Sunday, December 22, 2024
Novel

നവമി : ഭാഗം 31

എഴുത്തുകാരി: വാസുകി വസു


“എടാ…. ”

അവന്റെ അലർച്ച കേട്ട് നവി ഞെട്ടിത്തിരിഞ്ഞു.ഓടി വരുന്ന അഥർവിനെ കണ്ടു.അവൻ ഓടിവന്ന് വരുണിന്റെ കയ്യിൽ നിന്ന് പൂവ് തട്ടിപ്പറിച്ചു ദൂരേക്ക് എറിഞ്ഞു.

എന്നിട്ടും ദേഷ്യം തീരാതെ വരുണിനു നേരെ കയ്യോങ്ങി.അപ്പോൾ നവമിയുടെ ശബ്ദം ഉയർന്നു കേട്ടു..

“തൊട്ട് പോകരുത്…വരുണിനെ.. എനിക്ക് ഇഷ്ടമാണ് ഇവനെ”

നവമിയിൽ നിന്ന് കേട്ടത് വിശ്വസിക്കാനാകാതെ അഥർവ് തരിച്ചു നിന്നു പോയി… എന്നാൽ വരുണിന്റെ മുഖത്തൊരു വിജയച്ചിരി തെളിഞ്ഞു…

അഥർവ് ഒരുമാത്ര സ്തംഭിച്ചു നിന്നു പോയി.നവമിയിൽ നിന്നൊരിക്കലും അങ്ങനെയൊരു പ്രതികരണം അവൻ പ്രതീക്ഷിച്ചിരുന്നില്ല.

അഥർവ് വലിച്ചെറിഞ്ഞ പൂവ് വരുൺ എടുത്തുകൊണ്ട് വന്ന് വീണ്ടും നവമിക്ക് നേരെ നീട്ടി. അവളത് വാങ്ങാൻ ശ്രമിക്കും മുമ്പേ കയ്യിലൊരു കരം പിടിമുറുക്കി.ആരെന്ന് അറിയാനായി തിരിഞ്ഞതും രോഷാകുലനായി അഥർവ് നിൽക്കുന്നു. ഇത്രയും കോപത്തോടെ അവനെ അവളിതുവരെ കണ്ടിട്ടില്ല.

കോളേജിലേക്ക് വന്നവരെല്ലാം ഇതെല്ലാം കണ്ട് അവർക്ക് ചുറ്റുമൊരു വലയം സൃഷ്ടിച്ചു.

“നീയേ അഥർവിന്റെ പെണ്ണാ..എന്റെ സ്വന്തം” ഒറ്റശ്വാസത്തിൽ അത്രയും പറഞ്ഞിട്ട് നവിയുടെ കയ്യും പിടിച്ചു വലിച്ചു മുന്നോട്ട് നടന്നു.കുതറി മാറാനൊന്നും അവൾ ശ്രമിച്ചില്ല.ചുറ്റും കൂടിയവരുടെ നീണ്ടകരഘോഷം കേട്ടാണ് ഇരുവരും പിന്തിരിഞ്ഞു നോക്കിയത്.

അക്ഷരയും നീതിയും ഹൃദ്യയും തലക്ക് കയ്യും കൊടുത്തു അറഞ്ചം പുറഞ്ചം ചിരിക്കുകയാണ്.കാര്യം മനസിലായില്ലെങ്കിലും എന്തോ ഇടയിൽ നടന്നിട്ടുണ്ടെന്ന് മനസ്സിലായി.

“ഇങ്ങോട്ട് വാടാ” നവമി അഥർവിനെയും വലിച്ച് പ്രണയത്തിന്റെ ചുവപ്പ് പൂക്കൾ അടർന്ന് വീഴുന്ന വാകമരത്തണലിലേക്ക് നടന്നു.നടന്നതൊക്കെ ഒരുസ്വപ്നം പോലെ തോന്നി.

നവിയെ മറ്റൊരാൾ നോക്കുന്നത് പോലും അഥർവിന് സഹിക്കാൻ കഴിയില്ല.അവൾ തന്റെയാണെന്ന് മനസ്സിനെ എപ്പോഴും പറഞ്ഞു വിശ്വസിപ്പിച്ചു കൊണ്ടിരുന്നു. ഇപ്പോൾ കണ്മുമ്പിൽ വെച്ചൊരു നിമിഷം അവൾ നഷ്ടപ്പെട്ടു പോകുമോന്ന് ഭയന്നു.

