Saturday, July 13, 2024
Novel

ഹൃദയസഖി : ഭാഗം 4

എഴുത്തുകാരി: ടീന കൊട്ടാരക്കര

Thank you for reading this post, don't forget to subscribe!

ദിവസങ്ങൾ കടന്ന് പോകവേ കൃഷ്ണ പഠനത്തിൽ ശ്രെദ്ധ കേന്ദ്രീകരിച്ചു. ലഭിക്കുന്ന സമയമെല്ലാം പ്രോബ്ലം സോൾവ് ചെയ്യാനും പുസ്തകങ്ങൾ വായിക്കാനുമായി അവൾ ചിലവഴിച്ചു. എങ്കിലും അടുക്കളജോലികളിൽ അവളൊരു മുടക്കവും വരുത്തിയില്ല.

എല്ലാ ജോലികളും കണ്ടറിഞ്ഞു ചെയ്തു. എന്നിട്ടും ചെമ്പകശ്ശേരിയിലെ പെണ്ണുങ്ങൾക്ക്‌ ഇടയിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു.

തരം കിട്ടുമ്പോഴൊക്കെയും കൃഷ്ണയെ കുത്തിനോവിക്കാനും തളർത്താനും അവർ ശ്രെമിച്ചുകൊണ്ടിരുന്നു.

അതിനൊക്കെ ചെവികൊടുക്കാതെയിരിക്കാൻ അവൾ പരമാവധി ശ്രെമിക്കുമെങ്കിലും മിഴികൾ ചില സമയത്ത് അനുസരണയില്ലാതെ ഒഴുകാറുണ്ട്.

ആ മിഴികൾ തുടയ്ക്കാൻ യദുവും മീനാക്ഷിയും അവളുടെ ഇടവും വലവുമായി ഉണ്ടായിരുന്നു.

കൃഷ്ണയ്ക്ക് മേലുള്ള അതിരുകടക്കുന്ന പരിഹാസങ്ങളെ തടയാൻ രവീന്ദ്രനും സതീശനും നിലകൊണ്ടു.

ഹരി ഹോസ്പിറ്റലിൽ പോയിത്തുടങ്ങി. മിക്ക ദിവസങ്ങളിലും രാവിലെ തറവാട്ടിലെത്തി ഹാജർ വെച്ചിട്ടേ അവൻ ഹോസ്പിറ്റലിൽ എത്തിയിരുന്നുള്ളു.

ബ്രേക്ഫാസ്റ് വീട്ടിൽ നിന്നു കഴിച്ചാലും കൃഷ്ണ ഉണ്ടാക്കിയ ഭക്ഷണം അല്പം കഴിക്കാതെ അവൻ പോകില്ലായിരുന്നു.

ഹരി തന്റെമേൽ കൂടുതൽ സ്വാതന്ത്ര്യം കാട്ടുമ്പോഴും അവനിൽനിന്നു തെല്ലകലം പാലിക്കാൻ കൃഷ്ണ ശ്രെമിച്ചുകൊണ്ടിരുന്നു.

എങ്കിലും ചിലനേരത്തെല്ലാം ആ ശ്രെമങ്ങൾ വിഫലമാകുന്നത് പോലെ അവൾക്കു തോന്നിപ്പിച്ചു.

ഹൃദയത്തിൽ കുഴിച്ചുമൂടിയ പ്രണയം ഇടയ്ക്ക് ഉയർത്തെഴുന്നേറ്റു വരുന്നതവൾ അറിഞ്ഞു.

അങ്ങനെയിരിക്കെ ഒരു സന്ധ്യാനേരത്ത് അത്താഴത്തിനുള്ള ഒരുക്കങ്ങളിലായിരുന്നു കൃഷ്ണ. സഹായത്തിനായി മീനാക്ഷിയും ധന്യയും ധ്വനിയും അവളോടൊപ്പം കൂടി.

കൃഷ്ണ വീണ്ടും പഠനം തുടർന്നതിൽപിന്നെ അവരും അവളോടൊപ്പം അടുക്കളജോലികളിൽ സഹായിക്കാറുണ്ട്.

