Friday, November 22, 2024
Novel

Mr. കടുവ : ഭാഗം 33

എഴുത്തുകാരി: കീർത്തി


ആ സമയമത്രയും അമ്മ അവരെക്കുറിച്ച് തന്നെ വാതോരാതെ സംസാരിക്കുകയായിരുന്നു. എല്ലാവരുമൊത്തുള്ള ദിവസങ്ങളിലെ വിശേഷങ്ങളും സന്തോഷവുമെല്ലാം. അത് പറയുമ്പോൾ അമ്മയുടെ കണ്ണുകൾക്ക് ഒരു പ്രത്യേക തിളക്കമായിരുന്നു.

പൊതുവെ ആവശ്യത്തിന് മാത്രം സംസാരിക്കുന്ന അമ്മയെ ഞാൻ അപ്പോൾ അത്ഭുതത്തോടെ നോക്കിയിരുന്നു. ഇനിയൊന്നും പറയാനില്ലാതായപ്പോൾ അമ്മ നിർത്തി. പിന്നെ എന്തോ ആലോചനയിലായി. എനിക്ക് തോന്നി അമ്മ ഇപ്പോൾ ആ ദിവസങ്ങളുടെ ഓർമയിലാണ്.

ഇരുന്ന് മടുത്തപ്പോൾ ഞങ്ങൾ കടുവയുടെ പൂന്തോട്ടത്തിലേക്ക് ഇറങ്ങി. അപ്പോഴാണ് ചന്ദ്രുവേട്ടനെ ഇന്നലെ രാത്രി പൊക്കിയ കാര്യം അമ്മ പറഞ്ഞത്. ചന്ദ്രുവേട്ടൻ ഔട്ട്‌ ഹൗസിൽ വന്ന കാര്യം അച്ഛനും അമ്മയും കണ്ടുപിടിച്ചുന്ന് അറിഞ്ഞപ്പോൾ ഞാനാകെ ചൂളിപ്പോയി. നാണക്കേട്. കള്ളക്കടുവ. വേണ്ടാത്ത ഓരോ പണിക്ക് നിന്നിട്ട് എന്നെക്കൂടി നാണംകെടുത്തി. എന്നിട്ട് ചോദിച്ചപ്പോൾ പറഞ്ഞതോ നന്ദ്യാർവട്ടം പൂവിട്ടോന്നറിയാൻ പോയതാത്രേ.

ഇങ്ങോട്ട് വരട്ടെ കൊടുക്കുന്നുണ്ട്. നോക്കിക്കോ ഇതിന്റെയൊക്കെ ചേർത്തു നല്ലൊരു പണി ഞാൻ തരുന്നുണ്ട്. ഞാൻ മനസ്സിൽ കുറിച്ചു.

കുറെ നടന്ന് വയ്യാതായപ്പോൾ അമ്മ ഉമ്മറത്തു കസേരയിൽ പോയിരുന്നു. ഞാനപ്പോഴും ആ ചെടികൾക്കിടയിൽ ആയിരുന്നു. ഈ പൂന്തോട്ടം കാണുമ്പോൾ കടുവയോട് വല്ലാത്തൊരു മതിപ്പ് തോന്നും. അത്ര മനോഹരമായിട്ടാണ് ഇവയെ പരിപാലിക്കുന്നത്. ഒരുവിധം എല്ലാത്തരം ചെടികളും എവിടുന്നൊക്കെയോ സംഘടിപ്പിച്ചിട്ടുമുണ്ട്.

കല്യാണം കഴിഞ്ഞിട്ട് വേണം ചന്ദ്രുവേട്ടനെ സോപ്പിട്ട് ഇവിടം ഒരു ടൂറിസ്റ്റു കേന്ദ്രമാക്കാൻ. അല്ല പിന്നെ. എന്റെ കടുവയുടെ കഴിവ് എല്ലാവരും ഒന്നറിയട്ടെന്നെ.

ഇതിലെ പൂക്കളെ തൊടാൻ പോലും സമ്മതിക്കാത്തതാണ് ഏറ്റവും കഷ്ടം. ഇവിടെ വന്ന ആദ്യ ദിവസം കേട്ട ആ ഗർജ്ജനം ഇപ്പോഴും ചെവിക്കകത് കിടന്ന് മുഴങ്ങുന്നത് പോലെ. ആഗ്രഹം തോന്നി ഏതെങ്കിലും പൂവിൽ തൊടാൻ കൈ തരിക്കും.

അപ്പോഴും മനസിലേക്ക് ആദ്യം വരുന്നത് അന്നത്തെ ആ ‘ടി…’ ന്നുള്ള വിളിയും കടുവദുർവ്വാസാവിനെയുമാണ്.ഹോ.. ആലോചിക്കാൻ തന്നെ പേടിയാവാ. ഭയങ്കരം!!!

അങ്ങനെ നടക്കുമ്പോഴാണ് മുറ്റത്ത് വരിവരിയായി മൂന്നു കാറുകൾ വന്നു നിന്നത്. ഹായ്… ഇതെന്താ സൈക്കിൾ റാലി പോലൊരു കാർ റാലിയോ. അച്ഛന്റെയും വാസുവേട്ടന്റെയും കൂടെ കാറിൽ നിന്നും മുതിർന്നവരാണ് ഇറങ്ങിയത്. പുറകിൽ ചന്ദ്രുവേട്ടന്റെ കൂടെ ഒരു പടയും.