“ഇങ്ങനെയൊന്ന് കേൾക്കാനായിട്ട് എത്രനാളായി തപസ്സ് തുടങ്ങിയട്ടെന്ന് അറിയുമോ?.അപ്പോൾ അവന്റെയൊരു ഒടുക്കത്തെ ആദർശം കൊണ്ട് നടക്കുന്നു.”

നവമിയുടെ ഓരോ വാക്കുകളും അഥർവിന്റെ ഹൃദയത്തിലേക്ക് ഹിമകണമയി പതിച്ചു കൊണ്ടിരുന്നു.

“നീയെന്റെ പെണ്ണാടീന്ന് ഒരുവാക്ക് ഇത്രയും മതി എത്രകാലം വേണമെങ്കിലും ഞാൻ കാത്തിരിക്കും” അവളിൽ പുതുനിശ്വാസത്തിന്റെ നെടുവീർപ്പ് ഉയർന്ന് കൊണ്ടിരുന്നത് അവൻ കേട്ടു.

നവമിയെ സംബന്ധിച്ച് പുതിയൊരു ഉണർവായിരുന്നു അഥർവിന്റെ വാക്കുകളേകിയത്.അവൾക്ക് അത്രയും മതിയായിരുന്നു.

“എല്ലാ പെൺകുട്ടികളുടെയും കാര്യം എനിക്ക് അറിയില്ല.ബട്ട് ഞാനെന്റെ മനസ്സിലേത് പറയാം” തന്നോട് അധികം സംസാരിക്കാത്ത നവമി വാചാലയാകുന്നത് അഥർവ് ശ്രദ്ധിച്ചു.

“നീയെന്നെ പ്രൊപ്പോസ് ചെയ്യുന്നതാണ് എനിക്കിഷ്ടം. ഞാനെന്നാൽ നിനക്ക് വിധേയമായി ജീവിക്കാൻ ആഗ്രഹിക്കുന്നു.എന്ന് കരുതി അടിമയാണെന്നല്ല അർത്ഥം. തുല്യ പ്രാധാന്യം ലൈഫിൽ നൽകണ്ട പക്ഷേ ഭാര്യയെന്ന പരിഗണന എനിക്ക് വേണം. എന്റെ പുരുഷനെന്ന അവകാശം എന്നിൽ മാത്രമാണ്. അതുപോലെ ഭർത്താവെന്ന ബോധവും എന്നിലുണ്ടാകും”.

ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാട് അവൾ തുറന്നു പറഞ്ഞു. നവമി ചുരുങ്ങിയ വാക്കുകളിൽ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. അവനതിന് തലയാട്ടുകയും ചെയ്തു. ലൈഫിനെ കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുളളവളാണ് നവിയെന്ന് അവന് മനസ്സിലായി.

നവമി അഥർവിന്റെ കണ്ണുകളിലേക്ക് മിഴികൾ ഉറപ്പിച്ചു. അവനും നോക്കാതിരിക്കാൻ കഴിഞ്ഞില്ല.അവളുടെ കണ്ണുകളിൽ തന്നോടുളള പ്രണയസാഗരം അലയടിച്ചുയരുന്നത് അവന് കാണാൻ കഴിഞ്ഞു. അങ്ങനെയെത്ര നേരം നോക്കി നിന്നുവെന്ന് അവരറിഞ്ഞില്ല.പരസ്പരം ലയിച്ചങ്ങനെ പരിസരം മറന്ന് നിന്നു.

” ഡാ… മരപ്പട്ടീ” വിളി കേട്ടാണ് ഇരുവരും കണ്ണുകൾ പിൻ വലിച്ചു നോക്കിയത്.അക്ഷരയും നീതിയും ഹൃദ്യയും കയ്യും കെട്ടി തങ്ങളെ നോക്കി നിൽക്കുന്നത് കണ്ടു.

“രണ്ടും കൂടിയിങ്ങനെ ചുറ്റുമുള്ളതൊന്നും കാണാത്ത രീതിയിൽ നിൽക്കുന്നതതിന് ഞങ്ങളോടാ നന്ദി പറയേണ്ടത്” അവർക്ക് കാര്യം മനസിലായില്ലെന്ന് കണ്ട് അക്ഷരയാണ് സത്യാവസ്ഥ തുറന്നു പറഞ്ഞു..

💃💃💃💃💃💃💃💃💃💃💃💃💃💃

അക്ഷരയും നീതിയും ഹൃദ്യയും കൂടി അന്നത്തെ ദിവസം ഒരുമിച്ച് കൂടിയിരുന്നു.