ആരും ആവശ്യപ്പെടാതെ സ്വമനസ്സാലെ അവളോടൊപ്പം ജോലികൾ ചെയ്യുന്നതിൽ കൃഷ്ണയുടെ മനസിലും സന്തോഷം തോന്നി.അല്പനേരത്തിനു ശേഷം അവർക്കിടയിലേക്ക് ദേവികയും കടന്നു വന്നു.

“എന്താ ദേവികേ നീ ഇങ്ങോട്ട് വന്നത്., സ്ഥലം മാറിപ്പോയോ ഇത് അടുക്കളയാ ” മീനാക്ഷി അവളോട്‌ ചോദിച്ചു

“കളിയാക്കുവൊന്നും വേണ്ട, ഞാൻ ഇങ്ങോട്ടേക്കു തന്നെ വന്നതാ ” ദേവിക ശുണ്ഠിയോടെ പറഞ്ഞു

“അല്ല, ദേവുചേച്ചി അങ്ങനെ അടുക്കളയിൽ കയറാറില്ലല്ലോ അതോണ്ട് ചോദിച്ചതാ ” ധന്യ പറഞ്ഞു

“കഴിക്കാൻ അല്ലാതെ ചേച്ചി ഇങ്ങോട്ടേക്കു വരുന്നത് നീ കണ്ടിട്ടുണ്ടോ ” ധ്വനിയും ധന്യയോടൊപ്പം ചേർന്നു.

“മതിയെടി നിർത്തു. കഴിഞ്ഞ ആഴ്ചയിൽ ബ്രേക്ഫാസ്റ് ഉണ്ടാക്കിയത് ഞാനാ. അത് മറന്നോ നിങ്ങളൊക്കെ.” ദേവിക ചോദിച്ചു

” ഒരു കാര്യം ചെയ്യാം ഇനി മുതൽ നമുക്ക് ഓരോ ഡേ ഓരോരുത്തർ വീതം കിച്ചൻ ഡ്യൂട്ടി ഏറ്റെടുക്കാം. എന്തെ? ” ധ്വനി അഭിപ്രായം ആരാഞ്ഞു

“എനിക്ക് വയ്യ.. പഠിക്കാനൊക്കെ ഒരുപാട് കിടക്കുന്നു. അതിന്റെ ഇടയ്ക്ക് ഇതുകൂടി പറ്റില്ല എനിക്ക് ” അവൾ എടുത്തടിച്ചപോലെ പറഞ്ഞു.

“എന്റെ ദേവികേ അല്പനേരം പാചകം ചെയ്തതുകൊണ്ട് നീ വക്കീൽ പരീക്ഷ തോറ്റൊന്നും പോവില്ല..

അങ്ങനെയാണെങ്കിൽ കൃഷ്ണ എന്നേ പഠിപ്പ് നിർത്തിയേനെല്ലോ ” മീനാക്ഷി അല്പം കൊള്ളിച്ചു പറഞ്ഞു. പിന്നെ മറുത്തൊന്നും പറയാൻ നിൽക്കാതെ ദേവികയും അവരോടൊപ്പം കൂടി.

കുറച്ചു സമയത്തിന് ശേഷം ശോഭ അടുക്കളയിലേക്ക് എത്തി.

“കൃഷ്ണേ, നിന്നെ കാണാൻ ഒരാൾ എത്തിയിട്ടുണ്ട്, വേഗം അങ്ങോട്ടേക്ക് വാ ” അവളെ അറിയിച്ചിട്ട്‌ ശോഭ തിരികെ പോയി.

ഈ നേരത്ത് ആരാ തന്നെ കാണാൻ വരിക എന്നവൾ ചിന്തിച്ചു. മനസിലൂടെ പല മുഖങ്ങൾ കടന്നു പോയി.

അവൾ ഉടനടി അപ്പുറത്തേക്ക് ചെന്നതും വന്നിരിക്കുന്ന ആളെക്കണ്ടു ഒരു നിമിഷം സ്തബ്ധയായി നിന്നു.

