Sunday, December 22, 2024
Novel

Mr. കടുവ : ഭാഗം 38

എഴുത്തുകാരി: കീർത്തി


“എന്താ കാര്യം? ”

“നീ ഇനിമുതൽ ബസിൽ പോകണ്ട. ഞാൻ സ്കൂളിലേക്ക് ആക്കിത്തരാം.”

“ഓഹ്… ഇതായിരുന്നോ? ഞാൻ കരുതി എന്നെ സ്കൂളിന്റെ പ്രിൻസിപ്പൽ ആക്കാൻ പോവാണെന്ന്. ”

“അയ്യോ… എന്നിട്ട് വേണം ഇന്ന് തുറന്ന സ്കൂൾ നാളെതന്നെ പൂട്ടാൻ. ”

“ഹും… ഞാൻ രാധുന്റെ കൂടെ പൊയ്ക്കൊള്ളാം. ഇത്രയും ദിവസം അങ്ങനെയല്ലേ പോയിരുന്നത്. ”

“രാധികയെം കൂട്ടാം. ”

“അതൊന്നും ശെരിയാവില്ല. എന്റെ ചന്ദ്രുവേട്ടാ ആ ബസിൽ പാട്ടും കേട്ട് ലോങ്ങ്‌സീറ്റിലിരുന്ന് യാത്ര ചെയ്യുന്നതിന്റെ സുഖം വേറൊരു വണ്ടിയിലും കിട്ടില്ല. അങ്ങനെ ആയിരുന്നെങ്കിൽ ഞാൻ എന്നോ ഒരു സ്കൂട്ടി വാങ്ങിക്കില്ലേ? ”

“എന്റെ കാറിലും പാട്ട് വെക്കാടി. പോരെങ്കിൽ ഞാനും പാടിത്തരാം. ”

“അയ്യോ…. വേണ്ടായേ…. നിങ്ങളോട് ഒരു പാട്ട് പാടിതരാൻ പറയാൻ തോന്നിയ നിമിഷത്തെയോർത്ത് ഞാനിന്ന് പശ്ചാത്തപിക്കുന്നു. ”

“അതെന്താടി എന്റെ പാട്ട് അത്രയ്ക്കും മോശമാണോ? ”

“പാട്ടിന് കുഴപ്പമൊന്നും ഇല്ല്യ. പക്ഷെ അതിന്റെ ഇടയിൽ കാണിച്ചുകൂട്ടുന്നതുണ്ടല്ലോ. അത് ഭയങ്കര മോശമാണ്.”

“നീ തീരെ റൊമാന്റിക് അല്ലാത്തോണ്ട് തോന്നണതാടി. മൂരാച്ചി. ”

“ആരാടോ മൂരാച്ചി. പാട്ട്കടുവേ. ”

“നീ പോടീ ഉണ്ടക്കണ്ണി. ”

“താൻ പോടോ പരട്ടകടുവേ. ” അങ്കം മുറുകി.

“എടി നിന്നോട് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട് എന്നെയിങ്ങനെ കടുവേ കടുവേന്ന് വിളിക്കരുതെന്ന്. പറഞ്ഞാൽ കേൾക്കില്ല? ”

“ഓഹോ… കടുവയെ പിന്നെ കടുവ എന്നല്ലാതെ പിന്നെന്താ കടുവേ വിളിക്കാ? കടുവ തന്നെ പറ. പറ കടുവേ പറ. ”

“നിന്നെ ഞാനിന്ന്….. ”
എന്റെ നേർക്ക് പാഞ്ഞുവരാൻ തുടങ്ങിയതും ദൈവദൂതനെപോലെ എവിടുന്നോ അച്ഛൻ കയറി വന്നു. അപ്പോൾ കിട്ടിയ തക്കത്തിന് അച്ഛനോട് യാത്ര പറഞ്ഞു ഞാനോടി. ഓട്ടത്തിനിടയിൽ തിരിഞ്ഞു നോക്കി കടുവയ്ക്ക് ഒരു ഫ്ലയിങ് കിസ്സും കൊടുത്തു.