“പാവം നവമി അവൾക്കൊരുപാട് സങ്കടമായി.ഇന്നെങ്കിലും അഥർവ് ഇഷ്ടം പറയുന്നത് കേൾക്കാനായിട്ട് പ്രതീക്ഷയിൽ വന്നതാണ്” നീതി താടിക്കും കയ്യും കൊടുത്തിരുന്നു.

“ആ കോപ്പന് നവിയെ ഇഷ്ടമാണെടീ..അവന്റെ കോപ്പിലെ സങ്കല്പം കെട്ടിപ്പിടിച്ച് ഇരിക്കുന്നതാണ് കുഴപ്പം” അക്ഷര പറയുന്നത് ശരിയാണെന്ന് നീതിക്കും ഹൃദ്യക്കും അറിയാം.രണ്ടു പേർക്കും ഇഷ്ടം ആണ്.ആരെങ്കിലും ഒരാൾ മനസ്സ് തുറന്നാൽ തീരുന്ന പ്രശ്നമേയുള്ളൂ.ഇഗോ തന്നെ വില്ലൻ.

അവരുടെ ചർച്ച മുഴുവനും എങ്ങനെ ആയാലും വേണ്ടില്ല നവമിയും അഥർവും ഒന്നിക്കണം.അതിനെന്ത് വഴിയും സ്വീകരിക്കാമെന്നാണ് അവരുടെ നിലപാട്. മൂവരും കൂടി തലപുകഞ്ഞ് ആലോചിച്ചു കൊണ്ടിരുന്നു..

“ഡീ ഒരു ഐഡിയ ഉണ്ട്. വളഞ്ഞ വഴിയാണ്. വർക്കൗട്ട് ആകുമോന്ന് കണ്ടറിയണം” നീതി പറഞ്ഞു.

“ആദ്യം ഐഡിയ പറയ്”

തന്റെ മനസ്സിൽ തെളിഞ്ഞത് നീതി അവരോട് പങ്കുവെച്ചു.നവമിയോട് പ്രണയം പറയാൻ ഒരാളെ കണ്ടെത്തണം.എന്നിട്ട് അഥർവിന് മുമ്പിൽ വെച്ച് ആ ആളെക്കൊണ്ട് പ്രണയം പറയിക്കണം.അതൊരു നല്ല ഐഡിയ ആണെന്ന് തോന്നി.

“അതിനു പറ്റിയ ആരുണ്ട് കോളേജിൽ.. നമുക്ക് വിശ്വസിക്കാൻ പറ്റിയ ആൾ” നീതി ചിന്താക്കുഴപ്പത്തിലായി.

“അതിനു പറ്റിയ ആൾ വരുണാണ്” വരുണെന്ന് കേട്ടതും അക്ഷരയും നിതിയും ഞെട്ടലോടെ ഹൃദ്യയെ നോക്കി.അവളൊന്ന് പുഞ്ചിരിച്ചു.

“ആൾ തല്ലിപ്പൊളിയാണെങ്കിലും പ്രേമിക്കുന്നവരെ തമ്മിൽ ഒന്നിപ്പിക്കാൻ മിടുക്കനാണ്.ആ കാര്യത്തിൽ പൂർണ്ണമായും വിശ്വസിക്കാം” തന്റെ അനുഭവം സാക്ഷ്യപ്പെടുത്തി ഹൃദ്യ വിശദീകരിച്ചു.

ഹൃദ്യയുടെ പ്രണയം സഫലമാക്കിയത് വരുൺ ആയിരുന്നു. അവളുടെ മാത്രമല്ല കോളേജിലെ സിംഗിൾ പസങ്കളെ മുഴുവനും മിങ്കിൾ ആക്കിയത് അവനാണ്.

അതോടെ നവമിയുടെയും അഥർവിന്റെയും കാര്യത്തിലൊരു തീരുമാനമായി.വരുണിനെ കണ്ടു സംസാരിക്കുന്ന കാര്യം ഹൃദ്യയേറ്റു.സമയത്ത് നവിയെയും അഥർവിനെയും എത്തിക്കുന്നത് അക്ഷരയും നീതിയും ഏറ്റെടുത്തു.

ഉച്ചക്ക് കിട്ടിയ ഒഴിവിൽ ഹൃദ്യ വരുണിനെ ചെന്നു കണ്ടു വിവരങ്ങൾ അറിയിച്ചു. അത് കേട്ടതും വരുണിന്റെ മുഖം വികസിച്ചു.