‘ശ്രീജിത്ത്‌ ‘

അച്ഛന്റെ പെങ്ങളുടെ മോനാണ് ശ്രീജിത്ത്‌. തനി വഷളൻ. കയ്യിൽ ഇല്ലാത്ത മോശം സ്വഭാവങ്ങളില്ല. അടിപിടി കേസുകളിലും മറ്റും സ്ഥിരം ഉൾപ്പെടും.

അവനെ കാണുന്നത് തന്നെ കൃഷ്ണയ്ക്ക് ഇഷ്ടമല്ല. നേരിട്ട് കാണേണ്ടി വരുന്ന അവസരങ്ങളിൽ കഴിവതും ഒഴിഞ്ഞു മാറാറാണ് പതിവ്.
കുറച്ചു നാളായി ജയിലിലായിരുന്നു, ഏതോ പെണ്ണുകേസിൽ അകത്തായതാണെന്നു പലരും പറഞ്ഞു അവളും അറിഞ്ഞിരുന്നു.

കൃഷ്ണയെ കണ്ടതും ശ്രീജിത്ത്‌ എഴുനേറ്റു അടുത്തേക്ക് വന്നു.

“വേണി, ഞാൻ കുറെ നേരായി വന്നിട്ട്..നീ അകത്തു എന്തെടുക്കുവായിരുന്നു ”

മദ്യത്തിന്റെ രൂക്ഷഗന്ധം അവളുടെ മൂക്കിലേക്ക് തുളച്ചു കയറി. പെട്ടന്ന് തന്നെ അവൾ മുഖം തിരിച്ചു.

“ചേട്ടൻ എന്തിനാ ഇങ്ങോട്ട് വന്നത് ” താല്പര്യം ഇല്ലാതെ അവൾ ചോദിച്ചു

“നിന്നെ കാണാനാ വന്നത്, ഒരുപാട് ആയില്ലേ കണ്ടിട്ട്.. അമ്മ പറഞ്ഞു നീ വീട്ടിലേക്ക് വന്നിട്ടും കുറച്ചു നാളായെന്ന്. ”

“ഇങ്ങോട്ട് വരേണ്ട.. അതെനിക്ക് ഇഷ്ടമല്ല ” അവൾ അല്പം ദേഷ്യത്തിൽ പറഞ്ഞു

“അതെന്താ വന്നാൽ.. എനിക്ക് എന്റെ വേണിയെ കാണണം എന്ന് തോന്നിയാൽ ഞാൻ വരും ” ചുമന്നു കലങ്ങിയ കണ്ണുകളോടെ അവളെ തുറിച്ചുനോക്കികൊണ്ട് അയാൾ രണ്ടുചുവട് മുന്നിലേക്ക് നടന്നു. ഉടനടി അവൾ പിന്നിലേക്ക് മാറി.

” എന്തിനാ അവളെക്കാണാൻ ഇങ്ങോട്ട് വരുന്നത് ”

പൊടുന്നനെ ഒരു ശബ്ദം മുഴങ്ങിയത് കേട്ടു രണ്ടുപേരും തിരിഞ്ഞുനോക്കി. നാരായണി അമ്മ ഇരുവരെയും നോക്കികൊണ്ട് പിന്നിലായി നിൽക്കുന്നു.

ശ്രീജിത്ത്‌ വന്നത് തീരെ ഇഷ്ടമായില്ല എന്നു അവരുടെ മുഖഭാവത്തിൽ നിന്നു കൃഷ്ണയ്ക്ക് വ്യക്തമായി.

” ഞാൻ കാണുമ്പോൾ ഇവൾക്ക് സ്വന്തവും ബന്ധവും ഒന്നുമില്ലായിരുന്നു. സഹായിക്കാനും കൂടെ നിർത്താനും ആരുമില്ലാത്ത അവസ്ഥയിലാ ഇവൾ ഇവിടെ വന്നത്.