വൈകുന്നേരം വീട്ടിൽ എത്തിയപ്പോൾ കടുവയുടെ മുഖം ഒരു കൊട്ടയ്ക്ക് ഉണ്ടായിരുന്നു. കൂടെ വരില്ലെന്ന് പറഞ്ഞതിലെ പിണക്കവും. അപ്പോഴാണ് ഏട്ടൻ വിളിച്ച് അടുത്ത ആഴ്ച നാട്ടിലേക്ക് വരണമെന്ന് പറഞ്ഞു. മീറ്റിംഗ് ഉണ്ടെന്നും ഇനിമുതൽ രണ്ടു കൺസ്ട്രക്ഷൻ കമ്പനികളും ഒരുമിച്ച് പ്രൊജക്റ്റ്‌സ് ചെയ്യാമെന്നും പറഞ്ഞത്. മുൻപ് കൊടുത്തിരുന്ന കമ്പനിയുമായുള്ള എഗ്രിമെന്റ് അവസാനിപ്പിക്കാൻ പോവാണത്രെ. ഡയറക്ടർ ബോർഡിൽ ഉള്ളതുകൊണ്ട് എന്നോടും ചെല്ലാൻ. ഓരോരോ വയ്യാവേലി. സ്കൂളും കുട്ടികളുമായി ഒതുങ്ങി കൂടാനാണ് എനിക്ക് താല്പര്യം. ഈ ഒരൊറ്റ തവണ വന്നിട്ട് പൊയ്ക്കൊള്ളാൻ ഏട്ടൻ പറഞ്ഞപ്പോൾ സമ്മതിച്ചു.

മനസില്ല മനസോടെയാണ് മീറ്റിംഗിന് ചെന്നത്. വേറെയും കുറെ കമ്പനിയിലെ ആളുകളും ഉണ്ടായിരുന്നു. അളിയന്മാർ രണ്ടാളും നല്ല പ്രസംഗത്തിലാണ്. അതും ചറപറാ ഇംഗ്ലീഷ്. ഒന്നും മനസിലാകുന്നില്ല എങ്കിലും അവര് പറയുന്നതെല്ലാം വായും പൊളിച്ച് കേട്ടുകൊണ്ടിരുന്നു. ഇടയ്ക്ക് അവര് എന്നെ നോക്കുമ്പോൾ എല്ലാം മനസിലായത് പോലെ തലയാട്ടും. ഒരുമാതിരി ടീച്ചേർസ് ക്ലാസെടുക്കുമ്പോൾ ഉറക്കംതൂങ്ങി പിള്ളേർ ഇരിക്കുന്ന പോലെ. എന്റെ ഇരിപ്പ് കണ്ട് രണ്ടിനും ചിരി വരുന്നുണ്ടെന്ന് മനസിലായി. പുറത്ത് കാണിക്കാൻ പറ്റുമോ? രണ്ടും എയർ പിടിച്ചു നിന്നു.

കുറെ കഴിഞ്ഞപ്പോൾ കോട്ടുവാ ഇടാനും കണ്ണുകൾ അടഞ്ഞു പോകാനും തുടങ്ങിയപ്പോൾ എങ്ങനെയേലും പുറത്ത് കടന്നാൽ മതിയെന്നായി. മറ്റുള്ളവരുടെ മുന്നിൽ അല്പം സ്റ്റാൻഡിൽ ഇരിക്കണ്ടേ. ദയനീയമായി ഞാനെന്റെ കടുവയുടെ മുഖത്തേക്ക് നോക്കി. ‘അടങ്ങി ഇരിക്കടി ‘ന്നുള്ള അർത്ഥത്തിൽ എന്നെ കണ്ണുരുട്ടി പേടിപ്പിച്ചു ദുഷ്ടൻ. ആശ്രയത്തിനായി ഏട്ടനെ നോക്കിയപ്പോൾ അങ്ങേര് അളിയനെക്കാളും ഭയങ്കര സാധനം. ഞാനിരിക്കുന്ന ഭാഗം ഒഴികെ ബാക്കി എല്ലായിടത്തേക്കും നോക്കുന്നുണ്ട്. രണ്ടും കണക്കാ. ദൈവമേ ഈ രണ്ടെണ്ണത്തിനെയും നീ എനിക്ക് തന്നെ തന്നല്ലോ? ഇവിടുന്ന് ചാടാൻ എന്തേലും വഴി കാണിച്ചു തരണേ ഭഗവാനെ…
പെട്ടന്നാണ് എന്റെ ഫോൺ കിടന്ന് പിടയ്ക്കാൻ തുടങ്ങിയത്. രേവതിയാണ്. ഫോൺ എടുത്തോട്ടെ ന്നറിയാൻ തലയുയർത്തി നോക്കിയപ്പോൾ രണ്ടെണ്ണവും എന്നെ നോക്കി പേടിപ്പിക്കുന്നു. വേഗം കാൾ കട്ട്‌ ചെയ്തു. യോഗല്ല്യ അമ്മിണിയെ… ദൈവം ഒരു വഴി കാണിച്ചു തന്നതായിരുന്നു. ഞാൻ അവിടെ താടിക്ക് കൈയും കൊടുത്ത് അങ്ങനെ ഇരുന്നു. പക്ഷെ ദൈവം എന്റെ കൂടെയായിരുന്നു. വീണ്ടും ഫോൺ റിംഗ് ചെയ്തപ്പോൾ മുന്നും പിന്നും നോക്കാതെ എല്ലാവരോടും ഒരു സോറിയും പറഞ്ഞു ഞാൻ പുറത്തേക്കോടി. അളിയൻസിന്റെ മുഖത്തേക്ക് നോക്കാനേ പോയില്ല. പുറത്തെത്തിയതും ഞാൻ ആശ്വാസത്തോടെ ദീർഘശ്വാസം വലിച്ചുവിട്ടു.
“എന്റെ രേവതിക്കുട്ടി…. പൊന്നെ ചക്കരെ ഉമ്മ ഉമ്മ ഉമ്മ….. ”

