ഇരട്ടച്ചങ്കൻ : ഭാഗം 5

Spread the love

എഴുത്തുകാരി: വാസുകി വസു


എന്റെ ഉറക്കെയുളള നിലവിളി കേട്ടാണ് അച്ഛനും അമ്മയും ഓടി വന്നത്‌.വന്നപാടെയവർ കതകിലിട്ട് ആഞ്ഞ് തട്ടി എന്നെ പേരെടുത്ത് വിളിച്ചതോടെ ഞാനൊന്ന് കൂടി ഞെട്ടി…

“എന്താ മോളേ വാതിൽ തുറക്കെടീ”

അച്ഛനും അമ്മയും മാറി മാറി വിളിച്ചതോടെ അമ്പരപ്പ് വിട്ടുമാറി ഞാൻ സ്വയബോധത്തിലെത്തി…

“എന്താ എന്തു പറ്റി”

അവർ ചോദിച്ചെങ്കിലും ഭയത്താലെനിക്ക് ശബ്ദം പുറത്ത് വന്നില്ല.ജന്നൽ ഭാഗത്തേക്ക് ഞാൻ വിരൽ ചൂണ്ടി…

“അവിടെ രാവണൻ നിൽക്കുന്നു”

വെപ്രാളത്തോടെ ഞാൻ പറഞ്ഞതും അച്ഛനും അമ്മയും കൂടി അന്തം വിട്ടെന്നെ നോക്കി…

“രാവണനോ ഏത് രാവണൻ”

അച്ഛന്റെയും അമ്മയുടെയും അമ്പരപ്പ് മനസ്സിലാക്കിയതും കാര്യങ്ങൾ ചുരുക്കി ഞാൻ പറഞ്ഞു….

അവർ രണ്ടു പേരും കൂടി അവിടെമാകെ നോക്കിയെങ്കിലും ശൂന്യമായിരുന്നു.രാവണന്റെ നിഴൽ പോലുമെനിക്ക് കാണാൻ കഴിഞ്ഞില്ല…

“ഇനി ഞാൻ കണ്ടതു വല്ല സ്വപ്നമാണോ”

കയ്യിലൊന്ന് നുള്ളി നോക്കിയെങ്കിലും നന്നായി വേദനിച്ചതോടെ ഞാൻ വീണ്ടും അലറി.അച്ഛനും അമ്മയുമാകെ ഞെട്ടിപ്പോയി…

“ടീ എന്തിനാടീ വെറുതെ ഒച്ചവെച്ച് നാട്ടുകാരെക്കൂടി ഉണർത്തുന്നത്”

അമ്മയുടെ വക സ്പെഷ്യൽ ഒന്നു കിട്ടിയതോടെ എനിക്ക് സമാധാനമായി…

“ഇങ്ങനെയുണ്ടോ ഒരുസാധനം”

“മീനൂസേ വന്ന് ഹാളിൽ കിടന്നാൽ മതി”

അച്ഛൻ ധൈര്യം പകർന്നു നൽകിയതോടെ എനിക്ക് പകുതി സമാധാനമായി…

അമ്മയെക്കാൾ അച്ഛൻ മകൾക്ക് ഹീറോയാകുന്നത് ഇതുകൊണ്ടൊക്കെ തന്നെ…

പായും തലയണയുമെടുത്ത് ഹാളിൽ ഞാൻ വിരിച്ചു.തലയണയുടെ പുറത്തേക്ക് തലയും വെച്ച് പുതപ്പിനാൽ ഞാൻ തലയാകെ മൂടിക്കിടന്നു….

“രാവണനെന്താണാവോ ഇങ്ങോട്ടൊരു വരവ്”

എന്റെ മനസ്സാകെ സംഘർഷഭരിതമായി.നന്നേ ഒന്നുറങ്ങാനും കഴിഞ്ഞില്ല…

“നാശം”

എന്നും പതിവുപോലെ അലാറാം വെക്കുന്നതു പോലെ ചാടിയെഴുന്നേൽക്കുന്ന ഞാനാന്ന് ഉണർന്നില്ല.ഉറക്കം വരാതെ കിടന്നതിനാൽ ഒന്ന് മയങ്ങുമ്പോൾ സമയമേറെ വൈകിയിരുന്നു…

ചന്തിക്ക് അമ്മയുടെ ചൂലും കെട്ടിനാലുളള പ്രയോഗത്തിലാണു ഞാൻ ചാടിയെഴുന്നേറ്റത്…രാവിലത്തെ കലിപ്പ് മുഴുവനും ഞാൻ അമ്മയോട് തീർത്തു…

