Sunday, December 22, 2024
Novel

Mr. കടുവ : ഭാഗം 28

എഴുത്തുകാരി: കീർത്തി


പിന്നീടുള്ള ദിവസങ്ങളിൽ കടുവയെ കാണുന്ന സന്ദർഭങ്ങൾ കഴിവതും ഒഴിവാക്കാൻ ശ്രമിച്ചു. കണ്ടാലും അങ്ങോട്ട്‌ നോക്കാതിരിക്കാൻ. വീട്ടിലേക്ക് പോകുന്നത് പോലും കുറച്ചു.

ആ അലവലാതി അവിടെ എങ്ങാനും ഉണ്ടെങ്കിലോ. ഇടയ്ക്ക് പൂന്തോട്ടത്തിലൂടെ ഫോണും പിടിച്ചു നടക്കുന്നത് കാണാം. ഔട്ട്‌ ഹൗസിലിരുന്ന് ജനൽവഴി ഞാൻ പതുങ്ങി നോക്കാറുണ്ട്.

ഫോണിൽ സംസാരിക്കുമ്പോൾ കടുവയുടെ മുഖത്തെ ഭാവങ്ങൾ കാണണം. ചിരിയും നാണവും ഓഹ്….. അതൊക്കെ കാണുമ്പോൾ എനിക്ക് വല്ലാത്ത സങ്കടവും ദേഷ്യവും നിരാശയും ഒക്കെ കൂടിയൊരു അവസ്ഥ.

ഒരു രണ്ട് ദിവസം മുന്നേ എനിക്ക് ആ ബുദ്ധി തോന്നിയിരുന്നെങ്കിൽ….. ഞാനും എന്റെ കടുവയും കൂടി കൈയും കോർത്തു ഡ്യൂയെറ്റും പാടി നടക്കേണ്ട ഗാർഡനല്ലേ അത്.

ആ അച്ചൂ ന്ന് പറയുന്നവളോട് ദേഷ്യവും അസൂയയും തോന്നി. കുറെ സങ്കടം തോന്നും. കുറെ ദേഷ്യവും.

അങ്ങനെ എല്ലാ രീതിയിലും കലങ്ങിമറിഞ്ഞ മനസുമായി ദിവസങ്ങൾ തള്ളിനീക്കി.

“ഇങ്ങനെയൊരാൾ ഇവിടെ ഉണ്ടെന്ന് തന്നെ അറിയണില്ലെ ” ന്ന് അച്ഛൻ ഒരിക്കൽ പറഞ്ഞപ്പോൾ എക്സാമിന്റെയും പാഠങ്ങൾ എടുത്തു തീർക്കാനുള്ളതിന്റെയും തിരക്കാണെന്നു പറഞ്ഞു ഒഴിഞ്ഞു മാറി.

പോകെ പോകെ എല്ലാം കൂടി തലയ്ക്ക് ഭ്രാന്ത് പിടിക്കുമെന്നായപ്പോൾ അമ്പലത്തിൽ ഒന്ന് പോകാൻ തോന്നി. അല്ലേലും സഹിക്കാൻ പറ്റാത്ത വിഷമങ്ങൾ വരുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് അവരെയല്ലേ.

അതുകൊണ്ട് രാവിലെ നേരത്തെ എണീറ്റ് അമ്പലത്തിലേക്ക് പോകാൻ ഒരുങ്ങിയിറങ്ങി. വീടിന്റെ ഉമ്മറത്തു തന്നെ ചന്ദ്രുവേട്ടൻ പത്രം വായിച്ചിരിക്കുന്നുണ്ടായിരുന്നു.

ആളനക്കം കണ്ട് ചന്ദ്രുവേട്ടൻ തലയുയർത്തി നോക്കിയപ്പോൾ ഞാനൊന്ന് ചിരിച്ചു.

ഇപ്പൊ എപ്പോഴേലും കണ്ടാൽ പരസ്പരം ചിരിക്കും. അത്ര തന്നെ.