അന്ന് ഇവളെ ഏറ്റെടുക്കാൻ കഴിയാത്ത ആരും ഇങ്ങോട്ടേക്കു അവകാശം പറഞ്ഞു വരേണ്ട. മനസിലായോ ” നാരായണി അമ്മ കടുപ്പിച്ചു പറഞ്ഞു

” എത്രയൊക്കെ ഇല്ലന്ന് പറഞ്ഞാലും എന്റെ അമ്മാവന്റെ മോൾ തന്നെയാ ഇവൾ. കാണാൻ പാടില്ലെന്ന് പറയാൻ ആർക്കും പറ്റില്ല. ” ശ്രീജിത്ത്‌ അവരോട് തട്ടിക്കയറി

” ഇവിടെ വന്നു കാണാൻ പറ്റില്ലെങ്കിൽ മറ്റിടത്തു വെച്ചു ഞാൻ കണ്ടോളാം ” അവൻ കൂട്ടിച്ചേർത്തു.

“നിനക്ക് ഇവനെ കാണാനും സംസാരിക്കാനും ഇഷ്ടമുണ്ടോ ” നാരായണിയമ്മ കൃഷ്ണയെ ചോദ്യഭാവത്തിൽ നോക്കി.

“ഇല്ല ” അവൾ മറുപടി നൽകി

“കേട്ടല്ലോ., അവൾക്ക് താല്പര്യം ഇല്ല. ഈ നിമിഷം ഇവിടുന്ന് ഇറങ്ങിക്കോണം ” ദേഷ്യത്തിൽ അവർ ആജ്ഞാപിച്ചു

കൃഷ്ണയെ ഒന്നുകൂടി തിരിഞ്ഞുനോക്കി ഒന്നും മിണ്ടാതെ ശ്രീജിത്ത്‌ സ്ഥലം കാലിയാക്കി.

“സന്ധ്യാനേരത്തു മൂക്കറ്റം കള്ളും കുടിച്ചു വന്നോളും ഓരോന്ന് ” നാരായണിയമ്മ പിറുപിറുത്തു. കൃഷ്ണയെ തറപ്പിച്ചു നോക്കികൊണ്ട് അവർ അകത്തേക്ക് പോയി.

കുറച്ചുനേരം കൂടി അവൾ ആ നിൽപ്പ് തുടർന്നു. ശ്രീജിത്ത്‌ ജയിലിൽ നിന്നു ഇറങ്ങിയ സ്ഥിതിക്ക് വീണ്ടും തന്നെ കാണാനും ശല്യം ചെയ്യാനും വരുമോയെന്ന ഭയം അവൾക്കുണ്ടായി.

മോശമായ രീതിയിൽ തന്നോട് ഒരിക്കൽ പെരുമാറാൻ ശ്രെമിച്ചതും അയാളുടെ കയ്യിൽ നിന്നും ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടതും അവൾ ഓർത്തു.

ശ്രീജിത്തിന് തന്നെ വിവാഹം ആലോചിച്ചുവന്ന അമ്മായിയെ ചുട്ട മറുപടി നൽകി സതീശൻ അയച്ചതും അവളുടെ മനസിലേക്ക് ഓർമകളായി പെയ്തിറങ്ങി.

“ഹലോ…. ഏത് ലോകത്താ നീ ”

ഹരിയുടെ ശബ്ദമാണ് അവളെ ഓർമകളിൽ നിന്നു തിരികെ കൊണ്ടുവന്നത്. തന്റെ മുന്നിൽ പുഞ്ചിരിയോടെ നിൽക്കുന്ന ഹരിയെ അവൾ നോക്കി.

“ഹരിയേട്ടൻ എപ്പഴാ വന്നത് ”

“ഞാൻ വന്നത് നീ കണ്ടില്ലേ.. എന്ത് ആലോചിച്ചു നിന്നതാ ഇവിടെ ”

” ഞാൻ വെറുതെ.. ഓരോന്ന്… ! ഹരിയേട്ടന് ചായ എടുത്തിട്ട് വരാം ” കൃഷ്ണ തിരിഞ്ഞു നടന്നതും ഹരി അവളുടെ കൈകളിൽ പിടിത്തം മുറുക്കി. അവളെ തിരിച്ചുനിർത്തി കണ്ണുകളിലേക്കു ഉറ്റുനോക്കി.