“ഞാനിന്നലെ ഒട്ടും ഉറങ്ങിയട്ടില്ലെന്ന് അമ്മക്ക് അറിയാവുന്നതല്ലേ.പിന്നെന്താ എന്നെ വെറുതെ തല്ലുന്നത്”

കിട്ടിയ അടിയുടെ ചൂടിൽ ഞാനും ചൂടായതോടെ അമ്മ പതിയെ തണുത്തു…

“സമയം പത്തുമണി കഴിഞ്ഞെടീ”

“ഏഹ്.. ”

ഈ പ്രാവശ്യം ഞെട്ടിയത് ഞാനായിരുന്നു.. സോറി പറയാൻ നിന്നില്ല അമ്മക്ക് വെയ്റ്റ് കൂടിയാലോ…

“നിന്നെ തിരക്കി ജാനകി ഇവിടെയെത്ര പ്രാവശ്യം വന്നുവെന്ന് അറിയാമോ..നിന്റെ കിടപ്പ് കണ്ടു കഷ്ടം തോന്നിയന്ന് ജാനകി പറഞ്ഞു”

അപ്പോൾ അതാണല്ലേ കാര്യം.. ചുമ്മാതല്ല അമ്മ അടിച്ചത്…

“അവളെന്ത് പറഞ്ഞമ്മേ”

“ഇന്നലെ നീ ഞങ്ങളെ പറ്റിച്ചതൊക്കെ അവളെ അറിയിച്ചു”

“ഛെ..അമ്മക്കൊരു പണിയുമില്ലാരുന്നോ വെറുതെ എന്നെ നാറ്റിക്കാൻ”

“” നനച്ചു കുളിച്ചിട്ട് വല്ലതും കഴിച്ചിട്ട് നീ ചെന്ന് ജാനകിയെ കാണാൻ നോക്ക്”

അമ്മ വീണ്ടും അടുക്കളയിലേക്ക് പിൻ വലിഞ്ഞതോടെ ഞാൻ കുളിമുറിയിൽ കുളിക്കാൻ കയറി…

“എന്തിനാകും ജാനകി അർജന്റായി കാണണമെന്ന് പറഞ്ഞത്.ഫോൺ ചെയ്തു ചോദിച്ചാലോ?.വേണ്ട ആ പേരും പറഞ്ഞു ഇവിടെ നിന്ന് കുറച്ചു നേരം മാറി നിൽക്കുന്നതാണ് നല്ലത്..

നനയും കുളിയും കഴിഞ്ഞതോടെ നേരെ ഞാൻ അടുക്കളയിലേക്ക് ചെന്നു..

” അമ്മേ കഴിക്കാനെന്താ ഉണ്ടാക്കിയത്”

“ഇഡ്ഡിലിയും സാമ്പാറും”

അത് കേട്ടതോടെ എന്റെ നാവിൽ കപ്പലോടി…

“എന്റെ ഫേവറിറ്റ് ഐറ്റമാണ്..എന്തു പറ്റിയോ അമ്മക്കിത് ഉണ്ടാക്കാൻ”

അമ്മയുടെ കൈപ്പുണ്യം ചാലിച്ച സാമ്പാറും ഇഡ്ഡലിയും ഞാൻ നന്നായി കൂട്ടിയിളക്കി കഴിച്ചു…

“അമ്മേ ചായ”

അമ്മയുടെ കയ്യിൽ നിന്ന് സ്നേഹത്തോടെ ഞാൻ ചായ വാങ്ങിക്കുടിച്ചു…

എനിക്ക് രാവിലെ മുതൽ എന്ത് പറ്റിയെന്ന ഭാവത്തിലാണ് അമ്മയുടെ ശ്രദ്ധ മുഴുവനും. ഇന്നലെ വരെ ഞാൻ ശത്രുവിനെയെന്ന പോലെ അമ്മക്ക് ഇടക്കിടെ ഡോസ് കൊടുക്കാറുണ്ട്…

ഇന്നലെ ഏട്ടൻ ആവശ്യപ്പെട്ട നിമിഷം മുതൽ ഞാൻ അമ്മയെ സ്നേഹിച്ചു തുടങ്ങി. ഇതുവരെ നൽകാതിരുന്ന സ്നേഹം മുഴുവനും ഞാൻ ഒരുമിച്ച് നൽകാൻ ശ്രമിച്ചു…

എന്റെ മനസ്സ് മുഴുവൻ ഏട്ടൻ പറഞ്ഞ വാക്കുകൾ ആയിരുന്നു…

“നമ്മുടെ അമ്മ പാവമാടീ..നീ അവരെ വെറുക്കരുത്.സ്നേഹിക്കണം.എന്നെങ്കിലും അമ്മ എന്നെ തിരിച്ചറിയും.അതുവരെ ഏട്ടൻ പറഞ്ഞ രഹസ്യം നീ ആരോടും പറയരുത്”

ഏട്ടനറിയാം എന്നെ തല പോയാലും ഒരു രഹസ്യവും ഞാൻ ആരോടും പറയില്ലെന്ന്..തിരികെ ഏട്ടനും അതുപോലെയാണ്…

നാട്ടുകാർ പലരും ഞങ്ങളുടെ സൗഹൃദം കണ്ടിട്ടു ചോദിച്ചിട്ടുണ്ട്…

“കർണ്ണനും സീതയും ശരിക്കും സഹോദരങ്ങൾ തന്നെയാണോ അതോ കട്ടചങ്ക്സ് ആണോന്ന്..