“ഇത്ര രാവിലെ നീയിതെങ്ങോട്ട് പോവാ? ”

“അമ്പലത്തിലേക്ക്. ”

“രാധിക വരുന്നുണ്ടോ? ”

“ഇല്ല. ഞാൻ ഒറ്റയ്ക്കാ. ”

“എന്നാ ഒരഞ്ചു മിനിറ്റ് നിക്ക് ഞാനും വരുന്നു. ”

“സാരല്ല്യ. ഞാൻ തനിച്ചു പൊയ്ക്കോള്ളാം. ”

“ഒറ്റക്ക് പോകണ്ട. അതോ ഇനി ഞാൻ കൂടെ വരുന്നതിൽ നിനക്ക് വല്ല ബുദ്ധിമുട്ടും ഉണ്ടോ? ”

ചന്ദ്രുവേട്ടൻ ദേഷ്യപ്പെട്ടു. ഞാൻ തല താഴ്ത്തി നിഷേധാർത്ഥത്തിൽ തലയാട്ടി. ഉടനെ ചന്ദ്രുവേട്ടൻ അകത്തേക്ക് കയറിപ്പോയി. മരവിച്ച മനസുമായി ചെടികളെയും നോക്കി ഞാനാ മുറ്റത്തുതന്നെ നിന്നു.

“പോകാം. ”

ചന്ദ്രുവേട്ടന്റെ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. മെറൂൺ കളർ ഷർട്ടും അതേ കരയുള്ള മുണ്ടുമടുത്തു, ഷിർട്ടിന്റെ കൈ മടക്കിവെച്ചുകൊണ്ട് ചന്ദ്രുവേട്ടൻ ഇറങ്ങി വന്നു.

ഒരുനിമിഷം ഞാൻ ചന്ദ്രുവേട്ടനെ തന്നെ നോക്കിനിന്നു. കണ്ണിലെ നനവ് കാഴ്ച മറച്ചു തുടങ്ങിയപ്പോഴാണ് ഞാൻ നോട്ടം പിൻവലിച്ചത്. കണ്ണു തുടച്ചുകൊണ്ട് ഞാൻ ചന്ദ്രുവേട്ടനൊപ്പം കാറിൽ കയറി.

അമ്പലത്തിൽ എത്തുന്നത് വരെയും ഞങ്ങൾ പരസ്പരം ഒന്നും മിണ്ടിയില്ല. അമ്പലത്തിലെത്തി എന്നോട് അകത്തേക്ക് പൊയ്ക്കോളാൻ പറഞ്ഞ് ചന്ദ്രുവേട്ടൻ വഴിപാട് കൗണ്ടറിന്റെ അടുത്തേക്ക് പോയി.

തനിച്ചുനിന്ന് ഭഗവാന്റെ മുന്നിൽ സങ്കടങ്ങളെല്ലാം ഇറക്കിവെക്കാൻ ഞാനും ആഗ്രഹിച്ചിരുന്നു.

തിരുമേനി പ്രസാദം തരാൻ വിളിച്ചപ്പോഴാണ് കണ്ണു തുറന്നത്. അതുവരെ കണ്ണടച്ച് തൊഴുതു നിൽക്കുകയായിരുന്നു.

ചുറ്റും നടന്നതൊന്നും ഞാനറിഞ്ഞില്ല. കുപ്പായത്തിൽ നനവ് തോന്നിയപ്പോഴാണ് അത്രയും നേരം ഞാൻ അവിടെ നിന്ന് കരയുകയായിരുന്നുവെന്ന് ഞാനറിഞ്ഞത്.

അപ്പോൾ മാത്രമാണ് തൊട്ടടുത്ത് നിൽക്കുന്ന ചന്ദ്രുവേട്ടനെയും ഞാൻ ശ്രദ്ധിച്ചത്.

രണ്ടു പേരുടെയും പേരിൽ അർച്ചന കഴിച്ചിരിക്കുന്നു. കണ്ണു തുടച്ച് ചന്ദ്രുവേട്ടനെ നോക്കിയപ്പോൾ ചെന്ന് വാങ്ങിക്കാൻ പറഞ്ഞു.

ഞാൻ പ്രസാദം വാങ്ങിച്ച് ഒരു നുള്ള് എടുത്ത് തൊട്ടുകൊണ്ട് തിരിഞ്ഞതും എന്റെ നേർക്ക് കുനിഞ്ഞു നിൽക്കുന്ന ചന്ദ്രുവേട്ടനെയാണ് കണ്ടത്.

സംശയിച്ചു നിന്നപ്പോൾ ചന്ദ്രുവേട്ടൻ കണ്ണുകൊണ്ട് ഇലചീന്തിലേക്കും നെറ്റിയിലേക്കും കണ്ണു കാണിച്ചു.