അച്ഛന്റെ കൂടെ കാറിൽ നിന്നിറങ്ങിയ മനുഷ്യന് അച്ഛന്റെ അതേ ഛായയാണ്. പ്രായം അച്ഛനെക്കാൾ കുറവാണ്. അതായിരിക്കും ചെറിയച്ഛൻ.

കാറിൽ നിന്നിറങ്ങിയ ചന്ദ്രുവേട്ടൻ ചെടികൾക്കിടയിൽ നിൽക്കുന്ന എന്നെ, സംശയാസ്പദമായ സാഹചര്യത്തിൽ കുറ്റവാളികളെ കാണുന്ന പൊലീസുകാരെ പോലെ അടിമുടി നോക്കുന്നുണ്ടായിരുന്നു.

ഉടനെ ആ വാനരപ്പടയോട് എന്തോ പറഞ്ഞ് എന്റെ അടുത്തേക്ക് പാഞ്ഞുവന്നു.

“എന്താടി ഇവിടെ ചെയ്യുന്നേ? ”

സംശയരോഗി. അങ്ങേരില്ലാത്ത തക്കം നോക്കി ഞാനങ്ങേരുടെ ചെടികളെ പീഡിപ്പിച്ചോന്നറിയാനുള്ള തെളിവെടുപ്പാണ്. ചോദിക്കുന്നതിനിടയിലും വല്ല ചെടികൾക്കും അംഗഭംഗമോ മാനഹാനിയോ സംഭവിച്ചിട്ടുണ്ടോന്ന് പരിശോധിക്കാനും മറന്നില്ല.

“ഇവിടെ എവിടെയോ നന്ദ്യാർവട്ടം പൂവിട്ടിട്ടുണ്ടെന്ന് കേട്ടു. അതൊന്ന് കാണാനിറങ്ങിയതാ. ”

“അത് ഞാനെയ്…. ”

ചന്ദ്രുവേട്ടൻ എന്തോ പറയാൻ തുടങ്ങിയതും വാനരപ്പട അങ്ങോട്ട് വരുന്നത് കണ്ടു. ഉടനെ ചന്ദ്രുവേട്ടൻ എന്റെ കൈയിൽ പിടിച്ചു വലിച്ച് മുറ്റത്തേക്ക് നടന്നു. പേടിച്ചിട്ടാണ്.

എല്ലാതും കൂടി ആ പൂന്തോട്ടം ചവിട്ടിമെതിച്ചാലോന്നുള്ള പേടി. എല്ലാവരുടെയും കണ്ണുകൾ ഞങ്ങളിലാണെന്ന് അറിഞ്ഞപ്പോൾ എന്തോപോലെ തോന്നി.

പെട്ടന്നാണ് പടയിലെ നാല് തരുണീമണികൾ “ഏട്ടത്തി ” ന്ന് വിളിച്ചോണ്ട് ഓടിവന്ന് എന്നെ ഉടുമ്പടക്കം കെട്ടിപിടിച്ചത്.

അപ്രതീക്ഷിതമായുള്ള അവരുടെ ആക്രമണത്തിൽ ഞാൻ മാത്രമല്ല എല്ലാവരും പകച്ച് പണ്ടാരമടങ്ങിയിരിക്കണെന്ന് അവരുടെ നിൽപ്പ് കണ്ടാലറിയാം. പിന്നീട് അത് ചിരിയായി.

പെണ്ണുങ്ങളെ ഒന്ന് മയത്തിൽ കെട്ടിപിടിക്ക്, എനിക്ക് ശ്വാസം മുട്ടീട്ട് വയ്യ. ഇടയിൽ എല്ലെങ്ങാനും നുറുങ്ങുന്നുണ്ടോ എന്നറിയാൻ ഞാൻ ചെവിയോർത്തു.

ഒരു സഹായത്തിനു വേണ്ടി ഞാൻ എല്ലാവരെയും നോക്കി. ചന്ദ്രുവേട്ടാ വായും പൊളിച്ച് നിൽക്കാതെ ഒന്ന് രക്ഷിക്ക് മനുഷ്യാ. നിങ്ങൾക്ക് ഭാര്യ വേണെങ്കിൽ മതി.

അച്ഛാ അമ്മേ ഓടി വായോ. ഈ പെണ്ണുങ്ങൾക്ക് ഭ്രാന്താണേ… നാട്ടുകാരെ വീട്ടുകാരെ കൂട്ടക്കാരെ ആരെങ്കിലും ഒന്ന് ഇവറ്റകളെ പിടിച്ചു മാറ്റണേ. ഈശ്വരാ… ചുരിദാർ ഇട്ടാൽ മതിയായിരുന്നു. പിടിത്തം കാരണം സാരി അഴിയാതിരുന്നാൽ മതി. പക്വത വേണം, ഇമ്പ്രെഷൻ ന്നൊക്കെ പറഞ്ഞിട്ട് ചെയ്തതാ. വേണ്ടായിരുന്നു.

കെട്ടിപിടിത്തത്തിന്റെ ഇടയിൽ ആരൊക്കെയോ എന്റെ കവിളും നുള്ളിപറിച്ചെടുക്കുന്നുണ്ട്.