ഞങ്ങളുടെ സഹോദര സ്നേഹം അങ്ങനെയാണേ…

ഒരിക്കൽ ജാനകി വരെ ഏട്ടനോട് ചോദിച്ചു…

” എടാ ഇരട്ടച്ചങ്കാ നിനക്ക് ഇഷ്ടം എന്നെയോ അതോ നിന്റെ അനിയത്തിപ്പെണ്ണിനെയോ”

ഏട്ടൻ സംശയമില്ലാതെ ഉത്തരം നൽകി..

“എനിക്കാദ്യം കിട്ടിയത് സീതപ്പെണ്ണിനെയാണ്..ഏറ്റവും ബെസ്റ്റ് ചങ്കത്തി.”

“ഓ..അപ്പോൾ നിനക്ക് എന്നോടൊട്ടും സ്നേഹമില്ലല്ലോ”

ജാനകി മുഖം വീർപ്പിച്ചു…

“രണ്ടും ജനകപുത്രിയല്ലേ..ഒന്നുതന്നെ…രണ്ടിനെയും ഒരുപോലെ ഇഷ്ടം”

ഏട്ടൻ പറഞ്ഞു തടിതപ്പി…ഏട്ടൻ തന്നെയാണ് എന്നോടീക്കാര്യം പറഞ്ഞതും….

പതിയെ നടന്ന് ഞാൻ ജാനകുയുടെ വീട്ടിലെത്തി. കോളിങ്ങ് ബെല്ലിൽ വിരലമർത്തി കാത്തു നിന്നു.ഇറങ്ങി വന്നത് ജാനകിയുടെ അമ്മ..

“ആരിത്..സീതപ്പെണ്ണോ കയറി വാടീ”

ജാനകിയുടെ അമ്മ ക്ഷണിച്ചെങ്കിലും ഞാൻ ആരാഞ്ഞത് അവളെവിടെ എന്നതായിരുന്നു…

“ദാ ഇപ്പോൾ പുറത്തേക്ക് പോയതേയുളളൂ..നീ കയറിയിരിക്ക്”

എന്താണെന്ന് അറിയില്ല എന്റെ മനസാകെ അസ്വസ്ഥമായി തുടങ്ങി….

“ഞാൻ പിന്നെ വരാം അമ്മേ”

അങ്ങനെ അവിടെ നിന്ന് എസ്ക്കേപ്പാകാൻ ശ്രമിച്ചെങ്കിലും അവളുടെ അമ്മയെന്നെ വിട്ടയിച്ചില്ല…

“ടീ നിനക്കെ എന്താടീയിത്ര ഗമ..മര്യാദക്ക് കയറി വന്നോണം”

ജാനകിയുടെ മാതാവിന്റെ അഭിനയം കണ്ടതും എനിക്ക് ചിരിപൊട്ടി…

“സൂപ്പറായിരിക്കണ്”

അമ്മയെ ഞാൻ കളിയാക്കി…അവരുടെ പിന്നാലെ ഞാനും അടുക്കളയിലേക്ക് നടന്നു.

അവിടെമാകെ പഴുത്ത വരിക്കച്ചക്കയുടെ ഗുമുഗുമാ മണം എന്റെ മൂക്കിൽ ഇരച്ചു കയറി.ഞാൻ മൂക്കു വിടർത്തി മണം പിടിച്ചതും എനിക്ക് നല്ല കിഴുക്ക് കിട്ടി…

“ടീ കൊതിച്ചീ..നിനക്കിത് തരാൻ വേണ്ടിയാണ് ഞാൻ വിളിച്ചത് അപ്പോൾ അവൾക്ക് ഒടുക്കത്തെ ഗമ”

“അങ്ങ് ക്ഷമിക്കമ്മേ”

തമാശയോടെ ഞാൻ പറഞ്ഞു..

ജാനകിയുടെ അമ്മയെയും അച്ഛനെയും ഞാൻ പേരു ചേർക്കാതാണു അമ്മയും അച്ഛാന്നും വിളിക്കുന്നത് ‌..