കൊടുംചൂടിലും ആശ്വാസമായി പെയ്യുന്ന ചാറ്റൽ മഴ പോലെ വിഷമങ്ങൾക്കിടയിലും എന്നിൽ വീശിയ കുളിർക്കാറ്റായിരുന്നു ചന്ദ്രവേട്ടന്റെ ആ പ്രവൃത്തി.

വേദന നിറഞ്ഞ ചിരിയോടെ ഞാനാ നെറ്റിയിൽ ചന്ദനം തൊട്ടുകൊടുത്തു.

അന്നൊരിക്കൽ ഇങ്ങനെ ചെയ്യുമ്പോൾ തോന്നിയ പേടിയൊന്നും ഇന്ന് എന്നെ അലട്ടിയില്ല.
എന്നും ഇതുപോലെ തൊട്ട്തരണമെന്ന് ആഗ്രഹമുണ്ട്. പക്ഷെ….

തൊഴുതു മടങ്ങുമ്പോഴും കാറിൽ കനത്ത നിശബ്ദതയായിരുന്നു.

🎶മിണ്ടാത്തതെന്തേ കിളിപ്പെണ്ണേ
നിന്നുള്ളിൽ
തേനൊലിയോ തേങ്ങലോ….
മിണ്ടാത്തതെന്തേ മ്മ്ഹ്ഹ്…….
മ്മ്ഹ്ഹ്…… മ്മ്ഹ്ഹ്…….🎶 ”

നിശബ്ദതക്ക് വിരാമമിട്ട് ചന്ദ്രുവേട്ടൻ ആ രണ്ടുവരി മൂളിയപ്പോൾ ഞാനാ മുഖത്തേക്ക് നോക്കി. പെട്ടന്ന് പാട്ട് നിർത്തി പുള്ളി ഡ്രൈവിംഗിൽ ശ്രദ്ധിച്ചു.

ഞാൻ പുറത്തേക്കും നോക്കിയിരുന്നു. ഇടയ്ക്കിടെ കണ്ണ് നിറഞ്ഞുവരുന്നുണ്ടായിരുന്നു. ദാവണിത്തലപ്പ് കൊണ്ട് അത് തുടച്ചുകൊണ്ടിരുന്നു.

വീട്ടിലെത്തി കാർ നിർത്തിയതും ചന്ദ്രുവേട്ടനെ ഒന്ന് നോക്കുകപോലും ചെയ്യാതെ ഞാൻ ഡോർ തുറന്ന് ഔട്ട്‌ ഹൗസിലേക്ക് ഓടി.

മറക്കാൻ ശ്രമിക്കും തോറും ചന്ദ്രുവേട്ടൻ എന്നിൽ കൂടുതൽ പ്രകാശത്തോടെ തെളിഞ്ഞുക്കൊണ്ടിരുന്നു.

കുറച്ചു കഴിഞ്ഞപ്പോൾ രേവതി വിളിച്ചിരുന്നു. ഇപ്പോൾ ദിവസവും വിളിക്കും. അന്ന് ടൂർ പോയി വന്നപ്പോൾ വിളിച്ചപ്പോഴേ എന്റെ ശബ്ദത്തിലെ വ്യത്യാസവും മനസ്സിലെന്തോ സങ്കടമുണ്ടെന്നും അവൾ കണ്ടുപിടിച്ചിരുന്നു.

ഞാൻ പക്ഷെ ഒന്നും പറഞ്ഞില്ല.അതുകൊണ്ടാണ് ദിവസവുമുള്ള ഈ വിളി.

ഇതുവരെ അവളോട് ഒന്നും മറച്ചുവെച്ചിട്ടില്ല. ഇക്കാര്യം എന്തോ പറയാൻ തോന്നിയില്ല. എന്നാൽ ഇന്ന് എല്ലാം പറയേണ്ടി വന്നു.

അവൾ എന്നെ കുറെ ആശ്വാസിപ്പിച്ചു. പറ്റുന്നില്ലെങ്കിൽ നാട്ടിലേക്ക് പോരാൻ പറഞ്ഞു.

ഒറ്റക്ക് അവിടെ കിടന്നു ഓരോന്ന് ഓർത്ത് വിഷമിക്കണ്ടാ ന്ന്. മാറിനിന്നാൽ പതിയെ എല്ലാം മറന്നോളുമെന്ന്.