എന്റെ നിസ്സഹായാവസ്ഥ കണ്ട് കടുവ തന്നെ ഇടപെട്ടു. അവരിൽ നിന്നും എന്നെ രക്ഷിക്കാൻ ചന്ദ്രുവേട്ടൻ വേണ്ടി വന്നു.

തരുണികളുടെ പിടിയിൽ നിന്നും അയഞ്ഞതും ആ പരിസരത്തെ അന്തരീക്ഷത്തിൽ ഉണ്ടായിരുന്ന വായു മുഴുവൻ ഞാൻ വലിച്ചെടുത്തു. ആർക്കും തരില്ല ഞാൻ. ഈ ഓക്സിജൻ മുഴുവനും എനിക്ക് വേണം.

ശ്വാസഗതി നേരെയായപ്പോൾ ചന്ദ്രുവേട്ടൻ എനിക്ക് എല്ലാവരെയും പരിചയപ്പെടുത്തി തന്നു. അച്ഛന്റെ അനിയത്തി ഗൗരിയും ഭർത്താവ് പ്രഭാകരനും മൂന്നു മക്കളാണ്. രണ്ട് ഇരട്ടകൾ അഭിനന്ദും അഭിനവും പിന്നെ മോള് അഭിരാമി.

ചെറിയച്ഛൻ ശിവരാമൻ ഭാര്യ വിമല. അവർക്ക് ഒരു മകളും മകനുമാണ് -അശ്വതി, അഭിഷേക്. അമ്മയുടെ അനിയൻ നരേന്ദ്രൻ ഭാര്യ രേഖ. അവർക്കും ഒരു മകളും മകനും തന്നെ – വിഷ്ണു, പുണ്യ.

“വാസു കുട്ടികളുടെ ബാഗുകൾ ഏതൊക്കെയാന്ന് വെച്ചാൽ എടുത്ത് ഔട്ട്‌ ഹൗസിൽ കൊണ്ടുവെച്ചേക്ക്. ”
അച്ഛൻ വാസുവേട്ടനോട് പറഞ്ഞു.

ചന്ദ്രുവേട്ടന്റെ കാറിലുണ്ടായിരുന്ന ബാഗുകൾ വാസുവേട്ടനെ ഏൽപ്പിച്ചു. അദ്ദേഹം അതുംകൊണ്ട് ഔട്ട്‌ ഹൗസിലേക്ക് നടന്നു.

ഇരട്ടകളിൽ ഒരുവനും കൂടെ പോയി. ഞങ്ങൾ വീട്ടിൽ കയറി സംസാരിക്കുകയായിരുന്നു. എല്ലാരും എത്തിയപ്പോൾ ചിരിയും കളിയും സംസാരവും ആയി വീട് ആകെമൊത്തത്തിൽ ഒന്ന് ഇളക്കി.

ഇതിനിടയിൽ എല്ലാവരും എനിക്കും ചന്ദ്രുവിടാനുമിട്ട് നന്നായി താങ്ങുന്നുണ്ട്. പാവം ചന്ദ്രുവേട്ടനാണ് കൂടുതലും കിട്ടുന്നത്. പക്ഷെ കേളപ്പന് അതൊന്നും ഒരു വിഷയവുമേ അല്ല.

കുലുങ്ങാതെ നിൽപ്പുണ്ട്. ആന കുത്താൻ വന്നാലും നെഞ്ചും വിരിച്ചു നിൽക്കണമെന്ന് പറഞ്ഞത് പോലെ. തലയുയർത്തി തന്നെ നിൽക്കുന്നു.

എനിക്കാണെങ്കിൽ എങ്ങിനെയെങ്കിലും അവിടുന്ന് രക്ഷപ്പെട്ടാൽ മതിയെന്നായി. അച്ഛനെപ്പോലെ തന്നെയാണ് ചെറിയച്ഛനും. അപാര ഗോളിങ്ങ്.

ചെറിയച്ഛന്റെ കമന്റ്‌കൾ വെച്ച് നോക്കുമ്പോൾ അച്ഛനൊന്നും ഒന്നുമല്ല. സ്ത്രീജനങ്ങൾ അപ്പുറത്ത് മാറിനിന്ന് അവരെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. മക്കളും. ഒരാശ്രയത്തിന് അമ്മയെ നോക്കിയപ്പോൾ അവിടെയും അതുതന്നെ അവസ്ഥ. ആള് ഭയങ്കര ഹാപ്പിയാണ്.

ഇതിനെല്ലാം വഴിയൊരുക്കിയ മഹാൻ ഇത്രയൊക്കെ കേട്ടിട്ടും കുലുക്കമില്ലാതെ എന്നെതന്നെ നോക്കി നിൽക്കുകയാണ്. ഞാൻ നോക്കുന്നത് കണ്ടപ്പോൾ കണ്ണിറുക്കി കാണിച്ചു.

കുറെ ആയപ്പോൾ അവരുടെ കമന്റ്കൾ ഞാനും ആസ്വദിക്കാൻ തുടങ്ങി. കടുവയ്ക്കില്ലാത്ത ചമ്മൽ എനിക്കെന്തിനാ?