“എന്താ നിനക്കൊരു സങ്കടം പോലെ ”

“എന്ത് സങ്കടം. വെറുതെ തോന്നുന്നതാ. ” അവൾ ചിരിക്കാൻ ശ്രെമിച്ചു

“ഉറപ്പാണോ? ” അവൻ വിശ്വാസം വരാതെ ചോദിച്ചു

“അതെന്നേ, ”

“നീ പിന്നെന്താ ആലോചിച്ചു നിന്നത് ” അവൻ വീണ്ടും ചോദിച്ചു

“പഠിത്തം.. പിന്നെ ഉടനെയൊരു psc എക്സാം ഉണ്ട്. അതിന്റെ സെന്റർ ദൂരെയാ. അത് ഓർത്തു നിന്നതാ ” ഒരു കള്ളം പറഞ്ഞു അവൾ ഒഴിവാക്കാൻ നോക്കി.

“ഏത് എക്സാം ” ഹരി വിടാൻ ഉദ്ദേശം ഇല്ലായിരുന്നു

” അത് LDC എക്സാം ” അവൾ പെട്ടന്ന് വന്ന ഓർമയിൽ പറഞ്ഞു.

“എവിടെയാ സെന്റർ ”

“എറണാകുളം ”

“മം ” അവനൊന്നു അമർത്തി മൂളി.

“ഞാൻ ചായ കൊണ്ടുവരാം ” അവൾ അകത്തേക്ക് പോകുന്നതും നോക്കി ഹരി നിന്നു.

*******************************

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു പൊയ്ക്കൊണ്ടിരുന്നു.

ഒരു ശെനിയാഴ്ച വൈകുന്നേരം യൂണിവേഴ്സിറ്റി ക്ലാസ്സ്‌ കഴിഞ്ഞു മടങ്ങുകയായിരുന്നു കൃഷ്ണ. വൈകിട്ടു നല്ല മഴ പെയ്തു തോർന്നതു കൊണ്ട് അന്തരീക്ഷം ഇരുണ്ടുമൂടി നിന്നു.

വീണ്ടും മഴ പെയ്യുമെന്നു തോന്നിക്കുമാറ് ആകാശം ഇരുണ്ടു കൂടി.

“ഫോട്ടോസ്റ്റാറ് എടുക്കാൻ കടയിൽ കയറിയത് കാരണം ബസും പോയി. ഇനി നടപ്പ് തന്നെ ശരണം ” അവൾ മനസ്സിൽ ചിന്തിച്ചു.

നടത്തം ആരംഭിച്ചതും മഴ ചാറാൻ തുടങ്ങി. കുടയെടുക്കാൻ മറന്ന നിമിഷത്തെ അവൾ ശപിച്ചു. വഴിവക്കിൽ കണ്ട കടയുടെ വശത്തായി അവൾ നിൽപ്പുറപ്പിച്ചു.

“വേണീ… ” പരിചിതമായ ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയ അവൾ നടുങ്ങിപ്പോയി. ശ്രീജിത്ത്‌ തനിക്ക് അരികിലായി നിൽക്കുന്നു. ആ വഷളൻ ചിരി മുഖത്തുണ്ട്.

“നീയങ്ങു ഒരുപാട് വളർന്നല്ലോ ”

തന്നെത്തന്നെ നോക്കുന്ന അയാളുടെ കഴുകൻ കണ്ണുകളെ നോക്കിയതും അവൾക്ക് ഭയം വർദ്ധിച്ചു. ഉടനെ തന്നെ അവൾ മഴയെ വകവെയ്ക്കാതെ റോഡിലേക്ക് ഇറങ്ങി നടക്കാൻ തുടങ്ങി.

ശ്രീജിത്ത്‌ അവളുടെ പിറകെ ചെന്നു.

“നിക്ക് വേണി.. എനിക്ക് നിന്നോട് സംസാരിക്കണം ” അവൾക്കു തടസമായി മുന്നിൽ നിന്നുകൊണ്ട് ശ്രീജിത്ത്‌ പറഞ്ഞു.

