നവമി : ഭാഗം 30
എഴുത്തുകാരി: വാസുകി വസു
“എന്തിനാണ് കാണണമെന്ന് പറഞ്ഞത്.ക്ലാസ് തുടങ്ങാൻ സമയമായി” അവൾ ധൃതികൂട്ടി.
ഇനിയിങ്ങനെ പ്രണയാഗ്നിയിൽ ഉരുകി തീരാൻ വയ്യ.രണ്ടിൽ ഏതെങ്കിലും ഒന്നറിയണം.നവമി മനസ്സിൽ ഉറച്ച തീരുമാനം എടുത്തു. പ്രണയം തുറന്നു പറയാൻ മടിക്കുന്ന അഥർവിനോട് ദേഷ്യം തോന്നിത്തുടങ്ങിയിരുന്നു.
“എന്താണെങ്കിലും പറഞ്ഞോളൂ..എന്തായാലും ഉൾക്കൊളളാൻ ഞാൻ തയ്യാറാണ്”
എന്നിട്ടും അഥർവ് മൗനമായി നിൽക്കുന്നത് കണ്ടപ്പോൾ നവമിയിൽ പ്രഷർ കയറി.
“തനിക്ക് തിടുക്കമാണെങ്കിൽ പൊയ്പൊയ്ക്കോളൂ” അഥർവ് ചുണ്ടുകളനക്കി.അതോടെ അവളുടെ നശിച്ചു.കോപത്തോടെ നവമി പിന്തിരിഞ്ഞു നടന്നു. ഒരു പിൻ വിളിക്കായി അവളുടെ മനസ് തുടിച്ചു…കരയരുതെന്ന് എത്ര ശ്രമിച്ചിട്ടും അനുസരണയില്ലാതെ മിഴികൾ തുളുമ്പിയൊഴുകി…
ഇന്നെങ്കിലും അഥർവിന്റെ വായിൽ നിന്ന് കേൾക്കാൻ കൊതിച്ച താനൊരു വിഡ്ഡിയായത് പോലെയാണ് നവമിക്ക് തോന്നിയത്.ഇല്ല.തന്റെ ഓർമ്മയിലിനി അഥർവില്ല.അവൾ തീരുമാനം എടുത്തു.
ക്ലാസിലേക്ക് കയറി വന്ന നവിയെ ഹൃദ്യ ശ്രദ്ധിച്ചു.കരഞ്ഞിട്ടുണ്ടെന്ന് കണ്ണുകൾ വിളിച്ചു പറയുന്നുണ്ട്. എന്താണ് കാരണമെന്ന് ചോദിക്കും മുമ്പേ പ്രൊഫസർ ക്ലാസിലേക്ക് കയറി വന്നു.ഈയൊരു ഹവർ കഴിയട്ടെയെന്ന് അവൾ കരുതി.
പ്രൊഫസർ ക്ലാസ് വിട്ടു കഴിഞ്ഞതും ഹൃദ്യ നവമിയെ അവിടെ നിന്ന് വെളിയിലേക്ക് ഇറങ്ങാൻ സമ്മർദ്ദം ചെലുത്തി.വരുന്നില്ലെന്ന് പറഞ്ഞൊഴിയാൻ ശ്രമിച്ചെങ്കിലും ഹൃദ്യ സമ്മതിച്ചില്ല.നേര അവർ പോയത് ലൈബ്രറിയിലേക്കാണ്.
“എന്താടീ രാവിലെ ഇരുന്ന് മോങ്ങുന്നത്.കാര്യം പറയെടീ” നവമിക്ക് സങ്കടമേറി.കൂട്ടുകാരിക്ക് മുമ്പിൽ പൊട്ടിക്കരഞ്ഞു. അതോടെ ഹൃദ്യ വല്ലാതായി.
“ഡീ.. മറ്റുളളവർ ശ്രദ്ധിക്കും” അവൾ താക്കീത് നൽകി.കരച്ചിലടക്കാൻ ശ്രമിച്ചിട്ട് ചങ്കിനു മുമ്പിൽ മനസ്സ് തുറന്നു.
