ്ങി.തുളസി ഉണ്ടായിരുന്നെങ്കിലും അഭിയെ പരിചരിച്ചത് അവളാണ്. ഇതില്ലാം തന്റെ കർത്തവ്യമാണെന്ന് അവൾ കരുതി.തുളസിയെ പോലും അടുപ്പിച്ചില്ല.
“അഭിയേട്ടാ” ഓറഞ്ചിന്റെ അല്ലി വായിലേക്ക് വെച്ചു കൊടുക്കുന്നതിനിടയിൽ നീതി വിളിച്ചു. അവൻ തല തിരിച്ച് അവളെ നോക്കി.
“ഏട്ടാ ഞാനൊരുകൂട്ടം പറഞ്ഞാൽ അനുസരിക്കുമോ”
“നീ പറയ്” അവൻ ചുണ്ടുകളനക്കി.
“എന്നെ വേണ്ടെന്ന് വെച്ചേക്ക്.ഞാൻ ഭാഗ്യമില്ലാത്തവളാണ് പാപിയും.അതുകൊണ്ടാ ഏട്ടന് ഇങ്ങനെയിക്കെ പറ്റിയത്”
ചവച്ചു കൊണ്ടിരുന്ന ഓറഞ്ചല്ലി അവൻ തുപ്പിക്കളഞ്ഞു.കോപത്തോടെ നോക്കി.ഇതുവരെ ദ്ദേഷ്യപ്പെട്ട് അഭിയെ ഇതുവരെ നീതി കണ്ടിരുന്നില്ല.അവന്റെ മുഖഭാവം കണ്ടപ്പോൾ അങ്ങനെ പറയേണ്ടിയിരുന്നില്ലെന്ന് അവൾക്ക് തോന്നി.
കുറച്ചു ദിവസമായി കുറ്റബോധം നീതിയുടെ മനസിനെ കാർന്ന് തിന്നാൻ തുടങ്ങിയട്ട്.തന്നെ വിവാഹം ആലോചിച്ചതോടെയാണ് ആദ്യം സ്ഥലം മാറ്റം കിട്ടിയത്.ഇപ്പോൾ ആക്സിഡന്റായി ആൾ കിടപ്പിലായി.എല്ലാം കൂടി ആയപ്പോഴേക്കും നീതിക്ക് വട്ടായി.അതാണ് അങ്ങനെ പറഞ്ഞതും.
“നിനക്കെന്നെ താല്പര്യം ഇല്ലെങ്കിൽ വിട്ട് പൊയ്ക്കോളൂ” നീതി സ്തംഭിച്ചു പോയി.അഭിയിൽ നിന്നൊരിക്കലും അങ്ങനെയൊരു വാക്ക് തീരെ പ്രതീക്ഷിച്ചില്ല.സങ്കടം വന്ന് കണ്ണീരിനാൽ മൂടി.ഗദ്ഗ്ദം തൊണ്ടയിലുടക്കി നിന്നു.
“അഭിയേട്ടാ എന്താ പറയുന്നത്”
“പിന്നെ ഞാനെന്താ പറയേണ്ടത്” അവനൊട്ടും വിട്ടു കൊടുത്തില്ല.
“അഭി..അങ്ങനെയൊന്നും പറയരുത്.നീതി മോൾക്ക് സഹിക്കാൻ കഴിയില്ല. പാവമാ എന്റെ കുട്ടി” തുളസി അവനെ ശ്വാസിച്ചു.
“പിന്നെ ഇവൾ പറയുന്നത് അമ്മ കേട്ടില്ലേ”
“അത് നിന്നോടുളള സ്നേഹക്കൂടുതൽ കൊണ്ടാണ്. നിനക്കൊന്നും സംഭവിക്കരുതെന്ന് മോൾ ആഗ്രഹിക്കുന്നു”
അഭിയൊന്നും സംസാരിച്ചില്ല.അവൻ മൂകനായി കിടന്നു.ഒരുപാട് ആഗ്രഹിച്ചതാണ് നീതിയെ.ജീവിതത്തിൽ ആകെ പ്രണയം തോന്നിയത് ഇവളോട് മാത്രം. എന്താണെന്ന് ചോദിച്ചാൽ തനിക്കിന്നും അറിയില്ല.സമ്മതത്തോടെ സ്വന്തമാക്കണമെന്ന് ആഗ്രഹിച്ചു.അതാണ് ക്ഷമയോടെ കാത്തിരുന്നതും.
” ഞാൻ വീട്ടിലേക്ക് പോയി വരാം ”
“മ്മ് മ്മ്മ്… നീതി മൂളി..
ഹോട്ടൽ ഭക്ഷണം അഭിക്ക് കൊടുക്കാൻ തുളസി ഇഷ്ടപ്പെട്ടിരുന്നില്ല.അതാണ് ദിവസവും വീട്ടിൽ പോകുന്നത്.നീതി കൂടെയുളളത് അവൾക്ക് ആശ്വാസമാണ്.അഥർവും നവമിയും രമണനും എല്ലാം ദിവസവും ആശുപത്രിയിൽ വന്ന് പോയിരുന്നു.