“ഛീ വൃത്തിക്കെട്ടവളേ നിന്റെ കെട്ടിയോന് കൊണ്ടുകൊടുക്കടി അവള്ടെ ഒരുമ്മ…. എന്റെ ചെവി കേടാക്കിയല്ലോടി പിശാചേ. ”

“സന്തോഷം കൊണ്ട് ചെയ്തതല്ലേ. ആ ബിസിനസ്കൂട്ടിൽന്ന് എന്നെ രക്ഷിച്ചതിന്. നീ ഇപ്പൊ എനിക്ക് വെറും രേവതിയല്ല. മാലാഖയാണ് മാലാഖ. ”

“നിനക്കെന്താ പെണ്ണേ വട്ടായോ? ”

“കുറച്ചു നേരം കൂടി അവിടെ ഇരുന്നിരുന്നെങ്കിൽ എനിക്ക് ശെരിക്കും വട്ടായേനെ. ”

“ഓഹ്… മീറ്റിംഗ് നടക്കാണല്ലേ? അപ്പ ഉണ്ടോ? ”

“മീറ്റിംഗ് ഹാളിൽ ഇരിപ്പുണ്ട്… നീ എന്തിനാ വിളിച്ചത്. അതും ഈ നേരത്ത് പതിവില്ലാതെ? ”

“അത്….. ഒരു പ്രശ്നം ണ്ട്. അപ്പ എന്റെ കല്യാണം ഉറപ്പിക്കാൻ പോവാണ്. ”

“എടി നീ ഞങ്ങടെ വിനോദ് സാറിനെ തേക്കാനുള്ള പ്ലാനാണോ? ”

“ഞാനല്ല നിന്റെ മൂർത്തി അങ്കിൾ. അമ്മയുടെ റിലേഷനിലുള്ള ആളാണ്. ഞാൻ മാക്സിമം പറഞ്ഞു നോക്കി. അപ്പ തീരെ സമ്മതിക്കുന്നില്ല. ആത്മഹത്യ ചെയ്യുംന്ന് വരെ പറഞ്ഞു….. ”

“പോയി ചാകടിന്ന് പറഞ്ഞുകാണും ലെ…? ”

“മ്മ്മ്…. പറഞ്ഞടി പറഞ്ഞു. എന്റെ ബലമായ സംശയം അങ്ങേര് എന്റെ അപ്പ തന്നെയാണോന്നാണ്. ”

“നീ വിഷമിക്കണ്ട. മീറ്റിംഗ് കഴിഞ്ഞിട്ട് ഏട്ടനേയും ചന്ദ്രുവേട്ടനെയും കൂട്ടി ഞാൻ അങ്ങോട്ട് വരാം. നീ വീട്ടിൽ തന്നെയല്ലേ ഉള്ളത്. ”

“അപ്പ സമ്മതിക്കില്ലേ. എനിക്ക് പറ്റില്ല പ്രിയ വിനുവേട്ടനെയല്ലാതെ……. ”
രേവു കരച്ചിൽ തുടങ്ങി. ഒരു വിധം സമാധാനിപ്പിച്ച് ഫോൺ വെച്ചു. ഇന്നത്തോടെ ഇതിനൊരു തീരുമാനം ഉണ്ടാക്കണം. ഒന്നുകിൽ മൂർത്തി അങ്കിൾ അല്ലെങ്കിൽ രേവു. മൂർത്തി അങ്കിളുമായി സംസാരിക്കുന്നതിനെപറ്റി ആലോചിച്ചു നിൽക്കുമ്പോഴാണ് ആരോ എന്റെ തോളിൽ തട്ടി വിളിച്ചത്. തിരിഞ്ഞു നോക്കിയ ഞാൻ ആളെ കണ്ട് അതിശയിച്ചു.
“താര !!! ”

“ഹലോ പ്രിയ. എനിക്കൊരു ഡൌട്ട് ഉണ്ടായിരുന്നു താൻ തന്നെയാണോന്ന്…. മാര്യേജ് കഴിഞ്ഞല്ലേ? എന്താ ഇവിടെ? ”

“അത്.. മീറ്റിംഗ്….. ”