“ഓ..അതാണോ കാര്യം. ജാഡയാണെങ്കിൽ പോകാൻ പറയെടീ. നല്ല ആൺകുട്ടികളെ നിനക്ക് കിട്ടാത്ത പോലെ” ഹൃദ്യയുടെ ഓരോ വാക്കുകളും അവളിൽ ആഴത്തിലേക്കിറങ്ങി നോവിച്ചു കൊണ്ടിരുന്നു. അത് മനസിലാക്കി തന്നെയാണ് ഹൃദ്യ പെരുമാറിയതും.
“ഹൊ..ഇങ്ങനെയുമുണ്ടോ രണ്ടെണ്ണം. സ്നേഹം മനസിൽ ഒളിപ്പിച്ചിട്ട് സൈക്കോകളെ പോലെ പെരുമാറുന്നു”
എന്തൊക്കെ പറഞ്ഞാലും അഥർവിനെ അത്രയെളുപ്പത്തിൽ മനസ്സിൽ നിന്ന് ഇറക്കി വിടാൻ കഴിയില്ല.സ്നേഹിച്ചു പോയി ഒരുപാട്. എത്രത്തോളമെന്ന് ചോദിച്ചാൽ അറിയില്ല.ഒരുപക്ഷേ അനന്തമായ ആകാശത്തോളമാകാം.എണ്ണിയാലൊടുങ്ങാത്ത സാഗരത്തിരമാല പോലെയാകാം.അവനോടുളള സ്നേഹത്തിന്റെ ആഴം വിവരിക്കാനോ എഴുതാനോ കഴിയില്ല.
“ഞാൻ ക്ലാസിലേക്ക് പോകുവാണ്.എക്സാം അടുത്ത് വരുന്നു” ഹൃദ്യയുടെ അനുമതിക്ക് കാത്ത് നിൽക്കാതെ നവി ക്ലാസിലേക്ക് പോയി.
ഹൃദ്യ ഫോൺ ചെയ്തു അക്ഷരയേയും നീതിയേയും ലൈബ്രറിയിലേക്ക് വിളിപ്പിച്ചു കാര്യം പറഞ്ഞു.
“ഇനിയിതിങ്ങനെ വിട്ടാൽ പറ്റില്ല” അവർ ഒരുമിച്ച് ഒരു തീരുമാനം എടുത്തിട്ടാണ് അവിടെ നിന്ന് പിരിഞ്ഞത്.
💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼
രണ്ടു ദിവസം പതിയെ കടന്നു പോയി. നീതിയും നവിയും കോളേജിൽ വരും പോകും.മറ്റൊന്നും അവർ ശ്രദ്ധിച്ചില്ല.അനിയത്തി കുറച്ചു ദിവസം കോളേജിൽ വരാതിരിക്കാൻ ശ്രമിച്ചതിന്റെ കാരണം നീതിക്ക് മനസ്സിലായി.അവൾ നവമിയെ ഉപദേശിക്കുകയും ചെയ്തു.
“നീ വരാതിരുന്നാൽ അഥർവിന് കുഴപ്പമൊന്നും ഇല്ല.പക്ഷേ അവിടെ തോൽക്കുന്നത് നീയാണ്.തോൽപ്പിക്കാൻ ശ്രമിക്കുന്നവരുടെ മുമ്പിൽ കാലൊന്ന് ഇടറിയാൽ മെല്ലെ പാദങ്ങൾ ഉറപ്പിച്ചു നേരെ നിന്നു കാണിക്കണം.അപ്പോൾ അവരുടെ നെഞ്ചിലൊരു പിടച്ചിലുണ്ടാകും.അതാണ് നമ്മുടെ വിജയവും”
ചേച്ചി പകർന്ന് നൽകിയ വാക്കുകൾ നവിയിൽ അഗ്നിയായി വർഷിച്ചു.അതിൽ നിന്ന് ഊർജ്ജം കൊണ്ടവൾ കോളേജിലേക്ക് പോകാൻ തയ്യാറായി.