എല്ലാം മൂളി കേട്ടു. കുറെ ആലോചിച്ചപ്പോൾ അതുതന്നെയാണ് നല്ലതെന്ന് തോന്നി.

ചന്ദ്രുവേട്ടൻ മറ്റൊരു പെൺകുട്ടിയുടെ സ്വന്തമാകുന്നത് കാണാൻ എനിക്കാവില്ല.

ഏതായാലും അടുത്ത ആഴ്ച അച്ഛന്റെയും അമ്മയുടെയും ആണ്ടാണ്. രണ്ടു ദിവസം കൂടിയേ എക്സാം ഉള്ളൂ. പിന്നെ വെക്കേഷനാണ്. നാട്ടിൽ പോണം. പറ്റിയാൽ എന്നന്നേക്കുമായി.

സ്വന്തം മകളെ പോലെ സ്നേഹിക്കുന്ന ആ അച്ഛനോടും അമ്മയോടും പറയണം. കഴിയുമെങ്കിൽ ചന്ദ്രുവേട്ടന് ഒരു ആശംസയും.

എക്സാം കഴിഞ്ഞ പിറ്റേന്ന് അച്ഛനോടും അമ്മയോടും പോകുന്ന കാര്യം പറയാനായി വീട്ടിലേക്ക് ചെന്നു. രണ്ടുപേരും ഹാളിൽ തന്നെ ഉണ്ടായിരുന്നു. അമ്മ എന്നെ നോക്കി ചിരിച്ചുവെങ്കിലും പണ്ടത്തെ പോലെ അടുത്തേക്ക് ഓടിവന്നില്ല. അത് എന്നെ ഒരുപാട് വേദനിപ്പിച്ചു.

“ഇങ്ങോട്ടുള്ള വഴിയൊക്കെ ഓർമ്മയുണ്ടോ? ”

മുഖത്തേക്ക് നോക്കാതെയാണ് അച്ഛൻ അത് ചോദിച്ചത്. മറുപടി ഇല്ലായിരുന്നു. തെറ്റ് എന്റെ ഭാഗത്താണ്. ചന്ദ്രുവേട്ടൻ ഇവിടെ ഉണ്ടെന്ന് കരുതി അച്ഛനെയും അമ്മയെയും കാണാൻ പോലും വന്നിരുന്നില്ല. ഞാൻ മിണ്ടാതെ തല കുനിഞ്ഞു നിന്നു. ഉടനെ അച്ഛൻ സോഫയിൽ നിന്നെഴുന്നേറ്റ് അടുത്തേക്ക് വന്നു.

“എന്താ മോൾക്ക് പറ്റിയത്? എന്ത് സങ്കടം ഉണ്ടെങ്കിലും ഞങ്ങളോട് പറഞ്ഞൂടെ? ഞങ്ങൾ മോൾടെ ആരുമല്ലാത്തതുകൊണ്ടാണോ? ”
അച്ഛൻ പറഞ്ഞത് കേട്ടു എന്റെ കണ്ണ് നിറഞ്ഞു.

“അങ്ങനെയൊന്നും പറയല്ലേ അച്ഛാ. എന്റെ അച്ഛനും അമ്മയും തന്നെയാ ഇത്. അങ്ങനെയല്ലാതെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല. ”

“പിന്നെ എന്തിനാ മോളെ ഇങ്ങനെ…… ഇങ്ങനെ കാണാൻ ഒരു രസവുമില്ല കേട്ടോ. മോൾടെ വിഷമം എന്താണെന്ന് അച്ഛനോട് പറ. അച്ഛൻ ശെരിയാക്കി തരാം. ”

“വൈകിപ്പോയി അച്ഛാ. ഞാനൊരുപാട് വൈകിപ്പോയി.”
നിഷേധാർത്ഥത്തിൽ തലയാട്ടികൊണ്ട് ഞാൻ പറഞ്ഞു.