“ഓഹ്…. ഇത്തവണയും വന്നിട്ടുണ്ടോ? അങ്കിളാണോ അതോ….? ”

“ചന്ദ്രുവേട്ടനാണ്. എന്തേ അങ്ങനെ ചോദിച്ചത്? ”

“ഒന്നുമില്ല പ്രിയ. അതൊന്നും തനിക്ക് പറഞ്ഞാൽ മനസിലാവില്ല. കഴിഞ്ഞ കുറെ വര്ഷങ്ങളായി പ്രയാഗ് കൺസ്ട്രക്ഷൻസിൽന്നുള്ള പ്രൊജക്റ്റ്‌സ് കിട്ടുന്നത് ഞങ്ങളുടെ കമ്പനിക്കാണ്. മേനോൻ അങ്കിൾ മിക്ക മീറ്റിംഗിനും വരും. വെറുതെ. ഡീൽ നടക്കാതെ പോയിട്ടും ഉണ്ട്. ”

“ഓഹ്…. അങ്ങനെയൊരു സംഭവമുണ്ടോ ഇതിനിടയിൽ. ”

“ഇത്തവണയും നാണം കെടാനായിട്ട് നിങ്ങൾ വരരുതായിരുന്നു. ”
അവളുടെ സംസാരത്തിൽ പുച്ഛവും അഹങ്കാരവും കവിഞ്ഞൊഴുകുന്നുണ്ടായിരുന്നു.
“അതിന് അന്നത്തെ CEO അല്ലല്ലോ ഇന്ന്. ”

“അതിന്റെയൊരു ടെൻഷൻ ഞങ്ങൾക്കുണ്ട്. എന്നാലും ഐ ആം ഷുവർ കോൺട്രാക്ട് സൈൻ ചെയ്യാൻ പോകുന്നത് ഞങ്ങളുടെ കമ്പനിയുമായിട്ടായിരിക്കും. ”

“ബെസ്റ്റ് ഓഫ് ലക്ക് !”

“താങ്ക്സ് ”

ശേഷം അവൾ ചുറ്റും നോക്കികൊണ്ട്‌ എന്റടുത്തേക്ക് കുറച്ചു കൂടി നീങ്ങിനിന്നു. എന്തോ രഹസ്യം പറയാനെന്ന പോലെ.
“പ്രിയ പ്രയാഗ് നമ്പ്യാരെ കണ്ടിട്ടുണ്ടോ? ഇതിന്റെ ഒറിജിനൽ ഓണർ. ”

“എന്താ താര അങ്ങനെ ചോദിച്ചേ? ”

“ആളെക്കുറിച്ച് കേൾക്കുന്നതൊന്നും അത്ര നല്ല കാര്യങ്ങളല്ല. എന്നാലും പറയാതിരിക്കാൻ വയ്യ എന്തൊരു ഗ്ലാമൗർ ആണ് പുള്ളി. കണ്ടപ്പോൾ അറിയാതെ നോക്കിനിന്നു പോയടൊ. ”
അത്രയും നേരത്തെ പൊങ്ങച്ചത്തിനിടയിൽ അവളൊരു സത്യം പറഞ്ഞു. അതുകേട്ടപ്പോൾ എനിക്ക് വല്ലാത്ത അഭിമാനം തോന്നി. കാരണം അവള് പറഞ്ഞ ആ ചുള്ളൻ എന്റെ ഏട്ടനല്ലേ.
അതുകൊണ്ട് ഞാൻ അവളോടൊരു “താങ്ക്സ് ” പറഞ്ഞു.

“അതെന്തിനാ പ്രിയ താങ്ക്സ് പറയുന്നേ? ”

“ങേ… അത്…. ചുമ്മാ…..വെറുതെ കെടക്കട്ടെന്നേ. ”
പെട്ടന്ന് മീറ്റിംഗ് ഹാളിന്റെ ഡോർ തുറന്നു എല്ലാവരും പുറത്തേക്ക് വന്നു. ഏറ്റവും ഒടുവിലാണ് ഏട്ടനും ചന്ദ്രുവേട്ടനും ഇറങ്ങിയത്. കൂടെ അങ്കിളും ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അയ്യാളെ കണ്ടതും താര ഗൗതംന്ന് വിളിച്ച് അങ്ങോട്ട് ഓടി. ഓഹ്… ഇതാണോ ആ അവതാരം ‘കൗതം’. അയ്യാൾ ഏട്ടനോട് എന്തോ കാര്യമായി സംസാരിച്ചുകൊണ്ടാണ് വരുന്നത്. മുഖത്ത് നിരാശയും.
“ആരായിരുന്നു ഫോണിൽ? ”
അടുത്തുവന്ന ചന്ദ്രുവേട്ടൻ ചോദിച്ചു.