രണ്ടു ദിവസം കൊണ്ട് അനിയത്തി ആളാകെ മാറിയത് പോലെ നീതിക്ക് തോന്നി.നീതി പ്രതീക്ഷിച്ചതും അങ്ങനെയൊരു നവമിയെയാണ്.എല്ലാ തകർച്ചയും നേരിടാനായി കരുത്താർജ്ജിച്ചൊരു അഗ്നിയെയാണ്.
💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼
അടുത്ത ഞായറാഴ്ച എത്തിയതോടെ അഭിമന്യുവിന്റെ വീട്ടിൽ നിന്ന് അവരും കുറച്ചു ബന്ധുക്കളുമെത്തി.മോതിരമിടീൽ ചടങ്ങായിരുന്നു നടന്നത്.ഇത് കഴിഞ്ഞു വേണം അഭിക്ക് പുതിയ സ്ഥലത്ത് ജോയിൻ ചെയ്യാൻ.
കാറ്ററിങ്ങുകാരെ ഭക്ഷണത്തിന്റെ കാര്യം ഏർപ്പാടാക്കിയതിനാൽ വീട്ടിൽ ആർക്കും വലിയ പണിയൊന്നും ഉണ്ടായിരുന്നില്ല.നവമി ചേച്ചിയുടെ കൂടെ നിഴലുപോലെ ഉണ്ടായിരുന്നു. അവളാണ് നീതിയെ ഒരുക്കിയതും.അത്യാവശ്യം ബന്ധുക്കാരെയും അയൽക്കാരെയും മാത്രമേ ചടങ്ങിനു രമണൻ ക്ഷണിച്ചിരുന്നുള്ളൂ.
എല്ലാവരുടെയും സാന്നിധ്യത്തിൽ അഭി തന്റെ പേര് കൊത്തിയ സ്വർണ്ണ മോതിരം നീതിയുടെ വിരലിൽ അണിയിച്ചു.അതോടെ നീതി അഭിക്കുളളതാണെന്ന് പൂർണ്ണമായും ഉറപ്പിച്ചു.
“എനിക്ക് ഇപ്പോഴാണ് സമാധാനമായത്” ഭക്ഷണം കഴിച്ചു കഴിഞ്ഞു അവസരത്തിൽ അടുത്ത കിട്ടിയ നീതിയുടെ കാതിൽ അഭിമന്യു മന്ത്രിച്ചു.മനോഹരമായൊരു പുഞ്ചിരി ആയിരുന്നു അവളുടെ മറുപടി.
“നാളെ ഞാൻ പോകും.കുറച്ചു ദൂരെയാണ് ” പെട്ടെന്ന് നീതിയുടെ മുഖം വാടി.അത് ശ്രദ്ധിച്ച അവൻ അവളെ ആശ്വസിപ്പിച്ചു.
“ശരീരം മാത്രമേ അകലെയുള്ളൂ…മനസ് എപ്പോഴും നിന്റെ കൂടെയാണ്.കാണാൻ ആഗ്രഹിക്കുന്ന നിമിഷം നീ പോലുമില്ലാതെ ഞാൻ നിന്റെ മുന്നിലുണ്ടാകും” അവൻ വാക്ക് നൽകി. അതോടെയാണ് നീതിയുടെ മുഖമൊന്ന് തെളിഞ്ഞത്.തുളസിക്ക് മരുമകളെ കൂടെ കൊണ്ട് പോയാൽ മതിയെന്നാണ് ചിന്ത മുഴുവനും. അതവർ തുറന്നു പറയുകയും ചെയ്തു.
“രണ്ടു മാസം വലിയ അകലം തന്നെയാണ്” അതിന്റെ പൊരുൾ മനസ്സിലായതും എല്ലാവരും ചിരിച്ചു.
“സാരമില്ലെടീ രണ്ടു മാസം പെട്ടെന്ന് പൊയ്ക്കോളും” സിദ്ധാർത്ഥൻ ഭാര്യയെ ആശ്വസിപ്പിച്ചു.
അഭിയും കുടുംബവും യാത്ര പറഞ്ഞു പോയി.രാത്രി ആയപ്പോഴേക്കും രമണൻ ഭാര്യയേയും രണ്ടു പെണ്മക്കളെയും വിളിച്ചു.