പെട്ടന്നാണ് വാസുവേട്ടൻ വെപ്രാളപ്പെട്ട് അങ്ങോട്ട്‌ ഓടിവന്നത്. ഔട്ട്‌ ഹൗസിൽ റൂമിലെ ടേബിളിൽ വെച്ചിരുന്ന അച്ഛന്റെയും അമ്മയുടെയും ഫോട്ടോയും കൈയിലുണ്ട്. വാസുവേട്ടൻ വളരെ ടെൻഷനോടെ കിതച്ചുകൊണ്ട് എന്തോ പറയാൻ ശ്രമിക്കുന്നുണ്ട്.

ഫോട്ടോയിലേക്ക് കാണിച്ച് എന്നോട് എന്തൊക്കെയോ ചോദിക്കുന്നുമുണ്ട്. ആ വെപ്രാളത്തിനിടയിൽ ആർക്കും ഒന്നും മനസിലായില്ല. കണ്ടുനിന്നവരെല്ലാം കാര്യമറിയാതെ അന്താളിച്ചു.

അച്ഛനും അമ്മാവന്മാരും ചെറിയച്ഛനും കൂടി വാസുവേട്ടനെ സമാധാനിപ്പിച്ചു. എന്നിട്ട് സാവധാനം കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ഫോട്ടോയിൽ നോക്കി അത് ആരാണെന്നു എന്നോട് ചോദിച്ചു. അച്ഛനും അമ്മയും ആണെന്ന് പറഞ്ഞപ്പോൾ അവര് മരിച്ചുപോയില്ലേന്നും എങ്ങിനെ എവിടെ വെച്ച് തുടങ്ങി എല്ലാം ഇങ്ങോട്ട് പറഞ്ഞു.

വാസുവേട്ടന് ഇതൊക്കെ എങ്ങനെ അറിയാമെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി കേട്ട് ഞങ്ങൾ സ്തംഭിച്ചു നിന്നു. എന്നാൽ ചന്ദ്രുവേട്ടൻ അത് കേട്ട് തുള്ളിച്ചാടുകയാണ് ഉണ്ടായത്.

കാരണം ഞാൻ പറഞ്ഞ അറിവല്ലാതെ അച്ഛന്റെയും അമ്മയുടെയും മരണത്തിന് കാരണം സൂരജേട്ടനാണെന്നതിന് ഒരു തെളിവും ഇല്ലായിരുന്നു. എന്നാൽ വാസുവേട്ടൻ ആ സംഭവത്തിന്‌ ധൃക്‌സാക്ഷിയാണെന്ന് അറിഞ്ഞപ്പോൾ ചന്ദ്രുവേട്ടന് സന്തോഷമായി.

സൂരജേട്ടനെ പൂട്ടാനുള്ള കച്ചിത്തുരുമ്പ്. കള്ളത്തെളിവുകൾ ഉണ്ടാക്കാൻ നിൽക്കായിരുന്നു ആള്.

ഒരിക്കൽ ബാംഗ്ലൂർ ഉള്ള അച്ഛന്റെ അനിയത്തിയും ഭർത്താവും നാട്ടിലേക്ക് വന്നപ്പോൾ അവരെ വാസുവേട്ടന് കൊണ്ടുപോയി ആക്കേണ്ട സാഹചര്യം ഉണ്ടായി.

അന്ന് തിരിച്ചുള്ള യാത്രയിൽ ഉറക്കം വന്ന വാസുവേട്ടൻ മുഖം കഴുകാൻ വണ്ടി സൈഡാക്കി ഇറങ്ങിയപ്പോഴാണത്രെ ആ ആക്‌സിഡന്റ് നടന്നത്.

അച്ഛന്റെ കാറിനെ ഇടിച്ച ലോറിയും അതിലുണ്ടായിരുന്ന സൂരജേട്ടനേയും അതിന്റെ ഡ്രൈവറെയും വ്യക്തമായി കണ്ടിരുന്നുവത്രേ.

എന്റെ ഫോണിലെ സൂരജേട്ടന്റെ ഫോട്ടോ കാണിച്ചു കൊടുത്തപ്പോൾ ഇയ്യാളാണെന്ന് ഉറപ്പിച്ചു പറഞ്ഞു. അച്ഛന് സാധാരണയിൽ കൂടുതൽ വേഗത്തിൽ ആണ് ഡ്രൈവ് ചെയ്യാറ്.

അത് എല്ലാവർക്കും അറിയാവുന്നതാണ്. പക്ഷെ അമ്മയോ ഏട്ടനോ ഞാനോ കൂടെയുള്ളപ്പോൾ ആവറേജ് സ്പീഡ് മാത്രം.

അന്ന് അമിത വേഗത്തിലായിരുന്നു അച്ഛൻ വണ്ടി ഓടിച്ചിരുന്നത് എന്ന് പറഞ്ഞാണ് കൂടുതൽ അന്വേഷണത്തിനൊന്നും പോവാതിരുന്നത്. തെറ്റ് അച്ഛന്റെ ഭാഗത്തായിരുന്നു എന്ന്. ആ ലോറി ഡ്രൈവർ കുറച്ചു മാസങ്ങൾ ജയിലിൽ കിടന്ന ശേഷം പുറത്തിറങ്ങി.