“ഞാൻ വേറൊരു കാര്യം പറയാനാ വന്നത്. ഇപ്പൊ അവധിയല്ലേ. നാട്ടിലേക്ക് പോണം. അടുത്ത ആഴ്ച അച്ഛനും അമ്മയും എന്നെ തനിച്ചാക്കി പോയിട്ട് രണ്ടു വർഷം തികയാണ്. ബലിയിടാൻ തിരുന്നാവായക്ക് പോണം. പിന്നെ…… ”

“പിന്നെ? ”

“പിന്നെ… രേവതി വിളിച്ചിരുന്നു. അവള്ടെ സ്കൂളിൽ ഒരു ഒഴിവുണ്ട് ന്ന് പറഞ്ഞു. ഞാൻ അങ്ങോട്ട് പോയാലോന്ന്…. ”

“അപ്പൊ ഞങ്ങളെ വിട്ടിട്ട് പോവണല്ലേ? യാത്ര പറയാൻ വന്നതാ ലെ? ”

“അത് പിന്നെ.. അവിടെയാവുമ്പോൾ രേവതി, അങ്കിൾ… പിന്നെ തറവാട്ടിൽ….”

“വന്നിട്ട് ഒരു വർഷം ആവുന്നല്ലേ ഉള്ളു. അപ്പോഴേക്കും. പിന്നെ ചന്ദ്രുന്റെ വിവാഹം. അതെങ്കിലും കൂടീട്ട് പോയാൽ പോരെ മോളെ? ”
അമ്മ ചോദിച്ചു.

“നിർബന്ധിക്കണ്ട ലക്ഷ്മി. പോകുന്നവർ പോട്ടെ ടോ. പോകരുതെന്ന് പറയാൻ നമ്മളാരാ? ”

“അച്ഛാ അങ്ങനെയൊന്നും പറയല്ലേ. എനിക്ക് പറ്റണില്ല… ഇവിടെ ഇനിയും….. അതുകൊണ്ടാ …. ”

“അതെന്താണെന്ന് ആണ് ചോദിച്ചത്? ”

“അത് മാത്രം എന്നോട് ചോദിക്കരുത്. ഞാൻ പറയില്ല. പ്ലീസ്.”
ഞാൻ കരഞ്ഞുകൊണ്ട് തൊഴുകൈയോടെ പറഞ്ഞു. അമ്മ വന്നു എന്നെ കെട്ടിപിടിച്ചു.

“പോവാതിരുന്നൂടെ മോളെ. ഈ അച്ഛനെയും അമ്മയുമൊക്കെ വിട്ട്? ”

അമ്മ ചോദിച്ചപ്പോൾ ഞാൻ കഴിയില്ലെന്ന് പറഞ്ഞു. ഉടനെ അച്ഛൻ പറഞ്ഞു – പോകുന്നത് വരെ ഇങ്ങനെ വിഷമിച്ചു നടക്കരുത് ന്ന്.

കുറച്ചു നേരം പഴയത് പോലെ അവരുടെ കൂടെ സംസാരിച്ചിരുന്നു.

അത് കഴിഞ്ഞു പോകാൻ ഇറങ്ങിയപ്പോൾ കടുവ കയറി വന്നത്. പുറത്ത് എവിടെയോ പോയിരിക്കുകയായിരുന്നു. ചന്ദ്രുവേട്ടന് ഒരു പുഞ്ചിരിയും നൽകി ഞാൻ ഔട്ട്‌ ഹൗസിലേക്ക് നടന്നു.

ഇന്ന് നാട്ടിലേക്ക് പോവുകയാണ്. വൈകുന്നേരമാണ് ട്രെയിൻ. രേവതിയുടെ വീട്ടിലേക്കാണ് പോകുന്നത്. പാലക്കാട്‌. അച്ഛന്റെ തറവാടും അവിടെയാണ്.

രേവതിയുടെ വീട്ടിൽ നിന്നും പത്തിരുപത് മിനിറ്റ് നടക്കാനുണ്ട് തറവാട്ടിലേക്ക്.

രണ്ടുപേരുടെയും അച്ഛന്മാർ സുഹൃത്തുക്കളായിരുന്നു.ഞങ്ങളെപ്പോലെ തന്നെ ഒരുമിച്ച് പഠിച്ചവർ.

ഒരു തവണ വന്നുപോയത് കൊണ്ട് സൂരജേട്ടൻ വീണ്ടും അന്വേഷിച്ച് അങ്ങോട്ട്‌ വരുമെന്ന് തോന്നുന്നില്ല.

രാവിലെ എഴുന്നേറ്റതും എന്തൊക്കെയോ നഷ്ടപ്പെടാൻ പോകുന്നുവെന്ന് ഒരു തോന്നൽ. ഇന്ന് ചെടികൾ നനക്കാനൊരു ആഗ്രഹം.