“നവമി ഒരുദിവസം എന്നത്.ഒരാഴ്ചയായി.നിന്റെ തീരുമാനം പറഞ്ഞില്ല”
നവിയുടെ ഉടലിലൊരു വിറയൽ ബാധിച്ചു.അച്ഛനു നൽകാൻ വ്യക്തമായൊരു മറുപടി ഉണ്ടായിരുന്നില്ല. നീതിയും വല്ലാതായി.
“അച്ഛൻ തന്നെ ഒരാളെ കണ്ടുപിടിച്ചോളൂ..ആരായാലും എനിക്ക് സമ്മതം.അങ്ങനെ പ്രത്യേകിച്ചൊരു ഇഷ്ടം എനിക്കായില്ല” രമണന്റെ മുഖം സന്തോഷത്താൽ വികസിച്ചു.
“ഇല്ല മോളേ..നിനക്ക് ഇഷ്ടപ്പെട്ടൊരു പുരുഷൻ എന്ന് വരുന്നോ അല്ലെങ്കിൽ എനിക്ക് ഇന്നയാളെ ഇഷ്ടമാണെന്ന് പറയുന്ന അന്നേ അച്ഛൻ വിവാഹം നടത്തുന്നുള്ളൂ.മറ്റൊരാളെ അടിച്ചേൽപ്പിക്കാൻ ഞാൻ തയ്യാറല്ല.രണ്ടു വ്യക്തികൾ തമ്മിലുള്ള കരാറാണ് ദാമ്പത്യമെങ്കിലും രണ്ടു കുടുംബത്തിൽ തമ്മിലുള്ള കൂടിച്ചേരലാണ് വിവാഹം. പക്ഷേ ജീവിതം നിന്റെയാണ്.മനസ്സും ശരീരം കൊണ്ടും നീ ആഗ്രഹിക്കുന്നൊരു പുരുഷന്റെ കൂടെയാണ് ജീവിക്കേണ്ടത്..കാരണം ജീവിതം നിന്റെയാണ്.നിന്നെ മനസ്സിലാക്കുന്ന ഒരാളാകണം നിന്റെ ലൈഫ് പാർട്ട്ണർ.അതുപോലെ തന്നെ തിരിച്ചും”
അച്ഛൻ പറഞ്ഞതാണ് ശരി. ജീവിതം തന്റെയാണ്.പുതിയ ഒരാളുമായി പൊരുത്തപ്പെട്ട് ജീവിക്കുന്നതിനെക്കാൾ നല്ലത് പരിചയമുള്ള ഒരാളാണെങ്കിൽ തന്നെ അത്രയും എളുപ്പത്തിൽ മനസ്സിലാക്കാനും കഴിയും.നവമി ചിന്തിച്ചു.
“നിനക്ക് ഇഷ്ടമുള്ള അത്രയും പഠിക്കുക. സ്വന്തമായൊരു ജോലി പെൺകുട്ടികൾക്ക് നല്ലതാണ്.നീതി മോളുടെ കാര്യത്തിൽ അവൾക്ക് അനുയോജ്യനായ ആളെ തന്നെ കിട്ടിയത്. അതുപോലെ എന്റെ മോൾക്കും അങ്ങനെ ഒരാൾ വരും.അച്ഛന് ഉറപ്പുണ്ട്.”
അച്ഛന്റെ കണ്ണുകൾ നിറയുന്നത് കണ്ട് നീതിക്കും നവമിക്കും സങ്കടമായി.ഇരുവരും അച്ഛന്റെ ഇടം വലം നിന്ന് കണ്ണീരൊപ്പി.രാധയുടെ മനസ്സും നിറഞ്ഞു.
💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼
രാത്രി കിടക്കാൻ നേരം തന്നെ പുൽകിയ അനിയത്തിയുടെ കരങ്ങൾക്ക് മുറുക്കം കൂടുതലാണെന്ന് നീതിക്ക് തോന്നി.
“എന്ത് പറ്റിയെടീ” നവിമിയോട് ചോദിച്ചെങ്കിലും അനിയത്തി കരയുകയാണെന്ന് മനസ്സിലായി.അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു.