ഊമയായ താൻ പറഞ്ഞാൽ ആര് കേൾക്കും വിശ്വസിക്കും എന്നൊക്കെ കരുതിയാണ് ഇതുവരെയും ആരോടും ഒന്നും പറയാതിരുന്നതെന്നും വാസുവേട്ടൻ തന്റെ ഭാഷയിൽ പറഞ്ഞു.

അതുകേട്ടു എത്രയും പെട്ടന്ന് തന്നെ കേസ് റീഓപ്പൺ ചെയ്യണമെന്ന് ചന്ദ്രുവേട്ടൻ പറഞ്ഞു. എല്ലാവരും അത് ശരി വെച്ചു.

എല്ലാം തീരുമാനിച്ച് എവിടെ വേണേലും സത്യം പറയാമെന്നു പറഞ്ഞ് ഗേറ്റിനടുത്തേക്ക് പോകുമ്പോൾ വാസുവേട്ടന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അതിനു ശേഷം എല്ലാവരും ഫ്രഷ് അവനെന്നും പറഞ്ഞ് പോയി. മുതിർന്നവരെല്ലാം വീട്ടിലേക്ക് കയറി. വാനരപ്പട ഔട്ട്‌ ഹൗസിലേക്ക് ചാടി ചാടി പോയി. പിറകിൽ അവയെ തെളിച്ചുകൊണ്ട് ഞാനും. ഞങ്ങളുടെ പിറകെ വരാൻ നിന്ന ചന്ദ്രുവേട്ടനെ അച്ഛൻ തടഞ്ഞു.

“നീയിതെങ്ങോട്ടാ? ”

“ഞാൻ ഔട്ട്‌ ഹൗസിൽ… ”

“ഇത്തവണ നീ ഇവിടെ നിന്നാൽ മതി. അങ്ങോട്ട്‌ പോവണ്ട. ”

“അതെന്താ അങ്ങനെ? ഞാനും അവരുടെ കൂടെ അവിടെയല്ലേ…. ”

“അത് അന്ന്. ഇന്ന് അത് വേണ്ടാന്നാ പറഞ്ഞത്. നിന്റെ ഉദ്ദേശം നടക്കില്ല. നീ അകത്തേക്ക് ചെല്ല്. ”

“അച്ഛാ…. ”

ആ വിളി കേട്ടിട്ടും കേൾക്കാത്തത് പോലെ അച്ഛൻ ചെറിയച്ഛനെയും കൂട്ടി അകത്തേക്ക് പോയി. ചന്ദ്രുവേട്ടൻ മുറ്റത്ത് നിന്ന് ഔട്ട്‌ ഹൗസിലേക്ക് നിരാശയോടെ നോക്കി നിന്നു. അത് കണ്ടപ്പോൾ ഒരു രസത്തിന് വേണ്ടി ഞാനും കരയുന്നത് പോലെ കാണിച്ചു.

ഉടനെ ചന്ദ്രുവേട്ടനും എന്നെനോക്കി ചുണ്ടുകൂർപ്പിച്ച് കരഞ്ഞു കൊണ്ട് മൂക്ക് പിഴിയുന്നതായി ആംഗ്യം കാണിച്ചു. അയ്യോ… പാവം.

എന്റെ കടുവയെ സമാധാനിപ്പിച്ച് ഒരു ഫ്ലയിങ് കിസ്സ് കൊടുത്ത് വീട്ടിലേക്ക് കയറ്റിവിട്ടു. മനസില്ലാമനസോടെ ചിണുങ്ങി പോകുന്നത് കണ്ടപ്പോൾ ചിരി വന്നു.

ആ ചിരി മായാതെ അകത്തു കടന്നപ്പോൾ വാനരപ്പട മുഴുവൻ ജനലിലൂടെ ഞങ്ങളുടെ പ്രകടനം കണ്ട് രസിക്കുന്നതാണ് കണ്ടത്. ഞങ്ങളാ കാണിച്ചത് മുഴുവൻ അവര് കണ്ടതിൽ ഞാനും അവരുടെ ഒളിഞ്ഞുനോട്ടം ഞാൻ കണ്ടതിൽ അവരും നിന്ന് പരുങ്ങി. പിന്നീട് അത് ഒരു കൂട്ടച്ചിരിയായി.

“ഞങ്ങളുടെ വല്യേട്ടനെ ഇങ്ങനെ മാറ്റിയെടുത്തല്ലോ ഏട്ടത്തി ” ന്നും പറഞ്ഞ് ചെറിയച്ഛന്റെ മകൾ അശ്വതി എന്നെയും വലിച്ചു റൂമിലേക്ക് കൊണ്ടുപോയി.

പെട്ടന്ന് തന്നെ എല്ലാവരും നല്ല കൂട്ടായി. അമ്മായിയുടെ ഇരട്ടകൾ ജോലിക്കാരാണ്. അവര് എന്നേക്കാൾ രണ്ടു വയസിനു മുതിർന്നതാണ്. അമ്മയുടെ അനിയന്റെ മകളും ഞാനും ഒപ്പമാണ്. അവൾ പഠിപ്പ് കഴിഞ്ഞു.