“അത് രേവതിയായിരുന്നു. ഇവിടുത്തെ എല്ലാം കഴിഞ്ഞിട്ട് നമുക്ക് അങ്ങോട്ടൊന്ന് പോണം. കാര്യം അല്പം സീരിയസ് ആണ്. ”

“വിനോദിന്റെ വിഷയമാണോ? ”
അതെയെന്ന് ഞാൻ തലയാട്ടി. അപ്പോഴേക്കും ഏട്ടനും വന്നു. താരയെ നോക്കിയപ്പോൾ ഭാര്യയും ഭർത്താവും കൂടി ഭയങ്കര ചർച്ചയിലാണ്. രണ്ടിന്റെയും നോട്ടം ചന്ദ്രുവേട്ടനിലായിരുന്നു. ഞാൻ അവളുടെ അടുത്ത് പോയി ഏട്ടനെ പരിചയപ്പെടുത്തി.
“താര ഇതെന്റെ ഏട്ടനാണ്. പ്രയാഗ്. ”

“പ്രിയ !!!”
അവള് അമ്പരപ്പോടെ പറഞ്ഞു.

“നോ. പ്രിയദർശിനി നമ്പ്യാർ. ഇപ്പോൾ mrs. ചന്ദ്രമൗലി. ”
ഏട്ടൻ കൂട്ടിച്ചേർത്തു. താരയ്ക്ക് ആ സത്യം ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ലെന്ന് അവളുടെ നിൽപ്പിൽ നിന്നു മനസിലായി.
“എന്നാ ഞങ്ങൾ പോട്ടെ. ബൈ. ”

യാത്ര പറഞ്ഞു തിരിഞ്ഞതും താര വിളിച്ചു. മടിച്ചു മടിച്ചു ഒരു സോറി.
“സോറിയൊന്നും പറയണ്ട. ഞാനതെല്ലാം അപ്പഴേ മറന്നു. പിന്നെ തന്നോട് എനിക്ക് തീർത്താൽ തീരാത്ത കടപ്പാടുണ്ട്. അതൊരുവട്ടം ഞാൻ പറഞ്ഞതുമാണ്. ചന്ദ്രവേട്ടനെ എനിക്ക് കിട്ടാൻ കാരണം നീയാണ്. നിങ്ങൾ രണ്ടാളും. വേറൊരു കാര്യം ഒരിക്കലും മറ്റുള്ളവരെ അവരുടെ തൊഴിൽ വെച്ച് അളക്കരുത്. ഞങ്ങളുടെ അച്ഛനുണ്ടല്ലോ നിങ്ങൾ അറിയുന്ന ബിസിനസ് മാൻ മാധവൻ നമ്പ്യാർ. അദ്ദേഹം ഒരു സ്കൂൾ അധ്യാപകനായിരുന്നു. അറിയുവോ? ”

“മ്മ്മ്…. കേട്ടിട്ടുണ്ട്. ”

“ആളുകളെ വേദനിപ്പിച്ചു നേടുന്നതൊന്നും ശാശ്വതമാകില്ല താര. ചെയ്തു തെറ്റുകളെല്ലാം തിരുത്താൻ കഴിയില്ല. മകൻ വളർന്നു വരികയല്ലേ. അവനും ഇതെല്ലാം കണ്ടല്ലേ പഠിക്കുക. അമ്മ നിങ്ങളുടെ കൂടെയല്ലേ ഉള്ളത്? ഇനിയുള്ള കാലം ആ അമ്മയെ പൊന്നുപോലെ നോക്ക്. അതുകണ്ടിട്ടെങ്കിലും തന്റെ അച്ഛന്റെ ആത്മാവ് തന്നോട് ക്ഷമിക്കട്ടെ. ”

താര തല കുനിച്ചു ഒന്നും മിണ്ടാതെ എല്ലാം കേട്ടുനിന്നു.
“വിഷമിക്കണ്ട. ഏട്ടനോട് ഞാൻ പറയാം. എന്തെങ്കിലും ചെയ്യാൻ പറ്റുമോന്ന്. ”

“ഒരു നന്ദിയുടെയും കടപ്പാടിന്റെയും കഥ കേട്ടല്ലോ. അന്ന് അമ്പലത്തിൽ വെച്ച് അവളെ തടഞ്ഞുനിർത്തി പറഞ്ഞത് അതായിരുന്നോ? ”