“ഒടുവിൽ കർണ്ണൻ ജാമ്യത്തിനു സമ്മതിച്ചു അല്ലേ.ഈശ്വരൻ തുണച്ചു”

“അതേ അമ്മേ..”

“അവനു വേണ്ടി പ്രാർത്ഥിക്കാത്ത ദിവസങ്ങളില്ല.ജാമ്യത്തിനു സമ്മതിക്കാനായിട്ട്.ഒടുവിൽ ദൈവം പ്രാർത്ഥന കേട്ടു”

ജാനകിയുടെ അച്ഛനും അമ്മക്കും കർണ്ണേട്ടനെ വലിയ ഇഷ്ടമാണ്.. ഏട്ടനെ ജാമ്യത്തിൽ ഇറക്കാൻ അവർ ശ്രമിച്ചെങ്കിലും ഏട്ടൻ സമ്മതിച്ചില്ല…

“ജാനകിക്കുളളതെല്ലാം അവനും കൂടിയല്ലേ.പിന്നെന്തിനാ അവനിത്ര ബലം പിടുത്തം. ഞങ്ങൾക്ക് മറ്റ് മക്കളൊന്നു മില്ല”

“എടീ അതാടീ ആണുങ്ങൾ..എല്ലാവരെയും പോലെ കർണ്ണനെ കാണരുത്. ആത്മാഭിമാനമുളളവനാണ്..ഇരട്ടച്ചങ്കൻ…

അമ്മക്ക് മറുപടിയായി അവിടേക്ക് വന്ന ജാനകിയുടെ അച്ഛൻ പറഞ്ഞു…

” ഏട്ടനെ കുറിച്ച് എനിക്ക് അഭിമാനം തോന്നിയ നിമിഷം.. മറ്റുളളവർ ഏട്ടനെ കുറിച്ച് അങ്ങനെ അഭിപ്രായപ്പെട്ടതും ഏട്ടനോട് സ്നേഹം കൂടിയതേയുളളൂ…

ഒറ്റയിരുപ്പിൽ ഞാൻ ചക്ക തിന്നു തീർത്തു.അപ്പോൾ പുറത്ത് ആക്റ്റീവ് വന്ന് നിൽക്കുന്ന ശബ്ദം കേട്ടു. കയ്യിൽ പച്ചവെളിച്ചണ്ണയിട്ട് പുരട്ടി കയ്യിലെ അരക്ക് കളഞ്ഞു ഞാൻ ജാനകിയുടെ അടുത്ത് ചെന്നു….

അവളുടെ രണ്ടു കയ്യിലായി വലിയൊരു കിറ്റു കണ്ടു….

“എന്തുവാടി ഇതൊക്കെ”

അതൊൽ തൊട്ട് ഞാൻ ചോദിച്ചു…

“നീ വന്നേ..ഒരു അർജന്റ് ഉണ്ട്”

എന്നെയും വലിച്ചു പിടിച്ചു അവൾ മുറിക്കകത്ത് കയറി വാതിൽ അടച്ചു…

“ഇന്നലെ രാത്രി രണ്ടു മണി മുതൽ ഞാൻ വിളിക്കുവാ നിന്റെ ഫോൺ ഓഫാണു..

അപ്പോഴാണു ഞാൻ ഓർത്തത് ഫോണിന്റെ ചാർജ് തീർന്നിട്ട് കുത്തിയിടാൻ പറ്റിയില്ലല്ലോന്ന്…

” രാവിലെ എത്ര പ്രാവശ്യം വന്നു ഉറക്കത്തോട് ഉറക്കം നീ”

“ഡീ നാത്തൂനെ നീ കാര്യം പറയെടീ…”

ഒന്നും പറയാതെ അവൾ മറ്റൊരു സിഗ്നൽ നൽകിയതും മുറിയോട് ചേർന്നുള്ള അറ്റാച്ച്ഡ് ബാത്ത് റൂമിൽ നിന്ന് ഇറങ്ങി വരുന്നയാളെ കണ്ടതും എന്റെ കണ്ണുകൾ പുറത്തേക്ക് കൂടുതൽ തളളി…

“രാവണൻ.”

ഇയാൾക്ക് ഇവിടെന്താ കാര്യം… അമ്പരപ്പോടും ഞെട്ടലോടും ഞാൻ ജാനകുയുടെയും രാവണന്റെയും മുഖത്തേക്ക് മാറി മാറി നോക്കി…..

(“തുടരും)

 

ഇരട്ടച്ചങ്കൻ : ഭാഗം 1

ഇരട്ടച്ചങ്കൻ : ഭാഗം 2

ഇരട്ടച്ചങ്കൻ : ഭാഗം 3

ഇരട്ടച്ചങ്കൻ : ഭാഗം 4

-

-

-

-

-