ജോലിക്ക് ശ്രമിച്ചോണ്ടിരിക്കുന്നു. ബാക്കി എല്ലാതുങ്ങളും പഠനം തന്നെ. എല്ലാം ഡിഗ്രി, പ്രഫഷണൽ കോഴ്സ് ആ ഒരു റേഞ്ച് ആണ്. എനിക്ക് ഏറ്റവും അടുപ്പം തോന്നിയത് ചെറിയച്ഛന്റെ മകൾ അശ്വതിയോടാണ്.

മറ്റുള്ളവരെക്കാളും കൂടുതൽ അവളാണ് ” ഏട്ടത്തി ഏട്ടത്തി” ന്നും പറഞ്ഞ് പിറകെ നടക്കുന്നത്.

എല്ലാറ്റിനും എന്റെയും ചന്ദ്രുവേട്ടന്റെയും ലവ് സ്റ്റോറി കേൾക്കണം പോലും. എന്തോന്ന് ലവ് സ്റ്റോറി? ഒടക്ക് സ്റ്റോറി വേണേൽ പറഞ്ഞു കൊടുക്കാം. അല്ല പിന്നെ.

എല്ലാവരും കൂടി ആയപ്പോൾ ദിവസങ്ങൾ പോകുന്നതേ അറിഞ്ഞില്ല. തുടർന്നുള്ള ദിവസങ്ങളിൽ കടുവയ്ക്ക് പണി കൊടുക്കാൻ അവരും എന്നെ സഹായിച്ചു.

അവരുടെ ഈ സഹായസഹകരണം കണ്ടാൽ തോന്നും ചന്ദ്രുവേട്ടനാണ് അവിടുത്തെ പുറമ്പോക്കെന്ന്. വിവാഹത്തിന് ഒരാഴ്ച ഉള്ളപ്പോൾ മൂർത്തി അങ്കിൾ വന്ന് രേവുവിനെയും ആന്റിയെയും ഇവിടെ നിർത്തി പോയി.

തിരക്കുണ്ടെന്നും രണ്ടു ദിവസം കഴിഞ്ഞു വരാമെന്നും പറഞ്ഞു. കൂടെ രാധുവും രാഗിയും രഘുവും കൂടി ഉണ്ടായിരുന്നു.

രേവുവും ആന്റിയും വന്നതിന് ശേഷമാണ് വിവാഹവസ്ത്രങ്ങളും ആഭരണങ്ങളും എടുക്കാൻ പോയത്. ചന്ദ്രുവേട്ടൻ അതിനു വന്നില്ല.

എല്ലാം അച്ഛനെയും അമ്മയെയും ഏൽപ്പിച്ചു. ബിസിനസ് തിരക്ക് പോരാത്തതിന് തെളിവ് കിട്ടിയതുകൊണ്ട് കേസിന്റെ കാര്യങ്ങളുമായും പുള്ളിയെ കാണാൻ തന്നെ കിട്ടാറില്ല.

അഥവാ വല്ല അവസരവും ഒത്തുവന്നാൽ അത് ആ വാനരപ്പട നശിപ്പിച്ചു കൈയിൽ തരും. ദുഷ്ടകൾ. രേവുവും അവരുടെ കൂടെയാ. വഞ്ചകി. അവൾക്കുള്ളത് വിനോദ് സാറിന്റെ രൂപത്തിൽ ഞാൻ കൊടുക്കും. നോക്കിക്കോ.

ഇന്നേക്ക് മൂന്നാല് ദിവസമായി ഞാനെന്റെ കടുവയുടെ നിഴൽ പോലും ഒന്ന് കണ്ടിട്ട്. കൊതിയാവാ കാണാൻ.

ആ ഗർജ്ജനം ഒന്ന് കേൾക്കാൻ. അങ്ങനെ ഇരിക്കുമ്പോളാണ് അച്ഛൻ വീട്ടിലേക്ക് വിളിക്കുന്നുണ്ടെന്ന് കൂട്ടത്തിലെ കുട്ടിവാനരൻ വന്നു പറഞ്ഞത്. ചെന്നിട്ടിപ്പോ എന്തിനാ? എന്റെ ചന്ദ്രുവേട്ടൻ അവിടെ ഉണ്ടാവില്ല. ഉറപ്പാണ്.

ഈ അലവലാതികൾ അങ്ങേരെ എങ്ങോട്ടെങ്കിലും മാറ്റും. എന്തായാലും അച്ഛൻ വിളിപ്പിച്ചതല്ലേ ചെന്ന് നോക്കാം.

ഔട്ട്‌ ഹൗസിൽ നിന്ന് അങ്ങോട്ട്‌ നടക്കുമ്പോഴേ കണ്ടു എല്ലാവരും ഉമ്മറത്ത് വട്ടമിട്ട് ഇരിക്കുന്നുണ്ട്. ഓഹ്… വട്ടമേശസമ്മേളനം. എല്ലാ രാജ്യങ്ങളും എത്തിയിട്ടുണ്ടല്ലോ. ചന്ദ്രുവേട്ടന്റെ കൂട്ടുകാര് ആ നാൽവർ സംഘവും എത്തിയിട്ടുണ്ട്.