കടുവയോട് ആവശ്യം പറഞ്ഞപ്പോൾ എതിർത്ത് ഒന്നും പറഞ്ഞില്ല. നനച്ചു തീരുന്നത് വരെയും കൂടെതന്നെ ഉണ്ടായിരുന്നു.

എങ്കിലും ഒന്നും മിണ്ടിയില്ല. അതു കഴിഞ്ഞു ഔട്ട്‌ ഹൗസിലേക്ക് പോന്നു, പണികളെല്ലാം ഒരുക്കി.

പത്തു ദിവസം കഴിഞ്ഞല്ലേ വരുള്ളൂ, അതുകൊണ്ട് അവിടമാകെ നന്നായി ഒതുക്കി വൃത്തിയാക്കി വെച്ചു.

കൊണ്ടുപോകാൻ ഉള്ള ഡ്രെസ്സും മറ്റും ബാഗിലേക്ക് എടുത്തു വെച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് ആരോ കാളിങ് ബെൽ അടിച്ചത്.

ബാഗ് അടച്ചുവെച്ച് ചെന്ന് വാതിൽ തുറന്നു. മുന്നിൽ നിൽക്കുന്നവരെ കണ്ട് ഞാൻ അമ്പരന്നു.

അച്ഛനും അമ്മയും രാധുവും പിന്നെ പിറകിലായി അച്ചുവേട്ടനും ഹരിയേട്ടനും.

മുറ്റത്തു ഫോണിൽ നോക്കികൊണ്ട് ചന്ദ്രുവേട്ടനും. ഇതെന്താ എല്ലാരും ഇവിടെ? ഞാനോർത്തു.

“എന്താ എല്ലാരും….. കൂടി…. ഈ നേരത്ത്…… ”

എല്ലാവരെയും മാറി മാറി നോക്കികൊണ്ട് വിക്കി വിക്കി ഞാൻ ചോദിക്കുന്നതോടൊപ്പം അവരെല്ലാം അകത്തേക്ക് കടന്ന് സോഫയിൽ ഇരുന്നുകഴിഞ്ഞിരുന്നു. രാധു എന്റെ കൂടെ നിന്നതേയുള്ളൂ.

“ഞങ്ങൾ ഒരു പെണ്ണുകാണലിന് ഇറങ്ങിതാ. അല്ലേടാ ഹരി. ”

അച്ചുവേട്ടനായിരുന്നു മറുപടി പറഞ്ഞത്.

ഒപ്പം ഹരിയേട്ടന്റെ തോളിനിട്ടൊരു തട്ടും. ഹരിയേട്ടനാണെങ്കിൽ എവിടുന്നോ കടമെടുത്ത നാണവും കൊണ്ട് എന്നെനോക്കി ചിരിക്കുന്നുണ്ട്.

അതുകണ്ടപ്പോൾ എനിക്കെന്തോ പന്തികേട് തോന്നി. ഞാൻ സംശയത്തോടെ അച്ഛനെ നോക്കി.

അച്ഛൻ അപ്പോഴും ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് ഇരിക്കുകയാണ്. ഈ അച്ഛന് ഇന്ന് മൗനവ്രതമാണോ? ഒന്നും മിണ്ടാത്തതെന്താ?

“ആദ്യം വീട്ടിൽ വന്ന അതിഥികൾക്ക് കുടിക്കാനെന്തെങ്കിലും കൊടുക്കൂ കുട്ടി. ”

ആരും മിണ്ടുന്നില്ലെന്ന് കണ്ട് അച്ചുവേട്ടൻ പറഞ്ഞു. ഇലക്ഷൻ പ്രചരണത്തിനു വന്നവരെ പോലെ എല്ലാരും ചിരിച്ചോണ്ട് ഇരിപ്പുണ്ട്. ഒരാൾ ഒഴികെ.

ഏതായാലും കുടിക്കാൻ എന്തെങ്കിലും എടുക്കാമെന്ന് കരുതി ഞാൻ അടുക്കളയിലേക്ക് പോയി.

രാധുവും കൂടെ വന്നു. രണ്ടുപേരും കൂടി ചായയുണ്ടാക്കി അതുംകൊണ്ട് ഹാളിലേക്ക് പോന്നു. ട്രേ ടീപോയിയിൽ വെക്കാനൊരുങ്ങിയപ്പോൾ അമ്മ പറഞ്ഞു എല്ലാവർക്കും എടുത്തു കൊടുക്കാൻ.