“രണ്ടു മാസം കൂടി കഴിഞ്ഞാൽ ചേച്ചി പോകും ഇല്ലേ” ആ ഓർമ്മയിൽ നീതിയൊന്ന് നടുങ്ങി.അനിയത്തിയെ സ്നേഹിച്ചു തുടങ്ങിയട്ട് കുറച്ചു നാളുകളായുള്ളൂ.അഭിയേട്ടനുമായി വിവാഹം ഉറപ്പിച്ചെങ്കിലും കൂടപ്പിറപ്പിനെ പിരിയേണ്ടി വരുമെന്ന് ഓർത്തില്ല.അല്ല മനപ്പൂർവ്വം ഓർക്കാഞ്ഞതാണ്.അതോർത്താൽ സങ്കടം ഇരട്ടിക്കുകയുള്ളൂ.
“അഭിയേട്ടനൊരു അനിയൻ ഉണ്ടായിരുന്നെങ്കിൽ നിന്നെ അവനെക്കൊണ്ട് കെട്ടിച്ചു അങ്ങ് കൊണ്ട് പോകുമായിരുന്നു” തന്റെ മനസിലുളളത് നീതി പറഞ്ഞു.
“ദൈവം എല്ലാം കൂടി തന്ന് അനുഗ്രഹിക്കില്ലല്ലോ ചേച്ചി.സാരമില്ല എന്നും എന്റെ ചേച്ചിക്കൊരു നല്ല ജീവിതം. ഞാനതേ ആഗ്രഹിച്ചിട്ടുള്ളൂ” നീതി കുനിഞ്ഞ് അനിയത്തിയുടെ കവിളിൽ ചുണ്ടുകൾ അമർത്തി. അവളും കരഞ്ഞു.
“അതേ ചേച്ചിയുടെ വിവാഹം കഴിഞ്ഞാൽ ഞാനും കൂടെ വരും.എന്നെ അങ്ങനെ ഒഴിവാക്കാൻ ശ്രമിക്കണ്ടാ” കരച്ചിൽ നിർത്തി നവി ചിരിച്ചു.അത് കണ്ടു നീതിക്കും ചിരി വന്നു പോയി.
💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼
വെളുപ്പിനെ അഭി ഉറക്കം ഉണർന്നിരുന്നു.അതിനു മുമ്പേ തുളസി എഴുന്നേറ്റ് കിച്ചണിൽ കയറിയിരുന്നു.അഭിമന്യു രാവിലെ ഏഴുമണിക്ക് പോകുകെന്ന് ഇന്നലെ രാത്രിയിലെ പറഞ്ഞിരുന്നു.
കട്ടൻ ചായയുമായി മകന്റെ മുറിയിൽ തുളസിയെത്തി.അപ്പോൾ പല്ല് ബ്രഷ് ചെയ്തിട്ട് അഭി വന്നിരുന്നു. അമ്മ നൽകിയ കട്ടൻ ചായ മെല്ലെ ഊതിക്കുടിച്ചു.തുളസി മുറിവിട്ട് ഇറങ്ങിയതും അഭി ഫോൺ എടുത്തു.
ഫോൺ ബെല്ലടിക്കുന്ന ശബ്ദം കേട്ടാണ് നീതി ഉറക്കം ഉണർന്നത്. ആരാണ് വെളുപ്പാൻ കാലത്ത് വിളിക്കുന്നത്. തന്നെ ചുറ്റിയിരുന്ന നവിയുടെ കൈ മെല്ലെ എടുത്ത് മാറ്റി ഫോൺ എത്തി എടുത്തു. നോക്കുമ്പോൾ അഭിയേട്ടൻ കാളിങ്ങ്.അവളുടെ മുഖം സന്തോഷത്താൽ വികസിച്ചു.
“ഹലോ നീതിക്കുട്ടി” കാതരമായ സ്വരം.
“എന്തോ” അനുസരണയോടെ വിളികേട്ടു.
“ശ്രീമതി എഴുന്നേറ്റോ?”