തുളസി വീട്ടിലേക്ക് പോയതോടെ നീതിയുടെ ശ്രദ്ധ അവനിലായി.അവളിൽ അഭിയോടുളള സ്നേഹം കൂടി.
” എന്നെ അത്രക്ക് ഇഷ്ടമാണോ ഏട്ടന്”
“പിന്നെ ഇഷ്ടമാകാതെ ആയിട്ടാണോ കാത്തിരുന്നത്.നിനക്ക് വേണ്ടെങ്കിൽ കളഞ്ഞിട്ട് പോടീ”
പെട്ടെന്ന് അവൾ വിരലാൽ അവന്റെ ചുണ്ടുകൾ അമർത്തി പിടിച്ചു. അഭി അവളുടെ വിരലുകളിൽ ചുംബിച്ചു. നീതി അവന്റെ കവിളിൽ ചുണ്ടുകൾ അമർത്തിയട്ട് നോവാത്ത രീതിയിൽ ആ മാറിലേക്ക് തല ചായ്ച്ചു.
കാലിനും കൈക്കും പ്ലാസ്റ്റർ ഇട്ടിരിക്കുന്നതിനാൽ പരസഹായമില്ലാതെ പ്രാഥമിക കാര്യങ്ങൾ ചെയ്യാൻ കഴിയില്ല.എല്ലാത്തിനും നീതിയാണ് കൂടെ നിൽക്കുന്നത്. ഒരു കുഞ്ഞിനെയെന്ന പോലെയാണ് അഭിയെ പരിചരിക്കുന്നതും.
“അതേ ഇവിടെ നിന്ന് ഡിസ് ചാർജ് ചെയ്താൽ ഞാനും കൂടെ വരുവാണ്”
“എന്തിനാണ്…”
“ഏട്ടനെ ശ്രുശൂഷിക്കാൻ”
“താലി കഴുത്തിൽ വീണിട്ട് നീ അവിടെ താമസിച്ചാൽ മതി”
“എങ്ങനെ ആയാലും വേണ്ടില്ല.ഞാനും കൂടെ വരും” കൊച്ചു കുട്ടികളെ പോലെ നീതി വാശിപിടിച്ചു.അഭിയെ പിരിഞ്ഞിരിക്കാൻ കഴിയുമായിരുന്നില്ല. അതായിരുന്നു സത്യം.
ഒരുപക്ഷേ അവൻ സ്നേഹിക്കുന്നതിനെക്കാൾ കൂടുതൽ അവൾ അഭിയെ സ്നേഹിക്കുന്നു. ഇത്രയും ദിവസം കൊണ്ട് നീതി കൂടുതൽ അടുത്തിരുന്നു.
“എങ്കിൽ ഞാനൊരു വഴി പറയാം.. അനുസരിക്കാമോ?”
“ആദ്യം കാര്യം പറയ്..എന്നിട്ട് ആലോചിക്കാം”
“വാക്ക് തന്നാലേ ഞാൻ പറയൂ” നീതി വാശി പിടിച്ചു. ഒടുവിൽ മറ്റ് വഴികളില്ലാതെ അവൻ കീഴടങ്ങി.
“ഒരുതാലിമാല വാങ്ങി കഴുത്തിൽ കെട്ടിയട്ട് കൊണ്ട് എന്നെ കൊണ്ട് പൊയ്ക്കോളൂ” അതുകേട്ട് അവൻ അമ്പരന്നു.
“ഇവൾ എന്തൊക്കെയാണു പറയുന്നത്.ബന്ധുക്കളെയും നാട്ടുകാരെയും വിളിക്കണം കല്യാണത്തിന്.
” ഏട്ടൻ ഒന്നും ആലോചിക്കണ്ടാ..എക്സാമും പഠിത്തവും എല്ലാം പിന്നെയായാലും നടക്കും.എന്റെ അഭിയേട്ടൻ എഴുന്നേറ്റു നടക്കണം എത്രയും പെട്ടെന്ന് പഴയത് പോലെ…”
നീതിയുടെ വാശിക്കും സ്നേഹത്തിനും മുമ്പിൽ ഒടുവിൽ അഭിക്ക് സമ്മതം മൂളേണ്ടി വന്നു.അവൻ സമ്മതിച്ചില്ലെങ്കിലും കൂടെ പോകും അവൾ…
കാരണം നീതിയുടെ മനസിൽ ഇപ്പോൾ അഭി മാത്രമാണ്.. പ്രണയം മുഴുവനും അവനോടാണ്.
എത്രയും എളുപ്പത്തിൽ ഏട്ടൻ പഴയതുപോലെ ഓടി നടക്കണം.അതാണ് ഇപ്പോഴത്തെ നീതിയുടെ ഏറ്റവും വലിയ ആഗ്രഹവും പ്രാർത്ഥനയും…
അവനു വേണ്ടി തന്റെ പ്രാണൻ പകുത്ത് നൽകാൻ അവൾ തയ്യാറാണ്…
തുടരും….