പുറത്തേക്ക് നടക്കുന്നതിനിടയിൽ ചന്ദ്രുവേട്ടൻ ചോദിച്ചപ്പോൾ ഞാനൊന്ന് ഇളിച്ചുകാണിച്ചു. ‘കണ്ടുപിടിച്ചല്ലേ’ ന്നുള്ള അർത്ഥത്തിൽ. ഞങ്ങൾ അവിടുന്ന് മൂർത്തി അങ്കിൾനെയും കൂട്ടി അങ്കിൾന്റെ വീട്ടിലേക്കാണ് പോയത്. ഒരുപാട് നേരത്തെ ചർച്ചയ്ക്കും വാക്കുതർക്കങ്ങൾക്കും ശേഷം രേവുന്റെ പ്രണയം പൂവണിഞ്ഞു. ഫുൾ ക്രെഡിറ്റും ഏട്ടനും ചന്ദ്രുവേട്ടനുമാണ്. രണ്ടാളും അങ്കിൾനോട്‌ നന്നായി തന്നെ വാദിച്ചു. പോരാത്തതിന് വിനോദ് സാറിനെതിരെ അങ്കിൾന് പറയാൻ രണ്ടു ജാതിയാണെന്ന ഒരൊറ്റ കാരണം മാത്രമേ ഉണ്ടായിരുന്നുള്ളു. വേറെ കുറ്റങ്ങളൊന്നും സാറിനെ പറ്റി അങ്കിൾന് കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ പത്തി താഴ്ത്താതെ വേറെ നിവർത്തിയില്ലായിരുന്നു. ആ സന്തോഷത്തിൽ അന്ന് ഞങ്ങളെല്ലാം അവിടെ കൂടി പിറ്റേന്നാണ് ഞാനും ചന്ദ്രുവേട്ടനും തിരിച്ചു വീട്ടിലേക്ക് പോന്നത്. ഏട്ടൻ തറവാട്ടിലേക്കും പോയി.

വിവാഹം കഴിഞ്ഞിട്ട് ഒരു മാസം കഴിഞ്ഞു. ഇണക്കങ്ങളും പിണക്കങ്ങളും പിന്നെ ഒത്തിരി സ്നേഹവുമായി അങ്ങനെ പോകുന്നു. കല്യാണം കഴിഞ്ഞതോടുകൂടി അച്ഛൻ പെട്ടുന്ന് പറഞ്ഞാൽ മതി. പണ്ടത്തെ പോലെ ഗോളടിക്കാനുള്ള അവസരം ഇപ്പോൾ കുറവാണ്. എന്നാലും കിട്ടുന്ന ചാൻസ് മുതലാക്കാറുണ്ട്.
ഇന്ന് അവധി ദിവസമായതുകൊണ്ട് ഉച്ചക്ക് ഷെൽഫിലെ തുണികളെല്ലാം അടക്കിയൊതുക്കി വെക്കുകയായിരുന്നു. അച്ഛനും ചന്ദ്രുവേട്ടനും ഓഫീസിൽ പോയിരിക്കുന്നു. അമ്മ താഴെ ടി. വി. കണ്ടോണ്ട് ഇരിക്കുന്നു. പെട്ടന്നാണ് രണ്ടു കൈകൾ എന്റെ ഇടുപ്പിലൂടെ ചുറ്റിപ്പിടിച്ചത്.

“ചന്ദ്രുവേട്ടാ…. വേണ്ട. വിട്. ഞാനിതൊന്ന് അടക്കി വെക്കട്ടെ. എന്നിട്ട് കുട്ടികളുടെ പരീക്ഷ പേപ്പർ നോക്കാനുണ്ട്. വിട്. ”

“പരീക്ഷ പേപ്പറോ? സ്കൂൾ തുറന്നപ്പോഴേക്കും നീ അവർക്ക് പരീക്ഷയും നടത്തിയോ. കഷ്ടം. ”

“ലെസ്സൺ കഴിഞ്ഞപ്പോൾ ഒരു കുഞ്ഞു ക്ലാസ്സ്‌ ടെസ്റ്റ്‌. അത്രയേ ഉള്ളു. അല്ല മോനെന്താ ഇന്ന് ഈ നേരത്ത്? ”

“അതോ..? അതേയ്… ഞാനെന്റെ ഈ കെമിസ്ട്രി ടീച്ചർക്ക് കുറച്ചു ബിയോളജി പഠിപ്പിച്ചു തരാൻ വന്നതാ. ”

“ഛെ വൃത്തിക്കെട്ടവൻ. അങ്ങോട്ട്‌ മാറിയേ. എനിക്ക് വേറെ പണിയുണ്ട്. ”

“അല്ലേലും സ്കൂൾ തുറന്നതിൽ പിന്നെ നിനക്ക് എന്നെ തീരെ മൈൻഡ് ഇല്ല. ”

“എന്തോ…. കേട്ടില്ല. ഒന്നൂടെ പറഞ്ഞേ. ”
അപ്പൊ കടുവയ്ക്ക് മിണ്ടാട്ടമില്ല.