വല്ല്യ താല്പര്യമില്ലാതെയാണ് ഞാൻ അങ്ങോട്ട്‌ കയറി ചെന്നത്. ആരുടെയും മുഖത്തേക്ക് നോക്കാതെ അശ്വതിയുടെ അടുത്ത് ചെന്ന് തല കുമ്പിട്ടിരുന്നു. ഇടയ്ക്കിടെയുള്ള അവളുടെ തോണ്ടൽ സഹിക്കാതെയാണ് തലയുയർത്തി നോക്കിയത്.

അശ്വതി ചൂണ്ടി കാണിച്ച സ്ഥലത്തേക്ക് നോക്കിയ ഞാൻ കണ്ടത് എന്നെത്തന്നെ നോക്കിയിരിക്കുന്ന ആ കുസൃതിക്കണ്ണുകളെയാണ്. സ്വർഗം കിട്ടിയ സന്തോഷമായിരുന്നു എനിക്കപ്പോൾ.

വിവാഹാഘോഷങ്ങളിലെ ന്യൂ ജനറേഷൻ പരിപാടികൾക്കുള്ള സംക്ഷൻ കൊടുക്കുന്ന ചർച്ചയായിരുന്നു അവിടെ നടക്കുന്നത്. ആ ചർച്ചയിൽ നിന്നെല്ലാം മാറി അവിടെ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഒരു വലിയ ചർച്ച നടക്കുകയായിരുന്നു.

അവിടെ എന്തൊക്കെ ചർച്ചിച്ചുവെന്നോ എന്തൊക്കെ തീരുമാനങ്ങൾ എടുത്തുവെന്നോ ഞങ്ങൾ അറിഞ്ഞില്ല.

ഇടയ്ക്കിടെ “അതെങ്ങനെ ണ്ട് “ന്നുള്ള അശ്വതിയുടെ ചോദ്യമാണ് ഞങ്ങളെ ബോധമണ്ഡലത്തിലേക്ക് കൊണ്ടുവന്നിരുന്നത്.

ഈ രണ്ടു ചർച്ചകൾക്കിടയിൽ വേറെ രണ്ടു ജോഡി കണ്ണുകളും പരസ്പരം കഥ പറയുന്നുണ്ടായിരുന്നു. ഈ തിരക്കൊക്കെ കഴിയട്ടെ എല്ലാത്തിനെയും പൂട്ടും ഞാൻ. ഞാൻ മനസ്സിൽ ഓർത്തു.

🎶 ഓ… ഓ… പ്രിയെ പ്രിയെ നിനക്കൊരു ഗാനം
ഓ… ഓ… പ്രിയെ എൻ പ്രാണനിലുണരും ഗാനം
അറിയാതെ ആത്മാവിൽ ചിറകു കുടഞ്ഞൊരഴകേ
നിറമിഴിയിൽ ഹിമകണമായ് അലിയുകയാണീ വിരഹം 🎶

പെട്ടന്നാണ് ഹാളിൽ നിന്നു ഒരു ഫോൺ റിംഗ് ചെയ്തത്. ചർച്ചയ്ക്ക് വിരാമമിട്ട് എല്ലാവരും ഫോണിന്റെ ഉടമയെ അന്വേഷിക്കാൻ തുടങ്ങി. പാട്ടിലെ വരികൾ കേട്ടിട്ട് ചന്ദ്രുവേട്ടന്റെയാണോ ന്ന് ഞാൻ സംശയിച്ചു.

ഞാൻ മാത്രമല്ല എല്ലാവരുടെയും കണ്ണുകൾ ചന്ദ്രുവേട്ടനിലായിരുന്നു. ദൈവമേ ഇയ്യാള് ഇത്രയും പേരുടെ മുന്നിൽ നാണം കെടുത്തൂലോന്ന് ഞാൻ ഭയന്നു. പക്ഷെ അവിടെ ഒരു ഭാവവ്യത്യാസവുമില്ല.

എന്നെത്തന്നെ നോക്കിയിരിപ്പാണ് കക്ഷി. അപ്പോഴാണ് ഇച്ചിരി സമാധാനമായത്. കടുവയുടെതല്ലെന്ന് ഞാൻ ആശ്വസിച്ചു. ഒരു തവണ ഫുൾ റിംഗ് ചെയ്‌ത് അത് കട്ടായി. ഉടനെ വീണ്ടും പാടിത്തുടങ്ങി.

“എത്ര നേരായി ആ ഫോണടിക്കുന്നു. ആരുടേയാ അത്? ”
അച്ഛൻ ആരോടെന്നില്ലാതെ ചോദിച്ചു.

പെട്ടന്ന് ചന്ദ്രുവേട്ടൻ ഹാളിലേക്ക് എഴുന്നേറ്റു പോയി. കൈയീന്ന് പോയിലോ ഭഗവാനെ. കള്ളക്കടുവയുടെ ഫോൺ തന്നെയായിരുന്നോ അത്?.

ഞാൻ തലയുയർത്താതെ കണ്ണുകൾ ഇറുക്കിയടച്ച് ഇരുന്നു. ഉടനെ ചുറ്റിൽ നിന്നും ചുമയും ചിരിയുമൊക്കെ കേൾക്കാൻ തുടങ്ങി. തൊട്ടടുത്ത് ഇരിക്കുന്ന അശ്വതിയുടെ വക തട്ടലും മുട്ടലും വേറെ.