“ഇല്ല” തെല്ല് മടിയോടെ പറഞ്ഞു.
“കല്യാണം കഴിഞ്ഞാൽ ശീലങ്ങൾ മാറ്റേണ്ടി വരും”
“അതിനെന്താ ഏട്ടാ.. ഭർത്താവിനു വേണ്ടി ശീലങ്ങൾ മാറ്റാൻ ഞാൻ ഒരുക്കമാണ്” അവളുടെ മറുപടിയിൽ അഭിയുടെ മനസ്സ് നിറഞ്ഞു.
“ഏട്ടൻ എപ്പോഴാ ഇറങ്ങുന്നത്”
“ഏഴുമണിക്ക്”
“ങും..അവളൊന്ന് മൂളി.
” എനിക്കൊന്ന് കാണണം” സ്വരത്തിൽ സങ്കടം വന്നു. അത് അഭിക്ക് മനസ്സിലായി.
“ഇറങ്ങാൻ നേരം അത് വഴി വന്നിട്ടേ പോകൂ” അവൻ ഉറപ്പിച്ചു കൊടുത്തു. പിന്നെ കിടന്ന് ഉറങ്ങാൻ നീതിക്ക് തോന്നിയില്ല.കുളി കഴിഞ്ഞ് സെറ്റ് സാരിയുടുത്ത് അവൾ ഒരുങ്ങാൻ തുടങ്ങി. നവമി ഉണരുമ്പോൾ കുളിച്ച് ഒരുങ്ങി സുന്ദരിയായി നിൽക്കുന്ന ചേച്ചിയെയാണ്.അവൾ മൂക്കത്ത് വിരൽ വെച്ചു.
“എന്തുപറ്റി കാക്ക മലർന്ന് പറക്കുമല്ലോ” നവി ചേച്ചിയെ കളിയാക്കി.സാധാരണ എട്ടുമണി ആകുമ്പോഴേ നീതി എഴുന്നേൽക്കാറുള്ളൂ.
“അഭിയേട്ടൻ വരുന്നുണ്ട്” അപ്പോഴാണ് നവമിക്ക് ചേച്ചി വെളുപ്പാൻ കാലത്ത് ഒരുങ്ങിയതിന്റെ ഗുട്ടൻസ് മനസ്സിലായത്.അതോടെ ഉറക്കം മതിയാക്കി അവളും എഴുന്നേറ്റു.
ഏഴ് മണി കഴിഞ്ഞു അഭി നീതിയുടെ വീട്ടിൽ എത്തുമ്പോൾ. രമണനും രാധയും അറിഞ്ഞിരുന്നു അവൻ വരുന്നത്.എല്ലാവരോടും യാത്ര ചോദിച്ചിട്ട് അവൻ നീതിയെ അരികിൽ വിളിച്ചു.
“സ്വസ്ഥമായി സംസാരിക്കാൻ ഒരിടം ലഭിക്കുമോ?” അതിന്റെ അർത്ഥം മനസ്സിലായതും അവൾ പറഞ്ഞു.
“ഉള്ള സ്ഥലം കൊണ്ട് അഡ്ജസ്റ്റ് ചെയ്താൽ മതി” അവൾക്ക് ചിരി വന്നു.. കൂടെ അവനും ചിരിച്ചു.
“സാരമില്ലെടീ വിവാഹം കഴിയട്ടെ..പലിശയും കൂട്ടി ഞാൻ മുതൽ ഈടാക്കിക്കോളാം”
“ആയിക്കോട്ടെ… നാണത്താൽ നീതിയുടെ മുഖം ചുവന്നു.
അഭിയിൽ നിന്നൊരു സ്നേഹ ചുംബനം നീതിയും കൊതിച്ചിരുന്നു.എങ്കിലും അതവളടക്കി.ഒരിക്കൽ തെറ്റ് ചെയ്യാൻ ശ്രമിച്ചെന്നൊരു കുറ്റബോധം അവളിൽ ഉണ്ടായിരുന്നു. അതാണ് അഭിക്ക് സാഹചര്യം ഒരുക്കാഞ്ഞതും.സ്പർശനം പോലും വിവാഹം കഴിഞ്ഞു മതിയെന്ന് അവൾ തീരുമാനിച്ചിരുന്നു..