“ആ കിഴങ്ങനെ ഉപദേശിച്ചു ഞാൻ മടുത്തപ്പോൾ പിന്നെയത് വിട്ടു‌.നവി നല്ല പെൺകുട്ടിയാണ്.അഥർവിന് നന്നായി ചേരും” അതുകേട്ടതും ഹൃദ്യ ഹാപ്പിയായി.ഒരുപക്ഷേ നവമിയുടെയും അഥർവിന്റെയും തമ്മിലുള്ള പ്രണയസാക്ഷാത്ക്കാരത്തിനായിട്ടാണു ക്യാമ്പസും തുടിക്കുന്നതെന്ന് അവളോർത്തു.

വരുൺ ഏറ്റെടുത്ത റോൾ അവൻ നന്നായി അഭിനയിച്ചു. അവരെല്ലാം കരുതിയത് പോലെയെല്ലാം സംഭവിച്ചു..

💃💃💃💃💃💃💃💃💃💃💃💃💃💃💃

“ഇതാണ്‌ നടന്നത്” അക്ഷര തങ്ങൾ സ്വീകരിച്ച വഴി പറഞ്ഞു. നവമിയും അഥർവും കണ്ണ് മിഴിച്ച് അവരെ നോക്കി.

“ആദ്യം നവമിയെ കൂടി അറിയിക്കാനിരുന്നതാണ്.ഒർജിനാലിറ്റി കിട്ടിയില്ലെങ്കിലോന്ന് കരുതി വേണ്ടാന്ന് വെച്ചു” നീതി വ്യക്തമാക്കി.

“നിങ്ങൾ ഒന്നിക്കണമെന്ന് ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചു അതാണ് വളഞ്ഞവഴി തിരഞ്ഞെടുത്തത്” ഹൃദ്യ പറയുന്നത് കേട്ടു നവി ചിരിച്ചു.

“ഡാ കോപ്പാ ചിലവ് ചെയ്യണം ..”

“അതൊക്കെ ചെയ്യാം.. ഇപ്പോൾ ഞങ്ങളൊന്ന് പ്രണയിച്ചോട്ടേ”

“ഉവ്വ്..ഞങ്ങൾ ഇല്ലെങ്കിൽ കാണാമായിരുന്നു രണ്ടും കൂടി ….തെറ്റിയിരിക്കുന്നത്”

നവമിയെ നോക്കി അവർ പൊട്ടിച്ചിരിച്ചു.അതോടെ അവളുടെ കിളി പറന്നു.

“രണ്ടും കൂടി ഇനിയെന്താണെന്ന് വെച്ചാൽ ചെയ്തോളൂ..വാടി നമുക്ക് പോകാം” നീതിയും അക്ഷരയും ഹൃദ്യയും വന്നതുപോലെ തിരിച്ചു നടന്നു.മനസ് നിറഞ്ഞിട്ട്…

💃💃💃💃💃💃💃💃💃💃💃💃💃💃💃

“എന്നാലും ഞാൻ ഭയന്ന് പോയി….വരുണിനെ ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോൾ.. നെഞ്ച് പൊടിഞ്ഞു പോയി”

നവമിയുടെ മടിയിൽ തലവെച്ച് കിടക്കുകയായിരുന്നു അഥർവ്. അവൾ അവന്റെ മുടിയിഴകളെ വിരലുകളാൽ മാടിയൊതുക്കി കൊണ്ടിരുന്നു.

നവമിക്ക് തന്നോടുളള അടങ്ങാത്ത പ്രണയവും വാ തോരാതെയുളള അവളുടെ സംസാരവും അഥർവിനെയാകെ മാറ്റിക്കളഞ്ഞു.ഇനിയും താൻ മൗനം വെടിഞ്ഞില്ലെങ്കിൽ ശരിയാകില്ലെന്ന് മനസിലായതോടെ തന്റെ ഹൃദയം അവൾക്കായി തുറന്നു കൊടുത്തു. അവന്റെ ഹൃദയത്തിന്റെ ശ്രീകോവിലിൽ പ്രതിഷ്ഠയായി അവൾ കുടിയിരുന്നു.