എന്നാൽ ആദ്യം അച്ഛന് തന്നെ ഇരിക്കട്ടെ ന്ന് കരുതി ഒരു കപ്പെടുത്ത് അച്ഛന് നേരെ നീട്ടിയപ്പോൾ അച്ചുവേട്ടന്റെ വക അടുത്ത ഓർഡർ.

ആദ്യം ഹരിയേട്ടന് കൊടുക്കണം പോലും. ഒരറ്റത്ത് നിന്ന് തുടങ്ങാലോ ന്ന്. അച്ചുകോഴി വല്ലാതെ ചിറകിട്ടടിക്കുന്നുണ്ടല്ലോ? അച്ഛനും അമ്മയും ഇരിക്കുന്നു. അല്ലെങ്കിൽ ഈ കോഴിചേട്ടനുള്ള മറുപടി ഞാൻ കൊടുത്തേനെ.

ഞാനാ കോഴിയെ ഉഴിഞ്ഞൊന്ന് നോക്കി. എന്താ എല്ലാവരുടെയും ഉദ്ദേശമെന്ന് അറിഞ്ഞിട്ട് ഇതിനെയൊന്ന് പൊരിച്ചെടുക്കണം.

ഹരിയേട്ടനിൽ തുടങ്ങി കടുവയിൽ ചെന്നെത്തി ചായകൊടുക്കൽ. കയറി വന്നിട്ട് ഈ നേരംവരെ ആ സാധനം ഫോണിൽ നിന്നും തല ഉയർത്തിയിട്ടില്ല.

ഇതിനും മാത്രം എന്താണാവോ ആ ഫോണിൽ? ഓഹ്…. അച്ചൂട്ടിയെങ്ങാനും ഓൺലൈനിൽ ഉണ്ടാവും.

തല ഉയർത്തിയാൽ ചിലപ്പോൾ പിണങ്ങിയാലോ? ഫോണിൽ നിന്നും തല ഉയർത്താത്തതുകൊണ്ട് ട്രേയിൽ കുറെ തപ്പിയിട്ടാണ് ചായകപ്പ്‌ കൈയിൽ കിട്ടിയത്.

അങ്ങനെയിപ്പോ ആ അച്ചുനോട്‌ ചാറ്റണ്ടാ. കപ്പ്‌ കൈയിലെത്താറാവുമ്പോൾ ട്രേ നീക്കി.

ഒന്നുരണ്ടു വട്ടം കടുവയെ ഇട്ട് കളിപ്പിച്ചു. അതിനുശേഷമാണ് കപ്പ്‌ കൊടുത്തത്. എല്ലാവർക്കും ചായ കൊടുത്തു കഴിഞ്ഞപ്പോൾ അച്ഛൻ പറഞ്ഞുതുടങ്ങി.

“മോള് പോവാണെന്നു പറഞ്ഞപ്പോൾ തൊട്ട് എന്തോപോലെ… എന്നും ഞങ്ങടെ കണ്മുന്നിൽ തന്നെ വേണംന്നൊരു ആഗ്രഹം.

അറിഞ്ഞപ്പോൾ ചന്ദ്രു ഒരു കാര്യം പറഞ്ഞു. ഇവരും അതുതന്നെയാ നല്ലതെന്ന് പറഞ്ഞു. മോൾടെ മൂർത്തി അങ്കിൾനോട്‌ സംസാരിച്ചിരുന്നു.

അവർക്ക് നൂറുവട്ടം സമ്മതാ. ചന്ദ്രു ഏതായാലും വിവാഹത്തിന് സമ്മതിച്ചിക്കല്ലേ, മോളും കൂടി സമ്മതം പറഞ്ഞാൽ ഒരുമിച്ച് നടത്താലോ. അതാ ഞങ്ങള്.മോൾടെ അഭിപ്രായം കൂടി അറിഞ്ഞാൽ വിവാഹത്തിനുള്ള ഒരുക്കങ്ങൾ നോക്കായിരുന്നു. ”

അപ്പൊ ഊഹിച്ചപോലെ തന്നെയാണ് കാര്യങ്ങൾ. ഹരിയേട്ടന് വേണ്ടി എന്നെ പെണ്ണ്കാണാൻ വന്നതാണ്. കടുവയ്ക്ക് വേണ്ടെങ്കിൽ വേണ്ട. എന്നെ കെട്ടിച്ച് വിടാൻ ഇയ്യാൾക്ക് എന്താ ഇത്ര ദൃതി. ഞാൻ പറഞ്ഞോ എനിക്ക് ഇപ്പൊ കെട്ടണം ന്ന്. ഹും…. ഇവിടെ ഇത്രയൊക്കെ പറഞ്ഞിട്ടും കടുവ ഫോണിൽ തന്നെ.