ഈ നാണവും മാനവും ഇല്ലാത്ത കടുവയെ ഞാനെന്താ വേണ്ടത്? ഇയ്യാൾക്ക് ആ ഫോൺ സൈലന്റ് ആക്കിയിട്ട് കൈയിൽ പിടിച്ചൂടായിരുന്നോ?

മനുഷ്യനെ നാറ്റിക്കാൻ !എങ്ങനെയാ ഇപ്പൊ ഇവിടുന്നൊന്ന് രക്ഷപ്പെടുക? ഞാൻ പതുക്കെ എണീക്കാൻ നോക്കിയതും അശ്വതി പിടിച്ചു നിർത്തി.

“ഏട്ടത്തി എങ്ങോട്ടാ? ”

“ഞാൻ…. എനിക്ക്…. കുറച്ചു നോട്സ് ഉണ്ടാക്കാനുണ്ട്. സ്കൂളിൽക്ക്… ”

അവിടുന്ന് തടിത്തപ്പാനുള്ള തത്രപ്പാടിൽ അങ്ങിനെ പറയാനാണ് തോന്നിയത്. പറഞ്ഞു കഴിഞ്ഞിട്ടാണ് അബദ്ധം മനസിലായത്.

“വല്യച്ഛ നമ്മുടെ സ്കൂളിൽ ഇപ്പൊ സമ്മർ വെക്കേഷൻ ഇല്ലേ? ”

പിന്നെ ഒന്നും പറയാൻ നിക്കാതെ വേഗം ഔട്ട്‌ ഹൗസിലേക്കോടി. ഇങ്ങനെ പോവാണെങ്കിൽ ആ കടുവയെ ഞാൻ തന്നെ കൊല്ലും.

—————————————————————
ഫോണിൽ സംസാരിച്ചശേഷം ഉമ്മറത്ത് തിരിച്ചെത്തിയ ചന്ദ്രുവിന്റെ കണ്ണുകൾ അവന്റെ പ്രിയതമയ്ക്കായി അവിടമാകെ പരതി.അത് മനസിലായെങ്കിലും ആരും ഒന്നും പറഞ്ഞില്ല. എല്ലാവരും അവന്റെ തിരച്ചിൽ കണ്ട് ചിരിയടക്കിപ്പിടിച്ച് ഇരുന്നു.

“അധികം നോക്കണ്ട. ഏട്ടത്തി ഔട്ട്‌ ഹൗസിലേക്ക് പോയി. ”
അത് കേട്ട ഉടനെ ചന്ദ്രുവിന്റെ നോട്ടം അങ്ങോട്ടായി.

“എന്നാലും ഇത്രയ്ക്ക് വിരഹത്തിന്റെ ആവശ്യമൊന്നും ഇല്ല ഏട്ടാ. ആള് തൊട്ടടുത്ത് തന്നെ ഉണ്ടല്ലോ? ”
കൂട്ടത്തിൽ ഒരുവൻ പറഞ്ഞു.

“ടാ ടാ ടാ വേണ്ട… ”
പറയുന്നതോടൊപ്പം ചന്ദ്രു അകത്ത് പോയി ജീപ്പിന്റെ ചാവിയും കൊണ്ട് വന്നു.

“നീ പുറത്ത് പോവാണോ? ”
മേനോൻ ചോദിച്ചു.

“ആ… ഉടനെ വരും. ഇനിയിപ്പോ ഞാൻ എന്ത് കാണാനാ ഇവിടെ ഇരിക്കുന്നെ? (ശബ്ദം അല്പം താഴ്ത്തി പറഞ്ഞു. ) ടാ നിങ്ങള് വരുന്നുണ്ടോ? ”

“കുറച്ചു കൂടി കഴിഞ്ഞിട്ട് പോവാടാ. ”
അശ്വിൻ പറഞ്ഞു.

പക്ഷെ മറ്റുള്ളവർ പോകാൻ എണീറ്റപ്പോൾ വേറെ നിവർത്തിയില്ലാതെ അവനും കൂടെ പോയി. ശേഷം ആ സഭ പിരിഞ്ഞു. അവിടെ മുതിർന്നവർ മാത്രമായി.

“എന്നാലും ഇത് വല്ലാത്ത അതിശയമാണ് ഏട്ടാ. ചന്ദ്രു പെട്ടന്ന് ഇങ്ങനെ മാറുംന്ന് ഞങ്ങള് വിചാരിച്ചില്ല. അല്ലെ? എന്തായാലും സന്തോഷമായി. ”

എല്ലാവരുടെയും പ്രതിനിധിയെന്നോണം ലക്ഷ്മിയമ്മയുടെ അനിയൻ അത് പറഞ്ഞപ്പോൾ മോനോനും ലക്ഷ്മിയമ്മയും ഒരുനിമിഷം പരസ്പരം നോക്കി. ശേഷം അതിനുള്ള മറുപടി അദ്ദേഹം മനസ്സുനിറഞ്ഞൊരു ചിരിയിൽ ഒതുക്കി.

(തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27

Mr. കടുവ : ഭാഗം 28

Mr. കടുവ : ഭാഗം 29

Mr. കടുവ : ഭാഗം 30

Mr. കടുവ : ഭാഗം 31

Mr. കടുവ : ഭാഗം 32