“എന്താ ഒന്നും മിണ്ടാത്തെ? ഒരു ബിയോളജി സാർ വന്നിരിക്കുന്നു. അതൊക്കെ ഞാൻ സ്കൂളിൽ പഠിച്ചിട്ടുണ്ട്. ”

“ഇത് നീ സ്കൂളിൽ പഠിക്കാത്ത പാഠമാ. ”

“അയ്യേ…. അങ്ങോട്ട്‌ മാറിക്കെ ഞാൻ പേപ്പർ നോക്കട്ടെ. നാണമില്ലാത്ത മനുഷ്യൻ. ”

“അത് നീ രാത്രി സ്വസ്ഥമായി ഇരുന്ന് നോക്കിക്കോ. ശല്യം ചെയ്യാൻ ഞാനുണ്ടാവില്ലല്ലോ. ”

“ചന്ദ്രുവേട്ടൻ എവിടെ പോണു? ”
ആ കൈകളിൽ നിന്ന് കുതറിയോടാൻ ശ്രമിച്ചിരുന്ന ഞാൻ പെട്ടന്ന് തിരിഞ്ഞു നിന്ന് ചോദിച്ചു.

“ബാംഗ്ലൂർക്ക്. ഒരു അർജെന്റ് മീറ്റിംഗ് ഉണ്ട്. വൈകീട്ടാണ് ഫ്ലൈറ്റ്. രണ്ടു ദിവസം കഴിഞ്ഞേ വരൂ. ”

“രണ്ടു ദിവസോ? ചന്ദ്രുവേട്ടൻ തന്നെ പോണോ? വേറെ ആരെങ്കിലും…. ”

“വേറെ ആര് പോയാലും ശെരിയാവാത്തത് കൊണ്ടല്ലേ. അത്രയും പ്രധാനപ്പെട്ട മീറ്റിംഗാണ്. അതുകൊണ്ടാണ് അച്ഛനെപോലും വിടാതെ ഞാൻ തന്നെ പോകുന്നത്. ”

“എന്നാ ഞാനും വരട്ടെ? ”

“ആഗ്രഹമില്ലാഞ്ഞിട്ടല്ല. മീറ്റിംഗിന് ഇടയിൽ നിന്നെ ശ്രദ്ധിക്കാൻ പറ്റിയില്ലെങ്കിലോ? ”

“എന്നാലും…. ”

“നിന്നെ വിട്ടുനിൽക്കാൻ എനിക്കും മനസുണ്ടായിട്ടല്ല. ഒഴിച്ചുകൂടാൻ പറ്റാത്തത് കൊണ്ടാണ്. ഒരു രണ്ടു ദിവസത്തെ കാര്യമല്ലേ ഉള്ളു. മ്മ്മ്…? ”
എന്റെ മുഖം കൈക്കുമ്പിളിൽ എടുത്ത് ചോദിച്ചു.

“മ്മ്മ്… ”
മനസ്സില്ലാ മനസോടെ ഞാൻ സമ്മതിച്ചു. പതിയെ ചന്ദ്രുവേട്ടന്റെ മുഖം താഴ്ന്നു വരുന്നത് അറിഞ്ഞതും ഞാനാ കൈ തട്ടിമാറ്റി പുറത്തേക്ക് ഓടാൻ ശ്രമിച്ചു. പക്ഷെ എനിക്ക് മുൻപേ എന്റെ നീക്കം ചന്ദ്രുവേട്ടൻ മനസിലാക്കിയിരുന്നു. ഓടാൻ നിന്ന എന്റെ സാരിത്തലപ്പിൽ പിടി വീണു. വൈകാതെ എന്നെ പൊക്കിയെടുത്ത് ബെഡിലേക്കിട്ട് കടുവ എന്റെ മേലേക്ക് ചാടിവീണു.