ഇങ്ങനെ കുത്തികൊണ്ട് ഇരിക്കാനാണെങ്കിൽ എന്തിനാ ഇങ്ങോട്ട് കെട്ടിയെടുത്തത്. വീട്ടിലിരുന്നു തോണ്ടിയാൽ പോരായിരുന്നോ? ദുഷ്ടൻ. ഹരിയേട്ടൻ പ്രതീക്ഷയോടെ എന്നെതന്നെ നോക്കുന്നു.
അച്ചുവേട്ടൻ വീണ്ടും അങ്ങേരെ തട്ടാനും മുട്ടാനും തുടങ്ങി.

“മോള് ഒന്നും പറഞ്ഞില്ല. ”
അമ്മ പ്രതീക്ഷയോടെ ചോദിച്ചു.

ഒരാളെ സ്നേഹിക്കാനും മറ്റൊരാളെ കല്യാണം കഴിക്കാനും എനിക്കാവില്ല. അതും സ്നേഹിച്ച പുരുഷന്റെ മുന്നിൽ അയ്യാളുടെ കൂട്ടുകാരന്റെ ഭാര്യയായിട്ട്…. ആലോചിക്കാൻ കൂടി വയ്യ.

മാത്രവുമല്ല കടുവയുടെയും അച്ചുന്റെയും റൊമാൻസും കാണേണ്ടിവരും. അത് കാണാനുള്ള ശക്തിയില്ലാത്തതു കൊണ്ടാണ് ഇവിടുന്ന് പോകുന്നത് തന്നെ.

അപ്പൊ എല്ലാരും കൂടി ഇവിടെതന്നെ പിടിച്ചു നിർത്താൻ നോക്കാണ്.

ഇരുത്തം കണ്ടിട്ട് ചന്ദ്രുവേട്ടന്റെയും ആഗ്രഹം ഇത് തന്നെയാണ്. ദുഷ്ടൻ. അച്ഛനും അമ്മയും എന്നെ അത്രമാത്രം സ്നേഹിക്കുന്നുണ്ട്. അതുകൊണ്ട് അല്ലേ ഇങ്ങനെ… ആ അച്ഛനെയും അമ്മയെയും പിരിയാൻ എനിക്കും വിഷമമുണ്ട്. പക്ഷെ…… ചന്ദ്രുവേട്ടൻ….

( തുടരും )

Mr. കടുവ : ഭാഗം 1

Mr. കടുവ : ഭാഗം 2

Mr. കടുവ : ഭാഗം 3

Mr. കടുവ : ഭാഗം 4

Mr. കടുവ : ഭാഗം 5

Mr. കടുവ : ഭാഗം 6

Mr. കടുവ : ഭാഗം 7

Mr. കടുവ : ഭാഗം 8

Mr. കടുവ : ഭാഗം 9

Mr. കടുവ : ഭാഗം 10

Mr. കടുവ : ഭാഗം 11

Mr. കടുവ : ഭാഗം 12

Mr. കടുവ : ഭാഗം 13

Mr. കടുവ : ഭാഗം 14

Mr. കടുവ : ഭാഗം 15

Mr. കടുവ : ഭാഗം 16

Mr. കടുവ : ഭാഗം 17

Mr. കടുവ : ഭാഗം 18

Mr. കടുവ : ഭാഗം 19

Mr. കടുവ : ഭാഗം 20

Mr. കടുവ : ഭാഗം 21

Mr. കടുവ : ഭാഗം 22

Mr. കടുവ : ഭാഗം 23

Mr. കടുവ : ഭാഗം 24

Mr. കടുവ : ഭാഗം 25

Mr. കടുവ : ഭാഗം 26

Mr. കടുവ : ഭാഗം 27