കൃഷ്ണ ചുറ്റിനും നോക്കി. അടുത്ത് ആരെയും കാണാത്തതിനാൽ അവളുടെ ഭയം വർദ്ധിച്ചു.

പെട്ടന്നാണ് ഇരമ്പലോടെ ഒരു ബുള്ളറ്റ് അവർക്ക് അരികിലായി വന്നു നിർത്തിയത്. അതിലിരുന്ന ആളെ ഒന്നേ ശ്രീജിത്ത്‌ നോക്കിയുള്ളൂ. ഉടനടി തന്നെ അവൻ പിൻവാങ്ങി ദൂരേക്ക് മാറിപ്പോയി.

മുഖത്തു പറ്റിപ്പിടിച്ച മഴത്തുള്ളികളെ തുടച്ചുകൊണ്ട് കൃഷ്ണ ബൈക്കിൽ വന്ന ആളെ നോക്കി.

“അഭിമന്യു ”

അവളുടെ ഹൃദയതാളം മുഴങ്ങാൻ തുടങ്ങി.
അവന്റെ കണ്ണുകളിലെ നോട്ടം നേരിടാനാകാതെ കൃഷ്ണ തല കുമ്പിട്ടു.

“വന്നു വണ്ടിയിൽ കയറ് ” അവൻ പറഞ്ഞു.

അനുസരണയുള്ള കുട്ടിയെപ്പോലെ കൃഷ്ണ ബൈക്കിനു പിന്നിലെ സീറ്റിൽ ഇരുന്നു.
അഭിമന്യുവിന്റെ ബൈക്ക് കൃഷ്ണയുമായി ചെമ്പകശേരിയിലേക്ക് പാഞ്ഞു.

കൃഷ്ണയുടെ സ്കൂൾ കാലം അവളുടെ മനസിലേക്ക് പാഞ്ഞെത്തി.

അഭിമന്യുവിലേക്ക്, അവന്റെ ഓർമകളിലേക്ക്, തന്നെ അത്രമേൽ പ്രണയിക്കുന്ന അഭിമന്യുവിലേക്ക്. !

(തുടരും )

ഞങ്ങളുട വാട്‌സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

എല്ലാവായനക്കാരോടും, എല്ലാവർക്കും എല്ലാ നോവലും വായിക്കാൻ കിട്ടുന്നില്ല എന്നു കണ്ടു. ആയതിനാൽ ഞങ്ങൾ ഒരു ടെലഗ്രാം ഗ്രൂപ്പ് ആരംഭിച്ചിരിക്കുന്നു. സുരക്ഷിതമായ ഒരു ആപ്പാണ് ടെലഗ്രാം ആപ്പ്. വാട്‌സാപ്പ് പോലെ അല്ല. സുരക്ഷിതമാണ്. ഒരാൾക്ക് മറ്റൊരാളുമായി ചാറ്റാനോ ഒന്നും സാധിക്കില്ല. കാണാനും പറ്റില്ല. ആയതിനാൽ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്ത് എല്ലാവരും ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. നിങ്ങളുടെ മൊബൈലിൽ ടെലഗ്രാം ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുവേണം ലിങ്കിൽ ക്ലിക്ക് ചെയ്യാൻ. മൊബൈലിൽ പ്ലേ സ്റ്റോറിൽ കയറി Telegram എന്ന് ടൈപ്പ് ചെയ്താൽ നിങ്ങൾക്ക് പ്ലേ സ്റ്റോറിൽ നിന്നും അത് ഇൻസ്റ്റാൾ ചെയ്യാം. എല്ലാ നോവലുകളും നിങ്ങൾക്ക് നിങ്ങളുടെ സൗകര്യത്തിന് വായിക്കാനും സാധിക്കും.telegram

ടെലഗ്രാം ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക…

ഹൃദയസഖി : ഭാഗം 1

ഹൃദയസഖി : ഭാഗം 2

ഹൃദയസഖി : ഭാഗം 3