യാത്ര പറഞ്ഞു അഭി പോകുമ്പോൾ നീതിയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.എങ്കിലും അവൾക്ക് സന്തോഷം ഉണ്ടായിരുന്നു. അഭി കാണാൻ വന്നതിൽ…
💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼💃🏼
പതിവു പോലെ നീതിയും നവമിയും കൂടി കോളേജിലേക്ക് പോയി. ഗേറ്റ് കഴിഞ്ഞപ്പോൾ നീതിയുടെ ക്ലാസിലെ വരുൺ അവർക്ക് അരികിലെത്തിയത്.നീതിയുടെയും നവിയുടെയും പിന്നാലെ അക്ഷരയും അഥർവും ഉണ്ടായിരുന്നു.
തങ്ങൾക്ക് അരികിലെത്തിയ വരുണിനെ കണ്ട് നവമി അമ്പരന്നു. ക്ലാസിലെ അത്യാവശ്യം തല്ലിപ്പൊളിയാണവൻ.
വരുൺ നവമിക്ക് മുമ്പിൽ മുട്ടുകളൂന്ന് ഇരുന്നു.കയ്യുടെ പിന്നിൽ ഒളിപ്പിച്ച പനിനീർപ്പൂവ് അവൾക്ക് നേരെ നീട്ടി…
Love u Navi..still love u…
നവമി ഞെട്ടിപ്പോയി… വരുണിൽ നിന്ന് അങ്ങനെയൊരു നീക്കം അവൾ പ്രതീക്ഷിച്ചിരുന്നില്ല…അവൾ തരിച്ചു നിന്നു..
” ഡാ പൊട്ടാ ..അതു കണ്ടാ… അക്ഷര വിരൽ ചൂണ്ടിയതോടെ തല കുനിച്ചു നടന്ന അഥർവ് ഞെട്ടലോടെ അങ്ങോട്ട് നോക്കി..
“നവമിക്ക് മുമ്പിൽ പൂവും നീട്ടിയിരിക്കുന്ന വരുണിനെ വ്യക്തമായി അവൻ കണ്ടു.
” കാത്ത് സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തിക്കൊണ്ട് പോയല്ലോടാ മരപ്പട്ടി. നിനക്കൊന്നും യോഗമില്ലെടാ നവമിയെ പോലൊരു പെൺകുട്ടിയെ കിട്ടാൻ..
അക്ഷരയുടെ കളിയാക്കൽ കൂടി ആയപ്പോഴേക്കും അഥർവിന്റെ ക്ഷമയാകെ നശിച്ചിരുന്നു.രക്തം ചൂടു പിടിച്ചതോടെ അവൻ അലറിക്കൊണ്ട് വരുണിനു നേരെ ചീറിപ്പാഞ്ഞു ചെന്നു..
“എടാ…. ”
അവന്റെ അലർച്ച കേട്ട് നവി ഞെട്ടിത്തിരിഞ്ഞു.ഓടി വരുന്ന അഥർവിനെ കണ്ടു.അവൻ ഓടിവന്ന് വരുണിന്റെ കയ്യിൽ നിന്ന് പൂവ് തട്ടിപ്പറിച്ചു ദൂരേക്ക് എറിഞ്ഞു.
എന്നിട്ടും ദേഷ്യം തീരാതെ വരുണിനു നേരെ കയ്യോങ്ങി.അപ്പോൾ നവമിയുടെ ശബ്ദം ഉയർന്നു കേട്ടു..
“തൊട്ട് പോകരുത്…വരുണിനെ.. എനിക്ക് ഇഷ്ടമാണ് ഇവനെ”
നവമിയിൽ നിന്ന് കേട്ടത് വിശ്വസിക്കാനാകാതെ അഥർവ് തരിച്ചു നിന്നു പോയി… എന്നാൽ വരുണിന്റെ മുഖത്തൊരു വിജയച്ചിരി തെളിഞ്ഞു…
തുടരും….