“അത് നിന്നോടുളള വാശിക്ക് പറഞ്ഞതാ..അങ്ങനെ എങ്കിലും നിന്റെ സങ്കൽപ്പങ്ങൾ എനിക്കായി മാറ്റട്ടെയെന്ന് കരുതി”

മനസ്സും ഹൃദയവും പ്രണയത്തിന്റെ ഭാഷ ഒപ്പിയെടുത്തു.തങ്ങളുടെ ഓരോ നിശ്വാസങ്ങളും ഇപ്പോൾ പരസ്പരം ഒന്നാണെന്ന് തോന്നി.

നവിയും അഥർവും അന്ന് ക്ലാസിൽ കയറിയില്ല.മുഴുവൻ സമയവും അവരുടേതായ ലോകത്തിലായിരുന്നു.

💃💃💃💃💃💃💃💃💃💃💃💃💃💃💃

“അച്ഛാ അന്നൊരിക്കൽ ചോദിച്ചതിനുളള ഉത്തരം ഞാൻ തന്നോട്ടേ”

രാത്രിലെ ഭക്ഷണം കഴിഞ്ഞു അച്ഛനും അമ്മയും മുറ്റത്ത് ഇരിക്കുകയാണ്.മുമ്പൊക്കെയത് പതിവില്ലായിരുന്നു.എന്നാൽ ഇപ്പോഴത് സ്ഥിരമായി.

“എന്താ മോളേ” രമണൻ ഇളയമകളുടെ നേർക്ക് തിരിഞ്ഞു.അവളെന്താണ് ഉദ്ദേശിക്കുന്നതെന്ന് രാധക്കും മനസ്സിലായില്ല.

“എനിക്കൊരാളെ ഇഷ്ടമാണ്.. ചേച്ചിയുടെ ക്ലാസിൽ പഠിക്കുന്ന അഥർവിനെ. അച്ഛനും അമ്മക്കും സമ്മതമാണെങ്കിൽ ഞങ്ങളുടെ വിവാഹം നടത്തി തരണം”

രമണൻ ഒന്നും മിണ്ടിയില്ല.അതോടെ നീതിക്കും നവമിക്കും ആശങ്കയേറി.അവരെ മുൾ മുനയിൽ നിർത്തി അയാൾ പൊട്ടിച്ചിരിച്ചു.

“അതിനെന്താ അച്ഛനു പൂർണ്ണ സമ്മതമാണ്. പഠിത്തം കഴിഞ്ഞിട്ട് അവൻ വരട്ടെ.എന്തായാലും നവമി മോൾ കണ്ടെത്തിയ ചെറുക്കൻ മോശമാകില്ലെന്ന് എനിക്ക് ഉറപ്പാണ്”

അച്ഛന്റെ സമ്മതം ലഭിച്ചതോടെ നവമിക്ക് ആശ്വാസമായി..

“പഠിത്തം കഴിഞ്ഞ് നിന്നെ പട്ടിണിയില്ലാതെ നോക്കാൻ എനിക്ക് കഴിയുമെന്ന് ഉറപ്പ് വരുന്ന നിമിഷം ഈ കഴുത്തിൽ താലി ചാർത്തും”

“കൂലിപ്പണിയായാലും സാരമില്ല മോനേ..നിന്റെ കെട്ടിയവളായി ഉള്ളതും കൊണ്ട് ഞാൻ അഡ്ജസ്റ്റ് ചെയ്തു ജീവിച്ചോളാം” അഥർവിനോട് പറഞ്ഞത് ലജ്ജയോടെ അവളോർത്തു..

തുടരും….

നവമി : ഭാഗം 1

നവമി : ഭാഗം 2

നവമി : ഭാഗം 3

നവമി : ഭാഗം 4

നവമി : ഭാഗം 5

നവമി : ഭാഗം 6

നവമി : ഭാഗം 7

നവമി : ഭാഗം 8

നവമി : ഭാഗം 9

നവമി : ഭാഗം 10

നവമി : ഭാഗം 11

നവമി : ഭാഗം 12

നവമി : ഭാഗം 13

നവമി : ഭാഗം 14

നവമി : ഭാഗം 15

നവമി : ഭാഗം 16

നവമി : ഭാഗം 17

നവമി : ഭാഗം 18

നവമി : ഭാഗം 19

നവമി : ഭാഗം 20

നവമി : ഭാഗം 21

നവമി : ഭാഗം 22

നവമി : ഭാഗം 23

നവമി : ഭാഗം 24

നവമി : ഭാഗം 25

നവമി : ഭാഗം 26

നവമി : ഭാഗം 27

നവമി : ഭാഗം 28

നവമി : ഭാഗം 29

നവമി : ഭാഗം 30