രണ്ടു ദിവസത്തേക്ക് ആണെങ്കിൽ പോലും ചന്ദ്രുവേട്ടൻ കൂടെയില്ലാതെ എന്തോ പോലെ. ഒരുമാതിരി ഉപ്പില്ലാത്ത കഞ്ഞി പോലെ. കയ്പ്പില്ലാത്ത കഷായം പോലെ. ബോധമില്ലാത്ത എനിക്ക് എവിടുന്നോ ബോധം വന്നത് പോലെ. കലപില സംസാരിച്ചു നടന്നിരുന്ന ഞാൻ പെട്ടന്ന് സൈലന്റ് ആയി. റൂമിൽ കയറിയാൽ വല്ലാത്ത ഒറ്റപ്പെടൽ. പോകാൻ നേരത്ത് ഊരിയിട്ട് ഷർട്ട്‌ അലക്കാതെ കൈയിൽ വെച്ചു. രാത്രിയിൽ അതും കെട്ടിപിടിച്ചു ഉറങ്ങി. ചന്ദ്രുവേട്ടന്റെ മണം അതിൽ നിറഞ്ഞു നിന്നു. കൂടെതന്നെ ഉള്ളത് പോലെ. ഉറങ്ങി എണീറ്റാൽ ആ ആശ്വാസവും ഇല്ലാതാകും. ആ കുസൃതികളില്ലാതെ വിരസമായ രണ്ടു ദിവസങ്ങൾ. സമയം കിട്ടുമ്പോഴെല്ലാം ചന്ദ്രുവേട്ടൻ ഫോൺ ചെയ്യും. കാണാനുള്ള കൊതികൊണ്ട് എത്രയും വേഗമിങ്ങ് പോരട്ടെന്ന് കരുതി വീഡിയോ കാളിന് ഞാൻ സമ്മതിച്ചിരുന്നില്ല. എന്റെ വിഷമം കണ്ട് അച്ഛൻ കുറെ ആശ്വസിപ്പിച്ചു നോക്കി. രണ്ടു ദിവസം കാണാതിരുന്നപ്പോൾ ഞാൻ ഇങ്ങനെ. അപ്പോൾ ദിവസങ്ങളോളം പിരിഞ്ഞിരുന്ന് വിദേശത്ത് ജോലി ചെയ്യുന്നവരുടെ കാര്യമൊന്ന് ആലോചിച്ചു നോക്കാൻ അച്ഛൻ പറഞ്ഞപ്പോഴാണ് ഞാനും അതേപ്പറ്റി ചിന്തിച്ചത്. ശെരിയല്ലേ. വർഷങ്ങളായി കുടുംബത്തിന് വേണ്ടി കഷ്ടപ്പാടുന്നവരുണ്ട് വിദേശത്ത്. അവരുടെയൊക്കെ വിഷമത്തോളം വരില്ല എന്റേതെന്ന് തോന്നി. എന്നാലും ആ രണ്ടു ദിവസം എനിക്ക് എന്നെതന്നെ നഷ്ടപ്പെട്ടത് പോലെയായിരുന്നു.
പിറ്റേന്ന് സ്കൂളിൽ ചെന്നിട്ടും എന്റെ അവസ്ഥയിൽ മാറ്റമില്ലായിരുന്നു. വിനോദ് സാറുൾപ്പെടെ മറ്റ് ടീച്ചേർസ് അത് ചോദിക്കുകയും ചെയ്തു. ചന്ദ്രുവേട്ടനെ കാണാഞ്ഞിട്ടാണെന്ന് പറഞ്ഞാൽ നാണക്കേടല്ലേ. അതുകൊണ്ട് തലവേദനയാണെന്ന് കള്ളം പറഞ്ഞു. വിനോദ് സാറിനോട് സത്യവും. മൂഡോഫ് മാറ്റാൻ വേണ്ടി ഇന്റർവെൽ സമയത്തു പതിവില്ലാതെ സാർ എന്നെയും രാധുനെയും കൂട്ടി സ്കൂളിന് അടുത്തുള്ള ചായക്കടലേക്ക് കൊണ്ടുപോയി ചായയും പഴംപൊരിയും വാങ്ങിച്ചു തന്നു. പ്രണയം പൂവിട്ടതിന് ശേഷം സാർ നിലത്തൊന്നുമല്ല. വിവാഹവും തീരുമാനമായി. വിദേശത്തുള്ള സാറിന്റെ അനിയത്തിയും ഫാമിലിയും വരാൻ കാത്തിരിക്കുകയാണ്. രണ്ടാളും എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നുണ്ട്. ശ്രദ്ധിക്കാൻ പറ്റുന്നില്ല. മനസ് എപ്പോഴേ ചന്ദ്രുവേട്ടനൊപ്പം ബാംഗ്ലൂരിലെത്തി കഴിഞ്ഞു. തിരിച്ചു വന്നിട്ടില്ലാത്തത് കൊണ്ടല്ലേ ഞാനിങ്ങനെ കഞ്ചാവടിച്ച കോഴിയെപ്പോലെ നടക്കുന്നത്. അവരോടൊപ്പം കൂടുന്നുണ്ടെന്ന് വരുത്തി ഇടയ്ക്ക് ചിരിക്കും. അത്രതന്നെ.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28

Mr. കടുവ : ഭാഗം 29

Mr. കടുവ : ഭാഗം 30

Mr. കടുവ : ഭാഗം 31

Mr. കടുവ : ഭാഗം 32

Mr. കടുവ : ഭാഗം 33

Mr. കടുവ : ഭാഗം 34

Mr. കടുവ : ഭാഗം 35

Mr. കടുവ : ഭാഗം 36

Mr. കടുവ : ഭാഗം 37